Sunday, July 14, 2024

ad

Homeകവര്‍സ്റ്റോറിദാരിദ്ര്യമുക്തമാകുന്ന കേരളം

ദാരിദ്ര്യമുക്തമാകുന്ന കേരളം

സി പി നാരായണൻ

കേരളത്തിലെ യുഡിഎഫും അതിന്റെ രക്ഷാധികാരികളായ ഇവിടത്തെ വൻ മാധ്യമങ്ങളും കേന്ദ്ര ബിജെപി സർക്കാരും എത്ര ഒതുക്കാനും മറയ്ക്കാനും ശ്രമിച്ചാലും, വിജയിക്കാത്ത ഒരു വസ്തുത ഇടതുനേതൃത്വത്തിലുള്ള ഇപ്പോഴത്തെയും മുൻകാലങ്ങളിലെയും കേന്ദ്ര സർക്കാരുകൾക്കുണ്ട്. ജനങ്ങൾക്ക് അവയോടുള്ള ആഭിമുഖ്യവും അവർ അവയ്ക്കു നൽകുന്ന പിന്തുണയും സംരക്ഷണവുമാണത്. അതിനു കാരണം കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ ആരംഭകാലം മുതൽ അടിസ്ഥാനമാക്കിയതും ഉയർത്തിക്കൊണ്ടുവന്നതുമായ തൊഴിലാളി–കർഷകാദി അധ്വാനിക്കുന്ന ജനങ്ങളോടുള്ള ആഭിമുഖ്യമാണ്. ആ പ്രസ്ഥാനമാണ് കേരളത്തിലെ തൊഴിലാളികളെയും ദരിദ്ര-–ഇടത്തരം കൃഷിക്കാരെയും പിന്നാക്ക ജനവിഭാഗങ്ങളെയും മറ്റു ദുർബല ജനവിഭാഗങ്ങളെയും അവരുടെ തൊഴിലിന്റെയും തൊഴിലില്ലായ്മയുടെയും വേലയുടെയും കൂലിയുടെയും സാമൂഹ്യ പിന്നാക്കാവസ്ഥയുടെയും അവർ നേരിട്ടുവന്ന അടിച്ചമർത്തലിന്റെയും അടിസ്ഥാനത്തിൽ സംഘടിപ്പിച്ചതും സമരോന്മുഖരാക്കിയതും.

അതിന്റെയെല്ലാം ഫലമായാണ് കേരള നിയമസഭ തൊഴിൽ നിയമങ്ങളും കർഷകബന്ധ നിയമവും വിദ്യാഭ്യാസ നിയമവും ആരോഗ്യ നിയമവും ഒക്കെ ആവിഷ്കരിച്ചു പാസാക്കി നടപ്പാക്കിയത്. ഇത്തരം നിയമാവലികളും അവയെ അടിസ്ഥാനമാക്കിയ ചട്ടങ്ങളും ഫലപ്രദമായി നടപ്പാക്കിയതോടെയാണ് കൊളോണിയൽ–ഫ്യൂഡൽ കാലഘട്ടം മുതൽ ഇവിടെ കെട്ടിക്കിടന്നു അറുവഷളായ ജനജീവിതം പിന്നാക്കവിഭാഗങ്ങളും സ്ത്രീകളും ഉൾപ്പെടെയുള്ള ജനവിഭാഗങ്ങൾക്ക് സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും സമത്വത്തിന്റെയും സമതലങ്ങളിലൂടെ ഒഴുകാൻ തുടങ്ങിയത്. അതിന്റെ ഫലമായാണ് മുമ്പ് ബി ടി രണദിവെ 1957ലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ നേട്ടം എന്തെന്നു അന്യസംസ്ഥാനക്കാർക്ക് ഒറ്റവാചകത്തിൽ ഇങ്ങനെ വിശദീകരിച്ചത്: ‘‘അരയിൽ കെട്ടിയിരുന്ന രണ്ടാം മുണ്ട് തലയിൽ കെട്ടി നടക്കാൻ അധഃസ്ഥിതരെ പ്രാപ്തരാക്കി’ എന്ന്. സംസ്ഥാനത്ത് ഇടതുപക്ഷ നേതൃത്വത്തിലുള്ള സർക്കാരുകളുടെ മുൻകയ്യിൽ നടപ്പാക്കപ്പെട്ട സാമൂഹ്യവും സാമ്പത്തികവും ഭരണപരവുമായ പരിഷ്കാരങ്ങളുടെ അന്തസ്സത്ത അവ ഒരു നവകേരള സൃഷ്ടിക്കു കളമൊരുക്കി എന്ന കാര്യമാണ് ബിടിആർ പ്രതീകാത്മകമായി ജനങ്ങളോട് വിശദീകരിച്ചത്.

