Thursday, May 9, 2024

ad

Homeകവര്‍സ്റ്റോറികേരളീയത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്കൊരു മറുപടി

കേരളീയത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്കൊരു മറുപടി

കെ എൻ ഗണേശ്

കേരളീയത്തെക്കുറിച്ച് ധാരാളം വിമർശനങ്ങൾ ഉയർന്നുവരുന്നുണ്ട്. അത് പാഴ്-ചെലവാണ്, ധൂർത്താണ്, ജനങ്ങൾ ദുരിതങ്ങളിലാഴുമ്പോൾ സർക്കാർ ഉത്സവം കൊണ്ടാടുകയാണ് തുടങ്ങിയ വിമർശനങ്ങൾ ഏതാണ്ട് സ്ഥിരം പല്ലവിയായിരുന്നു. ഗൗരവമുള്ള ഒരു വിമർശനം പ്രത്യക്ഷപ്പെട്ടത് മാധ്യമം ആഴ്ചപ്പതിപ്പിൽ കെ മുരളിയുടെതാണ്.

വേറൊരു പേരിൽ അദ്ദേഹം നടത്തിക്കൊണ്ടിരുന്ന കമ്യൂണിസ്റ്റ് വിമർശനങ്ങളുടെ തുടർച്ചയാണ് ഇതെന്നു പറയാം. ഇപ്രാവശ്യം അദ്ദേഹം അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ചടക്കം നടത്തിയ വിമർശനം, കമ്യൂണിസ്റ്റ് പ്രയോഗത്തിന് മൊത്തത്തിൽ എതിരായിട്ടുള്ളതാണ്. അതുകൊണ്ട് ആ വിമർശനത്തിന്റെ ചില വശങ്ങൾ പരിശോധിക്കേണ്ടതുണ്ട്.

ഇതിലാദ്യത്തേത്, ഭൂപരിഷ്കാരത്തെ സംബന്ധിച്ചതാണ്. ഭൂപരിഷ്കാരത്തെക്കുറിച്ചുള്ള മുരളിയുടെ വാദങ്ങൾ നേരത്തെ ഉന്നയിക്കപ്പെട്ടതാണ്. ഭൂപരിഷ്കാരം നെൽകൃഷി മേഖലയെ കേന്ദ്രീകരിച്ചായിരുന്നുവെന്നതും വനം മേഖലയിലേക്കും തീരദേശ മേഖലയിലേക്കും വ്യാപിച്ചിരുന്നില്ലെന്നതും അന്നുതന്നെ അംഗീകരിക്കപ്പെട്ട കാര്യമാണ്. മിച്ച ഉൽപന്ന സമാഹരണത്തിന്റെ അടിസ്ഥാനത്തിൽ നിലനിന്ന ഒരു ഇത്തിക്കണ്ണി ജന്മിവർഗത്തെയാണ് അന്ന് ഇല്ലാതാക്കാൻ ശ്രമിച്ചത്. അതിനോടൊപ്പം മുതലാളിത്ത ഭൂവുടമ സംവിധാനം നിലനിന്നതായും കാണാം.ഭൂപരിഷ്കാരം അനിവാര്യമായി നടപ്പിലാക്കപ്പെടുമെന്നു കണ്ട അമ്പതുകളിലും കാർഷികബന്ധ ബില്ലും പിന്നീട് 1963ലെ ഭൂപരിഷ്കാര നിയമവും കൊണ്ടുവന്നതിനുശേഷവും മുതലാളിത്ത ഉടമസ്ഥാവകാശമുപയോഗിച്ചുള്ള ഭൂമി കൈമാറ്റങ്ങൾ നടന്നിട്ടുണ്ട്. എഴുപതുകളോടെ കൊളോണിയൽ കാലത്ത് വ്യവസ്ഥാപിതമായ സ്റ്റാറ്റ്യൂട്ടറി ജന്മി വർഗം അപ്രത്യക്ഷമായെങ്കിലും ഭൂകേന്ദ്രീകരണം അപ്രത്യക്ഷമാകുന്നില്ല. പക്ഷേ, അവിടെ നിർണായകരൂപം മുതലാളിത്ത ഉത്പാദന ബന്ധങ്ങളാണ്. ആദിവാസി ഭൂമിയടക്കമുള്ള ഭൂമി കയ്യേറ്റങ്ങളും വട്ടിപ്പലിശ പോലുള്ള പലിശ രൂപങ്ങളും തറപ്പാട്ടത്തിന്റെ വ്യാപനവും മുതലാളിത്ത ബന്ധങ്ങളിലും നിലനിൽക്കുന്നതാണ്.

