ഇക്കണോമിക് നോട്ട്‌ബുക്ക്‐9
“എനിക്ക് ഇന്ത്യക്കാരെ വെറുപ്പാണ് . അവർ വെറും കാടന്മാരാണ് . മുയലുകളെപ്പോലെ പെറ്റുപെരുകിയതിന് അവർക്കു കിട്ടിയ ശിക്ഷയാണ് ബംഗാളിലെ ക്ഷാമം “
– വിൻസ്റ്റൺ ചർച്ചിൽ
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് 1943ലെ ബംഗാൾ ക്ഷാമം. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ബംഗാൾ പ്രവിശ്യയിൽ നടന്ന ഈ കൊടിയ ഭക്ഷ്യക്ഷാമത്തിൽ പെട്ട് 30 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് മരണപ്പെട്ടത്. പ്രകൃതി പ്രതിഭാസങ്ങളാണ് മാനവ ചരിത്രത്തിൽ പലപ്പോഴും കൊടിയ ഭക്ഷ്യക്ഷാമങ്ങൾ സൃഷ്ടിച്ചതെങ്കിൽ ബംഗാൾ ക്ഷാമം ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. സാമ്രാജ്യത്വത്തിന്റെ യുദ്ധ താല്പര്യങ്ങളുടെ ഇരകളായി കൊളോണിയൽ പ്രജകളെ മാറ്റിത്തീർത്തതാണ് ഈ കൊടിയ ദുരന്തം സൃഷ്ടിച്ചത്. ബ്രിട്ടീഷ് കൊളോണിയൽ നയങ്ങളാണ് ദക്ഷിണേഷ്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ഈ ദുരന്തം സൃഷ്ടിച്ചത് എന്ന് പിൽക്കാലത്ത് നടന്ന പഠനങ്ങളെല്ലാം അസന്ദിഗ്ധമായി തെളിയിക്കുന്നു. കൊളോണിയൽ പ്രജകളുടെ ജീവന് പുഴുക്കളുടെ വില പോലും തങ്ങൾ കല്പിച്ചിരുന്നില്ലായെന്ന് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിലിന്റെയും കൂട്ടരുടെയും പരസ്യമായ വാക്കുകൾ തന്നെ തെളിവ്. ഇന്നത്തെ പൊതു സാമൂഹിക മാനദണ്ഡങ്ങൾ വെച്ചുനോക്കിയാൽ ഈ വാക്കുകൾ ഞെട്ടിക്കുന്നതാണ്. പക്ഷേ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇന്ത്യക്കാരോട് ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടം പുലർത്തിയിരുന്ന മനോഭാവത്തിന്റെ നേർ പ്രതിഫലനമായിരുന്നു ഇത്.
കൊളോണിയൽ കാലഘട്ടത്തിൽ (1765‐1947 ) പ്രധാനമായും 12 ഭക്ഷ്യക്ഷാമങ്ങളാണ് ഇന്ത്യയിൽ ഉണ്ടായത് .ഇതിൽ ഏറ്റവും കൊടിയ ക്ഷാമങ്ങൾ പലതും അരങ്ങേറിയിരുന്നത് ബംഗാളിലായിരുന്നു. 1770ലെ ബംഗാൾ ക്ഷാമത്തിൽ 10 ലക്ഷം പേരാണ് കൊല്ലപ്പെട്ടത് . മദ്രാസ് ക്ഷാമം (1782‐-1783), ഡൽഹിയിലും പരിസരങ്ങളിലുമുണ്ടായ ചാലിസ ക്ഷാമം (1783‐-1784), ഹൈദരാബാദിലെ ടോജി ബാര ക്ഷാമം (1791‐1792), ഒറീസ ക്ഷാമം (1866),ബീഹാർ ക്ഷാമം (1873‐1874). തെക്കേ ഇന്ത്യയിലെ ക്ഷാമം (1876‐-1877), ബോംബെ ക്ഷാമം (1905‐1906) എന്നിവയാണ് കൊളോണിയൽ കാലഘട്ടത്തിൽ ഇന്ത്യയിലുണ്ടായ പ്രധാന ഭക്ഷ്യക്ഷാമങ്ങൾ. ഇതിൽ പലയിടത്തും പ്രശ്നം രൂക്ഷമാക്കുന്നതിൽ കൊളോണിയൽ നയങ്ങളും സാധാരണ ഇന്ത്യക്കാരോടുള്ള വെള്ളക്കാരുടെ വെറുപ്പും കാര്യമായ പങ്കുവഹിച്ചു. ഇന്നത്തെ പശ്ചിമ ബംഗാളും ബംഗ്ലാദേശും ഉൾപ്പെടുന്ന പ്രദേശത്ത് രണ്ടാം ലോക മഹായുദ്ധകാലത്ത് നടന്ന ഭക്ഷ്യക്ഷാമം അതിന്റെ രൂക്ഷത കൊണ്ടും അതു വിതച്ച മരണനിരക്ക് കൊണ്ടും അതിനിടയാക്കിയ കാരണങ്ങൾ കൊണ്ടും ഏറെ വിഭിന്നമാണ്. കാരണം അത് പൂർണമായും കൊളോണിയൽ നയങ്ങളുടെ സൃഷ്ടിയായിരുന്നു. 1772 മുതൽ 1911 വരെ ബ്രിട്ടിഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന കൊൽക്കത്തയുടെ ചുറ്റുവട്ടങ്ങളിലാണ് പട്ടിണി മരണങ്ങൾ തകർത്താടിയത് എന്നത് പ്രശ്നത്തെ കൂടുതൽ ഗൗരവമുള്ളതാക്കുന്നു.
