Saturday, November 23, 2024

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍‘അനാഥ'ബാലൻ നാടിന്റെ നാഥൻ....

‘അനാഥ’ബാലൻ നാടിന്റെ നാഥൻ….

കെ ബാലകൃഷ്‌ണൻ

വിപ്ലവപ്പാതയിലെ ആദ്യപഥികർ ‐ 4

കന് ഒരുവയസ്സുള്ളപ്പോൾ അഛൻ നാടുകടത്തപ്പെടുക‐ അതും ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലേക്ക്. കുറ്റം ജന്മിയുടെ കാര്യസ്ഥനെ കുത്തിക്കൊന്നുവെന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം കാസർകോട് താലൂക്കിലെ ചെറുവത്തൂർ കുട്ടമത്ത് നടന്ന സംഭവം. പിതാവിനെ നാടുകടത്തിയതോടെ താമസം അമ്മയുടെ വീട്ടിൽ. മകന് ഏഴുവയസ്സുള്ളപ്പോൾ അമ്മയുടെ മരണം. അതോടെ ഫലത്തിൽ അനാഥനായിത്തീർന്ന ദരിദ്രബാലൻ. നാലാം ക്ലാസോടെ പഠനം നിർത്തേണ്ടിവന്ന ആ കുട്ടി പിന്നീട് ധനികകുടുംബങ്ങളിലെ കാലിമേയ്ക്കുന്ന ചെക്കനായി… കാലിച്ചെക്കൻ. വലിയ വീടുകളിൽ ഭാഗവതവും പുരാണഗ്രന്ഥങ്ങളും അക്ഷരസ്ഫുടതയോടെ ഉച്ചത്തിൽ പാരായണംചെയ്ത് കൊടുത്ത് പ്രതിഫലമായി കിട്ടുന്നതുകൊണ്ട്‌ കഞ്ഞികുടിച്ച് വിശപ്പടക്കിയ ബാല്യം. കൗമാരപ്രായമായതോടെ കല്ലുവെട്ടും കാർഷികത്തൊഴിലും.. ആ കുട്ടിയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളായി വളർന്ന എ.വി.കുഞ്ഞമ്പു. കുട്ടമത്തെ തോട്ടോൻ രാമൻനായരുടെയും കരിവെള്ളൂരിലെ ആച്ചംവീട്ടിൽ ഉച്ചിരമ്മയുടെയും മകനായി 1908 ഏപ്രിൽ 10‐നാണ് കുഞ്ഞമ്പു ജനിച്ചത്. നാടുവാഴിത്തത്തിന്റെ ക്രൂരതകളെ എതിർക്കുന്നതിന്റെ പേരിൽ രാമൻനായർ നോട്ടപ്പുള്ളിയായിരുന്നു. ജന്മിയുടെ കാര്യസ്ഥനും ഗുണ്ടകളും ഒരുദിവസം രാമൻനായരെ വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു. രാമൻനായർ സ്വരക്ഷക്കായി കത്തിയെടുത്ത് വീശിയപ്പോൾ കാര്യസ്ഥന് കൊള്ളുകയും മരണം സംഭവിക്കുകയുമായിരുന്നു.. നാടുകടത്തലിന് കാരണം അതാണ്. അതോടെ അനാഥമായ കുടുംബം കരിവെള്ളൂരിലേക്ക് മാറുകയാണ്… 1928‐ൽ പയ്യന്നൂരിൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ നടന്ന നാലാം കേരളരാഷ്ട്രീയ സമ്മേളനമാണ് കുഞ്ഞമ്പുവിനെയും കൂട്ടുകാരെയും രാഷ്ട്രീയത്തിലേക്ക് ആകർഷിക്കുന്നത്. വി.