ഇവിടെയാണ് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടേതടക്കമുള്ള കമ്യൂണിസ്റ്റ് പ്രയോഗത്തെപ്പറ്റിയുള്ള വിമർശനം ഉയരുന്നത്. 1956ൽ അവിഭക്ത പാർട്ടിയുടെ വികസന പ്രമേയത്തെക്കുറിച്ചുള്ള പരാമർശം ഇതിന്റെ ഭാഗമാണ്. കമ്യൂണിസ്റ്റുകാരുടെ വിപ്ലവപാതയുടെ ആത്യന്തിക ലക്ഷ്യങ്ങൾ സോഷ്യലിസവും കമ്യൂണിസവുമാണ്. സോഷ്യലിസ്റ്റ് വിപ്ലവങ്ങൾ മുതലാളിത്ത വ്യവസ്ഥയുടെയും അത് നിലനിർത്തുന്ന ഭരണകൂടങ്ങളുടെയും തകർച്ചയിലേക്കും ഒരു പുതിയ സമൂഹരൂപത്തിന്റെ സൃഷ്ടിയിലേക്കും നയിക്കുന്നവയാണ്. മുതലാളിത്തത്തിന്റെ വ്യാപനം പൂർണമാകാത്ത പ്രാങ് മുതലാളിത്ത ബന്ധങ്ങൾ നിലനിൽക്കുന്ന സമൂഹങ്ങളിൽ നടക്കുന്ന തൊഴിലാളിവർഗ വിപ്ലവങ്ങളുടെ ദൗത്യങ്ങളിലൊന്ന് ബൂർഷ്വാ ജനാധിപത്യ വിപ്ലവത്തിന്റെ കടമകൾ പൂർത്തിയാക്കുക എന്നതാണ്. ഫ്യൂഡൽ നാടുവാഴിത്തത്തിനും ജന്മിവർഗത്തിനുമെതിരായ പോരാട്ടവും പരിഷ്കാരവും ജനാധിപത്യ വിപ്ലവത്തിന്റെ ഭാഗവുമാണ്. മൗസേ ദോങ്ങും ഹോചിമിനും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെ ജനാധിപത്യ വിപ്ലവവുമായി കൂട്ടിയിണക്കുകയും അതുവഴി ജനാധിപത്യ വിപ്ലവങ്ങൾക്ക് പുതിയ മാനം നൽകുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെയും കേരളത്തിലെയും ഫ്യൂഡൽ നാടുവാഴിത്തവിരുദ്ധ സമരങ്ങളെ സംബന്ധിച്ച കമ്യൂണിസ്റ്റ് നിലപാടുകൾ വളർന്നുവരുന്നത്. ഇന്ത്യയിൽ കൊളോണിയൽ വാഴ്ചയുടെ പശ്ചാത്തലത്തിൽ കുത്തക മുതലാളിത്തത്തിന്റെ വളർച്ചയും അവരും ഭൂപ്രഭുത്വവും തമ്മിൽ വളർന്നുവന്ന സഖ്യവും കമ്യൂണിസ്റ്റ് പാർട്ടിയുടെ ചർച്ചയായിരുന്നു. ആ സാഹചര്യങ്ങളിൽ ഭൂവുടമാവകാശങ്ങളിൽ കാതലായ മാറ്റങ്ങൾ സൃഷ്ടിക്കാൻ മുതലാളിത്തം തയ്യാറാവുകയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഭൂപരിഷ്കാരത്തെക്കുറിച്ചുള്ള നിലപാടുകൾ കമ്യൂണിസ്റ്റ് പാർട്ടി വളർത്തിയത്. അതിൽ തന്നെ പാട്ടവ്യവസ്ഥയുടെ അടിസ്ഥാനത്തിലുള്ള ജന്മികുടിയാൻ ബന്ധങ്ങൾ നിലനിന്ന പ്രദേശങ്ങളിൽ മാത്രമാണ് ഭൂമിയുടെ പുനർവിതരണം സാധ്യമാകുന്നത്. തെലങ്കാനയടക്കമുള്ള കാർഷിക സമരങ്ങളും കേരളത്തിലെ ഭൂപരിഷ്കാരവും നടന്നതും ഇതേ കാഴ്ചപ്പാടനുസരിച്ചുമാണ്. അതായത്, ഭൂമിയുടെ സമഗ്രമായ ദേശസാൽക്കരണവും പുനർവിതരണവും ഒരിക്കലും കമ്യൂണിസ്റ്റ് പാർട്ടിയുടെ മുദ്രാവാക്യമായിരുന്നില്ല. പരമ്പരാഗത ജന്മിവർഗത്തെ ഇല്ലാതാക്കി ഭൂമിയുടെ പുനർവിതരണം സാധ്യമാക്കുക എന്നതുതന്നെയായിരുന്നു ലക്ഷ്യം. ഇതിനോടൊപ്പം ജന്മം ഭൂമികളിലെ കുടികിടപ്പുകാരെ കൂടി നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനും അതിന്റെ അടിസ്ഥാനത്തിൽ ഭൂമിയുടെ പുനർവിതരണം പരമാവധി വ്യാപിപ്പിക്കാനുമാണ് കമ്യൂണിസ്റ്റ് പാർട്ടി ശ്രമിച്ചത്.

