Monday, October 14, 2024

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍കമ്യൂണിസ്റ്റായ ഭാരതീയൻ

കമ്യൂണിസ്റ്റായ ഭാരതീയൻ

കെ ബാലകൃഷ്ണൻ 

വിഷ്ണുഭാരതീയൻ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും പിന്നെ ജനസംഘവും വീണ്ടും കമ്യൂണിസ്റ്റും ഒക്കെയായിരുന്നു. ഭൗതികവാദവുമായി ഒരിക്കലും പൊരുത്തപ്പെട്ടു പോകാനാവാഞ്ഞിട്ടും കർഷകപ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവാകാനും കമ്യൂണിസ്റ്റ് പാർട്ടിയുടെ തുടക്കത്തിൽ സുപ്രധാന പങ്കുവഹിക്കാനും അദ്ദേഹത്തിന് സാധിച്ചു. പിൽക്കാലത്ത് ഭക്തകവിയായി മാത്രം ചുരുങ്ങിപ്പോയ സുബ്രഹ്മണ്യൻ തിരുമുമ്പിനെക്കുറിച്ചുള്ള അധ്യായത്തിൽ തിരുമുമ്പിന്റെയും ഭരതീയന്റെയും സമാനത സൂചിപ്പിക്കുകയുണ്ടായി. ആസ്തികനായ ഭാരതീയൻ കർഷകപ്രസ്ഥാനത്തിന്റെ നേതാവാകുന്നതിൽ അക്കാലത്ത് പൊരുത്തക്കേടില്ലെന്ന്‌ കൃഷ്ണപിള്ള മനസ്സിലാക്കുകയും പ്രാവർത്തികമാക്കുകയുമായിരുന്നു. തിരുമുമ്പിന്റെ കാര്യത്തിലും അതുണ്ട്. ഭാരതീയന്റെ മൂത്തമകന്റെ പേര് ബാലഗംഗാധരതിലകൻ എന്നാണ്. ഇളയമകന്റെ പേര് ഗോപാലകൃഷ്ണ ഗോഖലെ എന്നും. കോൺഗ്രസ് നേതാവായിരിക്കെത്തന്നെ കടുത്ത ആത്മീയവാദിയും ഹിന്ദുത്വവാദിയുമായിരുന്നു തിലകൻ. ഗോഖലെയാകട്ടെ ഹിന്ദുത്വവാദത്തിന് എതിർനിന്ന കോൺഗ്രസ് നേതാവാണ്. ഭാരതീയനിലും ആശയപരമായി വൈരുദ്ധ്യങ്ങളുടെ ഏറ്റുമുട്ടലുണ്ടായിരുന്നു.  എന്നാൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം രൂപംകൊള്ളുന്നതിൽ കമ്യൂണിസ്റ്റല്ലാത്ത അദ്ദേഹത്തിന്റെ സംഭാവനകൾ അവിസ്മരണീയമാണുതാനും.

