Sunday, May 19, 2024

ad

Homeസംസ്ഥാനങ്ങളിലൂടെസിംഗൂർ വീണ്ടും ചർച്ചയാവുന്നു

സിംഗൂർ വീണ്ടും ചർച്ചയാവുന്നു

കെ ആർ മായ

രു വ്യാഴവട്ടം മുമ്പ്‌ പശ്ചിമബംഗാളിലെ സിംഗൂർ കേരളത്തിലും ഇന്ത്യയിലാകെയും വലിയ ചർച്ചാവിഷയമായിരുന്നുു. ബംഗാളിലെ ഇടതുമുന്നണിയുടെ ഭരണം മാറിയതോടെ രാജ്യത്തെ പൊതുവ്യവഹാരങ്ങളിൽനിന്നും മാഞ്ഞുപോയി. ഇടതുമുന്നണിയെ, പ്രത്യേകിച്ച്‌ സിപിഐ എമ്മിനെ, തകർക്കാനുള്ള ഉപകരണം മാത്രമായിരുന്നു സിംഗൂർ എന്ന്‌ ഇപ്പോൾ വ്യക്തമായിരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ ബുദ്ധദേവ്‌ ഭട്ടാചാര്യ സർക്കാരിനെ (2006) താഴെയിറക്കാനും മമത ബാനർജിക്ക്‌ ഭരണം പിടിക്കാനുമുള്ള വൈകാരിക വിഷയമായി മാറ്റപ്പെടുകയായിരുന്നു സിംഗൂരിലെ ടാറ്റയുടെ നാനോ കാർ പദ്ധതി. ടാറ്റയുടെ ഈ സിംഗൂർ പ്ലാന്റിനെതിരായ സമരത്തെ ചുറ്റിപ്പറ്റിയാണല്ലോ ബംഗാളിൽ ഇടതുവിരുദ്ധ മഴവിൽ സഖ്യം‐ തൃണമൂലും കോൺഗ്രസും ബിജെപിയും മുസ്ലിം മൗലികവാദികളും ഇടതു തീവ്രവാദികളും എസ്‌യുസിഐയും ഉൾപ്പെടുന്ന സഖ്യം‐ ഉരുവംകൊണ്ടത്‌. ബംഗാളിൽ മാത്രമല്ല, കേരളത്തിൽ ഉൾപ്പെടെ സിപിഐ എം വിരുദ്ധ പ്രചാരണമായി മാറ്റപ്പെടുകയായിരുന്നു ഇത്‌. കേരളത്തിൽ കെ റെയിൽ വിരുദ്ധ സമരകാലത്ത്‌, അതിനുമുമ്പ്‌ ദേശീയപാത വികസനത്തിനെതിരായ വയൽക്കിളി സമരത്തിലുമെല്ലാം വ്യാപകമായി ഉയർന്നുവന്ന പേരുമായിരുന്നു സിംഗൂർ.

അങ്ങനെ പ്രതീകവൽക്കരിക്കപ്പെട്ട സിംഗൂറിൽ ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത മ്ലാനത പരന്നിരിക്കുകയാണ്‌. സമരത്തെത്തുടർന്ന്‌ പിൽക്കാലത്ത്‌ ഗുജറാത്തിലേക്ക്‌ മാറ്റപ്പെട്ട ടാറ്റയുടെ നാനോ കാർ പദ്ധതി വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുന്നു; പക്ഷേ അത്‌ ഇന്ന്‌ ബംഗാളിലെ ഒരു പ്രാദേശിക വിഷയം മാത്രമായി ചുരുക്കപ്പെട്ടിരിക്കുന്നു. കേരളത്തിലെ മാധ്യമങ്ങൾക്ക്‌ പുതിയ സംഭവവികാസങ്ങളെക്കുറിച്ച്‌ മിണ്ടാട്ടമില്ല. എന്താണാ പുതിയ സംഭവവികാസം?

