Thursday, November 21, 2024

ad

Homeകവര്‍സ്റ്റോറിന്യൂസ്‌ക്ലിക്കിനെതിരെ നടന്നത് ബിജെപിയുടെ ഫാസിസ്റ്റ് അജൻഡ

ന്യൂസ്‌ക്ലിക്കിനെതിരെ നടന്നത് ബിജെപിയുടെ ഫാസിസ്റ്റ് അജൻഡ

കെ ജെ ജേക്കബ്

ന്ത്യൻ ശിക്ഷാ നിയമത്തിലെ ചില വകുപ്പുകളും ഭീകരപ്രവർത്തന നിരോധന നിയമമായ യു എ പി എ യും ചുമത്തി അറസ്റ്റിലാക്കപ്പെട്ട ന്യൂസ്‌ക്ലിക്ക് എന്ന ഇടതുപക്ഷ ഇംഗ്ലീഷ് പോർട്ടലിന്റെ സ്‌ഥാപക എഡിറ്റർ പ്രബീർ പുർകായസ്തയും സ്‌ഥാപനത്തിന്റെ എച്ച് ആർ തലവൻ അമിത് ചക്രവർത്തിയും തങ്ങളുടെ ജാമ്യ ഹർജി കേൾക്കുന്നതിനിടയിൽ പ്രോസിക്യൂഷനോട് ഒരു ചോദ്യം ചോദിച്ചു: എന്താണ് ഞങ്ങളുടെ പേരിലുള്ള കുറ്റം? എന്താണ് ഭീകരവിരുദ്ധ നിയമം ചാർത്താനുള്ള കാരണം?

പ്രോസിക്യൂഷന് കോടതിയോട് പറയാൻ ഒരു മറുപടിയേ ഉണ്ടായിരുന്നുള്ളൂ: കേസ് ഇപ്പോൾ അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിലാണ്; പ്രതികളെ വിട്ടയച്ചാൽ അവർ തെളിവുകൾ നശിപ്പിക്കും.

പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി രണ്ടുപേരെയും പത്തുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്തു. കൃത്യമായ നിയമനടപടിയിലൂടെയല്ലാതെ രാഷ്ട്രം ഒരു പൗരന്റെയും വ്യക്തി സ്വാതന്ത്ര്യം ഹനിക്കരുതെന്നു ഭരണഘടനാ വ്യവസ്‌ഥയുള്ള ഈ നാട്ടിൽ തങ്ങൾ ചെയ്ത കുറ്റം എന്താണ് എന്ന ചോദ്യത്തിനുത്തരം കിട്ടാതെ അവർ ജയിലിലേക്ക് പോയി.

അവർ ചോദിച്ച ചോദ്യം ഇപ്പോഴും ബാക്കി നില്കുന്നു.

******
ദേശീയ ജനാധിപത്യ സർക്കാരിന്റെ പ്രത്യേകതകളിൽ ഒന്ന് അവർ രാഷ്ട്രീയ എതിരാളികളെ നേരിടാൻ രാഷ്ട്രീയ നയങ്ങളോ വർഗീയതയോ മാത്രമല്ല ഉപയോഗിക്കുക എന്നതാണ്. അതിനപ്പുറം നിയമത്തിന്റെ അനന്തമായ ദുരുപയോഗ സാധ്യതകളെ കൃത്യമായി കണ്ടറിയുകയും പ്രയോഗിക്കുകയും ചെയ്യുക എന്നതാണ് ഈ സർക്കാരിന്റെ പ്രധാന നയങ്ങളിൽ ഒന്ന്.