വി.കുഞ്ഞമ്പു, കെ.കൃഷ്ണൻ മാസ്റ്റർ, പി.കുഞ്ഞിരാമൻ എന്നിവരും എ.വി.യുമാണ് പയ്യന്നൂർ സമ്മേളനത്തിന് പോയത്. രണ്ടുവർഷത്തിന് ശേഷം അതായത് 1930 മാർച്ചിൽ തൃച്ചംബരം ഉത്സവം കാണാൻ കുഞ്ഞമ്പു പോകുന്നു. അവിടെ എഴുന്നള്ളത്ത് നടക്കുന്ന പൂക്കോത്ത്നട (തളിപ്പറമ്പ്) യിൽ അന്ന് കോൺഗ്രസ് പൊതുയോഗമുണ്ടായിരുന്നു. പ്രസംഗിക്കുന്നത് കെ.കേളപ്പൻ. കേളപ്പന്റെ പ്രസംഗം കുഞ്ഞമ്പുവിനെ ആവേശംകൊള്ളിച്ചു. അതോടെ ഖദറിട്ട് കോൺഗ്രസ്സാവുകയാണ്. ഒരു കൊല്ലത്തിനകം കരിവെള്ളൂരിൽ കോൺഗ്രസ്സിന്റെ ഘടകമുണ്ടാകുന്നു. എ.വി.പ്രസിഡന്റും എം.പി.അപ്പുമാസ്റ്റർ സെക്രട്ടരിയും. ടി.ഹരീശ്വരൻ തിരുമുമ്പ്, വി.വി.കുഞ്ഞമ്പു, പി.കുഞ്ഞിരാമൻ തുടങ്ങിയവർ പ്രധാന പ്രവർത്തകർ. കരിവെള്ളൂരിൽ കോൺഗ്രസ് ഘടകം രൂപീകരിക്കുന്നതിന് മുമ്പേതന്നെ എ.വി.യും കൂട്ടരും പയ്യന്നൂർ കേന്ദ്രീകരിച്ച് സജീവപ്രവർത്തനം തുടങ്ങിയിരുന്നു. പയ്യന്നൂരിലെ ഉപ്പ് കുറുക്കൽ വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനത്തിലാണ് ആദ്യം മുഴുകിയത്. പയ്യന്നൂർ സത്യഗ്രഹം കഴിഞ്ഞശേഷം തൃക്കരിപ്പൂർ കടപ്പുറത്ത് നടന്ന ഉപ്പുകുറുക്കലിലും പങ്കെടുത്തു. കാടകം വനസത്യാഗ്രഹത്തോടെയാണ് എ.വി. മുഴുവൻസമയ പ്രവർത്തകനാകുന്നത്. സിവിൽ നിയമലംഘനസമരത്തിന്റെ ഭാഗമായി കർണാടക അതിർത്തിക്കടുത്തുള്ള കാടകത്തെ റിസർവ് വനത്തിൽ കയറി സമരപ്പന്തലുണ്ടാക്കി സത്യാഗ്രഹം നടത്തുകയായിരുന്നു. മരങ്ങൾ മുറിച്ചെടുക്കലും സമരത്തിന്റെ ഭാഗം. പ്രകൃതിവിഭവങ്ങൾ ജനങ്ങൾക്ക് നിഷേധിക്കുന്നിതിനെതിരായ പോരാട്ടം. എ.വി.കുഞ്ഞമ്പു, അഡ്വ. ഉമേശ് റാവു, മഞ്‌ജുനാഥ ഹെഗ്ഡെ തുടങ്ങിയവർ നേതൃത്വം നൽകിയ സമരം 1932 ജൂൺ 23നാണ് ആരംഭിച്ചത്. സമരം ശക്തിപ്പെടുത്താൻ കൃഷ്ണപിള്ളയും കേരളീയനും എത്തുകയുണ്ടായി. കൃഷ്ണപിള്ളയുടെയും കേരളീയന്റെയും സന്ദർശനത്തോടെ സമരത്തിന് നാടെങ്ങും കൂടുതൽ പ്രചാരം ലഭിച്ചു. വിവിധ സ്ഥലങ്ങളിൽനിന്ന് അഭിവാദ്യജാഥകളുമെത്താൻ തുടങ്ങിയതോടെ കാസർകോട് താലൂക്ക് ദേശീയപ്രസ്ഥാനത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയായിരുന്നു. നിയമം ലംഘിച്ചതിന് എ.