വെസ്റ്റ്‌ ബംഗാൾ ഇൻഡസ്‌ട്രിയൽ ഡെവലപ്‌മെന്റ്‌ കോർപറേഷൻ ടാറ്റാ കമ്പനിക്ക്‌ 766 കോടി രൂപ സിംഗൂർ പ്ലാന്റ്‌ മാറ്റിയതുമായി ബന്ധപ്പെട്ട്‌ നൽകണമെന്ന്‌ ആർബിട്രറി ട്രിബ്യൂണൽ വിധിച്ചു. 2016 സെപ്‌തംബർ മുതൽ പൂർണമായും ഈ പണം ടാറ്റയ്‌ക്ക്‌ കൈമാറുന്നതുവരെയുള്ള കാലത്തേക്ക്‌ 12 ശതമാനം നിരക്കിൽ ഇതിന്‌ പലിശ നൽകണമെന്നും കോടതി ചെലവിനത്തിൽ ഇതിനു പുറമേ ഒരു കോടി രൂപയും കൂടി നൽകണമെന്നും ട്രിബ്യൂണൽ വിധിച്ചു.

മമതയ്‌ക്കും ബിജെപിക്കും കോൺഗ്രസിനുമെല്ലാം ഇടതുപക്ഷത്മെത അടിക്കാനും ഭരണം പിടിക്കാനുമുള്ള വടി മാത്രമായിരു്നനു അന്ന്‌ സിംഗൂർ. ചെറുകാർ നിർമാണ ഫാക്ടറിയുടെ പണി 80 ശതമാനത്തിലികം പൂർത്തിയായിക്കഴിഞ്ഞപ്പോഴാണ്‌ കടുത്ത സമ്മർദങ്ങളെയും അട്ടിമറി സമരത്തെയും തുടർന്ന്‌ ടാറ്റ പ്രോജക്ട്‌ ഗുജറാത്തിലേക്ക്‌ മാറ്റിയത്‌. അന്ന്‌ മോദിയുടെ ഭരണത്തിലായിരുന്ന ഗുജറാത്ത്‌ സംസ്ഥാനം ബംഗാളിൽ ടാറ്റയ്‌ക്ക്‌ കിട്ടാത്ത സൗജന്യങ്ങൾ നൽകി, ചെല്ലും ചെലവും കൊടുത്താണ്‌ അങ്ങോട്ടേയ്‌ക്ക്‌ ക്ഷണിച്ചുകൊണ്ടുപോയത്‌. എന്നാൽ സിംഗൂരിൽ കാർ ഫാക്ടറിക്കെതിരായ സമരത്തിൽ മമതയ്‌ക്കൊപ്പം ബിജെപിയും തോളോടുതോൾ കയ്യിട്ട്‌ സമരത്തിലായിരുുന്ന കോൺഗ്രസോ ഇടതു തീവ്രവാദികളോ ഗുജറാത്തിൽ ടാറ്റാ ഫാക്ടറിക്കെതിരെ സമരം നടത്തിയില്ലെന്നു മാത്രമല്ല കമാന്നൊരക്ഷരം ഉരിയാടിയതുമില്ല. സിംഗൂരിൽ 1000 കോടി രൂപയിലധികം മുടക്കുകയും കാർ നിർമാണത്തിന്റെ ട്രയൽ വരെ പൂർത്തിയാക്കുകയും ചെയ്‌തശേഷമാണ്‌ ആ പദ്ധതി അട്ടിമറി സമരത്തെത്തുടർന്ന്‌ മാറ്റപ്പെട്ടത്‌.

2011ൽ അധികാരത്തിലെത്തിയ മമത പറഞ്ഞത്‌ സിംഗൂരിലെ ഭൂമി കാർഷികാവശ്യത്തിനായി മാത്രം ഉപയോഗിക്കുമെന്നാണ്‌. പക്ഷേ, ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ 990 ഏക്കർ ഭൂമി ഇപ്പോൾ കാർഷികാവശ്യത്തിനെന്നല്ല വ്യാവസായിക ആവശ്യത്തിനും പറ്റാത്ത പരുവത്തിൽ ആക്കപ്പെട്ടിരിക്കുകയാണ്‌. ബംഗാളിലെ വ്യവസായവൽക്കരണത്തിന്റെ സ്‌മാരകശിലയായി മാറ്റപ്പെടുകയായിരുന്നു സിംഗൂരിനെ.

