Wednesday, October 9, 2024

ad

Homeനാടകം"വിശുദ്ധ ഭൂമിയിലെ വിലാപങ്ങൾ"

“വിശുദ്ധ ഭൂമിയിലെ വിലാപങ്ങൾ”

ബഷീർ മണക്കാട്‌

ദൃശ്യം ഒന്ന്:
“എന്റെ ജന്മനാടേ,
നിന്റെ ഉഷപ്പിറവിയൊന്നു കാണാൻ
നിന്റെ തിരുമുറിവുകളിൽ നിന്ന്
പറന്നുയർന്നവർ ഞങ്ങൾ’
(മഹ് മൂദ് ദർവേശ്, പലസ്തീൻ കവി)

ഇരുളിൽ വേദിയെ വിഴുങ്ങാൻതുടങ്ങുന്ന ആളിപ്പടരുന്ന അഗ്നിപോലെ പിന്നരങ്ങിലായി രക്തനിറമാർന്ന തിരശ്ശീലകൾ ശക്തമായ കാറ്റിലുലഞ്ഞ് ഇളകിയാടുന്നു.

അരങ്ങാകെ വിറപ്പിക്കുന്ന സംഗീതം.
ഉയർന്ന് ജ്വലിക്കുന്ന തീനാളങ്ങൾ
രംഗഭൂമിയാകെ തീപിടിച്ചപോലെ പുകയാൻ തുടങ്ങി.
പുകയും ജ്വലിക്കുന്ന തീനാവുകളും.
പിടഞ്ഞു മരിക്കുന്ന മനുഷ്യരുടെ ചോരയത്രയും അരങ്ങിലേക്ക് ഉരുകി വീഴുന്നതു പോലെ.

പ്രതിധ്വനിക്കുന്ന ഒരു നിലവിളി:
” ഉഗ്രവിഷാദിയായ മനുഷ്യാ
നിന്നെ കൊത്ത്യാലും
എന്നെ കൊത്ത്യാലും ചോര ഒന്നല്ലേ?
നമ്മളൊന്നല്ലേ?
പിന്നെ എന്തിനീ യുദ്ധം?’

നിലവിളിച്ചോടുന്ന ഒരു മനുഷ്യന്റെ രോഷവും ദയനീയതയും വിങ്ങിക്കനക്കുന്ന ശബ്ദം:
“ഞങ്ങളുടെ മണ്ണെല്ലാം നീ ചതിയിലൂടെ സ്വന്തമാക്കി. ഞങ്ങളുടെ മക്കളേയും അമ്മ പെങ്ങമ്മാരേയും നീ അതിക്രൂരമാംവിധം കൊന്നൊടുക്കി.
ഇപ്പോൾ ഞങ്ങളേയും ഞങ്ങളുടെ രാജ്യവും ……..”
അലറുന്ന സൈറൺ
ആർത്തിയോടടുക്കുന്ന വെടിയൊച്ചകൾ
കരളിനെ കൊത്തിവലിക്കുന്ന വിലാപങ്ങൾ ……..
വേദി കറുക്കുന്നു.

ദൃശ്യം രണ്ട്:
യുദ്ധഭീകരതക്കെതിരെ സൂചന നൽകുന്ന മുഖാവരണം ധരിച്ച ഒരു നടൻ പ്രവേശിക്കുന്നു.
നടൻ: (പ്രേക്ഷകരോടായി)
ലോക മനുഷ്യരേ ഉണരൂ
ഇനിയെങ്കിലുംകണ്ണുകൾ തുറന്ന്
യുദ്ധത്തിന്റെ ഭീകരമുഖം കാണൂ
കണ്ണീരായുരുകിത്തീരുന്ന മനുഷ്യജീവിതങ്ങൾ കാണൂ……….
മുറിവേറ്റ് ചികിത്സ ലഭിക്കാതെ പിടയുന്നവരുടെ നിലയ്ക്കാത്ത നിലവിളികൾ കേൾക്കൂ കുട്ടികളുടെ ശവപ്പറമ്പായി മാറിയ തെരുവുകൾ കാണൂ……..
മോർച്ചറികളായിമാറുന്ന
ആശുപത്രികൾ
മരിച്ചവരെ സംസ്കരിക്കാൻ ഇടമില്ലാതെ
അലയുന്നവരുടെ പരക്കംപാച്ചിൽ കാണൂ
വരൂ…… കാണൂ……..
യുദ്ധത്തിന്റെ ഭീകരമുഖം.(മറയുന്നു)

പുകയുന്നരംഗഭൂമിയുടെ വിവിധ ദിക്കുകളിൽ യുദ്ധത്തിന്റെ ഇരകളായമനുഷ്യരുടെ ഭീതി നിറഞ്ഞ നോട്ടങ്ങൾ.

അവർ വേദിയുടെ മദ്ധ്യത്ത് ഒത്തുകൂടി നാലുപാടും ഭീതിയോടെ നോട്ടമയച്ച് രക്ഷക്കായി പ്രേക്ഷകരുടെ നേർക്ക് കൈകൾ നീട്ടുന്നു.

അലർച്ചകൾ പോലെ സംഗീതം വേദിയെ നടുക്കുന്നു. ഒന്നായി ഒത്തുകൂടിയവർ ചിതറിയോടുന്നു. അവർക്കിടയിൽ നിന്നും യുദ്ധത്തിൽ മരിച്ച വികൃതമായ ഒരു ശരീരം പ്രേക്ഷകരുടെ അടുത്തേക്കടുക്കുന്നു.

