ഡിവൈഎഫ്‌ഐയുടെ പശ്ചിമബംഗാൾ ഘടകം നവംബർ 3 മുതൽ ഇൻസാഫ് യാത്ര (നീതിക്കായുള്ള മാർച്ച്) ആരംഭിച്ചു. എസ്‌എഫ്‌ഐ നടത്തിയ അഖിലേന്ത്യാ ജാഥയുടെ മാതൃകയിലാണ് ബംഗാളിൽ ഇപ്പോൾ ഡിവൈഎഫ്‌ഐ സംസ്ഥാനവ്യാപകമായ ജാഥ ആവിഷ്‌കരിച്ചത്; ഇത് സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും വരെ ചെന്നെത്തും; പശ്ചിമബംഗാളിലെ യുവ കേഡർമാരിലാകെ ഈ യാത്ര ആവേശമുണർത്തിയിരിക്കുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി മീനാക്ഷി മുഖർജി പത്രസമ്മേളനത്തിൽ ഇൻസാഫ് യാത്രയുടെ വിശദാംശങ്ങൾ വിവിരിക്കുകയുണ്ടി. നീതി ആഗ്രഹിക്കുന്ന നാനാവിഭാഗം ജനങ്ങളെയും ഒരു കൊടിക്കീഴിൽ സംഘടിപ്പിക്കുകയെന്നതാണ് ജാഥയുടെ മുഖ്യ ആശയം എന്നാണ് അവർ പറഞ്ഞത്. ഈ കരുത്തുറ്റ ജനകീയ ഐക്യനിര കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപിയെയും സംസ്ഥാനം ഭരിക്കുന്ന തൃണമൂലിനെയും പിടിച്ചുലയ്‌ക്കാൻ കെൽപുള്ള ഒരു ശക്തിയായിരുക്കും. വിദ്യാർഥിയായിരിക്കെ രക്തസാക്ഷിയായ അനീസ് ഖാന്റെ കുടുംബാംഗങ്ങൾ ഈ ജാഥയിലുടനീളം പങ്കെടുക്കും. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വിവിധ രക്തസാക്ഷികളുടെ കുടുംബങ്ങളെയും തൃണമൂൽ ഭരണം കൊലപ്പെടുത്തിയവരുടെ കുടുംബങ്ങളെയും ജാഥയിൽ അണിനിരത്തുമെന്നും മീനാക്ഷി മുഖർജി പ്രസ്താവിച്ചിരുന്നു. കഴിഞ്ഞ ചില വർഷങ്ങളായി പ്രക്ഷോഭത്തിലുള്ള തൊഴിലന്വേഷകരും ഈ ജാഥയിൽ അണിനിരക്കും. വിദ്യാർഥിസംഘടനയുടെ ഘടകങ്ങളും എല്ലാവർക്കും വിദ്യാഭ്യാസം, എല്ലാവർക്കും തൊഴിൽ എന്ന മുദ്രാവാക്യമുയർത്തി പല സ്ഥലങ്ങളിലും ഈ ജാഥയുടെ ഭാഗമായി സഞ്ചരിക്കും. ഇടതുപക്ഷ യുവജന പ്രസ്ഥാനത്തിനും പ്രവർത്തകർക്കും ആവേശം പകരുകയും അവരെ സജീവമായി അണിനിരത്തുകയും ചെയ്യുകയെന്ന ആശയത്തോടൊപ്പം ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം യുവജനങ്ങൾ പരിഗണിക്കപ്പെടേണ്ട ഒരു വിഭാഗമാണെന്ന ആശയവും ഈ പ്രക്ഷോഭത്തിന് പിന്നിലുണ്ട്.