ശാന്തിനികേതനിലെ വിദ്യാഭ്യാസ കാലത്ത് ബംഗാൾ ക്ഷാമം നേരിട്ട് കണ്ട വ്യക്തിയായിരുന്നു അമർത്യ സെൻ. സാമ്പത്തിക ശാസ്ത്രത്തിലെ നോബൽ ജേതാവായ അദ്ദേഹത്തിന്റെ പ്രധാന പഠന മേഖലകൾ ദാരിദ്ര്യവും ക്ഷാമവുമായി മാറിയതിനു പിന്നിൽ പോലും ഈ അനുഭവങ്ങളുണ്ട്. ‘ഹോം ഇൻ ദി വേൾഡ്’ എന്ന ആത്മകഥയിൽ അദ്ദേഹം ബംഗാൾ ക്ഷാമത്തിന്റെ ഇരകളെ നേരിട്ടു കണ്ടതിന്റെ അനുഭവങ്ങൾ തന്നെ വിവരിക്കുന്നുണ്ട്. ക്ഷാമത്തിന്റെ കാരണങ്ങളെക്കുറിച്ച് അക്കാദമിക ലോകവും പൊതു സമൂഹവും വെച്ചുപുലർത്തിയിരുന്ന ധാരണകളെ തിരുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ . ഒരു പ്രദേശത്ത് ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയിലുണ്ടാകുന്ന കുറവാണ് ക്ഷാമത്തിനും പട്ടിണി മരണങ്ങൾക്കും കാരണം എന്നതായിരുന്നു അതുവരെയും നിലനിന്നു പോന്നിരുന്ന ധാരണ. എല്ലാ ക്ഷാമങ്ങളുടെയും കേന്ദ്ര കാരണം ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയിലുണ്ടാകുന്ന കുറവാണ് എന്ന (FAD – Food availabiltivb Decline thesis) സിദ്ധാന്തത്തെ ബംഗാൾ ക്ഷാമത്തെ സംബന്ധിച്ച വിവരങ്ങൾ വെച്ചുകൊണ്ട് അദ്ദേഹം കൃത്യമായി ഖണ്ഡിച്ചു. അദ്ദേഹത്തിന്റെ ആത്മകഥ ‘ഹോം ഇൻ ദി വേൾഡിൽ’ ഇത് സംബന്ധിച്ച് അദ്ദേഹം നടത്തിയ നിരീക്ഷണങ്ങൾ വളരെ ശ്രദ്ധേയമാണ്.
