Sunday, July 14, 2024

ad

Homeലേഖനങ്ങൾമാധ്യമങ്ങൾക്കെതിരെ ഭരണകൂട വേട്ട

മാധ്യമങ്ങൾക്കെതിരെ ഭരണകൂട വേട്ട

കളമച്ചൽ ഗോവിന്ദ്‌

മാധ്യമ സ്വാതന്ത്ര്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും നിശ്ശബ്ദമാക്കുന്ന പ്രതികാര നടപടിയാണ് രാജ്യത്തെ മാധ്യമ സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റെയ്ഡ്. സ്വതന്ത്രവും നിക്ഷ്പക്ഷവുമായ അഭിപ്രായ സ്വാതന്ത്ര്യത്തെ നിശബ്ദമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ബോധപൂർവ്വമായ പ്രതികാര നടപടിയാണ് ഈ കടന്നുകയറ്റം.

രുചിക്കാത്ത സത്യങ്ങൾ വിളിച്ചു പറഞ്ഞതുകൊണ്ടാണ് ഇംഗ്ലീഷ് വാർത്താപോർട്ടലായ ന്യൂസ് ക്ലിക്കിനെ യു.എ.പി.എ ചുമത്തി വേട്ടയാടുന്നത്. സ്ഥാപക എഡിറ്റർ പ്രബീർ പുർകായസ്ത, അഡ്മിനിസ്ട്രേറ്റർ അമിത് ചക്രവർത്തി എന്നിവരെ അറസ്റ്റു ചെയ്തു. ഇവരുടെയും ഇവരുമായി സഹകരിക്കുന്നവരുടെയും വീടുകളടക്കം 30 സ്ഥാപനങ്ങളിലാണ് റെയ്ഡിന്റെ പേരിൽ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി പോലീസ് അഴിഞ്ഞാടിയത്.

മോദി ഗവൺമെന്റിന്റെ വരുതിക്ക്‌ നിൽക്കാത്ത മാധ്യമങ്ങൾക്ക് വലിയ ഭയപ്പാടോടെ മാത്രമേ ഇന്ത്യയെന്ന രാജ്യത്ത് തുടർ പ്രവർത്തനങ്ങൾ ഇനി മുതൽ സാധ്യമാകുകയുള്ളൂ അതിനുള്ള മുന്നറിയിപ്പാണ് ന്യൂസ്‌ക്ലിക്ക് എന്ന സ്ഥാപനത്തിനും അതിലെ പ്രവർത്തകർക്കും എതിരെയുള്ള നടപടി. സർക്കാരിനെ വിമർശിക്കുകയോ സർക്കാരിനെതിരെ നടത്തുന്ന ജനകീയ മുന്നേറ്റങ്ങൾ റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ അന്വേഷണ എജൻസികൾ ഇടപെടുന്ന ഭീതിജനകമായ സന്ദേശം ഇന്ത്യയിലെ മുഴുവൻ മാധ്യമ ലോകത്തിനും നൽകുകയാണ് കേന്ദ്ര സർക്കാർ.

ലോകമെങ്ങും ജനാധിപത്യ പ്രക്രിയയുടെ അടിസ്ഥാന ഘടകം മാധ്യമ സ്വാതന്ത്ര്യം തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യത്തിനു നേരെ കേന്ദ്ര സർക്കാർ ഏജൻസികൾ തന്നെ തിരിയുന്നത് തികച്ചും അപകടകരമാണ്. എതിർശബ്ദങ്ങളെ അടിച്ചമർത്തുന്നത് ഫാസിസ്റ്റ് രീതിയാണ്. മാധ്യമങ്ങൾക്ക് നിർഭയമായും സ്വതന്ത്രമായും സത്യസന്ധമായും വാർത്താ ശേഖരണവും പ്രകാശനവും നടത്താനുള്ള സ്വാതന്ത്ര്യം ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്, അത് ഉറപ്പു വരുത്താനാകണം കേന്ദ്ര സർക്കാർ ശ്രമിക്കേണ്ടത്. എന്നാൽ അസഹിഷ്ണുതയുടെ കൂർത്ത ത്രിശൂലങ്ങൾ നേരു വിളിച്ചുപറയുന്ന മാധ്യമങ്ങൾക്കു നേരെ നീളുന്ന കാഴ്ചയാണ് ഇന്ന് ഇന്ത്യയിൽ കാണാനാകുന്നത്.