ജാതിയുടെ പ്രശ്നം
ഇവിടെയാണ് മുരളി സൂചിപ്പിക്കുന്ന ജാതിയുടെ പ്രശ്നം വരുന്നത്. പരമ്പരാഗത ഭൂവുടമ ബന്ധങ്ങളിലും ഭൂമിയിലും പുറത്തുമുള്ള തൊഴിൽ ശ്രേണികളിലും ജാതിയുടെ പ്രാധാന്യം അവിതർക്കിതമാണ്. അതിനോടൊപ്പം ഗോത്ര സമൂഹങ്ങളുടെ സ്ഥിതി വ്യത്യസ്തവുമാണ്. കൊളോണിയൽ അധിനിവേശ പ്രക്രിയയുടെ ഭാഗമായി ജൈവസമ്പത്തിലും വിഭവങ്ങളിലും കൊളോണിയലിസം നടത്തിയ കടന്നുകയറ്റമാണ് ഗോത്ര സമൂഹങ്ങളെ അവരുടെ വിഭവങ്ങളിൽനിന്നും ജീവിതമാർഗങ്ങളിൽനിന്നും അകറ്റിയതും അവരെ പാപ്പരീകരിച്ചതും. ഇതേ പ്രക്രിയ തന്നെ ഭക്ഷ്യശേഖരണത്തെയും പുനം കൃഷിയെയും കൈത്തൊഴിലുകളെയും മത്സ്യബന്ധനംപോലുള്ള തൊഴിലുകളെയും ആധാരമാക്കി ജീവിച്ച കേരളത്തിലെ ഗോത്ര സമൂഹങ്ങളെയും ചില ജാതി വിഭാഗങ്ങളെയും സ്വാധീനിച്ചതായി കാണാം. അയിത്തവും സഞ്ചാരവിലക്കുകളും ലൈംഗിക അടിമത്തവും ശ്രേണീബദ്ധമായ സമൂഹ രൂപങ്ങളും ജന്മി നാടുവാഴിത്തം മാത്രമല്ല മുതലാളിത്തവും ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. അമേരിക്കയിലും വെസ്റ്റിൻഡീസിലും തെക്കു കിഴക്കേ ഏഷ്യയിലും ഉപയോഗിച്ച അടിമത്ത രൂപങ്ങൾ ഇതിനുദാഹരണമാണ്. ഭൂമികയ്യേറ്റവും വട്ടിപ്പലിശയും ഊഴിയപ്പണിയും തറപ്പാട്ടവും ഇത്തരത്തിലുള്ള തൊഴിൽ സേനയെ മുതലാളിത്തത്തിന്റെ കീഴിൽ കൂലി അടിമത്തമായി മാറ്റുന്നതിനുള്ള ഉപാധികളുമാണ്. ഇവയെല്ലാം ഭൂപരിഷ്കാരവും ഭൂമിയുടെ പുനർവിതരണവും കൊണ്ടുമാത്രം ഇല്ലാതാകുമെന്ന് കരുതാനും സാധ്യമല്ല. ജാതി – ഗോത്ര സമൂഹങ്ങളുടെ വർഗസമരം ഭൂപരിഷ്കാരത്തിനുശേഷം നിലനിൽക്കുമെന്നർത്ഥം. ജനാധിപത്യ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ സാധ്യമാകുന്നത് ഇവരുടെ പ്രാദേശിക വിഭവങ്ങളുമായുള്ള ബന്ധം ഉറപ്പിക്കുകയും അവരുടെ തൊഴിൽ നൈപുണികളും ജനാധിപത്യാവകാശങ്ങളും വളർത്തിക്കൊണ്ടുവന്ന് പുതിയ മുതലാളിത്ത വിരുദ്ധ പോരാട്ടങ്ങൾക്കു സജ്ജരാക്കുകയും ചെയ്യുകയാണ്. ഇതിന്റെ ഭാഗമായാണ് അയിത്തമടക്കമുള്ള സാമൂഹ്യമർദ്ദനരൂപങ്ങൾക്കും ലൈംഗിക അടിമത്തത്തിനുമെതിരായ പോരാട്ടം വളർന്നുവന്നത്; ഗോത്ര സ്വയംഭരണ കൗൺസിലുകൾ എന്ന ആവശ്യം ഉയർന്നുവന്നത്. മുതലാളിത്തത്തിന്റെ ചൂഷണ – മർദ്ദന തന്ത്രങ്ങളുടെ ഭാഗമായി പരമ്പരാഗത സാമൂഹ്യ മർദ്ദന രൂപങ്ങൾ വീണ്ടും ഉപയോഗിക്കപ്പെടും. അതിനെതിരായ ജനാധിപത്യ പോരാട്ട രൂപങ്ങൾ വളർത്തണം. ഇത്തരത്തിലുള്ള ജനാധിപത്യപരമായ പൊതു സ്വയംഭരണ സംവിധാനങ്ങളില്ലാതെ വിമോചിത പ്രദേശങ്ങൾ സൃഷ്ടിക്കുന്നത് അപക്വവും സ്വയം ഉന്മൂലനം ക്ഷണിച്ചുവരുത്തുന്നതുമായിരിക്കുമെന്ന് ആന്ധ്രയുടെയും ഛത്തീസ്ഗഢ് –ഝാർഖണ്ഡ് പ്രദേശങ്ങളിലെയും അനുഭവങ്ങൾ തെളിയിച്ചതുമാണ്. കേരളത്തിൽ തന്നെ മുതലാളിത്തവിരുദ്ധ പോരാട്ടങ്ങളുമായി കൂട്ടുചേരാതെ നടന്നുവന്ന ദളിത് –ആദിവാസി ഭൂസമരങ്ങൾ എത്രമാത്രം അവരുടെ അവസ്ഥയിൽ ജനാധിപത്യപരമായ മാറ്റങ്ങൾ വരുത്തി എന്നതും പരിശോധിക്കപ്പെടേണ്ടതാണ്.

