കുടുംബശ്രീക്ക് ഇന്ന് രാജ്യത്ത് തന്നെ ഒരു മുഖവുരയുടെയും ആവശ്യമില്ല.സംസ്ഥാന സര്‍ക്കാരിന്റെ വികസന പങ്കാളിയായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ രൂപീകരണത്തിലും ഇരുപത്തിയഞ്ച് വര്‍ഷത്തെ വളര്‍ച്ചയിലും ഏറ്റവും നിര്‍ണ്ണായകമായത് എൽഡിഎഫ് സര്‍ക്കാരുകളുടെ ഇച്ഛാശക്തിയും ലിംഗനീതി സംബന്ധിച്ച വ്യക്തമായ നിലപാടുകളുമാണ്. കാല്‍നൂറ്റാണ്ടിനു മുന്‍പ് ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ സംസ്ഥാന തല വേദികള്‍ മുതല്‍ ഗ്രാമസഭകളില്‍ വരെ നടന്ന കേരളത്തിലെ സ്ത്രീ പദവി സംബന്ധിച്ച ചര്‍ച്ചകളില്‍ വ്യാപകമായി ഉയര്‍ത്തപ്പെട്ട ചോദ്യം ഇതായിരുന്നു; ഉയര്‍ന്ന വിദ്യാഭ്യാസവും മെച്ചപ്പെട്ട ജീവിത ഗുണനിലവാരവും നവോത്ഥാനപ്രക്രിയയുടെ പാരമ്പര്യവുമൊക്കെ ഉണ്ടായിട്ടും എന്തുകൊണ്ടാണ് കേരളത്തിലെ സ്ത്രീകള്‍ വികസന പ്രക്രിയയില്‍ അദൃശ്യരായിരിക്കുന്നത്? അനുകൂല ഘടകങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ് സംസ്ഥാനത്ത് ഇത്രയും കുറഞ്ഞ സ്ത്രീ തൊഴില്‍ പങ്കാളിത്തം ? കുടുംബം മുതല്‍ പൊതു ഇടങ്ങള്‍ വരെ എന്തുകൊണ്ടാണ് സ്ത്രീ വിരുദ്ധത ആധിപത്യം പുലര്‍ത്തുന്നത്? കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍ കേരളം സാക്ഷ്യം വഹിച്ച സ്ത്രീ മുന്നേറ്റത്തില്‍ ഈ ചോദ്യങ്ങള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. പൊതുസമൂഹത്തില്‍ അന്നുവരെ പരസ്യമായ ചര്‍ച്ചകള്‍ക്ക് അത്രയൊന്നും വിധേയമാകാതിരുന്ന സ്ത്രീ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മാത്രമല്ല, അവയെ അഭിസംബോധന ചെയ്യുന്നതിനുള്ള പ്രായോഗികവും തന്ത്രപരവുമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ കൂടി ജനകീയാസൂത്രണം മുന്നോട്ടു വെച്ചു. അധികാര വികേന്ദ്രീകരണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് സ്ത്രീകളുടെ വികസന പ്രൊജക്ടുകള്‍ക്കായി പത്ത് ശതമാനം ഫണ്ട് വകയിരുത്തുന്ന വനിതാ ഘടക പദ്ധതിയും സ്ത്രീകളുടെ സാമൂഹ്യവും സാമ്പത്തികവുമായ മുന്നേറ്റത്തിനായി കൂട്ടായ്മകള്‍ രൂപീകരിക്കുന്ന കുടുംബശ്രീയും വഴി ജനകീയാസൂത്രണപ്രസ്ഥാനം കേരളത്തിനു സമ്മാനിച്ചത് അഭൂതപൂര്‍വമായ സ്ത്രീ മുന്നേറ്റത്തിന്റെ അനുഭവങ്ങളാണ്.
