Sunday, May 19, 2024

ad

Homeചിത്രകലസ്വപ്‌നാത്മക ദൃശ്യങ്ങളുടെ വർണമേളനം

സ്വപ്‌നാത്മക ദൃശ്യങ്ങളുടെ വർണമേളനം

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

രിത്രാതീത മനുഷ്യൻ കല്ലിലും മണ്ണിലും മരത്തിലും തുകലിലും പിന്നീട്‌ അവരുടെ വാസസ്ഥലങ്ങളായിരുന്ന ഗുഹാചുവരുകളിലും വീടകങ്ങളിലുമൊക്കെ പ്രതീകാത്മകമായ രൂപങ്ങൾ വരച്ചുകൊണ്ടാണ്‌ ചിത്രകലയ്‌ക്ക്‌ തുടക്കമാവുന്നതെന്ന്‌ കലാചരിത്രം പറയുന്നു. ആവാസവ്യവസ്ഥയുടെ വികാസങ്ങൾക്കും മാറ്റങ്ങൾക്കുമൊപ്പം കലയിലും വികാസ‐രൂപ പരിണാമങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ രൂപപ്പെടുന്ന ചിത്രകലാ ശൈലികൾ അന്യോന്യം ആശയവിനിമയത്തിനായുള്ള ഭാഷയായി പരിണമിച്ചിരുന്നതും കലാചരിത്രത്തിലൂടെ നമുക്കറിയാം.
ആദിമ മനുഷ്യരുടെ ചിത്രങ്ങളും ഭാഷയും സമന്വയിപ്പിക്കുന്ന കലാവഴികളിൽ ജാമിതീയ രൂപങ്ങളായ ത്രികോണം, വൃത്തം, ചതുരം, ബിന്ദു, രേഖ എന്നീ അടിസ്ഥാന ഘടകങ്ങൾ രൂപപ്പെടുന്നതോടെ ചിത്ര‐ശിൽപകലയിൽ മാറ്റങ്ങൾക്ക്‌ തുടക്കംകുറിച്ചു. പ്രകൃതിയെയും മനുഷ്യനെയുമൊക്കെ വൈവിധ്യമാർന്ന ശൈലീസങ്കേതങ്ങളിലൂടെ വരച്ചുചേർത്തുകൊണ്ടാണ്‌ സമകാലിക കലയിലേക്ക്‌ കലാകാരർ ബഹുദൂരം കടന്നുചെന്നിരിക്കുന്നത്‌. ശാസ്‌ത്രനിർമിതികളിലൂടെ പരീക്ഷണങ്ങളിലൂടെ കണ്ടെത്തലുകളിലൂടെ കലയിൽ ഏറ്റവും പുതിയ കാഴ്‌ചകൾ സമ്മാനിക്കുന്ന ചിത്രശിൽപകാരരുടെ നിര വലുതാണ്‌. പ്രത്യേകിച്ച്‌ കേരളത്തിലെ കലാകാരർ. ദേശീയ അന്തർദേശീയ തലത്തിലുള്ളവർ ശ്രദ്ധേയരാകുന്നു. അവരിലൊരാളാണ്‌ തിരുവനന്തപുരം സ്വദേശിയായ വി എസ്‌ അശ്വനികുമാർ എന്ന ചിത്രകാരൻ. കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിലേതടക്കം നിരവധി ഏകാംഗ ചിത്രപ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ള ചിത്രകാരനാണിദ്ദേഹം.