അന്യസംസ്ഥാനങ്ങളിലും അവിടങ്ങളിലെ സർക്കാരുകൾ നിയമപരിഷ്കാരങ്ങൾ നടപ്പാക്കിയിരുന്നു. എന്നാൽ, അവയെ നിയന്ത്രിച്ചിരുന്നത് സാരാംശത്തിൽ ജന്മി–മുതലാളിവർഗ നേതൃത്വങ്ങളായിരുന്നു. അതുകൊണ്ടാണ് അവിടങ്ങളിൽ ഏർപ്പെടുത്തപ്പെട്ട ഭൂപരിഷ്കരണ നിയമങ്ങളും തൊഴിൽ നിയമങ്ങളും അധ്വാനിക്കുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏട്ടിലെ പശുക്കളായി തീർന്നത്. നിയമപരിധിയിൽ കവിഞ്ഞ ഭൂമി പശുവിന്റെയും പട്ടിയുടെയും മറ്റുംവരെ പേരിൽ എഴുതി ഭൂപ്രഭുക്കൾ തന്നെ കെെവശം വച്ചതുകൊണ്ടാണ് തൊഴിൽ നിയമങ്ങൾ ഏട്ടിലെ പശുക്കളായി തീർന്നത്. ഇത്തരത്തിൽ അന്യസംസ്ഥാനങ്ങളിൽ സ്വാതന്ത്ര്യാനന്തരം ഭരണവർഗങ്ങൾക്ക് ഊനം തട്ടാത്ത നിലയിൽ ഭൂമി, തൊഴിൽ ആദിയായവ സംബന്ധിച്ച നിയമങ്ങൾ പരിഷ്കരിക്കപ്പെട്ടപ്പോൾ, കേരളത്തിൽ അധ്വാനിക്കുന്ന വർഗത്തിന് അടിസ്ഥാനപരമായ പുരോഗതി ഉറപ്പുവരുത്തിക്കൊണ്ടായിരുന്നു നിയമ–ചട്ട പരിഷ്-കാരങ്ങൾ. സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ടു കഴിയുമ്പോൾ കേരളത്തിന്റെ പുരോഗതി മറ്റു സംസ്ഥാനങ്ങളെ ഏറെ പിൻതള്ളിയതായി പലർക്കും അനുഭവപ്പെടുന്നത് ഭരണപരിഷ്-കാരങ്ങൾ നടപ്പാക്കുന്നതിലെ ഈ വർഗപരമായ കാഴ്-ചപ്പാടിന്റെ ഫലമായാണ്.

സ്വാതന്ത്ര്യം നേടി ഒരു പതിറ്റാണ്ടുകഴിഞ്ഞാണ് ആദ്യമായി ഇടതുപക്ഷ നേതൃത്വത്തിലുള്ള ഒരു സംസ്ഥാന സർക്കാർ ഇന്ത്യയിൽ നിലവിൽവരുന്നത്. മറ്റൊരു സർക്കാരും നടപ്പാക്കാത്ത പരിഷ്-കാരങ്ങളാണ് അത് കൊണ്ടുവന്നത്. പൊലീസ് നയത്തിലുള്ള മാറ്റം ജനസാമാന്യത്തെ ഏറെ ആകർഷിച്ച ഒന്നായിരുന്നു. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും മേൽ ജന്മിമാർക്കും മുതലാളികൾക്കും വേണ്ടി കുതിരകയറുന്നതായിരുന്നു കോളനി വാഴ്ചക്കാലത്തും സ്വാതന്ത്ര്യം ലഭിച്ചശേഷവും പൊലീസിന്റെ നയം. 1957ലെ ഇ എം എസ് സർക്കാർ അത് പൊളിച്ചെഴുതി. ക്രമസമാധാനം പാലിക്കുന്നതിൽ ഊന്നിയാകണം പൊലീസ് പ്രവർത്തിക്കേണ്ടത് എന്ന് ഇ എം എസ് മന്ത്രിസഭ തീരുമാനിച്ചു. ഫാക്ടറികളിലോ മറ്റു പണിയിടങ്ങളിലോ തർക്കം ഉണ്ടായാൽ, അത് പരിഹരിക്കുന്നതിന് അക്കാര്യത്തിൽ പ്രത്യേക പരിശീലനമുളളവരെ വച്ച് സർക്കാർ തൊഴിൽ വകുപ്പ് അതാദ്യമായി രൂപീകരിച്ചു. മുതലാളി–തൊഴിലാളി തർക്കങ്ങൾ പരിഹരിക്കുന്നത് ആ വകുപ്പിന്റെ ചുമതലയായി. തൊഴിലിടങ്ങളിൽ ക്രമസമാധാനത്തകർച്ച ഉണ്ടായാൽ മാത്രമാണ് പൊലീസ് ഇടപെടുക. അതും ആ പ്രശ്നം തീർക്കാൻ മാത്രം.

