‘‘വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഒരു അന്തർധാര സഖ്യം ഉണ്ടാകും’’ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റേതാണ് ഈ വാചകം. പറഞ്ഞിട്ട് ദിവസം കുറച്ചായെങ്കിലും ഇതുവരെ നിഷേധ പ്രസ്താവനയൊന്നും വന്നു കണ്ടില്ല. അതുകൊണ്ട് ഇത് കെ.പി.സി.സിയുടെ ഒരു നയപ്രഖ്യാപനമായി തന്നെ കാണാവുന്നതാണ്. കേരളത്തിൽ ഇതൊരു പുതുമയല്ല. മുമ്പ് ബേപ്പൂരും വടകരയുമൊക്കെ കോലീബി സഖ്യമുണ്ടായിട്ടുണ്ട്. എന്നിട്ടും കെ.പി. ഉണ്ണികൃഷ്ണനും ടി. കെ. ഹംസയുമൊക്കെ നല്ല ഭൂരിപക്ഷത്തോടെ ജയിച്ചിട്ടുമുണ്ട്. പക്ഷേ അന്നൊന്നും കെ.പി.സി.സി പ്രസിഡന്റുമാർ ഇങ്ങനെയൊരു അന്തർധാരാപ്രഖ്യാപനം പരസ്യമായി നടത്തിയിരുന്നില്ല.
കോൺഗ്രസിന്റെ ചരിത്രം പരിശോധിച്ചാൽ അവർ ഒരിക്കലും കറകളഞ്ഞ മതനിരപേക്ഷവാദികളായിരുന്നില്ല എന്ന് കാണാനാവും. കൊളോണിയൽ ആധിപത്യത്തിന് കീഴിലുള്ള ഇന്ത്യയിൽ ബ്രിട്ടീഷ് ഗവൺമെന്റ് മതപരമായ നിഷ്പക്ഷതയാണ് അടിസ്ഥാനനയമായി അംഗീകരിച്ചിരുന്നത്. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ ഹിന്ദു ക്ഷേത്രങ്ങൾക്കും മുസ്ലിം പള്ളികൾക്കുമൊക്കെ ബ്രിട്ടീഷ് ഗവൺമെന്റ് ധനസഹായം അനുവദിച്ചിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തിനു ശേഷവും മതപരമായ നിഷ്പക്ഷത എന്ന ഈ ബ്രിട്ടീഷ് പാരമ്പര്യം തുടർന്നു. വിശദാംശങ്ങളിൽ വ്യതിരിക്തമാണെങ്കിലും ഗാന്ധിജിയുടെയും നെഹ്റുവിന്റെയും നേതൃത്വത്തിൽ എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്ന ഒരു സമീപനമാണ് വളർത്തിയെടുത്തത്. ഇന്ത്യയിലെ മതനിരപേക്ഷത എന്നത് ബ്രിട്ടീഷുകാരുടെ സംഭാവനയോ വിദേശത്തുനിന്നുള്ള ഇറക്കുമതിയോ ആയി കാണാനാവില്ല. കാരണം യൂറോപ്പ്യൻ രാജ്യങ്ങളിൽ വികസിതമായ മതനിരപേക്ഷത, മതത്തെ രാഷ്ട്രീയത്തിൽ നിന്നും രാഷ്ട്രീയത്തെ മതത്തിൽ നിന്നും വേർപ്പെടുത്തുന്നതായിരുന്നുവെങ്കിൽ ഇന്ത്യൻ മതനിരപേക്ഷത അതിൽ നിന്ന് വ്യത്യസ്തമായിരുന്നു. അതിന്റെ കാരണം അന്വേഷിച്ചു പോയാൽ നാം എത്തിച്ചേരുന്നത് ഇന്ത്യൻ മുതലാളിത്ത വികസനത്തിന്റെ സവിശേഷതകളിലേക്കാണ്. 