പ്രകൃതിക്കാഴ്‌ചകളുടെ സൗന്ദര്യ ചിന്തകൾക്കൊപ്പം ചരിത്രവഴിയിലൂടെ പ്രകാശമാനമാകുന്ന ജീവിത മുഹൂർത്തങ്ങളിലേക്കുള്ള സർഗാത്മകമായ അന്വേഷണമാണ്‌ അശ്വിനികുമാർ തന്റെ കലാവിഷ്‌കാരങ്ങളിലൂടെ തുടങ്ങുന്നത്‌. സമൂഹത്തിലെ പൊള്ളുന്ന ജീവിതാനുഭവങ്ങളെ ചേർത്തുപിടിച്ചുകൊണ്ടാണ്‌ പ്രകൃതിബിംബങ്ങളെ ചിത്രകാരൻ വരച്ചിടുന്നത്‌. കലയുടെ ബോധങ്ങളിലൂടെ വളരുകയും വർണാഭമായ പൂക്കൾ പൊഴിക്കുകയും ചെയ്യുന്ന കാഴ്‌ചയാണ്‌ അശ്വിനികുമാറിന്റെ ആദ്യകാല ചിത്രങ്ങൾ (ചൈൽഡ്‌ഹുഡ്‌ മെമ്മറീസ്‌ പരമ്പര). ഫിഗറേറ്റീവ്‌ ആയ രൂപമാതൃകകളിലും വർണവിന്യാസത്തിലും ശ്രദ്ധിക്കുന്ന അദ്ദേഹം റിയലിസത്തിൽനിന്ന്‌ സറിയലിസത്തിലേക്കുള്ള ഭാവതലങ്ങൾക്കാണ്‌ പ്രാധാന്യം കൽപിക്കുന്നത്‌‐ രൂപങ്ങളുടെ സമൃദ്ധിയോടെ.

നമ്മുടെ ചുറ്റുപാടുമുള്ള മനുഷ്യരെയും പുരാണങ്ങളിലുള്ള രൂപങ്ങളെയും അവയുടെ ക്ലാസിക്കൽ ഭാവങ്ങളിൽനിന്ന്‌ മാറ്റിയെടുത്ത്‌ സമകാലിക മനുഷ്യരുടെ ജീവിതയാഥാർഥ്യങ്ങളെ ഒരു പരിധിവരെ യഥാതഥമായി ആവിഷ്‌കരിക്കുകയാണ്‌ പുതിയ പരമ്പര ചിത്രങ്ങൾ. പ്രകൃതിയിൽനിന്നുള്ള പ്രചോദനം ഉൾക്കൊണ്ട രൂപങ്ങളിൽ ആകാശം, നക്ഷത്രങ്ങൾ, ജലാശയങ്ങൾ, മലയോരങ്ങൾ, വൃക്ഷത്തലപ്പുകൾ, പൂക്കൾ തുടങ്ങിയ വാതിൽപ്പുറക്കാഴ്‌ചകളെ തീവ്രവർണ പശ്ചാത്തലമൊരുക്കിയാണ്‌ പുതിയ ചിത്രങ്ങളിൽ അദ്ദേഹം ആവിഷ്‌കരിച്ചിരിക്കുന്നത്‌. പ്രകൃതിയിലെ വർത്തമാനകാല വൈവിധ്യങ്ങളെ വ്യത്യസ്‌തകളെ സമൂഹത്തിലേക്ക്‌ തുറക്കുന്ന വാതായനങ്ങളാക്കി പരിവർത്തിപ്പിക്കുകയാണിവിടെ ചിത്രകാരൻ. വിഭാഗീയതയുടെയും പ്രകൃതിചൂഷണത്തിന്റെയും അക്രമങ്ങളുടെയും കാഴ്‌ചക്കപ്പുറം സ്വാതന്ത്ര്യത്തിന്റെ സൂര്യവെളിച്ചം കാത്തിരിക്കുന്ന ‘ട്രാവലർ’ പരമ്പര ചിത്രങ്ങൾ, ജൈവ സ്വാതന്ത്ര്യത്തിന്റെ ചെറുത്തുനിൽപ്പുകൾ ആവിഷ്‌കരിച്ചുകൊണ്ട്‌ പ്രകൃതിയോടൊപ്പം നിൽക്കുന്ന സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന ‘ക്യൂറിയോസിറ്റി’, പ്രകൃതിയുടെ കണ്ണാടിയിലൂടെ സ്വന്തം ജീവിതം നോക്കിക്കാണുന്ന സാധാരണക്കാരായ മനുഷ്യർ‐ ഇവയ്‌ക്കൊക്കെ ചേരുന്ന നിരവധി ചിത്രപരമ്പരകൾ ഇദ്ദേഹത്തിന്റേതായുണ്ട്‌. മനുഷ്യന്റെ സ്വത്വാന്വേഷണത്തിന്റെ തീവ്രഭാവങ്ങളെ ചിത്രകാരന്റെ രൂപം വരച്ചുചേർത്തുകൊണ്ട്‌ അവതരിപ്പിക്കുന്ന ‘അൺടൈറ്റിൽഡ്‌’ വിഭാഗത്തിലുള്ള ചിത്രങ്ങളുമുണ്ട്‌. പൊള്ളുന്ന ജീവിതാനുഭവങ്ങളിലേക്ക്‌ തുറന്നിടുന്ന ചിത്രങ്ങൾ.