അടിയന്തരാവസ്ഥക്കാലത്തുപോലും പ്രത്യക്ഷത്തിൽത്തന്നെ പൗരാവകാശകങ്ങളെ നിഷേധിക്കുന്ന ആഭ്യന്തര സുരക്ഷിതത്വ നിയമം (Maintenance of Internal Security Act) പോലെയുള്ള കരുതൽ തടങ്കൽ നിയമങ്ങൾ പ്രയോഗിച്ചാണ് എതിരാളികളെ തുറുങ്കിലടച്ചതും നിശ്ശബ്ദരാക്കിയും. നരേന്ദ്ര മോദി-–അമിത് ഷാ കൂട്ടുകെട്ട് പക്ഷേ ഉപയോഗിക്കുന്നത് ഇത്തരം നിയമങ്ങളല്ല. പ്രതിപക്ഷ കക്ഷികളെയും മാധ്യമങ്ങളെയും വരുതിയിലാക്കാൻ ഇന്നുപയോഗിക്കുന്നത് കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനുള്ള നിയമം, ആദായനികുതി നിയമം, പിന്നെയിപ്പോൾ യുഎപിഎയും.

ഗുജറാത്ത് കലാപവും അന്നത്തെ സംസ്‌ഥാന സർക്കാരിന്റെ നിലപാടുകളും വീഴ്ചകളും ലോകത്തെ ഓർമ്മപ്പെടുത്തിയതിനു പിന്നാലെയാണ് ബി ബി സി ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡുകൾ നടന്നത്. ബ്രിട്ടീഷ് മാധ്യമം ആദായനികുതി അടച്ചത് കുറവാണ് എന്ന് അന്വേഷണങ്ങൾക്കു ശേഷം കണ്ടുപിടിച്ചു. പക്ഷേ വരുമാനത്തിൽ നാൽപതു കോടി രൂപയുടെ കുറവ് കണ്ടുപിടിക്കാൻ കാടിളക്കിയുള്ള ഈ അന്വേഷണത്തിന്റെ ആവശ്യമൊന്നും ഉണ്ടായിരുന്നില്ല; ബന്ധപ്പെട്ട രേഖകൾ കണ്ടെടുക്കാൻ മൂന്നുദിവസത്തെ റെയ്ഡുകളുടെ ആവശ്യവും ഉണ്ടായിരുന്നില്ല. തങ്ങളുടെ പത്രപ്രവർത്തകരെപ്പോലും ചോദ്യം ചെയ്തു എന്ന് ഒരു അന്താരാഷ്ട്ര മാധ്യമത്തെക്കൊണ്ട് പറയിപ്പിക്കേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല.

ഇന്നിപ്പോൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു നിയമമാണ്‌ കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയുള്ള നിയമം (Prevention of Money Laundering Act, 2002). ഈ നിയമത്തിന്റെ 45–ാം വകുപ്പ് പ്രകാരം കുറ്റാരോപിതനായ ഒരാൾക്ക്‌ ജാമ്യം ലഭിക്കുക നന്നേ ബുദ്ധിമുട്ടാണ്. പ്രതി കുറ്റക്കാരനല്ലെന്നു കോടതിയ്ക്ക് പ്രഥമദൃഷ്ട്യാ ബോധ്യമാവുക; പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചാൽ കുറ്റം ആവർത്തിക്കില്ല എന്ന് കോടതിയ്ക്ക് ബോധ്യം വരിക: ഈ രണ്ടു വ്യവസ്‌ഥകളിൽ മാത്രമേ ജാമ്യം അനുവദിക്കാൻ പാടുള്ളൂ. കേസിന്റെ പ്രാരംഭ ഘട്ടത്തിൽ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഒരു കോടതിയ്ക്ക് എന്തടിസ്‌ഥാനത്തിലാണ് ഒരാൾ കുറ്റം ചെയ്തിട്ടില്ല എന്ന തീരുമാനത്തിലെത്താൻ ആവുക? അല്ലെങ്കിൽ അയാൾ പുറത്തുപോയാൽ കുറ്റം ആവർത്തിക്കില്ല എന്നുറപ്പിക്കാനാവുക? അതുകൊണ്ടു തന്നെ ജാമ്യം മിക്കവാറും അസംഭവ്യതയാണ്. ഈ വകുപ്പ് നിയമസംവിധാനത്തിന്റെ യുക്തിയെ തലകുത്തി നിർത്തുന്നതും ഭരണഘടനയുടെ അടിസ്‌ഥാനനിലപാടുകളെ ചോദ്യം ചെയ്യുന്നതുമാണെന്നു കണ്ട് സുപ്രീം കോടതിതന്നെ 2017-ൽ റദ്ദാക്കിയതാണ്. നിയമത്തിൽ വരുത്തിയ ഒരു ഭേദഗതിയിലൂടെ സർക്കാർ ഈ വകുപ്പ് പുനഃസ്‌ഥാപിച്ചു. (എന്തായാലും സുപ്രീം കോടതി ഈ നിയമത്തിന്റെ സാധുത പുനരവലോകനം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്).