ഭരണകൂടം നിയമത്തെ മാധ്യമ വേട്ടയ്ക്കായി ഉപയോഗപ്പെടുത്തുന്നു. അപകീർത്തി, രാജ്യദ്രോഹം, കോടതിയലക്ഷ്യം, ദേശസുരക്ഷാനിയമം തുടങ്ങിയവ ഭരണകൂടത്തെ വിമർശിക്കുന്ന മാധ്യമ പ്രവർത്തകർക്കെതിരെ നിരന്തരം പ്രയോഗിക്കപ്പെടുന്നു. വിമർശകരെ ദേശവിരുദ്ധനെന്ന് മുദ്രകുത്തി വേട്ടയാടുന്നു. സർക്കാരിനെ വിമർശിക്കുന്ന വാർത്തകളെ വ്യാജമെന്ന് മുദ്രയടിച്ച് വിലക്കാനുള്ള വ്യവസ്ഥ ഐടി നിയമഭേദഗതിയിൽ ഉൾപ്പടെ വരുത്തിയിരിക്കുന്നു.

അധികാരത്തിനു മുന്നിൽ പതറാതെ സത്യം തുറന്നു പറയുന്ന മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരെ അരങ്ങേറുന്ന സ്വേച്ഛാധിപത്യ ആക്രമണം ഒരിക്കലും അംഗീകരിക്കപ്പെടാനാകില്ല. 46 മാധ്യമപ്രവർത്തകർക്കെതിരെ ഒറ്റ ദിവസം നടപടിയെടുത്തത് രാജ്യ ചരിത്രത്തിൽ ആദ്യമാണ്. അടിയന്തരാവസ്ഥക്കാലത്ത് പോലും അരങ്ങേറാത്ത ഭരണകൂടവേട്ടയാണ് ഡൽഹിയിൽ നടന്നത്.

2014ൽ ഇന്ത്യയിൽ ബിജെപി ഗവൺമെന്റ്‌ അധികാരത്തിലെത്തിയതിനു ശേഷം മാധ്യമങ്ങളോടുള്ള നിലപാടിൽ വലിയ മാറ്റങ്ങളാണ് വന്നത്. മുൻപ് മാധ്യമങ്ങളോട് സഹിഷ്ണുതയോടെ കണ്ടിരുന്ന പല കാര്യങ്ങളും ഇപ്പോൾ രാജ്യദ്രോഹ പ്രവർത്തനങ്ങളായാണ് ഭരണകൂടം വിവക്ഷിക്കുന്നത്.

2023ലെ ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 180 രാജ്യങ്ങളിൽ 161‐ാമതാണ്. മോദി അധികാരത്തിൽ വന്നപ്പോൾ ഇത് 140 ആയിരുന്നു. ഇന്ത്യയിലെ ഭരണകൂടം എങ്ങനെയാണ് മാധ്യമങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കുന്നത് എന്നതിന്റെ പൂർണമായ സൂചനയാണ് ലോക മാധ്യമ സ്വാതന്ത്ര്യ സൂചിക. ഒരു രാജ്യത്തെ ജനങ്ങൾക്ക് വാർത്തകൾ അറിയാനുളള, മാധ്യമങ്ങൾക്ക് വാർത്തകൾ അറിയിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചാണ് മാധ്യമ സ്വാതന്ത്ര്യ സൂചിക സൂചനകൾ നൽകുന്നത്. അതിൽ ഒരു രാജ്യം താഴോട്ട് പോകുന്നു എന്നാൽ ജനങ്ങൾക്ക് നിഷ്‌പക്ഷമായ വാർത്തകൾ അറിയാൻ കഴിയുന്നില്ല എന്നു മാത്രമല്ല, മാധ്യമങ്ങൾ അപകടത്തിലാണ് എന്നു കൂടി അർത്ഥം വയ്ക്കുന്നുണ്ട്.

ഭരണകൂടം മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് ഇന്ന് ശ്രദ്ധേയമായ ഒരു സവിശേഷതയാണ്. കേന്ദ്ര സർക്കാരും ബിജെപി ഭരണം കയ്യാളുന്ന സംസ്ഥാനങ്ങളിലും നിരന്തരമായി മാധ്യമ പ്രവർത്തകർക്ക് എതിരെ കള്ളക്കേസുകൾ ചുമത്തുന്നത് പതിവാകുകയാണ്. കേസുകളുടെ നാൾവഴികൾ നൽകുന്ന സന്ദേശം മുട്ടിലിഴയാൻ മനസില്ലെങ്കിൽ സ്വയം നാശത്തിന് തയ്യാറാവുകയെന്നതാണ്.

സ്വതന്ത്ര ചിന്തകൾ ഉയർത്തിപ്പിടിച്ച നിരവധി മാധ്യമ പ്രവർത്തകരാണ് മോദി സർക്കാരിന്റെ കാലത്ത് രാജ്യത്ത് വധിക്കപ്പെടുകയോ നിശബ്ദമാക്കപ്പെടുകയോ ചെയ്തത്. ഗൗരി ലങ്കേഷ് മുതൽ ആ ലിസ്റ്റ് നീണ്ടതാണ്. രാജ്യത്തെ മാധ്യമരംഗത്ത് മുൻനിരയിലുള്ള എൻ.ഡി.ടി.വി ക്കെതിരെയും പ്രണാേയ് റോയിക്കെതിരെയും നടന്ന വേട്ടയാടലുകൾ ഫാസിസ്റ്റുകളുടെ ജനിതക ഘടനയെന്തെന്ന് ഓർമ്മിപ്പിക്കുന്നതാണ്.

