Thursday, November 21, 2024

ad

HomeUncategorisedഗീബൽസിയൻ നുണകളെ തുറന്നു കാട്ടുക

ഗീബൽസിയൻ നുണകളെ തുറന്നു കാട്ടുക

എം എ ബേബി

ആർഎസ്എസ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പത്രമാധ്യമ സ്വാതന്ത്ര്യങ്ങൾക്കുനേരെ കടുത്ത അടിച്ചമർത്തൽ നടപടികളാണ് സ്വീകരിച്ചു പോരുന്നത്. അത് അടുത്ത കാലത്ത് കൂടുതൽ രൂക്ഷമായിട്ടുണ്ട്. സിപിഐ എം ഇതുസംബന്ധിച്ച് ഒക്ടോബർ മൂന്നിന് ഒരു പ്രസ്താവന പുറപ്പെടുവിക്കുകയുണ്ടായി. അന്ന് അതിരാവിലെ ഒട്ടേറെ പത്ര പ്രവർത്തകർക്കും, തത്സമയ നർമ സംഭാഷണ കലാകാരർക്കും, ശാസ്ത്ര പ്രവർത്തകർക്കും, സാംസ്കാരിക ചരിത്രകാരർക്കും, സാമൂഹ്യനിരീക്ഷകർക്കുമെതിരെ വ്യക്തമായ യാതൊരു കാരണവും കൂടാതെ ഡൽഹി പൊലീസിലെ എൻഫോഴ്സ്-മെന്റ് ഡയറക്ടറേറ്റിന്റെ പ്രത്യേകസംഘം മിന്നൽ പരിശോധന നടത്തിയത് അപലപനീയമാണ് എന്ന് പ്രസ്താവന വ്യക്തമാക്കി. കെട്ടിച്ചമച്ച ആരോപണങ്ങളെ ആസ്പദമാക്കി യുഎപിഎ എന്ന കിരാത നിയമ പ്രകാരം ജാമ്യം നിഷേധിച്ച് ദീർഘകാലം ജയിലടയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഡൽഹി പൊലീസ് നീക്കമെന്നും പ്രസ്താവന വിമർശിച്ചു. തങ്ങൾക്ക് വിധേയമാകാത്ത മാധ്യമ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനോ നിശബ്ദമാക്കാനോ കഴിഞ്ഞ ഒമ്പത് വർഷക്കാലം മോദി സർക്കാർ ശ്രമിച്ചിട്ടുണ്ട്. അതിനുദാഹരണമാണ് ബ്രിട്ടീഷ് ബ്രോഡ് കാസ്റ്റിങ് കോർപ്പറേഷൻ, ന്യൂസ് ലോൺട്രി, ദെെനിക് ഭാസ്-കർ, ഭാരത് സമാചാർ, കാഷ്മീർ വാല, ദി വയർ എന്നിവ ഇത്തരത്തിൽ പകയോടെ വേട്ടയാടപ്പെട്ടത്. ഏറ്റവുമൊടുവിൽ ഇതാ ‘‘ന്യൂസ് ക്ലിക്കും’’.