ഭൂപരിഷ്കരണങ്ങൾക്കു ശേഷം
സാമ്പത്തികമായി
പിന്നോട്ടടിയോ?
ഭൂപരിഷ്കാരങ്ങൾക്കുശേഷവും കേരളം സാമ്പത്തികമായി പിറകോട്ടടിച്ചുവെന്നതാണ് മുരളിയുടെ മറ്റൊരു വാദം. അത്തരത്തിൽ ലേഖനമെഴുതിയ കേരളീയത്തിന്റെ ‘‘കൂലി എഴുത്തുകാരെ’’ മുരളി പരിഹസിക്കുകയും ചെയ്യുന്നുണ്ട്. സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള വാദങ്ങളിൽ ഭാഗികമായ ശരിയുണ്ടെന്നു സമ്മതിക്കാം. ഇറക്കുമതി – ബദൽ നയങ്ങളും ‘‘സമൂഹ വികസനം’’ എന്ന പേരിൽ നടപ്പിലാക്കപ്പെട്ട കെയ്ൻസിയൻ ചോദന മാനേജ്മെന്റ് രൂപങ്ങളും പൊതുമേഖലയുടെ വികാസവും ചേർന്ന് കേരളത്തിന്റെ സാമ്പത്തിക വളർച്ചയെയും സ്വാധീനിച്ചിട്ടുണ്ട്. 1970 കൾ മുതൽ ഈ വളർച്ച മുരടിക്കുകയും അനുക്രമമായി അത് കേരളത്തിന്റെ വ്യാവസായിക – കാർഷിക വളർച്ചകളെ പിറകോട്ടടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ കാരണം ഭൂപരിഷ്കാരം തകർന്നതുകൊണ്ടല്ല, അതിന് അനുപൂരകമായി ഒരു മുതലാളിത്ത വ്യവസ്ഥയിൽ നടക്കേണ്ട കാർഷിക വികാസം നടക്കാത്തതുകൊണ്ടാണ്. സാർവത്രികമായി ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യുകയും എല്ലാ മണ്ണിന്റെ മക്കൾക്കും ഭൂമി ലഭിക്കുകയും ചെയ്താൽ പോലും അതിനെ നിലനിർത്തുന്ന വിധത്തിൽ ജനാധിപത്യ ഭരണകൂടത്തിന്റെ ഇടപെടലും പുതിയൊരു സമൂഹ രൂപത്തിലേക്കുള്ള മാറ്റവും ഉറപ്പുവരുത്താതെ ഇത്തരത്തിലുള്ള വികാസം സാധ്യമല്ല. ഇന്ത്യൻ ഭരണകൂടം പിന്തുടർന്നത് മുതലാളിത്ത വികസന തന്ത്രങ്ങളാണ്. ഹരിത വിപ്ലവ മുറകൾ അടക്കം അതിന്റെ സൃഷ്ടിയുമാണ്. ഇതിന്റെ പ്രതിസന്ധിയാണ് കാർഷിക കടത്തിലേക്കും ഉൽപന്ന വിലയുടെ പ്രശ്നങ്ങളിലേക്കും പാരിസ്ഥിതിക തകർച്ചയിലേക്കും നയിച്ചതും കേരളത്തിലെ കൃഷിക്കാരെ സ്വന്തം മണ്ണിൽ നിന്ന് ആട്ടിയോടിച്ചതും. ഇതേ മുതലാളിത്ത വിപണന തന്ത്രങ്ങളുടെ ആധിപത്യമാണ് കർഷകരെ റബർ കൃഷിയിലേക്കും തെങ്ങ് കൃഷിയിലേക്കും യന്ത്രവൽകൃത ഫിഷിങ് ബോട്ടുകളിലേക്കും അനിയന്ത്രിതമായ വനഭൂമി കയ്യേറ്റങ്ങളിലേക്കും നയിച്ചത്. മുതലാളിത്ത വികസനത്തിന്റെ ജീവനാഡിയായ മൂലധന നിക്ഷേപം ശോഷിച്ചതുകൊണ്ടാണ് കേരളത്തിൽ തൊഴിലാളിവർഗം കുറഞ്ഞതും അവർ തൊഴിൽ തേടി മറുനാടുകളിലേക്കു യാത്രയായതും. അവിടെ നിന്ന് തിരിച്ചു വന്നവരാണ് കേരളത്തിലെ സമ്പന്ന വർഗത്തിൽ ഭൂരിപക്ഷവും. അതേസമയം, ഒരു കാലഘട്ടത്തിലെ സ്ഥിരം തൊഴിലുകളും സർവീസ് മേഖലയുടെ വികാസവുംമൂലം വളർന്നുവന്ന ഒരു മധ്യവർഗവും കേരളത്തിലുണ്ട്. അവരുടെ ജീവിത ഗുണനിലവാരത്തിന്റെ വളർച്ചയെ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കൂടി വളർന്നുവന്ന ജനാധിപത്യ പോരാട്ടങ്ങളുമായി ബന്ധിപ്പിക്കേണ്ടതുമുണ്ട്.

