വിപ്ലവപ്പാതയിലെ ആദ്യപഥികർ‐ 5
ചെഗുവേരയെക്കുറിച്ചറിയാത്തവരാരുമുണ്ടാകില്ല, ചെയെക്കുറിച്ച് ആവേശംകൊള്ളാത്ത കേരളീയ ചെറുപ്പക്കാർ കുറവാകും. മട്ടന്നൂരിലും പഴശ്ശിയിലും തില്ലങ്കേരിയിലും കോറോത്തും ആലപ്പടമ്പിലും മുനയൻകുന്നിലും വിപ്ലവത്തിന്റെ വിത്തുകൾവിതച്ച് പോരാട്ടം നയിച്ച് ഒടുവിൽ മുനയൻകുന്നിൽ മറ്റ് അഞ്ച് സഖാക്കളോടൊപ്പം വെടിയേറ്റ് രക്തസാക്ഷിയായ കെ.സി.കുഞ്ഞപ്പുമാസ്റ്ററെക്കുറിച്ച് കേരളത്തിലാകെയന്നല്ല, അദ്ദേഹത്തിന്റെ നാട്ടിലെ പുതിയതലമുറകൾക്ക് കേട്ടുകേൾവി പോലുമില്ല! നമ്മുടെ കുഞ്ഞാപ്പുമാസ്റ്റരെ മുൻയൻകുന്നിൽ വെടിവെച്ചുകൊന്നില്ലേടോ കോൺഗ്രസ്സുകാരും എം.എസ്.പിയും എന്ന് ഇ.കെ.നായനാർ പ്രസംഗിക്കുന്നതും കുഞ്ഞാപ്പുമാസ്റ്റർ എന്ന പേരുപറയുമ്പോഴേക്കും മനസ്സ് വല്ലാതെ ആർദ്രമായി ശബ്ദമിടറുന്നതും ഓർക്കുകയാണ്.
എരമംകുറ്റൂരിലെ കപ്പണക്കാൽ ചെമ്മരത്തിയുടെയും തൈവളപ്പിൽ രാമന്റെയും മൂന്നാമത്തെ മകനാണ് കുഞ്ഞാപ്പു. എട്ടാം ക്ലാസ് പഠനം കഴിഞ്ഞ ഉടനെതന്നെ പയ്യന്നൂരിനടുത്ത് തവിടിശ്ശേരിയിലെ സ്കൂളിൽ അധ്യാപകനായി. കുട്ടികളെ പഠിപ്പിക്കുന്നതിനൊപ്പം കൃഷിക്കാരെയും കർഷകതൊഴിലാളികളെയും സംഘടിപ്പിക്കുന്നതിലും ദേശീയ പ്രസ്ഥാനത്തിന്റെ സന്ദേശമെത്തിക്കുന്നതിലും മുഴുകുകയായിരുന്നു ആ ചെറുപ്പക്കാരൻ. പിന്നീട് തൊള്ളായിരത്തി മുപ്പതുകളുടെ മധ്യേ നാട്ടിൽനിന്ന് വളരെയകലെയുള്ള മുഴക്കുന്ന് സ്കൂളിൽ ജോലി ലഭിക്കുന്നു. നാട്ടിലെ സ്കൂളിൽ ജോലിയുണ്ടായിട്ടും കുഞ്ഞാപ്പുമാസ്റ്റർ വിദൂരമലയോരഗ്രാമമായ മുഴക്കുന്നിലേക്ക് അവിടെത്തന്നെ മുടക്കോഴിയിലേക്ക് (മുടക്കോഴി കമ്യൂണിസ്റ്റ് ഗ്രാമമായതിനാൽ അടുത്തകാലത്തും ഏറെ പഴികേട്ടതാണ്. മുടക്കോഴി മുടക്കുവഴി ലോപിച്ചതാണ്). താമസംമാറ്റി അവിടത്തെ സ്കൂളിൽ അധ്യാപകനായി ചേർന്നത് കൂടുതൽ വേതനം കിട്ടുമെന്നുകരുതിയാവില്ല, കൃഷ്ണപിള്ള അങ്ങോട്ടേക്കേ് നിയോഗിച്ചതാവാം. അതേക്കുറിച്ച് വ്യക്തതയില്ല. എന്നാൽ മുഴക്കുന്നിലെ സ്കൂളിൽ അധ്യാപകനായെത്തി ഏതാനും മാസത്തിനകം തില്ലങ്കേരി‐ മുഴക്കുന്ന് മേഖലയിൽ കർഷകസംഘമുണ്ടാക്കി. പകൽ സ്കൂളധ്യാപകൻ. സന്ധ്യയായാൽ ഓരോ വീട്ടിലും കടന്നുചെന്ന് കർഷകസംഘത്തിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പ്രചരണം. 