സവർക്കറേയും, ഗോഡ്സെയേയും ചുറ്റിപ്പറ്റി ഒരു ബൃഹത്തായ സാംസ്കാരിക പ്രപഞ്ചം രൂപംകൊള്ളുന്ന കാലത്ത്, അവയെ ദുർബലപ്പെടുത്താൻ ഒരു പ്രതിരോധ പദാർത്ഥം ചരിത്രത്തിനുള്ളിൽ നിന്നും വിവേകത്തിന്റെ രൂപത്തിൽ കടഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ് എന്ന ബോധ്യത്തിലാണ് പി എൻ ഗോപികൃഷ്ണൻ ‘ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ’ എഴുതാൻ നിശ്ചയിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ സാമൂഹ്യക്രമവുമായി ‘ഹിന്ദുത്വ’ എന്ന പ്രത്യയശാസ്ത്രം അത്രമേൽ ബന്ധപ്പെട്ടിരിക്കുന്ന ഒരു കാലത്താണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ചരിത്രവും വർത്തമാനവും വിശകലനം ചെയ്യുന്ന ഈ ഗ്രന്ഥം വായിക്കപ്പെടുന്നത്. ഏറ്റവും ചുരുങ്ങിയത് രണ്ടു നൂറ്റാണ്ടായെങ്കിലും ഇന്ത്യയെ സാമൂഹികമായി മെരുക്കിയെടുക്കാൻ നടക്കുന്ന ശ്രമങ്ങളെയാണ് ഇവിടെ പഠനവിധേയമാക്കുന്നത്.
ഇന്ത്യൻ ചരിത്രത്തിൽ മുഴുവൻ പിടിമുറുക്കിക്കൊണ്ട് സാംസ്കാരികാധിപത്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന ഹിന്ദുത്വയുടെ വർത്തമാനകാല ഉൽപ്പന്നങ്ങൾ വളരെ മുൻപു തന്നെ തയ്യാറാക്കിയ അജണ്ടകളുടെ സാക്ഷാത്കാരമാണെന്ന് തിരിച്ചറിയാൻ ഈ പുസ്തകത്തിന്റെ വായന നമ്മെ സഹായിക്കും. നമ്മുടെ തന്നെ ചരിത്രത്തിലും മനസ്സിലും അട്ടിയട്ടിയായി കിടക്കുന്ന വിമുഖതയോളമെത്തുന്ന അജ്ഞതയെ ഒന്നിളക്കാനെങ്കിലും സാധിച്ചേക്കും എന്ന പ്രത്യാശയോടെയാണ് ഈ കഥനം പുറത്തിറക്കുന്നതെന്ന് എഴുത്തുകാരൻ ആമുഖത്തിൽ തന്നെ സൂചിപ്പിക്കുന്നുണ്ട്.
ഹിന്ദു രാഷ്ട്രീയത്തിന്റെ ഉദ്ഭവത്തിന്റെ ചരിത്രം മുതൽ വർത്തമാനകാല ഇന്ത്യയിലെ അതിന്റെ പ്രയോഗങ്ങൾ വരെയുള്ള രാഷ്ട്രീയത്തെ, വസ്തുതകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുകയും, ലളിതമായ ഭാഷയിൽ അവതരിപ്പിക്കുകയും ചെയ്യുന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. ഇന്ത്യ ഉയർത്തിപ്പിടിക്കേണ്ട ആധുനിക രാഷ്ട്രീയ സങ്കൽപ്പനങ്ങളെ തകർത്തു ബ്രാഹ്മിണിസത്തിന് അനുകൂലമായ സാംസ്കാരിക അന്തരീക്ഷം ഒരുക്കുക എന്ന മുഖ്യ അജണ്ടയിൽ ഹിന്ദുത്വ രാഷ്ട്രീയവും അതിന്റെ വക്താക്കളും സ്വീകരിച്ച നിലപാടുകളും, തന്ത്രങ്ങളും നമുക്കിവിടെ വായിച്ചെടുക്കാനാവും. ബാൽ ഗംഗാധർ തിലക് ഉയർത്തിയ നിലപാടുകളിൽ നിന്നും സവർക്കറിലേക്കും, ഗോഡ്സെയിലേക്കും വളർന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ചരിത്രപരമായ വികാസം നമുക്കിവിടെ പഠിക്കാനാവും. ഹിന്ദു മത മൂല്യങ്ങൾ ഒരുതരത്തിൽ ഇന്ത്യൻ സമൂഹത്തിൽ കലർത്തിത്തന്നെ ഇതിനെ പ്രതിരോധിക്കുന്ന ഗാന്ധി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശത്രുപക്ഷത്ത് എത്തുന്നതിന്റെ തുടക്കവും മുതൽ പുസ്തകം വ്യക്തമാക്കുന്നുണ്ട്.