ഈ നിയമത്തിന്റെ അടിസ്‌ഥാനത്തിൽ കുറ്റം ചുമത്തപ്പെട്ട് ആറു മാസത്തിലേറെക്കാലമായി ജയിലിൽ കിടക്കുന്ന ഡൽഹിയിലെ ആം ആദ്മി പാർട്ടി നേതാവും മുൻമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ കേട്ട സുപ്രീം കോടതി കഴിഞ്ഞയാഴ്ച സർക്കാരിനോട് പറഞ്ഞത് അയാൾക്കെതിരെ ഒരു പ്രസ്താവനയല്ലാതെ തെളിവൊന്നും കണ്ടില്ല എന്നാണ്.

മണിപ്പൂരിൽ നടന്ന വ്യാപക ആക്രമണങ്ങളിൽ സർക്കാർ പക്ഷം പിടിച്ചുവെന്നും മാധ്യമങ്ങൾക്കു സ്വതന്ത്രമായ പ്രവർത്തനം അസാധ്യമായിരുന്നെന്നും പ്രവർത്തിച്ചുകൊണ്ടിരുന്ന മാധ്യമങ്ങൾതന്നെ സർക്കാർ ഭാഷ്യം മാത്രം പുറത്തെത്തിക്കുന്നതിലേക്കു ചുരുങ്ങി എന്നും ഇന്ത്യയിലെ പത്രാധിപന്മാരുടെ സംഘടനയായ ‘എഡിറ്റേഴ്സ് ഗിൽഡി’ന്റെ ഒരു പ്രത്യേകാന്വേഷക സംഘം കണ്ടെത്തി. തൊട്ടുപിന്നാലെയാണ് സംഘാംഗങ്ങൾക്കെതിരെയും ഗിൽഡിന്റെ ഭാരവാഹികൾക്കെതിരെയും മണിപ്പൂർ സർക്കാർ കേസെടുത്തത്. ഒരു കാര്യം കൂടിയുണ്ട്: മണിപ്പൂരിൽ നിയമപാലന സംവിധാനം സമ്പൂർണ്ണമായി തകർന്നു എന്ന് സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ട്. ആ സമ്പൂർണ്ണ തകരലിന്‌ കൈയും കെട്ടി നിന്ന് സാക്ഷ്യം വഹിച്ച, ഒരു വേള അക്രമികൾക്ക് സഹായകരമായ നിലപാട് സ്വീകരിച്ചു എന്ന ആരോപണത്തിന് വിധേയരായ അതേ സർക്കാർ തന്നെയാണ് പത്രാധിപ സംഘത്തെ കേസിൽ കുരുക്കാൻ നോക്കിയത്. സുപ്രീം കോടതിയുടെ ശക്തമായ ഇടപെടൽ ഉണ്ടായതുകൊണ്ടുമാത്രം അവരിപ്പോൾ പുറത്തുണ്ട്.