വിദ്യാഭ്യാസരംഗവും വിവിധ മേഖലകളിലെ റിക്രൂട്ട്‌മെന്റുകളുമെല്ലാം തൃണമൂൽ ഗവൺമെന്റ് അഴിമതിയുടെ കൂത്തരങ്ങാക്കിയിരിക്കുന്നു. ഡിവൈഎഫ്‌ഐയുടെ ഇൻസാഫ് യാത്ര സംസ്ഥാന സർക്കാരിന്റെ അഴിമതികൾ തുറന്നുകാണിക്കുകയും എല്ലാ കേസുകളെക്കുറിച്ചും സമഗ്രമായി അന്വേഷണിക്കണമെന്നും കുറ്റവാളികൾക്കെല്ലാം ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെടുന്നു. പല കുറ്റവാളികളും ഇപ്പോൾ ബിജെപിയിൽ അഭയം പ്രാപിക്കുകയാണ്. ബിജെപിയും തൃണമൂലും തമ്മിൽ നിലനിൽക്കുന്ന അന്തർധാരമൂലമാണ് ഈ കേസുകളിൽ കൃത്യമായ അന്വേഷണം നടക്കാത്തതും കുറ്റവാളികളെയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരാത്തതും. ഒരുദിവസം പെട്ടെന്ന് ഏതെങ്കിലുമൊരു തൃണമൂൽ നേതാവ് അറസ്റ്റ് ചെയ്യപ്പെടുകയും പിറ്റേന്നുതന്നെ വിട്ടയക്കപ്പെടുകയും ചെയ്യുന്നു. സിബിഐയും ഇഡിയുമെല്ലാം ബിജെപിയുടെ കൂട്ടിലെ തത്തയാണ്; അതുകൊണ്ടുതന്നെ ഈ അന്വേഷണങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. കുറ്റവാളികളെ ശിക്ഷിക്കണമെന്ന ശബ്ദത്തിന് ഇൻസാഫ് യാത്ര കരുത്തു പകരും; വിവിധ മേഖലകളിൽ നടക്കുന്ന അഴിമതിക്ക് അറുതിവരുത്താനും ഇത് സഹായമാകും. സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും റിക്രൂട്ട്‌മെന്റുകൾ കൃത്യമായി നടത്താതിരിക്കെ തൊഴിലവസരങ്ങൾക്കായുള്ള മുദ്രാവാക്യത്തെ ഈ ജാഥ ശക്തിപ്പെടുത്തും. തൊഴിൽ കിട്ടിയാൽപോലും തൊഴിൽ സുരക്ഷയില്ലെന്നതാണ് സ്ഥിതി; കാരണം മിക്കവാറുമെല്ലാം കരാർ തൊഴിലുകളാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി ഗവൺമെന്റ് ക്ഷേമ രാഷ്‌ട്രമെന്ന സങ്കൽപത്തെത്തന്നെ കൈവെടിഞ്ഞിരിക്കുകയാണ്. പൗരരുടെ ക്ഷേമത്തിൽ തെല്ലു പോലും താൽപര്യമില്ലാത്ത ഗവൺമെന്റിന് കോർപറേറ്റുകൾക്ക് ലാഭം കുന്നുകൂട്ടി നൽകുന്നതിൽ മാത്രമാണ് താൽപര്യം.
ഈ യാത്ര ഇന്ത്യൻ യൂണിയന്റെ ബഹുസ്വരതയും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കും. ജനസാമാന്യത്തിന്റെ ശ്രദ്ധതിരിക്കാനായി ബിജെപി ഗവൺമെന്റുമ കൂട്ടാളികളും വർഗീയവൽക്കരണ പരിപാടിയാണ് ആസൂത്രണം ചെയ്യുന്നത്. ഇവർ നടപ്പാക്കുന്നത് ഭിന്നിപ്പിക്കൽ തന്ത്രമാണ്. അതേസമയം ഡിവൈഎഫ്‌ഐയുടെ ഇൻസാഫ് യാത്ര മുന്നോട്ടുവയ്‌ക്കുന്നതാകട്ടെ നിഷേധിക്കപ്പെട്ട നീതിക്കായി ജനങ്ങളെ ഒരുമിപ്പിക്കലാണ്. ഈ ജാഥ ചരിത്രത്തിൽ ഇടംപിടിക്കുമെന്നതിൽ സംശയമില്ല; പശ്ചിമബംഗാളിലെ 22 ജില്ലകളിലെയും എല്ലാ സബ് ഡിവിഷനുകളിലൂടെയും ഈ ജാഥ കടന്നുപോകും. സംസ്ഥാനത്തിന്റെ വടക്കേയറ്റത്തെ കൂച്ച് ബിഹാറിൽനിന്ന് ആരംഭിച്ച ജാഥ വടക്കും പടിഞ്ഞാറും മധ്യഭാഗത്തുമാകെ കടന്ന് ഐതിഹാസികമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ സമാപിക്കും. പടുകൂറ്റൻ പൊതുയോഗത്തോടെയായിരിക്കും സമാപനം.
ബംഗാളിലെ യുവജനങ്ങൾ ഇനിയുള്ള രണ്ടുമാസക്കാലവും തെരുവുകളിൽ തന്നെയായിരിക്കും. കഴിഞ്ഞവർഷം എസ്‌എഫ്‌ഐ ആയിരുന്നു രാജ്യത്തുടനീളവും സംസ്ഥാനത്തും സമാനമായ വിധത്തിൽ ഒരു മാർച്ച് സംഘടിപ്പിച്ചത്; ഈവർഷം ഡിവൈഎഫ്‌ഐ ആണ് അത് ഏറ്റെടുത്തിരിക്കുന്നത്. ♦