Tuesday, April 16, 2024

ad

Homeകായികരംഗംപ്രവചനാതീത മത്സരഫലങ്ങളാൽ വിസ്മയം തീർക്കുന്ന ലോക ക്രിക്കറ്റ് പോരാട്ട വേദികൾ

പ്രവചനാതീത മത്സരഫലങ്ങളാൽ വിസ്മയം തീർക്കുന്ന ലോക ക്രിക്കറ്റ് പോരാട്ട വേദികൾ

ഡോ. പി ടി അജീഷ്

ക്രിക്കറ്റ് കളിയുടെ പ്രചാരം വർദ്ധിപ്പിക്കുന്നതിൽ ഓരോ കാലഘട്ടങ്ങളിലും നടന്ന ലോകകപ്പ് മത്സരങ്ങൾ വഹിച്ച പങ്ക് നിസ്തുലമാണ്.ഫുട്ബോൾ കളിയോടുള്ള ആരാധനയ്ക്കു സമാനമായ നിലയിലാണ് ക്രിക്കറ്റിനെ ആളുകൾ ഭ്രാന്തമായ രീതിയിൽ സ്വീകരിക്കുന്നത്.ലോകത്ത് ഏറ്റവും കൂടുതൽ കാണികളുള്ള കായിക ഇനങ്ങളുടെ പട്ടികയിൽ ക്രിക്കറ്റിന്റെ സ്ഥാനം ഏറ്റവും മുൻപന്തിയിലാണ്. പ്രചാരം തുടങ്ങിയ ആദ്യ കാലഘട്ടങ്ങളിൽ ടെസ്റ്റ് ക്രിക്കറ്റിനോടാണ് ആളുകൾക്ക് ഏറ്റവും ഹരം ഉണ്ടായിരുന്നത്.പിന്നീട് കാലഘട്ടത്തിനനുസരിച്ച് ഏകദിന ക്രിക്കറ്റ് മത്സരങ്ങളുടെ കടന്നുവരവുണ്ടായി. ഇത് പിന്നീട് ആളുകളുടെ സ്വീകാര്യതയിലേക്ക് മാറ്റപ്പെടുകയും ചെയ്തു. പരിമിത ഓവർ കളികൾ സംഘടിപ്പിക്കുന്നതിലൂടെ ഒരുദിവസംകൊണ്ടുതന്നെ ഫലം അറിയാം എന്നുള്ളത് വലിയ നേട്ടമായി സംഘാടകർ കണ്ടു തുടങ്ങി.മനുഷ്യജീവിതത്തിൽ തിരക്കുകൾ ഓരോ സമയത്തും വർദ്ധിച്ചു വന്നതോടെ പൊതുസമൂഹം ഏകദിന ക്രിക്കറ്റിനെ ഏറ്റെടുക്കുവാൻ തുടങ്ങി.ക്രിക്കറ്റിന്റെ ആസ്വാദന തലത്തിൽ വന്ന മാറ്റങ്ങളുടെ പരിണാമ ഫലമായാണ് ട്വന്റി ട്വന്റി മത്സരങ്ങളുടെ ആവിർഭാവം കാലാന്തരത്തിൽ ഉണ്ടായത്. ക്രിക്കറ്റിന്റെ വാണിജ്യ സാധ്യതകളെ ഏറ്റവും ഫലപ്രദമായ രീതിയിൽ നടപ്പിലാക്കുവാനും വ്യാപിപ്പിക്കുവാനും ട്വന്റി ട്വന്റി മത്സരങ്ങളും അതിന്റെ ഭാഗമായി രൂപപ്പെട്ടു വന്ന ലീഗ് മത്സരങ്ങളും വളരെ വലിയ പങ്കുവഹിക്കുന്നു.