ന്യൂസ് ക്ലിക്കിന്റെ കേസിലേക്ക് തിരിച്ചു വന്നാൽ, ഓഹരി വിലയിൽ കൃത്രിമത്വം കാണിച്ചു, ഫണ്ട് തിരിമറി നടത്തി, വിദേശനിക്ഷേപ നിയമങ്ങൾ ലംഘിച്ചു എന്നൊക്കെ ആരോപിച്ച് 2021-ലാണ് ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ആദ്യമായി പോർട്ടലിനെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത്. അതിനു പുറമേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) അന്വേഷണവും തുടങ്ങി. പലപ്രാവശ്യം പോർട്ടലിന്റെ ഓഫീസുകൾ റെയ്ഡ് ചെയ്തു; എഡിറ്ററേയും സഹപ്രവർത്തകരെയും ചോദ്യം ചെയ്തു. ഇന്നുവരെ ആ അന്വേഷണത്തിൽ ഒരു പുരോഗതിയും ഉണ്ടായതായി അറിയില്ല. ഇ ഡിയുടെ പാരമ്പര്യമനുസരിച്ച് ഏതെങ്കിലും തരത്തിലുള്ള നിയമലംഘനത്തിനു സാധ്യതയുണ്ടെങ്കിൽ പോലും നിയമത്തിന്റെ ദുരുപയോഗത്തിലൂടെ അവരെ ഇതിനകം അകത്താക്കേണ്ടതായിരുന്നു. എന്നാലിപ്പോൾ പകരം ഡൽഹി പൊലീസാണ് രംഗത്തിറങ്ങിയിരിക്കുന്നത്.

ഇതിൽ വിചിത്രമായ കാര്യം ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ഇ ഡിയും അന്വേഷിച്ച കേസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ (എഫ് ഐ ആർ) പോർട്ടൽ ചെയ്തതായി ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ പ്രധാനമായി സാമ്പത്തികമല്ല എന്നതാണ്. ഇന്ത്യയിൽ ചൈനീസ് പ്രോപഗണ്ട നടത്തി, ഇന്ത്യയുടെ പരമാധികാരത്തിനെതിരെയും അഖണ്ഡതയ്ക്കെതിരെയും നിരന്തര പ്രചാരണം നടത്തി, കാശ്‌മീരിനെപ്പറ്റിയും അരുണാചൽപ്രദേശിനെപ്പറ്റിയും ഇന്ത്യയ്‌ക്കെതിരെ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന പ്രചാരണത്തിൽ പണം പറ്റി പങ്കാളിയായി; 2019-ലെ തിരഞ്ഞെടുപ്പിനെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള കോടീശ്വരൻ നെവിൽ റോയ് സിങ്കത്തിന്റെ സഹായത്തോടെ അട്ടിമറിക്കാൻ നോക്കി, ചൈനീസ് കമ്പനികൾക്ക് നിയമസഹായം ലഭ്യമാക്കി എന്നിവയാണ്. ഏറ്റവുമവസാനം വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചു എന്ന പേരിൽ സി ബി ഐ യും ഒരു എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മാധ്യമങ്ങളുടെ ഒരു പ്രത്യേകത അവർ ചെയ്യുന്ന പ്രവർത്തനം മിക്കവാറും അതേപടി ജനങ്ങളിൽ എത്തും എന്നതാണ്. മുകളിൽ പറഞ്ഞ കാര്യങ്ങളിൽ പണ സംബന്ധിയായ കാര്യങ്ങൾ ഒഴികെയുള്ളവ പൊതുജനങ്ങൾ അറിയേണ്ടതാണ്. ഉദാഹരണത്തിന് ചൈനീസ് പ്രചാരണത്തിന് അവർ തയാറായി എങ്കിൽ അതിനുള്ള തെളിവുകൾ അവരുടെ ലേഖനങ്ങളായോ റിപ്പോർട്ടുകളായോ നമുക്കിടയിൽ എത്തേണ്ടതാണ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഒരു മാധ്യമം പ്രവർത്തനം നടത്തിയെങ്കിൽ അതിനുള്ള തെളിവുകളും നമ്മുടെ മുൻപിൽ ഉണ്ടാവണം. പക്ഷേ അത്തരമൊരു പ്രചാരണം അവർ നടത്തിയതായി ഒരു തെളിവും ഇതുവരെയില്ല; തങ്ങളുടെ പേരിലുള്ള കുറ്റം എന്താണ് എന്ന പ്രതികളുടെ ചോദ്യത്തിന് ഒരു മറുപടി ഇന്നുവരെ അന്വേഷണ ഏജൻസികൾ നൽകിയിട്ടില്ല.

