ജനാധിപത്യത്തിന്റെ ജീവവായുവായാണ് അഭിപ്രായ സ്വാതന്ത്ര്യങ്ങളും പൗരാവകാശങ്ങളും മൗലികാവകാശങ്ങളുമെല്ലാം കണക്കാക്കപ്പെടുന്നത്. ജനാധിപത്യത്തിന്റെ സുപ്രധാനമായ തൂണുകളിലൊന്നായാണ് മാധ്യമ സ്വാതന്ത്ര്യവും വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഭരണഘടനയില്‍ മുന്നോട്ടുവെക്കുന്ന മതനിരപേക്ഷതയുടേയും, ഫെഡറലിസത്തിന്റേയും രീതികളേയുമെല്ലാം തകര്‍ക്കാന്‍ വേണ്ടി നിലകൊള്ളുന്ന ബി.ജെ.പി സര്‍ക്കാര്‍ അഭിപ്രായ സ്വാതന്ത്ര്യത്തേയും ഹനിക്കുന്നതിനുവേണ്ടിയുള്ള ശക്തമായ ഇടപെടലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ആര് വിമര്‍ശിക്കാന്‍ ശ്രമിച്ചാലും അവര്‍ക്കെതിരെ ഭരണകൂട സംവിധാനങ്ങളെയെല്ലാം ഉപയോഗപ്പെടുത്തുകയെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നയം.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള ഒമ്പത് വര്‍ഷക്കാലം പരിശോധിച്ചാല്‍ മാധ്യമങ്ങള്‍ക്കും, മാധ്യമ സ്ഥാപനങ്ങള്‍ക്കുമെതിരേയുള്ള അക്രമങ്ങള്‍ സജീവമായിത്തീര്‍ന്നിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികളായ ഇ.ഡി, ഐ.ടി, എന്‍.ഐ.എ എന്നിവ ഒട്ടനവധി കേസുകളാണ് മാധ്യമങ്ങള്‍ക്കെതിരായി ചുമത്തിയിരിക്കുന്നത്. ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യമെന്നത് ഏറ്റവും ആപല്‍ക്കരമായ അവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. 180 അംഗങ്ങളുള്ള മാധ്യമ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ഓരോ വര്‍ഷം കഴിയുന്തോറം താഴേക്ക് പോകുകയാണ്. 2018þല്‍ 138–ാം സ്ഥാനത്തായിരുന്നു ഇക്കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനമെങ്കില്‍ ഇപ്പോള്‍ അത് 161 ആയി താഴ്ന്ന് കഴിഞ്ഞിരിക്കുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നയങ്ങള്‍ക്കെതിരായി ശബ്ദിക്കുന്ന മാധ്യമങ്ങളെ നിശബ്ദമാക്കുകയെന്ന നയം തൂടരുകയാണ്. ഗുജറാത്ത് വംശഹത്യയെ സംബന്ധിച്ചുള്ള നരേന്ദ്ര മോദിയുടെ പങ്ക് ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററിയിലൂടെ വെളിപ്പെടുത്തിയതിന്റെ പേരിലാണ് ബി.ബി.സിയുടെ ബോംബെയിലേയും, ഡല്‍ഹിയിലേയും ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. സര്‍വ്വേ മാത്രമെന്ന് ആദ്യഘട്ടത്തില്‍ പറഞ്ഞുവെങ്കിലും പിന്നീട് മറ്റു പല ആരോപണങ്ങളും ഉന്നയിക്കുകയാണ് അവര്‍ ചെയ്തത്.
