Wednesday, May 8, 2024

ad

Homeലേഖനങ്ങൾതോട്ടിപ്പണിയും ഗ്രാമീണ തൊഴിൽ അവസരങ്ങളും

തോട്ടിപ്പണിയും ഗ്രാമീണ തൊഴിൽ അവസരങ്ങളും

റഷീദ്‌ ആനപ്പുറം

രിഷ്‌കൃത രാജ്യങ്ങൾക്കു മുമ്പിൽ ഇന്ത്യയുടെ മുഖം മലിനമാക്കുന്നതാണ്‌ ഇന്നും നിലനിൽക്കുന്ന തോട്ടിപ്പണി ( (manual scavengers). ആധുനിക സമുഹത്തിന്‌ ഒട്ടും ചേരാത്ത ‘കുല’ത്തൊഴിൽ.

സ്വാതന്ത്ര്യം കിട്ടി മുക്കാൽ നൂറ്റാണ്ട്‌ പിന്നിട്ടിട്ടും അപരന്റെ മലം ചുമക്കുന്ന ഏറ്റവും നീചമായ തൊഴിൽ നമ്മുടെ രാജ്യത്ത്‌ നിലനിൽക്കുന്നുവെന്നത്‌ അപമാനകരമാണ്‌. പിന്നോക്ക ജാതിയിൽപ്പെട്ടവരാണ്‌ ഈ തൊഴിലിൽ ഏർപ്പെടുന്നവർ. ലിംഗപരമായി നോക്കുമ്പോൾ കൂടുതലും സ്‌ത്രീകൾ. ഇന്ത്യൻ പാർലമെന്റും സുപ്രിംകാടതിയും വർഷങ്ങൾക്കു മുമ്പേ വിലക്കിയ ഈ തൊഴിൽ രാജ്യത്ത്‌ ഇന്നും പരസ്യമായി നിലനിൽക്കുന്നു എന്നത്‌ നമ്മുടെ സാമൂഹ്യ ജീവിതം എത്ര ഇരുണ്ടതാണെന്ന്‌ വ്യക്തമാക്കുന്നതാണ്‌. ഈ സാഹചര്യത്തിൽവേണം തോട്ടിപ്പണി രാജ്യത്ത്‌ പൂർണമായും നിർത്തലാക്കണണെമന്ന സുപ്രിംകോടതി വിധിയെ കാണാൻ.

മനുഷ്യവിസര്‍ജ്യം വൃത്തിയാക്കുന്നതാണ്‌ തോട്ടിപ്പണി. 2013-ലോ അതിനുശേഷമോ ഡ്രൈ ലാട്രിനുകളുടെ ശുചീകരണം, വൃത്തിഹീനമായ കക്കൂസുകളില്‍ നിന്നും മനുഷ്യ വിസര്‍ജ്ജ്യ വസ്തുക്കള്‍ തള്ളപ്പെടുന്ന തുറസ്സായ ഓടകളുടെ ശുചീകരണം, ഒറ്റക്കുഴി കക്കൂസുകളുടെ കുഴി വൃത്തിയാക്കൽ എന്നിവയാണ്‌ ഇപ്പോൾ തോട്ടിപ്പണിയിൽ വരിക.

രാജ്യത്ത്‌ 2013ൽ മാനുവൽ സ്‌കാവഞ്ചേഴ്‌സ്‌ പ്രൊഹിബിഷൻ ആൻഡ്‌ റീഹാബിലിറ്റേഷൻ നിയമം നിലവിൽ വന്നിരുന്നു. അതുപ്രകാരം ഈ തൊഴിൽ പൂർണമായും നിർത്തലാക്കി. അത്തരം തൊഴിലെടുക്കുന്നവരെ പുനരധിവസിപ്പിക്കണം എന്നാണ് ഈ നിയമം അനുശാസിക്കുന്നത്.