അഭൂതപൂർവ്വമായ ആരാധക പ്രവാഹം
ലോകകപ്പിന്റെ തുടക്കം മുതൽ ഓരോ മത്സരവും ഉണ്ടാക്കിയ ആവേശം ആരാധകരുടെ എണ്ണം ക്രമാതീതമായി വർദ്ധിപ്പിക്കുവാൻ ഇടയാക്കി.കാണികൾ ക്രിക്കറ്റുമായി ഇടപഴകിയതിന്റെ ഏറ്റവും മികച്ച റെക്കോർഡുകൾ ആണ് ഈ വർഷം ഉണ്ടായത്. 2019 അപേക്ഷിച്ച് തൽസമയം കളി കണ്ടവരുടെ എണ്ണത്തിൽ 43%ത്തിലധികം വർദ്ധനവുണ്ടായി. ഒരു ദിവസംകൊണ്ട് ഏറ്റവും മികച്ച ക്രിക്കറ്റ് ആസ്വദിക്കുവാനുള്ള അവസരത്തെ ആരാധകർ ഏറെ സ്വീകാര്യതയോടുകൂടിയാണ് വരവേറ്റത്. കായികവിനോദങ്ങളോടും ദേശീയതയോടുമുള്ള അഭിനിവേശവും ഇതിനാൽ പ്രകടമായി.മറ്റ് രാജ്യങ്ങളുടെ കളികളെ അപേക്ഷിച്ച് ഇന്ത്യയുടെ കളികൾക്കാണ് ആരാധകരുടെ എണ്ണക്കൂടുതൽ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം 76 ദശലക്ഷം ആളുകൾ ടെലിവിഷനിലും 35 ലക്ഷം ആളുകൾ ഡിജിറ്റലായും ഒരേസമയം കാഴ്ചക്കാരായി എന്നത് ആരാധകപ്രീതിയുടെ ഉത്തമ ഉദാഹരണമാണ്. 2011ന് ശേഷം ആദ്യമായാണ് ഇന്ത്യ ലോകകപ്പിന് ആതിഥ്യമരുളുന്നത്. അന്നത്തേക്കാൾ ഏറെ വർദ്ധനവോടെ 55 കോടിയിലധികം ആളുകൾ ഡിജിറ്റൽ രീതിയിലൂടെ ലോകകപ്പ് കാണുന്നതായാണ് കണക്കുകൂട്ടൽ.

ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ നിലവിലുള്ള കണക്കുകൾപ്രകാരം ഒരു ദശലക്ഷത്തിലധികം പേർ ഇന്ത്യയിൽ ലോകകപ്പ് കാണാൻ എത്തിയിട്ടുണ്ട്. ഇതുവരെയുള്ള ലോകകപ്പുകളിൽ വച്ച് ഏറ്റവും ഉയർന്ന റെക്കോർഡ് കാഴ്ചക്കാരാണിത്. നവംബർ 19ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം കാണികൾ നിറയും എന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

ആകർഷകമാകുന്ന സാമ്പത്തിക നേട്ടം
ലോകകപ്പ് പോലുള്ള ബൃഹത്തായ കായിക മാമാങ്കങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ ഇന്ത്യയുടെ സമ്പദ്ഘടനയിൽ വലിയ വർദ്ധനവ് ഉണ്ടാക്കിയെടുക്കുവാൻ സാധിക്കുമെന്ന് തെളിയിക്കുകയാണ്. രാജ്യത്തെ 10 പ്രധാന നഗരങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് നേരിട്ട് വീക്ഷിക്കുവാൻ സ്റ്റേഡിയങ്ങളിലേക്ക് എത്തിച്ചേരുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന കാഴ്ചയാണ് കാണുവാൻ കഴിയുന്നത്. ടിക്കറ്റ് വിൽപ്പനയിലും ഭക്ഷണം നൽകിയ ഇനത്തിലും മീഡിയ കവറേജിന്റെ ഭാഗമായും പരസ്യ ഇനത്തിലും കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് ലഭിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള മെഗാ ഇവന്റുകളുടെ സംഘാടനത്തിലൂടെ സാമ്പത്തികമായി വളരെ വലിയ വളർച്ച നമ്മുടെ രാജ്യത്തിന് ഉണ്ടാക്കിയെടുക്കുവാൻ സാധിക്കുന്നു. കായിക സമ്പദ്ഘടനയുടെ വികാസം ഇത്തരം സംഘാടന രീതികളിലൂടെയാണ് വിപുലമാക്കപ്പെടുന്നത്.ലോകകപ്പിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് മത്സര വേദികളിലേക്കുള്ള യാത്ര സംവിധാനങ്ങൾ വിവിധ എയർലൈൻ കമ്പനികൾ ഒരുക്കിയിട്ടുണ്ട്.ഓരോ വേദികളിലും നേരിട്ട് മത്സരം കാണാൻ പോകുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിലൂടെ വിമാന ടിക്കറ്റ് ഇനത്തിലും ഗണ്യമായ വർദ്ധനവ് ഉണ്ടാക്കിയെടുക്കുവാൻ സാധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രാദേശിക ടൂറിസം മേഖലയിൽ വിസ്മയകരമായ മാറ്റങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിനും ലോകകപ്പ് മത്സരങ്ങൾ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്.