ഗോപാൽ നഗറിൽ ഇപ്പോൾ താമസിക്കുന്ന ഒരു കർഷകൻ ന്യൂസ്‌ ക്ലിക്കിനോട്‌ പറഞ്ഞത്‌, തന്റെ ഉടമസ്ഥതയിലുള്ള നാല്‌ ബിഘാ ഭൂമി സംസ്ഥാനത്തിന്റെ വ്യവസായവൽക്കരണാവശ്യത്തിനായി താൻ സർക്കാരിന്‌ കൈമാറുകയായിരുന്നുവെന്നാണ്‌. അതും സൗജന്യമായല്ല, നല്ല വില ലഭിക്കുകയും ചെയ്‌തുവെന്നും ആ തുകകൊണ്ടാണ്‌ താനും കുടുംബവും ഗോപാൽ നഗറിൽ ഭൂമി വാങ്ങിയതെന്നും ആ കർഷകൻ പറയുകയുണ്ടായി. അയാൾ തുടരുന്നു‐ ‘‘ഗ്രാമത്തിലെ യുവജനങ്ങൾക്ക്‌ തൊഴിൽ ലഭിക്കാൻ വ്യവസായം വരുന്നത്‌ നല്ലതാണെന്ന്‌ കണ്ടാണ്‌ ഞാനും മറ്റുള്ളവരും ഭൂമി വിട്ടുകൊടുക്കാൻ തയ്യാറായത്‌. എന്നാൽ ഇപ്പോൾ അവിടെ തൊഴിൽ ലഭിച്ചതുമില്ല, ഞങ്ങളിൽ ഏറെപ്പേരും കൊൽക്കത്തിയിലേക്കോ സംസ്ഥാനത്തിനു പുറത്തേക്കോ പോലും തൊഴിൽ തേടി പോകേണ്ടതായും വന്നു’’. ഇത്‌ ഒരു കർഷകന്റെ വിലാപമാണ്‌. ഒരാളിന്റെ മാത്രം കഥയല്ല. സിംഗൂരിൽ ഭൂമി നൽകിയ മഹാഭൂരിപക്ഷം പേരുടെയും കഥ ഇതുതന്നെയാണ്‌.

സിംഗൂരിലെ ഭൂമി കൃഷിയാവശ്യത്തിനു മാത്രമേ ഇനി ഉപയോഗിക്കാവൂ എന്ന്‌ പ്രഖ്യാപിച്ച്‌ ആ ഭൂമിയാകെ കർഷകർക്ക്‌ തിരികെ നൽകുമെന്ന്‌ പറഞ്ഞ മമത സർക്കാരിനു പക്ഷേ ഭൂമി പഴയതുപോലെ കൃഷിയോഗ്യമാക്കാനുമായില്ല. അത്‌ അസാധ്യവുമാണ്‌. സിംഗൂർ പ്രൊജക്ടിനായി ഏറ്റെടുത്ത ഭൂമിയാകെ മത്സ്യക്കൃഷിക്കായി മാറ്റിയിരിക്കുകയാണിപ്പോൾ. ടാറ്റയിൽനിന്ന്‌ തിരികെ ഭൂമി പിടിച്ചെടുക്കാൻ സുപ്രീംകോടതി വരെ പോയ മമത സർക്കാർ സുപ്രീം കോടതി വിധിയെ തന്നെ അട്ടിമറിച്ചാണ്‌ അവിടെ മത്സ്യക്കൃഷി നടത്തുന്നത്‌. കാർഷികാവശ്യത്തിനു മാത്രമായി ഭൂമി ഉപയോഗിക്കണമെന്നതായിരുന്നു സുപ്രീംകോടതി വിധി.

