രാജാവായ കാറൽ ഗുസ്താഫ് പതിനാറാമന്റെ കിരീടാരോഹണത്തിന്റെ അൻപതാമത് വാർഷിക ദിനം ആചരിക്കുന്ന വേളയിൽ രാജവാഴ്ച അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെങ്ങും കമ്മ്യൂണിസ്റ്റുകാർ ശക്തമായി മുന്നോട്ടുവന്നു. കാലഹരണപ്പെട്ട, തികച്ചും കാലത്തിനാവശ്യമില്ലാത്ത, അടിയന്തരമായും ഇല്ലായ്മ ചെയ്യേണ്ട ഒന്നാണ് രാജവാഴ്ച എന്ന് ആവശ്യപ്പെട്ടുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സ്വീഡനും (SKP) കമ്മ്യൂണിസ്റ്റ് പാർട്ടിയും (K) മറ്റു വിവിധ ഗ്രൂപ്പുകളും രംഗത്തുവന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സ്വീഡൻ നേതാവായ ആന്ദ്രീയാസ് സോറെൻസൻ പറയുന്നതിങ്ങനെ,- “സ്വീഡനിലെ രാജവാഴ്ച ഭൂതകാലത്തിന്റെ അവശിഷ്ടമാണ്. അതിനിപ്പോൾ പ്രാതിനിധ്യപരമായ ചുമതലകൾ മാത്രമേയുള്ളൂ. എന്നിരുന്നാലും, അതൊരു പ്രത്യയശാസ്ത്രപരമായ ലക്ഷ്യം നിറവേറ്റുന്നുണ്ട്; അതായത് അതുമായി ചേർത്ത് വെച്ച് വായിക്കുവാൻ ജനങ്ങളെ ശീലിപ്പിക്കുകയും അതുകൊണ്ടുതന്നെ രാജ്യത്തിന്റെ അടയാളവുമായി അതു മാറുകയും ചെയ്യുന്നു. അത് വർഗ്ഗബോധത്തിന് തടസ്സം സൃഷ്ടിക്കുന്ന മൃദുവായ സങ്കുചിത ദേശസ്‌നേഹത്തിന് അവസരം നൽകുന്നു. തൊഴിലാളികളുടെ അധികാരത്തിൽനിന്നും ഉരുവംകൊള്ളുന്നതല്ലാത്ത എല്ലാതരം അധികാരരൂപങ്ങളെയും കമ്മ്യൂണിസ്റ്റുകാർ എതിർക്കുന്നു; അതുകൊണ്ടുതന്നെ എല്ലാ പരമ്പരാഗത അധികാര രൂപങ്ങളെയും കമ്മ്യൂണിസ്റ്റുകാർ എതിർക്കുന്നു. ജനാധിപത്യ സംവിധാനത്തിന്റെ രൂപങ്ങളൊന്നുമായുംതന്നെ പൊരുത്തപ്പെടാത്ത ഒന്നാണ് രാജവാഴ്ച; അതിനെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ എറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു”.
സെപ്റ്റംബർ 14ന് കമ്മ്യൂണിസ്റ്റ് പാർട്ടി സമൂഹമാധ്യമത്തിൽ പ്രസ്താവിച്ചതിങ്ങനെയാണ്, ‘രാജകൊട്ടാരം എന്നത് തികച്ചും ജനാധിപത്യവിരുദ്ധമായ, കാലഹരണപ്പെട്ട അതേസമയം ചെലവേറിയതായ ഒരു സ്ഥാപനമാണ്. ഒരു ജനാധിപത്യ സംവിധാനത്തിൽ ആരും ഏതെങ്കിലും ഒരു കാര്യാലയത്തിന് അധിപനായി ജനിക്കുന്നില്ല.
