ഇക്കണോമിക് നോട്ട്‌ബുക്ക്‐ 15
ഇസ്രായേൽ എന്ന സ്വയം പ്രഖ്യാപിത ‘ജൂത രാഷ്ട്രം’, സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ എല്ലാവിധ പിന്തുണയോടും കൂടി, പലസ്തീനിലെ ജനതയെ ഉന്മൂലനം ചെയ്യുന്ന വർത്തമാന കാല സന്ദർഭത്തിൽ നിന്നുകൊണ്ട് മാർക്സിന്റെ “ജൂത പ്രശ്നത്തെപ്പറ്റി’’ എന്ന പ്രബന്ധം വായിക്കുമ്പോഴുണ്ടായ ആലോചനയിൽ നിന്നാണ് ഈ ഹൃസ്വമായ കുറിപ്പ്. 1843ലാണ് മാർക്സ് ഈ പ്രബന്ധം എഴുതുന്നത് ബ്രൂണോ ബൗവർ എന്ന ഹെഗേലിയൻ ചിന്തകന്റെ ലേഖനങ്ങളോടുള്ള പ്രതികരണമായിട്ടാണ് മാർക്സ് ഇത് എഴുതുന്നത്. മതാധിപത്യത്തിൽ നിന്ന് രാഷ്ടങ്ങൾ മുക്തമായി തുടങ്ങുന്ന കാലഘട്ടമായിരുന്നു അത്. എന്താണ് രാഷ്ട്ര സങ്കല്പങ്ങളുടെ അടിസ്ഥാനം, പൗര സമൂഹവുമായി അത് ഇടകലരുന്നതും ഇടപഴകുന്നതുമെങ്ങിനെ, ഇതിൽ അന്തർലീനമായ ശക്തികൾ എന്ത് എന്നൊക്കെയുള്ള അഗാധമായ ചിന്തകളാണ് മാർക്സിന്റെ ഈ പ്രബന്ധം.
മതത്തെ അടിസ്ഥാനമാക്കിയ സ്വത്വബോധവും രാഷ്ട്രീയ സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധത്തെയാണ് ബൗവർ വിശകലനം ചെയ്തത്. ജർമനിയിലെ ജൂതർ സ്വാതന്ത്ര്യം കാംക്ഷിക്കുന്നു. എന്ത് തരത്തിലുള്ള സ്വാതന്ത്ര്യമാണ് അവർ ആഗ്രഹിക്കുന്നത്? പൗര സ്വാതന്ത്ര്യമോ? രാഷ്ട്രീയ വിമോചനമോ? ഈ ചോദ്യത്തിൽ നിന്നുമാണ് മാർക്സ് അന്വേഷണം ആരംഭിക്കുന്നത്. സ്വയം സ്വതന്ത്രർ അല്ലാത്ത ഒരു രാഷ്ട്രത്തിന്, ഒരു ജനതയ്ക്ക് എങ്ങിനെ മറ്റൊരാൾക്ക് സ്വാതന്ത്ര്യം നൽകാനാവും എന്ന ചോദ്യമാണ് ബൗവർ ഉയർത്തിയത്. അതിനാൽ ജർമനിയുടെ സ്വാതന്ത്ര്യത്തിലൂടെയേ, മനുഷ്യ വംശത്തിന്റെയാകെ മോചനത്തിലൂടെയേ ജൂതരുടെ സ്വാതന്ത്ര്യവും പൗരാവകാശങ്ങളും സാധ്യമാകൂ എന്ന വാദമാണ് ബൗവർ ഉയർത്തിയത്. 1871ലാണ് ഫെഡറൽ സങ്കല്പങ്ങളെ അടിസ്ഥാനമാക്കിയ ഏകീകൃത ജർമനി രൂപം കൊള്ളുന്നത്. മധ്യയൂറോപ്പിലാകെ ക്രിസ്തീയ പൗരോഹിത്യം രാഷ്ട്രസങ്കല്പങ്ങളിൽ കാര്യമായി പിടിമുറുക്കിയിരുന്ന നൂറ്റാണ്ടുകളായിരുന്നു അക്കാലഘട്ടം. ക്രിസ്തീയ രാഷ്ട്രങ്ങളിൽ രണ്ടാംകിട പൗരരായി മാറ്റി നിർത്തപ്പെട്ട അനുഭവത്തിൽ നിന്നുമാണ് മതാടിസ്ഥാനത്തിലുള്ള സ്വന്തം ദേശത്തിനായുള്ള ജൂതരുടെ താല്പര്യങ്ങളും നിലനിന്നിരുന്നത്.
