സെപ്റ്റംബർ 28ന് ഇറക്കിയ ഉത്തരവിൽ നഗോർണോ കാരബാക്ക് റിപ്പബ്ലിക് ഔദ്യോഗികമായി പിരിച്ചുവിടുന്നു എന്ന് പ്രസിഡണ്ടായ സാംവേൽ ഷഹ്‌റാമന്യൻ പ്രഖ്യാപിച്ചു. റിപ്പബ്ലിക്കിന്റെ എല്ലാ ഭരണകൂട സ്ഥാപനങ്ങളും അതിന്റെ ശാഖകളും പടിപടിയായി 2024 ജനുവരി ഒന്നൊടുകൂടി പൂർണമായും ഇല്ലാതാക്കുമെന്നും പ്രസിഡൻറ്തന്നെ ഉത്തരവിട്ടു.
സോവിയറ്റ് യൂണിയന്റെ അവസാനകാലത്ത് 1988 ൽ അന്താരാഷ്ട്രതലത്തിൽ അസർബൈജാന്റെ പ്രദേശം എന്ന് അംഗീകരിക്കപ്പെട്ടിരുന്ന, എന്നാൽ വംശീയമായി അർമേനിയെൻ ജനതയ്‌ക്ക് ഭൂരിപക്ഷമുള്ള പ്രദേശം, ആർമേനിയന്‍ സായുധസേനയുടെ പിന്തുണയോടുകൂടി സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും തുടർന്ന് നഗോർണോ കാരബാക്ക് റിപ്പബ്ലിക് അഥവാ ആർസാക് (Artsakh) എന്ന് അറിയപ്പെടുകയും ചെയ്തു. അങ്ങനെ 1988 മുതൽ കോക്കസസ് (Caucasus) മേഖലയിൽ പുതിയൊരു റിപ്പബ്ലിക് എന്ന നിലയിൽ നഗോർണോ കാരബാക്ക് നിലകൊണ്ടു. പിന്നീടുള്ള വർഷങ്ങളിൽ പലതവണ ഈ പറയുന്ന പ്രദേശത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനായി അസർബൈജാൻ ശ്രമം നടത്തുകയുണ്ടായി. 1988 ൽതന്നെ നടത്തിയ സായുധ ഇടപെടൽ നീണ്ട യുദ്ധത്തിലേക്ക് നയിക്കുകയും 1994 വരെ നീളുകയും ഒടുവിൽ യാതൊരു നേട്ടവും കൈവരിക്കാനാകാതെ അവസാനിപ്പിക്കേണ്ടി വരികയും ചെയ്തു. ഒടുവിൽ 2000ത്തിൽ നടത്തിയ മറ്റൊരു പ്രധാന ശ്രമത്തിൽ അസർബൈജാന് ചില പ്രദേശങ്ങൾ തിരിച്ചുപിടിക്കുവാൻ സാധിച്ചു. എങ്കിലും നഗോർണോ കാരബാക്ക് എന്ന റിപ്പബ്ലിക് അങ്ങനെതന്നെ നിലനിന്നു. റഷ്യയുടെ നേതൃത്വത്തിൽ നടത്തിയ മധ്യസ്ഥ ചർച്ചയുടെ ഭാഗമായി വെടിനിർത്തൽ നടപ്പാക്കേണ്ടി വന്നതിനെതുടർന്ന് അസർബൈജാൻ ആ ശ്രമത്തിൽ നിന്നും താൽക്കാലികമായി പിൻവലിഞ്ഞു. ഒടുവിൽ രണ്ടാഴ്ച മുൻപ് നടത്തിയ സൈനിക ഇടപെടലിലൂടെ അസർബൈജാൻ ഈ പ്രദേശത്തിന്റെ നിയന്ത്രണം പൂർണമായി പിടിച്ചെടുത്തു. അതിനെ തുടർന്നാണ് പ്രസിഡണ്ടായ സാംവേൽ ഷഹ്‌റാമന്യന് തന്റെ റിപ്പബ്ലിക് പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിടേണ്ടിവന്നത്.
ഇതിനിടയിൽ കൊടുംപീഡനങ്ങളും വംശീയ ശുദ്ധീകരണവും (ethnic cleansing) ഭയന്ന് ആയിരക്കണക്കിന് ആർമേനിയെൻ ജനവിഭാഗങ്ങൾ ലാച്ചിൻ ഇടനാഴിവഴി അർമേനിയയിലേക്ക് പലായനം ചെയ്യുകയും അവിടെ അഭയം പ്രാപിക്കുകയും ചെയ്തു കഴിഞ്ഞു. അർമേനിയൻ ഭരണാധികാരികളുടെ കണക്കനുസരിച്ച്, സെപ്റ്റംബർ 28ന് റിപ്പബ്ലിക് പിരിച്ചുവിട്ടുകൊണ്ടുള്ള പ്രസിഡന്റിന്റെ ഉത്തരവ് പ്രഖ്യാപിക്കപ്പെട്ട അന്ന് പുലർച്ചതന്നെ അർമേനിയിലെത്തിയത് 65,000 പേരാണ്. മൊത്തം 150000 ആണ് നഗോർണോ കാരബാക്കിലെ ജനസംഖ്യ. അതിൽ ഏതാണ്ട് 120000 ത്തോളം പേരും വംശീയമായി അർമേനിയെൻ വിഭാഗത്തിൽ പെടുന്നവരാണ്.
