Wednesday, October 9, 2024

ad

Homeകവര്‍സ്റ്റോറിസഹകരണമേഖലയിലെ ഇ ഡി നീക്കങ്ങള്‍ സാമ്പത്തിക സുരക്ഷയും 
ഫെഡറലിസവും തകര്‍ക്കുന്നു

സഹകരണമേഖലയിലെ ഇ ഡി നീക്കങ്ങള്‍ സാമ്പത്തിക സുരക്ഷയും 
ഫെഡറലിസവും തകര്‍ക്കുന്നു

വി എന്‍ വാസവന്‍

കേരളത്തിന്റെ സമ്പദ്ഘടനയില്‍ നിര്‍ണ്ണായക സ്വാധീനമാണ് സഹകരണ സംഘങ്ങള്‍ക്കുള്ളത്.സംസ്ഥാനത്തെ ബാങ്കിംഗ് പ്രവര്‍ത്തനത്തിന്റെ 40 ശതമാനത്തിലേറെ സഹകരണ ബാങ്കുകളാണ് കൈകാര്യം ചെയ്യുന്നത്. കേരളത്തില്‍ സഹകരണ പ്രസ്ഥാനം കടന്നുചെല്ലാത്ത മേഖലകള്‍ കുറവാണ്. ഐ ടി, ആരോഗ്യം, വിദ്യാഭ്യാസം, ഉല്‍പ്പാദനം തുടങ്ങി സാധാരണക്കാര്‍ക്ക് ഗുണകരമായ എല്ലാമേഖലകളിലും പ്രവര്‍ത്തനം നടത്തുന്നു.

ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ അത്താണിയായി പ്രവര്‍ത്തിക്കുന്ന സഹകരണ മേഖലയിലെ നിക്ഷേപം 2.5 ലക്ഷം കോടി രൂപയാണ്. 1.86 ലക്ഷം കോടി രൂപ വായ്പ കൈകാര്യം ചെയ്യുന്ന സഹകരണമേഖലയുടെ പ്രവര്‍ത്തനങ്ങള്‍ കേരളം മുന്നോട്ടുവയ്ക്കുന്ന വികസന മാതൃകയില്‍ വളരെ പ്രധാനപ്പെട്ടതാണ്. കേരളത്തില്‍ നിന്ന് ലോകത്തിനുതന്നെ മാതൃകയായി, ലോക റാങ്കിങ്ങില്‍ വന്‍കിട സഹകരണ സംഘങ്ങളെ മറികടന്ന് ഒന്നാം സ്ഥാനത്തേയ്ക്ക് എത്തിയ സഹകരണ സംഘങ്ങളും സംസ്ഥാനത്തുണ്ടെന്ന കാര്യവും നിലവിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ നമ്മുടെ ഓര്‍മ്മയില്‍ ഉണ്ടാവണം.

കേന്ദ്ര ലക്ഷ്യം 
സഹകരണരംഗത്തെ 
തകര്‍ക്കുക
സുതാര്യവും ജനാധിപത്യപരവുമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സഹകരണ സംഘങ്ങളെ തകര്‍ക്കുന്നതിനുള്ള ശ്രമങ്ങളാണ് നിര്‍ഭാഗ്യവശാല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയോടെ ഇ ഡി നടത്തുന്ന പരിശോധനകള്‍ അതിന്റെ ഏറ്റവും പുതിയ നീക്കമാണ്. സഹകരണ മേഖലയിലാകെ കള്ളപ്പണം എന്ന തെറ്റായ സന്ദേശം നല്‍കി ഈ മേഖല പടുത്തുയര്‍ത്തിയ വിശ്വാസ്യതയെ തകര്‍ക്കുകയാണ് ലക്ഷ്യം. ഇന്ത്യന്‍ സഹകരണമേഖലയില്‍ ഏറ്റവും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സുശക്തമായ സംവിധാനമാണ് കേരളത്തിലെ പ്രാഥമിക വായ്പാ സംഘങ്ങളുടേത്. ശക്തമായ ഭരണസമിതിയും, കാര്യക്ഷമമായ ഉദ്യോഗസ്ഥവൃന്ദവുമാണ് നമ്മുടെ സഹകരണ പ്രസ്ഥാനത്തിന്റെ അടിസ്ഥാന ശക്തി. രാഷ്ട്രീയ ലക്ഷ്യത്തോടെ ചില നിക്ഷിപ്ത താത്പര്യക്കാര്‍ നടത്തുന്ന കുപ്രചരണമാണ് ഇപ്പോള്‍ രാജ്യത്തെ നീതിന്യായ വ്യസ്ഥയുടെ ഭാഗമായി നില്‍ക്കേണ്ട ഇ ഡി ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണമുണ്ട് എന്ന് നോട്ടു നിരോധനകാലത്ത് ഉയര്‍ന്നുവന്ന ആരോപണങ്ങളെല്ലാം അന്നുതന്നെ ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റ് അടക്കം വിശദമായ പരിശോധന നടത്തി ഒരു പ്രശ്നവും ഇല്ലെന്ന് കണ്ടത്തിയതാണ്.