“1943ലെ വസന്തകാലത്തിനും വേനൽകാലത്തിനുമിടയിലാണ് ക്ഷാമം രൂക്ഷമാകുന്നത്. എനിക്കന്നു പത്തു വയസായിരുന്നു. വർധിച്ചുവരുന്ന ഭക്ഷ്യ ദൗർലഭ്യത്തെക്കുറിച്ച് വീട്ടിൽ സ്ഥിരമായി ചർച്ചകൾ ഉണ്ടാകുമായിരുന്നു. വലിയൊരു ക്ഷാമം വരുന്നുവെന്ന് എന്റെ അമ്മാവൻ പറയുമ്പോഴാണ് ഞാൻ ആദ്യമായി ക്ഷാമം എന്ന വാക്കു കേൾക്കുന്നത്. സാമ്പത്തികശാസ്ത്രത്തെക്കുറിച്ച് എനിക്ക് അന്നൊരു ധാരണയുമില്ലായിരുന്നു. പക്ഷെ ഭക്ഷ്യ വസ്തുക്കളുടെ വില വർധിക്കുന്നതും ജനങ്ങളുടെ വരുമാനത്തിൽ യാതൊരു വിധ വർധനയും ഉണ്ടാകാത്തതും സംബന്ധിച്ച വിവരങ്ങൾ വീട്ടിലെ ചർച്ചകളിലൂടെ ഞാൻ മനസിലാക്കിയിരുന്നു .ഈ അവസ്ഥ തുടർന്നാൽ ഭക്ഷ്യവസ്തുക്കൾ കിട്ടാതെ മനുഷ്യർ മരിച്ചുപോകുമെന്നത് ഉറപ്പായിരുന്നു.
ഏറ്റവും പ്രധാന ചോദ്യം ഇതാണ്. 1942ൽ, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് ഇടയാക്കിയ കാരണം എന്തായിരുന്നു. ക്ഷാമത്തിനും ഒരു വർഷം മുൻപായിരുന്നു ഈ വിലക്കയറ്റം എന്നോർക്കണം. ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു എന്ന പൊതുധാരണ എത്രമാത്രം ശരിയായിരുന്നു? 30 വർഷങ്ങൾക്ക് ശേഷം, ഞാനൊരു സാമ്പത്തിക ശാസ്ത്രജ്ഞനായതിനു ശേഷം, ബംഗാൾ ക്ഷാമത്തെക്കുറിച്ചുള്ള പഠനത്തിൽ ഈ ധാരണകൾ വസ്തുതാപരമായിത്തന്നെ ശരിയായിരുന്നുവെന്ന് എനിക്ക് ബോധ്യമായി. കൊൽക്കത്തയിലെ തെരുവുകമ്പോളങ്ങളിൽ 1942 ജനുവരിക്കും ഓഗസ്റ്റിനുമിടയിൽ അരിയുടെ വില 37 ശതമാനം വർധിച്ചു . വർഷാവസാനത്തോടെ വർധന 70 ശതമാനമായി ഉയർന്നു . കുറഞ്ഞ വരുമാനത്തിൽ ജീവിക്കുന്നവർക്ക് ഈ വർധന താങ്ങാനാവുന്നതായിരുന്നില്ല. 1943ൽ പ്രശ്നം അതിരൂക്ഷമായി .അരിയുടെ വില 1942 നേക്കാൾ അഞ്ചിരട്ടിയായി, ബംഗാളിലെ ഗണ്യമായ ഒരു വിഭാഗത്തിന് താങ്ങാൻ പറ്റുന്നതിലധികമായി ഇത് മാറി.”
ഇത് എന്തുകൊണ്ട് സംഭവിച്ചു? ക്ഷാമത്തെ പ്രതിരോധിക്കാനുള്ള നടപടികൾ എന്തുകൊണ്ട് ബ്രിട്ടീഷ് ഭരണകൂടം കൈക്കൊണ്ടില്ല? ഇത് തടയാൻ പറ്റുന്നതായിരുന്നില്ലേ? യാഥാർഥ്യം ഇതിനു നേരെ വിപരീതമായിരുന്നു. ബംഗാളിലെ ഭക്ഷ്യ ലഭ്യതയെക്കുറിച്ച് ബ്രിട്ടീഷുകാർക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. പക്ഷെ ഇത് സംബന്ധിച്ച് അവർ വെച്ചുപുലർത്തിയ ധാരണകൾ തെറ്റായിരുന്നു. ബംഗാളിൽ ആവശ്യത്തിന് ഭക്ഷ്യവസ്തുക്കൾ ഉണ്ടെന്നും അതിനാൽ ക്ഷാമത്തിന് ഒരു സാധ്യതയില്ലെന്നുമായിരുന്നു അവർ പറഞ്ഞു കൊണ്ടിരുന്നത്. ബംഗാളിൽ ഭക്ഷ്യവസ്തുക്കൾ ആവശ്യത്തിനുണ്ട് എന്ന അവരുടെ വാദം ഏറെക്കുറെ ശരിയായിരുന്നു. പക്ഷെ ഇത് സപ്ലൈ സൈഡിലെ (supply side) മാത്രം കാര്യം. ഇതിനൊപ്പം ഡിമാൻഡ് കുതിച്ചുയരുകയായിരുന്നു .ഈ ഡിമാൻഡ് വർദ്ധന, വില അടിക്കടി ഉയർത്തിക്കൊണ്ടിരുന്നു. യുദ്ധം സൃഷ്ടിച്ച സമ്പദ് വ്യവസ്ഥയിലെ കുതിപ്പിനൊപ്പം നിൽക്കാൻ പറ്റാതെ പോയവർക്ക് ഭക്ഷ്യ വസ്തുക്കൾ അപ്രാപ്യമായി മാറി.