നഗോർണോ കാരബാക്ക് സംഭവത്തിന് പിന്നിലുള്ള ഭൗമരാഷ്ട്രീയ പശ്ചാത്തലം സ്വാഭാവികമായും അമേരിക്കയും യൂറോപ്യൻ യൂണിയനും അടങ്ങുന്ന പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളും റഷ്യയും തമ്മിൽ നടന്നുവരുന്ന നിരന്തരമായ ഏറ്റുമുട്ടൽ തന്നെയാണ്. തെക്കൻ കോക്കസസ് മേഖലയിൽ അമേരിക്കയ്ക്ക് നല്ല രീതിയിൽ പിടിപാട് ഉണ്ടാക്കുവാൻ ഈ സംഭവം അവസരമൊരുക്കിയിരിക്കുന്നു. അത് റഷ്യയെ സംബന്ധിച്ചിടത്തോളം തന്ത്രപരമായി നിർണായകമായ പ്രദേശമാണ്. അസർബൈജാൻ നഗോർണോ കാരബാക്കിൽ നടത്തിയ സൈനിക ഇടപെടലിനെ തടയുവാൻ സാധിക്കാത്തത് റഷ്യൻ സമാധാന പരിപാലന ശക്തികളുടെ തോൽവിയാണെന്നും അതുകൊണ്ടുതന്നെ കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷനിലെ (CSTO) അർമേനിയയുടെ അംഗത്വത്തെകുറിച്ച് പുനരാലോചന നടത്തുമെന്നും അർമേനിയൻ പ്രധാനമന്ത്രി പാഷിന്യാൻ ഈ സംഭവത്തെ തുടർന്ന് പറയുകയുണ്ടായി.
2002ൽ രൂപംകൊണ്ട കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷൻ മുൻ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങളായ റഷ്യ, അർമേനിയ, ബലാറസ്, കസാഖിസ്ഥാൻ, കിർഗിസ്ഥാൻ, താജികിസ്താൻ എന്നീ 6 രാജ്യങ്ങളുടെ കൂട്ടായ്മയാണ്. ഉക്രൈൻ യുദ്ധത്തിൽ അമിതമായി ശ്രദ്ധിക്കുന്നതുമൂലം സിഎസ്ടിഒ മുന്നോട്ട് വെച്ചിട്ടുള്ള സമാധാന സുരക്ഷാ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ റഷ്യയ്ക്ക് ബലക്ഷയം ഉണ്ടായി എന്ന് ഏറെക്കാലമായി അർമേനിയൻ പ്രധാനമന്ത്രി അഭിപ്രായപ്പെടുന്നു. പലകാര്യങ്ങളിലും അമേരിക്കയോടും യൂറോപ്യൻ യൂണിയൻ നേതൃത്വത്തോടും അനുഭാവം പുലർത്തിക്കൊണ്ട് അവയെ പ്രേരിപ്പിക്കുന്ന തരത്തിൽ അർമേനിയൻ പ്രധാനമന്ത്രി ഇടപെടുന്നു എന്ന് റഷ്യ മുന്നേതന്നെ ആരോപണമുന്നയിച്ചിട്ടുള്ളതാണ്. നിലവിൽ നഗോർണോ കാരബാക്ക് സംബന്ധിച് അസർബൈജാനുമായി സമാധാന ചർച്ചകൾ നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ബ്രസിൽസിലും മറ്റു യൂറോപ്യൻ നഗരങ്ങളിലും സമാന്തര സമാധാന ചർച്ചകളിൽ പങ്കെടുത്തുകൊണ്ട് മേഖലയിലേക്ക് പാശ്ചാത്യ അധികാര ശക്തികളെ കടന്നുകയറാനുള്ള അവസരം ഒരുക്കുകയാണ് അർമേനിയൻ ഗവൺമെൻറ് എന്ന് റഷ്യ ആരോപണമുന്നയിക്കുന്നു. ഈ അടത്തകാലത്ത് അമേരിക്കയുമായി ചേർന്ന് അർമേനിയ സംയുക്ത സൈനിക പരീക്ഷണം നടത്തുകയുമുണ്ടായി. ഈ വിഷയത്തിൽ യൂറോപ്യൻ യൂണിയനെയും അമേരിക്കയെയും ഇടപെടുത്തിക്കൊണ്ട് കേവലമായ നേട്ടത്തിനുവേണ്ടി അർമേനിയ നടത്തുന്ന ഇടപെടലും ഒരു ജനതയ്ക്ക് മേൽ അവരുടെ അഭിലാഷങ്ങൾ പരിഗണിക്കാതെ അസർബൈജാൻ നടത്തുന്ന ഇടപെടലും മേഖലയെ വിനാശകരമായ പ്രതിസന്ധിയിലേക്ക് നയിക്കും എന്ന് ഉറപ്പാണ്. എന്തുതന്നെയായാലും വിട്ടുകൊടുക്കുവാൻ റഷ്യയും തയ്യാറല്ല. പ്രദേശത്തെ റഷ്യയുടെ സാന്നിധ്യം ഉറപ്പിച്ചു നിർത്തുവാൻ തന്നെയാണ് റഷ്യയുടെ തീരുമാനം എന്ന് വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിന്റെ വാക്കുകൾ വ്യക്തമാക്കുന്നു, “ഈ പ്രദേശത്തെ റഷ്യയുടെ താൽപര്യങ്ങൾ പൂർണമായും വിട്ടുകളയണം എന്ന് പറയുന്നത് തന്നെ ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഭൗമരാഷ്ട്രീയപരമായും അസാധ്യമായ കാര്യമാണ്”. ♦