Saturday, November 9, 2024

ad

Homeലേഖനങ്ങൾഅമേരിക്കയിലെ ഐതിഹാസികമായ വാഹനനിർമ്മാണ തൊഴിലാളി പണിമുടക്ക്

അമേരിക്കയിലെ ഐതിഹാസികമായ വാഹനനിർമ്മാണ തൊഴിലാളി പണിമുടക്ക്

അഡ്വ ജി സുഗുണൻ

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക‐സൈനിക ശക്തിയാണ് അമേരിക്ക. വലിപ്പത്തിൽ നാലാമതാണ് ഈ രാജ്യം. ലോക രാഷ്ട്രങ്ങൾക്കിടയിൽ അമേരിക്കയുടെ സ്ഥാനം എന്തുകൊണ്ടും വളരെ പ്രധാനപ്പെട്ട ഒന്നാണ്. സാമ്പത്തികമായി ഏറെ പുരോഗമിച്ച ലോകരാജ്യങ്ങളിൽ ഒന്നാണ് അമേരിക്ക. ഉല്പാദന‐സേവന മേഖലയിൽ അമേരിക്കയോടൊപ്പം കിടനിൽക്കുന്ന വേറെ ഒരു രാജ്യമില്ല. ലോകത്തിൽ ഏറ്റവും ഉയർന്ന ജീവിതനിലവാരം അനുഭവിക്കുന്ന ജനതകളിൽ ഒന്നാണ് അമേരിക്കയിലേത്.

ലോകത്തിലെ സൂപ്പർ പവർ ആയി അറിയപ്പെടുമ്പോഴും ദാരിദ്ര്യം അമേരിക്ക നേരിടുന്ന ഒരു വെല്ലുവിളിയാണ്. ധനികരും ദരിദ്രരരും തമ്മിലുള്ള അന്തരം ഇവിടെ വലുതാണ്. കറുത്തവർഗ്ഗക്കാരും, തെക്കേഅമേരിക്കൻ വംശജരുമാണ് ദരിദ്രരിൽ ഭൂരിഭാഗവും. വിലക്കയറ്റവും തൊഴിലില്ലായ്മയും തൊഴിലാളികളുടെ അവകാശ നിഷേധവുമെല്ലാം മറ്റു മുതലാളിത്ത രാജ്യങ്ങളെപ്പോലെ അമേരിക്കയിലും ഇന്ന് സാർവ്വത്രികമാണ്. അതിന്റെ ഭാഗമായിത്തന്നെയാണ് വിവിധ വിഭാഗം ജനങ്ങൾ തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി ആ രാജ്യത്ത് പ്രക്ഷോഭരംഗത്ത് വന്നിട്ടുള്ളത്.

അമേരിക്കയിലും യൂറോപ്പിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലുമെല്ലാം ശക്തമായ പണിമുടക്കിലാണ് വിവിധ വിഭാഗം തൊഴിലാളികൾ. അമേരിക്കയിൽ നേരത്തെ തന്നെ തൊഴിലാളി യൂണിയനുകൾ സമരരംഗത്തുവന്നിരുന്നു. റെയിൽവേ തൊഴിലാളികൾ അവിടെ നടത്തിയ ഐതിഹാസികമായ സമരം ലോകശ്രദ്ധയാകർഷിച്ച ഒന്നായിരുന്നു. ലോകത്തിലെ സിനിമാ നിർമ്മാണ കേന്ദ്രമായ ഹോളിവുഡിൽ ഇപ്പോഴും സിനിമാ മേഖലയുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് കലാകാരരും, ജീവനക്കാരും തൊഴിലാളികളുമെല്ലാം സമരത്തിലാണ്.

ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമ്മാണ വ്യവാസായവും ഇന്ന് അമേരിക്കയിലാണ്. വാഹന നിർമ്മാണ വ്യവസായത്തിലെ പതിനായിരക്കണക്കിന് തൊഴിലാളികളാണ് ഈ രാജ്യത്ത് ഇപ്പോൾ വലിയ പ്രക്ഷോഭത്തിലേക്ക് കടന്നിരിക്കുന്നത്. അമേരിക്കയിലെ സമീപകാല ചരിത്രത്തിൽ വലിയ സ്ഥാനം പിടിച്ച വാഹന നിർമ്മാണ തൊഴിലാളി സമരം എല്ലാ നിലയിലും ശക്തമാകുകയാണ്. വാഹന കമ്പനികളുടെ സിരാകേന്ദ്രമായ ഡെട്രോയിറ്റ് നഗരത്തിൽ മൂന്ന് കമ്പനികളിലായി 13000 തൊഴിലാളികളാണ് കുറഞ്ഞ വേതനം, കരാർ റദ്ദാക്കൽ എന്നിവയ്‌ക്കെതിരെ തെരുവിലിറങ്ങിയിരിക്കുന്നത്.

തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ട വേതനം നിരസിച്ചതും, തൊഴിൽ കരാർ ഏകപക്ഷിയമായി റദ്ദാക്കിയതുമാണ് അവരെ സമരത്തിലേക്ക് നയിച്ചത്. മിസോറിയിലെ ജനറൽ മോട്ടോഴ്‌സ്, മിഷിഗണിലെ ഫോർഡ്, ഒഹിയോയിലെ സ്റ്റെലന്റീസ് ജീപ്പ് എന്നീ കമ്പനികളിലെ തൊഴിലാളികളുടെ സംയുക്ത സംഘടനകളാണ് പണിമുടക്ക് നടത്തുന്നത്. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് യൂണിയനുകൾ അറിയിച്ചിരിക്കുന്നത്.

നിലവിൽ ലഭിക്കുന്ന വേതനം വർധിപ്പിക്കുക, കരാർ നീട്ടിനൽകുക എന്നിവയാണ് തൊഴിലാളികൾ മുന്നോട്ടുവയ്ക്കുന്ന ആവശ്യം. കമ്പനികൾ തൊഴിലാളികളെ ചൂഷണം ചെയ്ത് കൊള്ളലാഭം നേടുന്നതായും മുതലാളിമാർ ക്രമക്കേട് നടത്തി കൊടിക്കണക്കിന് രൂപ സ്വന്തമാക്കുന്നതായും തൊഴിലാളികൾ പറയുന്നു. ജീവിതച്ചെലവ് വർധിച്ച സാഹചര്യത്തിൽ വർഷങ്ങളായി തുടർന്നുവരുന്ന വേതനം പരിഷ്കരിക്കണമെന്ന ആവശ്യം കമ്പനികൾ നിരാകരിച്ചുവെന്നും നേതാക്കൾ പറഞ്ഞു. തങ്ങളുടെ ആവശ്യം അംഗീകരിക്കാത്ത പക്ഷം സമരം മറ്റ് പ്ലാന്റുകളിലേക്കും വ്യാപിപ്പിക്കുമെന്നും നേതാക്കൾ പറയുന്നു.

കമ്പനികളുമായുള്ള കരാർ അവസാനിച്ചതിന്റേ തൊട്ടടുത്ത ദിവസം മുതലാണ് സമരം ആരംഭിച്ചത്. വാഹന നിർമ്മാതാക്കൾ ജ്വലന വാഹനങ്ങൾക്ക് പകരം വൈദ്യുതി വാഹന നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതും പണിമുടക്കിന് കാരണമായിത്തീർന്നുവെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. സമരം അമേരിക്കൻ വാഹന വ്യവസായത്തിന്റെ ഭാവിക്ക് ചോദ്യ ചിഹ്നം ഉയർത്തിയിരിക്കുകയാണ്.

തൊഴിലാളി സൗഹൃദ നിലപാടുമായി അധികാരത്തിലേറിയ ജോ ബൈഡന്റെ ഭരണകാലത്ത് നടക്കുന്ന ഈ വാഹന തൊഴിലാളിസമരം അമേരിക്കൻ വാഹന വിപണിയെ ദോഷകരമായി ബാധിച്ചേക്കും. അമേരിക്കയുടെ ചരിത്രത്തിൽ ട്രേഡ് യൂണിയനുകളോട് ഏറ്റവും അനുകൂല നിലപാട് എടുക്കുന്ന പ്രസിഡന്റായാണ് ജോ ബൈഡൻ സ്വയം വിശേഷിപ്പിക്കുന്നത്. സമരം നീണ്ടുപോയാൽ അടുത്തുവരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിഷയം ചർച്ചയാകുമെന്ന ആശങ്ക സർക്കാരിനുണ്ട്. അമേരിക്കയിലാകെ വാഹന നിർമ്മാണ മേഖലയിൽ 60 തൊഴിലാളി യൂണിയനുകളിലായി 1.25 കോടി അംഗങ്ങളാണുള്ളത്. യൂണിയനുകളിലെ ഫെഡറേഷൻ ആയ എഎഫ്എൽസിഐഒയും സമരത്തിന് അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

വാഹനനിർമ്മാണമേഖലയുടെ പ്രവർത്തനം ഒന്നടങ്കം നിശ്ചലമാക്കിയ പ്രക്ഷോഭം തുടരുമെന്നും, എന്നാൽ ചർച്ചക്ക് തയ്യാറാണെന്നും തൊഴിലാളി യൂണിയനുകൾ വ്യക്തമാക്കിയിട്ടുണ്ട്. ജനറൽ മോട്ടേഴ്സ്, ഫോർഡ് മോട്ടേഴ്സ്, ക്രിസ്ലർ മാതൃസ്ഥാപനമായ സ്റ്റെല്ലാന്റീസ് എന്നിവിടങ്ങളിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആകെ നിലച്ചിട്ടുള്ളത്. തൊഴിലാളികളുമായുള്ള ചർച്ച പുനരാരംഭിക്കാൻ പദ്ധതി ഇട്ടിട്ടുണ്ടെന്ന് യുണൈറ്റഡ് മോട്ടോ വർക്കേഴ്സ് യൂണിയൻ അറിയിച്ചു. വാഹന തൊഴിലാളികളും കാർ നിർമ്മാതാക്കളും തമ്മിലുള്ള തൊഴിൽ തർക്കം പരിഹരിക്കാൻ സഹായിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തന്റെ സംഘത്തിലെ രണ്ട് അംഗങ്ങളെ ചുമതലപ്പെടുത്തിട്ടുണ്ട്.