1892 സെപ്റ്റംബർ ആറിന് കണ്ണൂർ ജില്ലയിലെ നണിയൂരിൽ വയക്കോത്ത് മൂലക്കൽ മഠത്തൽ കല്യാണിയമ്മയുടെയും ഈശ്വരൻ നമ്പീശന്റെയും മകനായി ജനിച്ച വി.എം. വിഷ്ണു നമ്പീശനാണ് ഭാരതീയൻ എന്ന പേരിൽ പ്രസിദ്ധനായത്. 1918ലെ ഒരുദിവസം കുഞ്ഞിമംഗലത്തുനിന്ന് നണിയൂരിലേക്ക്് ധർമശാലവഴി നടന്നുവരുമ്പോൾ അറിഞ്ഞ ഒരു സംഭവമാണ് വിഷ്ണുവിനെ കടുത്ത സാമ്ര്യാജ്യത്വവിരുദ്ധനാക്കിയത്. പറശ്ശിനിക്കും ധർമശാലക്കുമിടയിലുള്ള ഒരു സ്ഥലത്ത് പറമ്പിൽ ജോലിചെയ്തുകൊണ്ടിരുന്ന ഒരു യുവതിയെ അതുവഴി മോട്ടോർ സൈക്കളിൽ വന്ന ബ്രിട്ടീഷ് പട്ടാളക്കാരൻ ബലാൽസംഗം ചെയ്തു. സങ്കടവും രോഷവുമുണ്ടായിട്ടും ഒന്നുംചെയ്യാനാവാതെ നിസ്സഹായരായി നിൽക്കുന്ന ജനക്കൂട്ടത്തെയാണ് വിഷ്ണു കണ്ടത്. അന്നാണ് വിഷ്ണു കോൺഗ്രസ്സിൽ ചേരാനും ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാകാനും തീരുമാനിച്ചത്. അക്കാലത്ത് വടക്കേ മലബാറിൽ കോൺഗ്രസ്സിന്റെ പ്രവർത്തനം സജീവമായിക്കഴിഞ്ഞിട്ടില്ല. അങ്ങിങ്ങ് ഏതാനുംപേർ മാത്രമാണ് കോൺഗ്രസ്സുകാർ. വടക്കേ മലബാറിലെ ആദ്യത്തെ കോൺഗ്രസ്സുകാരിലൊരാളായിത്തീർന്ന വിഷ്ണു താൻ പ്രവൃത്തിയെടുത്ത് താമിസിക്കുന്ന കുഞ്ഞിമംഗലത്തും തന്റെ നാടായ കൊളച്ചേരി മേഖലയിലും കോൺഗ്രസ്സിന്റെ സന്ദേശം എത്തിച്ചു. വീടുവീടാന്തരം കയറി അംഗത്വം നൽകി കോൺഗ്രസ് ഘടകങ്ങൾ രൂപീകരിച്ചു. കുഞ്ഞിമംഗലത്ത് അമ്മാവന്റെ വീട്ടിൽ താമസിച്ച് ചെറിയചെറിയ ജോലികൾ ചെയ്തു ജീവിക്കുകയായിരുന്ന വിഷ്ണു ദാരിദ്ര്യം സഹിക്കാതെ നാടുവിട്ടുപോവുകയുമുണ്ടായി. തിരുവിതാംകൂറിൽ പോയി പ്രവൃത്തിയെടുത്ത് ജീവിക്കുന്ന ബന്ധുവിന്റെ കാര്യസ്ഥനായി വൈക്കം തുടങ്ങിയ മേഖലകളിൽ പോകേണ്ടിവന്നപ്പോൾ അവിടെയും കോൺഗ്രസ് പ്രവർത്തനത്തിൽ വലിയപങ്ക് വഹിച്ചു.

ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ സ്വാതന്ത്ര്യസമരത്തിൽ സജീവമായ വിഷ്ണു നമ്പീശൻ കേളപ്പന്റെ നേതൃത്വത്തിലുള്ള ഉപ്പ് സത്യാഗ്രഹ ജാഥയെ പയ്യന്നൂരിൽ സ്വീകരിക്കുന്നതിന് നേതൃത്വംനൽകി. തുടർന്ന് പയ്യന്നൂരിലും കുഞ്ഞിമംഗലത്തും രാമന്തളിയിലും ഉപ്പുകുറുക്കൽ സമരത്തിന് നേതൃത്വം നൽകി. 1931ൽ വട്ടമേശസമ്മേളനത്തിൽ നിയമലംഘനസമരം തൽക്കാലം നിർത്തിവെക്കുന്നതിനുള്ള സന്ധിയിൽ ഒപ്പിട്ട് തിരിച്ചെത്തിയ ഗാന്ധിജിയെ ബോംമ്പെ തുറമുഖത്തുവെച്ച് അറസ്റ്റ് ചെയ്ത ചതിയിൽ പ്രതിഷേധിച്ച് നാടെങ്ങും സമരം നടന്നു. കണ്ണൂരിൽ വിദ്യാർഥികൾ ക്ലാസ് ബഹിഷ്കരിച്ച് പ്രകടനം നടത്തി. ലാത്തിച്ചാർജും നിരോധനാജ്ഞയുമുണ്ടായി. ഭാരതീയനടക്കമുള്ള നേതാക്കൾക്ക് അറസ്റ്റ്‌ വാറണ്ട് പുറപ്പെടുവിച്ചു. നിരോധനാജ്ഞ ലംഘിച്ച് കണ്ണൂർ വിളക്കുംതറ മൈതാനത്ത് കോൺഗ്രസ് പൊതുയോഗം ചേർന്നു. പൊലീസിന്റെ കണ്ണുവെട്ടിച്ച് സ്ഥലത്തെത്തിയ ഭാരതീയൻ, കേരളീയൻ, കെ.പി.ഗോപാലൻ എന്നിവരാണ് പ്രകടനംനടത്തിയത്. തന്റെ പോക്കറ്റിൽ സൂക്ഷിച്ച പതാകയെടുത്ത് അവിടെ സ്ഥാപിച്ച ശേഷമാണ് ഭാരതീയൻ പ്രസംഗം തുടങ്ങിയത്. അപ്പോഴേക്കും പൊലീസ് വലയം ചെയ്ത് എല്ലാവരേയും അറസ്റ്റ്‌ ചെയ്തു. കോടതിയിൽ ഹാജരാക്കിയ എല്ലാവരെയും ജാമ്യത്തിൽവിടാൻ മജിസ്ട്രേട്ട് തയ്യാറായെങ്കിലും ആരും ജാമ്യത്തിൽപോകാൻ സന്നദ്ധമായില്ല.