രാജ്യത്ത്‌ തോട്ടിപ്പണി പൂർണമായും നിർത്തലാക്കണമെന്നാണ്‌ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക്‌ സുപ്രീംകോടതി നിർദേശം നൽകിയത്‌. അഴുക്കുചാലുകളും മറ്റും വൃത്തിയാക്കുന്നതിനിടെ മരിച്ചവർക്കുള്ള നഷ്ടപരിഹാരം 30 ലക്ഷമായി ഉയർത്തണമെന്നും ജസ്റ്റിസ്‌ എസ്‌ രവീന്ദ്രഭട്ട്‌ അധ്യക്ഷനായ ബെഞ്ച്‌ ഉത്തരവിട്ടു. സ്ഥായിയായ അംഗവൈകല്യമുണ്ടായാൽ 20 ലക്ഷവും മറ്റ്‌ വൈകല്യങ്ങൾക്ക്‌ 10 ലക്ഷവും നഷ്ടപരിഹാരം നൽകണം. 1993 മുതൽ ഓടകളും സെപ്‌റ്റിക്ക്‌ ടാങ്കുകളും വൃത്തിയാക്കുന്നതിനിടെ മരിച്ചവരുടെ ബന്ധുക്കൾക്ക്‌ 10 ലക്ഷം രൂപ നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന്‌ 2014ൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ്‌ നഷ്ടപരിഹാരത്തുക വർധിപ്പിച്ച ഉത്തരവ്‌. പൗരർക്ക്‌ എല്ലാത്തരത്തിലും തുല്യത ഉറപ്പാക്കണമെന്ന ഭരണഘടനാ സ്രഷ്ടാക്കളുടെ സ്വപ്‌നം സാക്ഷാൽക്കരിക്കണമെങ്കിൽ തോട്ടിപ്പണിപോലുള്ളവ പൂർണമായി നിരോധിക്കണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

മുന്നിൽ യുപി
ബിജെപി ഭരിക്കുന്ന യോഗി ആദിത്യനാഥിന്റെ യുപി തന്നെയാണ്‌ തോട്ടിപ്പണിയുടെ കാര്യത്തിലും റെക്കോർഡിട്ടത്‌. 2022ൽ സാമൂഹ്യ നീതി മന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച കണക്കുപ്രകാരം രാജ്യത്ത്‌ 58,000 പേർ തോട്ടിപ്പണി ചെയ്യുന്നുണ്ട്‌. (റെയിൽവെയിൽ കക്കൂസ്‌ വൃത്തിയാക്കുന്നവർ ഇതിൽപെടില്ല). തൊഴിലാളികളിൽ 73.44 ശതമാനം പേർ ദളിത്‌ വിഭാഗത്തിൽപ്പെട്ടവരാണ്‌. തോട്ടിപ്പണി ചെയ്യുന്നവരിൽ 31,000 ലധികം ആളുകൾ യുപിയിലാണ്‌. 7,000 ത്തിലധികം പേർ മഹാരാഷ്‌ട്രയിൽ തോട്ടിപ്പണി ചെയ്യുന്നുണ്ട്. കേരളത്തിലും അറുനൂറ് പേരുള്ളതായി കണക്കുകൾ പറയുന്നു. മാൻഹോൾ വൃത്തിയാക്കുന്നതിനിടെ 776 ആളുകൾ അപകടത്തിൽ പെട്ട് മരണപ്പെട്ടിട്ടുണ്ട്. ഗുജറാത്തിലും തമിഴ്‌നാട്ടിലുമാണ് കൂടുതൽ. എന്നാൽ 444 ആളുകൾക്ക് മാത്രമാണ് 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരം വിതരണം ചെയ്തതെന്നും കേന്ദ്രസർക്കാർ പാർലമെന്റിൽ നൽകിയ മറുപടിയിലുണ്ട്. ഈ സാഹചര്യത്തിലാണ്‌ സുപ്രീംകോടതിയുടെ ഇടപെടൽ.