വിയെ ആദ്യം അറസ്റ്റ് ചെയ്ത് ദൂരെക്കൊണ്ടുപോയി വിടുകയും, വീണ്ടുമെത്തി നിയമം ലംഘിച്ചപ്പോൾ അറസ്റ്റ് ചെയ്ത് നാലുമാസം ജയിലിലടക്കുകയുമായിരുന്നു. നാലുമാസത്തെ ജയിൽവാസം കഴിഞ്ഞതോടെ പുറത്തിറങ്ങിയ എ.വി. കോഴിക്കോട്ടുപോയി വീണ്ടും സമരത്തിൽ പങ്കെടുക്കുകയും ജയിലിലാവുകയുമാണ്. ഒമ്പത് മാസത്തെ തടവുശിക്ഷയാണത്തവണ‐ 1933 ഏപ്രിലിൽ തുടക്കം. കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനായി കഴിയുമ്പോൾ ലാഹോർ ഗൂഢാലോചനാ കേസ് പ്രതികൾ, ബംഗാളിലെ തീവ്രവാദി ഗ്രൂപ്പായ അനുശീലൻസമിതിയുടെ പ്രവർത്തകർ, ഭഗത്‌സിങ്ങിന്റെ സഹപ്രവർത്തകനായിരുന്ന ബച്ച്ലാൽ തുടങ്ങിയവരുമായുണ്ടായ സമ്പർക്കം എ.വിയുടെയും കൂട്ടരുടെയും മനസ്സ് മാറ്റി. സത്യാഗ്രഹവും സഹനസമരുവമല്ല, തീവ്ര സമരങ്ങളിലൂടെയേ സ്വാതന്ത്ര്യം കരഗതമാകൂ എന്ന നിലപാടിലേക്ക്. വിഷണുഭാരതീയൻ, കെ.പി.ഗോപാലൻ, കെ.പി.ആർ.ഗോപാലൻ തുടങ്ങിയവരും ആ നിലപാടിലേക്കെത്തിയിരുന്നു. ജയിൽമോചിതനായശേഷം എ.വിയും കരിമ്പിൽ കൃഷണൻ, കൃഷ്ണൻ നമ്പീശൻ എന്നിവരും ഉത്തരേന്ത്യൻ പര്യടനത്തിന് പുറപ്പെടുകയാണ്. ഗാന്ധിയൻസമരമാർഗത്തിന്റെ എതിരാളിയായ ബച്ച് ലാൽ നിർദേശിച്ചതനുസരിച്ചായിരുന്നു അത്. ജയിലിൽവെച്ച് തീവ്രവാദി ഗ്രൂപ്പായ അനുശീലൻസമിതിയെ മനസ്സാവരിച്ചിരുന്നു എ.വിയും കൂട്ടരും. ആഴ്ചകൾ നീണ്ട പര്യടനത്തിന് ശേഷം പുനെയിൽ കോൺഗ്രസ് സമ്മേളനനഗരിയിലെത്തി. തിരിച്ചുവരുന്നതിനിടെ അറസ്റ്റിലായെങ്കിലും പോലീസ് അവരെ നാട്ടിലെത്തിക്കുകയായിരുന്നു.. കണ്ണൂർ ജയിലിൽനിന്ന് ഉത്തരേന്ത്യൻ വിപ്ലവകാരികളുമായുണ്ടായ സമ്പർക്കവും തുടർന്ന് നടത്തിയ പര്യടനവുമാണ് അഭിനവഭാരത യുവക് സംഘത്തിന്റെ രൂപവൽക്കരണത്തിലേക്ക് നയിച്ചത്.1934 ഏപ്രിൽ 13‐ന് കരിവെള്ളൂരിലെ കരിമ്പിൽ കുഞ്ഞിരാമന്റെ വീട്ടുമുറ്റത്താണ് യുവക്സംഘം രൂപവൽക്കരണസമ്മേളനം നടന്നത്. ഭഗത് സിങ്ങ് രൂപീകരിച്ച നൗജവാൻ ഭാരത് സഭയായിരുന്നു മാതൃക. 34 പേർ പങ്കെടുത്ത യോഗം എ.വി.യെ പ്രസിഡന്റായും ഒ.വി.