അധികാര വികേന്ദ്രീകരണത്തിന്റെ സാധ്യതകളും അവസരങ്ങളും ഉപയോഗപ്പെടുത്തിത്തന്നെയാണ് കുടുംബശ്രീപ്രസ്ഥാനവും കേരളത്തില്‍ വിപുലമായത്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പിന്തുണയും സംരക്ഷണവും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ഓരോ പ്രദേശത്തും തുടക്കം മുതല്‍ ഉണ്ടായിട്ടുണ്ട്. കാരണം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വനിതാ ഘടക പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള പദ്ധതികള്‍ക്കാണ് കഴിഞ്ഞ രണ്ടു ദശകങ്ങളായി മുന്‍ഗണന ലഭിച്ചിട്ടുള്ളത്. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും കുടുംബശ്രീ പ്രവര്‍ത്തനം മാതൃകയായി മാറുന്നത് ഘടനയിലും ഉള്ളടക്കത്തിലും പ്രവര്‍ത്തന രീതികളിലും സ്വീകരിക്കപ്പെട്ട സവിശേഷതകള്‍ കൊണ്ടാണ്. തുടക്കത്തില്‍ അയല്‍ക്കൂട്ട യോഗങ്ങളില്‍ പങ്കെടുക്കാന്‍ വിമുഖത കാണിച്ചിരുന്ന സ്ത്രീകളും സ്ത്രീകള്‍ ഇങ്ങനെ യോഗങ്ങളില്‍ പങ്കെടുക്കുന്നത് സംശയത്തോടെ കണ്ടിരുന്ന കുടുംബങ്ങളും കേരളത്തിലുണ്ടായിരുന്നു. എന്നാല്‍ ക്രമേണ കുടുംബശ്രീ ഓരോ പ്രദേശത്തും തദ്ദേശ സ്വയം ഭരണ സംവിധാനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണ എജൻസിയെന്ന നിലയില്‍ വിപുലമാകുകയും കുടുംബശ്രീ അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങളുടെ ഗുണഫലം നേരിട്ട് അറിയാന്‍ തുടങ്ങുകയും ചെയ്തതോടെ കുടുംബശ്രീ അംഗത്വം എന്നത് അംഗീകാരത്തിന്റെ പുതിയ അടയാളമായി മാറുകയായിരുന്നു. കുടുംബശ്രീ രൂപം കൊണ്ട് 25 വർഷമാകുമ്പോള്‍ 47 ലക്ഷത്തോളം സ്ത്രീകള്‍ അണിനിരക്കുന്ന മൂന്നു ലക്ഷത്തിലധികം അയല്‍ക്കൂട്ടങ്ങളുള്ള മഹാപ്രസ്ഥാനമായി ഇത് വളര്‍ന്നിരുന്നു.
രണ്ടര ദശകം പൂര്‍ത്തിയാക്കിയ കുടുംബശ്രീ ഇന്ന് 3.17 ലക്ഷം അയല്‍ക്കൂട്ടങ്ങളിലായി 46.1 7 ലക്ഷം അംഗങ്ങളുള്ള വിപുലമായ പ്രസ്ഥാനമാണ്. ഇതില്‍ 25,992 വയോജന അയല്‍ക്കൂട്ടങ്ങളും ( 27,9111 അംഗങ്ങള്‍ ), 4,204 ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരുടെ അയല്‍ക്കൂട്ടങ്ങളും (45,325 അംഗങ്ങള്‍), 82 ട്രാന്‍സ്ജെൻഡര്‍ അയല്‍ക്കൂട്ടങ്ങളും (914 അംഗങ്ങളും) 31,612 ബാലസഭകളും ( 4,59,151 കുട്ടികള്‍) പ്രവര്‍ത്തിക്കുന്നു. സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 67,815 സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളും (1.96 ലക്ഷം അംഗങ്ങള്‍) കാര്‍ഷിക മേഖലയില്‍ 59,998 ജെഎല്‍ജികളും (2.5 ലക്ഷം, 28,465 ഹെക്ടര്‍ കൃഷി) മൃഗ സംരക്ഷണ മേഖലയില്‍ 51,947 ഗ്രൂപ്പുകളും നിര്‍മാണ മേഖലയില്‍ 61 ഗ്രൂപ്പുകളും (650 അംഗങ്ങള്‍) 8 പ്രൊഡ്യൂസര്‍ കമ്പനികളും (1500 അംഗങ്ങള്‍) പ്രവര്‍ത്തിക്കുന്നുണ്ട്.