സാമ്രാജ്യത്വവുമായി
സന്ധിചെയ്യുന്നതാര്?
ലേഖനത്തിന്റെ നല്ലൊരു ഭാഗവും ചെലവാക്കിയിരിക്കുന്നത് ഇന്നത്തെ എൽഡിഎഫ് സർക്കാർ ഏറ്റവുമധികം മുതലാളിത്തവും സാമ്രാജ്യത്വവുമായി സന്ധി ചെയ്യുന്ന സർക്കാരാണെന്ന് സ്ഥാപിക്കാനാണ്. യുഡിഎഫ് സർക്കാർ പോലും ഇവരെക്കാൾ എത്രയോ ഭേദമാണെന്ന സൂചനയുമുണ്ട്. എത്ര എളുപ്പത്തിലാണ് നമ്മുടെ ബുദ്ധിജീവികളുടെ കേവലമായ കക്ഷി രാഷ്ട്രീയം ചിന്തകന്മാരെപോലും സ്വാധീനിക്കുന്നത് എന്നതിന്റെ നല്ലൊരുദാഹരണമാണിത്. നമ്മുടെ ഭൂപരിഷ്കാരങ്ങളുടെ മുന മുഴുവൻ ഇല്ലാതാക്കിയത് അന്നത്തെ കോൺഗ്രസ് നയിച്ച കേന്ദ്ര ഭരണകൂടത്തിന്റെ ഇടപെടലാണ്. കുടികിടപ്പുകാർക്ക് പ്രാദേശിക ഭരണസമിതികളുടെ സാക്ഷ്യപത്രമുണ്ടെങ്കിൽ ഭൂമി നൽകാമെന്ന ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥ ഇല്ലാതാക്കിയത് കുടിയാന്മാർ കൈവശാവകാശ രേഖ തന്നെ കാണിക്കണമെന്ന കേന്ദ്രസർക്കാരിന്റെ നിബന്ധനയാണ്. തരിശു ഭൂമി മുഴുവൻ ഏറ്റെടുത്തു വിതരണം ചെയ്യാനുള്ള നിബന്ധന ഇല്ലാതായത് ഏറ്റെടുത്ത തരിശുഭൂമി തോട്ടങ്ങളോട് ചേർക്കണമെന്ന കോൺഗ്രസ് സർക്കാരിന്റെ ശാസനയാണ്. ഇഷ്ടദാനം അനുവദിക്കുന്ന 6 സി വകുപ്പ് റദ്ദ് ചെയ്യാനുള്ള സർക്കാരിന്റെ നിർദ്ദേശം നിരാകരിച്ചതും കേന്ദ്ര കോൺഗ്രസ് സർക്കാരാണ്. ജെപി പ്രസ്ഥാനത്തിന്റെ സ്വാധീനത്തെ കുറയ്ക്കുന്നതിനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ഗോത്രവർഗ ഭൂമിയെ സംബന്ധിച്ച നിബന്ധനകളാണ് 1975 ൽ കേരള ഗവൺമെന്റ് നിയമമാക്കിയത്. ഇതിനെ തുടർന്നും കേന്ദ്ര ഭരണകൂട നയങ്ങളോടുള്ള സമ്പൂർണ വിധേയത്വത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് യുഡിഎഫിന്റെ നിലപാടുകൾ ഉണ്ടായത്. നവലിബറൽ കാലഘട്ടത്തിൽ ഈ വിധേയത്വം കൂടുതൽ വ്യക്തമായതുമാണ്. അതുകൊണ്ട് സാമ്പത്തിക ഉദാരവൽക്കരണ നയങ്ങളെ സംബന്ധിച്ച് മോദി സർക്കാർ സ്വീകരിക്കുന്ന എല്ലാ നയങ്ങളെയും ഏറ്റുപാടാൻ യുഡിഎഫ് നിർബന്ധിതമാകുന്നതും ഇതേ കാരണങ്ങൾ കൊണ്ടാണ്.

എൽഡിഎഫിന്റെ നിലപാടുകൾ അതുതന്നെയാണോ? ആദ്യഘട്ടത്തിലെ ഭൂപരിഷ്കാരത്തിലുള്ള ഊന്നലിനുശേഷം ജനാശ്വാസ നടപടികളിലേക്ക് ഇടതുപക്ഷം നീങ്ങിയെന്നതു വസ്തുതയാണ്. സാമൂഹ്യ സുരക്ഷാ നടപടികളിൽ നിന്ന് ഇന്ത്യൻ ഭരണകൂടം പിൻവാങ്ങിയ 1980 കളിലാണ് അത്തരം നിലപാട് സ്വീകരിച്ചത്. അവിടെ ക്ഷേമ രാഷ്ട്രം എന്ന ബൂർഷ്വാ മുദ്രാവാക്യത്തെ ക്ഷേമത്തിൽ നിന്ന് പിൻവാങ്ങുന്ന ഭരണകൂടങ്ങൾക്കെതിരായി ഉപയോഗിക്കുകയാണ് ചെയ്തത്. വീണ്ടും സാമ്പത്തിക ഉദാരവൽക്കരണത്തിന്റെ ഭാഗമായി സാമൂഹ്യ പിന്തുണാ സംവിധാനങ്ങളിൽനിന്നെല്ലാം ഭരണകൂടം പിൻവാങ്ങുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പോലും കേന്ദ്ര ഫെെനാൻസിങ് പദ്ധതികൾക്ക് അനുരൂപമായി മാറ്റുകയും ചെയ്തപ്പോഴാണ് കേരളം ജനകീയാസൂത്രണ പദ്ധതിയിലേക്കു നീങ്ങുകയും ബജറ്ററി വകയിരുത്തലിന്റെ ഒരു ഭാഗം പ്രാദേശിക പദ്ധതികൾ നടപ്പിലാക്കുന്നതിലേക്കു നീങ്ങുകയും ചെയ്തത്. കേന്ദ്ര ഭരണകൂടത്തിന്റെ കൃത്യമായ സാമ്രാജ്യത്വവിധേയത്വം ഉൾക്കൊള്ളാതെ ജനകീയാസൂത്രണത്തെ സാമ്രാജ്യത്വ തന്ത്രമായി വിശേഷിപ്പിച്ചുകൊണ്ടുള്ള പ്രചാരണം മറക്കാനാവില്ല. ആ പ്രചാരണത്തിന് വലതുപക്ഷ പിന്തുണ ലഭിച്ചതോടെ ശക്തമായ ജനാധിപത്യ പ്രക്രിയ വലിയൊരളവുവരെ കുഴിച്ചുമൂടപ്പെടുകയാണുണ്ടായത്. ആ ജനകീയാസൂത്രണ പ്രക്രിയയുടെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്ന വികസന പ്രക്രിയ. ഇതിനെതിരെ നടക്കുന്ന ശക്തമായ ആക്രമണത്തിന്റെ ഒരു ഭാഗമാണ് കേരളീയത്തിനെതിരായ ആക്രമണവും.