താരങ്ങളെ കാത്തിരിക്കുന്നത് ഉയർന്ന സമ്മാനത്തുക
ലോകകപ്പിന്റെ ഭാഗമായി ഒന്നാം സ്ഥാനത്ത് എത്തിച്ചേർന്നു കപ്പ് ഉയർത്തുന്ന ടീമിന് 33 കോടി രൂപയാണ് ലഭിക്കുന്നത്. രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് 16 കോടി രൂപയും സെമിഫൈനലിൽ എത്തുന്ന ടീമുകൾക്ക് ആറരക്കോടി രൂപ വീതവും ലഭിക്കും.ഇതുകൂടാതെ വ്യക്തിഗതമായ മികച്ച പ്രകടനങ്ങൾക്ക് വിവിധ സമ്മാനങ്ങളും ലഭിക്കും. ഇന്ത്യ ഉൾപ്പെടെ പ്രമുഖരായ ടീമുകളിൽ കളിക്കുന്ന താരങ്ങൾക്ക് അവരുടെ ഗ്രേഡിങ് അനുസരിച്ച് ഓരോ കളിക്കും വേറെ പ്രതിഫലം നൽകുന്ന നിലയും നിലവിൽ തുടർന്നുവരുന്നുണ്ട്. താരമൂല്യം കൂടുതലുള്ള നിരവധി താരങ്ങൾ മാറ്റുരയ്ക്കുന്ന ലോകോത്തര കായിക മാമാങ്കത്തിന്റെ പ്രചാരവും പ്രസക്തിയും ഇന്ത്യയിലെ ഓഹരി വിപണിയിലും കാര്യമായ വികസനം ഉണ്ടാക്കിയിട്ടുണ്ട്.

അട്ടിമറിക്ക് പേരുകേട്ട ലോകകപ്പ്
ലോകകപ്പിലെ മത്സരങ്ങളെല്ലാം വിലയിരുത്തിയ കായിക വിദഗ്ധരെയും നിരീക്ഷകരെയുമെല്ലാം അമ്പരപ്പിച്ചുകൊണ്ടുള്ള മത്സരഫലങ്ങളാണ് പല സമയത്തും ഉണ്ടായിട്ടുള്ളത്. ഓരോ മത്സരത്തിന് മുമ്പും ഇരു ടീമുകളുടെയും മുൻകാല കളി നിലവാരത്തെ വിശകലനം ചെയ്തുകൊണ്ടുള്ള നിരീക്ഷണ റിപ്പോർട്ട് പ്രസിദ്ധീകരിക്കാറുണ്ട്. ഇത്തരം ജയപരാജയ നിരീക്ഷണങ്ങളെയെല്ലാം കാറ്റിൽ പറത്തുന്ന നിലയിലുള്ള മത്സരഫലങ്ങളാണ് പലപ്പോഴും സംഭവിച്ചത്. നിലവിലെ ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിനെതിരെ മികച്ച സ്കോർ നേടുകയും പിന്നീട് ഓൾ ഔട്ട് ആക്കുകയും ചെയ്ത അഫ്ഗാനിസ്ഥാനാണ് ആദ്യത്തെ അട്ടിമറിക്ക് തിരികൊളുത്തിയത്. തുടർന്ന് ലോകകപ്പിലെ ഏറ്റവും ദുർബലരായ നെതർലാൻഡ്സ്‌ ലോക റാങ്കിങ്ങിൽ മികച്ചു നിൽക്കുന്ന ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത് അത്ഭുതപ്പെടുത്തിയ അട്ടിമറിയായിരുന്നു. അയൽക്കാർ തമ്മിലുള്ള മത്സരത്തിൽ കരുത്തരായ പാക്കിസ്ഥാനെ താരതമ്യേന ദുർബലരായ അഫ്ഗാനിസ്ഥാൻ അട്ടിമറിച്ചതിനും ഈ ലോകകപ്പ് സാക്ഷിയായി. ലോകകപ്പിലെ ഏറ്റവും കുഞ്ഞന്മാരായ നെതർലാൻഡ്സ്‌ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി തങ്ങൾ ദുർബലരല്ല എന്ന് ക്രിക്കറ്റ് ലോകത്തിന് വെളിവാക്കിക്കൊടുത്തു.

