Saturday, June 22, 2024

ad

HomeസിനിമFast Lives: പ്രണയത്തിന്റെ ജന്മാന്തര സഞ്ചാരങ്ങൾ

Fast Lives: പ്രണയത്തിന്റെ ജന്മാന്തര സഞ്ചാരങ്ങൾ

രാധാകൃഷ്‌ണൻ ചെറുവല്ലി

റഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത പ്രമേയമാണ്‌ പ്രണയം. പ്രണയം അതിന്റെ ജൻഡർ അതിരുകൾ ഭേദിച്ചും മുൻകൂട്ടി നിർവചിക്കപ്പെട്ട അർഥതലങ്ങൾ ചാടിക്കടന്നും മുന്നേറുകതന്നെയാണ്‌. അവനവന്റെ നിഗൂഢ കാമനകളെ കലാസൃഷ്ടിയിൽ വായിച്ചെടുക്കാൻ കഴിയുമ്പോൾ പകർന്നുകിട്ടുന്ന ആനന്ദമാകാം ഈ പ്രമേയത്തോട്‌ ഇത്രമേൽ അടുപ്പം കൈവരാൻ കാരണം.

‘നാ’ യങ്ങും (Na Young) ‘ഹെ’ സങ്ങും (Hae Sung) പന്ത്രണ്ടു വയസ്സുകാരായ സ്‌കൂൾ കുട്ടികളാണ്‌. തെക്കൻ കൊറിയയിലെ സിയോളിലാണ്‌ പാർക്കുന്നത്‌. ഈ കുട്ടികൾ തനിക്ക്‌ കൂട്ടുകാരനോട്‌/കൂട്ടുകാരിയോട്‌ തോന്നുന്ന അടുപ്പം അമ്മമാരോട്‌ വെളിപ്പെടുത്തുന്നു. നമ്മുടെ നാട്ടിലെ അമ്മമാരെപ്പോലെ പൊട്ടിത്തെറിക്കാനോ ചീറാനോ ഭർത്സിക്കാനോ മുതിരുകയല്ല അവർ. ഹെയോട്‌ അവന്റെ അമ്മ ചോദിക്കുകയാണ്‌ Do you want to date with her? അവൻ തെല്ലൊരു നാണത്തോടെ അതെ എന്നു പറയുന്നു. ഡേറ്റിങ്ങ്‌ എന്ന സമ്പ്രദായം നമ്മുടെ നാട്ടിൽ സാധാരണമായി ഇനിയും മാറിയിട്ടില്ല. മുൻകൂട്ടി അനുവാദം വാങ്ങി സൗഹൃദം പങ്കിടുന്ന ആ സമ്പ്രദായത്തിന്‌ എന്തുകൊണ്ടാണ്‌ നമ്മുടെ മനോഘടനയിൽ സ്വീകാര്യത ലഭിക്കാതെ പോകുന്നത്‌. ഒളിപ്പിച്ചുവച്ച ലൈംഗികത്വരയോടെയല്ലാതെ നമുക്ക്‌ ഇതിനെ അഭിമുഖീകരിക്കാൻ ആവാത്തതാകും കാരണം. നമ്മുടെ ‘നാ’യുടെയും ‘ഹെ’യുടെയും മാതാക്കൾ കുട്ടികളുടെ ഡേറ്റിങ്ങിന്‌ മേൽനോട്ടം വഹിക്കുന്നു. എന്താണവരുടെ ഡേറ്റിങ്ങ്‌? ഒരു പാർക്കിൽ ഓടിക്കളിച്ചും ഒളിച്ചുകളിച്ചും തിമിർക്കുകയാണവർ. ‘നാ’യുടെ അച്ഛൻ എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമാണ്‌. അവൾക്കുമുണ്ട്‌ എഴുത്തിനോട്‌ കമ്പം. കൂടുതൽ മെച്ചപ്പെട്ട ‘ക്രിയേറ്റീവ്‌ സ്‌പേസി’നുവേണ്ടി അവർ അമേരിക്കയിലേക്ക്‌ കുടിയേറാൻ തീരുമാനിക്കുന്നു. കൊറിയക്കാർക്ക്‌ നോബേൽ പുരസ്‌കാരം ലഭിക്കില്ല എന്നാണവൾ കാരണമായി പറയുന്നത്‌.

