ഇന്ത്യയിൽ ആദ്യമായി നോബൽ സമ്മാനിതനാവുന്നത് രവീന്ദ്രനാഥ ടാഗോറാണ്. നമ്മുടെ ദേശീയ ഗാനമായ ജനഗണമനയുടെ കർത്താവും അദ്ദേഹം തന്നെ.
ശാന്തിനികേതന്റെയും വിശ്വഭാരതിയുടേയുമൊക്കെ സ്ഥാപകനും അദ്ദേഹം തന്നെ.
ശാന്തിനികേതന് ഈയടുത്തയിടെ യുനെസ്കോയുടെ ലോക പൈതൃക പദവി ലഭിച്ചു. ഇന്ത്യയിലെ പൈതൃക പദവി ലഭിച്ച നാല്പത്തി ഒന്നാമത്തെ സ്ഥലമാണ് ശാന്തിനികേതൻ. യുനെസ്കോയുടെ പൈതൃക പദവി അറിയിച്ചു കൊണ്ടുള്ള മൂന്നു ഫലകങ്ങൾ കഴിഞ്ഞ ദിവസം വിശ്വഭാരതിയുടെ മൂന്നു ഭാഗങ്ങളിലായി സ്ഥാപിക്കപ്പെട്ടു. അതിൽ രണ്ടു പേരുടെ പേരുകളാണ് കൊത്തിവെച്ചിട്ടുള്ളത്.
ചാൻസലർ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതും വൈസ് ചാൻസലർ ബിദ്യുത് ചക്രവർത്തിയുടേതും. ഒഴിവാക്കപ്പെട്ട പേര് രവീന്ദ്രനാഥ ടാഗോറിന്റേതാണ്! സ്ഥാപകന്റെ പേരില്ല. നടത്തിപ്പുകാരുടെ പേരുണ്ട്. ടാഗോർ ശാന്തിനികേതനിൽ നിന്ന് ഒഴിവാക്കപ്പെടുക എന്നത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിന്ന് ഗാന്ധിജി ഒഴിവാക്കപ്പെടുന്നതിന് സമമാണ്.
ഇന്ത്യയുടെ ദേശീയ ഗാനമായി വന്ദേ മാതരം മാത്രം മതി എന്ന് അഭിപ്രായമുള്ളവരാണ് ആർ എസ് എസുകാർ. ടാഗോറിന്റെ ദേശീയതാ സങ്കല്പനത്തിനോടും സ്വാതന്ത്ര്യ സമര കാഴ്ചപ്പാടിനോടൊന്നും യോജിപ്പില്ലാത്തവരാണ് ആർ എസ് എസുകാർ. ദേശീയതയെ മതവുമായി കൂട്ടിക്കുഴച്ച് വർഗീയത ആളിക്കത്തിച്ച് ജനപിന്തുണ നേടിയെടുക്കാൻ ശ്രമിക്കുന്ന ഒരു പാർട്ടിയാണല്ലോ ബിജെപി. എന്നാൽ “ദേശീയത ഒരു വലിയ ഭീഷണിയാണെന്ന് പറഞ്ഞയാളാണ് ടാഗോർ; അദ്ദേഹം സാർവ്വദേശീയതയുടെ വാക്താവായിരുന്നു. ഇന്ത്യയിൽ നിലനില്ക്കുന്ന ജാതിവ്യവസ്ഥയാണ് അദ്ദേഹത്തെ ഏറ്റവുമേറെ അലട്ടിയിരുന്നത്. ജാതികളെ വംശങ്ങളായാണ് അദ്ദേഹം കണ്ടത്. സ്വാതന്ത്ര്യ സമരം രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രം നേടിയെടുക്കാനാവരുത്; മാനവരാശിയുടെ പൊതുവായ മോചനമാണ് ലക്ഷ്യം വെക്കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അതിന് സങ്കുചിത ദേശീയത ദോഷം ചെയ്യും എന്നും ടാഗോർ കരുതി. സ്വയംപര്യാപ്തതയിലാണ് ഊന്നൽ നൽകേണ്ടത് എന്നും അദ്ദേഹം വാദിച്ചു. മാത്രമല്ല സ്വാതന്ത്ര്യ സമരപ്പോരാളികളായ ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങളെ അദ്ദേഹം ഇക്കാലത്ത് വളർത്തിയെടുത്തു. പ്രൊഫസർ പി സി മഹലനോബിസ്, ജഗദീഷ് ചന്ദ്രബോസ്, അരവിന്ദഘോഷ്, ബി സി റോയ്, സുഭാഷ് ബോസ്, ജവഹർലാൽ നെഹ്റു, മൗലാനാ അബ്ദുൾ കലാം ആസാദ് തുടങ്ങിയവർ അദ്ദേഹത്തിന്റെ ഉപദേശ നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് വളർന്നവരായിരുന്നു. മതാടിസ്ഥാനത്തിൽ അനാദികാലം മുതൽ ഇന്ത്യ ഹിന്ദു ദേശീയരാഷ്ട്രമായിരുന്നു എന്ന് വാദിക്കുന്നവർക്ക് എങ്ങനെയാണ് ടാഗോറിനെ സഹിക്കാനാവുക?
1901ലാണ് ടാഗോർ ശാന്തിനികേതൻ എന്ന വിദ്യാലയം സ്ഥാപിച്ചത്. ഇരുപത് കൊല്ലത്തിനു ശേഷം, 1921-ൽ സ്കൂളിനോടനുബന്ധിച്ച് ഒരു സർവകലാശാലയും സ്ഥാപിച്ചു. അതാണ് വിശ്വഭാരതി. ലോക സംസ്കാരത്തിന്റെ സമന്വയം ലക്ഷ്യമിട്ട് മഹാകവി സ്ഥാപിച്ച സ്ഥാപനം. 1951-ൽ പാർലമെന്റിലെ ഒരു നിയമം വഴി വിശ്വഭാരതിക്ക് കേന്ദ്ര സർവകലാശാലയുടെ പദവി കൊടുത്തു. അങ്ങനെയാണ് പ്രധാനമന്ത്രിമാർ അവിടെ ചാൻസലർ സ്ഥാനത്തെത്തിയത്. മോദി അങ്ങനെയാണ് വിശ്വഭാരതിയുടെ ചാൻസലർ ആയത്. അതാണ് ഇപ്പോൾ ചരിത്രം മാറ്റിയെഴുതുന്ന ദുരന്തമായി പരിണമിച്ചത്.
എന്തായാലും ദേശീയത സംബന്ധിച്ചും സ്വാതന്ത്ര്യ സമര പോരാട്ടം സംബന്ധിച്ചുമുള്ള ടാഗോറിന്റെ നിലപാടുകൾ ആർഎസ്എസിനോ ബിജെപിക്കോ ദഹിക്കുന്നതല്ല. വിശ്വപ്രസിദ്ധമായ ശാന്തിനികേതന്റെ സ്ഥാപകരിൽ ഒരാളായി ടാഗോറിന്റെ പേര് രേഖപ്പെടുത്തേണ്ടതില്ല എന്ന തീരുമാനത്തിന് പിന്നിൽ ഈ രാഷ്ട്രീയ വൈരാഗ്യമാണ് നിലനിൽക്കുന്നത്. ♦