1940 സെപ്തംബർ 15ന്റെ മർദനപ്രതിഷേധ‐വിലക്കയറ്റവിരുദ്ധ സമരത്തിന്റെ ഭാഗമായി മട്ടന്നൂരിലേക്ക് തില്ലങ്കേരി മേഖലയിൽനിന്നുള്ള ജാഥ നയിച്ചത് കുഞ്ഞാപ്പുമാസ്റ്ററാണ്. രണ്ടുമൂന്ന് വർഷത്തെ പ്രവർത്തനത്തിലൂടെ തില്ലങ്കേരി മേഖലയെ കർഷകപ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമാക്കിയിരുന്നു മാസ്റ്റർ. പഴശ്ശിയിലെ വി.അനന്തനും തലശ്ശേരി പന്ന്യന്നൂരിൽനിന്നും എത്തിയ ചാത്തുമാസ്റ്ററും കുഞ്ഞാപ്പുമാസ്റ്ററുടെ സഹപ്രവർത്തകർ. പാർട്ടി നേതാവായ എൻ.ഇ. ബാലറാമിന്റെ ശ്രദ്ധ. പഴശ്ശി‐തില്ലങ്കേരി മേഖലയിലെ പ്രസ്ഥാനത്തിന്റെ ശക്തിവിളിച്ചറിയിക്കുന്ന വൻ പങ്കാളിത്തത്തോടെയുള്ള ജാഥയാണ് കുഞ്ഞാപ്പുമാസ്റ്റരുടെ നേതൃത്വത്തിൽ മട്ടന്നൂരിൽ എത്തിയത്. നിരോധനം ലംഘിച്ച് റാലിനടപടികൾ തുടങ്ങിയതോടെ പൊലീസ് ഭീകരമർദനം തുടങ്ങി. സംഘർഷം രൂക്ഷമായപ്പോൾ കോൺസ്റ്റബിൾ രാമൻനായർ സ്റ്റേഷനിൽപോയി തോക്കുമായെത്തി. അത് പ്രയോഗിക്കാൻ ശ്രമിക്കുമ്പോഴാണ് റാലിയിലെ മുൻനിരയിലുണ്ടായിരുന്ന മൂലപ്പൊക്കൻ എന്ന വൃദ്ധകർഷകൻ തന്റെ ഇരുമ്പുവടികൊണ്ട് രാമൻനായരെ കാലിൽ കൊളുത്തി വീഴ്ത്തുന്നത്. തോക്കു പിടിച്ചെടുത്ത് അതിന്റെ പാത്തികൊണ്ട് ജനം തിരിച്ചടിച്ചു. പരിക്കേറ്റ കോൺസ്റ്റബിൾ രാമൻനായർ ഏതാനും ദിവസത്തിനകം മരിച്ചു. മട്ടന്നൂർ സംഭവത്തിന്റെ നേതാക്കളിലൊരാളായ കുഞ്ഞാപ്പുമാസ്റ്റർ കേസിൽപ്രതിയായെങ്കിലും പിടികൊടുത്തില്ല. ആറുവർഷത്തോളം മലബാറിന്റെ വിവിധ ഭാഗങ്ങളിലും മൈസുരുവിലും തെക്കൻകർണാടകമേഖലയിലും ഒളിവിൽകഴിഞ്ഞുകൊണ്ട് കർഷക‐കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുകയായിരുന്നു.
മട്ടന്നൂർ സംഭവത്തെത്തുടർന്ന് കുഞ്ഞാപ്പുമാസ്റ്റർ ആദ്യം ഒളിവിൽകഴിഞ്ഞത് തില്ലങ്കേരിയിലാണ്. ചെറോട്ട താലയുടെയും കരിപ്പായി ചാത്തുഗുരിക്കളുടെയും വീട്ടിൽ. ആ ദമ്പതികൾക്ക് നാലുമക്കൾ. മൂത്തമകൻ രാമുണ്ണിക്ക് രാഷ്ട്രീയമില്ല. തുടർന്നുള്ള മൂന്നുമക്കൾ കുഞ്ഞിരാമനും ഗോപാലനും അനന്തനും. ചെറോട്ട വീട് കുഞ്ഞാപ്പുമാസ്റ്ററുടെ ഏകാധ്യാപകവിദ്യാലയമായി. മൂന്ന് സഹോദരങ്ങളും കമ്മ്യൂണിസത്തിന്റെ ബാലപാഠങ്ങളലേക്ക്. വിപ്ലവബോധത്തിലേക്ക്. 1937‐ൽ കുഞ്ഞാപ്പുമാസ്റ്ററുടെ നേതൃത്വത്തിൽ തില്ലങ്കേരി‐ ശിവപുരം,‐ പഴശ്ശി മേഖലയിൽ തുടക്കമായ കർഷകപ്രസ്ഥാനത്തിന്റെ പ്രവർത്തനത്തിലേക്ക് ആ സഹോദരങ്ങളും.