മതപരമായ വിശ്വാസഭിന്നതയുടെ പേരിലുള്ള ക്രിസ്ത്യൻ ജൂത സംഘർഷങ്ങൾ യൂറോപ്പിൽ മധ്യകാലത്ത് സാധാരണമായിരുന്നു. ആധുനിക ദേശീയതാസങ്കല്പങ്ങൾ അന്യമായിരുന്ന അക്കാലത്ത് മത-വിശ്വാസ സ്വത്വങ്ങൾക്ക് യൂറോപ്പിലെ രാഷ്ട്ര ഭരണസങ്കല്പങ്ങളിൽ നിർണായക പ്രാധാന്യമാണ് ഉണ്ടായിരുന്നത്. ഏക ദൈവ വിശ്വാസത്തെ അടിസ്ഥാനമാക്കിയ ക്രിസ്ത്യൻ, ജൂത, ഇസ്ലാം മതങ്ങളുടെ പൊതു പിതാവായ എബ്രഹാം സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഇസ്രായേലിൽ നിന്നും ജൂതർ പുറത്താക്കപ്പെടുന്നത് ക്രിസ്തുവർഷാരംഭത്തിലെ റോമൻ അധിനിവേശത്തെ തുടർന്നാണ്. ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലായി ജൂതർ ചിതറിപ്പോകുന്നത് ഇതേ തുടർന്നാണ്. റോമാക്കാർ യേശുവിനെ കുരിശിലേറ്റിയതിനു ശേഷമുള്ള ഏതാനും നൂറ്റാണ്ടുകളിൽ ക്രൈസ്തവ ജൂതമതവിശ്വാസികൾ തമ്മിലുള്ള സംഘർഷങ്ങൾ താരതമ്യേന കുറഞ്ഞു. ഇരുകൂട്ടരും അവരവരുടെ വിശ്വാസക്രമങ്ങളുമായി മുന്നോട്ടു പോയി. പിൽക്കാലത്ത് റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി ക്രൈസ്തവ മതം മാറി. തുടർന്നുള്ള കാലത്ത് ജൂതർക്കെതിരായ വ്യവസ്ഥാപിതമായ അതിക്രമങ്ങൾ യൂറോപ്പിലെമ്പാടും നടന്നു. ഗവണ്മെന്റ് ഉദ്യോഗങ്ങൾ വഹിക്കുന്നതിനും,കോടതികളിൽ സാക്ഷ്യം പറയുന്നതിനുമൊന്നും ജൂതർക്ക് അവകാശങ്ങൾ നൽകിയിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിലുണ്ടായ ജൂതവിരുദ്ധ അതിക്രമങ്ങളുടെയും നാസി ഭീകരതയുടേയുമൊക്ക വേരുകൾ കിടക്കുന്നത് യൂറോപ്പിലെമ്പാടും പടർന്നിരുന്ന ഈ ക്രിസ്ത്യൻ ജൂത വിരുദ്ധതയിലാണ്. പതിനാലാം നൂറ്റാണ്ടിലെ ബ്യുബോണിക് പ്ലേഗിന്റെ കാലത്തും ജൂതർക്കെതിരായ അതിക്രമങ്ങൾ വ്യാപകമായിരുന്നു. സാത്താന്റെ സന്തതികളായി പ്ലേഗ് പരത്തുന്നത് ജൂതരാണ് എന്ന വിശ്വാസത്തിന്റെ പേരിൽ ജർമനിയിലും ഓസ്ട്രിയയിലും ഒരു ലക്ഷത്തിലധികം ജൂതർ ജീവനോടെ ചുട്ടെരിക്കപ്പെട്ടു. പതിനാറാം നൂറ്റാണ്ടിൽ പ്രൊട്ടസ്റ്റന്റനിസം സ്ഥാപിച്ച മാർട്ടിൻ ലൂതർ 1545ൽ പ്രസിദ്ധപ്പെടുത്തിയ ജൂത വിരുദ്ധ ലഘു ലേഖ ‘ജൂതരും അവരുടെ വിശ്വാസങ്ങളും’ 1935ൽ നാസികൾ പുനഃ പ്രസിദ്ധീകരിച്ചു.ഇത്തരത്തിൽ പതിമൂന്നാം നൂറ്റാണ്ടുമുതൽ പൗരാവകാശങ്ങൾ പലതും നിഷേധിക്കപ്പെട്ടിരുന്നതിന്റെയും പീഡിപ്പിക്കപ്പെട്ടിരുന്നതിന്റെയും ചരിത്രം ജൂതർക്കുണ്ട്. ഇതിന് നേതൃത്വം നൽകിയിരുന്നത് അക്കാലത്തെ ക്രൈസ്തവ പൗരോഹിത്യവുമായിരുന്നു.