സ്ത്രീ ശാക്തീകരണ മേഖലയിലും സാമൂഹ്യക്ഷേമ മേഖലയിലും വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന ഫലപ്രദമായ ഏജന്‍സിയായി കുടുംബശ്രീയെ മാറ്റുന്നതില്‍ വിപുലമായ പിന്തുണയും ഭാവനാപൂര്‍ണ്ണമായ ഇടപെടലുകളുമാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും ഭരണത്തുടര്‍ച്ചയിലും ഉണ്ടായിട്ടുള്ളത്. സംസ്ഥാന ബജറ്റുകളില്‍ ഇന്നേ വരെയില്ലാത്ത വര്‍ദ്ധനവാണ് കുടുംബശ്രീയുടെ പദ്ധതി വിഹിതത്തില്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ക്യാമ്പയിനുകളുടെ മുഖ്യ ഏജന്‍സിയായി കുടുംബശ്രീ മാറിയ അഭിമാനകരമായ അനുഭവമാണുള്ളത്. 2018 ലെ പ്രളയ കാലത്തും 2019 ലെ പ്രളയ സമാനമായ വെള്ളപ്പൊക്ക ദുരിതത്തിലും ജനങ്ങള്‍ക്ക് ആശ്വാസം എത്തിക്കാന്‍ കുടുംബശ്രീ സംവിധാനത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. സമൂഹത്തിന്റെയാകെ അഭിനന്ദനം നേടിയ ആ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ പ്രസ്ഥാനത്തിലെ സ്ത്രീകള്‍ക്ക് നല്‍കിയത് വലിയ ആത്മവിശ്വാസമാണ്. 2.99 ലക്ഷം അയല്‍ക്കൂട്ടങ്ങളിലായി 45 ലക്ഷം സ്ത്രീകള്‍, ഏറ്റവും താഴെത്തട്ടില്‍ ഇവരെ ഏകോപിപ്പിച്ചുകൊണ്ട് 19,489 എഡിഎസുകള്‍, 1൦64 സിഡിഎസുകള്‍. ഇവര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശവും പിന്തുണയും നല്‍കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ഇതിനെയെല്ലാം ഒറ്റച്ചരടിലെന്നവണ്ണം കോര്‍ക്കാന്‍ തദ്ദേശ സ്വയം ഭരണ വകുപ്പും കുടുംബശ്രീ സംസ്ഥാന മിഷനും. സംസ്ഥാനത്തെ സാധാരണ ജീവിതം നിശ്ചലമാക്കുന്ന നിലയിലേക്ക് കോവിഡ് 19 മഹാമാരി വ്യാപിച്ചപ്പോള്‍ ജനങ്ങളിലേക്ക് സര്‍ക്കാര്‍ നല്‍കുന്ന ആശ്വാസ പ്രവര്‍ത്തനങ്ങളെത്തിക്കാന്‍ കുടുംബശ്രീയെന്ന ബൃഹത്തായ സംവിധാനത്തെയാണ് പ്രധാനമായും സര്‍ക്കാര്‍ ആശ്രയിച്ചത് . കേരളത്തിലെ പകുതിയിലധികം കുടുംബങ്ങളിലെ സ്ത്രീകള്‍ പങ്കാളികളായിട്ടുള്ള കുടുംബശ്രീ പ്രസ്ഥാനത്തെ ലോക് ഡൗണ്‍ കാലത്ത് സ്ത്രീ സമൂഹത്തിനാകെ ആത്മവിശ്വാസവും ആശ്വാസവും അതിജീവനത്തിനായുള്ള ഊര്‍ജ്ജവും പകര്‍ന്നു നല്‍കുന്നതിനുള്ള ഉപാധിയാക്കി മാറ്റുക വഴി സാധാരണക്കാരായ സ്ത്രീകള്‍ ആര്‍ജ്ജിച്ചിട്ടുള്ള കഴിവുകളിലുള്ള എൽഡിഎഫ് സര്‍ക്കാരിന്റെ വിശ്വാസമാണ് പ്രകടമായത്.