ജാപ്പനീസ് പടയാളികൾ ബർമ കീഴടക്കി ഇന്ത്യയുടെ അതിർത്തിക്കരികിൽ എത്തിയ സമയമായിരുന്നു ഇത്. അക്കാലത്ത് 15 ശതമാനം അരി ബർമയിൽ നിന്നും ഇറക്കുമതി ചെയ്യുന്നുണ്ടായിരുന്നു. ആ ഇറക്കുമതി നിലച്ചു .ഇവരെ നേരിടാൻ തയ്യാറെടുക്കുന്ന ബ്രിട്ടീഷ് പട്ടാളവും, ബ്രിട്ടീഷ് ഇന്ത്യൻ പട്ടാളവും, പിന്നീട് ഇവർക്കൊപ്പം കൂടിയ അമേരിക്കൻ പട്ടാളവും ഭക്ഷ്യ വസ്തുക്കൾ വാങ്ങിക്കൂട്ടുകയായിരുന്നു. മാത്രവുമല്ല കിഴക്കൻ ബംഗാൾ ജപ്പാന്റെ പിടിയിലാകുമെന്ന് ഭയന്ന ബ്രിട്ടീഷ് സൈന്യം അവിടെ നിന്നും സംഭരിക്കാവുന്ന ധാന്യം അത്രയും കടത്തി. ധാന്യത്തിന്റെ കരുതൽ ശേഖരങ്ങൾ അതോടെ ഇല്ലാതായി. അരിയുടെ വിലവർദ്ധനവിന് ഇതെല്ലം കാരണമായി. പട്ടാളക്കാർ മാത്രമല്ല, യുദ്ധകാല നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരും ഭക്ഷ്യ വസ്തുക്കൾ വാങ്ങിക്കൂട്ടിയിരുന്നു. ബംഗാളിൽ പുതിയ പല ഏറോഡ്രോമുകളും അക്കാലത്തുണ്ടായി. ഡിമാൻഡിലെ ഭീമമായ വർധനയായിരുന്നു വിലകളെ കുത്തനെ ഉയർത്തിയത്. ഇതോടൊപ്പം വിലക്കയറ്റത്തിൽ പരിഭ്രാന്തി പൂണ്ടവരും സാധനങ്ങൾ വൻതോതിൽ സംഭരിക്കുവാൻ തുടങ്ങി.
കമ്പോളത്തിൽ ലഭ്യമായ ആകെ ഭക്ഷ്യവസ്തുക്കളുടെ അളവും, ഒരു കുടുംബത്തിന് കമ്പോളത്തിൽനിന്ന് വാങ്ങിക്കുവാൻ പറ്റുന്ന ഭക്ഷ്യവസ്തുക്കളും തമ്മിലുള്ള അന്തരം അതിഭീമമായി. എത്ര മാത്രം ഭക്ഷ്യവസ്തുക്കൾ കമ്പോളത്തിലുണ്ട് എന്നതല്ല, ഉപഭോക്താവിന്റെ വാങ്ങൽശേഷിയാണ് പട്ടിണിയുടെ തോതിനെ നിശ്ചയിക്കുന്നത്.