ടൈംഡ് ഔട്ട് എന്ന അപൂർവ പുറത്താകൽ
ലോക ക്രിക്കറ്റ് ചരിത്രത്തിലെ അത്യപൂർവ്വമായ ഒരു പുറത്താക്കൽ രീതി ന്യൂഡൽഹിയിലെ അന്തർദേശീയ സ്റ്റേഡിയത്തിൽ അരങ്ങേറി. ഇന്ത്യയുടെ രണ്ട് അയൽ രാജ്യങ്ങളായ ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തിനിടയിലാണ് അപ്രതീക്ഷിത സംഭവം നടന്നത്. ശ്രീലങ്കൻ ബാറ്റർ ആയ എയ്ഞ്ചലോ മാത്യൂസ് ആണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നിയമരീതിയിലൂടെ പുറത്താക്കപ്പെട്ട ആദ്യ ബാറ്റർ. ബംഗ്ലാദേശ് കളിക്കാർ അപ്പീൽ ചെയ്തതാണ് പുറത്താകലിൽ നിർണായകമായത്. സമയത്തിന് താരം ക്രീസിൽ എത്താതെ വന്നതോടെ ബംഗ്ലാദേശ് കളിക്കാർ അപ്പീൽ ചെയ്യുകയും അമ്പയർ വിക്കറ്റ് വിധിക്കുകയുമായിരുന്നു. ഒരുപക്ഷേ ബംഗ്ലാദേശ് അപ്പീൽ പിൻവലിച്ചിരുന്നുവെങ്കിൽ അമ്പയർക്ക് കളിക്കാരനെ ബാറ്റ് ചെയ്യുവാൻ അനുവദിക്കാമായിരുന്നു. എന്നാൽ ബംഗ്ലാദേശ് കളിക്കാർ അതിന് തയ്യാറായില്ല.

എന്താണ് ടൈംഡ് ഔട്ട്
ടൈംഡ് ഔട്ട് എന്നത് ക്രിക്കറ്റിൽ ബാറ്ററുടെ ഒരു പുറത്താക്കൽ രീതിയാണ്. വിക്കറ്റ് വീണതിനുശേഷം അല്ലെങ്കിൽ ഒരു ബാറ്റർ വിരമിച്ചതിനുശേഷം ഒരു പുതിയ ബാറ്റർ മൂന്നു മിനിറ്റിനുള്ളിൽ കളിക്കുവാൻ ഗ്രൗണ്ടിൽ എത്തിച്ചേരേണ്ടതുണ്ട് എന്നതാണ് മെർലെബോൺ ക്രിക്കറ്റ് ക്ലബ് (എം.സി.സി) നിയമം പറയുന്നത്. ലണ്ടൻ ആസ്ഥാനമായ മെർലിബോൺ ക്രിക്കറ്റ് ക്ലബ്ബാണ് ക്രിക്കറ്റിലെ അന്താരാഷ്‌ട്ര നിയമങ്ങളും ചട്ടങ്ങളും തയാറാക്കുന്നത്. ഐ.സി.സി ലോകകപ്പിൽ ഈ സമയം രണ്ടു മിനിട്ടായാണ് നിജപ്പെടുത്തിയിരിക്കുന്നത്. ഈ നിബന്ധന കൃത്യമായും പാലിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ പുതുതായി ക്രീസിലേക്ക് എത്തുന്ന ബാറ്റർ ഔട്ട് ആകുന്നു. ബാറ്റർ ഒരു പന്തുപോലും അഭിമുഖീകരിക്കാതെയാണ് ഔട്ട് ആകുന്നതെന്ന പ്രത്യേകത ഇതിനുണ്ട്. അതിനാൽ ബൗളർക്ക് വിക്കറ്റിന്റെ ക്രെഡിറ്റ് ലഭിക്കുന്നില്ല. സ്കോർ ബോർഡിലും ടൈം ഔട്ട് എന്ന് തന്നെയാണ് രേഖപ്പെടുത്തുക.

