എൽഡിഎഫ് സർക്കാരിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവ മതിപ്പുണ്ടാക്കണം. അത് യഥാർഥത്തിൽ ചെയ്യുന്ന കാര്യങ്ങളിൽ ജനങ്ങൾ പൊതുവിൽ സന്തുഷ്ടരാണ്. അതിന്റെ ഉജ്വല തെളിവാണല്ലോ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അടുത്തൊന്നും സംഭവിക്കാത്ത രീതിയിൽ ജനങ്ങൾ ഇടതുപക്ഷത്തിന് കൂടുതൽ സീറ്റോടെ തുടർഭരണം സമ്മാനിച്ചത്. അത് സിപിഐ എം എൽഡിഎഫ് വിരോധികളുടെ നിരാശ വർധിപ്പിച്ചു. ലോക്-സഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. അതുകൊണ്ട് എൽഡിഎഫിന്റെ ശോഭ കെടുത്താൻ വലതുപക്ഷ പാർട്ടികളും അവയെ കൊണ്ടാടുന്ന മാധ്യമങ്ങളും കള്ളക്കഥകൾ ഒന്നിനു പുറകെ ഒന്നായി പ്രചരിപ്പിക്കാൻ പോകുന്നു എന്നതിന്റെ വിളംബരം ആണ് ഇപ്പോൾ കണ്ടത്.
മന്ത്രിമാരുടെ മേൽതന്നെ അഴിമതി ആരോപണം ഉന്നയിച്ചാൽ ജനം വിശ്വസിക്കില്ല എന്നതിനാൽ അവരുടെ പേഴ്-സണൽ സ്റ്റാഫിന്റെ മേൽ അത് ആരോപിക്കുക. അങ്ങനെയാണ് ആരോഗ്യമന്ത്രി വീണാജോർജിന്റെ പേഴ്സണൽ സ്റ്റാഫിലുള്ള അഖിൽ മാത്യുവുമായി ബന്ധപ്പെടുത്തിയുള്ള ആരോപണം രംഗപ്രവേശം ചെയ്യുന്നത്. നിയമനത്തിനായി ഒരു ലക്ഷം രൂപ കെെക്കൂലി നൽകി എന്ന ആരോപണത്തിന് പ്രതിപക്ഷ പാർട്ടികളും അതേക്കാളേറെ വലതുപക്ഷ മാധ്യമങ്ങളും ദിവസങ്ങളോളം പ്രചരണം നൽകി.
ഹരിദാസൻ എന്ന മലപ്പുറം ജില്ലക്കാരനായ ഒരു റിട്ടയേർഡ് സ്-കൂൾ മാസ്റ്റർ ബന്ധുവിന്റെ നിയമനത്തിനായി ആരോഗ്യമന്ത്രിയുടെ പേഴ്-സണൽ സ്റ്റാഫിലുള്ള അഖിൽ മാത്യുവിനു സെക്രട്ടറിയറ്റിനുമുന്നിൽ വച്ച് പണം കെെമാറി എന്ന് സ്ഥലം, ദിവസം, സമയം എല്ലാം കൃത്യമായി പറഞ്ഞ് ആരോപണം ഉന്നയിക്കുന്നു. അഖിൽ സജീവ്, ബാസിത്ത് എന്നിവർ ഹരിദാസന്റെ മൊഴിക്ക് കരുത്തുപകരുന്ന വിവരം മാധ്യമങ്ങളോട് പറയുന്നു. എൽഡിഎഫ് വിരുദ്ധ മാധ്യമങ്ങളും യുഡിഎഫ് ഉൾപ്പെടെയുള്ള പ്രതിപക്ഷവും നഗ്നമായ അഴിമതി എന്ന ആരോപണം ഉന്നയിക്കുന്നു. പണം ലഭിച്ചതായി പറയുന്ന അഖിൽ മാത്യുവും വകുപ്പു മന്ത്രി വീണാ ജോർജും പോലീസിനു പരാതി കൊടുക്കുന്നു. പൊലീസ് ഇവരെ അറസ്റ്റുചെയ്ത് ചോദ്യം ചെയ്യുന്നു. അതോടെ പുറത്തുവരുന്ന വിവരം മന്ത്രിയെയും സർക്കാരിനെയും താറടിച്ചു കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അഴിമതി ആരോപണപ്രകടനം എന്നു വെളിവാകുന്നു. ഹരിദാസനിൽനിന്നു പണം തട്ടിയെടുക്കുകയായിരുന്നു മുഖ്യപ്രതി അഖിൽ സജീവിന്റെയും തന്റെയും ലക്ഷ്യമെന്ന് ബാസിത്ത് പൊലീസിനു മൊഴികൊടുക്കുന്നു.