സർക്കാരിന്റെ ഉദ്ദേശ്യം യഥാർത്ഥത്തിൽ പോർട്ടൽ ഏതെങ്കിലും നിയമ വിരുദ്ധ പ്രവർത്തനം നടത്തി എന്നതല്ല എന്നത് വെളിവാകുന്നത് അവർ നടത്തിയ അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുമ്പോഴാണ്. ന്യൂസ് ക്ലിക്കിൽ പ്രവർത്തിച്ചിരുന്ന പത്രപ്രവർത്തകരെ മാത്രമല്ല അവരുമായി സഹകരിച്ചിരുന്നവരെയും പോർട്ടലിൽ കോളം എഴുതുന്നവരെയും പോലും പോലീസ് ഒഴിവാക്കിയില്ല. ചോദ്യങ്ങൾ മിക്കവാറും സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ, പ്രത്യേകിച്ച് പൗരത്വ നിയമ ഭേദഗതിക്കെതിരെയും കാർഷിക നിയമങ്ങൾക്കെതിരെ–യും നടന്ന പ്രക്ഷോഭം എന്നിവയെക്കുറിച്ചുള്ളവയായിരുന്നു എന്നാണിപ്പോൾ അറിയുന്നത്. ന്യൂസ്‌ക്ലിക്കിലെ മുൻപത്രപ്രവർത്തകയും സിപിഐ എം അംഗവുമായ അനുഷ പോളിനെ കേരളത്തിലെത്തി അന്വേഷണ സംഘം ചോദ്യം ചെയ്തതും ലാപ്ടോപ്പടക്കം പിടിച്ചെടുത്തതും വാർത്തകളിൽ വന്നിരുന്നു. അനുഷയോടും ചോദിച്ചത് അവരുടെ രാഷ്ട്രീയ ബന്ധത്തെപ്പറ്റിയും പ്രക്ഷോഭങ്ങളെപ്പറ്റിയുമാണ്.

സർക്കാരിന്റെ ഉദ്ദേശ്യം വെളിവാക്കുന്ന മറ്റൊരു നടപടി ന്യൂസ്-ക്ലിക്ക് അടച്ചുപൂട്ടിയ നടപടിയാണ്. നമുക്കറിയാവുന്നിടത്തോളം ആ പത്രസ്‌ഥാപനം ഒരു കേസിലും പ്രതിയല്ല. എന്നിട്ടും മാധ്യമപ്രവർത്തകരുടെ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ഓഫീസ് സീൽ ചെയ്യുകയും ചെയ്യുമ്പോൾ പത്രാധിപന്മാരും പത്ര പ്രവർത്തകരും മാത്രമല്ല സർക്കാരിന്റെ ഉന്നം; തങ്ങൾക്കെതിരെ നിലപാടെടുക്കുന്ന സ്‌ഥാപനങ്ങൾ കൂടിയാണ് എന്ന സന്ദേശം പുറത്തേക്കു നൽകുക എന്നത് കൂടിയാണ്.