1957ലെ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ച മറ്റൊരു മേഖല വ്യവസായവൽക്കരണമായിരുന്നു. കേരളം രൂപീകരിക്കപ്പെട്ട കാലത്ത് വ്യവസായശാലകൾ ഇവിടെ തീരെ കുറവായിരുന്നു. രാജ്യത്തിന്റെയും സമൂഹത്തിന്റെയും വളർച്ചക്ക് നിരവധി നിർമാണശാലകൾ ഉയർന്നുവരണം, വിശേഷിച്ച് വ്യവസായശാലകൾ. അതിനു നിക്ഷേപം നടത്താനുള്ള ത്രാണി അന്നത്തെ സർക്കാരുകൾക്ക് ഉണ്ടായിരുന്നില്ല. പണമുള്ളവരും വ്യാവസായികോൽപ്പാദനം നടത്തുന്നതിൽ തൽപ്പരരുമായവരെ പുതിയ വ്യവസായശാലകൾ ആരംഭിക്കാൻ സർക്കാർ ക്ഷണിച്ചു. അതോടൊപ്പം ജനങ്ങളെ സംബന്ധിച്ചിടത്തോളം തൊഴിൽ സംബന്ധമായും മറ്റും നിർണായക പ്രാധാന്യമുള്ള രംഗങ്ങളിൽ സർക്കാർ തന്നെ വ്യവസായം ആരംഭിക്കണം. സംസ്ഥാനത്തെ വ്യവസായവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു മാവൂരിൽ റയോൺസ് ഫാക്ടറി സ്ഥാപിക്കുന്നതിനു സർക്കാർ ബിർളയെ ക്ഷണിച്ചുവരുത്തിയത്. മലബാറിന്റെ അക്കാലത്തെ വികസനത്തിൽ മാവൂർ റയോൺസ് ഫാക്ടറി നിർണായക പങ്കുവഹിച്ചു. അതിനകം തന്നെ കേന്ദ്ര സർക്കാർ കളമശ്ശേരിയിൽ എഫ്എസിടി ആരംഭിക്കുന്നതിനു നടപടികൾ കെെക്കൊണ്ടിരുന്നു. നേരത്തെ തിരുവിതാംകൂറിൽ സർക്കാർ ആഭിമുഖ്യത്തിൽ ആരംഭിച്ചിരുന്ന ഫാക്ടറികളുടെ പ്രവർത്തനം സുഗമമാക്കാനും കമ്യൂണിസ്റ്റ് സർക്കാർ പ്രത്യേകം ശ്രദ്ധിച്ചു. കൃഷിയും വ്യവസായവും പരസ്പരം പോഷിപ്പിക്കണം എന്ന കാഴ്ചപ്പാടും ആ സർക്കാരിനുണ്ടായിരുന്നു.