കേസിന്റെ വിചാരണക്കിടെ വിഷ്ണുവിനോട് പേരും നാടും ജാതിയുമെല്ലാം ചോദിച്ചു. ഒന്നിനും മറുപടി പറയാൻ തയ്യാറായില്ല. ചോദ്യം ആവർത്തിച്ചപ്പോൾ പേര് ഭാരതീയൻ എന്നാണ് വിഷ്ണു മറുപടി പറഞ്ഞത്. അത് വലിയ വാദപ്രതിവാദത്തിനിടയാക്കി. നിങ്ങൾ മാത്രമാണോ ഭാരതീയൻ എന്ന് മജിസ്ട്രേട്ട് ചോദിച്ചു. ഭാരതസ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുന്ന ഞങ്ങളാണ് ഭാരതീയർ. സമരംചെയ്യുന്നവരെ ശിക്ഷിക്കുന്ന നിങ്ങൾ ഭാരതീയരല്ല എന്നാണ് വിഷ്ണു മറുപടി പറഞ്ഞത്. തുടർന്ന് വിചാരണചെയ്യപ്പെട്ട കടയപ്രത്ത് കുഞ്ഞപ്പ നമ്പ്യാർ പേരുചോദിച്ചപ്പോൾ പറഞ്ഞത് ഞാൻ കേരളീയൻ എന്നാണ്. തുടർന്ന് ഇരുവരുടെയും പേര് അതിൽ രൂഢിയായി. ഒരേനാട്ടുകാരായ ഭാരതീയനും കേരളീയനും ദേശീയപ്രസ്ഥാനത്തിലെയും കർഷകപ്രസ്ഥാനത്തിലെയും പ്രധാന നേതാക്കളായി.  കേരളീയനും കെ.പി.ഗോപാലനും ആ കേസിൽ ഒമ്പത് മാസത്തെ തടവുശിക്ഷയാണ് ലഭിച്ചത്. എന്നാൽ നിരോധനാജ്ഞ ലംഘിക്കാൻ നേതൃത്വം നൽകുകയും മജിസ്ട്രേട്ട് ഭാരതീയനല്ലെന്ന് ആക്ഷേപിക്കുകയും ചെയ്തതിനാൽ ഭാരതീയന് രണ്ടുവർഷത്തെ തടവും 200 രൂപ പിഴയുമാണ് വിധിച്ചത്.  കണ്ണൂർ സെൻട്രൽ ജയിലിൽ അപ്പോൾ കെ.പി.ആർ. ഗോപാലനടക്കമുള്ളവരുമുണ്ടായിരുന്നു. ബംഗാളിലെ അനുശീലൻ സമിതിയുടെ  നേതാക്കളും മീററ്റ് ഗൂഢാലോചനാകേസിലെ പ്രതികളുമടക്കം ഉത്തരേന്ത്യൻ വിപ്ലവകാരികൾ കുറേപ്പേർ കണ്ണൂർ ജയിലിലുണ്ടായിരുന്നു. അവരുമായുള്ള ബന്ധം കാരണം കേരളീയനും ഭാരതീയനും കെ.പി.ആറും കെ.പി.ഗോപാലനും തീവ്രവാദത്തിൽ ആകൃഷ്ടരായി. ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ഭാരതീയനും സംഘവും കൊളച്ചേരിയിലെ ഒരു വിജനപ്രദേശത്ത് സമ്മേളിച്ച് തീവ്രവാദി സംഘടന രൂപീകരിച്ചു. ആയുധപരിശീലനത്തിനടക്കം ആസൂത്രണം നടത്തുകയും ലഘുലേഖ തയ്യാറാക്കി വിതരണംചെയ്യുകയും ചെയ്തെങ്കിലും അതിവേഗം പൊലീസിന്റെ ശ്രദ്ധയിൽവരികയും പിൻവാങ്ങുകയുചെയ്തു. പിന്നീടാണ് കൊളച്ചേരി കേന്ദ്രീകരിച്ച് മലബാറിലെ ആദ്യത്തെ കർഷകസംഘം രൂപീകരിക്കുന്നത്. കൊളച്ചേരി പഞ്ചായത്തിൽപ്പെട്ട നണിയൂരിൽ (പറശ്ശിനിക്കടവിന്റെ എതിർഭാഗം)  ഭാരതീയമന്ദിരത്തിൽ 1935 ‐ൽ ചേർന്ന യോഗത്തിലാണ് കർഷകസംഘം രൂപീകരിക്കുന്നത്. ഭാരതീയൻ പ്രസിഡന്റും കേരളീയൻ സെക്രട്ടറിയുമായി കർഷകസംഘം. അതാണ് വളർന്നുപന്തലിച്ച് ജന്മിത്തത്തെ കടപുഴക്കിയെറിഞ്ഞ കേരള കർഷകസംഘമായത്..