ആറുവർഷത്തെ ഒളിവുജീവിതത്തിനുശേഷം, 1946ൽ പയ്യന്നൂരിലെത്തിയ കുഞ്ഞാപ്പുമാസ്റ്റരെ പാർട്ടിയുടെ ഫർക്കാ കമ്മിറ്റി സെക്രട്ടറിയായി നിയോഗിക്കുന്നു. കൃഷ്ണപിള്ളയുടെയും കേരളീയന്റെയും എ.വി.കുഞ്ഞമ്പുവിന്റെയും പ്രിയസഖാവായി കുഞ്ഞാപ്പുമാസ്റ്റർ കോറോത്തും എരമത്തും ആലപ്പടമ്പിലും കുറ്റൂരിലുമെല്ലാം സുസജ്ജമായ പാർട്ടി ഘടകങ്ങൾ കെട്ടിപ്പടുത്തു. രാജ്യത്തെതന്നെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് ശക്തികേന്ദ്രങ്ങളിലൊന്നായി പയ്യന്നൂരിനെ മാറ്റുന്നതിന്റെ തുടക്കങ്ങൾ.
1948ലെ വിഷുക്കാലം. കൊൽക്കത്താ തീസിസ് വന്ന് ദിവസങ്ങൾ പിന്നിടുകയാണ്. ഭക്ഷ്യക്ഷാമത്തിനെതിരെ പൊരുതാൻ കർഷകസംഘവും പാർട്ടിയും തീരുമാനിച്ചു. ഉരിയരിപോലും കിട്ടാത്തതിനാൽ അടുപ്പുകൾ പുകയാത്ത വീടുകൾ. വിശന്നുവലഞ്ഞ കുട്ടികളുടെ നിലവിളിയുയരുകയാണെങ്ങും. വിഷുക്കാലമാണ്. വിഷുവിനെങ്കിലും ഇത്തിരി കഞ്ഞിവെള്ളം കുടിക്കണമെങ്കിൽ പൂഴ്ത്തിവെച്ച നെല്ല് പിടിച്ചെടുത്ത് വിതരണംചെയ്യുകയല്ലാതെ മറ്റു മാർഗമില്ല. കുഞ്ഞാപ്പുമാസ്റ്ററുടെ നേതൃത്വത്തിൽ സമരപരിപാടി തയ്യാറാക്കി.
ഇതേ സന്ദർഭത്തിൽ തില്ലങ്കേരിയിൽ കുഞ്ഞാപ്പുമാസ്റ്റർ പാർട്ടിയിലേക്കാകർഷിച്ച, കുഞ്ഞാപ്പുമാസ്റ്റർ പഠിപ്പിച്ച ചെറോട്ട സഹോദരങ്ങളുടെ നേതൃത്വത്തിൽ ചെമ്പുങ്കീഴ് ഇടത്തിലും മറ്റും പൂഴ്ത്തിവെച്ച നെല്ലെടുത്ത് വിതരണം ചെയ്യുന്നിതിനുള്ള സമരം പുരോഗമിക്കുകയായിരുന്നു. മച്ചൂർമലയിലെ ഏകാധ്യാപകവിദ്യാലയമായ നാട്ടുവായന സ്കൂളിൽ ഏപ്രിൽ 12ന് കർഷകയോഗം ചേർന്ന് നെല്ലെടുത്ത് വിതരണംചെയ്യാൻ തീരുമാനിക്കുകയാണ്. ആ വിദ്യാലയത്തിൽ അധ്യാപകനായ കതിരൂർക്കാരൻ ചാത്തുമാഷാണ് സംഘം നേതാവ്. പാർട്ടി കെട്ടിപ്പടുക്കാൻ പ്രത്യേകം നിയോഗിച്ചയച്ചതാണ് മാഷെ.
തലേദിവസം, അതായത് ഏപ്രിൽ 11‐ന് പയ്യന്നൂർ കാങ്കോൽ വില്ലേജിലെ ആലക്കാട്ട് ഒരു സംഭവം നടക്കുകയാണ്. മാവില കുഞ്ഞമ്പു നമ്പ്യാരുടെ കളപ്പുരയിൽ പൂഴ്ത്തിവെച്ച നെല്ല് കമ്മ്യൂണിസ്റ്റ് പ്രവർത്തകർ ബലമായി എടുത്ത് പട്ടിണിക്കാർക്ക് വിതരണം. വിഷുവിന് കഞ്ഞികുടിക്കാൻ മാത്രം നെല്ല്. അടുത്തദിവസം രാവിലെതന്നെ നാടാകെ പോലീസ് വലയത്തിൽ. കോറോം പ്രദേശത്താണ് സമരസേനാനികളുള്ളത്. അവിടെ കടന്നെത്തിയ പോലീസ് പാർട്ടി നേതാക്കളായ കൊടക്കൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ (കൊൽക്കത്താ കോൺഗ്രസ്സിലെ പ്രതിനിധി) , ടി.പി.