ഈ സംഘർഷങ്ങളിൽ നിന്നുമാണ് ദേശരാഷ്ട്രത്തെ സംബന്ധിച്ച ആശയങ്ങളെക്കുറിച്ചും അതിനടിത്തറയായ പൗരത്വ സങ്കല്പങ്ങളെക്കുറിച്ചും ബൗവറിന്റെയും മാർക്സിന്റേയും ചിന്തകൾ രൂപം കൊള്ളുന്നത്. ജൂതരുടെ മോചനം എങ്ങിനെ സാധ്യമാകും എന്നതായിരുന്നു ബൗവറിന്റെചോദ്യം. പാരതന്ത്ര്യത്തിൽ കിടന്നിരുന്ന പ്രഷ്യൻ ജനതയ്ക്ക് എങ്ങിനെ ജൂതരെ സ്വന്തന്ത്രരാക്കാൻ കഴിയും എന്ന ചോദ്യമാണ് ബൗവർ ഉയർത്തിയത്. ഭരണകൂടത്തിന്റെ ക്രിസ്ത്യൻ സ്വഭാവം ഇല്ലാതായാൽ മാത്രമേ ജൂതർക്ക് അവരാഗ്രഹിക്കുന്ന സ്വാതന്ത്ര്യം നൽകാൻ കഴിയൂ എന്ന വാദമാണ് ബൗവർ ഉയർത്തിയത്. ഭരണകൂടത്തെ മതത്തിന്റെ പിടിയിൽ നിന്നും മോചിപ്പിക്കേണ്ടത് മറ്റെല്ലാ സ്വാതന്ത്ര്യങ്ങളുടെയും മുന്നുപാധിയായി ബൗവർ കരുതി. എന്നാൽ മാർക്സ് ഈ വാദഗതി പൂർണമായും അംഗീകരിച്ചില്ല. അരനൂറ്റാണ്ടുമുൻപ്, 1776ൽ രൂപീകൃതമായ രാജ്യമാണ് അമേരിക്ക. അവിടെ മതങ്ങൾ ഇല്ലാതായിട്ടില്ല എന്നത് മാർക്സ് ചൂണ്ടികാണിച്ചു. പല മതങ്ങൾക്കും സ്വാതന്ത്ര്യങ്ങൾ അവിടെ പരിമിതപ്പെടുത്തുന്നതും മാർക്സ് ചൂണ്ടികാണിച്ചു. ഭരണകൂടത്തിൽ മതത്തിന്റെ നേരിട്ടുള്ള ഇടപെടലുകൾ മാത്രമാണ് അവസാനിച്ചത്. അതിനു പകരം പൗരസമൂഹത്തിലേക്ക് (civil society) മതം ചേക്കേറി അവിടെ ആധിപത്യമുറപ്പിച്ചു.