മലയാളിയായ സിദ്ദിഖ് കാപ്പൻ ഉൾപ്പടെ നിരവധി മാധ്യമ പ്രവർത്തകർ ഇരുളറകൾക്കുള്ളിൽ നേരിട്ട ക്രൂരതകൾ സമാനതകളില്ലാത്തതാണ്. കാശ്മീരിലെ മാധ്യമപ്രവർത്തകർക്ക് നേരെ യു.എ.പി.എ ചുമത്തിയതും, യോഗി ആദിത്യ നാഥിനെതിരെ എഴുതിയതിന് “ദി വയറിന്റെ’ സിദ്ധാർത്ഥ് വരദരാജനെതിരെ കേസ് ഫയൽ ചെയ്തതും സംഘപരിവാർ അജണ്ടയെ തുറന്നുകാട്ടിയ ‘കാരവൻ’ മാഗസിൻ എഡിറ്റർ വിനേശ് കെ ജോസിന് മുടങ്ങാതെ വധഭീഷണി വരുന്നതും ഇക്കൂട്ടത്തിൽ ചിലതുമാത്രം. ബിജെപിയെ നിശിതമായി വിമർശിച്ചിരുന്ന ദ ടെലിഗ്രാഫ് പത്രത്തിന്റെ എഡിറ്റർ ഇൻ ചീഫ് ആർ രാജഗോപാലിനെ ആ പദവിയിൽ നിന് നീക്കിയതും അടുത്ത ദിവസങ്ങളിലാണ്.

ബിബിസി, ന്യൂസ് ലൗണ്ട്രി, ദൈനിക് ഭാസ്കർ, ഭാരത് സമാചാർ, കാശ്മീർ വാല, ദ വയർ തുടങ്ങിയ വിവിധ മാധ്യമ സ്ഥാപനങ്ങളെയും കഴിഞ്ഞ 9 വർഷത്തിനിടെ വിവിധ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രവർത്തനരഹിതമാക്കുകയോ കീഴ്പ്പെടുത്തുവാനോ ശ്രമിക്കുകയാണ് കേന്ദ്ര ഭരണകൂടം.

ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ വന്ധ്യം കരിക്കുകയെന്നതാണ് ഏകാധിപത്യ ഭരണകൂടം സാധാരണയായി ചെയ്യാറുള്ളത്. എന്നാൽ ഇവിടെ നരേന്ദ്ര മോദി അടിയന്തരാവസ്ഥയ്ക്ക് സമാനമായി മാധ്യമങ്ങളെ പൂർണമായും തങ്ങളുടെ അധീനതയിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. അതിൽ വലിയ പരിധി വരെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ ഒട്ടുമിക്ക ദേശീയ മാധ്യമങ്ങളും മോദിയുടെ സ്തുതിപാoകരായി മാറിയതിനു പിന്നിലെ താൽപര്യങ്ങൾ ഗൗരവപൂർവ്വം പരിശോധിക്കേണ്ട വിഷയമാണ്. ആർഎസ്എസും കോർപറേറ്റുകളും വട്ടമിട്ട് ഭരിക്കുന്ന പുതിയ ഇന്ത്യൻ സാഹചര്യത്തിൽ സ്വതന്ത്ര മാധ്യമ പ്രവർത്തനം എന്നത് ഇല്ലാതായിട്ടുണ്ട് എന്നത് കേവലമൊരു ആശങ്കയല്ല.

അറിയാനുള്ള അവകാശം ഇല്ലാതാകുന്നിടത്ത് നിന്നാണ് ഒരു സമൂഹം ജനാധിപത്യത്തിൽ നിന്നകന്ന് തുടങ്ങുന്നത്. ആ പ്രവണതയുടെ ആദ്യ രംഗങ്ങൾ 1976 ജൂൺ 25 ന് അർദ്ധരാത്രിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടെ അരങ്ങേറി. അടിയന്തരാവസ്ഥക്കെതിരായ പ്രക്ഷോഭത്തിനു മുൻനിരയിലുണ്ടായിരുന്നവരെന്നവകാശപ്പെടുന്നവരാണ് ഇന്നത്തെ ഭരണാധികാരികൾ. ജനാധിപത്യത്തിന്റെ ശ്മശാന ഭൂമിയിൽ നിന്നാണ് ഫാസിസ്റ്റ് രാജ്യത്തിന്റെ ശിലകൾ കെട്ടി ഉയർത്തേണ്ടതെന്ന അന്ധകാരത്താൽ നയിക്കപ്പെട്ടവരാണ് ഇന്ത്യൻ ഭരണാധികാരികൾ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen + twelve =

Most Popular