ഭാരതീയന്റെ വീട് മലബാറിലെ കർഷകപ്രസ്ഥാനത്തിന്റെ തലസ്ഥാനമായി മാറി. കേരളീയനും ഭാരതീയനും കെ.പി.ഗോപാലനും കെ.പി.ആറും ഭാരതീയമന്ദിരത്തിൽ ഒത്തുചേർന്നാണ് ആലോചനകൾ നടത്തിപ്പോന്നത്. കടുത്ത ദൈവവിശ്വാസിയും മതവിശ്വാസിയുമെങ്കിലും ഉള്ളവരും ഇല്ലാത്തവരും എന്ന രണ്ടുവർഗമേയുള്ളുവെന്ന പാഠം ഉൾക്കൊണ്ട ഭരതീയൻ പുരാണേതിഹാസങ്ങളിൽനിന്ന് ഉദാഹരണങ്ങൾ കണ്ടെത്തി അത് മനോഹരമായി യോഗങ്ങളിൽ അവതരിപ്പിച്ചുപോന്നു. ജന്മിത്തചൂഷണത്തിനെതിരെ മലബാറിലെ എല്ലാ ഗ്രാമത്തിലും കാൽനടയാത്രചെയ്ത് കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുകയും ധീരോദാത്തമായ സമരങ്ങൾക്ക് നേതൃത്വം നൽകി ത്യാഗം വരിക്കുകയുമായിരുന്നു ഭാരതീയൻ. ആ സമരസംഘടനാപ്രവർത്തനങ്ങളെക്കുറിച്ച് തികച്ചും സത്യസന്ധമായി അടിമകളെങ്ങനെ ഉടമകളായി എന്ന വിശിഷ്ട ചരിത്രഗ്രന്ഥം തയ്യാറാക്കിവെക്കുകയും ചെയ്തു. കടുത്ത ദാരിദ്ര്യവും പട്ടിണിയുമാണ് അവസാനകാലംവരെ ഭാരതീയനെ പിന്തുടർന്നത്.

കൃഷ്ണപിള്ളയാണ് ഭാരതീയനെ ആകർഷിച്ച വലിയ നേതാവ്. സഖാവിനെക്കുറിച്ച്, തന്നെ കമ്യൂണിസ്റ്റാക്കിയ പ്രിയസഖാവിനെക്കുറിച്ച് ഭാരതീയൻ അനുസ്മരിക്കുന്നതിങ്ങനെ‐ “കേരളത്തിൽ കർഷകപ്രസ്ഥാനം കെട്ടിപ്പടുത്തത് ഞങ്ങളിൽ ചിലരായിരുന്നു. തൊഴിലാളി സംഘടനയ്ക്ക് ബീജാവാപംചെയ്തത് സ. കൃഷ്‌ണപിള്ളയും സഹപ്രവർത്തകരുമായിരുന്നു. അദ്ദേഹം കോഴിക്കോട്ടുംമറ്റും കൃത്യമായി ഭക്ഷണമോ കുളിയോ മറ്റ് ജീവിതസൗകര്യങ്ങളോ ഇല്ലാതെ തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചു. വല്ല തൊഴിലാളിയും വാങ്ങിക്കൊടുക്കുന്ന ആഹാരം, ഏതെങ്കിലും ഒഴിഞ്ഞ പീടികയിലെ ബെഞ്ചിൽ കിടന്നുറങ്ങുക, അങ്ങനെയൊക്കയായിരുന്നു അദ്ദേഹത്തിന്റെ ദിനചര്യ. വല്ലപ്പോഴും കോഴിക്കോട്ട് ഞങ്ങളാരെങ്കിലും ചെന്നാൽ സ.കൃഷ്ണപിള്ളയെ കാണാറുണ്ട്. അപ്പോൾ വളരെ കാര്യമായി വല്ല ഹോട്ടലിലേക്കും ഊണിന് ക്ഷണിക്കും. ഞങ്ങൾ പോയി ഉണ്ണുകയും ചെയ്യും. പിന്നീടാണ് അറിയുന്നത്, പലപ്പോഴും തനിക്ക് വെച്ച ഭക്ഷണം ഞങ്ങളെപ്പോലുള്ളവർക്ക് ദാനംചെയ്ത് ആ മനുഷ്യൻ പട്ടിണികിടക്കുകയാണ് പതിവെന്ന്. ഇത്രമാത്രം നിസ്വാർഥിയും ത്യാഗസമ്പന്നനുമായ ഒരു നേതാവിനെ കണ്ടെത്തുവാൻ പ്രയാസമാണ്”.