ന്യൂസ് ക്ലിക്കുമായി ബന്ധമുള്ള 46 പേരുടെ ഓഫീസോ വീടോ കേന്ദ്രീകരിച്ചുള്ള മിന്നൽ പരിശോധനയും നടത്തുകയുണ്ടായി. നടപടിക്രമങ്ങളൊന്നും പാലിക്കാതെ ഇവരിൽ പലരുടേയും കമ്പ്യൂട്ടറും സെൽഫോണും മറ്റും പിടിച്ചെടുക്കുകയുണ്ടായി. തുടർന്ന് ഡോ. പ്രബീർ പുർകായസ്ത, അമിത് ചക്രവർത്തി എന്നിവരെ യുഎപിഎ ചുമത്തി ജയിലിൽ അടച്ചിരിക്കുകയാണ്. ന്യൂസ് ക്ലിക്കിൽ മുമ്പ് പ്രവർത്തിച്ചിരുന്നവരെപ്പോലും പിന്തുടർന്നു ചെന്ന് വേട്ടയാടാൻ ബിജെപി സർക്കാർ ശ്രദ്ധവെച്ചു. ഇതിനുദാഹരണമാണ് അനുഷ പോളിനെ പത്തനംതിട്ടയിലുള്ള വീട്ടിലെത്തി ചോദ്യം ചെയ്ത് ഭീഷണിപ്പെടുത്തിയത്. ഇവരെ ചോദ്യം ചെയ്തതിന്റെ വിവരങ്ങൾ കൗതുകകരമാണ്. നിങ്ങൾ കർഷകസമരം റിപ്പോർട്ട് ചെയ്തത് മോദി ഗവൺമെന്റിന് എതിരെ ജനങ്ങളിൽ വിദേ-്വഷം വളർത്താനല്ലേ? പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടന്ന സമരം നിങ്ങൾ എന്തിന് റിപ്പോർട്ട് ചെയ്തു? ഇത്തരം ചോദ്യം ചെയ്യലിനെ അത്യന്തം ആഭാസകരം എന്നല്ലാതെ എന്തു പറയും. മുൻ പ്രസ് കൗൺസിൽ അംഗവും ‘‘ഔട്ട് ലുക്ക്’’ വാരികയുടെ മുൻ എഡിറ്റർ – ഇൻ – ചീഫുമായ കൃഷ്ണപ്രസാദ് ഒക്ടോബർ ഏഴ് ശനിയാഴ്ച ‘‘ദി ഹിന്ദു’’ പത്രത്തിന്റെ മുഖപ്രസംഗ പേജിലെഴുതിയ പഠനാർഹമായ ലേഖനം ഇക്കാര്യങ്ങൾ സൂക്ഷ‍്മമായി ചർച്ച ചെയ്തിട്ടുണ്ട്. പത്ര പ്രവർത്തനം തന്നെ ‘ഒരു കുറ്റകൃത്യമായി’ മാറുന്നതിന്റെ മുന്നറിയിപ്പ് എന്നാണ് പ്രസ്തുത ലേഖനത്തിന്റെ ശീർഷകം.

എഫ്ഐആറിന്റെ കോപ്പിയോ ചെയ്തുവെന്നാരോപിക്കപ്പെടുന്ന കുറ്റങ്ങളുടെ പട്ടികയോ നൽകാതെ പ്രബീർ പുർകായസ്തയെയും മറ്റും അറസ്റ്റ് ചെയ്തത് ഇതുസംബന്ധിച്ച കോടതികളുടെ മാർഗനിർദേശങ്ങൾ മുഴുവൻ ലംഘിച്ചുകൊണ്ടാണ്. അറസ്റ്റ് നടത്തിയതോ യുഎപിഎ നിയമം, അതായത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനുള്ള നിയമം, അനുസരിച്ചും. കൃഷ്ണപ്രസാദ് ചോദിക്കുന്നത് ഇവിടെ നടന്ന യഥാർത്ഥ നിയമവിരുദ്ധ പ്രവർത്തനം പ്രബീർ പുർകായസ്തയുടെ അറസ്റ്റല്ലേ എന്നാണ്.

ഈ കേസ് പ്രതികളുടെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് കോടതി ചർച്ച ചെയ്തപ്പോൾ ബഹുമാന്യരായ ജഡ്ജിമാർ നടത്തിയ നിരീക്ഷണവും മറ്റൊന്നല്ല. ആരോപിക്കപ്പെട്ട കുറ്റങ്ങൾക്ക് ഉപോൽബലകമായി തെളിവുകളൊന്നും പൊലീസ് നൽകുന്നില്ലയെന്നാണ്.