സാധാരണക്കാരില്‍ സാധാരണക്കാരുടെ അത്താണിയായ സഹകരണബാങ്കുകളെ തകര്‍ക്കുക എന്ന തങ്ങളുടെ ലക്ഷ്യം അന്ന് നേടാതെ പോയവര്‍ ഇപ്പോള്‍ കരുവന്നൂരില്‍ നടന്ന കേസിനെ തുടര്‍ന്ന് നടത്തുന്ന പ്രചരണവും , അതിനു പിന്നാലെയുള്ള പരിശോധനകളും സഹകരണ പ്രസ്ഥാനത്തോടുള്ള വെല്ലുവിളിയാണ്. സഹകരണബാങ്കുകളെ തകര്‍ക്കുന്ന നീക്കങ്ങള്‍ സാധാരണ ജനങ്ങളുടെ ജീവിത സ്വപ്നങ്ങള്‍ കൂടിയാണ് ഇല്ലാതാക്കുന്നത്. സംസ്ഥാനത്തിന്റെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണിത്.

സഹകരണ മേഖലയില്‍ ഏതെങ്കിലും തരത്തിലുള്ള അനഭിലഷണീയമായ പ്രവര്‍ത്തനങ്ങളുണ്ടെങ്കില്‍ അതിനെതിരായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ആരും എതിര് പറയുകയില്ല. അത്തരത്തിൽ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചത് കേരളത്തിലെ സഹകരണവകുപ്പ് തന്നെയാണ്. അതിന്റെ തെളിവുകള്‍ ഏവര്‍ക്കും ലഭ്യവുമാണ്. തെറ്റായ നടപടികള്‍ നടന്നതിന്റെ മറവില്‍ സഹകരണ മേഖലയിലാകെ കുഴപ്പമാണെന്ന് പ്രതീതി വരുത്തുന്നത് നല്ല പ്രവണതയല്ല. അത് തിരുത്തപ്പെടേണ്ട ഒന്നാണ്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരും ഇഡിയും നടത്തുന്ന നീക്കങ്ങള്‍ സഹകരണ മേഖലയിലെ നിക്ഷേപകരിലും അതിന്റെ ഇടപാടുകാരിലും ഭീതി വളര്‍ത്താനേ സഹായകമാകൂ.