1939 അവസാനം ഒരുദിവസം കൃഷ്ണപിള്ള നണിയൂരിലെ ഭാരതീയമന്ദിരത്തിലെത്തി. ഊണുകഴിഞ്ഞ് വിശ്രമിക്കുന്നതിനിടയിൽ സഖാവ് പറഞ്ഞു കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലെ കുറച്ചുപേർ അടുത്താഴ്ച ഇവിടെ വരും. പത്തുപന്ത്രണ്ടുപേരുണ്ടാവും. രണ്ടാഴ്ചയോളം കാണും. ബാധ്യത മുഴുവൻ വഹിക്കേണ്ടിവരില്ല. മറുത്തൊന്നും പറയരുത്. ഇതാണ് കൃഷ്ണപിള്ള പറഞ്ഞത്. ഇ.എം.എസ്., കെ.പി.ആർ. ഗോപാലൻ, കെ.പി.ആർ.രയരപ്പൻ, കെ.പി.ഗോപാലൻ, കെ.സി.ജോർജ്, സർദാർ ചന്ദ്രോത്ത്, പി.നാരായണൻ നായർ, കുണ്ടാഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ, ടി.സി.നാരായണൻ നമ്പ്യാർ, പറശ്ശിനി മടപ്പുരയിലെ പി.എം.ജി എന്നവരാണ് ക്യാമ്പിനെത്തിയതെന്നാണ് ഭാരതീയൻ ആത്മകഥയിൽ ഓർത്തെഴുതിയത്.  ഭരതീയമന്ദിരത്തിലെ ഒഴിഞ്ഞ തൊഴുത്തിലാണ് ക്യാമ്പ്. ക്യാമ്പ് നടന്നത് ഭാരതീയമന്ദിരത്തിലാണെങ്കിലും പലരുടെയും ഓർമക്കുറിപ്പിൽ പറശ്ശിനിയിൽ എന്നാണുള്ളത്. പറശ്ശിനിക്കടവിന്റെ ഇപ്പുറത്തെ ഭാഗമാണ് നണിയൂർ എന്നതിനാൽ അതും പറശ്ശിനിയായി അറിയപ്പെട്ടതാണ്.

കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ കേരളഘടകം കമ്യൂണിസ്റ്റ് പാർട്ടിയായി മാറുന്നതിന്റെ ഭാഗമായി പിണറായി പാറപ്രം സമ്മേളനത്തിന്റെ തൊട്ടുമുമ്പ് പഠനക്ലാസ് സംഘടിപ്പിച്ചതാണ്. 1939 ഡിസംബർ 20‐നാണ് ക്ലാസ് തുടങ്ങിയതെന്നും പങ്കെടുത്തവരെല്ലാം അധ്യാപകരും വിദ്യാർഥികളും എന്നതായിരുന്നു നില എന്നുമാണ് അന്ന് തിരുവിതാംകൂർ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായിരുന്ന കെ.സി.ജോർജ് എന്റെ ജീവിതയാത്ര എന്ന ജീവചരിത്രത്തിൽ രേഖപ്പെടുത്തിയത്. ഹാൻഡ് ബുക്ക് ഓഫ് മാർക്സിസം എന്ന പുസ്തകത്തിലെ ഓരോ ഭാഗങ്ങൾ ഓരോരുത്തർ വിവർത്തനംചെയത് പഠിപ്പിക്കൽ. പ്രധാനമായും ഉണ്ണിരാജയ്‌ക്കായിരുന്നു നേതൃത്വം. ശങ്കരനാരായണൻ തമ്പി, കെ.പി.ജി.നമ്പൂതിരി, എം.എസ്. ദേവദാസ്, കേരളീയൻ, പി.നാരായണൻനായർ തുടങ്ങിയവരും ഉണ്ടായിരുന്നുവെന്ന് ജോർജ് എഴുതിയിട്ടുണ്ട്.