ദി വയര്‍ എന്ന മാധ്യമ സ്ഥാപനം യു.പിയിലെ കോവിഡ് പ്രതിരോധത്തിലെ വീഴ്ച റിപ്പോര്‍ട്ട് ചെയ്തതിന് 4 കേസാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ന്യൂസ് ലോണ്‍ഡ്രി എന്ന സ്ഥാപനത്തിലും രണ്ട് തവണ പരിശോധന നടത്തുകയുണ്ടായി. കോവിഡ് പ്രവര്‍ത്തനങ്ങളിലെ വീഴ്ച റിപ്പോര്‍ട്ട് ചെയ്തതിനാണ് ദൈനിക് ഭാസ്കര്‍ ഗ്രൂപ്പിന്റെ അഞ്ച് ഇടങ്ങളിലെ 30 സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്. നികുതിവെട്ടിപ്പെന്നായിരുന്നു ആരോപണം. കോവിഡ് പ്രതിരോധത്തിന്റെ വീഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് യു.പിയിലെ പ്രധാന വാര്‍ത്താ ചാനലായ ഭാരത് സമാചാറിന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയത്. പുല്‍വാമ വെടിവെപ്പുമായി ബന്ധപ്പെട്ട് വാര്‍ത്ത നല്‍കിയതിനും റെയ്ഡ് നടത്തുന്ന സ്ഥിതിയുണ്ടായി. ന്യൂസ് ക്ലിക്കിന് നേരെ കള്ളപ്പണം വെളുപ്പിച്ചുവെന്നാരോപിച്ച് ഇ.ഡി പരിശോധന നടത്തുകയായിരുന്നു. നരേന്ദ്ര മോദി ഏറ്റെടുത്ത ഡോമാരി ഗ്രാമത്തിലെ ഭക്ഷ്യക്ഷാമം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് ദിസ്കോള്‍ പത്രത്തിനെതിരായി കേസെടുത്തത്. ഇങ്ങനെ സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാട്ടിക്കഴിഞ്ഞാല്‍ മാധ്യമങ്ങൾക്കെതിരായി നടപടി സ്വീകരിച്ച് മാധ്യമ രംഗത്തെ നിശബ്ദമാക്കുകയെന്ന നിലപാടാണ് മോദി സർക്കാർ സ്വീകരിക്കുന്നത്.
മാധ്യമങ്ങളെ ഇത്തരത്തില്‍ നിശബ്ദമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒരു ഭാഗത്ത് സംഘടിപ്പിക്കുമ്പോള്‍ തന്നെ കോര്‍പ്പറേറ്റ് മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി സ്തുതിപാടുകയെന്ന നിലപാടും മോദി സർക്കാർ സ്വീകരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് ആനുകൂല്യങ്ങള്‍ വാരി വിതറുന്നതാണ്. അതേസമയം പാവപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്നതുമാണ്. ഇങ്ങനെ കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായി നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിനെ സംരക്ഷിക്കാന്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കൈമെയ് മറന്ന് രംഗത്തിറങ്ങുകയും ചെയ്യുകയാണ്. ഒരു ഭാഗത്ത് മാധ്യമങ്ങളെ കൂടെ നിര്‍ത്തുകയും, മറുഭാഗത്ത് മാധ്യമങ്ങളെ നിശബ്ദമാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലാണ് മോദി സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇതെല്ലാം മറികടന്ന് പ്രവര്‍ത്തിക്കുന്ന പത്ര പ്രവര്‍ത്തകരുടെ ജീവന്‍ തന്നെ അപകടത്തിലാവുന്നു വെന്നതിന്റെ തെളിവാണ് ഗൗരി ലങ്കേഷിനെപ്പോലുള്ള പത്ര പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ഹിന്ദുത്വ ശക്തികളുടെ നിലപാട്.
കേരളത്തിലെ മാധ്യമ രംഗം പരിശോധിച്ചാല്‍ പാര്‍ട്ടിക്കും, സംസ്ഥാന സര്‍ക്കാരിനുമെതിരെ രംഗത്തിറങ്ങുകയെന്ന പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തുടര്‍ഭരണം വന്ന ശേഷം ഈ പ്രവണത കേരളത്തില്‍ കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണ്. ഈ ജനവിധി അംഗീകരിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഇക്കാര്യത്തില്‍ യു.ഡി.എഫും, ബി.ജെ.പിയും, മാധ്യമങ്ങളും ഇപ്പോള്‍ ഒന്നായി നിന്ന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരാണെങ്കിലും അതിനെ തങ്ങള്‍ താഴയിറക്കും എന്ന പിടിവാശിയിലാണിവര്‍. ജനാധിപത്യത്തെ അട്ടിമറിക്കാനാണ് മുക്കൂട്ട് മുന്നണി ഇപ്പോള്‍ ശ്രമിച്ചുവരുന്നത്.