കേരളത്തിലെ സഹകരണ 
നിക്ഷേപങ്ങള്‍ സുരക്ഷിതം
കേരളത്തിലെ സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിച്ചവരെ സംബന്ധിച്ചിടത്തോളം ഭയാശങ്കകള്‍ക്ക് അടിസ്ഥാനമില്ല എന്നതാണ് വാസ്തവം. നമ്മുടെ സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് എന്നും സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പുണ്ട്. സഹകരണ ബാങ്കുകളിലെ ഒരാളിന്റേയും നിക്ഷേപം ഒരു കാരണവശാലും നഷ്ടമാകില്ല. എല്ലാ സംഘങ്ങളും എപ്പോഴും നിക്ഷേപം തിരികെ നല്‍കാന്‍ കഴിയുന്ന തരത്തില്‍ ആവശ്യമായ ലിക്വിഡിറ്റി ഉറപ്പാക്കുന്നു. എന്നു മാത്രമല്ല സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് നിക്ഷേപ ഗ്യാരണ്ടി ബോര്‍ഡുണ്ട്. ഇതിനു പുറമേ സഹകരണ പുനരുദ്ധാരണ നിധി സഹകരണ വകുപ്പ് ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ നിക്ഷേപങ്ങള്‍ക്ക് ഏറ്റവും വലിയ പരിരക്ഷ നല്‍കുന്ന സംസ്ഥാനമാണ് കേരളം.

സഹകരണമേഖലയുടെ 
സാമൂഹിക ഇടപെടലുകള്‍
കേരളത്തിലെ സഹകരണ മേഖല ബാങ്കിങ്ങ് ബിസിനസിനപ്പുറം സാമൂഹിക പ്രതിബദ്ധതയോടെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവയാണ്. പ്രളയാനന്തര കേരളത്തിന്റെ പുനര്‍സൃഷ്ടിയില്‍ കെയര്‍ഹോം ഭാഗമായി 2091 വീടുകളാണ് നിര്‍മ്മിച്ചു നല്‍കിയത്. മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. ജില്ലകള്‍ തോറും ഫ്ളാറ്റ് സമുച്ചയം പദ്ധതി പ്രകാരം തൃശ്ശൂര്‍ ജില്ലയില്‍ 40 വീടുകള്‍ അടങ്ങുന്ന ഫ്ളാറ്റുകള്‍ പണിതു. കോവിഡ് കാലത്ത് സഹകരണ മേഖല നല്‍കിയ കൈത്താങ്ങ് കേരളത്തിലെ ജനങ്ങള്‍ അനുഭവിച്ചറിഞ്ഞതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏറ്റവും അധികം സംഭാവന എത്തിയത് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തില്‍ നിന്നായിരുന്നു. കുറഞ്ഞ വിലയ്ക്ക് മരുന്നുകളും മെഡിക്കല്‍ ടെസ്റ്റുകളും പരിശോധന ഉപകരണങ്ങളും എത്തിച്ച സഹകരണ മേഖലയുടെ നന്മ അനുഭവിച്ചറിഞ്ഞ സമൂഹമാണ് നമ്മുടേത്. ഇന്ത്യയിലെ ഏത് ബാങ്കിങ്ങ് മേഖലയിലുണ്ട് ഇത്തരത്തിലുള്ള ഇടപെടല്‍?

പെന്‍ഷന്‍ വിതരണം മുതല്‍ മരുന്ന് വിതരണം വരെ
ഇന്ത്യ അംഗീകരിച്ച മാതൃകയായ ക്ഷേമപെന്‍ഷന്‍ വിതരണം സഹകരണ സംഘങ്ങള്‍ വഴിയാണ് നടത്തുന്നത്. 24 ലക്ഷം പേര്‍ക്കാണ് ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുന്നത്. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണവും സഹകരണ ബാങ്കുകള്‍ ചെയ്തുവരുന്നു. ബാങ്കിങ്ങ് മേഖലയില്‍ ഇന്ത്യക്ക് മാതൃകയായി സമൂഹത്തിലെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് വ്യത്യസ്തങ്ങളായ വായ്പാ പദ്ധതികള്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി നടപ്പിലാക്കിയിട്ടുണ്ട്. സഹകരണ ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കുന്ന റിസ്‌ക്ഫണ്ട് പദ്ധതി പ്രകാരം 2022 ല്‍ മാത്രം 12,170 അംഗങ്ങള്‍ക്ക് 115.65 കോടി രൂപയുടെ ആനുകൂല്യം നല്‍കി. ആരോഗ്യ പ്രശ്നങ്ങള്‍ മൂലം കഷ്ടപ്പെടുന്ന സഹകാരികള്‍ക്ക് ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷം അംഗത്വ സമാശ്വാസനിധിയിലൂടെ 3,98,377 അപേക്ഷകര്‍ക്കായി വിതരണം ചെയ്തത് 8,33,39,500 രൂപയാണ്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വായ്പാ ആനുകൂല്യങ്ങളും സഹകരണ ബാങ്കുകള്‍ അനുവദിച്ചിട്ടുണ്ട്. പാലിയേറ്റീവ് കെയര്‍ മേഖലയില്‍ കേരളത്തിലെ സഹകരണ മേഖലയുടെ സാന്നിധ്യം ശക്തമാണ്. രോഗികള്‍ക്ക് വീടുകളില്‍ മരുന്നും ചികിത്സയും ഉറപ്പാക്കുന്നുണ്ട് കേരളത്തില്‍ സഹകരണപ്രസ്ഥാനം.