കുഞ്ഞമ്പുനായരെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. സംഘടനയുടെ മൂന്നാമത് സമ്മേളനത്തിലാണ് തിരുമുമ്പിന്റെ പ്രസിദ്ധമായ കവിത‐ തലനരക്കുവതല്ല‐ അവതരിപ്പക്കപ്പെട്ടത്. ആ സമ്മേളനത്തിൽ ഇ.എം.എസ്സും കെ.ദാമോദരനും കെ.പി.ആറും കെ.പി.ഗോപാലനും കെ.കെ.വാരിയരുമെല്ലാം പങ്കെടുക്കുകയുണ്ടായി. 1939‐ൽ കൊടക്കാട് നടന്ന കർഷകസമ്മേളനത്തിന്റെ പ്രധാന ഭാഗം യുവക്‌സംഘം സമ്മേളനവുമായിരുന്നു. സന്നദ്ധ പ്രവർത്തനത്തിലൂടെ അതിവേഗം ജനപിന്തുണയാർജിച്ച യുവക് സംഘത്തിൽ എണ്ണൂറിൽപരം അംഗങ്ങളുണ്ടായിരുന്നു. നിരവധി യൂണിറ്റുകൾ. വോളന്റിയർ സംഘങ്ങൾ.. ഉത്തരേന്ത്യൻ വിപ്ലവകാരികളുടെ പ്രചോദനത്താൽ ചില സാഹസപ്രവൃത്തികൾക്കും സംഘം മുതിരുകയുണ്ടായി. കളക്ടർ സന്ദർശനത്തിനെത്തുമ്പോൾ ആക്രമിക്കാൻ പദ്ധതിയിട്ടതടക്കം ആസൂത്രണങ്ങൾ. ഇതെല്ലാം നടന്നുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി ഒരു നാൾ പി.കൃഷ്ണപിള്ള കരിവെള്ളൂരിലെത്തുന്നു. യുവക്‌സംഘം ലക്ഷ്യംവെക്കുന്നതുപോലുള്ള സാഹസികപ്രവർത്തനമല്ല തൽക്കാലം നമ്മുടെ മാർഗമെന്ന് കൃഷ്ണപിള്ള ദീർഘനേരമെടുത്ത് വിശദീകരിക്കുന്നു. മിതവാദനയത്തോടുള്ള നീരസം എ.വി. ബഹുമാനത്തോടെതന്നെ പ്രകടിപ്പിക്കുന്നു. എന്നാൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെയും കർഷകപ്രസ്ഥാനത്തിന്റെയും പ്രവർത്തനത്തിൽ സജീവമായി തുടരുന്നു. യുവക്‌ സംഘത്തിന്റെ നയംമാററണമെന്ന ആവശ്യം എ.വിയെ വിഷമിപ്പിച്ചു. പിന്നീട് കൃഷ്ണപിള്ളയും ഇ.എം.എസും എ.കെ.ജി.യും ചേർന്ന് എ.വിയുമായി ദീർഘനേരം ചർച്ച ചെയ്തപ്പോൾ മനമില്ലാമനസ്സോടെ എ.വി. സമ്മതിക്കുന്നു.. യുവക്‌സംഘം പിരിച്ചുവിട്ട് പ്രസ്ഥാനത്തിൽ അണിനിരക്കണമെന്ന ആവശ്യം..കമ്യൂണിസ്റ്റ് പാർട്ടി പരസ്യപ്രവർത്തനം ആരംഭിക്കുന്നിതിനുള്ള രഹസ്യകൂടിയാലോചനകൾ നടക്കുന്ന കാലമാണ്. യുവക്‌സംഘത്തിന്റെ പ്രവർത്തനം മന്ദീഭവിപ്പിക്കാം, അങ്ങനെ ഇല്ലാതാവട്ടെ, പിരിച്ചുവിടാനാവില്ല എന്ന് എ.വി. അതുതന്നെ ക്രമേണ സംഭവിച്ചു. യുവക്‌സംഘത്തിന്റെ എല്ലാ പ്രവർത്തകരും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സജീവമായി. പിണറായി പാറപ്രം സമ്മേളനത്തിൽ എ.