ഏതാണ്ട് ഒരു ഡസനോളം യൂറോപ്യൻ രാജ്യങ്ങളിൽ ഇപ്പോഴും ഭരണഘടനാപരമായ രാജവാഴ്ചകൾ തുടരുന്നുണ്ട്. ബ്രിട്ടൻ, സ്പെയിൻ, ബെൽജിയം, നെതർലാൻഡ്സ്, ലക്സംബർഗ്, അന്തോറ, മൊണാക്കോ, ലിക്റ്റൻസ്റ്റെയിൻ തുടങ്ങിയ രാജ്യങ്ങൾ അതിൽ ഉൾപ്പെടുന്നു. അതുപോലെതന്നെ നോർവേ, ഡെന്മാർക്ക്, സ്വീഡൻ തുടങ്ങിയ സ്കാൻഡിനേവിയൻ രാജ്യങ്ങളിലും രാജവാഴ്ച ഇപ്പോഴും തുടരുന്നു. ഈ രാജ്യങ്ങൾ പലതിലും രാജവാഴ്ചയ്ക്കെതിരായ ജനവികാരം പലപ്പോഴായി ഉയർന്നു വന്നിട്ടുണ്ട്. സ്പെയിനും ബെൽജിയവും അടക്കമുള്ള നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ രാജവാഴ്ച നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തൊഴിലാളി വർഗ്ഗത്താലും കമ്മ്യൂണിസ്റ്റുകാരാലും നയിക്കപ്പെടുന്ന റിപ്പബ്ലിക്കൻ വിഭാഗങ്ങൾ ക്യാമ്പയിനുകളുമായി മുന്നോട്ടുവന്നിരുന്നു. ഈ പ്രക്ഷോഭങ്ങളിൽ ഏറ്റവും പ്രധാനമായ ഒന്ന് കഴിഞ്ഞവർഷം ബ്രിട്ടനിൽ ചാൾസ് വിൻസറിന്റെയും ഭാര്യ ക്യാമിലയുടെയും കിരീടാരോഹണത്തിനെതിരായി ഉയർന്നു വന്ന പ്രക്ഷോഭമായിരുന്നു.
സ്വീഡനിൽ രാജാവിന് സുപ്രധാനമായ രാഷ്ട്രീയാധികാരങ്ങൾ ഒന്നുംതന്നെയില്ല എങ്കിലും നോബൽ സമ്മാനദാന ചടങ്ങ് അടക്കം വരുന്ന ഔദ്യോഗിക പരിപാടികളിലും ചടങ്ങുകളിലും രാഷ്ട്രത്തലവനായി അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിക്കുന്നു. 1000 വർഷങ്ങളോളം പഴക്കം ചെന്നതാണ് സ്വീഡനിലെ രാജവാഴ്ച. 1973 സെപ്റ്റംബർ 15 നായിരുന്നു നിലവിലെ രാജാവായ കിംഗ് കാറൽ ഗുസ്താഫ് പതിനാറാമന്റെ കിരീടാരോഹണം. ഇപ്പോൾ 50 വർഷം പിന്നിട്ടിരിക്കുന്നു. ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന രാജാക്കന്മാരുടെ പട്ടികയിലാണ് കാറൽ പാതിനാറാമനും ഉൾപ്പെടുക.
കാറൽ ഗുസ്താഫ് പതിനാറാമന്റെ കിരീടാരോഹണത്തിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് നടന്ന ഔദ്യോഗിക ചടങ്ങുകളിൽ സ്വീഡന്റെ തലസ്ഥാനനഗരിയിൽ സൈനിക പരേഡ് അടക്കം നടത്തിയിരുന്നു. ഡെന്മാർക്ക്, നോർവേ അടക്കമുള്ള വിവിധ രാജ്യങ്ങളിലെ രാജാക്കന്മാരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഈ സന്ദർഭത്തിൽ തന്നെയാണ് രാജവാഴ്ചയ്ക്ക് അന്ത്യംകുറിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ കമ്മ്യൂണിസ്റ്റുകാർ മുന്നോട്ടുവന്നത്. ♦