ഒക്ടോബർ ഒമ്പതിന് ‘ദി ഹിന്ദു’ എഴുതിയ മുഖപ്രസംഗം മോദി ഗവൺമെന്റിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്. തീവ്രവാദ വിരുദ്ധ നിയമങ്ങളും ദേശീയ സുരക്ഷ എന്ന കരുതൽ മനോഭാവവും ദുരുപയോഗപ്പെടുത്തിക്കൊണ്ട് നിലവിലുള്ള സർക്കാർ മാധ്യമ സ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും നേരെ നടത്തുന്ന കടന്നാക്രമണം അത്യന്തം ഉൽക്കണ്ഠാജനകമാണ് എന്ന് കൃത്യമായി മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

കോടതിയിൽ സമർപ്പിച്ച എഫ്ഐആറിൽ ഉന്നയിക്കുന്ന ആരോപണം താഴെപ്പറയുന്നവയാണ്: രാജ്യത്തിന്റെ സുരക്ഷ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി, 2019ലെ പാർലമെന്ററി തിരഞ്ഞെടുപ്പ് താറുമാറാക്കാൻ ശ്രമിച്ചു. ഗവൺമെന്റിനോട് വെറുപ്പ് വളർത്താൻ ശ്രമിച്ചു. ജനങ്ങൾക്കാവശ്യമുള്ള അത്യാവശ്യ സേവനങ്ങൾ താറുമാറാക്കാൻ ശ്രമിച്ചു, വിദേശ ഫണ്ട് നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കൊണ്ടുവന്ന് രാജ്യത്തിന്റെ പരമാധികാരവും ഭൂമിശാസ്ത്രപരമായ അഖണ്ഡതയും അസ്ഥിരപ്പെടുത്താൻ ശ്രമിച്ചു. അരുണാചൽ പ്രദേശും കാശ്മീരും ഇന്ത്യയുടെ ഭാഗമല്ല എന്ന് പ്രചരിപ്പിച്ചു, കർഷക സമരം ഭക്ഷ്യക്ഷാമം സൃഷ്ടിക്കാൻ ഉദ്ദേശിച്ചായിരുന്നു…

മേൽപറഞ്ഞ ആരോപണങ്ങൾ സ്ഥാപിക്കാൻ സഹായകമായ യാതൊരു വസ്തുതയും തെളിവും ഡൽഹി പൊലീസ് കോടതിയിൽ സമർപ്പിച്ച എഫ്ഐആറിനൊപ്പം ഉൾപ്പെടുത്തിയിട്ടില്ല എന്ന വസ്തുത ‘ദി ഹിന്ദു’വിന്റെ മുഖപ്രസംഗവും തുറന്നുകാണിക്കുന്നു.

എന്നാൽ ആർഎസ്എസിന്റെ മുഖപത്രം (വാല്യം 75, നമ്പർ 17, ഒക്ടോബർ 15, 2023) ‘സ്വാതന്ത്ര്യമോ രാജ്യദ്രോഹമോ’ എന്ന ശീർഷകത്തിൽ എഴുതിയിട്ടുള്ള മുഖപ്രസംഗം നരേന്ദ്ര മോദി സർക്കാർ ന്യൂസ് ക്ലിക്കിനും സ്വതന്ത്ര മാധ്യമ പ്രവർത്തനങ്ങൾക്കുംനേരെ നടത്തുന്ന ഹീനമായ കടന്നാക്രമണങ്ങളെ ന്യായീകരിച്ചുകൊണ്ടുള്ളതാണ്. 2018–2021 കാലഘട്ടത്തിൽ ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും മുപ്പത്തെട്ട് കോടി രൂപ സ്വീകരിച്ചുവെന്ന ‘വാർത്ത’ പരാമർശിച്ചുകൊണ്ടാണ് പ്രസ്തുത മുഖപ്രസംഗം ആരംഭിക്കുന്നത്. ഇതൊരു പച്ചക്കള്ളം ആണ്. ‘ന്യുസ് ക്ലിക്ക്’ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമങ്ങളും വ്യവസ്ഥകളും പാലിച്ചുകൊണ്ട് മാത്രമേ പ്രവർത്തന ഫണ്ട് സമാഹരിച്ചിട്ടുള്ളൂ. അതിൽ ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു രൂപ പോലും സ്വീകരിച്ചിട്ടില്ല. ഡിജിറ്റൽ മീഡിയയിൽ ഇരുപത്തിയാറ് ശതമാനം (26%) നിക്ഷേപം പുറം സ്രോതസ്സുകളിൽ നിന്ന് സ്വീകരിക്കാൻ നിയമം അനുവദിക്കുന്നുണ്ട്. അതുപ്രകാരം നെവിൽ റോയ് സിങ്കം എന്ന സംരംഭകൻ, അമേരിക്കയിലുള്ള തന്റെ ലാഭോദ്ദേശ്യത്തോടെ അല്ലാതെ പ്രവർത്തിക്കുന്ന ഫൗണ്ടേഷനിൽനിന്നും നൽകിയ നിക്ഷേപത്തെയാണ് വളച്ചൊടിച്ച് ദുരുപയോഗപ്പെടുത്താൻ ആർഎസ്എസ് മുഖപത്രമായ ഓർഗനെെസറും അവരുടെ ചൊൽപ്പടിക്ക് പ്രവർത്തിക്കുന്ന നരേന്ദ്ര മോദി സർക്കാരും ശ്രമിക്കുന്നത്.