തന്റെ കയ്യിൽനിന്നു ആരെങ്കിലും പണം തട്ടിയെടുത്തിട്ടുണ്ടെങ്കിൽ ഹരിദാസൻ എന്ന റിട്ട. സ്-കൂൾ ഹെഡ് മാസ്റ്റർ’ ആദ്യം പരാതി കൊടുക്കേണ്ടത് പൊലീസിനായിരുന്നു. അത് ചെയ്യാതെ മന്ത്രിക്ക് പരാതി എഴുതിക്കൊടുത്ത് അത് മാധ്യമങ്ങൾക്ക് നൽകാനാണ് അദ്ദേഹവും അഖിൽ സജീവ്, ബാസിത്ത് എന്നീ കൂട്ടാളികളും ശ്രമിച്ചത്. മാധ്യമങ്ങളിൽ വിഷയം വാർത്തയായതോടെ ഹരിദാസനും അഖിൽ സജീവിനും ബാസിത്തിനും പിന്നിൽ പ്രവർത്തിച്ചവർക്ക് സംതൃപ്-തിയായി. ഈ പണം തട്ടിപ്പിനെ വലിയ വാർത്തയാക്കാൻ ഇതേക്കുറിച്ച് ആദ്യം വിവരം ലഭിച്ച ചില മാധ്യമങ്ങളും കിണഞ്ഞു ശ്രമിച്ചു. മറ്റു മാധ്യമങ്ങളെല്ലാം ഇത് എൽഡിഎഫ് സർക്കാരിനു എതിരായതുകൊണ്ട് കണ്ണടച്ച് ആ വാർത്തക്ക് വലിയ പ്രാധാന്യം നൽകി. പക്ഷേ, ഹരിദാസനിൽ നിന്നു സെക്രട്ടേറിയറ്റിനുമുന്നിൽ വച്ച് പണം ഏറ്റുവാങ്ങിയതായി ആരോപിക്കപ്പെട്ട മന്ത്രിയുടെ പേഴ്-സണൽ സ്റ്റാഫിലെ അഖിൽ മാത്യു അന്നു തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല എന്നു തെളിഞ്ഞതോടെ ഹരിദാസന്റെയും കൂട്ടുകാരുടെയും പ്രസ്-താവനകൾ സംശയാസ്-പദമായി. അതിനെ തുടർന്നാണ് അധികാരികളും പൊലീസും നിഷ്-കൃടമായി അനേ-്വഷണം നടത്തിയതും യഥാർഥ വസ്തുത പുറത്തുകൊണ്ടുവന്നതും. ആ ‘മാ’ മാധ്യമ പരമ്പരയിലെ ഒരിനം മാത്രമാകും ഇത്.