1964 ൽ അംഗീകരിച്ച സിപിഐഎം പാർട്ടി പരിപാടിയുടെ 86–-ാം ഖണ്ഡിക പറയുന്നത് താഴെക്കൊടുക്കുന്നു ‘‘ഇന്ത്യയിലെ മുതലാളിത്ത വികസനം പടിഞ്ഞാറൻ യൂറോപ്പിലും മറ്റു വികസിത മുതലാളിത്ത രാജ്യങ്ങളിലും ഉണ്ടായ തരത്തിലുള്ള ഒന്നല്ല. ഇന്ത്യൻ സമൂഹം മുതലാളിത്ത പാതയിലൂടെയാണ് വളരുന്നതെങ്കിലും അതിൽ പ്രാങ് മുതലാളിത്ത സാമൂഹ്യവസ്ഥയിലെ പ്രബലമായ അംശങ്ങൾ അടങ്ങിയിട്ടുണ്ട്. വികസിത മുതലാളിത്ത രാജ്യങ്ങളിൽ ഉയർന്നുവന്ന ബൂർഷ്വാസി നശിപ്പിച്ച, ആ പ്രാങ് മുതലാളിത്ത സാമൂഹ്യ വ്യവസ്ഥയുടെ ചിതാഭസ്മത്തിന്മേലാണ് മുതലാളിത്തം വളർന്നു വികസിച്ചത്. എന്നാൽ ഇന്ത്യയിലാകട്ടെ പ്രാങ് മുതലാളിത്ത സാമൂഹ്യ വ്യവസ്ഥിതിയുടെ മേൽ മാരകമായ പ്രഹരമേൽപ്പിക്കുന്നത് മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ചയ്ക്കും തുടർന്ന് അതിന്റെ സ്ഥാനത്ത് സോഷ്യലിസ്റ്റ് സമൂഹത്തിന്റെ ആവിർഭാവത്തിനും ആവശ്യമാണ്. എന്നാൽ ഒരു നൂറ്റാണ്ടിലേറെക്കാലം ഭരണം നടത്തിയ ബ്രിട്ടീഷ് കോളനി ഉടമകളോ 1947ൽ അധികാരം ഏറ്റ ഇന്ത്യൻ ബൂർഷ്വാസിയോ പ്രാങ് മുതലാളിത്ത സാമൂഹ്യ വ്യവസ്ഥയുടെ മേൽ ഇത്തരമൊരു പ്രഹരമേൽപ്പിക്കുകയുണ്ടായില്ല.അതുകൊണ്ട് ഇന്നത്തെ ഇന്ത്യൻ സമൂഹം ജാതി – വർഗീയ – ഗോത്ര സ്ഥാപനങ്ങളും കുത്തക മുതലാളിത്തവും ഒത്തുചേർന്നിട്ടുള്ള ഒരു പ്രത്യേകതരം സംയോജനമാണ്. ‘‘പ്രാങ് മുതലാളിത്ത വ്യവസ്ഥയോട് ഏറ്റുമുട്ടി മുതലാളിത്തം വളർന്ന ഇടങ്ങളിലാണ് മതനിരപേക്ഷത അതിന്റെ ശരിയായ അർത്ഥത്തിൽ വളരുകയും വികസിക്കുകയും ചെയ്തത്. എന്നാൽ ഇന്ത്യയിൽ പ്രാങ് മുതലാളിത്തവുമായി സന്ധിചെയ്തുള്ള മുതലാളിത്ത വളർച്ചയാണ് സംഭവിച്ചത്. അതിന്റെ പോരായ്മകളാണ് ഇന്ത്യൻ മതനിരപേക്ഷതയിൽ പ്രകടമാകുന്നത്. അതുകൊണ്ടാണ് ഇന്ത്യൻ മതനിരപേക്ഷതയ്ക്ക് സർവ്വമത സദ് ഭാവന എന്ന നിർവചനം വന്നത്.
എന്നാൽ പരമ്പരാഗതമായി തന്നെ ഹിന്ദുമതം സഹിഷ്ണുതാ മൂല്യങ്ങളുടെ അക്ഷയ ഖനിയാണെന്നും അതുകൊണ്ടുതന്നെ മതപരമായ സ്വാതന്ത്ര്യം എല്ലാ മതങ്ങൾക്കും ഉറപ്പു നൽകുന്ന ഒന്നാണ് ഹൈന്ദവ സംസ്കാരം എന്നും സർവ്വ വ്യാപിയായ ദിവ്യത്വത്തെ അംഗീകരിക്കുന്ന അതിന് എല്ലാത്തരം ആരാധനാ മാർഗങ്ങളെയും തിരിച്ചറിയാനും ഉൾക്കൊള്ളാനും കഴിയുമെന്നും അതുകൊണ്ട് ഹിന്ദുമതത്തിന്റെ കാഴ്ചപ്പാടിന് കീഴ്പ്പെടലാണ് ശരിയായ മതനിരപേക്ഷത എന്നുമായിരുന്നു ഹിന്ദുത്വവാദികൾ പ്രചരിപ്പിച്ചത്. ജനാധിപത്യപരമായ ആധുനികതയെയും പുരോഗതിയെയും ഇല്ലാതാക്കുന്നതും അവരുടെ ഹിന്ദുത്വ രാഷ്ട്ര സങ്കൽപ്പത്തെ ശരിവെക്കുന്നതുമാണ് ഈ കാഴ്ചപ്പാട്. ഹിന്ദുമതത്തെ സംസ്കാരമായി അവതരിപ്പിക്കുന്ന ഈ കാഴ്ചപ്പാടും മതനിരപേക്ഷതയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനോ വേർതിരിക്കാനോ കോൺഗ്രസിന് ഒരുകാലത്തും കഴിഞ്ഞിരുന്നില്ല.