ആധുനിക ലിബറൽ ഭരണകൂടങ്ങളെല്ലാംതന്നെ മതനിരപേക്ഷമായ സങ്കല്പങ്ങളെയാണ് മുന്നോട്ടു വെയ്ക്കുന്നത്. മതമെന്നത് രാഷ്ട്രത്തിലെ ഒരു പൗരന്റെ സ്വകാര്യ വിശ്വാസത്തിന്റെ ഭാഗമായി മാത്രം കാണുന്നു ഈ സങ്കൽപം. ഭരണകൂടത്തിൽ മതത്തിന്റെ പ്രത്യക്ഷമായ ഇടപെടൽ ഇല്ലാതാകുന്നു. അതേസമയം ഭരണയന്ത്രത്തിൽ നിന്നും ഉച്ചാടനം ചെയ്യപ്പെട്ട മതം പൗരസമൂഹത്തിൽ കുടിയേറുന്നു. അതുകൊണ്ടാണ് ഇതൊരു രാഷ്ട്രീയ മാറ്റമല്ല എന്നും അധികാരബന്ധങ്ങളുടെ പുതിയൊരു വിന്യാസക്രമമാണെന്നും മാർക്സ് ചൂണ്ടിക്കാട്ടിയത്. മനുഷ്യ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വിശാലമായൊരു കാഴ്ചപ്പാടാണ് മാർക്സ് ഇവിടെ മുന്നോട്ടു വെയ്ക്കുന്നത്. മതാധികാരത്തിന്റെ കേവലമായ വിമർശനത്തിൽ നിന്നും ഭരണകൂടത്തിന്റെ മൂർത്തമായ വിമർശനത്തിലേക്ക് മാർക്സ് തിരിഞ്ഞു. ഭരണകൂടത്തിന്റെ പുറത്തു നിൽക്കുന്ന പൗരസമൂഹത്തെ നിയന്ത്രിക്കുന്നത്, ഭരണകൂടത്തെ നിയന്ത്രിക്കുന്ന ശക്തികൾ തന്നെയാണ് എന്നാണ് മാർക്സ് എത്തിച്ചേരുന്ന അനുമാനം . പൗരത്വത്തെ സംബന്ധിച്ച മൗലികമായ പല നിരീക്ഷണങ്ങളിലേക്കും ഇത് വഴി തെളിക്കുന്നു.
2
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലെ സ്ഥിതിഗതികളെ മുൻനിർത്തി ജൂതപ്രശ്നത്തെ വിലയിരുത്തിയ മാർക്സ് എത്തിച്ചേർന്ന നിഗമനങ്ങൾ പലതും ആധുനിക കാലത്തെ പൗരാവകാശ പ്രശ്നങ്ങളിലേക്ക് കൂടി വിരൽ ചൂണ്ടുന്നവയാണ് . ഉദാരമായ മാനവിക സങ്കല്പങ്ങളല്ല, മനുഷ്യത്വ പ്രചോദിതമായ ആഗ്രഹങ്ങളുമല്ല, നഗ്നമായ സാമ്പത്തിക, രാഷ്ട്രീയ താല്പര്യങ്ങളാണ് പൗരത്വത്തെ പലപ്പോഴും നിർവചിക്കുന്നത് എന്ന് കാണാൻ ബുദ്ധിമുട്ടില്ല.
ഇന്ന് നിലനിൽക്കുന്ന ദേശരാഷ്ട്രങ്ങളിൽ ചിലതു ഉദാഹരണമായെടുക്കുക. വളരെ ഉദാരമായ പൗരത്വ സങ്കൽപ്പങ്ങൾ വെച്ച് പുലർത്തുകയും വളരെ വേഗം തന്നെ കുടിയേറി എത്തുന്നവർക്ക് പൗരത്വം നൽകുകയും ചെയ്യുന്ന ചില രാഷ്ട്രങ്ങളുണ്ട്. ഉദാഹരണത്തിന് കാനഡ. വിശാലമായ ഭൂവിസ്തൃതിയുള്ള, ജനസാന്ദ്രത തീർത്തും കുറഞ്ഞ ഒരു വലിയ രാഷ്ട്രമാണ് കാനഡ, പോരാത്തതിന് അളവറ്റ ധാതു സമ്പത്തും. ക്ലാസ്സിക്കൽ സാമ്പത്തിക ശാസ്ത്ര പ്രകാരം, ഉല്പാദന പ്രവർത്തനത്തിന് അനിവാര്യമായ മൂന്ന് ഉപാധികളിൽ‐ മൂലധനം, ഭൂമി, അധ്വാനശക്തി‐ രണ്ടെണ്ണം ധാരാളം. പക്ഷെ തൊഴിൽ എടുക്കാൻ മതിയാവുന്നത്രആളില്ല. അപ്പോൾ എങ്ങിനെയും തൊഴിൽസേനയിലേക്ക് ആളെ ചേർത്തെ പറ്റൂ. അത് കൊണ്ട് കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന, വളരെ എളുപ്പത്തിൽ പൗരത്വം ലഭിക്കുന്ന നാടായി കാനഡ മാറി. സാമ്പത്തിക കുതിപ്പിന്റെ കാലഘട്ടത്തിൽ മനുഷ്യ വിഭവ ശേഷി കുറവായ പല വികസിത മുതലാളിത്ത രാഷ്ട്രങ്ങളും ഇതേ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.