വി.ക്കും നല്ല പങ്കാളിത്തമുണ്ടായിരുന്നു. മൊറാഴ ചെറുത്തുനിൽപ്പിനെ തുടർന്ന് കേസിൽ പ്രതിയായ എ.വി. സുദീർഘമായ ഒളിവു ജീവിതത്തിനിടയിൽ കൃഷ്ണപിള്ളയുടെ നിർദേശാനുസരണം 1942ൽ ആലപ്പുഴയിലെത്തി. തിരുവിതാംകൂർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളായ കെ.സി.ജോർജും പി.ടി.പുന്നൂസും എം.എൻ.ഗോവിന്ദൻനായരും ജയിലിലോ ഒളിവിലോ ആയതിനാൽ സംഘടനാപരമായി വലിയ ക്ഷീണമാണ് ആ മേഖലയിലുണ്ടായിരുന്നത്. ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയ എ.വിയെ തിരുവിതാംകൂർ പാർട്ടിയുടെ സെക്രട്ടറിയായി നിയോഗിച്ചു. പുതുതായി നിരവധി പ്രവർത്തകരെ കണ്ടെത്തുന്നതിലും സംഘടന ശക്തിപ്പെടുത്തുന്നതിലും വലിയ സംഭാവനചെയ്യാൻ എ.വി.യുടെ നേതൃത്വത്തിന് സാധ്യമായി. ആലപ്പുഴയിലെ പ്രവർത്തനകാലത്ത് പരിചയപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയായ ദേവയാനിയാണ് എ.വി.യുടെ ജീവിതപങ്കാളി. മൊറാഴ കേസിന്റെയും മറ്റും വാറന്റ് കാലാവധി കഴിഞ്ഞ് 1946ൽ കരിവെള്ളൂരിലെ പ്രവർത്തനത്തിൽ വീണ്ടും സജീവമാവുകയാണ് എ.വി. യുദ്ധാനന്തരമുള്ള കടുത്ത ദാരിദ്ര്യത്തിന്റെ പിടിയിലാണ് നാട് ഉരിയരിപോലും കിട്ടാനില്ലാത്ത അവസ്ഥ. ആ സമയത്താണ് കരിവെള്ളൂർ ഗ്രാമത്തിലെ പാട്ടം നെല്ല് ജന്മിയായ ചിറക്കൽ കോവിലകത്തേക്ക് കൊണ്ടുപോകാൻ ശ്രമം നടക്കുന്നത്. വില്ലേജിലെ ജനങ്ങൾക്ക് നാലുമാസത്തേക്കുള്ള നെല്ലുമാത്രമാണ് ആകെ ഉത്പാദനം. പാട്ടം നെല്ല് പി.സി.സി. സൊസൈറ്റിയിലൂടെ ന്യായവിലയ്ക്ക് നൽകണം, കോവിലകത്തേക്ക് കൊണ്ടുപോകരുതെന്ന് കർഷകസംഘം ആവശ്യപ്പെട്ടെങ്കിലും ജന്മിയോ കാര്യസ്ഥന്മാരോ ചെവിക്കൊണ്ടില്ല. പോലീസ് സഹായത്തോടെ നെല്ലുകടത്താൻ അവർ തീരുമാനിച്ചു. വൻ പോലീസസംഘത്തെ കരിവെള്ളൂരിലെത്തിച്ചു. 1946 ഡിസമ്പർ 16ന് ചേർന്ന കൃഷിക്കാരുടെ യോഗം തങ്ങളുടെ ശവത്തിൽ ചവിട്ടിയല്ലാതെ നെല്ലുകൊണ്ടുപോകാനാവില്ലെന്ന് പ്രഖ്യാപിച്ചു. ഡിസമ്പർ 20നാണ് ഐതിഹാസികമായ കരിവെള്ളൂർ സമരം നടന്നത്. അതിരാവിലെതന്നെ എം.എസ്.