Wednesday, October 9, 2024

ad

Homeകവര്‍സ്റ്റോറിസഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള നീക്കത്തെ ചെറുക്കും

സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള നീക്കത്തെ ചെറുക്കും

എം വി ഗോവിന്ദൻ

കേരളത്തിലെ സഹകരണ മേഖലയെ തകർക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നീക്കങ്ങളാണ് ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ തുടരുന്നത്. പെട്ടെന്ന് തുടങ്ങിയതൊന്നുമല്ല ഈ നീക്കം. 2016ൽ നോട്ടുനിരോധനത്തെത്തുടർന്ന് സജീവമായി ഉയർന്ന ഒരു വാദമാണ് കേരളത്തിലെ സഹകരണ ബാങ്കുകൾ കള്ളപ്പണം വെളുപ്പിക്കുകയാണെന്നത്. സഹകരണ മേഖലയ്ക്കുമേൽ പിടിമുറുക്കാനുള്ള ആ നീക്കത്തെ അന്ന് കേരളത്തിലെ സഹകാരികളും ജനങ്ങളാകെയും ഭരണ – പ്രതിപക്ഷ ഭേദമെനേ-്യ ഒറ്റക്കെട്ടായി അണിനിരന്ന് പിന്തിരിപ്പിച്ചതാണ്. എന്നാൽ ഇപ്പോൾ തൃശ്ശൂർ ജില്ലയിലെ കരുവന്നൂർ സഹകരണ ബാങ്കിലുണ്ടായ സാമ്പത്തിക തട്ടിപ്പിന്റെയും ക്രമക്കേടുകളുടെയും മറ പറ്റി കേന്ദ്ര ഏജൻസികളും അവയ്ക്കു പിൻപറ്റി ബിജെപിയും കോൺഗ്രസും കുത്തക മാധ്യമങ്ങളും കേരളത്തിലെ സഹകരണ മേഖലയ്ക്കു മേലാകെ ആക്രമണമഴിച്ചുവിടുകയാണ്.

കോർപ്പറേറ്റ് മൂലധന സംരക്ഷണം ലക്ഷ്യമാക്കിയിട്ടുള്ള ബിജെപിയെ സംബന്ധിച്ചിടത്തോളം സഹകരണ മേഖല എക്കാലത്തും അവരുടെ കണ്ണിലെ കരടാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സഹകരണ പ്രസ്ഥാനത്തിൽനിന്നും തികച്ചും വ്യത്യസ്തമാണ് കേരളത്തിലെ സഹകരണ മേഖല. ഉത്തരേന്ത്യയിൽ വൻകുത്തകകളുടെ വിഹാരരംഗമാണ് സഹകരണ മേഖലയെങ്കിൽ കേരളത്തിൽ അത് തികച്ചുമൊരു ജനകീയ പ്രസ്ഥാനമാണ്. ഒരുകാലത്ത് കേരളത്തിലെ ഗ്രാമീണ മേഖലയിൽ ആധിപത്യമുറപ്പിച്ചിരുന്ന കൊള്ളപ്പലിശ ഇടപാടുകാരുടെയും -ഫ്യൂഡൽ പ്രഭുക്കളുടെയും കൊടിയ ചൂഷണത്തിൽനിന്നും കൊള്ളയിൽനിന്നും ഗ്രാമങ്ങളിലെ പാവപ്പെട്ടവരെ വിടുതൽ ചെയ്യിച്ച് അവരുടെ കൊച്ചു കൊച്ചു സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാൻ പറ്റുന്ന ഇടമായാണ് സഹകരണ പ്രസ്ഥാനം വളർന്നുവന്നത്. അതിനുപിന്നിൽ ത്യാഗധനരായ ഒട്ടേറെ സഹകാരികളുടെ അധ്വാനമാണുള്ളത‍്. ഇന്ന് കേരളീയ സമ്പദ്ഘടനയുടെ തന്നെ നട്ടെല്ലായി ഇത് മാറിയിരിക്കുന്നു. കൃഷി, വ്യവസായം‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ നാനാ മേഖലകളിലായി പടർന്നു പന്തലിച്ച് പ്രവർത്തിക്കുന്ന ഒരു മഹാപ്രസ്ഥാനമായി മാറിയിരിക്കുകയാണ് കേരളത്തിലെ സഹകരണ മേഖല. അതിനെ തകർത്താൽ കേരളത്തെ തളർത്താനും തകർക്കാനുമാവുമെന്ന ദുഷ്ടലാക്കോടുകൂടിയാണ് കേന്ദ്ര സർക്കാരും അവർക്കു പിന്നിൽ അണിനിരന്നിട്ടുള്ള സർവ പിന്തിരിപ്പൻ ശക്തികളും നീങ്ങുന്നത്.

കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനമാണ്, പ്രത്യേകിച്ചും സിപിഐ എമ്മാണ് ഇന്ന് സഹകരണ മേഖലയിലെ മുഖ്യചാലകശക്തി. സിപിഐ എമ്മിന്റെ ആയിരക്കണക്കിന് പ്രവർത്തകരാണ് സഹകരണ മേഖലയിൽ വ്യാപരിച്ചിരിക്കുന്നത്. സഹകരണ മേഖലയെ തകർത്താൽ സിപിഐ എമ്മിനെയും തകർക്കാനാകുമെന്ന കണക്കുകൂട്ടലോടുകൂടിയാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്ന സഹകരണ മേഖലയ്ക്കെതിരായ നീക്കങ്ങളാകെ. ഈയടുത്തയിടെ ആർഎസ്എസിന്റെ സർസംഘ ചാലക് മോഹൻ ഭഗവത് നടത്തിയ ഒരു പ്രസ്താവനയിൽ പറയുന്നത് കമ്യൂണിസത്തെ തുടച്ചു നീക്കലാണ് തങ്ങളുടെ മുഖ്യവും അടിയന്തരവുമായ ലക്ഷ്യമെന്നാണ്. ഈ പ്രസ്താവനയുടെ കൂടി അടിസ്ഥാനത്തിൽ വേണം ഇപ്പോൾ ഇഡിയെ ഉപയോഗിച്ചും മാധ്യമ പ്രചാരണത്തിലൂടെയും സഹകരണ പ്രസ്ഥാനത്തിനെതിരെ നടക്കുന്ന വേട്ടയാടലുകളെ കാണേണ്ടത്.

എന്നാൽ കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന നിയമവിരുദ്ധ നടപടികളെ ഒരുവിധത്തിലും സിപിഐ എം ന്യായീകരിക്കുന്നില്ല. ആ നടപടികൾ ജനസമക്ഷം കൊണ്ടുവന്നത് ഏതെങ്കിലും വലതുപക്ഷ മാധ്യമങ്ങളുടെ അനേ-്വഷണാത്മക റിപ്പോർട്ടിങ്ങോ കേന്ദ്ര ഏജൻസികളുടെ അനേ-്വഷണമോ അല്ല. മറിച്ച്, കേരള സർക്കാരിനു കീഴിലുള്ള സഹകരണ വകുപ്പിന്റെ പരിശോധനയിലൂടെയാണ്. അതിന്റെ അടിസ്ഥാനത്തിൽ പാർട്ടി പരിശോധിച്ച് കുറ്റക്കാരായി കണ്ടെത്തിയ പാർട്ടി അംഗങ്ങൾക്കെതിരെ കർക്കശമായ നടപടി സ്വീകരിച്ചിട്ടുമുണ്ട്. ഇതുമായി ബന്ധപ്പെട്ട ക്രിമിനൽ കുറ്റങ്ങളെ സംബന്ധിച്ച അനേ-്വഷണത്തിന്റെ ചുമതല ക്രൈം ബ്രാഞ്ചിനെ സർക്കാർ ഏൽപിച്ചു. ക്രൈംബ്രാഞ്ച് അനേ-്വഷണത്തിൽ കുറ്റക്കാരായി കണ്ടെത്തിയവർക്കെല്ലാമെതിരെ നിയമ നടപടികൾ തുടരവെയാണ് ഇഡിയുടെ വരവ്. നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാനായി റവന്യൂ റിക്കവറി നടപടികൾക്കും തുടക്കംകുറിച്ചു കഴിഞ്ഞു. ഇതിനകം തന്നെ നിക്ഷേപകർക്ക് 38 കോടി രൂപയോളം മടക്കിനൽകാനും കഴിഞ്ഞു.

കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെങ്കിൽ അത് ഇഡി അനേ-്വഷിക്കുന്നതിനും സിപിഐ എം എതിരല്ല. എന്നാൽ അതിന്റെ മറവിൽ കേരളത്തിലെ സഹകരണ മേഖലയ്ക്കെതിരെയാകെ പ്രചാരണ യുദ്ധത്തിന് ഈ കേന്ദ്ര ഏജൻസി തന്നെ നേതൃത്വം നൽകുന്നതും തെളിവിന്റെ കണികപോലുമില്ലാതെ സിപിഐ എം പ്രവർത്തകർക്കും നേതാക്കൾക്കുംനേരെ വ്യാജ ആരോപണങ്ങൾ ഉയർത്തുന്നതും അവരെ ലക്ഷ്യമാക്കി റെയ്ഡുകളും വേട്ടയാടലുകളും നടത്തുന്നതും അംഗീകരിക്കാനാവില്ല. ഇത്തരം നീക്കങ്ങൾക്കെതിരെയാണ് ജനപിന്തുണ ഉറപ്പിച്ച് സിപിഐ എം രംഗത്തുവരുന്നത്.

കേരളത്തിൽ സഹകരണ രജിസ്ട്രാറുടെ കീഴിൽ 16,255 സഹകരണ സംഘങ്ങളാണുള്ളത്. സഹകരണ വകുപ്പിന്റെ സമഗ്രമായ പരിശോധനയിൽ അവയിൽ 1.5 ശതമാനം സംഘങ്ങളിൽ മാത്രമാണ് ക്രമക്കേടുകൾ ഉള്ളതായി കണ്ടത്. അവയ്ക്കെല്ലാമെതിരെ നിയമപരമായ നടപടികൾ തുടരുന്നതിനൊപ്പം നിക്ഷേപകർക്ക് ചില്ലിക്കാശുപോലും നഷ്ടപ്പെടാതിരിക്കാനുള്ള നടപടികളിലാണ് സഹകരണ വകുപ്പ് ഏർപ്പെട്ടിരിക്കുന്നത്. ഈ സംഘങ്ങളെ തകർക്കുകയല്ല, അവയെ തകർച്ചയിൽനിന്നും ക്രമക്കേടുകളിൽനിന്നും കരകയറ്റി ശക്തിപ്പെടുത്തുകയാണ് തിരുത്തൽ നടപടികളുടെ ലക്ഷ്യം. എന്നാൽ സഹകരണ പ്രസ്ഥാനത്തെ തന്നെ തകർക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര ഏജൻസികളുടെ പിൻബലത്തോടെ ബിജെപിയും കോൺഗ്രസും കെെകോർത്ത് നടത്തുന്നത്.