ഇപ്പോഴത്തെ വികസനപ്രക്രിയ എങ്ങോട്ടു നീങ്ങുമെന്ന് വിലയിരുത്തുകയല്ല ഇവിടെ ചെയ്യുന്നത്. ഇതിന്റെ ചില വശങ്ങൾ നാം മനസ്സിലാക്കേണ്ടതാണ്. 1970 കൾക്കുശേഷം വളർന്നുവന്ന സാമ്പത്തിക മാറ്റങ്ങൾ കേരളത്തിൽനിന്ന് നല്ലൊരു ശതമാനം ചെറുപ്പക്കാരെ പുറംനാടുകളിലെത്തിക്കുകയും അവരുടെ നിക്ഷേപങ്ങളുടെ അടിസ്ഥാനത്തിൽ സമ്പദ്ഘടന നിലനിൽക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഉൽപാദന വർദ്ധനയിലേക്കോ പുതിയ തൊഴിലുകളുടെ സൃഷ്ടിയിലേക്കോ അല്ല നയിച്ചത്. വ്യാപകമായ കമ്പോളവൽക്കരണത്തിലേക്കും നഗരവൽക്കരണത്തിലേക്കും ഒരു പുതിയ മധ്യവർഗത്തിന്റെ വളർച്ചയിലേക്കുമാണ് നയിച്ചത്. ഈ മധ്യവർഗത്തിന് മുതലാളിത്ത ഉത്പാദന പ്രക്രിയയെ ഊർജസ്വലമാക്കാനോ, മറിച്ച് ഒരു പുതിയ സമൂഹവ്യവസ്ഥ സൃഷ്ടിക്കാനോ ഉള്ള ശേഷിയുള്ളവരല്ല. സാമ്പത്തിക ഉദാരവൽക്കരണത്തിന്റെ ഘട്ടത്തിലാണ് അവരുടെ നിക്ഷേപങ്ങൾ വ്യാപിച്ചത് എന്നതുകൊണ്ടുതന്നെ, ആഗോള സാമ്രാജ്യത്വം സൃഷ്ടിക്കുന്ന തൊഴിൽ വിപണിയെ ഉപജീവിച്ച് ജീവിക്കാൻ താല്പര്യമുള്ളവരാണ്. അവരിൽ ഒരു ന്യൂനപക്ഷം മാത്രമാണ് ഏതെങ്കിലും വിധത്തിലുള്ള മുതലാളിത്ത ഉൽപാദന സംരംഭങ്ങളിലേക്കു നീങ്ങുന്നത്.അതായത് വിമർശകർ പറയുന്ന സാമ്രാജ്യത്വ അധിനിവേശം നമ്മുടെ ഇടയിൽ തന്നെയാണുള്ളത്. ഈ പ്രക്രിയ തുടരുകയാണെങ്കിൽ സാമ്രാജ്യത്വത്തിന്റെ പിന്നാമ്പുറ സംസ്കാരമായി മാറാൻ മലയാളിക്ക് പ്രയാസമുണ്ടാകില്ല. കേരളത്തിലെ ജാതിമത ശക്തികളോ യുഡിഎഫ് അടക്കമുള്ള വലതുപക്ഷമോ ഈ പ്രവണതയ്ക്കെതിരായി ഒന്നും ചെയ്യാൻ തയ്യാറുമല്ല.