ചിണ്ടൻ നമ്പ്യാർ എന്നിവരെ അറസ്റ്റു ചെയ്തു. അറസ്റ്റുചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഉടൻതന്നെ നാട്ടുകാരുടെ പ്രകടനം. ഇരുപതോളം പേരുടെ ജാഥ. തോക്കുമായി നിൽക്കുകയായിരുന്ന രണ്ട് പോലീസുകാരെ ആക്രമിച്ച് രണ്ട് തോക്കും ജാഥാംഗങ്ങൾ പിടിച്ചെടുത്തു. പ്രകടനക്കാർ തോക്കുമായി കോറോം കുന്നുമ്മലിലേക്ക് അതായത് മങ്ങണംചാലിലേക്കാണ് നീങ്ങിയത്. എം.എസ്.പി.യും അങ്ങോട്ടുനീങ്ങി. ജാഥക്കുനേരെയെത്തിയ പോലീസ് വെടിയുതിർത്തു. ബെമ്പിരിഞ്ഞൻ പൊക്കൻ എന്ന കർഷകതൊഴിലാളി വെടിയേറ്റ് അവിടെത്തന്നെ മരിച്ചുവീണു. പുലയസമുദായത്തിൽപ്പെട്ട പാവപ്പെട്ട കർഷകതൊഴിലാളിയായിരുന്നു പൊക്കൻ. വയലിൽ പണിയെടുത്തുകൊണ്ടിരിക്കെ ജാഥ കണ്ട് അതിൽ ചേർന്നതായിരുന്നു പൊക്കൻ. സ്വാതന്ത്ര്യാനന്തരം മലബാറിൽ പോലീസ് വെടിവെപ്പിൽ രക്തസാക്ഷിയായ ആദ്യത്തെയാളാണ് പൊക്കൻ. കോറോത്ത് സമൂഹത്തിലെ ഏറ്റവും അധഃസ്ഥിതസമുദായത്തിൽപ്പെട്ടവർ അക്കാലത്തുതന്നെ വിപ്ലവപ്രസ്ഥാനത്തിൽ അണിചേരുക മാത്രമല്ല നേതൃത്വത്തിലുമെത്തിയിരുന്നു. തെയ്യംകെട്ടുന്നതിനിടയിൽ വീണുപരിക്കേറ്റ് രോഗശയ്യയിലായി പിന്നീട് മരണപ്പെട്ട എ.വി. ചിണ്ടൻ കോറോം വില്ലേജിലെ പ്രമുഖനേതാവായിരുന്നു.
ഇനി കുഞ്ഞാപ്പുമാസ്റ്റർ കമ്മ്യൂണിസത്തിന്റെ വിത്തെറിഞ്ഞ തില്ലങ്കേരിയിലേക്ക് പോകാം. ഏപ്രിൽ 12ന് നാട്ടുവായന സ്കൂളിൽ ചേർന്ന യോഗം തീരുമാനിച്ചത് ജന്മിഗൃഹത്തിൽ വിഷുവിനുള്ള വെച്ചുകാണൽ ഇക്കുറി നടപ്പില്ലെന്നതാണ്. ജന്മിയുടെ പത്തായത്തിൽ പൂഴ്ത്തിവെച്ച നെല്ലെടുത്ത് വിതരണംചെയ്യണമെന്നും. ന്യായവിലയ്ക്ക് തരുകയാമെങ്കിൽ അങ്ങനെ, അല്ലെങ്കിൽ ബലംപ്രയോഗിച്ച് നെല്ലെടുപ്പ്. ഏപ്രിൽ 13നും 14നുമായി സമരം നടന്നു. നെല്ലെടുത്ത് വിതരണംചെയ്തു. കോട്ടയം രാജയ്ക്കായി കൊണ്ടുപോവുകയായിരുന്ന ഒരു വണ്ടി നെല്ല് വി.അനന്തന്റെ നേതൃത്വത്തിൽ പിടിച്ചെടുത്ത് നാട്ടുകാർക്ക് വിതരണംചെയ്തു. 14‐ന് രാവിലെ ജന്മിയുടെ വീട്ടിലേക്ക് കർഷകർ മാർച്ചുചെയ്തു. നെല്ല് നൽകാൻ ജന്മി തയ്യാറാവാത്തതിനെ തുടർന്ന് പത്തായം കുത്തിത്തുറന്ന് 300 സേർ വാരിയെടുത്ത് വിതരണംചെയ്തു. പിറ്റേന്ന് വിഷുപ്പുലരിയിൽ നാടാകെ എം.എസ്.പി വലയംചെയ്തു. വീടുകൾ തകർക്കുകയും പരക്കെ അറസ്റ്റും മർദനവും.. ഇതിനെതിരെ ജനങ്ങൾ ചെറോട്ട അനന്തന്റെയും ചെറോട്ട കുഞ്ഞിരാമന്റെയും ചെറോട്ട ഗോപാലന്റെയുമെല്ലാം നേതൃത്വത്തിൽ സംഘടിച്ച് പ്രകടനം തുടങ്ങി. അംശം അധികാരിയായ ജന്മിയുടെ വീട്ടിലേക്ക് നെല്ലെടുപ്പ് സമരത്തിന് ജാഥ നയിച്ചവരിലൊരാളായ ചെറോട്ട ഗോപാലൻ കുഞ്ഞാപ്പുമാസ്റ്റർ പ്രവർത്തിച്ച സ്കൂളിൽ അദ്ദേഹത്തിന് പകരം അധ്യാപകനായി ജോലി ചെയ്യുന്നതിനിടയിൽ അംശം മേനോനായി