ഒരു ആർഎസ്എസ് സന്നദ്ധ പ്രവർത്തകന്റെ ശവകുടീരത്തിൽ എഴുതി വെച്ചത് ഇതാണ് – ‘അയാൾ ജനിച്ചു, ആർഎസ്എസിൽ ചേർന്നു, ഒന്നും സാധിക്കാതെ മരിച്ചു’ സവർക്കറിന്റെ ഈ വാചകം എടുത്ത് ‘ആർഎസ്എസ് സവർക്കർക്കെതിരാണെന്നോ, സവർക്കർ ആർഎസ്എസിനെതിരാണെന്നോ’ മനസ്സിലാക്കിയാൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ചാതുര്യം നമുക്ക് പിടികിട്ടില്ലെന്ന് പുസ്തകം പറയുന്നു. വില്ലിയെ കൊല്ലാൻ പോകുന്ന മദൻലാൽ ദിംഗ്രയോട് ഈ ശ്രമത്തിൽ പരാജയപ്പെട്ടാൽ നിന്റെ മുഖം എനിക്ക് കാണേണ്ട എന്നുപറഞ്ഞ, അതേ തരംഗദൈർഘ്യത്തിലുള്ള പ്രസ്താവനയാണിത്. ആർഎസ്എസിനെ യഥാർത്ഥ ലക്ഷ്യം നിറവേറ്റാനുഉള്ള സംവിധാനമായി രൂപപ്പെടുത്തുന്നതിൽ സവർക്കർ നടത്തിയ ഇടപെടലുകളെ കൃത്യമായി മനസ്സിലാക്കാൻ നമുക്ക് ഇതിലൂടെയാവും.
ആൻഡമാൻ ജയിലുകളിൽ നിന്നും മാപ്പെഴുതിയെഴുതി പുറത്തിറങ്ങിയ സവർക്കറെ നമുക്കറിയാം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉലയിൽ തന്നെ ഒരു വീരൻ (വീർ) ആക്കാനുള്ള സ്വയം നടത്തിയ ശ്രമങ്ങളും, ഗാന്ധിക്കെതിരെ പ്രയോഗിക്കാനുള്ള ആയുധമായി ഗോഡ്സെ രൂപപ്പെടുന്നതും സുദീർഘമായി വായിക്കാനും, തിരിച്ചറിയാനും പുസ്തകം നമ്മളെ സഹായിക്കും. ‘ഹിന്ദുത്വ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പ്രയോഗമാണ് ഗാന്ധിവധം’ എന്ന് പുസ്തകം അടിവരയിടുന്നു. അതിന്റെ പുതിയ പ്രയോഗങ്ങൾ പ്രതിരോധിക്കാൻ നമുക്ക് കഴിയണമെന്നുണ്ടെങ്കിൽ ‘ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ’ നന്നായി ആഴത്തിൽ പഠിക്കുകയും മനസ്സിലാക്കുകയും വേണം. സവർക്കറിന്റെയും ഹിന്ദുത്വത്തിന്റെയും വിശുദ്ധ നിർമിതികളെ തിരിച്ചറിയാനും പൊളിച്ചടുക്കാനും ചരിത്രത്തിന്റെ കോടതിയെ സജീവമാക്കേണ്ടതിന്റെ അനിവാര്യതയാണ് പുസ്തകം ഉയർത്തിപ്പിടിക്കുന്നത്.
