1948ൽ അന്തർജ്ജനസമാജം അരങ്ങേറ്റുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത തൊഴിൽകേന്ദ്രത്തിലേക്ക് എന്ന നവോത്ഥാനനാടകം പിന്നീടു പല സ്ത്രീമുന്നേറ്റങ്ങളും എന്നപോലെ വിസ്മൃതിയിലാണ്ടു പോയി. എഴുത്തുകാരും നാടകക്കാരും മ്യൂസിയം പീസെന്നോണം കൈകാര്യം ചെയ്തുപോന്ന ആ നാടകത്തിന്റെ വർത്തമാനകാല പ്രസക്തി മനസ്സിലാക്കി സമൂഹമധ്യത്തിൽ വീണ്ടും അവതരിപ്പിച്ചത് 60 വർഷങ്ങൾക്കു ശേഷമാണ്. 2008 നവംബർ ഒന്നിന് ഈ ലേഖകൻ എഡിറ്റു ചെയ്തു കോഴിക്കോടു സർവ്വകലാശാല പ്രസിദ്ധീകരിച്ച തൊഴിൽകേന്ദ്രത്തിലേക്ക് നാടകം സംഗീതനാടക അക്കാദമിയിൽ നിലമ്പൂർ ആയിഷ പ്രകാശനം ചെയ്തു.
അതിനെ തുടർന്നു നാടകത്തിനു നിരവധി പതിപ്പുകളിറങ്ങി.പഠനങ്ങൾ നടന്നു. സിനിമ വന്നു.കേരളത്തിലെ സർവ്വകലാശാലകളിൽ പാഠപുസ്തകമായി. 2023 നാടക പ്രസിദ്ധീകരണത്തിന്റെ 75‐ാ-മത് വർഷമാണ്. രണ്ടാം പതിപ്പിറങ്ങിയതിന്റെ പതിനഞ്ചാം വർഷവും.
ഒന്ന്
മാനവികതയാണ് നവോത്ഥാനത്തിന്റെ കാതലായ ആശയം. മതം, ജാതി, വംശം, ലിംഗം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വിവേചനം ഇല്ലാത്ത സമുദായവ്യവസ്ഥ നവോത്ഥാനത്തിന്റെ സംഭാവനയാണ്. ഇവിടെ മനുഷ്യനാണ് മാനദണ്ഡം. മനുഷ്യനെന്നനിലയിലുള്ള അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിക്കാനുള്ള സമാനാധപരവും അല്ലാത്തതുമായ അനവധി സമരങ്ങളുടെ സൃഷ്ടിയാണ് നവോത്ഥാനം. അടിമത്തത്തിനു തുല്യമായ നരകയാതന അനുഭവിക്കേണ്ടിവന്ന അടിത്തട്ടിലെ മനുഷ്യര്‍ മുതല്‍ സമൂഹത്തിലെ മേലെത്തട്ടിലെ സവര്‍ണരിലടക്കം മാറ്റമുണ്ടാക്കിയ കാലമായിരുന്നു അത്. ജാതിമതാതീതമായി മനുഷ്യര്‍ക്കിടയില്‍ സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും സ്ഥാപിക്കാനുള്ള വെമ്പല്‍ ആ കാലത്തിന്റെ പ്രത്യേകതയാണ്. ഭൂദേവന്മാരെന്നവകാശപ്പെട്ട ബ്രാഹ്മണസമുദായത്തിനകത്തും അനവധി അസ്വസ്ഥതകള്‍ പുകയുന്നുണ്ടായിരുന്നു. ഭൗതികസമ്പന്നതയേക്കാള്‍ വിലപ്പെട്ടതാണ് മാനുഷികമായ അന്തസ്സും അംഗീകാരവുമെന്ന് ആ സമുദായത്തിലെ യുവതീയുവാക്കള്‍ തിരിച്ചറിഞ്ഞതിന്റെ ഫലമാണ് ഉണ്ണിനമ്പൂതിരി പ്രസ്ഥാനവും അന്തര്‍ജ്ജനസമാജവും. ഇവയുടെ പ്രവര്‍ത്തനങ്ങളില്‍ നാരായണഗുരുവിന്റെ ആദര്‍ശമാണ് വഴികാട്ടിയതെന്ന് നമ്പൂതിരിസമുദായപരിഷ്‌കരണ പ്രസ്ഥാനത്തിന്റെ നേതാവ് വി.ടി. ഭട്ടതിരിപ്പാട് എടുത്തുപറയുന്നുണ്ട്. രണ്ടാമത്തെ പ്രചോദനം ‘നമ്പൂതിരിയെ മനുഷ്യനാക്കാന്‍’ എന്ന പേരില്‍ പ്രശസ്തമായ ഇ.എം.എസിന്റെ 1944-ലെ ഓങ്ങല്ലൂര്‍ പ്രസംഗവും.