പ്രാങ് മുതലാളിത്ത വ്യവസ്ഥയെ പൊതുവിൽ ഫ്യൂഡലിസം എന്നാണ് പറയുന്നത്. എന്നാൽ ഇന്ത്യയിൽ അത് ജാതി – ജന്മി – നാടുവാഴിത്ത വ്യവസ്ഥയായിരുന്നു വെന്ന് ഇ എം എസ് വ്യക്തമാക്കിയിട്ടുണ്ട്. മുതലാളിത്തത്തിന്റെ പ്രാരംഭഘട്ടമായ സ്വതന്ത്ര മുതലാളിത്തം ഫ്യൂഡലിസത്തിനെതിരായി പോരാടിയാണ് വളർന്നത്. അന്നത് നിലവിലുള്ള വ്യവസ്ഥയ്ക്കും അതിന്റെ വൈതാളികർക്കും എതിരായിരുന്നു. മതം രാഷ്ട്രീയത്തിൽ നിന്നും രാഷ്ട്രീയം മതത്തിൽ നിന്നും വേറിട്ടു നിൽക്കണമെന്ന ആശയം അതായത് സെക്യുലറിസം എന്ന ആശയം രൂപം കൊള്ളുന്നത് ഈ പാശ്ചാത്തലത്തിലാണ്. എന്നാൽ ബൂർഷ്വാസി ഭരണാധികാരി വർഗ്ഗമായതോടെ മതമേലാധികാരികളും പൗരോഹിത്യവും ഭരണവർഗ്ഗത്തിന് കീഴ്പ്പെടുകയും അവർ തമ്മിൽ പുതിയ ബന്ധങ്ങൾ രൂപപ്പെടുകയും ചെയ്തു. സ്വന്തം ഭരണാധികാരം നിലനിർത്തുന്നതിനുവേണ്ടി ഭരണവർഗ രാഷ്ട്രീയ പാർട്ടികൾ മതത്തെ ഉപയോഗപ്പെടുത്താൻ തുടങ്ങി. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വവും ബിജെപിയുടെ ഹിന്ദുത്വവാദവും രൂപം കൊണ്ടതിന്റെ ചരിത്ര പാശ്ചാത്തലം ഇതാണ്.
ഇപ്പോൾ നടപ്പിലാക്കി വരുന്ന നവലിബറൽ സാമ്പത്തിക നയത്തിന്റെ കാര്യത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ അഭിപ്രായ ഭിന്നതകൾ ഒന്നുമില്ല. വിദേശകാര്യത്തിലും കാര്യമായ ഭിന്നതകളില്ലെന്നാണ് ശശി തരൂരിന്റെ പ്രസംഗം വ്യക്തമാക്കുന്നത്. കെപിസിസി എടുക്കുന്ന സമീപനവും സമാനമാണ്. മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും കാര്യത്തിലാണ് കുറച്ചെങ്കിലും ഭിന്നതകൾ ഉണ്ടായിരുന്നത്. എന്നാൽ വർഗപരമായി ഈ രണ്ടു കൂട്ടർക്കും എതിരായ കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിലുള്ള ഭരണമാണ് കേരളത്തിൽ നടക്കുന്നത് എന്നതിനാൽ അത് അവസാനിപ്പിക്കുന്നതിനാവശ്യമായ ഒരന്തർധാര രൂപപ്പെടുത്തിയെടുക്കാൻ ‘‘എന്നെ പ്രസിഡന്റാക്കിയില്ലെങ്കിൽ ഞാൻ ബിജെപിയിൽ പോകും’’ എന്ന് പ്രഖ്യാപിച്ച കെ സുധാകരന്റെ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട് എന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നത്. അതുകൊണ്ട് ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വാസമുള്ള കേരള ജനത ജാഗ്രതയോടെ കാണേണ്ട ഒന്നാണ് ഇനി കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പുകൾ. ♦