കേരളത്തിനുള്ള കേന്ദ്ര ധനസഹായം വെട്ടിക്കുറച്ചതിനെ ന്യായീകരിച്ചും സാധാരണ ജനങ്ങളുടെ സാമ്പത്തിക ജീവിതത്തിന് താങ്ങായി നില്‍ക്കുന്ന സഹകരണ മേഖലയെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയും മറ്റും ഈ മുക്കൂട്ട് മുന്നണി നടത്തുന്ന നീക്കം ഇപ്പോള്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി മാറിയിരിക്കുകയാണ്. സി.പി.ഐ എം വിരോധം സര്‍ക്കാര്‍ വിരോധമായും, അത് കേരള വിരോധമായും മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ തെളിയുന്നത്. ഇത്തരമൊരു കേരള വിരുദ്ധത സൃഷ്ടിക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുകയാണ് സംസ്ഥാനത്തിലെ ഭൂരിപക്ഷം മാധ്യമങ്ങളും. രാജ്യത്തെ എല്ലാ തിന്മകളുടേയും കേന്ദ്രമായാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ കേരളത്തെ ചിത്രീകരിക്കുന്നത്. സംസ്ഥാനത്ത് ജീവിക്കുന്നത് തന്നെ അപകടകരമാണെന്ന പ്രതീതി സൃഷ്ടിച്ച് കേരളത്തിന്റെ നേട്ടങ്ങളെ തമസ്കരിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ബദല്‍ നയങ്ങളുയര്‍ത്തി രാജ്യത്തിന് മാതൃകയായി നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിനെ ഇകഴ്ത്തിക്കാണിക്കുന്നതിലൂടെ ബദല്‍ നയങ്ങളുയര്‍ത്തി രാജ്യത്താകമാനം ഇടതുപക്ഷം നടത്തുന്ന പ്രചരണങ്ങളെ ദുര്‍ബലപ്പെടുത്തുകയെന്ന ലക്ഷ്യം കൂടി ഇതിനു പിന്നിലുണ്ട്.
രാഷ്ട്രീയ ഭിന്നതകളുടെ അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ കൊടുക്കുകയെന്നതല്ല മറിച്ച് തെറ്റായ വാര്‍ത്തകള്‍ സ്വയം സൃഷ്ടിച്ച് സര്‍ക്കാരിനെ ഇകഴ്ത്തുകയെന്ന രീതിയാണ് സ്വീകരിക്കുന്നത്. ആരോഗ്യ വകുപ്പിനെതിരായി ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വാര്‍ത്ത ഇതിനുദാഹരണമാണ്. ഈ ചാനല്‍ റീലോഞ്ച് ചെയ്ത ശേഷം ഇത് മൂന്നാമത്തെ വാര്‍ത്തയാണ് ആരോഗ്യ മന്ത്രാലയത്തിനെതിരെ വരുന്നത്. ആദ്യം ഹൃദ്യം പദ്ധതിക്കെതിരെയാണ് രംഗത്ത് വന്നതെങ്കില്‍ പിന്നീട് നിപ വേളയില്‍ മന്ത്രിയെ മാറ്റുകയാണെന്ന കള്ളവാര്‍ത്തയുമായി രംഗത്ത് വന്നു. ഇപ്പോഴാകട്ടെ ആയുഷില്‍ ഹോമിയോ ഡോക്ടറെ താല്‍ക്കാലിക നിയമനത്തിന് 1.75 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നാണ് ആരോപണം. കോണ്‍ഗ്രസുമായി അടുത്ത് ബന്ധമുള്ള മലപ്പുറത്തെ ഒരു റിട്ടയേര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍ അധ്യാപകനാണ് അഴിമതി ആരോപണം ഉന്നയിച്ചത്. ഈ ആരോപണം ഉന്നയിച്ച ആളുടെ വിശ്വാസ്യതയോ ആരോപണത്തിന്റെ നിജസ്ഥിതിയോ തരിമ്പും പരിശോധിക്കാതെ ബ്രേക്കിങ് ന്യൂസ് നല്‍കി. മറ്റ് ചാനലുകളും പത്രങ്ങളും ഇത് ഏറ്റു പിടിച്ചു. ആരോഗ്യ മന്ത്രിയുടെ പ്രതികരണം പോലും ചോദിക്കാതെയാണ് വാര്‍ത്ത പുറത്തുവിട്ടത്. വാര്‍ത്ത പുറത്തുവിടുന്നതിനു മുമ്പ് മന്ത്രിയോട് പ്രതികരണമാരാഞ്ഞാല്‍ വാര്‍ത്ത നല്‍കി പിണറായി സര്‍ക്കാരിനെ ഞെട്ടിക്കാനുള്ള അവസരം നഷ്ടപ്പെടുമോ എന്ന ഭയത്താലായിരിക്കണം ചാനലും, മറ്റ് മാധ്യമങ്ങളും ഉന്നതമായ മാധ്യമ ധര്‍മത്തിന് അവധികൊടുത്തത്. സത്യാനന്തരകാലത്തെ മാധ്യമ പ്രവര്‍ത്തനത്തിന് ഏറ്റവും നല്ല ഉദാഹരണമായി ഈ വാര്‍ത്ത മാറിയെന്നതാണ് സത്യം. വസ്തുതകളോ, അറിവോ, യുക്തിയോ അല്ല മറിച്ച് വ്യക്തിയധിഷ്ഠിതവും, വൈകാരികവും വ്യക്തിനിഷ്ഠവുമാണ് സത്യാനന്തരകാലത്തിന്റെ സവിശേഷത. അതെല്ലാം തന്നെ ഈ വാര്‍ത്തയിലും കാണാം.