മാനസികമായ അടിമത്തം വെടിയാനും തൊഴിലെടുത്തു ജീവിക്കാനുമുള്ള ആഹ്വാനം അന്തര്‍ജ്ജനങ്ങളുടെ മനസ്സുപിടിച്ചുലച്ചു. അതിന്റെ ഫലമായിരുന്നു തൊഴില്‍കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കം. നൂല്‍നൂല്പ്, നെയ്ത്, തുന്നല്‍, ഹിന്ദിപഠനം തുടങ്ങിയ തൊഴിലുകള്‍ അഭ്യസിപ്പിക്കുക ലക്ഷ്യമാക്കി ആദ്യത്തെ തൊഴില്‍കേന്ദ്രം അന്തര്‍ജ്ജനസമാജത്തിന്റെ നേതൃത്വത്തില്‍ പാലക്കാട്ട് ലക്കിടി ചെറുമംഗലം മനയില്‍ 1947 ജൂണ്‍ മാസത്തില്‍ ഉദ്ഘാടനം ചെയ്തു.
രണ്ട്
വിവാഹശേഷം അടുക്കളയിലെ ഉപകരണമായും പുരുഷന്റെ സുഖസാധനമായും ഭാര്യയെ കണക്കാക്കിയ ഭര്‍ത്താവിനോട് കലഹിച്ചിറങ്ങിയ ദേവകിയുടെ ധീരപ്രവൃത്തിയാണ് നാടകത്തിലെ ഒരു പ്രമേയം. വീട്ടിലെ ഭാരം ഒഴിവാക്കാനും പണം മോഹിച്ചും നമ്പൂതിരി പെണ്‍കിടാങ്ങളെ ‘കാന’ ജില്ലയിലെ സീര്‍സി, സിദ്ധപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി വില്‍ക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. ധർമ്മവേളിയെന്നു പേരിട്ട ഈ വില്പനയ്ക്കു നിശ്ചയിക്കപ്പെട്ട ദേവസേനയെന്ന 13 വയസ്സുകാരിയെ രക്ഷപ്പെടുത്തലാണ് നാടകത്തിന്റെ രണ്ടാം പ്രമേയം. ഭര്‍ത്താവിന്റെ കാഴ്ചപ്പണ്ടമല്ലെന്നു പ്രഖ്യാപിച്ചിറങ്ങിയ ദേവകിക്കും വില്പനയില്‍ നിന്നു രക്ഷപ്പെടുത്തിയ ഇര ദേവസേനയ്ക്കും സംരക്ഷണമേകിയത് തൊഴില്‍കേന്ദ്രമാണ്. സ്ത്രീഅടിമത്തത്തിനെതിരെ പൊരുതാനും ലോകത്തിന്റെ വിശാലതയിലേക്കു വളരാനുമുള്ള സ്വാതന്ത്ര്യാഭിലാഷങ്ങളുടെ ഇത്തരം പ്രകടനങ്ങള്‍ എഴുപതുവര്‍ഷം മുമ്പ് പ്രകടിപ്പിച്ച നാടാണ് കേരളമെന്ന് ഇത്തരുണത്തില്‍ ഓര്‍ക്കാം.