1943ലെ ക്ഷാമകാലത്ത് ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയിൽ കാര്യമായ കുറവൊന്നും ഉണ്ടായിരുന്നില്ല. യുദ്ധകാല സമ്പദ്‌വ്യവസ്ഥയിൽ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയർന്നു. ഇത് നിശ്ചിത കൂലി മാത്രം ലഭിച്ചിരുന്ന പാവപ്പെട്ട തൊഴിലാളികൾക്ക് ഭക്ഷ്യവസ്തുക്കൾ അപ്രാപ്യമാക്കി. ഗ്രാമങ്ങളിലാണ് ഇത് ഏറ്റവും രൂക്ഷമായത്. യുദ്ധകാല നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന നഗരവാസികളെ ഇത് അത്രയ്ക്ക് ബാധിച്ചിരുന്നില്ല. കാരണം തൊഴിൽ സേനയുടെ ആവശ്യകത കൂടിയതിനനുസരിച്ച് കൂലിയിലും ഇവിടെ വർധന ഉണ്ടായി. അതിനാൽ ഗ്രാമീണ തൊഴിലാളികളായിരുന്നു ക്ഷാമത്തിന്റെ പ്രധാന ഇരകൾ . ഇവരുടെ സ്ഥിതിയെക്കുറിച്ച് സർക്കാരിന് ഒരു ആശങ്കയുമുണ്ടായിരുന്നില്ല. യുദ്ധസംബന്ധിയായ പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്ന നഗരവാസികളെ കൂടെ നിർത്തുക എന്നതിലായിരുന്നു സർക്കാർ ശ്രദ്ധിച്ചത്.
അക്കാലത്ത് ബ്രിട്ടീഷ് ഇന്ത്യയുടെ യുദ്ധാവശ്യങ്ങൾക്കുള്ള പകുതി സാമഗ്രികളുടെയും ഉല്പാദനം നടന്നിരുന്നത് കൊൽക്കത്തയിലായിരുന്നു. 10 ലക്ഷത്തിലധികം പേർ പട്ടാളത്തിനാവശ്യമായ സാമഗ്രികൾ നിർമിക്കുവാനായി അന്ന് കൊൽക്കൊത്ത നഗരത്തിലുണ്ടായിരുന്നു . ഇവർക്ക് ആവശ്യമായ വസ്തുക്കൾക്ക് യാതൊരു കുറവുമില്ലാതിരുന്ന സന്ദർഭത്തിൽ, വിലക്കയറ്റം കൊണ്ട് സാധാരണക്കാർ നാട്ടതിരിയുകയായിരുന്നു. അരിയ്ക്കു വേണ്ടി സ്വന്തം പുരയിടം പോലും പാവപ്പെട്ടവർ വിറ്റഴിക്കുന്ന കാഴ്ച സർവ സാധാരണമായിരുന്നു. ഭക്ഷ്യവസ്തുക്കൾ കിട്ടുവാൻ പെൺകുട്ടികളെയും സ്ത്രീകളെയും പോലും വിൽക്കുന്ന സ്ഥിതി നിലനിന്നിരുന്നു. തീറ്റ കിട്ടാതെ മരിച്ചുവീണ വളർത്തു മൃഗങ്ങളുടെ മാംസം പോലും മനുഷ്യർ ആർത്തിയോടെ കഴിച്ചു.
സമീപഗ്രാമങ്ങളിൽ നിന്നും കൊൽക്കൊത്തയിലേക്ക് ഭക്ഷണം തേടി മനുഷ്യർ കൂട്ടത്തോടെ എത്തികൊണ്ടേയിരുന്നു . ഇത്തരത്തിലുള്ള ആൾക്കാർ പലരെയും കണ്ട കഥ സെൻ ആത്മകഥയിൽ പറയുന്നുണ്ട്.
‘‘ബംഗാളിലെ കൃഷിഭൂമിയുടെ 60 ശതമാനത്തെയും ക്ഷാമം ബാധിച്ചു. 58 ശതമാനം കുടുംബങ്ങളും ക്ഷാമത്തിനിരയായി. 4,86,000 കുടുംബങ്ങൾ പിച്ച തെണ്ടുന്നവരായി മാറി. 8 മാസക്കാലത്തോളം കൊടും ക്ഷാമം നീണ്ടുനിന്നു. അതിനുശേഷം മഹാവ്യാധികൾ പടർന്നുപിടിച്ചു. പട്ടിണിയും ദാരിദ്ര്യവും ആരോഗ്യം കവർന്നെടുത്ത ജനങ്ങൾ അതിവേഗത്തിൽ രോഗങ്ങൾക്കിരയായി.
