മുതലാളിത്ത പറുദീസയിൽ നടന്ന ഒരു തൊഴിലാളി സമരം കൂടി വിജയകരമായി സമാപിച്ചിരിക്കുന്നു. ഓട്ടോമൊബൈൽ രംഗത്തെ മൂന്ന് വൻകിട കുത്തക മുതലാളിമാരെയാണ് മുതലാളിത്ത രാജ്യത്തെ തൊഴിലാളി വർഗ്ഗം യോജിച്ച പോരാട്ടത്തിലൂടെ മുട്ടുകുത്തിച്ചത്. 2023 സെപ്തംബർ 15 നാണ് അമേരിക്കയിലെ ജനറൽ മോട്ടോഴ്സ്, സ്റ്റെല്ലാന്റിസ്, ഫോർഡ് എന്നീ കമ്പനികളിലെ, അമ്പതിനായിയിരത്തിലേറെ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന സംഘടനകളുടെ കൂട്ടായ്മ, യുണൈറ്റഡ് ഓട്ടോ വർക്കേഴ്സ് യൂണിയൻ എന്ന പേരിൽ പണിമുടക്ക് ആരംഭിച്ചത്. നാൽപ്പത് ശതമാനം ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടായിരുന്നു പണിമുടക്ക്. പ്രസ്തുത ഓട്ടോമൊബൈൽ സ്ഥാപനങ്ങളിലെ കുറഞ്ഞ വേതന ഘടനയെ സംബന്ധിച്ചും തൊഴിലാളികളുടെ ജീവിത നിലവാരത്തെക്കുറിച്ചും അതിനെതിരെ തൊഴിലാളികൾ സംഘടിക്കുന്നതിനെക്കുറിച്ചുമെല്ലാം പല മാധ്യമങ്ങളിലും അതിനുമുൻപ് തന്നെ ചർച്ചകൾ നടന്നിരുന്നു. അമേരിക്കയിൽ തൊഴിലാളി സംഘടനകൾക്ക് മുതലാളിത്തത്തിനെതിരെ വലിയൊരു പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് സാധ്യമാകുമോ എന്ന നിലയിലായിരുന്നു ചർച്ചകൾ.
2008ലാണ് സാമ്പത്തിക പ്രതിസന്ധിയുടെ സുനാമി ലോകത്തെയാകെ പിടിച്ചുലച്ചത്. മെറിൻ ലിഞ്ച്, ലേമാൻ ബ്രദേഴ്സ്, അമേരിക്കൻ ഇന്റർനാഷണൽ ഗ്രൂപ്പ് തുടങ്ങി വൻകിട ധനകാര്യ സ്ഥാപനങ്ങൾ പലതും മുതലാളിത്തത്തിൽ അന്തർലീനമായ പ്രതിസന്ധിയിൽ ആടി ഉലഞ്ഞു. മുതലാളിത്തത്തിന്റെ പ്രതിസന്ധികൾ പലപ്പോഴും ഏറ്റവും അധികം ബാധിക്കാറുള്ളത് തൊഴിലാളികളെയാണല്ലോ? മാന്ദ്യം ഏറ്റവുമധികം ഉലച്ച ഒരു മേഖലയാണ് ഓട്ടോമൊബൈൽ മേഖല. അതിന്റെ ഭാഗമായി ജനറൽ മോട്ടോഴ്സ്, സ്റ്റെല്ലാൻ്റിസ്, ഫോർഡ് എന്നീ കമ്പനികൾ, അവരുടെ തൊഴിലാളികളുടെ ആനുകുല്യങ്ങളിൽ ചിലത് വെട്ടിക്കുറച്ചു. പ്രതിസന്ധി മറികടക്കേണ്ടതുണ്ട് എന്നതിനാൽ സംഘടനകൾ ഇതിന് മൗനാനുവാദം നൽകുകയും ചെയ്തു.
പതിനഞ്ച് വർഷം പിന്നിട്ടിട്ടും തൊഴിലാളികളുടെ വെട്ടിക്കുറച്ച ആനുകുല്യങ്ങൾ പുന:സ്ഥാപിക്കാനോ രാജ്യത്തെ വിലനിലവാരത്തിനനുസരിച്ച് മാന്യമായ ശമ്പള വർദ്ധന നൽകാനോ മാനേജ്മെന്റുകൾ തയ്യാറായില്ല. അമേരിക്കയിലാകട്ടെ പണപ്പെരുപ്പവും വിലക്കയറ്റവും കഴിഞ്ഞ നാൽപ്പത് വർഷക്കാലത്തിനിടയ്ക്കുള്ള ഏറ്റവും ഉയർന്ന നിരക്കിലും. സ്വാഭാവികമായും തൊഴിലാളികളുടെ ജീവിത നിലവാരത്തെ ഇത് പ്രതികൂലമായി ബാധിച്ചു.