സംസ്ഥാനത്ത് വ്യവസായങ്ങളുടെ ഒരു നിരതന്നെ വളർന്നുവരണമെങ്കിൽ ജനങ്ങൾക്ക് അതിന്റെ പ്രാധാന്യം മനസ്സിലാകണം. ആരുടെയെങ്കിലും കയ്യിൽ മിച്ചം പണം ഉണ്ടായതുകൊണ്ടുമാത്രം അത് മൂലധനമാകില്ല. പണക്കാരനു പലിശയ്ക്ക് കടം കൊടുക്കുന്നതിൽ നിന്നും പുതിയ വസ്തുവകകൾ വാങ്ങുന്നതിൽനിന്നും വ്യത്യസ്തമായി വ്യവസായ നിക്ഷേപം നടത്തി ലാഭം ഉണ്ടാക്കണം എന്ന ബോധം വേണം. പലിശകയ്ക്ക് പണം കടം കൊടുത്ത് വരുമാനം ഉണ്ടാക്കുന്നതിൽനിന്നു വ്യത്യസ്തമായ ഒരു പണമിടപാടാണ് അത്. സംസ്ഥാനത്തിനു പുറത്തുള്ള വ്യവസായികളെ കേരളത്തിൽ വ്യവസായശാല തുടങ്ങാൻ പ്രേരിപ്പിക്കുന്നതോടൊപ്പം അന്യസംസ്ഥാനങ്ങളിൽനിന്നുള്ള വ്യവസായികളെ ഇവിടേക്ക് ആകർഷിക്കാനും ആദ്യ ഇഎംഎസ് സർക്കാർ പ്രത്യേകം ശ്രദ്ധിച്ചു. അങ്ങനെയാണ് ഇവിടെ വ്യവസായമേഖല വളരുന്നത്.

റോഡ് ഗതാഗതം വികസിപ്പിക്കുന്നത് കാർഷികോൽപ്പന്നങ്ങളും വ്യവസായങ്ങൾക്കുവേണ്ട അസംസ്കൃത സാധനങ്ങളും നിർമിത വസ്തുക്കളും കൊണ്ടുവരാനും കൊണ്ടുപോകാനും കൂടിയേ കഴിയൂ. അക്കാലത്ത് ഉൾനാടൻപ്രദേശങ്ങളിലേക്ക് എത്താൻ, പ്രത്യേകിച്ച് അന്നത്തെ മലബാറിൽ, മെെലുകളോളം കുന്നും പാടവും കടന്നുപോകേണ്ടിയിരുന്നു. സ്കൂൾ വിദ്യാർഥികൾക്കും രോഗികളായ കുഞ്ഞുങ്ങൾക്കും വൃദ്ധർക്കും മറ്റ് അനാരോഗ്യവാന്മാർക്കും അതായിരുന്നു സ്ഥിതി. അത്തരക്കാരെ ആശുപത്രികളിൽ എത്തിക്കുക ഏറെ പ്രയാസകരമായിരുന്നു. 1957ലെ സർക്കാരിന്റെ കാലത്ത് നാട്ടിൻപുറങ്ങളിലെ ചെറുപ്പക്കാരുടെയും മറ്റും മുൻകയ്യിൽ നിരവധി വെട്ടുവഴികളോ ചെത്തുവഴികളോ നിർമിക്കപ്പെട്ടിരുന്നു. സമൂഹത്തിന്റെ സമഗ്രവികസനത്തിനു ഒരു പ്രധാന ഉപാധിയായ ഗതാഗതത്തിന് ഒഴിച്ചകൂടാനാവാത്തതാണ് റോഡുകൾ. കഴിഞ്ഞ നൂറ്റാണ്ടിൽ സർക്കാരിന്റ വിശദമായ യാത്രാവികസന പദ്ധതികളുടെ പ്രധാന സഹായിയായിരുന്നു ഇത്തരത്തിലുള്ള ജനകീയ മുൻകെെ. ഇത്തരം ഗ്രാമീണറോഡുകളിൽ ഏറെയെണ്ണത്തെ 1996 മുതൽക്ക് ആരംഭിച്ച ജനകീയാസൂത്രണകാലത്ത് തദ്ദേശ സർക്കാരുകൾ അവയുടെ മുൻകെെയിൽ ടാറിട്ട റോഡുകളാക്കി മാറ്റി. മറ്റു സംസ്ഥാനക്കാർ പലരും കേരളത്തിലെ ഗ്രാമീണ ഗതാഗത സൗകര്യം ഇപ്പോഴും ഒരു മഹാത്ഭുതമായാണ് കാണുന്നത്. കേരളത്തിലെ വിദ്യാഭ്യാസം, ആരോഗ്യരക്ഷ, കൃഷി, വ്യവസായം, ജനങ്ങൾ തൊഴിലിനായി നിത്യേന അന്യസ്ഥലങ്ങളിലേക്ക് പോയി വരുന്നത് മുതലായവയ്ക്കെല്ലാം സന്നദ്ധ സേവനത്തിലൂടെ ആരംഭം കുറിക്കപ്പെട്ട ഇത്തരം ഗ്രാമീണറോഡുകളുടെ സംഭാവന ചെറുതല്ല.