കോവിഡിന്റെ പ്രയാസങ്ങള്‍ക്കിടയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജനകീയ ഹോട്ടലുകള്‍ ഏറ്റവും ആശ്വാസകരമായിരുന്നു.ഇന്ന് സംസ്ഥാനത്താകെ 1198 ജനകീയ ഹോട്ടലുകള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളത്തിന്റെ രുചികളുടെ കുടുംബശ്രീ ബ്രാന്‍ഡ് ഇന്ന് കേരളമാകെ അഭിമാനത്തോടെ സ്വീകരിച്ചു കഴിഞ്ഞു. കേരളത്തെ ശുചിത്വ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ശുചിത്വ മാലിന്യ സംസ്കരണസംവിധാനത്തിന്റെ മുഖ്യ സേവനദാതാക്കളായി ഹരിത കേരളം മിഷന്‍ രൂപം നല്‍കിയ ഹരിത കര്‍മ്മ സേനയില്‍ 1,033 തദ്ദേശ ഭരണ സ്ഥാപനങ്ങളിലായി 33,456 പേരാണ് പ്രവര്‍ത്തിക്കുന്നത്. കേവലം മാലിന്യ ശേഖരണം നടത്തുന്നവരായിട്ടല്ല ഹരിത കര്‍മ്മസേനയെ വിഭാവനം ചെയ്തിട്ടുള്ളത്, നാടിന്റെ ശുചിത്വത്തിന്റെ സന്ദേശവാഹകരായിട്ടാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച കേരള ചിക്കന്‍ ഇന്ന് 200 കോടി രൂപ വിറ്റുവരവുള്ള സംരംഭമായി വളര്‍ന്നിരിക്കുന്നു. രാജ്യത്ത് 20 സംസ്ഥാനങ്ങളില്‍ കുടുംബശ്രീ സംവിധാനത്തെ കുറിച്ചു പഠിപ്പിക്കാനുള്ള ദൗത്യമാണ് കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ മിഷന്‍ ഏറ്റെടുത്തിട്ടുള്ളത്.
ലോകമാകെത്തന്നെ ദരിദ്രരുടെ തുരുത്തുകളായി രൂപം കൊണ്ട സ്വയം സഹായ സംഘങ്ങളില്‍ നിന്നും രാഷ്ട്രീയവും പ്രത്യയ ശാസ്ത്രപരവുമായ വ്യത്യസ്ത നിലപാട് കേരളത്തില്‍ കുടുംബശ്രീയുടെ ഭാഗമായുള്ള സ്ത്രീ കൂട്ടായ്മകളുടെ രൂപീകരണത്തിനു പിന്നിലുണ്ടെന്ന് തുടക്കത്തില്‍ തന്നെ ഇടതുപക്ഷ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടാണ് ആഗോളമായി തന്നെ ഉപയോഗിച്ചു വന്ന സ്വയംസഹായ സംഘം എന്ന വിളിപ്പേരിനു പകരം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ എന്ന സംജ്ഞ സ്വീകരിക്കപ്പെട്ടത്. ദാരിദ്ര്യത്തില്‍ നിന്നും കരകയറാനും സാമ്പത്തിക സ്വാശ്രയത്വം നേടാനും സ്വയം സഹായ സംഘങ്ങള്‍ ഉണ്ടാക്കി സൂക്ഷ്മ വായ്പയെ ആശ്രയിക്കുക മാത്രമാണ് പോംവഴിയെന്ന ലോക ബാങ്ക് കുറിപ്പടിയില്‍ നിന്നും തികച്ചും വ്യത്യസ്തമായി,ദരിദ്രരെ തുരുത്തുകളായി ഒറ്റപ്പെടുത്തുകയല്ല, പൊതുസമൂഹത്തിന്റെ ഭാഗമായി സ്വാശ്രയത്വവും ആത്മവിശ്വാസവും നേടാന്‍ അവസരമൊരുക്കുകയാണ് വേണ്ടതെന്നും കുടുംബശ്രീയിലൂടെ ഇടതുപക്ഷ സര്‍ക്കാര്‍ വ്യക്തമാക്കി. ബിപിഎല്‍ വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ക്ക് അവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ഉറപ്പു വരുത്തണം, എന്നാല്‍ അയല്‍ക്കൂട്ടങ്ങളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലും പൊതു സമൂഹത്തില്‍ ഇടപെടുന്നതിലും അയല്‍ക്കൂട്ട പ്രദേശത്തെ മുഴുവന്‍ സ്ത്രീകളെയും ഉള്‍ക്കൊള്ളുന്ന തരത്തില്‍ സാമൂഹ്യ– സാമ്പത്തിക ഭേദമില്ലാതെ സ്ത്രീകളുടെ കൂട്ടായ്മകള്‍ എന്നതാണ് എല്‍ ഡിഎഫ് സര്‍ക്കാര്‍ എടുത്ത സമീപനം. സ്ത്രീകളുടെ മുന്നേറ്റത്തെ സംബന്ധിച്ചിടത്തോളം ജാതി മത സാമ്പത്തിക വ്യത്യാസങ്ങള്‍ക്ക് അതീതമായ ജനാധിപത്യ വേദിയായി അയല്‍ക്കൂട്ടങ്ങള്‍ മാറുക എന്നത് പ്രധാനമാണ്. എന്നാല്‍ ഈ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ യുഡിഎഫ് സര്‍ക്കാരുകള്‍ തയാറായിട്ടില്ല എന്നതിനാല്‍ യുഡിഎഫ് അധികാരത്തില്‍, വന്നപ്പോഴെല്ലാം കുടുംബശ്രീയെ ബിപിഎല്‍,എപിഎല്‍ എന്ന് വിഭജിക്കാനും അതിന്റെ ജനാധിപത്യ സ്വഭാവം ഇല്ലാതാക്കിക്കൊണ്ട് ഉദ്യോഗസ്ഥ സംവിധാനം ഉപയോഗിച്ച് നിയന്ത്രിക്കാനും ഉള്ള ശ്രമങ്ങളാണ് നടത്തിയിട്ടുള്ളത്. കുടുംബശ്രീ അംഗങ്ങള്‍ക്കും അവരുടെ തിരഞ്ഞെടുക്കപ്പെട്ട സംഘടനാ സംവിധാനങ്ങളായ എഡിഎസ്, സിഡിഎസ് എന്നിവയ്ക്കും പൂര്‍ണ്ണമായ ജനാധിപത്യ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത് 2008 ല്‍ ഇടതു പക്ഷ സര്‍ക്കാരിന്റെ കാലത്താണ്. കുടുംബശ്രീയില്‍ ജനാധിപത്യപരമായ തിരഞ്ഞെടുപ്പുകള്‍ക്ക് അവസരമൊരുക്കിയത് ഈ ബൈലോ ഭേദഗതികളാണ്. തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാര്‍ കുടുംബശ്രീക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കോൺഗ്രസ് നേതൃത്വത്തിലുള്ള ജനശ്രീക്ക് നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്ന് രാഷ്ട്രീയ വ്യത്യാസമില്ലാതെ പതിനായിരക്കണക്കിനു കുടുംബശ്രീ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പത്തുദിവസം രാപകല്‍ സമരം നടത്തിക്കൊണ്ടാണ് തങ്ങളുടെ അവകാശം തിരിച്ചു പിടിച്ചത്. കുടുംബശ്രീയുടെ സംഘടിത ശക്തിയെക്കുറിച്ച് കേരള സമൂഹ മനസ്സില്‍ വ്യക്തമായ ധാരണ സൃഷ്ടിക്കാന്‍ പര്യാപ്തമായിരുന്നു ഈ സമരം. സര്‍ക്കാരിന്റെയോ പാര്‍ട്ടിയുടെയോ സ്വാധീനം ഉപയോഗിച്ച് സ്വന്തമായി