യുപിയും ഗുജറാത്തും മറ്റും ആസ‍്ഥാനമാക്കി പ്രവർത്തിക്കുന്ന ബഹു സംസ്ഥാന സഹകരണ സ്ഥാപനങ്ങൾക്ക് കേരളത്തിൽ വേരുറപ്പിക്കാനുള്ള സംഘടിത ശ്രമവും ഇതിന്റെ പിന്നിലുണ്ട്. തൃശ്ശൂർ ജില്ലയിൽ തന്നെ ഇത്തരത്തിലുള്ള എട്ട് സ്ഥാപനങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. സഹകരണ സംഘങ്ങളിൽനിന്ന് നിക്ഷേപകർ തങ്ങളുടെ നിക്ഷേപം പിൻവലിച്ച് ഇവയിൽ നിക്ഷേപിച്ചാൽ മാത്രമേ ഇവയ്ക്ക് മുന്നോട്ടു പോകാനാവൂ. അവർ സമാഹരിക്കുന്ന തുക അവ ആസ്ഥാനമായിട്ടുള്ള സംസ്ഥാനങ്ങളിലായിരിക്കും ഉപയോഗിക്കപ്പെടുക. അതിലുപരി നിക്ഷേപകർക്ക് തങ്ങളുടെ നിക്ഷേപം സുരക്ഷിതമായിരിക്കുമെന്നതിന് യാതൊരുറപ്പുമില്ല. അങ്ങനെ കേരളത്തിലെ നിക്ഷേപകരെ കൊള്ളയടിക്കാനുള്ള നീക്കമായി വേണം അമിത്ഷാ കൊണ്ടുവന്ന കേന്ദ്ര സഹകരണ നിയമത്തെയും അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാനാന്തര സഹകരണ സംഘങ്ങളെയും കാണേണ്ടത്. കേരളത്തിലെ സഹകരണ പ്രസ്ഥാനം ഒറ്റക്കെട്ടായി ചെറുത്തുനിന്നതാണ് ഇതേവരെ. അതിനെ മറികടക്കാനുള്ള നീക്കമാണ് ഇപ്പോൾ കേന്ദ്ര ഏജൻസികളും ഒരു വിഭാഗം മാധ്യമങ്ങളും വലതുപക്ഷ പാർട്ടികളും ചേർന്ന് നടത്തുന്നത്.

കേരളത്തിൽ പലതരത്തിൽപെട്ട ക്രമക്കേടുകൾ കണ്ടെത്തിയത് സിപിഐ എമ്മിന്റെയോ ഇടതുപക്ഷത്തിന്റെയോ നേതൃത്വത്തിലുള്ള സംഘങ്ങളിൽ മാത്രമല്ല, മറിച്ച് പുൽപ്പള്ളി, തൃശ്ശൂരിലെ അടാട്ട് തുടങ്ങി നിരവധി കോൺഗ്രസ് നേതൃത്വത്തിലുള്ളതും മലപ്പുറം ജില്ലയിലെ മക്കാട്ടുപറമ്പ് പോലെയുള്ള ലീഗ് നേതൃത്വത്തിലുള്ളതും ബിജെപി നേതൃത്വത്തിലുള്ളതും ഉൾപ്പെടെയുള്ള സംഘങ്ങളിലാണ്. സംസ്ഥാന സർക്കാർ അവയ്ക്കെല്ലാം എതിരെ ഒരേ തരത്തിൽ, പക്ഷപാതരഹിതമായാണ് നടപടികൾ നീക്കുന്നത്. എന്നാൽ പ്രതിപക്ഷവും മാധ്യമങ്ങളും സിപിഐ എമ്മിനും ഇടതുപക്ഷത്തിനും നേരെ പ്രചരണം കേന്ദ്രീകരിച്ചിരിക്കുന്നത് കേന്ദ്ര ഏജൻസികളുടെ നിയമവിരുദ്ധ നീക്കങ്ങൾക്കും ബിജെപിയുടെ ദുഷ്ടലാക്കിനും മറപിടിക്കാനാണ്. കേരളത്തിലെ ജനകീയ പ്രസ്ഥാനമായ സഹകരണ മേഖലയെ തകർക്കാനുള്ള നീക്കം കേരളത്തിനു തന്നെ എതിരായ നീക്കമായാണ് കാണേണ്ടത്. ജനങ്ങളെയാകെ അണിനിരത്തി അതിനെ ചെറുത്തു തോൽപ്പിക്കാൻ സിപിഐ എമ്മും ഇടതുപക്ഷവും പ്രതിജ്ഞാബദ്ധമാണ്. അത് നിറവേറ്റുക തന്നെ ചെയ്യും. കുറ്റക്കാരായവരെ ശിക്ഷിക്കാനും മടിക്കില്ല. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 1 =

Most Popular