നഗരപ്രദേശങ്ങളിലെ ജനതയ്ക്ക് ആവശ്യത്തിന് ഭക്ഷ്യവസ്തുക്കൾ കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ കൊൽക്കത്തയിൽ റേഷൻ കടകൾ സർക്കാർ ശക്തമാക്കി. ഇവിടെ വിതരണം ചെയ്യാനാവശ്യമായ ഭക്ഷ്യവസ്തുക്കൾ ഗ്രാമപ്രദേശങ്ങളിൽനിന്ന് വൻതോതിൽ സംഭരിച്ചു. ഇത് ഗ്രാമങ്ങളിൽ കൂടുതൽ വിലക്കയറ്റത്തിന് വഴി തെളിച്ചു. അത് കൂടുതൽ ദാരിദ്ര്യത്തിനും പട്ടിണിയ്ക്കും വഴിതെളിച്ചു.
അക്കാലത്ത് ജന്മിത്വ വ്യവസ്ഥയായിരുന്നു ഗ്രാമീണ ബംഗാളിലെമ്പാടും നിലനിന്നിരുന്നത്. വൻതോതിലുള്ള ലാഭം മുന്നിൽ കണ്ട് ജന്മിമാർ നടത്തിയ പൂഴ്ത്തിവെയ്പുകൾ പ്രശ്നം കൂടുതൽ രൂക്ഷമാക്കി . കർഷകത്തൊഴിലാളികൾ, മുക്കുവർ, ചുമട്ടു തൊഴിലാളികൾ തുടങ്ങി ദരിദ്ര വിഭാഗങ്ങളെയാണ് ക്ഷാമം ബാധിച്ചതെന്ന് സെൻ നടത്തിയ പഠനം വ്യക്തമാക്കുന്നുണ്ട്. കരിഞ്ചന്തക്കാർക്കും പൂഴ്ത്തിവെയ്പുകാർക്കും ഇതൊരു അവസരമായി. വിലക്കയറ്റം രൂക്ഷമായി. യുദ്ധാവശ്യങ്ങൾക്കായി നോട്ടുകൾ രണ്ടിരട്ടി കൂടുതൽ അടിച്ചിറക്കിയത് വിലക്കയറ്റം കൂടുതൽ വർധിപ്പിച്ചു.
ബ്രിട്ടീഷ് ഭരണകൂടം തങ്ങളുടെ കൊളോണിയൽ പ്രജകൾക്ക് ഒരു വിലയും കല്പിച്ചിരുന്നില്ല. സാംസ്കാരിക ആവശ്യങ്ങളൊന്നും സ്വന്തമായില്ലാത്ത, തിന്നുകയും കുടിക്കുകയും മാത്രം ആവശ്യമുള്ള വിഭാഗമാണ് ഇന്ത്യക്കാർ എന്നാണ് അവർ കരുതിയിരുന്നത് . ബംഗാൾ ക്ഷാമത്തിൽ പെട്ട് മനുഷ്യർ കൂട്ടത്തോടെ മരിക്കുന്നത് ശ്രദ്ധയിൽ പെടുത്തിയപ്പോൾ ചർച്ചിൽ പുച്ഛത്തോടെ ചോദിച്ചത് ‘‘ആ ഗാന്ധി ഇതുവരെയായിട്ടും പട്ടിണികിടന്നിട്ട് മരിക്കാത്തതെന്താണ്’’ എന്നാണ്. ജർമൻകാർ കഴിഞ്ഞാൽ ഏറ്റവും മോശക്കാരായ ജനതയായിട്ടാണ് ചർച്ചിൽ ഇന്ത്യക്കാരെ കണ്ടിരുന്നത്. മാൽത്തൂസിയൻ സിദ്ധാന്തങ്ങൾ വെച്ചുപുലർത്തിയിരുന്നത് കൊണ്ടാവാം ഇന്ത്യയിലെ ജനസംഖ്യാപെരുപ്പമാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണമെന്ന് ചർച്ചിൽ ആത്മാർത്ഥമായും വിശ്വസിച്ചിരുന്നു.
കൗതുകകരമായ ഒരു സംഗതി ബംഗാൾ ക്ഷാമത്തെക്കുറിച്ച്, അതിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ച് പാശ്ചാത്യ ജനാധിപത്യലോകം എക്കാലവും മൗനം പുലർത്തി എന്നതാണ് .ചർച്ചിലിന്റെ ജീവചരിത്രം എഴുതിയ ഒരാൾപോലും ബംഗാൾ ക്ഷാമത്തെക്കുറിച്ചോ ചർച്ചിലിന് അതിലുള്ള പങ്കിനെക്കുറിച്ചോ ഒരക്ഷരം ഉരിയാടിയിട്ടില്ല എന്നതാണ്. ♦