ആഗോളവൽക്കരണം ഉല്പാദനപ്രവർത്തനത്തെ, അതിന്റെ രീതികളെ, പാടെ മാറ്റിത്തീർത്ത കാലമാണ് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾ. ദേശരാഷ്ട്രങ്ങളുടെ അതിരുകൾ വിട്ടു മൂലധനം എവിടേക്കും നിർബാധം ഒഴുകാൻ തുടങ്ങിയ കാലം. അന്താരാഷ്ട്ര ധന മൂലധനം അതിന്റെ സ്വാധീനത്തിന്റ പരമാവധിയിലേക്കു കുതിച്ച കാലം. മുൻപ് ഉല്പാദന പ്രവർത്തനങ്ങൾ വികസിത രാജ്യങ്ങളിൽ കേന്ദ്രീകരിച്ചിരുന്നു, തൊഴിൽശക്തിയെ അവിടേക്ക് ആകർഷിച്ചിരുന്നു. എന്നാൽ ആഗോള വൽക്കരണത്തോടെ ദേശ രാഷ്ട്രങ്ങളുടെ അതിരുകൾക്കകത്തുള്ള മനുഷ്യവിഭവശേഷിയുടെ ദൗർലഭ്യത്തെ മറ്റു രീതികളിൽ മറികടക്കാനാണ് ഇന്ന് പല രാഷ്ട്രങ്ങളും ശ്രമിക്കുന്നത്. താരതമ്യേന അവികസിതമായ രാഷ്ട്രങ്ങളിലെ തൊഴിൽശക്തിയെ ഉപയോഗിക്കുകയാണ് കുറച്ചുകൂടി സൗകര്യപ്രദമെന്ന ഒരു തിരിച്ചറിവ് ഇന്ന് മൂലധനത്തിന് കൈവന്നിട്ടുണ്ട്.
അതേസമയം ആവശ്യത്തിന് മൂലധനവും ഭൂമിയും ഇല്ലാത്ത, എന്നാൽ തൊഴിൽശക്തി വളരെ അധികമായുള്ള രാജ്യങ്ങൾ ചിന്തിക്കുന്നത് വേറെ വഴിക്കാണ്. ബംഗ്ലാദേശിൽ നിന്നുള്ള അഭയാർത്ഥികൾ കടന്നുവരുന്നത് തനിക്കു ലഭിക്കുന്ന അരിയുടെയും ഗോതമ്പിന്റെയും വിഹിതത്തെ ബാധിക്കുമോ എന്ന് ഒരിന്ത്യക്കാരൻ ചിന്തിക്കുന്നത്, അല്ലെങ്കിൽ അവനെ കൊണ്ട് അങ്ങിനെ ചിന്തിപ്പിക്കുന്നത് മറ്റൊരു രാഷ്ട്രീയമാണ്. അത്തരത്തിലുള്ള ഒരു ഭീതി പടർത്തുന്നത് തങ്ങളുടെ രാഷ്ട്രീയനേട്ടങ്ങൾക്കു വഴി തെളിക്കുമെന്നു ഭരണകൂടത്തിനു നേതൃത്വം നൽകുന്നവർക്ക് നന്നായി അറിയാം. മനുഷ്യത്വത്തിന്റെ എല്ലാ പൊയ്‌മുഖങ്ങളും ഇതോടെ അഴിഞ്ഞു വീഴുകയായി. തന്റെ ഇടത്തിലേക്ക് അതിക്രമിച്ചു കടക്കുന്ന ശത്രുവായി കുടിയേറ്റക്കാരൻ മാറുകയായി.