വികൃത ശരീരം: (വേദനയോടെ പ്രേക്ഷകരോടായി) മരണമുഖത്ത് ജീവിച്ചവന്റെ അവസ്ഥ പറഞ്ഞറിയിക്കാനാവില്ല.അത്രമാത്രംഭീകരമാണ്! ഭീകര ദൃശ്യങ്ങൾ മുന്നിൽ കണ്ട പോലെ) കത്തുന്ന വിലാപഭൂമിയിലൂടെ ഞാനെന്റെ കുഞ്ഞിന്റെ പാതിവെന്ത ശരീരവുമായി ആശുപത്രിയിലേക്ക് ഓടുകയായിരുന്നു. ചുറ്റും ടാങ്കിൽ നിന്ന് വെടിയുതിർക്കുന്ന ശബ്ദങ്ങൾ … വൈദ്യുതി പൂർണമായും മുടങ്ങിയിട്ട് ദിവസങ്ങളായി, ജലവും. മൊബൈൽ ഫോണുകളും, ടവറുകളും നിലച്ചു. പുറംലോകവുമായുള്ള എല്ലാ ബന്ധവും നിലച്ചു. (സങ്കടം പെരുകി) ആശുപത്രിയിൽ എത്തിയപ്പോഴേക്കും എന്റെ കുഞ്ഞ് മരിച്ചിരുന്നു (ഉള്ളുരുകി)

ഞാനെന്റെ കുഞ്ഞിന്റെ മരവിച്ച മുഖത്തേക്ക് നോക്കി. ആ നിമിഷം ഉഗ്രശബ്ദത്തോടെ ആശുപത്രി തകർന്നുവീണു. ഒന്നു നിലവിളിക്കാനാകാതെ ഇടിഞ്ഞുവീണ ഭീമൻ ഭിത്തികൾക്കിടയിലേക്ക് ഞാനും എന്റെ കുഞ്ഞും ഞെരിഞ്ഞമർന്നു. (തെല്ലിട മൗനത്തിന് ശേഷം) ഞങ്ങളുടെ ജീവൻ കവർന്നെടുത്ത നശിച്ച യുദ്ധമേ … അകന്നുപോ…

(ഇടിമുഴക്കം സൃഷ്ടിക്കുന്ന സംഗീതം.
വൈദ്യുതി പൂർണമായും നിലച്ചതു പോലെ വേദി ഇരുളിലാവുന്നു.

ദൃശ്യം മൂന്ന്:
ഇരുളിൽ യുദ്ധം ചവിട്ടിയരച്ച മണ്ണിലൂടെ രക്ഷതേടി ഓടുന്നവരുടെ വീഡിയോ ദൃശ്യങ്ങൾ

……. യുദ്ധദൃശ്യങ്ങൾ…….
പ്രേക്ഷകരുടെ പിൻനിരയിൽ നിന്നും ബുർഖധരിച്ച മദ്ധ്യപ്രായമുള്ള ഒരു സ്ത്രീ ” നൂറാ…’ എന്നുറക്കെ വിളിച്ച് മകളെ തിരക്കി നടക്കുന്നു. പ്രേക്ഷകരോട് ഹൃദയംനൊന്ത് മകളെ കണ്ടോ എന്നുറക്കെ ചോദിക്കുന്നു. പ്രേക്ഷക മുന്നിലെത്തി തളർന്ന് മുട്ടുകുത്തി ഹൃദയവേദനയോടെ പ്രാർത്ഥിക്കുന്നു:
“യാ അള്ളാ…… എന്റെ കുഞ്ഞിനെ രക്ഷിക്കണേ…….”
അരങ്ങിൽവെടിയൊച്ചകളും നിലവിളികളും.

പ്രേക്ഷകരുടെ മുന്നിൽ നിന്ന സ്ത്രീ നിലവിളിയോടെ ഓടിമറയുന്നു. അരങ്ങിൽ യുദ്ധത്തിനെതിരെ കറുത്തപാന്റും നഗ്നമായ ഉടലുകളോടെ ഒരുസംഘം യുവാക്കൾ യുദ്ധക്രൂരതയ്ക്കെതിരെ അഗ്നിരോഷത്തിന്റെ ഗാനവുമായി കടന്നു വരുന്നു.അവർ ചടുലവും വേഗതയേറിയതുമായ ചലനങ്ങളോടെ രോഷത്തിന്റെ തീനാമ്പുകളായി അരങ്ങുണർത്തുന്നു.

ദൃശ്യം നാല്:
നടൻ: (പ്രവേശിച്ച്)
അരുത്…… യുദ്ധത്തിന്റെ ഭീകരക്കണ്ണുകൾ തുറക്കരുത്. അത് പൂർണമായി അടയാൻ നമുക്ക് സമാധാനത്തിന്റെ സന്ദേശകരാകാം. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയട്ടെ. സമാധാനം പുലരട്ടെ.
(സമാധാനത്തിന്റെ സന്ദേശകരായി വേദിയിലെത്തുന്ന നടന്മാർ യുദ്ധത്തിനെതിരെ ഒന്നിക്കാൻ പ്രേക്ഷകർക്ക് സന്ദേശം പകരുന്നു.)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × three =

Most Popular