ജോലി കിട്ടിയതാണ്. അർധ ജൂഡീഷ്യൽ അധികാരമുള്ള മേനോനായി ജോലിയുള്ളപ്പോഴാണ് സഹോദരങ്ങളായ കുഞ്ഞിരാമനും അനന്തനുമൊപ്പം ഗോപാലനും ഭീകരവാഴ്ചക്കെതിരെ പോലീസുമായി നേരിട്ട് ഏറ്റുമുട്ടാൻതന്നെ ജാഥ നയിച്ചു നീങ്ങിയത്. ജാഥക്കുനേരെ പോലീസ് വെടിയുതിർത്തു. ചെറോട്ട അനന്തനും ജ്യേഷ്ഠൻ ചെറോട്ട ഗോപാലനും കുണ്ടാഞ്ചേരി ഗോവിന്ദൻ, കാറാട്ട് കുഞ്ഞമ്പു, പോരുകണ്ടികൃഷ്ണൻ, നമ്പിടിക്കുന്നുമ്മൽ നാരായണൻ നമ്പ്യാർ, വള്ളുവക്കണ്ടി കുഞ്ഞിരാമൻ എന്നിവർ രക്തസാക്ഷികളായി. ഗുരുതരമായി പരിക്കേറ്റവരുടെ കൂട്ടത്തിൽ ചെറോട്ട സഹോദരങ്ങളിലെ കുഞ്ഞിരാമനുമുണ്ടായിരുന്നു. കേസിൽ 107 പ്രതികൾ അവരിൽ ഭൂരിഭാഗവും ദീർഘകാലം ജയിലിൽ. സേലം ജയിലിലെ വെടിവെപ്പിൽ തില്ലങ്കേരിയിലെ നക്കായി കണ്ണൻ, അമ്പാടി ആശാരി, പുല്ലാഞ്ഞിയോടൻ ഗോവിന്ദൻ നമ്പ്യാർ എന്നിവർ രക്തസാക്ഷികളായി. കേസിൽ പ്രതികളായ തൃക്കുന്നോൻ കൊട്ടൻ, ഉണ്ണിഗുരുക്കൾ എന്നിവരെ പോലസ് ലോക്കപ്പിൽ മർദിച്ചുകൊന്നു.
കോറോം ആലക്കാട് നെല്ലെടുപ്പുമായി ബന്ധപ്പെട്ട് ബെമ്പിരിഞ്ഞൻ പൊക്കനെ വെടിവെച്ചുകൊന്നതിന് രണ്ടുദിവസത്തിനുശേഷമാണ് തില്ലങ്കേരി കൂട്ടക്കൊല നടക്കുന്നത്. അപ്പോൾ കോറോത്തുമാത്രമല്ല പയ്യന്നൂർ ഫർക്കയിലാകെ നരനായാട്ടുനടക്കുകയാണ്. പോലീസിന്റെ ഭീകരവാഴ്ച. അതിൽ പതറാതെ, കീഴടങ്ങാതെ കർഷകപോരാളികൾ മുന്നോട്ടുപോയി. വേങ്ങയിൽ നായനാരുടെ കുറ്റൂരിലെയും പ്രാപ്പൊയിലിലെയും നെല്ലറകൾ തുറന്ന് പട്ടിണിക്കാർക്ക് വിതരണംചെയ്തു. ആലപ്പടമ്പിലെ ശ്രീധരൻ നമ്പീശന്റെ കളപ്പുരയിൽനിന്നും നെല്ലുവാരി വിതരണംചെയ്തു. കുഞ്ഞാപ്പുമാസ്റ്റരുടെ നേതൃത്വത്തിൽ നാടാകെ സമരം വ്യാപിക്കുകയാണ്. പോലീസും ജന്മിഗുണ്ടകളും എത്രതന്നെ ശ്രമിച്ചിട്ടും സമരത്തെ തളർത്താനാവുന്നില്ല. ആ സമയത്താണ് പെരളത്തെ സമരസഖാവായ പുന്നക്കോടൻ കുഞ്ഞമ്പുവിനെ ഏപ്രിൽ 23ന് പൊലീസ് വെടിവെച്ചുകൊല്ലുന്നത്. പുരുഷന്മാർക്ക് വീട്ടിൽ കഴിയാനാവാത്ത, കൃഷിക്കാർക്ക് പാടത്തിറങ്ങാനാവാത്ത ഭീകരാവസ്ഥ. പയ്യന്നൂർ ഫർക്കയിലെ കർഷകപോരാളികളെ കുഞ്ഞാപ്പുമാസ്റ്റർ വിളിച്ചുചേർത്തു. 42 പേർ. അവരിലൊരാളാണ് പിൽക്കാലത്ത് സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗവും ദേശാഭിമാനി ജനറൽ മാനേജരുമായ പി.കണ്ണൻനായർ. അവരിലൊരാളാണ് പിൽക്കാലത്ത് പാർട്ടിയുടെ പ്രമുഖ നേതാവും എം.എൽ.എ.യുമായ സി.പി.നാരായണൻ. 42പേർ. 15 തോക്കുകളും മറ്റ് ആയുധങ്ങളും അവരുടെ കയ്യിലുണ്ട്. എരമത്ത് സംഘടിച്ച അവർ കുഞ്ഞാപ്പുമാസ്റ്ററുടെ നേതൃത്വത്തിൽ വനാന്തരങ്ങളിലൂടെ രണ്ട് ദിവസം യാത്രചെയ്ത് മുനയൻകുന്നിൽ എത്തി.