നെവിൽ റോയ് സിങ്കത്തെ ചുറ്റിപ്പറ്റി ദുഷ്-പ്രചാരണം നടത്താനും തീവ്രവലതുപക്ഷം ശ്രമിക്കുന്നുണ്ട്. അമേരിക്കയിലെ ഹവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും പഠനം പൂർത്തിയാക്കിയ റോയ് സിങ്കം Thought Works എന്ന ഒരു ഐടി സ്ഥാപനം ആരംഭിച്ചു. 2008ൽ ആയിരം പേർ പ്രവർത്തിയെടുത്ത ആ സ്ഥാപനം പ്രതിവർഷം 30 ശതമാനമാണ് വളർച്ചാതോത് കാണിച്ചത്. അതിവേഗം 4500 പേർ പ്രവർത്തിയെടുക്കുന്ന സ്ഥാപനമായി അത് വളർന്നു. സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള സജീവ ഇടപെടലുകളിലും റോയ് സിങ്കം തൽപരനായിരുന്നു. അതുകൊണ്ടാവാം 2017ൽ 78.5 കോടി ഡോളറിന് സ്വന്തം ഐടി സ്ഥാപനം അദ്ദേഹം വിറ്റത്. അങ്ങനെ ലഭിച്ച പണമാണ് ലാഭോദ്ദേശ്യത്തോടുകൂടിയല്ലാത്ത പ്രവർത്തനങ്ങൾക്ക് നിയമപരമായി സ്ഥാപിതമായ ഫൗണ്ടേഷനുകൾ വഴി വിനിയോഗിക്കാൻ അദ്ദേഹം തീരുമാനിച്ചത്. ന്യൂസ് ക്ലിക്ക് അത്തരത്തിലൊരു പ്രസ്ഥാനമായതിനാലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറിവോടും അനുമതിയോടും കൂടി പ്രസ്തുത ഫൗണ്ടേഷന്റെ സാമ്പത്തിക സഹായം സ്വീകരിച്ചത്. ഇതിന് ഓഡിറ്റ് ചെയ്ത കൃത്യമായ കണക്കുകളും ലഭ്യമാണ്. മാത്രമല്ല, അമേരിക്കയിൽ സ്ഥിരതാമസക്കാരനായ ശ്രീലങ്കൻ വംശജനും അമേരിക്കൻ പൗരനുമായ നെവിൽ സിങ്കത്തിനെതിരെ ചെെനയ്ക്കുവേണ്ടി നിയമവിരുദ്ധ ഇടപെടലുകൾ നടത്തുന്നതായോ മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായോ ഉള്ള കേസൊന്നും തന്നെ അമേരിക്കൻ ഗവൺമെന്റ് എടുത്തിട്ടുമില്ല. അതായത് നിയമാനുസൃതം ബിസിനസ് നടത്തുകയും പണം ചെലവഴിക്കുകയും ചെയ്യുന്നയാളാണ് സിങ്കം എന്നാണ് ഇതുവരെയുള്ള വിവരങ്ങൾ.