തീവ്രമായ കാഴ്‌ചാനുഭവങ്ങളെ അതേ തീവ്രതയോടെയുള്ള വർണങ്ങളിലൂടെയാണ്‌ അശ്വിനികുമാർ അടയാളപ്പെടുത്തുന്നത്‌. ദുർഗ്രാഹ്യതയില്ലാത്ത രൂപനിർമിതിയും ലാളിത്യമാർന്ന അവതരണവും ശ്രദ്ധേയം. നിരവധി രേഖാചിത്രങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്‌. ‘ചൈൽഡ്‌ഹുഡ്‌ മെമ്മറീസ്‌’ പരമ്പരയിലുള്ള രേഖാചിത്രങ്ങൾ തന്റെ ചുറ്റുപാടുകളെ യഥാതഥമായി എന്നാൽ രൂപനിർമിതിയിലെ പ്രത്യേകതകൾ കൊണ്ട്‌ വേറിട്ട ശൈലി സ്വീകരിച്ചിട്ടുള്ളവയുമാണ്‌. നിഴലിന്റെയും വെളിച്ചത്തിന്റെയും സാധ്യതകളെ രേഖകളിലൂടെ ആവിഷ്‌കരിച്ചിരിക്കുന്ന പ്രത്യേകയും ഈ രചനകളിൽ ദൃശ്യമാണ്‌.

ചിത്രരചനയിൽ സജീവമായി ഇടപെട്ടുകൊണ്ട്‌ തിരുവനന്തപുരം കോളേജ്‌ ഓഫ്‌ ഫൈൻ ആർട്‌സിൽനിന്ന്‌ കലാപഠനം പൂർത്തിയാകുന്നത്‌ എൺപതുകളിലാണ്‌. ഇംഗ്ലണ്ടിൽ നടന്ന ട്രിനാലെയിൽ അശ്വിനികുമാറിന്റെ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്‌. തുടർന്ന്‌ ഫ്രാൻസ്‌, ദുബായ്‌, അലയ്‌ൻ തുടങ്ങിയ രാജ്യങ്ങളിൽ ചിത്രപ്രദർശനങ്ങളിൽ പങ്കാളിയായി. കേരള ലളിതകലാ അക്കാദമി പ്രദർശനങ്ങളടക്കം സംസ്ഥാന‐ദേശീയ ചിത്രപ്രദർശനങ്ങളിലും ചിത്രകലാ ക്യാമ്പുകളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്‌. ഭാരതീയ വിദ്യാഭവനിൽ കലാ അധ്യാപകനായി ജോലിനോക്കുമ്പോഴും തന്റെ കലാസപര്യ തുടർന്നുകൊണ്ടേയിരിക്കുന്നു, പ്രകൃതിയെയും മനുഷ്യരെയും തൊട്ടറിഞ്ഞുകൊണ്ട്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 1 =

Most Popular