( 42ൽ ചിലർ വേറെ വഴികളിലൂടെയാണ് മുനയൻകുന്നിലെത്തിയത്.) തെക്കൻ കർണാടക ജില്ലയിലെ ഈസ്റ്റ് എളേരിയിലാണത്. അതിനിപ്പുറത്ത് മലബാർ ജില്ലയിലെ പാടിയോട്ടുചാൽ. ചെറുപുഴയിലെ ഒരു റേഷൻ കടയിൽനിന്നും എടുത്ത രണ്ട് ചാക്ക് അരിയും മറ്റ് ചില വിഭവങ്ങളും മാത്രമാണ് ഭക്ഷണത്തിനായി ഉള്ളത്. മുനയൻകുന്നിൽ ക്യാമ്പ് ചെയ്യുന്നതിന് ഒരു പുൽമാടം കുഞ്ഞാപ്പുമാസ്റ്റർ കണ്ടുവെച്ചിട്ടുണ്ടായിരുന്നു. ചെഞ്ചീരം കൃഷ്ണൻനായരുടെ ചിറ്റാരി. കാർഷികോല്പന്നങ്ങളും പണിയായുധങ്ങളും സൂക്ഷിക്കുന്നതിനുള്ള പുൽമാടമാണ് ചിറ്റാരി. പുൽമാടം വിട്ടുനൽകിയ കൃഷ്ണൻനായർ പാചകത്തിനായി ഒരു സ്ത്രീയെ ചുമതലപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരുന്നു. മൂന്നുഭാഗവും കുന്നുകളാൽ വലയംചെയ്ത, ഒരു ഭാഗത്തുകൂടി ഒരൊറ്റയടിപ്പാത മാത്രമുള്ള തികച്ചും വിജനമായ പ്രദേശമാണ് മുനയൻകുന്ന്. പോലീസിന് അത്രവേഗം അവിടെയെത്താനാവില്ലെന്നാണ് കുഞ്ഞാപ്പുമാസ്റ്റർ കണക്കുകൂട്ടിയത്. ദിവസങ്ങളോളം അവിടെ താമസിക്കുക, ഒരോ ഗ്രൂപ്പായി തിരിച്ച് ആക്ഷൻ നടത്താൻ പോവുക, തിരിച്ചുവരിക… ഒരുതരം ഗറില്ലാ പോരാട്ടത്തിനുള്ള പ്ലാനാണ് മാസ്റ്റർ തയ്യാറാക്കിയത്. ചിറക്കൽ താലൂക്കിന് പുറത്തായതിനാൽ കുറേക്കൂടി സുരക്ഷിതമാകും കാര്യങ്ങൾ എന്നും കരുതി. ഏപ്രിൽ 28ന് അവിടെയെത്തിയ സംഘം ആദ്യത്തെ രണ്ടുദിവസം ആയുധ പരിശീലനത്തിലും സ്ഥലപരിചയമുണ്ടാക്കുന്നതിലുമാണ് മുഴുകിയത്. ഏപ്രൽ 30ന് രാത്രി കുഞ്ഞാപ്പുമാസ്റ്ററും എ.വി.ചിണ്ടനും മറ്റും ഈസ്റ്റ് എളേരിയിൽപോയി ഭക്ഷണസാധനങ്ങൾ സംഘടിപ്പിച്ച് തിരിച്ചെത്തിയത് അർധരാത്രി. പനയന്തട്ട കണ്ണൻ നമ്പ്യാർ, മൊടത്തറ ഗോവിന്ദൻ നായർ, പാപ്പിനിശ്ശേരി കേളുനായർ എന്നിവർ തോക്കുമായി പാറാവ് ഡ്യൂട്ടിയിൽ. പുലർച്ചെ മൂന്നുമണിയോടെ (മെയ്ദിനപ്പുലരിയിൽ) എം.എസ്.പി. ചിറ്റാരി വലയംചെയ്ത് വെടിവെപ്പ് തുടങ്ങി. പാറാവുനിന്ന മൂന്നു സഖാക്കൾ നെഞ്ചിൽ വെടിയേറ്റ് അവിടെത്തന്നെ മരിച്ചുവീണു. പാചകക്കാരിയായ ഉമ്പിച്ചിയെ എം.എസ്.പിക്കാർ ബലാൽക്കാരംചെയ്തു. ഉറങ്ങിക്കിടക്കുകയായിരുന്ന സഖാക്കളെ വെടിവെച്ചും ബയണറ്റ് കൊണ്ട് കുത്തിയും ഭീകരതാണ്ഡവം. കുഞ്ഞാപ്പുമാസ്റ്റരും കെ.എ.ചിണ്ടപൊതുവാളും കുന്നുമ്മൽ കുഞ്ഞിരാമനും രക്തസാക്ഷികളായി. ആറ് ശവങ്ങളും പിന്നെ വെടിയേറ്റ് പിടയുന്ന ഇ.വി.കുഞ്ഞിക്കണ്ണൻ മാഷ്, പാവൂർ കണ്ണൻ, കെ.വി.കുട്ടി, പാപ്പിനിശ്ശേരി കൃഷ്ണൻ നായർ എന്നിവരെയും ചാക്കിൽ കെട്ടി പാടിയോട്ടുചാലിൽ കൊണ്ടിട്ടു. പി.കണ്ണൻ നായർ, സി.