അരുണാചൽ പ്രദേശിന് മേൽ ചെെന ഉന്നയിക്കുന്ന അവകാശവാദങ്ങൾ സംബന്ധിച്ച ‘സിപിഐ എം നിലപാട്’ വിവാദമാക്കി ചെെനീസ് ചാര ആരോപണം 1960കളിലെപ്പോലെ വീണ്ടും ഉയർത്തിക്കൊണ്ടുവരുവാനും തീവ്ര വലതുപക്ഷത്തിനും വർഗീയവാദികൾക്കും അവരെ അനുകൂലിക്കുന്ന ചില മാധ്യമങ്ങൾക്കും താൽപര്യമുണ്ട്. ഓർഗനെെസറിന്റെ പുതിയ കവർ ചിത്രം തന്നെ ഇത്തരം അധമ ലക്ഷ്യത്തോടുകൂടിയാണ്. ഇന്ത്യ – ചെെന അതിർത്തിയെക്കുറിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം സംബന്ധിച്ച് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ തന്നെ 1960കൾ മുതൽ ഉയർത്തിപ്പിടിച്ചുപോന്ന സമീപനം വ്യക്തവും, ശാസ്ത്രീയവും, വിവാദരഹിതവുമായിരുന്നു. അത് ഇങ്ങനെ സംഗ്രഹിക്കാം:

1. ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തി സംബന്ധമായി നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ സായുധ സംഘട്ടനത്തിലൂടെ പരിഹരിക്കാൻ ശ്രമിക്കരുത്.

2. ഇരുപക്ഷവും സമാധാനപരമായ പരസ്പര ചർച്ചയിലൂടെ ക്ഷമാപൂർവം അഭിപ്രായ സമന്വയം ഉണ്ടാക്കാൻ ശ്രമിക്കണം.

3. ഒരു പ്രധാന തർക്കം അരുണാചൽ പ്രദേശും ലഡാക്കും ഇന്ത്യയുടെ ഭാഗമാണെന്ന് അംഗീകരിക്കാൻ ചെെന തയ്യാറാകാത്തതാണ്.

4. അരുണാചൽ പ്രദേശും ലഡാക്കും ഇന്ത്യയുടെ ഭാഗമാണെന്ന അഭിപ്രായമാണ് സിപിഐ എമ്മിന് ഉള്ളത്.

ഇത്ര സുവ്യക്തമായ അഭിപ്രായം സിപിഐ എം ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണെങ്കിലും ആശയക്കുഴപ്പമുണ്ടാക്കാൻ ആർഎസ്എസും മോദി സർക്കാരും ചില തലതിരിഞ്ഞ മാധ്യമങ്ങളും അസത്യ പ്രചാരണം തുടരുകയാണ്. ചില പത്രങ്ങൾക്ക് ഇതൊരു മനോരോഗം പോലെയാണ്. ന്യൂസ്-ക്ലിക്ക് സംബന്ധമായ വാർത്തയുടെ തലക്കെട്ടിനുള്ളിൽ ചെെനീസ്ബന്ധം കൊണ്ടുവരാൻ അവർ മറന്നില്ല. ഈ മനോരോഗ പത്രത്തിന് ‘‘ചെെനീസ് ചെയർമാൻ ഞങ്ങളുടെ ചെയർമാൻ’’ എന്നു പറഞ്ഞ് വഴിതെറ്റിയ ‘തീവ്ര വിപ്ലവകാരികളെ’ സിപിഐ എമ്മിനെ അപേക്ഷിച്ച് വീരശൂര പരാക്രമികളായി അവതരിപ്പിക്കുന്നതിൽ പ്രത്യേക ഉത്സാഹമായിരുന്നുവല്ലോ.