കേന്ദ്ര ഗവൺമെന്റിന്റെ നീക്കം
ഇതിനോടൊപ്പമാണ് കേന്ദ്ര ഗവൺമെന്റിന്റെ നീക്കങ്ങൾ. വല്ലാർപാടം ടെർമിനലും വിഴിഞ്ഞം തുറമുഖവും കേരളം ഉൾപ്പെടുന്ന ഇന്ത്യയുടെ കടൽതീരത്ത് ഉയർന്നുവരുന്ന പദ്ധതികളാണ്. അതിന്റെ ലക്ഷ്യം അന്താരാഷ്ട്ര വാണിജ്യത്തിൽ ഇന്ത്യയുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയുമാണ്. ഹൈവേകളും വ്യോമഗതാഗതവുമെല്ലാം അതുപോലെ തന്നെ. ഇന്ത്യയുടെ ഭാഗമെന്ന നിലയിൽ ഇവയ്ക്കാവശ്യമായ പശ്ചാത്തല സൗകര്യം നൽകാൻ കേരളം ബാധ്യസ്ഥവുമാണ്. ചെല്ലാനവും മുതലപ്പൊഴിയുമടക്കം തീരപ്രദേശത്തു നടക്കുന്ന മാറ്റങ്ങളുടെ ഒരുവശം കാലാവസ്ഥാ വ്യതിയാനവും അതു സൃഷ്ടിക്കുന്ന കടൽക്ഷോഭങ്ങളുമാണ്. മറുവശത്ത് വികസന പദ്ധതികളുമാണ്. മുതലാളിത്ത സമ്പദ്ഘടനയ്ക്കുള്ളില്‍ പ്രവർത്തിക്കുന്ന ഇടതുപക്ഷം എന്തു ചെയ്യണം? പശ്ചാത്തല സൗകര്യങ്ങളുടെ വികാസം മുതലാളിത്ത വികസനത്തിനു മാത്രമല്ല, സോഷ്യലിസ്റ്റ് വികസനത്തിനും അനിവാര്യമാണ്. ഇത്തരം പദ്ധതികളെക്കുറിച്ചുള്ള തീരുമാനങ്ങളിൽ സാധ്യമായിടത്തോളം ജനങ്ങളെ പങ്കെടുപ്പിക്കണം. പരമാവധി ജനങ്ങൾക്കുള്ള ആഘാതങ്ങൾ കുറയ്ക്കുക, അതിജീവനത്തിനുള്ള ബദൽ മാർഗങ്ങൾ തേടുകയും അത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, പുതിയ മാറ്റങ്ങളുടെ സാമ്പത്തികശാസ്ത്രം എന്തെന്നു ജനങ്ങളെ പഠിപ്പിക്കുകയും അതിനെ നേരിടാനുള്ള രീതികൾ മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുക എന്നിവയാണ് ലക്ഷ്യമാക്കേണ്ടത്. ഇന്നത്തെ സാഹചര്യങ്ങളിൽ, കേന്ദ്ര ഗവൺമെന്റിന്റെ പദ്ധതി വേണ്ടെന്നു വയ്ക്കാനുള്ള അവകാശം ഒരു സംസ്ഥാന ഗവൺമെന്റിനില്ല. ഇതുപോലെ പശ്ചാത്തല സൗകര്യങ്ങളുടെ വികാസത്തിന് പുതിയ മാർഗങ്ങളും തേടേണ്ടി വരും. കെ – റെയിലിനെതിരായ പ്രക്ഷോഭം നടന്നപ്പോൾ ഉയർത്തിയ വാദങ്ങളെല്ലാം വന്ദേ ഭാരതിന്റെ പശ്ചാത്തലത്തിൽ വേറൊരു വിധത്തിൽ സജീവമാകുകയാണ്. ഇവ തന്നെ മറ്റു ഗതാഗത മാർഗങ്ങളുടെ പേരിലും വരാം. പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കേണ്ടന്ന് കമ്യൂണിസ്റ്റ് പാർട്ടി ഇതുവരെ പറഞ്ഞിട്ടില്ല. അതിനാവശ്യമായ ധനസമാഹരണം പാടില്ലെന്നു പറഞ്ഞിട്ടില്ല. ആവശ്യമായ സ്ഥലങ്ങളിൽ നിലവിലുള്ള സാഹചര്യങ്ങളിൽ, സ്വകാര്യ മൂലധനം പാടില്ലെന്ന നിലപാടും സ്വീകരിച്ചിട്ടില്ല. അവ ആസൂത്രിതവും ജനാഭിലാഷമനുസരിച്ചുള്ളവയുമാകണമെന്നതിലും സംശയമില്ല. അങ്ങനെ വരുമ്പോൾ ഇവയെക്കുറിച്ചുള്ള നവലിബറൽ പരിപ്രേക്ഷ്യങ്ങളും ബദൽ നിർദ്ദേശങ്ങളും തമ്മിൽ വേർതിരിക്കണ്ടേ? ലാഭാധിഷ്ഠിതമായ സമ്പദ്ഘടനയെക്കുറിച്ചുള്ള സങ്കല്പങ്ങളും ശാസ്ത്രസാങ്കേതികവിദ്യകളുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി ജനപക്ഷ ബദലുകൾ സൃഷ്ടിക്കാനുള്ള അന്വേഷണങ്ങളും തമ്മിലുള്ള വേർതിരിവ് കണക്കിലെടുക്കണ്ടേ?