മാറണം സാമൂഹ്യ–തൊഴിൽ അന്തരീക്ഷം
കോടതി വിധി കൊണ്ട്‌ മാത്രം തോട്ടിപ്പണിക്ക്‌ അറുതിവരുമെന്ന്‌ കരുതാനാകില്ല. ഇവ പൂർണമായും തുടച്ചു നീക്കണമെങ്കിൽ തൊഴിൽപരമായും ജാതിപരമായും സമൂലമായ പരിഷ്‌കരണം ആവശ്യമാണ്‌. തൊഴിലിടങ്ങളിലെ സ്‌ത്രീകളുടെ അന്തസ്സ്‌ ഉയർത്തുകയും വേണം. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഗ്രാമങ്ങൾ കൊടിയ പട്ടിണിയിലാണ്‌. ലോകത്ത്‌ 125 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ ആഗോള പട്ടിണി സൂചിക 111–-ാം സ്ഥാനമാണ്‌. 2022ൽ ഇത്‌ 107 ആയിരുന്നു. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ചൈനയുടെ സ്ഥാനം ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലാണ് 2020ലെ രംഗരാജൻ റിപ്പോർട്ട്‌ പ്രകാരം ഇന്ത്യയിൽ ജനസംഖ്യയുടെ 22 ശതമാനവും പട്ടിണിയിലാണ്‌. പാക്കിസ്താൻ, ബംഗ്ലാദേശ്‌, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ അവസ്ഥ നമ്മുടേതിനേക്കാൾ മികച്ചതാണ്‌. ആഗോള പട്ടിണി സൂചിക പ്രകാരം സ്‌ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യാവസ്ഥ അപകടകരമാണ്‌. സ്‌ത്രീകളിൽ 58.1 ശതമാനവും കുട്ടികളിൽ 35.5 ശതമാനവും വിളർച്ചാ രോഗം നേരിടുന്നവരാണ്‌. മതിയായ പോഷണം കിട്ടാത്ത കുട്ടികൾ 16.6 ശതമാനമാണ്‌.

ഇന്ത്യയിൽ അസമത്വം വലിയ തോതിൽ ഉയർന്നതായി തോമസ്‌ പിക്കറ്റിയും ഓക്‌സ്‌ഫോർഡ്‌ ഇന്റർനാഷണൽ പ്യൂ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ടും 2010നും 2022നും ഇടയിൽ നടത്തിയ പഠനത്തിലും കണ്ടെത്തിയുണ്ട്‌. (അവലംബം മേരി ജോർജ്‌–-കേരള ഇക്കണോമി).

ഒരു തൊഴിൽ എന്ന നിലയിലാണ്‌ പല കുടുംബങ്ങളും ഇന്നും തോട്ടിപ്പണി ചെയ്യുന്നത്‌. അത്തരക്കാരെ അതിൽനിന്ന്‌ മോചിപ്പിക്കാൻ പുനരധിവാസ പാക്കേജ്‌ നടപ്പാക്കാൻ സുപ്രീംകോടതി ഉത്തരവിലുണ്ട്‌. എന്നാൽ സാമ്പത്തിക പാക്കേജുകൊണ്ട്‌ മാത്രം ഈ വിഭാഗത്തെ കൈപിടിച്ചുയർത്താനാകില്ല. അവർക്ക്‌ സ്ഥിരമായി തൊഴിൽ ലഭ്യമാക്കണം. അതിന്‌ ആദ്യം വേണ്ടത്‌ അസംഘടിത മേഖലയിൽ തൊഴിൽ അവസര ശേഷിയുടെ വളർച്ചയാണ്‌. എന്നാൽ, നമ്മുടെ രാജ്യത്ത്‌ അസംഘടിത മേഖലയിൽ തൊഴിലവസരം കൂടുന്നില്ല എന്നു മാത്രമല്ല, ഉള്ള അവസരം ഇല്ലാതാകുകയുമാണ്‌. കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന കോർപ്പറേറ്റ്‌ പ്രീണനവും പുതിയ തൊഴിൽ നിയമങ്ങളുമാണ്‌ ഇതിന്‌ കാരണം. ഈ വിഷയം കൃത്യമായി പരിഗണിച്ചും ആവശ്യമായ മാറ്റം വരുത്തിയുമല്ലാതെ തോട്ടിപ്പണി പോലുള്ള അപരിഷ്‌കൃതമായ പരമ്പരാഗത തൊഴിൽ മേഖലയിൽനിന്ന്‌ അത്തരം തൊഴിലാളികളേയും അവരുടെ കുടുംബങ്ങളെയും രക്ഷിക്കാനാകില്ല.