ന്യൂസ് ക്ലിക്കിനെതിരെ നടക്കുന്നനടപടി മാധ്യമ സ്‌ഥാപനങ്ങൾക്ക്‌ നേരെ നേരിട്ട് നടത്തുന്ന ആദ്യത്തെ നടപടിയല്ല. കേരളത്തിൽ മീഡിയ വൺ സർക്കാർ നിരോധനം നേരിട്ടിട്ടുണ്ട്. സുപ്രീം കോടതി ഇടപെട്ടതുകൊണ്ടാണ് ആ സ്‌ഥാപനത്തിന് പ്രവർത്തിക്കാനായത്.

********
കഴിഞ്ഞ കുറച്ചുകാലമായി കേന്ദ്രസർക്കാരിന്റെ പ്രവർത്തനത്തിൽനിന്ന് തെളിഞ്ഞുവരുന്ന പാറ്റേൺ ഇതാണ്: അടിയന്തരാവസ്‌ഥ പോലെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു കടുത്ത നടപടിയിലൂടെയോ ‘മിസ’ പോലെയുള്ള കരിനിയമങ്ങളുടെ ഉപയോഗത്തിലൂടെയോ എതിരാളികളെ നേരിടാനല്ല സർക്കാർ ഉദ്ദേശിക്കുന്നത്. നിലവിലുള്ള ഏജൻസികളെയും സംവിധാനങ്ങളെയും നിയമങ്ങളുടെ ദുരുപയോഗസാധ്യതകളെയും പരമാവധി പ്രയോജനപ്പെടുത്തി എതിരാളികളെ നിശ്ശബ്ദരാക്കുക. അതോടൊപ്പം ആരെങ്കിലും തങ്ങൾക്കെതിരെ നിലപാടെടുത്താൽ അവർക്കും വരിക ഇത്തരം അനുഭവമായിരിക്കും എന്ന സന്ദേശം നൽകുക. കോടതി നടപടികളിൽ വരുന്ന സാധാരണ കാലതാമസം, കടുത്ത വ്യവസ്‌ഥകളുള്ള നിയമം എന്നിവയുപയോഗിച്ച് ആളുകളെ തുറുങ്കിലടയ്ക്കുക; കോടതികൾ സത്യം കണ്ടുപിടിക്കുന്നതുവരെ അവരെ പുറംലോകം കാണിക്കാതിരിക്കുക.

മുൻപ് സൂചിപ്പിച്ച, ബി ബി സിയ്‌ക്കെതിരെ യുള്ള നടപടിയുടെ ഉദ്ദേശ്യം ചെറിയ നികുതി ചോർച്ച തടയുക എന്നതായിരിക്കണം എന്ന് വിശ്വസിക്കാൻ സർക്കാരിൽപ്പോലും ആളുണ്ടാവില്ല. അധികാരസ്‌ഥാനത്തിരിക്കുന്നവർക്കെതിരെ ആരെങ്കിലും വിരൽ ചൂണ്ടിയാൽ അവർ ആരാണെങ്കിലും കടുത്ത നടപടി നേരിടേണ്ടി വരും എന്ന മുന്നറിയിപ്പുമാത്രമാണ് ആ നടപടി. മറ്റു കേസുകളിൽ ജാമ്യം കിട്ടിയിട്ടും കേവലം 45,000 രൂപയുടെ പേരിലാണ് സിദ്ദിക്ക് കാപ്പൻ എന്ന മലയാളി പത്രപ്രവർത്തകൻ ജാമ്യം നിഷേധിക്കപ്പെട്ടു മാസങ്ങളോളം ജയിലിൽ കിടന്നത് എന്നുകൂടി കാണുമ്പോൾ പീഡിപ്പിച്ചു വരുത്തിയിൽനിർത്താനുള്ള സർക്കാർ ശ്രമം വളരെ കൃത്യമായി കാണാൻ സാധിക്കും.