സംഘങ്ങളുണ്ടാക്കലോ കുടുംബശ്രീ പിടിച്ചെടുക്കലോ ഒരുകാലത്തും സി പി ഐ എമ്മിന്റെ അജൻഡയായിരുന്നില്ല. മറിച്ച്,കുടുംബശ്രീയുടെ ജനാധിപത്യ അവകാശങ്ങളും ഭരണ സ്വാതന്ത്ര്യവും ഉറപ്പു വരുത്താനുള്ള ഇടപെടലുകളാണ് എന്നും ഇടതുപക്ഷ സര്‍ക്കാരുകള്‍ ചെയ്തിട്ടുള്ളത്. ഇന്ത്യയിലെ സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളെ ചൂഷണം ചെയ്തു കൊഴുക്കുന്ന മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ യു പി എ സര്‍ക്കാരോ ബി ജെപി സര്‍ക്കാരോ തയാറായിട്ടില്ല എന്ന് മാത്രമല്ല,ഏതു ബ്ലേഡ് പലിശക്കാരനും ബാങ്ക് ആരംഭിക്കാവുന്ന സാഹചര്യമാണ് രണ്ടു കൂട്ടരും ചേര്‍ന്ന് രാജ്യത്ത് സൃഷ്ടിച്ചിട്ടുള്ളത്. സ്ത്രീകളെ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും തള്ളി വിടുന്ന ഈ ചൂഷണത്തിന് ഇടത് ബദല്‍ എന്ന നിലയില്‍ തന്നെയാണ് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് കുറഞ്ഞ പലിശയ്ക്കു വായ്പയും മറ്റു സബ്സിഡികളും ഉറപ്പാക്കുന്ന നിലപാട് എൽഡിഎഫ് സര്‍ക്കാരുകള്‍ സ്വീകരിച്ചത്.
കുടുംബശ്രീയെ കേവലം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനം മാത്രമായി പരിമിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. കുടുംബശ്രീയിലെ അംഗങ്ങളായുള്ള സ്ത്രീകളുടെ രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് കുടുംബശ്രീയിലെ സ്ത്രീകളെ അരാഷ്ട്രീയവത്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ യു ഡി എഫ് ഭരണ കാലത്ത് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നടത്തിയിട്ടുണ്ട്. കുടുംബശ്രീയെ അരാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങളെ സി പി ഐ എം ജാഗ്രതയോടെയാണ് തുടക്കം മുതൽ കണ്ടിട്ടുള്ളത്. കുടുംബശ്രീ പ്രതിനിധീകരിക്കുന്നത് കേരളത്തിലെ പൊതു സ്ത്രീ സമൂഹത്തെയാണ്. അതിൽ വിവിധ രാഷ്ട്രീയ നിലപാടുള്ളവർ ഉണ്ട്, പ്രത്യേകിച്ചൊരു രാഷ്ട്രീയ നിലപാട് ഇല്ലാത്തവരും ഉണ്ട് ;അത് സ്വാഭാവികവുമാണ്. എന്നാല്‍ തങ്ങൾ ജീവിക്കുന്ന സമൂഹത്തെ കുറിച്ചും നേരിടുന്ന നാനാവിധ വിവേചനങ്ങളുടെ കാരണങ്ങളെ കുറിച്ചുമുള്ള ബോധ്യം കുടുംബശ്രീയിലൂടെ സ്ത്രീകളിൽ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. തങ്ങളുടെയും തങ്ങള്‍ ഉള്‍പ്പെടുന്ന