ഗാന്ധിവധത്തിനു ശേഷം ഹിന്ദുത്വ രാഷ്ട്രീയം പൊടുന്നനെ പ്രത്യക്ഷപ്പെടുന്നത് ബാബറി മസ്ജിദ് തകർക്കപ്പെടുന്ന മുഹൂർത്തത്തിലാണ്. വംശീയമായി സംഘടിപ്പിക്കപ്പെട്ട ഒരു ഹിന്ദുകൂട്ടം സൈനികരൂപത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ അവതരിക്കപ്പെട്ടു. മറവിയിൽ നിന്നും സവർക്കർ വലിയ ശക്തിയോടെ തിരിച്ചുവന്നു. 2002ലെ ഗുജറാത്ത് കലാപത്തിൽ ജനങ്ങൾക്കു മേൽ അത് പ്രയോഗിക്കപ്പെട്ടു. ഇപ്പോൾ മണിപ്പൂരിലും അത് പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. ആ രാഷ്ട്രീയത്തിന്റെ പ്രായോഗിക ഭരണത്തിന് കീഴിലാണ് നാം ഇന്ന് ജീവിക്കുന്നത്. സവർക്കറുടെ ആശയങ്ങളുടെ എതിരാളികളായ എല്ലാത്തിന്റെയും മുകളിലുള്ള ഹിംസാത്മകമായ ഇടപെടലുകളും, ആക്രമണങ്ങളും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഇത്തരത്തിലുള്ള പ്രയോഗങ്ങളാണ്. ജനാധിപത്യ മതേതര രാഷ്ട്രീയത്തെ അപ്രസക്തമാക്കുക എന്നാൽ ഇന്ത്യ എന്ന ആശയത്തെ, ബഹുസ്വരതയെ കൊലചെയ്യലാണ് എന്ന തിരിച്ചറിവിന്റെ ഉണർവിലേക്ക് ഇന്ത്യൻ ജനതയുടെ എത്തിച്ചേരലാണ് ഇതിനെതിരായ ചികിത്സ. അതൊരുപക്ഷേ എങ്ങനെയാണ് ഹിന്ദുത്വ ഫാസിസത്തിനെതിരെ ജനാധിപത്യത്തിന്റെ വിജയം എന്ന കാര്യത്തിൽ ലോകത്തിനും വരുംകാല ചരിത്രത്തിനും ഒരു പാഠപുസ്തകം ആയിരിക്കും എന്നു പറഞ്ഞുകൊണ്ടാണ് എഴുത്തുകാരൻ അവസാനിപ്പിക്കുന്നത്.
യഥാർത്ഥത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ ചികിത്സക്കും മരുന്നിനുമായി ഉപയോഗപ്പെടുത്താവുന്ന പാഠപുസ്തകം തന്നെയാണ് ഈ ഗ്രന്ഥം. ഹിന്ദുത്വ രാഷ്ട്രീയത്തെ അതിന്റെ കൊമ്പും ചില്ലയും വെട്ടിയതുകൊണ്ട് ഇല്ലാതാക്കാൻ കഴിയുന്ന ഒന്നല്ലെന്നും, വേരോടെ പിഴുതെറിയേണ്ട ഒന്നാണെന്നും, ഇതിന് കഴിയുകയാണ് വേണ്ടതെന്നും ഈ പുസ്തകത്തിന്റെ വിശാലമായ വായനയിലൂടെ തിരിച്ചറിയാനാവും. സംഘപരിവാറിന്റെ കുടിലതയെ പ്രതിരോധിക്കണമെങ്കിൽ ഹിന്ദുത്വ അജണ്ടയുടെ നാനാതുറകളെയും അതിവിപുലമായ പഠനത്തിന് വിധേയമാക്കേണ്ടതുണ്ട്. അതിനു അക്ഷരാർത്ഥത്തിൽ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ചരിത്രപരമായ ഉത്തരവാദിത്വമാണ് ഈ പുസ്തകം നിറവേറ്റുന്നത്. ഒരേസമയം ഹിന്ദുത്വരാഷ്ട്രീയത്തെ പഠനവിധേയമാക്കുകയും, അതിനെത്തന്നെ എതിർക്കാനുള്ള വിദ്യാഭ്യാസം പകർന്നു നൽകുകയും ചെയ്യുന്ന ഗ്രന്ഥമായാണ് ഈ പുസ്തകത്തെ വിലയിരുത്തേണ്ടത്.