കഴിഞ്ഞ നൂറ്റാണ്ടുമുതൽ മലയാളികൾ പൊതുവിൽ സഞ്ചാരികളായിരുന്നു. കോളനി ആധിപത്യത്തിനും നാട്ടുരാജ്യഭരണത്തിനും കീഴിൽ നാട്ടിൽ തൊഴിലവസരങ്ങൾ കുറവായിരുന്നു. അക്കാലത്തുതന്നെ ഭക്ഷ്യകാര്യത്തിൽ കേരളം ഒട്ടും സ്വയം പര്യാപ്തമായിരുന്നില്ല. ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനു തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളിലേക്ക് അന്നത്തെ ബർമയിൽ നിന്നും മറ്റും അരി കപ്പലുകളിൽ ഇറക്കുമതി ചെയ്തിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ തൊഴിൽ തേടി ആസാമിലെ തേയിലത്തോട്ടങ്ങളിലേക്കും പേഴ്സ്യയിലെ എണ്ണ സംസ്കരണ കേന്ദ്രങ്ങളിലേക്കും പോകുന്നവരുടെ എണ്ണം വർധിച്ചുവന്നു. അവരിൽ അധികം പേരും കായികാധ്വാനം മാത്രം ചെയ്യാൻ കഴിവുള്ളവരുമായിരുന്നു. എന്നാൽ സ്വാതന്ത്ര്യം നേടി കാൽ നൂറ്റാണ്ടുകഴിഞ്ഞപ്പോൾ ഇവിടെ നിന്നാരംഭിച്ച തൊഴിലനേ-്വഷകരുടെ പുതിയ ഒഴുക്കിൽ പൊതുവിദ്യാഭ്യാസമെങ്കിലും നേടിയവരായിരുന്നു ഏറെപേരും. ഇവരിൽ മിക്കവരും വീട്ടിലേക്ക് അയച്ച പണം കേരളത്തിന്റെ പൊതു സാമ്പത്തിക സ്ഥിതിയിൽ വലിയ മാറ്റം ഉണ്ടാക്കി.

ഇവിടെയാണ് ഇടതുപക്ഷ നേതൃത്വത്തിലുള്ള സർക്കാർ ഇവിടെ പലപ്പോഴായി പ്രവർത്തിച്ചതിന്റെ ഗുണഫലം. മൊത്തം സംസ്ഥാന വരുമാനമോ ആളോഹരി വരുമാനമോ കേരളത്തേക്കാൾ കൂടുതലുള്ള സംസ്ഥാനങ്ങൾ പലതുണ്ട് ഇന്ത്യയിൽ. എന്നാൽ, ദരിദ്രരോടും സാധാരണക്കാരോടും പ്രത്യേക താൽപ്പര്യമെടുക്കുന്ന ഇടതുപക്ഷ നേതൃത്വത്തിലുള്ള സർക്കാരുകൾ പ്രവർത്തിച്ചതിന്റെ ഫലമായാണ് ഇവിടെ ദാരിദ്ര്യം ഇത്രയും കുറഞ്ഞത്; വിദ്യാഭ്യാസവും ആരോഗ്യസ്ഥിതിയും പൊതുവിൽ ഇത്രയേറെ മെച്ചപ്പെട്ടത്; അശരണരെയും അനാരോഗ്യമുള്ളവരെയും അഗതികളെയും കെെപിടിച്ചുയർത്താൻ ഇടതുപക്ഷ സർക്കാരുകൾ കാണിച്ച പ്രതിബദ്ധതയാണ് കേരളത്തെ ഇന്നത്തെ കേരളമാക്കിയത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × 5 =

Most Popular