സിപിഐ എമ്മിനെ സംബന്ധിച്ചിടത്തോളം ലോകത്തെ കമ്യൂണിസ്റ്റ് തൊഴിലാളി പാർട്ടികളുമായി സ്വാഭാവികമായ ഉഭയകക്ഷി ബന്ധം ഉണ്ടായിരിക്കുമ്പോൾ തന്നെ ചില കാര്യങ്ങളിലുള്ള വിയോജിപ്പ് അത്യാവശ്യമെന്നു തോന്നിയ ഘട്ടങ്ങളിൽ മാത്രം തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കാര്യം മാത്രമെടുത്താൽ മൂന്ന് ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാം. സഖാവ് മൗ സെ ദോങ്ങിന്റെ നേതൃത്വത്തിൽ നടന്ന മഹത്തായ സാംസ്കാരിക വിപ്ലവം ഒരു ഘട്ടം കഴിഞ്ഞപ്പോൾ അനാശാസ്യമായ ചില വ്യതിയാനങ്ങൾക്ക് വിധേയമായി എന്ന് പീപ്പിൾസ് ഡെമോക്രസിയിൽ എഴുതിയ സുദീർഘമായ ലേഖനത്തിൽ സഖാവ് എം ബസവപുന്നയ്യ വിശദീകരിച്ചു. ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുവെച്ച ‘മൂന്ന് ലോക സിദ്ധാന്തം’ തെറ്റാണെന്ന വിമർശനവും സിപിഐ എം നടത്തി. നക്സലെെറ്റുകൾ നടത്താൻ ശ്രമിച്ച ഒറ്റപ്പെട്ട സായുധ വിപ്ലവ (വസന്തത്തിന്റെ ഇടിമുഴക്കം)മാണെന്ന ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അഭിപ്രായവും സിപിഐ എം തള്ളിക്കളഞ്ഞു.

മഹത്തായ ചെെനീസ് വിപ്ലവത്തോടും അതിന് നേതൃത്വം നൽകിയ സിപിസിയോടും പുതിയൊരു സമൂഹം നിർമിക്കാൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ചെെനീസ് ജനത നടത്തുന്ന ആവേശോജ്ജ-്വലമായ പരിശ്രമങ്ങളോടും ആദരവും പിന്തുണയും അറിയിക്കുന്നതിനൊപ്പമാണ്, തുറന്നു പറഞ്ഞേ തീരൂ എന്ന നിലയിൽ ഗൗരവമുള്ളതും ആഗോള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ബാധിക്കുന്നതും ആയ ചില വിഷയങ്ങളിൽ വ്യത്യസ്ത നിലപാട് തുറന്നുപറയുവാൻ സിപിഐ എം തയ്യാറായത്.

ഈ വസ്തുതകൾ മനസ്സിലാക്കാൻ കഴിയുന്ന ജനങ്ങൾക്ക് തീവ്ര വലതുപക്ഷം നടത്തുന്ന ഇതുസംബന്ധിച്ച കള്ള പ്രചാര വേലകളെ തള്ളിക്കളയുവാൻ യാതൊരു പ്രയാസവുമുണ്ടാവുകയില്ല.

2024ൽ നടക്കാൻ പോകുന്ന ലോക്-സഭാ തിരഞ്ഞെടുപ്പും അതിന്റെ ഡ്രസ് റിഹേഴ്സൽ പോലെ ഈ നവംബർ മാസം നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും ഏറെ നിർണായകമാണ്. ഇതിലെന്തും സംഭവിക്കാമെന്ന ഭീതി ബിജെപിക്കും കൂട്ടാളികൾക്കും ഉണ്ട് എന്ന് വ്യക്തമാണ്. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനും പൗരസ്വാതന്ത്ര്യത്തിനും നേരെ ഇവർ നടത്തുന്ന കൂടുതൽ രൂക്ഷമായ കടന്നാക്രമണങ്ങൾ ഈ അങ്കലാപ്പിന്റെ ഭാഗമാണ്. ഗീബൽസിയൻ കള്ള പ്രചാര വേലകളും ഇതേ കാരണത്താൽ തന്നെയാണ് സംഘപരിവാരവും അവരുടെ കൂട്ടാളികളായ മാധ്യമങ്ങളും നടത്തുന്നത്. അതുകൊണ്ടുതന്നെ ജനാധിപത്യശക്തികൾ കൂടുതൽ ജാഗ്രതയോടെയും ജനകീയമായും സ്വയം വിമർശന സന്നദ്ധമായും പ്രവർത്തിക്കണം. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും സഹകരണവും നേടാൻ അതീവ ശ്രദ്ധ പുലർത്തുകയും വേണം. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen − 13 =

Most Popular