ബെൽറ്റ് മുറുക്കും തൊഴിലാളി, ലാഭം കൂട്ടും മുതലാളി.
തൊഴിലിടം സംരക്ഷിക്കാനെന്ന പേരിൽ തൊഴിലാളികളുടെ ‘ബെൽറ്റ് മുറുക്കിയ’ മുതലാളിമാർ ഇതിനിടെ ഓരോ വർഷവും തടിച്ചുകൊഴുത്തു. തൊഴിലാളികളുടെ അത്യദ്ധ്വാനത്താൽ കമ്പനികൾ വൻ ലാഭമുണ്ടാക്കി. 2023 ലെ ആദ്യ ആറു മാസക്കാലം കമ്പനികൾ റെക്കോർഡ് ലാഭമാണ് ഉണ്ടാക്കിയത്. മൂന്ന് കമ്പനികളുടെ ലാഭം 2100 കോടി ഡോളർ. അതായത് 2023 ഏപ്രിൽ 1 മുതൽ സെപ്തംബർ 30 വരെയുള്ള സമയത്ത് തൊഴിലാളികൾ അദ്ധ്വാനിച്ച് മൂന്ന് കമ്പനികൾക്കുമായി നേടിക്കൊടുത്ത ലാഭം 1,73,400 കോടി ഇന്ത്യൻ രൂപ എന്ന് ചുരുക്കം. (1 ഡോളർ = 83 രൂപ എന്ന കണക്കിൽ)
ലാഭം കുമിഞ്ഞുകൂടിയ കമ്പനികളിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ ശമ്പളാനുകൂല്യങ്ങളും റോക്കറ്റ് വേഗതയിലാണ് ഉയർന്നത്. ജനറൽ മോട്ടോഴ്സിലെ ആകെ തൊഴിലാളികളുടെ വേതനത്തിന്റെ 362 ഇരട്ടിയാണ് അവിടത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ (CEO) വേതനം. ജനറൽ മോട്ടോഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മേരി ബാരയുടെ വാർഷിക വേതനം 29 മില്യൻ യു.എസ്. ഡോളർ ആണ് (1 മില്യൻ = 10 ലക്ഷം) അഥവാ 241 കോടി ഇന്ത്യൻ രൂപ. അതായത് ഒരു ദിവസം 65.95 ലക്ഷം രൂപ. സ്റ്റെല്ലാന്റിസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ വേതനം 25 മില്യൻ യു.എസ്. ഡോളർ അഥവാ 207.50 കോടി ഇന്ത്യൻ രൂപ, ഒരു ദിവസം 56.85 ലക്ഷം രൂപ. ഫോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജിം ഫാർലിയുടെ വേതനം 21 മില്യൻ യു എസ് ഡോളർ, അഥവാ 174.30 കോടി ഇന്ത്യൻ രൂപ, അതായത് ഒരു ദിവസം 47.75 ലക്ഷം രൂപ. [1 ഡോളർ = 83 രൂപ എന്ന നിരക്കിൽ] നവലിബറൽ നയങ്ങൾ നടപ്പിലാക്കിയതിനുശേഷം ഉയർന്ന സ്ഥാനം വഹിക്കുന്ന ഉദ്യോഗസ്ഥർക്ക് ലോകത്തെ എല്ലാ രാജ്യങ്ങളിലും ഇതേ നിരക്കിലാണ് വേതനം. സാമ്പത്തികമായ ഈ അന്തരവും വിലക്കയറ്റ പശ്ചാത്തലവും അമേരിക്കയിലെ ഓട്ടോമൊബൈൽ കമ്പനികളിലെ തൊഴിലാളികളെ യോജിച്ചുള്ള പോരാട്ടത്തിന് നിർബന്ധിതരാക്കി.