പി.നാരായണൻ തുടങ്ങിയവരും അറസ്റ്റിലായി. ഉമ്പിച്ചിയടക്കമുള്ളവരും കസ്റ്റഡിയിൽ. അറസ്റ്റിലായ 16 പേരെ പയ്യന്നൂരിൽ ഒരു ലോക്കപ്പുമുറിയിൽ നഗ്നരാക്കി അടച്ചുപൂട്ടുകയായിരുന്നു. ചോരയിൽ കുളിച്ച് മലവും മൂത്രവും നിറഞ്ഞ മുറിയിൽ. പാവൂർ കണ്ണന്റെയും കെ.വി.കുട്ടിയുടെയും ഓരോ കാൽ മുറിച്ചുമാറ്റേണ്ടിവന്നു. കോറോം‐മുനയൻകുന്ന് ചെറുത്തുനിൽപ്പിൽ പങ്കെടുത്ത മാവിലാ ചിണ്ടൻ നമ്പ്യാരെയും മാരാങ്കാവിൽ കുഞ്ഞമ്പുവിനെയും പൊലീസ് പിന്നീട് പിടിച്ചുകൊണ്ടുപോയി തല്ലിക്കൊന്നു. പോലീസ് മർദനത്തിനിരയായ കോറോത്തെ കെ.അബ്ദുൾഖാദറും മാരാങ്കാവിൽ അമ്പുവും കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയവേ രോഗബാധിതരായി മരിച്ചു.
കുഞ്ഞാപ്പുമാസ്റ്റർ വിപ്ലവത്തിന്റെ വിത്തുവിതച്ച ശിവപുരം‐പഴശ്ശി‐തില്ലങ്കേരി മേഖലയിൽ അപ്പോഴും കനലുകൾ ആളുകയായിരുന്നു. തില്ലങ്കേരിയിൽ കൂട്ടക്കൊല നടത്തിയിട്ടും മതിയാകാതെ നാടാകെ ഭീകരവാഴ്ച തുടരുകയായിരുന്നു പോലീസും ജന്മിമാരുടെ ഗുണ്ടകളായ കോൺഗ്രസ്സുകാരും. സമീപഗ്രാമങ്ങളിലും ജീവിതം വഴിമുട്ടി. 1940 സെപ്തംബർ 15ന്റെ മട്ടന്നൂർ റാലിക്ക് നേതൃത്വംനൽകി ജയിലിലായ കർഷകസംഘം നേതാക്കളായ വി.അനന്തനും കെ.കെ.ബാലകൃഷ്ണൻ നമ്പ്യാരും ജയിൽമുക്തരായെത്തിയശേഷം പഴശ്ശി മേഖലയിൽ പ്രസ്ഥാനത്തെ വീണ്ടും ചലിപ്പിക്കാൻ തുടങ്ങിയിരുന്നു. തില്ലങ്കേരി സംഭവത്തെ തുടർന്ന് നാട്ടിൽ നിൽക്കാനാവാത്ത അവസ്ഥ വന്നപ്പോൾ അനന്തനും ബാലകൃഷ്ണൻ നമ്പ്യാരും‐ ഇരുവരും അയ്യല്ലൂർ എൽ.പി.സ്കൂളിലെ അധ്യാപകരാണ്‐ ഒളിവിൽ കഴിയാൻ ഒരിടം. അവിടെനിന്ന് പ്രതിരോധപ്രവർത്തനവും പൊടുന്നനെയുള്ള ആക്ഷനുകളും. പഴശ്ശി ഇടവേലിക്കലിലെ മുക്കുറ്റിക്കുന്നിൽ അവർ സംഘടിച്ചു. യോഗത്തിനിടയിൽ ചില സാധനങ്ങളെടുക്കാൻ വീട്ടിലേക്കുപോയ കാരാത്താൻ കോരൻ വഴിമധ്യേ പോലീസിന്റെ പിടിയിലായി. പോലീസ് ആ തോഴിലാളിപ്രവർത്തകനെ വഴിയിൽവെച്ചുതന്നെ വെടിവെച്ചുകൊന്നു. മേയ് 12നായിരുന്നു അത്. പിന്നീട് പോലീസ് അരിച്ചുപെറുക്കുകയായിരുന്നു നാടാകെ. മട്ടന്നൂർ‐പഴശ്ശി മേഖലയിലെ സമുന്നതനേതാവായ വി.അനന്തനെ എങ്ങനെയും പിടികൂടണമെന്ന് അവർ നിശ്ചയിച്ചു. കാരായി പൈതൽ എന്ന കൃഷിക്കാരന്റെ വീട്ടിൽ അനന്തൻ ഒളിവിൽ കഴിയുന്നുണ്ടെന്ന് കരുതി ആ വീട് റെയ്‌ഡ് ചെയ്തു. പൈതലിന്റെ ഭാര്യയെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു. സന്ധ്യയായിട്ടും ഭാര്യ തിരിച്ചെത്താത്തതിലുള്ള സങ്കടവും അപമാനവും കാരണം പൈതൽ അയ്യല്ലൂർ എൽ.പി.സ്കൂളിന് മുന്നിലെ പുളിമരത്തിൽ തൂങ്ങിമരിച്ചു.