ഇതോടൊപ്പം പ്രചരിപ്പിക്കപ്പെട്ട സംഭവമാണ് കരുവന്നൂർ സഹകരണബാങ്കിലെ അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ. കേരള സർക്കാരിന്റ സഹകരണവകുപ്പ് ജീവനക്കാർ നടത്തിയ പതിവു ആഡിറ്റിലാണ് അതേക്കുറിച്ച് സൂചന ലഭിച്ചത്. കൂടുതൽ അനേ-്വഷണം നടത്തി പാർട്ടിക്കാരായ ഡയറക്ടർ ബോർഡിനെ പിരിച്ചുവിട്ട് സർക്കാർ നോമിനേറ്റ് ചെയ്ത ഭരണസമിതിക്ക് ഗവൺമെന്റ് അധികാരം കെെമാറി. ഇതേ തുടർന്നാണ് എൻഫോഴ്-സ്-മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഭവം അനേ-്വഷിക്കുന്നത്. ഇവരുടെ ലാക്ക് (അല്ലെങ്കിൽ മോദി സർക്കാർ അതിനു നൽകിയ നിർദേശം) തൃശൂർ ജില്ലയിലെ പ്രമുഖ സിപിഐ എം നേതാക്കളെ ആ കുംഭകോണത്തിൽ പ്രതികളാക്കുക എന്നതായിരുന്നു. അതിനു സഹായകമായ വിധത്തിൽ മൊഴി നൽകുന്നതിന് അതിനകം കേസിൽ പ്രതിയാക്കപ്പെട്ടിരുന്ന വടക്കാഞ്ചേരി മുൻസിപ്പൽ കൗൺസിലർ പി ആർ അരവിന്ദാക്ഷന്റെ മേൽ ഇഡി സമ്മർദം ചെലുത്തി. അത് ചെയ്യാത്തതിന്റെ പേരിൽ അരവിന്ദാക്ഷനെ അറസ്റ്റുചെയ്ത് തടവിലിട്ടു. വിടണമെങ്കിൽ തങ്ങൾ പറഞ്ഞ വ്യവസ്ഥ പാലിക്കണം എന്നായിരുന്നു ഇ ഡിയുടെ നിലപാട്. അദ്ദേഹം അതിനു വഴങ്ങാതിരുന്നതിനാൽ അരവിന്ദാക്ഷന്റെ 90 വയസ്സായ അമ്മ ചന്ദ്രമതിയെ കരുവാക്കി.
ചന്ദ്രമതിയുടെ ബാങ്ക് അക്കൗണ്ടിൽ 63 ലക്ഷത്തിൽപരം രൂപ ഡെപ്പോസിറ്റ് ഉണ്ട് എന്നതു നേരാണ്. അത് പക്ഷേ, വേറൊരു ചന്ദ്രമതിയാണ്. അവർ ഒരു വർഷം മുമ്പ് മരിച്ചു. അക്കൗണ്ടിൽ നോമിനിയായുള്ളത് മകൻ ശ്രീജിത്ത് ആണ്. ഈ ശ്രീജിത്ത് കരുവന്നൂർ കേസിലെ ഒന്നാം പ്രതി സതീശന്റെ സഹോദരനാണെന്നും അരവിന്ദാക്ഷൻ അവരുടെ നോമിനിയാണെന്നുമാണ് ഇഡി ആരോപിക്കുന്നത്. എന്നാൽ അതും അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞു. ഇഡി പറയുന്ന തരത്തിൽ മൊഴി നൽകിയില്ലെങ്കിൽ അരവിന്ദാക്ഷനു ജയിലിൽ നിന്നും കേസിൽനിന്നും മോചനമുണ്ടാവില്ല എന്നാണ് ഭീഷണി.
ബിജെപി നയിക്കുന്ന നരേന്ദ്രമോദി സർക്കാരിനു കീഴിൽ ഇഡി ഭരണകക്ഷിയുടെ കൂട്ടിലെ തത്തയായി മാറിയിരിക്കുന്നു എന്നതിനു വിവിധ സംസ്ഥാനങ്ങളിൽനിന്നു ലഭിക്കുന്ന തെളിവുകളിൽ ഏറ്റവും ഒടുവിലത്തേതാണ് ഇത്. ഇതിനെ കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളും പ്രതിപക്ഷകക്ഷികളും എൽഡിഎഫ് സർക്കാരിന് എതിരായ പ്രചരണായുധമായി പ്രയോഗിക്കുന്നു. ഇത്തരം പ്രചരണങ്ങളിലൂടെ എൽഡിഎഫ് സർക്കാരിന്റെ ശോഭ കെടുത്താനും ജനങ്ങളെ എതിരാക്കാനുമാണ് ഈ മാധ്യമങ്ങളും പ്രതിപക്ഷവുമൊക്കെ ശ്രമിക്കുന്നത്. ഇഡിയെയും മറ്റ് കേന്ദ്ര ഏജൻസികളെയും ഉപയോഗിച്ചുള്ള പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും കള്ളക്കളിയാണ് ഇതിലൂടെ തുറന്നുകാട്ടപ്പെട്ടത്. ♦