പുറത്തുവന്ന ദിവസം തന്നെ വാര്‍ത്ത വ്യാജമാണെന്നതിന് ഒന്നലധികം സൂചനകള്‍ ലഭിച്ചിരുന്നു. കൈക്കൂലി വാങ്ങിയെന്ന് പരാതിക്കാരന്‍ ആരോപിക്കുന്ന മന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് മന്ത്രി ബന്ധുവാണെന്ന ആരോപണം തെറ്റാണെന്ന് മന്ത്രി തന്നെ വെളിപ്പെടുത്തി. മാത്രമല്ല ആയുഷില്‍ നിന്നുള്ള ഉത്തരവ് വന്നത് വ്യാജ ഇ മെയിലില്‍ നിന്നാണെന്ന് വ്യക്തമാക്കപ്പെട്ടു. തൊട്ടടുത്ത ദിവസംതന്നെ പരാതിക്കാരന്‍ ഒരു ലക്ഷം രൂപ കൈമാറിയെന്ന് പറഞ്ഞ ദിവസം അതേസമയത്ത് മന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് പത്തനംതിട്ടയിലെ മൈലപ്രയില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നു. സെക്രട്ടറിയേറ്റിലും പരിസരത്തുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴും പണം കൈമാറുന്ന ദൃശ്യം കണ്ടെടുക്കാനായില്ല. ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അഴിമതിയുടെ നിഴലില്‍ നിര്‍ത്താന്‍ വാര്‍ത്ത പുറത്തുവിട്ട ചാനലിലെ പ്രവര്‍ത്തകര്‍ തന്നെ ഗൂഢാലോചനയില്‍ പങ്കാളിയായി എന്ന വാര്‍ത്തയും പുറത്തുവന്നു. ഇത്തരം നാടകങ്ങള്‍ സൃഷ്ടിച്ചവര്‍ ഇപ്പോള്‍ ഒന്നും അറിയാത്തവരായി വേഷം കെട്ടുന്നത് കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അശ്ലീലമായി ഇന്ന് മാറിയിരിക്കുകയാണ്.
മാധ്യമങ്ങളുടെ ഇത്തരം നാടകങ്ങള്‍ക്കൊപ്പം അതിന്റെ ചുവട് പിടിച്ചുകൊണ്ട് സംഘപരിവാറുകാരും രംഗത്ത് വന്നിരിക്കുകയാണ്. സംസ്ഥാനത്ത് ഇസ്ലാമിക ഭീകരത കൊടികുത്തി വാഴുന്നുവെന്ന കള്ളപ്രചാര വേലയാണല്ലോ സംഘപരിവാര്‍ നടത്തുന്നത്. അതിന് തക്കതായ സംഭവങ്ങളൊന്നും ലഭിക്കാതായപ്പോഴാണ് കൊല്ലം കടയ്ക്കലില്‍ ഒരു സൈനികനും, സുഹൃത്തും ചേര്‍ന്ന് ഒരുക്കിയ ചാപ്പകുത്ത് സംഭവം രൂപപ്പെടുത്തിയത്. ഈ സംഭവം സൃഷ്ടിക്കപ്പെട്ടതാണെന്ന് വ്യക്തമാക്കപ്പെട്ടു. സംസ്ഥാനത്ത് വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്ടിച്ച് നേട്ടം കൊയ്യാനാകുമോയെന്ന സംഘപരിവാര്‍ അജൻഡയായിരുന്നു ഇതിന് പിന്നിലുള്ളത്. എന്നാല്‍ നമ്മുടെ നാടിന്റെ സാമൂഹ്യ ജീവിതത്തെ തകര്‍ക്കാനുള്ള ഇതിനെ അപലപിക്കാന്‍ പോലും മാധ്യമങ്ങളും, വലതുപക്ഷ രാഷ്ട്രീയക്കാരും രംഗത്തിറങ്ങിയില്ലെന്ന് കാണാം.
സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ വലതുപക്ഷവും, മാധ്യമങ്ങളും കൈകോര്‍ക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് സഹകരണ പ്രസ്ഥാനത്തിനോട് ഇവര്‍ സ്വീകരിക്കുന്ന സമീപനം. കോര്‍പറേറ്റുകള്‍ക്ക് വേണ്ടി അമിത്ഷായും കുട്ടരുമാണ് സഹകരണ മേഖലയ്ക്ക് നേരേ ഇഡിയെ കയറൂരി വിട്ടിട്ടുള്ളത്. അവര്‍ നടത്തുന്ന അന്വേഷണത്തിന്റെ‘മികവ്’ ബോധ്യപ്പെടുത്തുന്നതാണ് കോടതിയില്‍ ഇഡി നല്‍കിയ കള്ള റിപ്പോര്‍ട്ട്. കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായ പി.ആര്‍ അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടില്‍ 63 ലക്ഷം രൂപയുണ്ടെന്ന് പറഞ്ഞ് കോടതിയില്‍ ഹാജരാക്കിയ അക്കൗണ്ട് മറ്റൊരു സ്ത്രീയുടേതാണെന്ന വാര്‍ത്ത പുറത്തുവന്നു. സി.പി.ഐ എമ്മിനെതിരെ തെളിവുകള്‍ നിര്‍മിക്കാനുള്ള തിടുക്കത്തിലാണ് കോടതിയെ കബളിപ്പിക്കുന്ന ഈ അക്കൗണ്ട് വിവരം സമര്‍പ്പിക്കപ്പെട്ടത്. ഈ വാര്‍ത്ത കേരളത്തിലെ മാധ്യമങ്ങള്‍ തമസ്ക്കരിച്ചത് അവര്‍ ആര്‍ക്കൊപ്പമാണ് നിലകൊള്ളുന്നത് എന്ന് വ്യക്തമാക്കുന്നു. വ്യാജവാര്‍ത്ത നിര്‍മിക്കുന്ന മാധ്യമങ്ങൾക്കും വ്യാജറിപ്പോര്‍ട്ട് കോടതിയില്‍ നല്‍കുന്ന ഇ ഡിക്കും സിപിഐ എമ്മിനെ തകര്‍ക്കുക എന്ന ഒരേ ലക്ഷ്യമാണ് ഉള്ളത്. സിപിഐ എമ്മിനെതിരെ, പിണറായി സര്‍ക്കാരിനെതിരെ പൊതുബോധം നിര്‍മിക്കുന്നതിലാണ് സംസ്ഥാനത്തിലെ വലതുപക്ഷവും, മാധ്യമങ്ങളും, കേന്ദ്ര അന്വേഷണ ഏജന്‍സികളും ഏര്‍പ്പെട്ടിരിക്കുന്നത്.
കേരളത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധത്തിലാണ് യുഡിഎഫും ബിജെപിയും മാധ്യമങ്ങളും യോജിച്ചു നിന്ന് കള്ളക്കഥകളുടെ പരമ്പര സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തില്‍ ഈ രംഗത്ത് ശരിയായ പ്രതിരോധമുയര്‍ത്തുകയെന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. അതിനായി മൂന്ന് ഉത്തരവാദിത്വങ്ങള്‍ സിപിഐ എമ്മിന് ഏറ്റെടുക്കാനുണ്ട്. ഒന്നാമതായി വലതുപക്ഷ മാധ്യമങ്ങളുടെ ഈ നിലപാടുകളെ ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടി ശരിയായ മാധ്യമ സാക്ഷരത വികസിപ്പിച്ചെടുക്കുക. രണ്ടാമതായി ബദല്‍ മാധ്യമങ്ങളെ വികസിപ്പിക്കുന്നതിനുള്ള ശക്തമായ ഇടപെടല്‍ നടത്തുക. മൂന്നാമതായി ബദല്‍ മാധ്യമങ്ങളെ ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക. തെറ്റായ പ്രചരണങ്ങളിലൂടെ ജനങ്ങളുടെ മനസ്സില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരായ ചിന്തകള്‍ വളര്‍ത്തിയെടുക്കുകയെന്നത് ലോകസഭാ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യംവെച്ചുകൊണ്ടുള്ളതാണ്. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായി രാജ്യത്ത് പൊരുതുന്ന ഇടതുപക്ഷത്തിന്റെ സാന്നിധ്യം പാര്‍ലമെന്റില്‍ ഇല്ലാതാക്കുകയെന്ന കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്കായുള്ള മണ്ണൊരുക്കുന്ന ഈ നിലപാടുകളെ തുറന്നുകാട്ടി മുന്നോട്ടുപോകാനാവണം. വര്‍ത്തമാനകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇത് പ്രധാനമായിത്തീര്‍ന്നിരിക്കുകയാണ്. ♦