സമര വേദിയിൽ രാജ്യ നായകർ
ന്യായമായ പോരാട്ടത്തിന് അമേരിക്കൻ ജനതയുടെ വലിയ പിന്തുണ നേടാനായി. ജനപിന്തുണയോടെയുള്ള സമരം ശക്തി പ്രാപിച്ചപ്പോൾ പന്ത്രണ്ടാം ദിവസം പ്രസിഡന്റ് സാക്ഷാൽ ജോ ബൈഡൻ തന്നെ അമേരിക്കയിലെ മിക്കിഗാനിൽ (Michigan) ഫോർഡ് കമ്പനി ഗേറ്റിൽ പിക്കറ്റിംഗ് നടത്തുന്ന തൊഴിലാളികളെ നേരിട്ട് അഭിവാദ്യം ചെയ്യാൻ എത്തി. ന്യായമായ ആവശ്യം നേടിയെടുക്കുന്നതിന് ഉറച്ചുനിന്ന് പോരാടാൻ ബൈഡൻ തൊഴിലാളികളെ ആഹ്വാനം ചെയ്തു പോലും. മാത്രമല്ല അഭിവാദ്യം ചെയ്ത് മടങ്ങുന്ന വേളയിൽ, നാൽപത് ശതമാനം വേതനമെന്ന ആവശ്യം ന്യായമാണോ എന്ന പത്രക്കാരുടെ ചോദ്യത്തിന് ‘എന്താണ് സംശയം’ എന്നാണ് ബൈഡൻ മറുപടി പറഞ്ഞത്. 2024 ൽ അമേരിക്കൻ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന പശ്ചാത്തലത്തിൽ, ബൈഡൻ സന്ദർശനം നടത്തിയ പിറ്റേന്ന് ഡൊണാൾഡ് ട്രമ്പും തൊഴിലാളികളെ അഭിവാദ്യം ചെയ്യാൻ എത്തി.എന്നാൽ തൊഴിലാളികൾ അതിന് അനുവാദം നൽകിയില്ല.
മുട്ടുമടക്കി മുതലാളിത്തം
പണിമുടക്ക് പതിനഞ്ച് ദിനം പിന്നിട്ടതോടെ തൊഴിലാളികൾ സമരത്തിന്റെ രീതിയിലും ഭാവത്തിലും മാറ്റം വരുത്തി. പല യൂണിറ്റുകളിലും തിരഞ്ഞെടുക്കപ്പെട്ട തൊഴിലാളികൾ നിൽപ്പു സമരം ആരംഭിച്ചു. ഓരോ ദിനവും സമരത്തിന് ജനപിന്തുണയും വർദ്ധിച്ചു. ഒടുവിൽ മുതലാളിത്ത പറുദീസയിലെ മുതലാളിമാർ സംഘടിത തൊഴിൽ ശക്തിക്ക് മുന്നിൽ മുട്ടുമടക്കി. ഇരുപത്തഞ്ച് ശതമാനം ശമ്പള വർദ്ധനവ്, പതിനൊന്ന് ശതമാനം ബോണസ്, നിറുത്തലാക്കിയ ആനുകുല്യങ്ങളുടെ പുന:സ്ഥാപനം എന്തിന് കമ്പനികൾ പുതുതായി തുടങ്ങാവാൻ പോകുന്ന ഇലക്ട്രിക് വാഹന നിർമ്മാണ യൂണിറ്റുകളിൽ തൊഴിലാളി സംഘടനകൾക്ക് അംഗീകാരം നൽകാനും അധികാരികൾ നിർബന്ധിതരായി. മറ്റൊരു സുപ്രധാന നേട്ടം അസ്ഥിര തൊഴിലാളികളെ ( Temporary Employees) സ്ഥിരപ്പെടുത്താനുള്ള തീരുമാനമാണ്. മൂന്ന് വർഷത്തിനകം എല്ലാ അസ്ഥിര തൊഴിലാളികളെയും സ്ഥിരപ്പെടുത്താം എന്ന വ്യവസ്ഥയും കരാറിൽ എഴുതിച്ചേർക്കപ്പെട്ടു. പണിമുടക്ക് പ്രഖ്യാപിച്ചതിനെ തുടർന്ന് സ്റ്റെല്ലാന്റിസ് കമ്പനി അവരുടെ ഒരു യൂണിറ്റ് അടച്ച് പൂട്ടുകയും അവിടത്തെ 1200 തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തിരുന്നു. പ്രസ്തുത പ്ലാന്റ് തുറക്കാനും പിരിച്ച് വിട്ട മുഴുവൻ തൊഴിലാളികളെയും തിരിച്ചെടുക്കാനും പുതുതായി 1,000 തൊഴിലാളികളെ നിയമിക്കാനും തീരുമാനിച്ചു. മറ്റ് യൂണിറ്റുകളിൽ 5,000 തസ്തിക വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം പിൻവലിച്ച് വിവിധ തസ്തികകളിലായി 5,000 പേരെ പുതുതായി നിയമിക്കാനും കരാറിലൂടെ തീരുമാനിക്കപ്പെട്ടു.