പിക്കാരും രാജകിങ്കരന്മാരും നെല്ലുകടത്താനായി വള്ളവുമായി എത്തി. വിവരം കാട്ടുതീ പോലെ പടർന്നു. നാട്ടുകാരാകെ കയ്യിൽകിട്ടിയ ആയുധങ്ങളുമായി അങ്ങോട്ടുനീങ്ങി. സഖാവ് എ.വി. അതിനെക്കുറിച്ച് പറയുന്നു ‘‘രണ്ട് നാഴിക അകലെയുള്ള കുണിയനിലെ കളപ്പുരയായിരുന്നു എല്ലാവരുടെയും ലക്ഷ്യം. ആർക്കും നിയന്ത്രിക്കാനാവാത്ത ജനപ്രവാഹമായിരുന്നു അത്. ഒരു വിഭാഗം ജനങ്ങൾ ഈ ലേഖകന്റെയും (എ.വി.) കൃഷ്ണൻ മാസ്റ്റരുടെയും നേതൃത്വത്തിൽ ഒരുഭാഗത്തുകൂടി പ്രവേശിച്ചു. മറ്റൊരു വിഭാഗം ജനങ്ങൾ പി.കുഞ്ഞിരാമന്റെ നേതൃത്വത്തിലും നീങ്ങി. തൈത്തെങ്ങുകൾ പീലിവിടർത്തിയാടുന്ന പ്രകൃതിരമണീയമായ കുണിയൻ പുഴക്കരികിൽ 45 പേരടങ്ങിയ ഒരു പ്ലറ്റൂൺ എം.എസ്.പി. തയ്യാറായി നിൽക്കുന്നു. മെഷിൻ ഗണ്ണുകൾ ഫി്റ്റുചെയ്തുകഴിഞ്ഞിരുന്നു. വളപട്ടണത്തുനിന്നും ഇറക്കുമതിചെയ്ത ഗുണ്ടകൾ പുഴയിൽ കെട്ടിയ വലിയ വള്ളത്തിലേക്ക് നെല്ല് കടത്താൻ തുടങ്ങി. നെല്ല് കടത്തരുത്, ആയിരക്കണക്കിന് കണ്ഠങ്ങളിൽനിന്ന് ഇടിനാദം പോലുള്ള ശബ്ദം മുഴങ്ങി. ഉരുക്കും മനുഷ്യമാംസവും തമ്മിൽ അത്യുജ്ജ്വല പോരാട്ടം നടന്നു.’’ പോലീസ് വെടിവെപ്പിൽ മണക്കാട്ടെ കർഷകതൊഴിലാളി തിടിൽ കണ്ണനും 16 വയസ്സുമാത്രം പ്രായമുള്ള കീനേരി കുഞ്ഞമ്പുവും രക്തസാക്ഷികളായി. വെടിയേറ്റും ബയനറ്റുകൊണ്ടുള്ള വെട്ടേറ്റും ജീവഛവമായ എ.വി.യടക്കമുള്ള അഞ്ചുപേരെ പച്ചോലയിൽ കെട്ടിയെടുക്കുകയായിരുന്നു. മൃതദേഹങ്ങൾക്കൊപ്പം അവരെയും തോണിയിലേക്ക് വലിച്ചെറിയുകയായിരുന്നു… കരിവെള്ളൂർ സംഭവത്തെ തുടർന്ന് പോലീസ് ഭീകരവാഴ്ചയാണ് നടത്തിയത്. 196 പേർക്കെതിരെയാണ് കേസെടുത്തത്. എ.വി.ക്ക് 10 വർഷം തടവ്, കൃഷ്ണൻ മാസ്റ്റർക്ക് അഞ്ചുവർഷം തടവ് എന്നിങ്ങനെ ശിക്ഷ.. 1950ലാണ് എ.വി.ജയിൽമോചിതനായത്. പിന്നീട് 1964ൽ ചൈനാചാരനെന്ന് മുദ്രകുത്തി 16 മാസത്തെ തടവ്.. അവിഭക്ത പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റംഗം, മലബാർ സെക്രട്ടറി, നാഷണൽ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച എ.വി. 1964‐ൽ സി.പി.ഐ.എം. രൂപീകരിക്കാനായി നാഷണൽ കൗൺസിലിൽനിന്നിറങ്ങിവന്ന 32 പേരിൽ ഒരാളാണ്. പിന്നീട് സി.പി.ഐ.