പരാജയപ്പെടാതെ ടീം ഇന്ത്യ
ഈ ലോകകപ്പ് ഇന്ത്യയിൽ നടക്കുന്നതുകൊണ്ടുതന്നെ ആതിഥേയർക്ക് എല്ലാ സ്റ്റേഡിയങ്ങളെപറ്റിയും പിച്ചുകളെപറ്റിയും ശരിയായ ധാരണ മുൻകൂറായി ഉണ്ട്. ടീം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ അനുകൂലമായ സാഹചര്യമാണ് ഇതിലൂടെ ലഭിക്കുന്നത്. സ്വന്തം നാട്ടിൽ ആരാധകർക്ക് മുന്നിൽ പ്രകടനം കാഴ്ചവയ്ക്കുമ്പോൾ ലഭ്യമാകുന്ന ബാഹ്യമായ പ്രചോദനത്തിന്റെ തോത് ഓരോ വിജയത്തിനു പിന്നിലും നിർണായക സ്വാധീനമായി മാറുന്നു. ഓരോ കളിയിലും ആരാധകരുടെ ആവേശം ഇന്ത്യയുടെ പ്രകടനത്തെ ഏറെ പോസിറ്റീവ് ആയി സ്വാധീനിച്ച ഘടകം ആയിരുന്നു. ലോകകപ്പിൽ പങ്കെടുക്കുന്ന മറ്റ് എല്ലാ സഹ ടീമുകളെയും വൻ മാർജിനിൽ പരാജയപ്പെടുത്തിക്കൊണ്ട് തുടർച്ചയായ 8 വിജയങ്ങളുമായി ഇന്ത്യ സെമിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഇന്ത്യൻ ക്യാപ്റ്റനായ രോഹിത് ശർമ, വിരാട് കോലി എന്നിവർ വളരെ മികച്ച രീതിയിലുള്ള പ്രകടനമാണ് ടൂർണമെന്റിലുടനീളം കാഴ്ചവച്ചിട്ടുള്ളത്. 48 സെഞ്ചുറികൾ തികച്ച വിരാട് കോലി ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ ടെണ്ടുൽക്കറിന്റെ റെക്കോർഡിന് ഒപ്പം എത്തിയതും ഈ ലോകകപ്പിലാണ്. ബാറ്റിങ്ങ് നിരയും ബൗളിംഗ് നിരയും ഒരേപോലെ ഫോമിൽ ആണെന്ന വസ്തുത ഇന്ത്യയ്ക്ക് എപ്പോഴും പ്രതീക്ഷ നൽകുന്ന സംഗതിയാണ്. ബൗളിംഗ് നിരയിൽ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ഉൾപ്പെടുന്ന ഫാസ്റ്റ് ബൗളർമാരുടെ ത്രയം എതിരാളികൾക്ക് പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യറും കെ.എൽ രാഹുലും ബാറ്റിംഗ് ഡിപ്പാർട്ട്മെന്റിന് കൂടുതൽ കരുത്ത് പകരുന്ന താരങ്ങളാണ്. ലോകത്തിലെതന്നെ ഏറ്റവും മികച്ച ഓൾറൗണ്ടറായ രവീന്ദ്ര ജഡേജ പകരുന്ന വർദ്ധിത വീര്യം ഇന്ത്യയുടെ ഓരോ വിജയത്തിനു പിന്നിലും നിർണായക ശക്തിയായി പ്രവർത്തിക്കുന്നുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen + 8 =

Most Popular