അടുക്കള, മറക്കുട, ഋതുമതി ഈ മൂന്നവസ്ഥകള്‍ സ്ത്രീക്കു തീര്‍ത്ത തടവറകളാണ് അവര്‍ പൊളിച്ചു രംഗത്തുവന്നത്. അതിനൊരു പിന്മടക്കം സംഭവിച്ചുവോ? എങ്കില്‍ ആരാണുത്തരവാദി? യാതൊരു രു സംശയവും വേണ്ട. മുച്ചൂടും നശിച്ചു പോകാതിരുന്ന ഭൂപ്രഭുത്വ-നാടുവാഴി മൂല്യവ്യവസ്ഥ തന്നെയാണ് പ്രതി. പതാകപത്രത്തിന്റെ നടത്തിപ്പുകാരനും ദേവകിയുടെ വക്കീലായ ഭര്‍ത്താവും അതിന്റെ പ്രതിനിധികളാണ്.
ആധുനികവിദ്യാഭ്യാസം ലഭിച്ചെങ്കിലും യാഥാസ്ഥിതികമനോഭാവക്കാരനായ വക്കീലിനെ പരിഷ്‌കാരത്തിന്റെ സ്യൂട്ടിലുള്ള തന്ത്രശാലിയായ പിന്തിരിപ്പനെന്നാണ് നാടകത്തില്‍ പരിചയപ്പെടുത്തുന്നത്. അയാളാകാട്ടെ, താനൊരു ആര്‍.എസ്.എസ്. സമരഭടനാണെന്ന് സ്വയം ഊറ്റംകൊള്ളുന്നയാളുമാണ്. അയാളുടെ അഭിപ്രായപ്രകാരം, സ്ത്രീകള്‍ പാടുന്നത് നന്നല്ല. യോഗക്ഷേമപ്രവര്‍ത്തനം കമ്യൂണിസ്റ്റുകളുടെ തെറി കേള്‍ക്കാന്‍ പോകലാണ്. സ്ത്രീകള്‍ ഹൈന്ദവ മഹാസമ്മേളനത്തിനാണ് പോകേണ്ടത്. അവര്‍ പൂമുഖത്തു വരാന്‍ പാടില്ല. പെണ്‍കുട്ടികളെ ലേലത്തില്‍ വില്‍ക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ മുഴുവന്‍ സംഖ്യയും മുന്‍കൂട്ടി വാങ്ങണം. ഭര്‍ത്താക്കന്മാരുടെ ഹിതംനോക്കി നടക്കുന്നതാണ് സ്ത്രീകള്‍ക്കു നല്ലത്. സ്വാതന്ത്ര്യംതേടി പുറത്തിറങ്ങുന്ന സ്ത്രീകളില്‍ തൊണ്ണൂറുശതമാനം പിഴച്ചവരാണ്. തൊഴില്‍ശാലകള്‍ വ്യഭിചാരശാലകളാണ്. ഇത്തരത്തിലാണ് യാഥാസ്ഥിതികനായ വക്കീലിന്റെ വെളിപാടുകള്‍.
വെളിച്ചത്തിനായി പിടയുന്ന സ്ത്രീത്വത്തെ ഇരുളിന്റെ കയങ്ങളിലേക്കു വലിച്ച് ആഴ്ത്താനുള്ള ആണ്‍കോയ്മയുടെ അധികാരവാസനയാണ് വക്കീലിന്റെ സ്വഭാവത്തില്‍ പ്രകടമാക്കുന്നത്. ബ്രാഹ്മണപിതൃമേധവിത്വം എന്നു ഉമാചക്രവര്‍ത്തിയും (പ്രശസ്ത സ്ത്രീ ചരിത്രകാരിയും ദില്ലി സര്‍വ്വകലാശാലാ പ്രൊഫസറും) മറ്റും തൊണ്ണൂറുകളില്‍ത്തന്നെ വിശദീകരിച്ച ആശയത്തോടു പൂര്‍ണമായും യോജിച്ചു നില്‍ക്കുകയാണ് കേരളബ്രാഹ്മണ്യത്തിന്റെ മേല്‍ക്കോയ്മരൂപവും ആര്‍,എസ്.എസ്. വളണ്ടിയറുമായ വക്കീലും പതാക പത്രാധിപരും. ഈ യാഥാസ്ഥിതികതയ്‌ക്കെതിരെ നടന്ന സമരത്തിന്റെ സാക്ഷ്യമാണ് യോഗക്ഷേമ സഭ, ഉണ്ണിനമ്പൂതിരി, അന്തര്‍ജ്ജനസമാജം പ്രവര്‍ത്തനങ്ങളില്‍ പ്രകടമായ സ്ത്രീസാന്നിധ്യം. ദേശീയപ്രസ്ഥാനത്തിലും നവോത്ഥാനമുന്നേറ്റങ്ങളിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളിലും ഈ അന്തര്‍ജ്ജനങ്ങളും തമ്പുരാട്ടിമാരും സജീവമായി പങ്കെടുത്തുവെന്നതു ചരിത്രം.