ഇതൊക്കെ ഏതെങ്കിലും സ്വകാര്യ ബാങ്കുകള്‍ക്കോ, നാഷണലൈസ്ഡ് ബാങ്കുകള്‍ക്കോ ചെയ്യാനാകുമോ? ഇത്തരത്തില്‍ സുശക്തമായ സംവിധാനമുള്ള ഈ മേഖലയെ തകര്‍ക്കുക എന്നതാണ് ഇപ്പോഴത്തെ പ്രചരണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും പിന്നില്‍.

നിയമങ്ങള്‍ കര്‍ശനമാക്കി 
സംസ്ഥാന സര്‍ക്കാര്‍
സഹകരണ മേഖലയില്‍ ചില ഒറ്റപ്പെട്ട അനഭിലഷണീയ പ്രവണതകള്‍ കടന്നുവരുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല. അതിനെ ശക്തമായി ചെറുക്കുന്നതിനുള്ള നടപടികള്‍ സഹകരണ വകുപ്പ് ചെയ്തുവരുന്നുണ്ട്. ഇക്കഴിഞ്ഞ നിയമസഭ ഐകകണ്-ഠേന പാസ്സാക്കിയ നിയമഭേദഗതിയില്‍ കാലത്തിനനുസരിച്ച് ബാങ്കിങ്ങ് സംവിധാനത്തില്‍ ഇങ്ങനെ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച ഒട്ടേറെ നിദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. സഹകരണ സംഘങ്ങളിലെ ഓഡിറ്റ് സംവിധാനം ശക്തമാക്കുന്നതിന് ടീം ആഡിറ്റ് സംവിധാനം കൊണ്ടുവന്നു. ഓഡിറ്റില്‍ കണ്ടെത്തുന്ന ന്യൂനതകള്‍ പരിശോധിച്ച് ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നതിന് നിരവധി നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഡിറ്റ് റിപ്പോര്‍ട്ടിലെ ന്യൂനത, ഭരണസമിതി അംഗങ്ങളും ജീവനക്കാരും അവരുടെ ബന്ധുക്കളും സംഘങ്ങളില്‍ നിന്നും എടുത്തിട്ടുള്ള വായ്പാ ബാദ്ധ്യതകള്‍ എന്നിവ ജനറല്‍ ബോഡിയില്‍ വയ്ക്കുന്നതിനുള്ള നിര്‍ദ്ദേശം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഡിറ്റിലും പരിശോധനകളിലും ക്രിമിനല്‍ സ്വഭാവമുള്ള കേസുകള്‍ കണ്ടെത്തുമ്പോള്‍ അത് പൊലീസിനും അഴിമതി നിരോധന നിയമപ്രകാരം ക്രൈംബ്രാഞ്ചിനും നല്‍കി നടപടി സ്വീകരിക്കാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ഏകീകൃത സോഫ്റ്റ് വെയറിന് അംഗീകാരം നല്‍കി. ശക്തമായ ഭരണനിയമ സംവിധാനങ്ങള്‍ നടപ്പിലാക്കി മുന്നോട്ട് പോകുമ്പോള്‍ അതിനെതിരായി ബോധപൂര്‍വ്വമായ നീക്കമാണ് ഇ.ഡി ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്തുനിന്ന് നടന്നുവരുന്നത്.