പഠനക്ലാസ് ഒരാഴ്ച പിന്നിട്ടപ്പോഴേക്കുതന്നെ പൊലീസിന് വിവരം ലഭിച്ചു. പറശ്ശിനി മടപ്പുരയിലെ അന്നത്തെ മടയനാണ് പൊലീസിന് വിവരം നൽകിയതെന്ന് ഭാരതീയൻ ഊഹിക്കുന്നു. മടയന്റെ മരുമകനായ പി.എം.ജി.അടക്കമുള്ളവരുടെ ‘കളളക്കളി’യാണ് മടയന്റെ സംശയത്തിനാസ്പദം. പി.എം.ജി.യും മറ്റും ഇടയ്ക്കിടെ കടവുകടന്ന് അക്കര പോകുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് പ്രശ്നമായത്. അന്നത്തെ മടയൻ  വലതുപക്ഷ കോൺഗ്രസ്സിന്റെ പ്രധാനിയായിരുന്നു. മടയൻ പൊലീസിൽ വിവരമറിയിച്ചതായി അദ്ദേഹത്തിന്റെ വീട്ടിൽനിന്നുതന്നെ വിവരം കിട്ടിയതിനെ തുടർന്ന് ക്ലാസ് നിർത്തി അന്നുതന്നെ എല്ലാവരും രക്ഷപ്പെട്ടു. രാത്രി വലിയ സംഘം പോലീസെത്തി വീടുവളഞ്ഞു. അവർക്ക് ഭാരതീയനെ മാത്രമേ കിട്ടിയുള്ളു.. പോലീസ് ഭാരതീയനെ പലതരം ഭേദ്യങ്ങൾ ചെയ്ത് ദ്രോഹിച്ച് വളപട്ടണം പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലാക്കി. 12 ദിവസത്തോളം ലോക്കപ്പിൽ. തെളിവൊന്നുമില്ലാത്തതിനാൽ കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു പിന്നീട്.

1940 ഏപ്രിൽ 15‐നാണ് പാപ്പിനിശ്ശേരി ആറോൺ മില്ലിൽ കൃഷ്ണപിള്ളയുടെ നേരിട്ടുള്ള നേതൃത്വത്തിൽ തൊഴിലാളിസമരം പൊട്ടിപ്പുറപ്പെട്ടത്. കെ.പി.ആറിന്റെ നേതൃത്വത്തിലുള്ള പണിമുടക്കു സഹായസമിതിയിൽ ഭാരതീയനും അംഗമാണ്. സമരം പൊളിക്കാൻ കുട്ടികൃഷ്‌ണ മേനോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കരിങ്കാലികളും ശ്രമിക്കുന്നു. കരിങ്കാലികളെ തടയാൻ സമരസഹായസമിതിയിലെ നന്നാലുപേർ സത്യാഗ്രഹം നടത്തുന്നു. കെ.പി.ആർ വീട്ടിലേക്കാളെ അയച്ച് ഭാരതീയനെ വരുത്തി. സത്യാഗ്രഹത്തിന് നേതൃത്വംനൽകുന്നത് ഭാരതീയനായാൽ കൂടുതൽ ശ്രദ്ധിക്കപ്പെടും എന്നതിനാലാണത്. ഭാരതീയൻകൂടി പങ്കെടുത്ത രഹസ്യയോഗത്തിന്റെ തീരുമാനപ്രകാരം ഭാരതീയൻ, കാന്തലോട്ട് കുഞ്ഞമ്പു, പി.എം.ഗോപാലൻ, അനന്തൻ എന്നിവർ കരിങ്കാലികളെ ഉപരോധിച്ച് സത്യാഗ്രഹം തുടങ്ങി. അധികം വൈകാതെ പൊലീസെത്തി അറസ്റ്റ്‌ ചെയ്തു. ഭാരതീയനും കാന്തലോട്ടിനും പി.എം.ജി.ക്കും അനന്തനും നാലുമാസത്തെ തടവ്. തൃശ്ശിനാപ്പള്ളി ജയിലേക്കാണിത്തവണ കൊണ്ടുപോയത്.