ഉയർന്നുവരുന്ന ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ പല രാജ്യങ്ങളും കുടിയേറ്റ, പൗരത്വനിയമങ്ങളിൽ ഭേദഗതികൾ വരുത്തുന്ന കാഴ്ച കാണാനാവും. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും തൊഴിൽനഷ്ടവും നേരിടുന്ന അമേരിക്ക തങ്ങളുടെ വിസ നിയമങ്ങളിലും പൗരത്വനിയമങ്ങളിലും കടുത്ത നടപടികളിലേക്കു സമീപകാലത്തു നീങ്ങിയിരിക്കുകയാണ്. മെക്സിക്കൻ കുടിയേറ്റക്കാർക്കെതിരെ ട്രംപ് നടത്തിയ രാഷ്ട്രീയ ആക്രോശങ്ങൾ ഇതിന്റെ മറ്റൊരു വശമാണ്.
ഒരു വ്യക്തിക്ക് ഒരു രാജ്യം പൂർണ പൗരത്വം നൽകുക എന്നതുകൊണ്ട് സാധാരണ വിവക്ഷിക്കുന്നത് ഇവയാണ് – വോട്ടവകാശം ,തൊഴിലെടുക്കാനുള്ള അവകാശം, സംരംഭങ്ങൾ തുടങ്ങാനും സ്ഥാപനങ്ങൾ നടത്താനുമുള്ള അവകാശം, നിയമപരമായ പരിരക്ഷ, രാജ്യത്തെവിടെയും യാത്ര നടത്തുവാനുള്ള സ്വാതന്ത്ര്യം. എന്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രം ഒരാൾക്ക് ഇത്തരം അവകാശങ്ങൾ നൽകുന്നത്, അല്ലെങ്കിൽ സ്വാഭാവികമായി ഒരു വ്യക്തിക്ക് ഈ അവകാശങ്ങൾ ഉണ്ട് എന്ന് വരുന്നത് എങ്ങനെയാണ് എന്നതാണ് പൗരത്വത്തെ സംബന്ധിച്ച മൗലിക ചോദ്യം. കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്ന കാര്യം പല രാജ്യങ്ങളും കൃത്യമായി നിർവചിച്ചിട്ടുണ്ട്. പല മാനദണ്ഡങ്ങളും ഇതിനു ഏർപ്പെടുത്തിയിട്ടുണ്ട്. നിരവധി സാങ്കേതിക കടമ്പകളിൽ കൂടികടന്നിട്ടേ ഒരു കുടിയേറ്റക്കാരന് പൂർണ പൗരത്വം ലഭിക്കൂ. അപ്പോൾ പോലും അതിനു പല പരിമിതികളും ഉണ്ടായിരിക്കും.
വ്യാവസായിക മുതലാളിത്തത്തിന്റെ ആവിർഭാവത്തിനു ശേഷം കുടിയേറ്റ നിയമങ്ങൾ പല രീതിയിലുള്ള പരിണാമങ്ങൾക്കു വിധേയമായിട്ടുണ്ട്. രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള അന്തരീക്ഷത്തിൽ കുടിയേറ്റ നിയമങ്ങൾ പല വികസിത മുതലാളിത്ത രാജ്യങ്ങളിലും മാറി മറിഞ്ഞു. കൊളോണിയൽ യുഗത്തിന്റെ അന്ത്യത്തോടെ പുതുതായി സ്വാതന്ത്ര്യം ലഭിച്ച രാജ്യങ്ങൾ പൗരത്വനിയമങ്ങളെ തങ്ങളുടെ സാമൂഹിക വീക്ഷണമനുസരിച്ചു തിരുത്തിയെഴുതി. മതവും സംസ്കാരവും ദേശീയതയും വംശീയതയുമൊക്കെ പലപ്പോഴും ഇതിൽ നിർണായക ഘടകങ്ങളായി.
