Monday, September 9, 2024

ad

Homeചിത്രകലനിശബ്ദതയുടെ നിറച്ചാർത്ത്‌

നിശബ്ദതയുടെ നിറച്ചാർത്ത്‌

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

തിരുവനന്തപുരത്തെ ശ്രദ്ധേയമായ സ്ഥാപനങ്ങളിലൊന്നാണ്‌ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സ്‌പീച്ച്‌ ആൻഡ്‌ ഹിയറിംഗ്‌ (നിഷ്‌) എന്ന വിദ്യാഭ്യാസസ്ഥാപനം. പേര്‌ സൂചിപ്പിക്കുന്നതുപോലെ സംസാരത്തിലും കേൾവിയിലുമുള്ള പരിമിതികൾക്കപ്പുറത്തേക്ക്‌ പഠനവഴിയിലെ മികവിലൂടെ പ്രതിഭകളെ വളർത്തിയെടുക്കുന്ന സ്ഥാപനം‐ അവരുടെ അഭിരുചികൾക്കനുസരിച്ച്‌. 25 വർഷങ്ങളുടെ പിൻബലവുമായിട്ടാണ്‌ കേരള യൂണിവേഴ്‌സിറ്റി അഫിലിയേറ്റ്‌ ചെയ്‌ത ഡിഗ്രി കോഴ്‌സുകളുമായി ‘നിഷ്‌’ ശ്രദ്ധേയമാകുന്നത്‌. ഇവിടെ പരാമർശിക്കുന്നത്‌ നിഷിലെ ഫൈൻ ആർട്‌സ്‌ വിഭാഗത്തിലെ അവസാനവർഷ വിദ്യാർഥികളുടെ ചിത്രപ്രദർശനവുമായി ബന്ധപ്പെട്ട വിവരങ്ങളാണ്.

നിത്യജീവിതത്തിലെ വെല്ലുവിളികളെ നേരിടുമ്പോൾതന്നെ മനസ്സിൽ നിറങ്ങളുടെയും രൂപങ്ങളുടെയും നവീന ചിന്താഗതികളുടെയുമൊക്കെ സൗന്ദര്യശാസ്‌ത്രമാണ്‌ ‘ദി ഇൻസൈഡ്‌ സ്‌റ്റോറി’ എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രപ്രദർശനത്തിൽ ദൃശ്യമാകുന്നത്‌. നിശ്ശബ്ദതയുടെ താളലയങ്ങളെ സർഗാത്മകമായ ജീവിതമുഹൂർത്തങ്ങളായി ആവിഷ്‌കരിക്കുകയാണിവിടെ. മറ്റൊരർഥത്തിൽ നമുക്കു മുന്നിലെ ജീവിതക്കാഴ്‌ചകളെ യഥാതഥമായി, എന്നാൽ ആധുനിക കലാചിന്തകളുമായി ഇഴചേർത്തുകൊണ്ടുമാണ്‌ ഇവ ആവിഷ്‌കരിച്ചിട്ടുള്ളത്‌. നിറങ്ങളും രൂപങ്ങളും ജീവിതാകർഷണത്തിലേക്ക്‌ ചാലിച്ചു ചേർക്കുന്ന ബോധവൈവിധ്യങ്ങളെ പ്രദർശനത്തിൽ നമുക്ക്‌ കാണാം. വരയിലേക്കുള്ള പ്രചോദനം/ഊർജപ്രവാഹം ഒരു നദിപോലെ രൂപപ്പെടുകയും നിറങ്ങളുടെ ലയവിന്യാസം ചിത്രതലങ്ങളെ മനോഹരമാക്കുന്ന കാഴ്‌ചയും നമുക്കനുഭവവേദ്യമാകുന്നു. കഴിഞ്ഞ അഞ്ചുവർഷത്തെ കലാപഠനവും പരിശീലനവും അനുഭവങ്ങളും സ്വാംശീകരിക്കപ്പെട്ട ആത്മാന്വേഷണം കൂടിയാണ്‌ തിരുവനന്തപുരം അമ്യൂസിയം ആർട്ട്‌ ഗ്യാലറിയിൽ അരങ്ങേറിയ നിഷിന്റെ ഡിഗ്രി ഷോ പ്രദർശനം‐ സ്വാതന്ത്ര്യത്തിന്റെ ആകാശം തുറന്നിടുംവിധമുള്ള രചനകൾകൊണ്ട്‌ സമ്പുഷ്‌ടവുമാണ്‌ ഈ പ്രദർശനം. അമ്യൂസിയത്തിൽ പങ്കെടുക്കാറുള്ള പ്രമുഖരുടെ ചിത്രപ്രദർശനവുമായി താരതമ്യം ചെയ്യുമ്പോൾ ‘ദി ഇൻസൈഡ്‌ സ്‌റ്റോറി’യും ശ്രദ്ധേയമായിട്ടുണ്ട്‌ എന്നാണ്‌ ഈ ലേഖകന്റെ കാഴ്‌ചപ്പാട്‌. സമകാലിക കലയുടെ വികാസപരിണാമഘട്ടങ്ങളോട്‌ ചേർന്ന്‌ സഞ്ചരിക്കാനുള്ള ശക്തി ഇനിയുമിവർ ആർജിക്കേണ്ടതുണ്ട്‌ എന്നറിയുമ്പോൾ തന്നെ പരിമിതികൾക്കുള്ളിൽ നിന്നുള്ള പഠനവും പരിശീലനത്തിലൂടെയുള്ള ഉൾക്കരുത്തും കാണാതെപോകാൻ പാടില്ല എന്നതുകൊണ്ടുമാണ്‌ ഇത്രയും സൂചിപ്പിച്ചത്‌.