ഇതാണ്‌ പാസ്റ്റ്‌ ലൈവ്‌സിലെ ഒന്നാം ഘട്ടം. രണ്ടാംഘട്ടത്തിൽ നാം കാണുന്നത്‌ ഇരുപത്തിനാലുകാരിയായ നോറ മൂൺ എന്ന കലാ വിദ്യാർഥിനിയെയാണ്‌. അവൾ നമ്മുടെ നാ യങ്ങ്‌ അല്ലാതെ മറ്റൊരുവളല്ല. കൊറിയൻ നാമം അവൾ ഉപേക്ഷിക്കുന്നു. അമേരിക്കയിൽ എത്തുന്ന ഒട്ടുമിക്ക ഏഷ്യാക്കാരെയും പോലെ സ്വന്തം സ്വത്വം അമേരിക്കൻ മുഖ്യധാരയ്‌ക്ക്‌ ഇണങ്ങുംവിധം സ്വന്തം പേര്‌ പരിഷ്‌കരിക്കുന്നു. നിർബന്ധിത പട്ടാള പരിശീലനവും പരാജയപ്പെട്ട ഒരു പ്രണയവും കഴിഞ്ഞ്‌ ഹേ സങ്ങ്‌ അങ്ങനെ നിൽപുണ്ട്‌, സിയോളിൽ. അവൻ പഴയ കൂട്ടുകാരിയായ നാ യങ്ങിനെ ഫെയ്‌സ്‌ബുക്കിൽ തിരഞ്ഞു. അങ്ങനെയൊരുവളില്ല. അവൻ നിരാശനാകുമ്പോഴാണ്‌ തന്റെ പഴയ പേരിൽ ഒരാൾ തന്നെ തിരയുന്ന വിവരം നോറ മൂൺ മനസ്സിലാക്കുന്നത്‌. പന്ത്രണ്ടുവർഷങ്ങൾക്കു ശേഷം കമ്പ്യൂട്ടർ സ്‌ക്രീനിൽ പഴയ ക്ലാസ്‌മേറ്റുകൾ മുഖാമുഖം കാണുന്നു. അതിശയം, അമ്പരപ്പ്‌, അലിവ്‌, പ്രണയം എന്നീ വികാരങ്ങൾ മിന്നിമറയുന്നു ആ മുഖങ്ങളിൽ. ഭൂഖണ്ഡങ്ങളെ ഭേദിച്ച്‌ പ്രണയം സഞ്ചരിച്ചെത്തുന്നു, കമ്പ്യൂട്ടർ സ്‌ക്രീനിൽ. രണ്ടു മനുഷ്യരുടെ വെർച്വൽ ഇമേജുകൾ മനുഷ്യചേതനകളുടെ അനുബന്ധമെന്നോണം പ്രത്യക്ഷമാകുന്നു. അവർ അവരല്ലെങ്കിലും അവർതന്നെയാണല്ലോ!

ഊണുമുറക്കവും നഷ്ടപ്പെടുത്തി ഇരുവരും കമ്പ്യൂട്ടറിന്റെ മുന്നിൽ തപസ്സിരിക്കുന്നു; മറ്റെയാളുടെ മുഖം കാണാൻ. എത്രമാത്രം മാറിപ്പോയിരിക്കുന്നു അവർ. പഴയ കളിക്കൂട്ടുകാർ ഒത്ത യുവതീയുവാക്കളായി പരിണമിച്ചിരിക്കുന്നു. ഒന്നു തൊടാൻ, ആലിംഗനം ചെയ്യാൻ, ചുംബിക്കാൻ കഴിയാതെ അവർ തങ്ങളുടെ ഇമേജുകളെ പ്രണയിക്കുന്നു. യഥാർഥ പ്രണയത്തെക്കാൾ തീവ്രമാണല്ലോ വിപ്രലംഭപ്രണയം. എന്നാൽ തങ്ങളുടെ പുനരാവിഷ്‌കൃത പ്രണയം എഴുത്തിനെ ബാധിക്കുമെന്നതിനാൽ കുറച്ചു കാലത്തേക്ക്‌ നാം പരസ്‌പരം കാണുന്നില്ലെന്ന്‌ നോറ പ്രഖ്യാപിച്ചു. ഹേ സങ്ങിന്‌ അത്‌ ഷോക്കായി. അവന്‌ കലശലായ അനുരാഗക്കലഹം പിടിപെട്ടു. നിനക്ക്‌ വേണ്ടെങ്കിൽ എനിക്കും വേണ്ട, അവനും തീരുമാനിച്ചു. ഋതുഭേദങ്ങൾ വന്നുപോകാതിരുന്നില്ല. കാലം ഇരുവരിലും മാറ്റം വരുത്താതെയുമിരുന്നില്ല. പന്ത്രണ്ടുകൊല്ലം വീണ്ടും കടന്നുപോകുന്നു.

ഇപ്പോൾ നോറ എഴുത്തു പരിശീലനശാലയിൽവച്ച്‌ പരിചയപ്പെട്ട എഴുത്തുകാരനായ ആർതർ സതുരൻസ്‌കിയുടെ ജീവിതപങ്കാളിയാണ്‌. പരസ്‌പരവിശ്വാസത്തിലും സ്‌നേഹത്തിലും നിലനിൽക്കുന്ന ബന്ധം. ആദ്യം കുറിയേറിയ ടൊറോൻടോയിൽനിന്നും നോറ ന്യൂയോർക്കിലെത്തി. സാധാരണഗതിയിൽ മുന്നോട്ടുനീങ്ങുന്ന നോറയുടെയും ആർതറിന്റെയും ജീവിതത്തിലേക്കാണ്‌ ഹേ സങ്ങ്‌ വന്നിറങ്ങുന്നത്‌.

നോറയെ കാണുമ്പോൾ ഹേയ്‌ക്കു മുന്നിൽ പഴയ കൊറിയൻ ജീവിതം പുനരാവിഷ്‌കരിക്കപ്പെടുന്നു. എന്നാൽ നോറ വെറൊരാളാണ്‌. അവർ നഗരം ചുറ്റിക്കാണുന്നു. നോറയ്‌ക്കും ആർതറിനുമിടയിലേക്ക്‌ കയറിവന്ന ബാല്യകാല സുഹൃത്ത്‌ നിശബ്ദമെങ്കിലും ചില വിള്ളലുകൾ സൃഷ്ടിക്കുന്നുണ്ട്‌. അമേിക്കൻ കുടിയേറ്റക്കാരുടെ സ്വത്വ പ്രതിസന്ധിയിലൂടെ ‘നാ യങ്ങ്‌’ എന്ന നോറയും കടന്നുപോയിട്ടുണ്ട്‌. നോറ തന്റെ പങ്കാളിയായത്‌ അമേരിക്കൻ പൗരത്വം നേടാനായിരുന്നോ എന്ന്‌ ആർതർ പലപ്പോഴും ശങ്കിക്കുന്നുണ്ട്‌. തികച്ചും അപരിചിതമായ ഭാഷയും സംസ്‌കാരവുമായെത്തിയ ഹേ സങ്ങ്‌ ആർതറിന്‌ അസ്വസ്ഥതകളാണ്‌ സമ്മാനിക്കുന്നത്‌. അവനെച്ചൊല്ലി അവർ തർക്കിക്കുന്നുണ്ട്‌. പഴയ കൂട്ടുകാരനോട്‌ കൂടുതൽ ചായ്‌വ്‌ കാട്ടുമോ നോറയെന്ന പേടിയും അയാൾക്കുണ്ട്‌. അവളുടെ സാന്ത്വനവാക്കുകൾ അയാൾക്ക്‌ ആശ്വാസമേകുന്നുമില്ല. എന്നാൽ ഒരുമിച്ചുള്ള അത്താഴവും ഗൃഹസന്ദർശനവും പഴയ ചങ്ങാതിമാരെ സങ്കീർണമായ അവസ്ഥയിൽ കൊണ്ടെത്തിക്കുന്നു. സ്വാഭാവികമായി വന്നുചേരുന്ന വൈകാരിക നിമിഷങ്ങളെ ബുദ്ധിസ്റ്റ്‌ സംയമനത്തോടെയും ധ്യാനാത്മകയോടെയും അവർ നേരിടുന്നു.