മള്‍ട്ടി സ്റ്റേറ്റിന് 
വഴിയൊരുക്കാന്‍ കേന്ദ്രം
ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തമായ സഹകരണ വായ്പാ മേഖലയെ തകര്‍ത്ത് സ്വകാര്യ പണമിടപാടുകാര്‍ക്കും മള്‍ട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്കും പാതയൊരുക്കുക എന്ന, കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഗൂഢലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളെ നിയന്ത്രിക്കാനെന്ന പേരില്‍ കൊണ്ടുവന്ന പുതിയ നിയമം സംസ്ഥാനത്തെ സഹകരണ മേഖലയിലേയ്ക്ക് കടന്നു കയറാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കമാണ്, അതിനെ കേരളം പ്രതിരോധിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇഡി എത്തിയത്. കേരളത്തിലെ സഹകരണ മേഖലയുടെ വിശ്വാസ്യതയെ തകര്‍ത്ത് ഇവിടുത്തെ നിക്ഷേപങ്ങള്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളിലേയ്ക്ക് ആകര്‍ഷിക്കാനുള്ള ഗൂഢ നീക്കം ഇതിനു പിന്നിലുണ്ട്. നിക്ഷേപകര്‍ക്ക് ഒരു സുരക്ഷയുമില്ലാതെ തോന്നും പോലെ പലിശ നല്‍കുന്ന ഈ സ്ഥാപനങ്ങള്‍ ഈ നാട്ടിലെ നിക്ഷേപം മറ്റ് എവിടെയെങ്കിലുമാണ് ഉപയോഗിക്കുന്നത്. കേന്ദ്ര സര്‍ക്കാരോ വന്‍കിട കുത്തകകളോ നിശ്ചയിക്കുന്നിടത്ത് അവര്‍ ഇത് ഉപയോഗിക്കും. കേന്ദ്രസര്‍ക്കാരാണ് മള്‍ട്ടി സ്റ്റേറ്റിനെ എത്തിക്കുന്നതെങ്കിലും അതില്‍ നിക്ഷേപിക്കുന്ന പണത്തിന് കേന്ദ്രത്തിന്റെ ഗ്യാരണ്ടി ഒന്നുമില്ല.

ഇഡിയുടെ രാഷ്ട്രീയം
സംസ്ഥാനത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇ.ഡി. പരിശോധനകളില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. തൃശ്ശൂര്‍ ജില്ലയില്‍ ഏതാനും ചില ബാങ്കുകളെ കേന്ദ്രീകരിച്ചാണ് ഇ.ഡി. പരിശോധന . ഇവരുടെ പരിശോധനകള്‍ക്ക് അടുത്തു വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധമുണ്ട് എന്ന് വ്യക്തമായ സൂചനകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. സഹകരണ സംഘങ്ങളിലാകെ കള്ളപ്പണമാണ് എന്ന ധാരണ പരത്തുകയാണ് ലക്ഷ്യം. നോട്ടു നിരോധന കാലത്ത് ഇ.ഡി. ഉയര്‍ത്തിയ ഇതേ നയം തന്നെയാണ് ഇ ഡിയുടെ നീക്കത്തിനു പിന്നില്‍ എന്നാണ് ഇപ്പോഴത്തെ നടപടികളില്‍ നിന്ന് വ്യക്തമാകുന്നത്. നോട്ടു നിരോധനകാലത്ത് കേന്ദ്രം ഉയര്‍ത്തിയ പല വെല്ലുവിളികളേയും നിയമപരമായും ജനകീയപ്രക്ഷോഭങ്ങളിലൂടേയും ഭരണ പ്രതിപക്ഷ ഐക്യത്തിലൂടെയുമാണ് കേരളം ചെറുത്തത്.