ജാതി-ജന്മി-നാടുവാഴിത്തം സൃഷ്ടിച്ച പുരുഷമേല്‍ക്കോയ്മക്കെതിരെ നാടകം പ്രതികരിച്ചതെന്ന് ദേവകിയും വക്കീലും തമ്മിലുള്ള ഒരു സംഭാഷണഭാഗം ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാം. നാടകാവസാനം ദേവസേനയെ രക്ഷപ്പെടുത്താന്‍ പോകുന്ന സമാജംപ്രവര്‍ത്തകര്‍ക്കൊപ്പമിറങ്ങിയ ദേവകിക്ക് പിന്നിലുപേക്ഷിക്കേണ്ടിവന്നത് സ്വന്തം ദാമ്പത്യജീവിതം തന്നെയാണ്. അതിലവള്‍ക്ക് അശേഷം ദുഃഖമില്ലെന്ന് ഭര്‍ത്താവിനു നല്‍കുന്ന ചുട്ടമറുപടിയില്‍നിന്നു മനസ്സിലാക്കാം.
1948-ല്‍ തൊഴില്‍കേന്ദ്രത്തിലേക്ക് പുസ്തകമായി അന്തര്‍ജ്ജനസമാജം പ്രസിദ്ധീകരിച്ചപ്പോള്‍ ആമുഖമെഴുതിയ എം.സി. നമ്പൂതിരിപ്പാടിന്റെ വാക്കുകള്‍ ഇപ്രകാരമാണ്: ‘‘അന്ന് വി.ടി.യുടെ ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്’ എന്ന പ്രഹസനം വൈദികാധികാരത്തിന്റെ ആയുധശാലയ്ക്കാണ് തീ കൊടുത്തതെങ്കില്‍ ഇന്ന് ‘തൊഴില്‍കേന്ദ്രത്തിലേക്ക്’ എന്ന നാടകം പുരുഷമേധാവിത്വത്തിന്റെ നേര്‍ക്കാണ് കൈയ്യോങ്ങുന്നത്.” എന്നാല്‍, ഇന്ത്യയിലെ സമകാലിക സാമൂഹികാന്തരീക്ഷം ബ്രാഹ്മണപിതൃമേധാവിത്തത്തിന്റെ ശക്തമായ പടരലിന് ആക്കം കൂട്ടുന്നതാണ് സമകാലിക ഇന്ത്യനവസ്ഥ. ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഇഴഞ്ഞുനീങ്ങിയ ബ്രാഹ്മണപിതൃമേധാവിത്വം വിവിധ രീതികളിലൂടെ തിരിച്ചുവരവിനു ശ്രമിക്കുന്നതായി കാണാം. ആചാര പുനഃസ്ഥാപനവും ജാതിചിന്തയുടെ വളര്‍ച്ചയും സ്ത്രീകളുടെ പിന്നാക്കാവസ്ഥയും ഈ വ്യവസ്ഥയുടെ അടിസ്ഥാനമാണ്. ഇത്തരം സന്ദര്‍ഭത്തില്‍ കേരളീയ നവോത്ഥാനത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ചെറിയ പ്രതിരോധങ്ങളുടെ ഓര്‍മപോലും നമുക്ക് ശക്തിപകരും. അതാണ് നാടകത്തിന്റെ പ്രസക്തിയും. ♦