ഇവയോടൊപ്പം ജനങ്ങളുടെ അതിജീവന രൂപങ്ങളുടെ സംരക്ഷണത്തിനും വികാസത്തിനും പരമാവധി സൗകര്യങ്ങളൊരുക്കണമെന്നതിൽ സംശയമില്ല. ജനശക്തിയാണ് കമ്യൂണിസ്റ്റുകാരുടെ ശക്തി. ഏതു വികസന പ്രവർത്തനവും ജനാഭിലാഷമനുസരിച്ചും ജനങ്ങളുടെ സമ്മതത്തോടുകൂടിയുമാകണം. ഇതിന്റെ അർത്ഥം അടിസ്ഥാന ജനാധിപത്യത്തിന്റെ വികാസമാണ്. ഓരോ മേഖലയിലും നടക്കുന്ന പ്രവർത്തനങ്ങളിൽ വസ്തുനിഷ്ഠമായി ഇടപെടാനുള്ള ജനങ്ങളുടെ കഴിവിന്റെ വളർച്ചയാണ്. ഇത് ആദിവാസികളും തീരദേശവാസികളുമടക്കം എല്ലാ മേഖലകളിലും ഇനിയും ശക്തിപ്പെടേണ്ടതുണ്ട്. പുനർഗേഹം അടക്കമുള്ള പദ്ധതികളെക്കുറിച്ച് ഉയർന്നുവരുന്ന വിമർശനങ്ങൾ പരിശോധിച്ച് തീർപ്പാക്കേണ്ടതുണ്ട്. പലപ്പോഴും നിലവിലുള്ള ഭരണസംവിധാനങ്ങളുടെ നിഷ്-ക്രിയത്വവും മെല്ലെപ്പോക്കും ജനപക്ഷത്തുനിന്നുള്ള പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഭരണവർഗനയങ്ങളും ഇടതുപക്ഷനയങ്ങളും ഒന്നാണെന്നും കേവല വിധേയത്വത്തെ സൂചിപ്പിക്കുന്നുവെന്നും വാദിക്കുന്നത് എത്രമാത്രം ശരിയാണ്?

അവസാനമായി, ഇത്തരം വിമർശനങ്ങൾക്ക് ഒരു നിലപാടുതറയുടെ കൂടി പ്രശ്നമുണ്ട്. കേന്ദ്ര ഭരണകൂടം ദല്ലാൾ ബൂർഷ്വാ ഭരണകൂടമാണെന്നും അതിനെതിരായ പോരാട്ടമാണ് സാമൂഹ്യ വിപ്ലവ രൂപമെന്നും പാർലമെന്ററി പ്രക്രിയയിൽ പങ്കെടുക്കുന്നവർ അടിസ്ഥാനപരമായി സാമ്രാജ്യത്വത്തിന്റെ കുഴലൂത്തുകാരാണെന്നുമുള്ള അടിസ്ഥാന വീക്ഷണമാണ് ഇപ്പോഴും നിലനിൽക്കുന്നത്. ഇത് എത്രമാത്രം ശരിയാണ്? ദല്ലാൾ ബൂർഷ്വാസി എന്ന പദപ്രയോഗം പോലും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. സാമ്രാജ്യത്വത്തിന്റെയും മുതലാളിത്ത ഉൽപാദന ബന്ധങ്ങളുടെയും ആധിപത്യം അംഗീകരിക്കുന്നു. ഉൽപാദന വലക്കെട്ടുകൾ അല്ലെങ്കിൽ മൂല്യ ശൃംഖലകൾ എന്ന നിലകളിൽ കോർത്തിണക്കപ്പെട്ട മൂലധന സമാഹരണ രൂപങ്ങൾ ചർച്ച ചെയ്യപ്പെടുന്നു. സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ ഉൽപാദന സംരംഭങ്ങളും തൊഴിൽശക്തിയും അതേപടി ഇന്ത്യയും തെക്കു കിഴക്കേ ഏഷ്യയും പോലുള്ള രാഷ്ട്രങ്ങളിൽ സന്നിവേശിക്കപ്പെടുന്നു. ഇതിന്റെ ഒരു കണ്ണിയാകാൻ ഏറ്റവുമധികം സാധ്യതയുള്ള ഒരു പ്രദേശമാണ് കേരളം. അവിടെയാണ് തദ്ദേശീയമായ ഉൽപാദന ശക്തികളുടെ വികാസത്തിന്റെ അടിസ്ഥാനത്തിൽ അതിജീവന രൂപങ്ങളും അതിനാവശ്യമായ നിർവഹണ സംവിധാനങ്ങളും വളർത്തിയെടുക്കാൻ സർക്കാർ ശ്രമിക്കുന്നത്. ഇതുതന്നെയാണ് സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾ നടത്തുന്ന ലാറ്റിൻ അമേരിക്കൻ രാഷ്ട്രങ്ങളിലും ചൈനയിലും വിയറ്റ്നാമിലുമെല്ലാം ശ്രമിക്കുന്നത്. അവയൊന്നും കേവലമായ ദേശീയ മോചന പോരാട്ടങ്ങളുടെ രീതിയല്ല അവലംബിക്കുന്നത്. ഇത്തരം പ്രതിരോധ രൂപങ്ങളെയെല്ലാം തള്ളിക്കളയുക എളുപ്പമാണ്. അതിനോടൊപ്പം സ്വയം ഉന്മൂലനം നടത്തുന്നതിനുള്ള പാത ഭദ്രമാക്കി വെയ്ക്കുകയും. അതാണോ നാം സാമൂഹ്യ വിപ്ലവം കൊണ്ടുദ്ദേശിക്കുന്നത്? ഇതിനെയല്ലേ ലെനിൻ ലിക്വിഡേഷണിസം എന്നു വിളിച്ചത്? 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen − thirteen =

Most Popular