കർഷകനേതാവും അനന്തന്റെ ഉറ്റ സഖാവുമായ കെ.കെ.ബാലകൃഷ്ണൻ നമ്പ്യാരെ വീട്ടിൽവെച്ച് ഗുണ്ടകൾ പിടിച്ച് പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് ക്യാമ്പിലേക്ക് കൊണ്ടുപോകുന്നതിനിടെ തല്ലിയും ചവിട്ടിയും കൊന്നു. വി.അനന്തനെ ഒറ്റുകാരും ഗുണ്ടകളും ചേർന്ന് പിടിച്ചുകെട്ടി പൊലീസിനെ ഏല്പിച്ചു. മെയ് 28ന് അനന്തനെ ഒരു ഈന്ത് മരത്തിൽ കെട്ടയിട്ട് വെടിവെച്ചുകൊന്നു… തില്ലങ്കേരി, പഴശ്ശി ചെറുത്തുനിൽപ്പിന്റെ കേസുകളിൽ പ്രതിയാക്കപ്പെട്ടവരാണ് സേലം ജയിലിലെ കൂട്ടക്കൊലയിൽ രക്തസാക്ഷികളായ ഏഴുപേർ. തില്ലങ്കേരിയിലും പഴശ്ശിയിലുമായി 1948‐50‐ലെ സംഭവങ്ങളിലായി 17 കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളാണ് രക്തസാക്ഷികളായത്.
തില്ലങ്കേരി‐ പഴശ്ശി സംഭവങ്ങളുമായി കുഞ്ഞാപ്പുമാസ്റ്റർക്ക് പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ല. അദ്ദേഹം ആ മേഖലയിൽനിന്ന് പ്രവർത്തനകേന്ദ്രം മാറ്റി വർഷങ്ങൾക്കുശേഷമാണ് ആ സംഭവങ്ങൾ. അതുപോലെതന്നെ ഒഞ്ചിയം ചെറുത്തുനിൽപ്പും. മുനയൻകുന്നിൽ കൂട്ടക്കൊല നടത്തിയ ദിവസംതന്നെയാണ് ഒഞ്ചിയത്ത് ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്ത് എട്ടുപേരെ കൊലചെയ്തത്. ഒഞ്ചിയം ചെറുത്തുനിൽപ്പിൽ പങ്കെടുത്ത രണ്ടുപേരെ അറസ്റ്റ് ചെയ്ത് മർദിച്ചും കൊലപ്പെടുത്തി. രഹസ്യമായി ഒഞ്ചിയത്തെത്തി രാഷ്ട്രീയക്ലാസെടുത്തവരിലരൊളാണ് കുഞ്ഞാപ്പുമാസ്റ്റർ എന്ന് ഒഞ്ചിയത്തെ സഖാക്കൾ തിരിച്ചറിഞ്ഞത് മാസ്റ്റർ രക്തസാക്ഷിയായ ശേഷമാണ്. ആ വിപ്ലവകാരിയുടെ ഫോട്ടോ പിന്നീട് പത്രത്തിൽ അച്ചടിച്ചുവന്നപ്പോൾ.
ചരിത്രം സൃഷ്ടിച്ച കുഞ്ഞാപ്പുമാസ്റ്ററുടെ ചരിത്രം വേണ്ടവിധം രേഖപ്പെടുത്തപ്പെട്ടില്ല, അതിപ്പോഴും അജ്ഞാതമാണ്. ആ വീരവിപ്ലവകാരിയെക്കുറിച്ച് നോവലോ സിനിമയോ ഒന്നുമുണ്ടായിട്ടുമില്ല. ♦