കഠിനമായ പരിശ്രമത്തിലൂടെ കലയുടെ ഊർജം പ്രസരിപ്പിക്കുന്ന മുപ്പതോളം രചനകൾ അഞ്ച്‌ കലാകാരരിലൂടെ ഇവിടെ പ്രദർശിപ്പിച്ചിരിക്കുകയാണ്‌. ആശ്രയത്വത്തിന്റെ സ്‌നേഹസ്‌പർശമാകുന്ന ജീവിതദൃശ്യങ്ങളാണ്‌ ആസ്‌തികിന്റെ ചിത്രങ്ങൾ. ചിത്രകാരൻ തന്നെ മുഖ്യ കഥാപാത്രമാകുന്ന ചിത്രതലങ്ങൾ വാചാലമാണ്‌. മനുഷ്യത്വത്തിന്റെ, ഉയർന്ന മാനവികബോധത്തിന്റെ വിപുലമായ അർഥതലങ്ങൾ നമുക്കിവിടെ അനുഭവവേദ്യമാകുന്നു. വാത്സല്യവും സ്‌നേഹവും പ്രണയവുമൊക്കെച്ചേരുന്ന കുടുംബബന്ധങ്ങളുടെയൊക്കെ പ്രതീകാത്മകമായ അടയാളപ്പെടുത്തലുകളാവുന്നു ആസ്‌തികിന്റെ ചിത്രങ്ങൾ. അനന്തതയിലേക്ക്‌ കണ്ണുപായിക്കുന്ന കോവിഡ്‌കാല ദിനങ്ങളെ രോഗാണു ഭീതിയിലെ വെളിപാടുകൾപോലെ വരച്ചിടുകയാണ്‌ മധ്യപ്രദേശിൽ നിന്നുള്ള പല്ലവി പവാർ. രോഗകാലത്തെ കലയുടെ അതിജീവനവഴി പിന്നിട്ടുകൊണ്ട്‌ സർഗാത്മകമായ കലാപ്രവൃത്തികൾ തുടരുന്നതിന്റെ പരിച്ഛേദം കൂടിയാണ്‌ പല്ലവി പവാറിന്റെ രചനകൾ. സാമൂഹിക പ്രതിബദ്ധതയോടൊപ്പം കലാവിഷ്‌കാരങ്ങളിലും വ്യാധിയും വർണവും ഇഴചേർക്കുന്നു ഈ ചിത്രകാരി. മനസ്സിന്‌ ശാന്തിയും സമാധാനവും ദിശാബോധവും നൽകുന്ന ചിത്രങ്ങളാണ്‌ ഉത്തർപ്രദേശ്‌ സ്വദേശിയായ രുചി സിങ്ങിന്റേത്‌. സ്വന്തം ചിന്തയിൽനിന്ന്‌, അനുഭവത്തിൽനിന്ന്‌ ലഭിക്കുന്ന അനുഭൂതികളാണ്‌ ഓരോ മനുഷ്യന്റെയും നിലനിൽപ്പിനാധാരമാവുക എന്ന സത്യത്തിലേക്ക്‌ വിരൽചൂണ്ടുന്ന ദൃശ്യപ്പൊലിമയാണ്‌ രുചി സിങ്ങിന്റെ പെയിന്റിംഗുകൾ. മനുഷ്യനും പ്രകൃതിയും ചേരുന്ന കലാവിഷ്‌കാരങ്ങളാണ്‌ ആസ്‌തിക്‌, രുചി സിങ്ങ്‌, പല്ലവി പവാർ എന്നിവരുടേത്‌.