ആഗോളവൽക്കരണം അതിന്റെ മൂർധന്യത്തിലേക്ക് നീങ്ങിയ നാളുകളിൽ, 90കൾക്ക് ശേഷം പൗരത്വ സങ്കൽപങ്ങൾക്കു വീണ്ടും ഇളക്കം തട്ടി. സോവിയറ്റ് യൂണിയന്റെ വിഘടനവും യൂറോപ്പിന്റെ ഏകീകരണവും ഇതിനാക്കം കൂട്ടി. ദേശീയ പ്രശ്‌നങ്ങളും പൗരത്വ പ്രശ്നങ്ങളും ആധുനികകാലത്തെ രാഷ്ട്രീയ പ്രശ്നങ്ങളായി വീണ്ടും ഉദയം ചെയ്തു. മുതലാളിത്തരാഷ്ട്രങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന പശ്ചാത്തലം പൗരത്വ സങ്കല്പങ്ങളെ ഇന്ന് വീണ്ടും മാറ്റങ്ങൾക്കു വിധേയമാക്കുകയാണ്. സാമ്പത്തിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഗുരുതരമായ ആഭ്യന്തര അസ്വസ്ഥതകളിൽ നിന്നും ജനങ്ങളെ വഴിതിരിച്ചു വിടുവാൻ പൗരത്വ പ്രശ്നങ്ങളെ ആയുധമാക്കാനും ഭരണാധിപർ പലരും ശ്രമിക്കുന്നതും കാണാം. വംശീയ വിദ്വേഷം പടർത്താനും സാങ്കല്പികശത്രുക്കളെ നിർമിക്കാനും പൗരത്വവും പൗരാവകാശങ്ങളും നല്ലൊരു ആയുധമാണ്. എല്ലാ തീവ്ര വലതുപക്ഷ ഭരണാധിപരും ഇത് നിസ്സങ്കോചം ഉപയോഗിക്കുന്നു. പുറത്തു നിന്ന് വരുന്നവരുമായി തങ്ങളുടെ അവകാശങ്ങളും പരിമിതമായ വിഭവങ്ങളും പങ്കുവയ്ക്കേണ്ടി വരുമോ, തങ്ങളുടെ രാജ്യത്തെ വേതന നിരക്കുകൾ താഴേക്ക് പോകുമോ എന്നിങ്ങനെയുള്ള ഭീതികൾ ജനങ്ങളിൽ പടർത്താൻ വളരെ എളുപ്പമാണ്.
വസ്തുതാപരമായ വിശകലനത്തിൽ അടിസ്ഥാന രഹിതമാണ് ഈ ആരോപണങ്ങളിൽ പലതും. തങ്ങൾ ഇന്നനുഭവിക്കുന്ന സൗഭാഗ്യങ്ങൾ പലതും കുടിയേറി പാർത്തവർ നിർമിച്ചതാണ് എന്ന വസ്തുതയും സൗകര്യ പൂർവം മറക്കുന്നു . എതാനും നൂറ്റാണ്ടു മുൻപ് കുടിയേറി പാർത്തവർ, അതും തദ്ദേശീയരെ തച്ചു തകർത്തു കൊണ്ട്, നിർമിച്ചെടുത്തതാണ് അമേരിക്ക എന്ന ആധുനിക രാഷ്ട്രം തന്നെ എന്ന ചരിത്രവും പാടെ മറക്കുന്നു. പുതിയ കമ്പോളങ്ങൾ തേടിപ്പിടിക്കാനുള്ള യൂറോപ്യൻ മൂലധനത്തിന്റെ ആസക്തിയാണ് കൊളോണിയൽ യുഗത്തിന് വഴിതെളിച്ചത്. അത്തരമൊരു അന്വേഷണമാണ് കൊളംബസിനെ അമേരിക്കയിലെത്തിച്ചത്. അന്ന് കുടിയേറ്റം മൂലധനത്തിന്റെ ആവശ്യമായിരുന്നു. സാങ്കേതികവിദ്യകൾ ലോകത്തെ ഒരൊറ്റ തൊഴിൽ കമ്പോളമാക്കിയ ഇന്ന് പ്രശ്‌നങ്ങൾ തികച്ചും വ്യത്യസ്തമാണ്. സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധികളിൽപെട്ട് ഉഴലുന്ന ഭരണകൂടങ്ങളാണ് പൗരത്വപ്രശ്നങ്ങൾ വീണ്ടും സജീവമാക്കുന്നത്. സമകാലിക ഇന്ത്യയിൽ പടരുന്ന മുസ്ലിം വിദ്വേഷത്തിന്റെയും ഇസ്ലാമിക അപരവൽക്കരണത്തിന്റെയും വേരുകൾ തിരയേണ്ടതും കേവലമായ മതാത്മകതയിലല്ല, കുറച്ചുകൂടിവിശാലമായ അധികാര ഘടനയിലാണ്. മാർക്സിന്റെ ‘ജൂത പ്രശ്നത്തെപ്പറ്റി’ എന്ന പ്രബന്ധം ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമാകുന്നത് അതിനാലാണ്. ♦