എം. അവിഭക്ത കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പയ്യന്നൂരിൽനിന്ന് രണ്ടുതവണ എം.എൽ.എ.യായിരുന്നു. രാജ്യസഭാംഗമായും പ്രവർത്തിച്ചു. സമരനേതാക്കളായ പി.കുഞ്ഞിരാമൻ, വി.വി.കുഞ്ഞമ്പു എന്നിവർ വർഷങ്ങളോളം ഒളിവിലായിരുന്നു. എ.വി.യുടെ നേതൃത്വത്തിൽ കരിവെള്ളൂർ ഉത്തരകേരളത്തിലെ ഏറ്റവും ശക്തമായ കമ്മ്യൂണിസ്റ്റ് കേന്ദ്രമായി മാറി. വി.വി.കുഞ്ഞമ്പു, കൃഷ്ണൻ മാസ്റ്റർ, പയങ്ങപ്പാടൻ കുഞ്ഞിരാമൻ എന്നറിയപ്പെട്ട പി.കുഞ്ഞിരാമൻ എന്നിവരെല്ലാം കരിവെള്ളൂരിലെ വിപ്ലവകാരികൾ. വി.വി.കുഞ്ഞമ്പു കയ്യൂർ സംഭവത്തിലെ രണ്ടാം പ്രതിയും കരിവെള്ളൂർ കേസിലെ പ്രതിയുമായിരുന്നു. കയ്യൂർകേസിൽ എട്ട് മാസം റിമാണ്ടിൽ കഴിഞ്ഞു. ബിരുദം നേടി സർക്കിൾ ഇൻസ്പക്ടറായി ജോലി ലഭിച്ചെങ്കിലുംഅതിന് പോകാതെയാണ് വി.വി. കമ്മ്യൂണിസ്റ്റായത്. ചൈനാചാരരായി മുദ്രകുത്തി കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടിയ സന്ദർഭത്തിൽ വി.വി.യെ 16 മാസം ജയിലിലടച്ചു.ദീർഘകാലം ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റും രണ്ടുതവണ നീലേശ്വരം എം.എൽ.എ.യുമായിരുന്നു. കയ്യൂർ സമരചരിത്രം എഴുതിയത് ആ സംഭവത്തിലെ രണ്ടാം പ്രതിയായ വി.വിയാണ്. കരിവെള്ളൂർ സമരനായകരിലൊരാളായ പി.കുഞ്ഞിരാമൻ മൊറാഴ സംഭവത്തിൽ പ്രതിയായി ജയിൽശിക്ഷയനുഭവിച്ചു. കരിവെള്ളൂർ കേസിൽ പി.കുഞ്ഞിരാമനെ പടികിട്ടാത്തതിന്റെ ദേഷ്യം തീർത്തത് അദ്ദേഹത്തിന്റെ ഭാര്യയോടാണ്. കുഞ്ഞിരാമന്റെ ഭാര്യയായ കുന്നുമ്മൽ ശ്രീദേവിയെ രണ്ടുദിവസം മാത്തിൽ പോലീസ് ക്യാമ്പിലാക്കി തല്ലിച്ചതച്ചു. സി.പി.ഐ.എം. നേതാക്കളെ ചൈനാചാരരായി മുദ്രകുത്തി ജയിലിലടച്ചപ്പോൾ അല്പകാലം പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതലവഹിച്ചത് പി.കുഞ്ഞിരാമനാണ്. സംസ്ഥാന വളണ്ടിയർ ക്യാപ്റ്റനും അദ്ദേഹമായിരുന്നു. വളണ്ടിയർ ക്യാപ്റ്റനെന്ന നിലയിൽ നാല്പതുകളിലെ കർഷകപോരാട്ടങ്ങൾക്ക്‌ വിവിധ കേന്ദ്രങ്ങളിൽ രഹസ്യമായിനേതൃത്വം നൽകി.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

12 − three =

Most Popular