ഇന്ത്യയിലെ ന്യൂനപക്ഷ സമുദായമായ ബ്രാഹ്മണകുലത്തിലെ ചിലർ ആവിഷ്കരിച്ചു വളർത്തിയ ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യൻ ഭരണത്തിലേറിയ കഥയെ ചരിത്രത്തിലൂടെ പിന്തുടരുന്ന ഒരു പഠന ഗ്രന്ഥത്തിന്റെ അഭാവം ഈ രാഷ്ട്രീയത്തെ വെല്ലുവിളിക്കുന്ന മലയാളിയെ ദുർബലപ്പെടുത്തുന്നുണ്ടെന്ന തോന്നലിൽ നിന്നാണ് ഈ പുസ്തകം ജനിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തെ വെല്ലുവിളിക്കുന്ന കേരളത്തിലും ഇതിന്റെ വിത്തുകൾ പാകിയതിന്റെ ചരിത്രവും നമുക്കിവിടെ കാണാനാവും. മലയാളികൾ ആഘോഷപൂർവ്വം സ്വീകരിച്ച ‘കാലാപാനി’ എന്ന സിനിമ സവർക്കറയും ഹിന്ദുത്വത്തെയും മലയാള മനസ്സിൽ അടയാളപ്പെടുത്തിയതിന്റെ കഥ ഈ പുസ്തകം നമുക്കു പറഞ്ഞു തരും. ഹിന്ദുത്വത്തോട് പടവെട്ടുമ്പോഴും വേരോടെ പിഴുതെറിയാനുള്ള കരുത്തുതേടാൻ മലയാളിക്ക് അറിവും കരുത്തും നൽകാൻ സഹായകരമാവുന്ന പുസ്തകം കൂടിയാണിത്.
ഹിന്ദുത്വ ഫാസിസത്തിന്റെ ബിംബനിർമ്മിതികളേയും സത്യാനന്തര പ്രചരണങ്ങളുടേയും ചരിത്രപരമായ തുടർച്ചയും, വ്യാജ ചരിത്രനിർമ്മാണത്തിന്റെ പരിശ്രമങ്ങളും വിശദീകരിക്കാക്കുന്ന ഗ്രന്ഥം ഒരുകൂട്ടം ബ്രാഹ്മണരുടെ നഷ്ടസാമ്രാജ്യമോഹത്തിന്റെയും, സവർക്കറിന്റെ മാപ്പിന്റെയും, ഗാന്ധി വധത്തിന്റെ ഗൂഢാലോചനകളുടെ നാൾവഴികളുടേയും, ഹിന്ദുത്വത്തിൻ്റെ ക്രൂരകൗശലങ്ങളുടേയും, ഹിന്ദുത്വയിലെ ഹിംസാത്മക ബ്രാഹ്മണിസത്തിന്റെയും, ഫാസിസത്തിന്റെയുമെല്ലാം കഥകളടക്കമുള്ള നിരവധി ചരിത്രസന്ദർഭങ്ങളെ ആധാര രേഖകൾ സഹിതം പരിശോധിക്കുന്നുണ്ട്. നുണയുടെ ഉരുക്കുതൂണുകളിൽ കെട്ടിപ്പൊക്കിയ ഹിന്ദുത്വ രാഷ്ട്രീയത്തിയത്തെ വിചാരണ ചെയ്യാനുള്ള മലയാളത്തിന്റെ പ്രതിരോധ പുസ്തകം കൂടിയാണിത്. ലോഗോസ് പബ്ലിക്കേഷൻ പുറത്തിറക്കിയ ഈ പഠന ഗ്രന്ഥം. ഇന്ത്യയിലെ ഹിന്ദുക്കളെയാകെ വ്യാജ ചരിത്രനിർമ്മിതിക്ക് പാത്രമാക്കുമ്പോൾ യഥാർത്ഥ ചരിത്രത്തിന്റെ അന്വേഷണവും പഠനവും മാത്രമാണ് വഴിപിഴക്കാതിരിക്കാനുള്ള മാർഗം. കേവലമായ അറിവുകൊണ്ടുമാത്രം ഹിന്ദുത്വത്തെ പരാജയപ്പെടുത്താനും മാനവികത ഉയർത്തിപ്പിടിക്കാനും നമുക്കാവില്ല. ഹിന്ദുത്വത്തിൻ്റെ ഉള്ളുകള്ളികളെ കുറിച്ചുള്ള അതിവിപുലമായ പഠനത്തിന് സഹായകമാവും വിധമുള്ള പാഠപുസ്തകം കൂടിയായി ഇതു നമുക്കുപകാരപ്പെടും.
സംഘപരിവാർ ഫാസിസത്തിനെതിരെ നമുക്കെല്ലാവർക്കും ഉയർത്തിപ്പിടിക്കാവുന്ന ആയുധമാണ് ഈ പുസ്തകം. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ വാതുറക്കുകയും, വെറുപ്പിന്റെ രാഷ്ട്രീയത്തെക്കുറിച്ച് വിളിച്ചുപറയുകയും ചെയ്തതിന് ഇന്ത്യയിൽ ഇതുവരെ ധാരാളം സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും കൊലചെയ്യപ്പെടുകയോ, തടവിലടയ്‌ക്കപ്പെടുകയോ ചെയ്തു. കൽബുർഗിയെയും, ഗോവിന്ദ് പൻസാരെയേയും പെരുമാൾ മുരുകനെയും ഹിന്ദുത്വം അവരുടെ കുന്തമനയിൽ കോർത്തെടുക്കുന്നത് നാം കണ്ടു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥയെഴുത്തുകാരനായ പി.എൻ.ഗോപീകൃഷ്ണൻ എപ്പോഴാണ് ഇക്കൂട്ടത്തിലേക്ക് എടുത്തറിയപ്പെടുക എന്നറിയില്ല. കേരളം ഒരു കവചമായി നിൽക്കുന്നിടത്തോളം പി.എൻ.ഗോപീകൃഷ്ണൻ നമുക്കിടയിലുണ്ടാവും. ഹിന്ദുത്വത്തെ തുറന്നുകാണിക്കാനും തുറന്നെതിർക്കാനുള്ള പുതിയ സമര പരിപാടികൾ ഒരുക്കുന്നതിനൊപ്പം ഈ പുസ്തകം ഇന്ത്യക്കാർ മുഴുവൻ വായിക്കാനുള്ള മാർഗ്ഗങ്ങൾ ആലോചിക്കുക കൂടിയായാണ് വേണ്ടത്. മതനിരപേക്ഷ ഇന്ത്യക്കായുള്ള സമരായുധമായി ഈ പുസ്തകത്തിന്റെ വായനയും ചർച്ചയും സംഘടിപ്പിക്കാൻ നമുക്കാവണം. ഈ കഥനത്തിന്റെ വായനയിലൂടെ മഹാസമരങ്ങളേക്കാൾ മൂർച്ചയുള്ള മനസ്സുകൾ രൂപപ്പെടുന്നതും അവധാനതയോടെ പുസ്തകമൊരു ആശയദൃഢതയുള്ള പോർമുഖം തുറക്കുന്നതും നമുക്ക് കാണാനാവും. ♦