ഭരണഘടനയെ മറികടക്കുന്ന കേന്ദ്ര നീക്കങ്ങള്‍
കേന്ദ്ര സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച സഹകരണ മന്ത്രാലയത്തിന്റെ പല നയങ്ങളോടും വിയോജിപ്പ് പ്രകടിപ്പിക്കുന്ന സമീപനമാണ് കേരളം സ്വീകരിക്കുന്നത്.

ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ തത്വങ്ങള്‍ക്കെതിരായി സംസ്ഥാന വിഷയമായ സഹകരണ മേഖലയില്‍ ഇടപെടുന്ന കേന്ദ്ര നിലപാടുകള്‍ക്കെതിരെ കേരളം ശക്തമായ ചെറുത്തുനില്‍പ്പാണ് നടത്തിവരുന്നത്. ഈ വിഷയത്തില്‍ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത്തരം നടപടികള്‍ക്കെതിരായ പ്രതികാര നടപടികള്‍ കൂടിയാണ് ഇ.ഡി യെ ഉപയോഗിച്ച് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനകള്‍ എന്നുവേണം വിലയിരുത്താന്‍.
സാമ്രാജ്യത്വ ഭരണം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഘട്ടത്തില്‍ കര്‍ഷകര്‍ നടത്തിയ നിരന്തര സമരങ്ങളുടെ ഫലമായാണ് പട്ടിണി കമ്മിഷന്റെ ശുപാര്‍ശ പ്രകാരം ക്രഡിറ്റ് നിയമം പാസാക്കിയത്. 1912 ല്‍ സമഗ്ര സഹകരണ നിയമം വന്നതോടെ പ്രാദേശികമായ പ്രത്യേകതകള്‍ ഉള്‍ക്കൊണ്ട് സഹകരണ സംഘങ്ങള്‍ സ്ഥാപിക്കപ്പെട്ടു. പിന്നീട് പലപ്പോഴായി ഭേദഗതികള്‍ വന്നപ്പോഴും സഹകരണ സംഘം വിഷയം സംസ്ഥാന വിഷയങ്ങളുടെ പട്ടികയില്‍ തന്നെ നിലനിര്‍ത്തി. ഇത് അതത് പ്രദേശങ്ങളിലെ പ്രത്യേകതകളും സാമ്പത്തിക സാഹചര്യങ്ങളും ഉള്‍പ്പെടുത്തിയുള്ള നിയമ നിര്‍മ്മാണങ്ങള്‍ നടത്താന്‍ സഹായകമായി. സംസ്ഥാനങ്ങളുടെ സാമ്പത്തിക മുന്നേറ്റങ്ങള്‍ക്ക് സഹകരണ പ്രസ്ഥാനങ്ങള്‍ താങ്ങായി മാറുകയും ചെയ്തു. കാര്‍ഷിക മേഖലയിലെ മുന്നേറ്റങ്ങള്‍ക്കും സഹകരണ സംഘങ്ങള്‍ വലിയ പങ്കു വഹിച്ചു. കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വൈവിദ്ധ്യവല്‍ക്കരണത്തിനും സംഘങ്ങള്‍ തയ്യാറായി. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിച്ച് വലിയ മുന്നേറ്റം സൃഷ്ടിച്ചു. മറ്റുപല മേഖലകളിലും കുത്തകള്‍ക്ക് കടന്നു കയറാന്‍ അവസരം ഒരുക്കിയതുപോലെ പുതിയ നീക്കങ്ങളിലൂടെ സഹകരണ രംഗത്തും അത്തരത്തിലുള്ള ഒരു അവസ്ഥ സൃഷ്ടിക്കുകയാണ് അതിന്റെ ഭാഗമാണ് കേരളത്തിലെ അന്വേഷണ കോലാഹലങ്ങള്‍ . ഇതിനെതിരെ ശക്തമായ പ്രതിഷേധം സഹകാരി സമൂഹത്തില്‍ നിന്ന് ഉണ്ടാകണം. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

six + one =

Most Popular