ആർബിട്രേഷൻ ട്രിബ്യൂണൽ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ പോകുമെന്നാണ്‌ മമത ബാനർജി ഇപ്പോൾ പറയുന്നത്‌. എന്നാൽ മമതയുടെ നേതൃത്വത്തിൽ നടന്ന വിനാശകരമായ സമരമാണ്‌ ഇപ്പോൾ നഷ്ടപരിഹാാരം നൽകാൻ കാരണമെന്നതാണ്‌ വസ്‌തുത. സിംഗൂരിലെ ചെറുകാർ ഫാക്ടറി പ്രൊജക്ട്‌ ഉപേക്ഷിക്കാൻ തീരുമാനിച്ചശേഷം പോലും അന്നത്തെ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യയും വ്യവസായമന്ത്രി നിരുപം സെന്നും സിംഗൂരിൽ മറ്റെന്തെങ്കിലും പ്രൊജക്ട്‌ ആരംഭിക്കുന്നതിനെക്കുറിച്ച്‌ കന്പനിയുമായി ചർച്ച നടത്തുകയായിരുന്നു. എന്നാൽ മമത അധികാരമേറ്റശേഷം, വാശിയോടെ ഈ സ്ഥലം കൃഷിക്കു മാത്രമേ ഉപയോഗിക്കൂ എന്ന്‌ പ്രഖ്യാപിച്ചുകൊണ്ട്‌ ടാറ്റാ കന്പനിയുമായി ഏറ്റുമുട്ടലിലേക്കും നിയമയുദ്ധത്തിലേക്കും നീങ്ങുകയായിരുന്നു. പക്ഷേ ഫാക്ടറി സ്ഥാപിച്ച സ്ഥലം തിരികെ പിടിച്ചാലും അവിടെ കൃഷി നടത്താനാവില്ലെന്ന യാഥാർഥ്യബോധം താൽക്കാലികമായ രാഷ്‌ട്രീയ നേട്ടത്തിനപ്പുറം ഒന്നും ചിന്തിക്കാത്ത മമതയ്‌ക്കുണ്ടായില്ല. യഥാർഥത്തിൽ മമതയും ബിജെപിയും ചേർന്ന്‌ നടത്തിയ ഒരു ഗൂഢാലോചനയുടെ അനന്തരഫലമാണ്‌ ഇപ്പോൾ ആ സംസ്ഥാനം നേരിടുന്നത്‌.

പ്രതിപക്ഷത്തായിരുന്നപ്പോൾ വ്യവസായപദ്ധതികളെയെല്ലാം അട്ടിമറിക്കാൻ കച്ചകെട്ടിയിറങ്ങിയ മമത ഇപ്പോൾ വ്യവസായസംരംഭകരെ തേടി ലണ്ടനിലും സ്‌പെയിനിലുമെല്ലാം പോയിട്ടും ഒരു സംരംഭകനും ബംഗാളിലേക്ക്‌ തിരിഞ്ഞുനോക്കാൻ തയ്യാറാകുന്നില്ല. ഫലമോ? ബംഗാളിൽ ഇന്ന്‌ തൊഴിലില്ലായ്‌മ പെരുകുകയാണ്‌. ബംഗാളിലെ ചെറുപ്പക്കാർ തൊഴിൽതേടി കേരളത്തിലുൾപ്പെടെ കുടിയേറാൻ നിർബന്ധിതരാവുന്നു. സിംഗൂറിനെക്കുറിച്ച്‌ കുറേക്കാലം തുടർച്ചയായി അന്തിചർച്ചകളിലൂടെ മുതലക്കണ്ണീരൊഴുക്കിയ കേരളത്തിലെ മാധ്യമങ്ങൾക്കും ഇപ്പോൾ മിണ്ടാട്ടമില്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × five =

Most Popular