ജയിൽമോചിതനായി 1940 സെപ്റ്റംബർ 11‐ന് വീട്ടിൽതിരിച്ചെത്തിയ ഭാരതീയനെ കാത്തുനിന്നത് സെപ്റ്റംബർ 15‐ന്റെ മർദനപ്രതിഷേധ റാലിയെക്കുറിച്ചുള്ള വിവരമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം തുടങ്ങിയെങ്കിലും ഇടതുപക്ഷ കെ.പി.സി.സി. നിലനിൽക്കുകയായിരുന്നു. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായ കെ.പി.സി.സിയാണ് റാലിക്ക് ആഹ്വാനംചെയ്തത്. ത്രിവർണപതാകക്കൊപ്പം കർഷകസംഘത്തിന്റെ ചുവന്ന കൊടിയുംകൂടി ഉയർത്തിയുള്ള സമരം. 15‐ന് പാപ്പിനിശ്ശേരിയിൽ നടക്കുന്ന ചിറക്കൽ താലൂക്ക് റാലിയിൽ ഭാരതീയൻ അധ്യക്ഷത വഹിക്കണമെന്ന്  കെ.പി.ആർ. നിർദേശിച്ചു. യോഗം നടക്കുന്നതിന്റെ തലേദിവസം കടമ്പേരിയിൽ കൃഷ്ണപിള്ള ഒളിവിൽ കഴിയുന്ന വീട്ടിൽ ഭാരതീയൻ എത്തി. സ്വാതന്ത്ര്യസമരത്തെക്കുറിച്ചുമാത്രമല്ല കൃഷിക്കാരുടെ പ്രശ്നങ്ങളെക്കുറിച്ചും അധ്യക്ഷപ്രസംഗത്തിൽ പറയണമെന്നാണ് സഖാവ് നിർദേശിച്ചത്.

പാപ്പിനിശ്ശേരിയിൽ റാലി നിരോധിച്ചതിനാൽ റാലി നടത്തുന്നതെങ്ങനെയെന്നാലോചിക്കാൻ സ്ഥലത്തെ വായനശാലയിൽ നേതൃയോഗം ചേർന്നു. നിരോധനം ലംഘിച്ച് നിശ്ചിതസ്ഥലത്തുതന്നെ യോഗം നടത്തണമെന്ന് ഭാരതീയനടക്കമുള്ളവർ ആവശ്യപ്പെട്ടു. എന്നാൽ പൊലീസുമായി ഏറ്റുമുട്ടൽ വേണ്ട, റാലിയുടെ സ്ഥലം മാറ്റാമെന്നായി കെ.പി.ആറും ഭൂരിപക്ഷം പേരും. അങ്ങനെയാണ് മൊറാഴ വില്ലേജിലെ അഞ്ചാംപീടികയിലേക്ക് റാലി മാറ്റുന്നത്. പക്ഷേ അവിടെയും റാലി നിരോധക്കപ്പെട്ടു. എന്നാൽ അത് വകവെക്കാതെ ഭാരതീയൻ അധ്യക്ഷപ്രസംഗം തുടങ്ങി. വളപട്ടണം എസ്.ഐ. കുട്ടികൃഷ്ണമേനോൻ അധ്യക്ഷവേദിക്കടുത്തെത്തി ഉടൻ യോഗം പിരിച്ചുവിടണമെന്നാവശ്യപ്പെട്ടു. യോഗം കഴിഞ്ഞാൽ ഞാൻ തന്നെ പിരിച്ചുവിട്ടുകൊള്ളുമെന്ന് ഭാരതീയൻ പറഞ്ഞു. എസ്.ഐ.യുടെ ആജ്ഞ ലംഘിക്കാൻ ഭാരതീയൻ ആഹ്വാനംചെയ്തു. ആരും പിരിഞ്ഞുപോകരുതെന്ന് ആഹ്വാനം. പിന്നീട് ക്രൂരമായ ലാത്തിച്ചാർജായിരുന്നു. ജനങ്ങൾ കനത്ത കല്ലേറും തുടങ്ങി. ഭാരതീയനെ എസ്.ഐ.അറസ്റ്റ് ചെയ്തു. ക്രൂരമർദനവും.. രൂക്ഷമായ സംഘട്ടനത്തിനിടെ എസ്.ഐ. കുട്ടികൃഷ്ണമേനോനും കോൺസ്റ്റബിൾ ഗോപാലൻനായരും നിലംപതിച്ചു. അവർ കൊല്ലപ്പെട്ടു. സംഭവത്തെ തുടർന്ന് ഒളിവിൽപോയ ഭാരതീയന് അധികദിവസം പിടിച്ചുനിൽക്കാാനയില്ല. പുറത്ത് നേതാക്കളുമായോ പ്രവർത്തകരുമായോ ബന്ധപ്പെടാനാവാത്ത അവസ്ഥ. ഒടുവിൽ പിടികൊടുക്കാൻ തീരുമാനിക്കുകയാണ്. താൻ യോഗാധ്യക്ഷനെന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങളേ ചെയ്തിട്ടുള്ളൂ, ആരെയും ചെറിയ കല്ലുകൊണ്ട് എറിയുകകൂടി ചെയ്തില്ല എന്നടക്കമെഴുതി പൊലീസിൽ കീഴടങ്ങുന്നതിന് കത്തുനൽകി. എങ്കിലും മൊറാഴ കേസുമായി ബന്ധപ്പെട്ട് ഒമ്പത് മാസത്തെ തടവനുഭവിക്കേണ്ടിവന്നു. ഒന്നാം പ്രതിയായ ഭാരതീയനെ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു.