സ്ത്രീ സമൂഹത്തിന്റെയും പ്രശ്നങ്ങള്‍ തിരിച്ചറിയുകയും വിവേചനങ്ങളോട് പ്രതികരിക്കുകയും ചുറ്റുപാടുമുള്ള സ്ത്രീ വിരുദ്ധത തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന സ്ത്രീകളെ സൃഷ്ടിക്കാന്‍ കഴിയുന്ന തരത്തില്‍ കുടുംബശ്രീ പ്രവര്‍ത്തനത്തെ മാറ്റിത്തീര്‍ക്കേണ്ടതുണ്ട് എന്ന കാഴ്ചപ്പാടാണ് എൽഡിഎഫ് സര്‍ക്കാരുകള്‍ സ്വീകരിച്ചത്.അല്ലെങ്കില്‍ മറ്റേതൊരു പരമ്പരാഗത ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനം പോലെയും താല്‍ക്കാലിക പ്രതിഭാസമായി ഇത് പരിണമിക്കും. കേവലം നിക്ഷേപ വായ്പ പ്രവർത്തനങ്ങൾ താൽക്കാലിക ആശ്വാസം സ്ത്രീകൾക്ക് നൽകുന്നുണ്ട്. തൊഴിൽ സംരംഭങ്ങൾ സാമ്പത്തിക സ്വാശ്രയത്വത്തിനുള്ള അടിത്തറ ഒരുക്കുമെന്നതിലും സംശയമില്ല.എന്നാൽ സാമ്പത്തിക പ്രവർത്തനം സമം സ്ത്രീ ശാക്തീകരണം എന്ന ലളിതമായ സമവാക്യം അബദ്ധമാണ്. കുടുംബശ്രീയിലൂടെയുള്ള ശാക്തീകരണമെന്നത് സ്ത്രീകളുടെ സാമൂഹ്യവും സാമ്പത്തികവും സാംസ്കാരികവുമായ ഉന്നമനം സാധ്യമാക്കുന്നതോടൊപ്പം സമൂഹത്തിലെ സ്ത്രീ– പുരുഷ പദവി ബന്ധത്തെ മെച്ചപ്പെടുത്തുക കൂടി ചെയ്യുന്ന പ്രക്രിയയാകണം എന്ന നിലപാടാണ് എൽഡിഎഫ് സർക്കാരുകൾ ആദ്യം മുതൽ സ്വീകരിച്ചിട്ടുള്ളത്.
സാമൂഹ്യ പരിഷ്കരണത്തിന്റെയും സാമൂഹ്യ നവോഥാനത്തിന്റെയും അവകാശപ്പോരാട്ടങ്ങളുടെയും തീച്ചൂളയിലൂടെ രൂപം കൊണ്ട കേരളത്തിലെ സ്ത്രീ ജീവിതത്തില്‍ അനീതിക്കെതിരെ, ചൂഷണങ്ങള്‍ക്കെതിരെ, തുല്യതയ്ക്കായുള്ള മുദ്രാവാക്യങ്ങളെ എന്നും ജ്വലിപ്പിച്ചു നിര്‍ത്തുന്നത് ഇടതുപക്ഷ രാഷ്ട്രീയമാണ്. ഭരണം കയ്യാളുന്ന ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടും സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പു വരുത്തുന്നതിനുള്ള ശ്രമങ്ങളാണ് കേരളത്തില്‍ എൽഡിഎഫ് സര്‍ക്കാരുകള്‍ നടത്തിയിട്ടുള്ളത്. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യവും സ്വയം നിര്‍ണ്ണയാവകാശവും ഉറപ്പാക്കുന്നതോടൊപ്പം നാടിന്റെ സുസ്ഥിര വികസനവും സ്ത്രീകളുടെ ജീവിതവും എങ്ങനെ ബന്ധപ്പെടുത്താം എന്ന വ്യക്തമായ ദിശാബോധമാണ് എൽഡിഎഫ് സര്‍ക്കാരുകളെ നയിച്ചിട്ടുള്ളത്. ആ നിലപാടുകളുടെ ഏറ്റവും അര്‍ത്ഥപൂര്‍ണ്ണവും സര്‍ഗ്ഗാത്മകവുമായ അനുഭവസാക്ഷ്യമാണ് കുടുംബശ്രീ മുന്നോട്ടു വെയ്ക്കുന്നത്. ♦