നിയമങ്ങൾ നിർമ്മിച്ചും നിയമങ്ങളിലെയും സംവിധാനത്തിലെയും പഴുതുകളുപയോഗിച്ചും സർക്കാർ ഇവിടെ ഒരു അപ്രഖ്യാപിത അടിയന്തരാവസ്‌ഥ നടപ്പാക്കുകയാണ്. പെഗാസസ് കേസിൽ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് സുപ്രീം കോടതി പറഞ്ഞ വാക്കുകളിവിടെ വളരെ പ്രസക്തമാണ്. പൗരരെ ടെക്‌നോളജി ഉപകരണങ്ങൾ ഉപയോഗിച്ച് സർക്കാർ നിരീക്ഷിക്കുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തും എന്നാണ് കോടതി പറഞ്ഞത്. കാരണം അഭിപ്രായ സ്വാതന്ത്ര്യം എന്നത് ജനാധിപത്യത്തിന്റെ ജീവവായുവാണ്. എന്നാൽ തങ്ങൾ നിരീക്ഷിക്കപ്പെടുന്നു എന്നു വന്നാൽ പൗരർ സൂക്ഷിച്ചുമാത്രം അഭിപ്രായം പറയുന്ന അവസ്‌ഥ വരും. പൗരർ സ്വയം സെൻസർഷിപ്പിലേക്കു നീങ്ങും എന്നർത്ഥം. ഔപചാരികമായ പത്ര മാരണ നിയമം നടപ്പിലാക്കിയില്ലെങ്കിലും ഇത്തരമൊരു സ്വയം സെൻസർഷിപ്പിലേക്കു മാധ്യമങ്ങളെ എത്തിക്കുക എന്നതുതന്നെയാണ് മോദി സർക്കാരിന്റെ ഉന്നം.

രാഷ്ട്രീയവും ജനാധിപത്യപരവുമായ ചെറുത്തുനിൽപ്പിലൂടെ മാത്രമേ ഇതിനെ നേരിടാനാവൂ. ഇന്നത്തെ സർക്കാർ നമ്മുടെ നാട്ടിൽ ഇപ്പോൾ നിലനിൽക്കുന്ന രാഷ്ട്രീയ ബോധത്തിന്റെ ഉല്പന്നമാണ്. അവർ മുന്നോട്ടു വയ്ക്കുന്ന ഫാസിസ്റ്റു രാഷ്ട്രീയത്തെ നേരിടണമെങ്കിൽ ആ രാഷ്ട്രീയത്തെ നേരിടണം, തോൽപിക്കണം. അതിനുള്ള സാധ്യത മുന്നിൽക്കണ്ട് തന്നെയാണ് ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ നിലപാടെടുക്കുന്ന മാധ്യമങ്ങളെ സർക്കാർ നേരിടുന്നത്.

ചുരുക്കത്തിൽ രണ്ടു വെല്ലുവിളികൾ ജനാധിപത്യ ഇന്ത്യ നേരിടുന്നു: ഒന്ന് നമ്മുടെ നാട്ടിലെ നിലവിലുള്ള സംവിധാനം ഉപയോഗിച്ച് അധികാരത്തിൽ വന്ന് അതിന്റെ സാധ്യതകളെയും സംവിധാനങ്ങളെയും ദുരുപയോഗിച്ച് ജനാധിപത്യ വിരുദ്ധമായി എതിരാളികളെ അടിച്ചമർത്തുന്നു; രണ്ട് ഫാസിസ്റ്റു രാഷ്ട്രീയത്തെ തോൽപ്പിക്കാനുള്ള ആശയപ്രചാരണത്തിനുള്ള എതിരാളികളുടെ ജനാധിപത്യാവകാശത്തെ നേരിട്ട് ഹനിക്കുന്നു.

ഈ രണ്ടുവെല്ലുവിളികളെയും നേരിടാൻ ജനാധിപത്യ ശക്തികളും മാധ്യമങ്ങളും ഒരുമിച്ചുനിൽക്കേണ്ടതുണ്ട്. 
(അഭിപ്രായങ്ങൾ വ്യക്തിപരം)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × 5 =

Most Popular