പിന്നെയും ഒന്നുരണ്ടുവർഷം കർഷക‐കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി സജീവമായി പ്രവർത്തിച്ചെങ്കിലും മൊറാഴ സംഭവത്തിന് ശേഷം ഭാരതീയന്റെ മനസ്സിൽ പിൻവാങ്ങൽ വികാരം ശക്തിപ്പെടുന്നുണ്ടായിരുന്നു. തൊള്ളായിരത്തി നാല്പതുകളുടെ രണ്ടാം പകുതിയിൽ കോൺഗ്രസ് കർഷക സംഘടന സ്വന്തംനിലയ്‌ക്ക് ശക്തിപ്പെടുത്താൻ തീരുമാനിച്ചതോടെ ഭാരതീയൻ അതിന്റെ ഭാഗമായി. 1949 സെപ്തംബറിൽ മലബാർ ഡിസ്ട്രിക്ട് ബോഡ് തിരഞ്ഞെടുപ്പ് നടന്നപ്പോൾ ചിറക്കലിൽ കോൺഗ്രസ്സിന്റെ സ്ഥാനാർഥി ഭാരതീയനായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥി യശോദ ടീച്ചർ. തിരഞ്ഞെടുപ്പിൽ വിജയിച്ച ഭാരതീയൻ പിന്നീട് എഴുതിയത് സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരെയാണ് കോൺഗ്രസ് ഡിസ്ട്രിക്ട്  ബോഡിന്റെ ഭാരവാഹികളാക്കിയത് എന്നാണ്. കോൺഗ്രസ്സിന്റെ കർഷകപ്രസ്ഥാനം ആത്മാർഥമല്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. അമ്പതുകളുടെ രണ്ടാം പകുതിയിൽ വീണ്ടും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഹയാത്രികനായ ഭാരതീയൻ അറുപതുകളുടെ അവസാനം കുറച്ചുകാലം ജനസംഘവുമായി സഹകരിച്ചു. 1967‐ൽ ലീഗിനെക്കൂടി ഉൾപ്പെടുത്തി സപ്തകക്ഷി മുന്നണി രൂപീകരിച്ചതിലെ പ്രതിഷേധമാണതിന് കാരണമെന്ന് പറഞ്ഞ ഭാരതീയൻ വൈകാതെ ജനസംഘത്തിൽനിന്നും പിന്മാറി.

അവസാനകാലത്ത് വ്യതിയാനങ്ങളുണ്ടായെങ്കിലും കേരളത്തിലെ കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ, ജന്മിത്തം അവസാനിപ്പിച്ചതിൽ, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാലമുന്നേറ്റത്തിൽ ഭാരതീയൻ അവിസ്മരണീയനാണ്. കേരളത്തിലെ പുരോഗമനപ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിൽ ആ വ്യക്തിമുദ്രയുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seven − four =

Most Popular