പരമ്പരാഗത തൊഴിൽ മേഖലയെ പൂർണമായും അവഗണിച്ച്‌ കോർപ്പറേറ്റുകളുടെ പിന്നിൽ അണിചേരുകയാണ്‌ കേന്ദ്ര സർക്കാർ. അവർക്കായി എന്ത്‌ വിട്ടുവീഴ്‌ചയ്-ക്കും സർക്കാർ തയ്യാറാണ്‌. കോവിഡാനന്തരം എല്ലാ മേഖലകളും തളർന്നപ്പോഴും കോർപ്പറേറ്റ്‌ മേഖലയുടെ ലാഭം 62–-75 ശതമാനംവരെ ഉയർന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സാമൂഹ്യ–-സുരക്ഷാ പദ്ധതികളിൽനിന്ന്‌ പിൻമാറിയപ്പോഴാണ്‌ കോർപ്പറേറ്റുകൾ കേന്ദ്രത്തിന്റെ തലോടലിൽ തഴച്ചു വളർന്നത്‌. നികുതി ഇളവ്‌ നൽകിയും സിംഗിൾ വിൻഡോ പോലുള്ള പദ്ധതികൾ ആവിഷ്‌കരിച്ചും കിട്ടാക്കടം എഴുതിത്തള്ളിയുമാണ്‌ കോർപ്പറേറ്റ്‌ ദാസ്യവേല കേന്ദ്ര സർക്കാർ നടപ്പാക്കിയത്‌.

സാമൂഹ്യ അടിസ്ഥാന മേഖലയെ കേന്ദ്ര സർക്കാർ പൂർണമായും അവഗണിച്ചിരിക്കുകയണ്‌. കോവിഡിന്‌ ശേഷം ആരോഗ്യ മേഖലക്ക്‌ കേന്ദ്ര സർക്കാർ പ്രത്യേക പരിഗണന നൽകേണ്ടതാണ്‌. എന്നാൽ പുതിയ ബജറ്റിൽ വകയിരുത്തിയ തുക 0.37 ശതമാനം മാത്രമാണ്. ദേശീയ ആരോഗ്യ നയം തന്നെ പറയുന്നത്‌ 2022ഓടെ ആരോഗ്യരംഗത്തെ ചെലവ്‌ ജിഡിപിയുടെ 2.5 ശതമാനം ആയി ഉയർത്തണമെന്നാണ്‌. വിദ്യാഭ്യാസ മേഖലയിലും കേന്ദ്ര വിഹിതം കുറവാണ്‌. പരമ്പരാഗത തൊഴിൽ മേഖലയുടെ നവീകരണം, മികച്ച വേതനം, ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള പിന്തുണ തുടങ്ങിയവയ്-ക്കായി കാത്തിരിക്കുമ്പോൾ സൂക്ഷ്‌മ –-ചെറുകിട–-ഇടത്തരം സംരംഭങ്ങൾക്കുള്ള വിഹിതം തന്നെ വെട്ടിക്കുറച്ചു. ഗ്രാമീണ മേഖലയിൽ ഏറ്റവും കൂടുതൽ തൊഴിലവസരം സൃഷ്‌ടിക്കുന്ന മഹാത്‌മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധയുടെ ചിറകും കേന്ദ്രം അരിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം 73,000 കോടിരൂപ ബജറ്റിൽ വകയിരുത്തിയപ്പോൾ ഈ തവണ അത്‌ 60,000 കോടിരൂപ മാത്രമാണ്‌. ഈ സാഹചര്യങ്ങൾ കാണാതെ കോടതി വിധിയുടെ അന്തഃസത്തയായ പുനരധിവാസം കാര്യക്ഷമമായി നടപ്പാക്കാനാകും എന്ന്‌ നമ്മൾ ആശിക്കരുത്‌. കാരണം ഇതൊരു തോട്ടിപ്പണിയുടെ മാത്രം വിഷയമല്ല. വിശാല അർത്ഥത്തിൽ കാണുമ്പോൾ സമാനമായ ദുർഘടവും അപരിഷ്‌കൃതവുമായ ഒട്ടേറെ കുല തൊഴിലുകളിൽ ഏർപ്പെട്ട വിഭാഗങ്ങൾ രാജ്യത്തുണ്ട്‌. അവരുടെ കാര്യവും പരിഗണിക്കപ്പെടേണ്ടതുണ്ട്‌. പരിഷ്‌കൃത കാലത്ത്‌ അതിനെല്ലാം കോടതി വിധിക്കായി കാത്തിരിക്കേണ്ടതില്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × 3 =

Most Popular