ആർതറും ഹേയും തമ്മിൽ നടത്തുന്ന ആശയവിനിമയം പരിമിതമായ ഭാഷാ പാരസ്‌പര്യത്തിൽ നിലച്ചുപോകുമ്പോൾ നോറ‐ഹേ സംസാരം കൊറിയൻ ഭാഷയിൽ മുന്നേറുന്നു. അവർ പങ്കിടുന്ന ആശയങ്ങളെ അവരെ ബന്ധിക്കുന്ന വൈകാരികതലങ്ങളെ ഗ്രഹിക്കാനാകാതെ ആർതർ കുഴങ്ങുന്നു. ഒരു കൊറിയൻ വിശ്വാസം ഹേ നോറയുമായി പങ്കിടുന്നു. ഇപ്പോൾ പ്രണയത്തിലായവരൊക്കെയും പൂർവജന്മങ്ങളിൽ പ്രണയബദ്ധരായിരുന്നു. കഴിഞ്ഞ ഏതോ ജന്മത്തിലെ ജീവിതമാണ്‌ നാം അനുഭവിക്കുന്നത്‌. വരുന്ന ജന്മങ്ങളിലേതോ ഒന്നിൽ വീണ്ടുമവർ കണ്ടുമുട്ടും. എന്നാൽ അടുത്ത ജന്മത്തിൽ തങ്ങൾ പഴയ മട്ടിൽ കണ്ടുമുട്ടുമോ?

ഒടുവിൽ ഹൃസ്വസന്ദർശനം മതിയാക്കി ഹേ മടങ്ങുന്നു. അവളുടെ അപ്പാർട്ടുമെന്റിനു പുറത്ത്‌ യൂബർ ടാക്‌സി എത്തുന്നു. ഒരു ചുംബനം കൈമാറാൻ തുടിക്കുന്നുവെങ്കിലും അവർക്കതിനു കഴിയുന്നില്ല. വിഷാദമഗ്നനായി ഹേ ട്രെയിനിന്റെ ജാലകത്തിലൂടെ പുറത്തേക്ക്‌ നോക്കുന്നു. ട്രെയിൻ അകന്നുപോകുന്നു.

സെലിൻ സോങ്ങ്‌ (Seline Song) തന്റെ ജീവിതാനുഭവങ്ങളെ മുൻനിർത്തിയാണ്‌ ഈ കൊറിയൻ‐ഇംഗ്ലീഷ്‌ ഭാഷകളിലുള്ള അമേരിക്കൻ ചിത്രം സംവിധാനം ചെയ്‌തത്‌. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മനുഷ്യരുടെ മുൻ ജീവിതങ്ങൾ വർത്തമാനകാല യാഥാർഥ്യങ്ങളിലേക്ക്‌ കടന്നുവരുമ്പോൾ ഉണ്ടാകുന്ന സംഘർഷങ്ങളെയാണ്‌ ഈ ചിത്രം മുഖ്യ പ്രമേയമാക്കുന്നത്‌. പിന്നിലുപേക്ഷിച്ചുപോയ മണ്ണും മനുഷ്യരും ഉള്ളിൽ നട്ടുവളർത്തിയ നിത്യഹരിതോദ്യാനത്തിൽ നിന്നും ഇറങ്ങിപ്പോകാൻ വിസമ്മതിക്കുന്നത്‌ കുടിയേറ്റത്തിന്റെ മഹാ സമസ്യകളിലൊന്നാണ്‌. ഭാവിയും ദേശവും പിന്നിട്ടുവന്നാലും മറ്റൊരു സംസ്‌കാരത്തിൽ വേരുറപ്പിക്കാൻ നോക്കിയാലും ഇവരുടെ സ്വപ്‌നങ്ങളിലെ ഭാഷ മാതൃഭാഷ തന്നെയായിരിക്കും.

രേഖീയമായ ആഖ്യാനമല്ല സിനിമയ്‌ക്കുള്ളത്‌. തുടക്കത്തിൽ ഒരു വെള്ളക്കാരനും രണ്ടു കൊറിയക്കാരും ഒരു റെസ്‌റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതായാണ്‌ നാം കാണുന്നത്‌. ആരാണിവർ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ്‌ അവരുടെ മുൻ ജീവിതത്തിലേക്ക്‌ സിനിമ കടക്കുന്നത്‌.

പിന്നിട്ട കാലത്തിലെ സൗഹൃദങ്ങൾ വർത്തമാനകാലത്തിലേക്ക്‌ പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ കടന്നുവരുമ്പോൾ ഉണ്ടാകുന്ന പൊള്ളൽ നാം വിജയ്‌ സേതുപതിയും തൃഷയും വേഷമിട്ട 96 എന്ന തമിഴ്‌ ചിത്രത്തിൽ നാം കണ്ടതാണ്‌. ഇരു ചിത്രങ്ങൾ തമ്മിൽ വിദൂരമായ ബന്ധം കാണാനാവും. പാസ്റ്റ്‌ ലൈവ്‌സ്‌ വളരെ സൂക്ഷ്‌മമായാണ്‌ വിഷയത്തെ സമീപിക്കുന്നത്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 − three =

Most Popular