അങ്ങനെ ഉന്നയിച്ച ആവശ്യങ്ങൾ ഒട്ടുമിക്കതും നേടിയെടുത്തു കൊണ്ടാണ് അമേരിക്കയിലെ തൊഴിലാളി വർഗ്ഗം അത്യുജ്ജ്വല നേട്ടങ്ങളോടെ സമരം അവസാനിപ്പിച്ചത്.
ഓട്ടോമൊബൈൽ പണിമുടക്ക് നടന്നുകൊണ്ടിരിക്കുന്ന വേളയിലാണ് അമേരിക്കയിൽ തന്നെ ഹോളിവുഡിലെ തിരക്കഥാ രജിതാക്കളും അഭിനേതാക്കളും നടത്തിവന്ന പണിമുടക്ക് അവസാനിച്ചത്. 2023 മെയ് 2 ന് ആരംഭിച്ച പണിമുടക്ക് 148 ദിവസങ്ങൾക്കുശേഷം സെപ്തംബർ 27 നാണ് അവസാനിച്ചത്. ആദ്യം എഴുത്തുകാർ (Script writers) ആരംഭിച്ച പണിമുടക്കിൽ പിന്നീട് അഭിനേതാക്കളും ചേരുകയായിരുന്നു. ലോകത്തെ തന്നെ അത്യന്താധുനിക സംവിധാനമായ നിർമ്മിത ബുദ്ധിയുടെ ( Artificial Intelligence – Al) കടന്നുവരവ് തങ്ങളുടെ ജോലിയെ ബാധിക്കരുത് എന്ന ആവശ്യമുന്നയിച്ചായിരുന്നു തിരക്കഥാ എഴുത്തുകാർ പണിമുടക്ക് ആരംഭിച്ചത്. ഒടുവിൽ അവരുടെ ആവശ്യവും അംഗീകരിച്ചാണ് സമരം പിൻവലിച്ചത്. പണ്ട് ട്രാക്ടറിനെതിരെയും കമ്പ്യൂട്ടറുകൾക്കെതിരെയും നടന്ന പ്രക്ഷോഭങ്ങളും ഇന്നും അതിനെ വക്രീകരിച്ച് തൊഴിലാളി വർഗ്ഗത്തിനെ ഇകഴ്ത്തുന്ന പ്രവണതയും മുതലാളിത്ത പറുദീസയിലെ സമരങ്ങളെയും കൂട്ടിയിണക്കി ചർച്ചകൾ ഉയർന്നുവരേണ്ട സമയമാണ്.
അഹങ്കാരികളായ തൊഴിലാളികളെ മെരുക്കിയെടുക്കേണ്ടതിനായി തൊഴിലില്ലായ്മ വർദ്ധിക്കണമെന്ന് ഗർജ്ജിച്ച ആസ്ട്രേലിയൻ കോടീശ്വരൻ ടിം ഗർനർ (Tim Gurner) മുതൽ ഇന്ത്യയിലെ തൊഴിലാളികളുടെ ജോലി സമയം ആഴ്ചയിൽ 70 മണിക്കൂർ ആക്കി ഉയർത്തണമെന്ന് പ്രഖ്യാപിച്ച നാരായണമൂർത്തിവരെയുള്ളവർ ലോകത്താകെ നടക്കുന്ന തൊഴിലാളി മുന്നേറ്റങ്ങൾ കണ്ണ് തുറന്ന് കാണണം. അമേരിക്കയിലെ ഈ പോരാട്ട ചരിത്ര വിജയങ്ങൾ, വർഗ്ഗീയതയെ കൂട്ടുപിടിച്ച് ഫാസിസത്തിലേക്കുള്ള നയമാറ്റത്തെ ചെറുത്തുതോൽപ്പിക്കാനുള്ള നമ്മുടെ രാജ്യത്തെ തൊഴിലാളി, കർഷക ഐക്യസമരങ്ങൾക്ക് കരുത്ത് പകരുക തന്നെ ചെയ്യും. ♦