വ്യാവസായിക കല അല്ലെങ്കിൽ അപ്ലൈഡ്‌ ആർട്ട്‌ വിഭാഗത്തിലെ നവീനമായ കാഴ്‌ചകൾ സമ്മാനിക്കുന്നു ഉത്തർപ്രദേശിൽനിന്നുള്ള മധുർ അറോറയും തിരുവനന്തപുരത്തു നിന്നുള്ള ഷഫീക്കും. ശുചിയും ശുദ്ധവുമായ ഭക്ഷണം വിളമ്പേണ്ടതിന്റെ സാധ്യതകളെ സമൂഹത്തിലേക്കെത്തിക്കുന്നതിൽ സവിശേഷമായ കരവിരുത്‌ പ്രകടമാക്കുന്നു ഷഫീക്ക്‌. ഷാ ട്രേഡേഴ്‌സ്‌ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട പ്രോജക്ടിന്റെ വിവിധ ദൃശ്യങ്ങൾ പ്രദർശനത്തിലുണ്ട്‌. നിത്യോപയോഗസാധനങ്ങൾ നമ്മുടെ വീട്ടുമുറ്റത്തേക്ക്‌ എത്തുന്ന വിതരണത്തിന്റെ വിപുലമായ സാധ്യതകളെ അവതരിപ്പിക്കുകയാണ്‌ മധുർ അറോറ. ഈ പ്രോജക്ട്‌ വർക്കിലും വിഷയത്തെ അധികരിച്ചുള്ള വിവിധ ദൃശ്യങ്ങൾ മനോഹരമായി രൂപകൽപന ചെയ്‌തിട്ടുണ്ട്‌.

സ്വന്തം സ്വപ്‌നങ്ങളുടെ/ഭാവനയുടെ വിത്തുമുളപ്പിച്ചെടുത്ത്‌ ഇലകളും പൂക്കളുമായി തളിർക്കുന്ന വരുംകാലത്തിന്റെ നിറച്ചാർത്തിലേക്കാണ്‌ ഈ യുവകലാകാരർ നടന്നുകയറുന്നത്‌‐ ആസ്വാദകരെ ചേർത്തുപിടിച്ചുകൊണ്ട്‌. അവർക്കുവേണ്ട ഉപദേശവും പരിശീലനവും നൽകിയ കലാധ്യാപകരായ പി എസ്‌ രാകേഷ്‌, ഷിജു ആർ വി, അനു ജെ രാജൻ, സ്വരൂപ്‌ എം വി എന്നിവരും പ്രശംസയർഹിക്കുന്നു. അഞ്ചുദിവസം നീണ്ട പ്രദർശനം എംഎൽഎ കടകംപള്ളി സുരേന്ദ്രനാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four + 12 =

Most Popular