വിലക്കയറ്റം രൂക്ഷമായതോടെ വേതന വർദ്ധന ആവശ്യപ്പെട്ടാണ് പ്രക്ഷോഭം ആരംഭിച്ചത്. മോട്ടോർ തൊഴിലാളികളുടെ മൗലികമായ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മൂന്ന് ഫാക്ടറികളിലെ 1.46 ലക്ഷം തൊഴിലാളികളും പണിമുടക്കുമെന്നും യൂണിയനുകൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഫോർഡ് മോട്ടേഴ്സുമായി നടന്ന ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് യുണൈറ്റഡ് മോട്ടോർ വർക്കേഴ്സ് യൂണിയൻ അറിയിച്ചു. ജനറൽ മോട്ടേഴ്സ്, സ്റ്റെല്ലാന്റീസ് എന്നിവരുമായി കരാറിൽ എത്താൻ യൂണിയൻ ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്. സ്‌റ്റെല്ലാന്റീസ് വേതനത്തിൽ 20% വർദ്ധനയും കരാറിൽ എതറ്റൊലുടൻ 10% വർദ്ധനവും നൽകാമെന്ന് നിർദ്ദേശം വച്ചിട്ടുണ്ട്. എന്നാൽ ഇത് യൂണിയൻ ആവശ്യപ്പെടാൻ നേരത്തെ തീരുമാനിച്ചിട്ടുള്ള 40% വർദ്ധനവിന്റെ പകുതി മാത്രമാണ്.

അമേരിക്കയിലെ മോട്ടോർ വാഹന നിർമ്മാണ പണിമുടക്കിന് ജനപിന്തുണ ഏറിവരികയാണ്. വിവിധ ഇടങ്ങളിലെ സമര കേന്ദ്രങ്ങളിൽ എത്തി അമേരിക്കൻ എംപിമാർ ഉൾപ്പടെയുള്ളവർ അഭിവാദ്യം അർപ്പിച്ചു. സ്‌റ്റെല്ലാന്റീസ് കമ്പനിയുമായുള്ള ചർച്ച തുടരുമെന്ന് സമരം നയിക്കുന്ന യുണൈറ്റ് ആട്ടോ വർക്കേഴ്സ് യൂണിയൻ പറഞ്ഞു. ചർച്ച ഫലപ്രദമായില്ലെങ്കിൽ സമരം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും യൂണിയൻ നേതാക്കൾ പറഞ്ഞിട്ടുണ്ട്. 36% വേതന വർദ്ധന, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ, തൊഴിൽ സുരക്ഷയും പെൻഷനും ഉറപ്പാക്കുക തുടങ്ങിയവയാണ് യൂണിയനുകൾ മുന്നോട്ടുവച്ചിട്ടുള്ള ആവശ്യങ്ങൾ.

അമേരിക്കയിൽ നടക്കുന്ന വമ്പിച്ച തൊഴിലാളി പ്രക്ഷോഭത്തോടൊപ്പം തന്നെ ബ്രിട്ടൻ, ഓസ്ട്രിയ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം വിവിധ വിഭാഗം തൊഴിലാളികൾ തങ്ങളുടെ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള വൻ പ്രക്ഷോഭത്തിലാണ്. ബ്രിട്ടനിൽ രാജ്യത്തെ എല്ലാ വിഭാഗം തൊഴിലാളികളും യോജിച്ചു നടത്തിയ രാജ്യവ്യാപകമായ പണിമുടക്ക് ഐതിഹാസികമായ ഒന്നുതന്നെയായിരുന്നു.

വൻകിട കുത്തകകളുടെയും പടുകൂറ്റൻ വ്യവസായികളുടെയും രാജ്യമായ അമേരിക്കയിൽ നടക്കുന്ന മോട്ടോർ വാഹന നിർമ്മാണ തൊഴിലാളി സമരം ലോകശ്രദ്ധയാകെ ആകർഷിച്ചിരിക്കുകയാണ്. തൊഴിലാളികൾ ഉയർത്തുന്ന ജീവൽ പ്രധാനമായ ആവശ്യങ്ങൾക്കുനേരെ നിഷേധാത്മകമായ സമീപനം തുടരാൻ മോട്ടോർ വ്യവാസായിക രംഗത്തെ വൻകിട കുത്തകകൾക്ക് കഴിയുമെന്ന് തോന്നുന്നില്ല. അമേരിക്കയിലും, ലോകത്തൊട്ടാകെയുമുള്ള തൊഴിലാളികളുടെയും യൂണിയനുകളുടെയും ശക്തമായ പിന്തുണ ഇതിനകം തന്നെ അമേരിക്കയിലെ വാഹന നിർമ്മാണ തൊഴിലാളികൾക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ സമരം രമ്യമായി ഒത്തുതീർക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും കൂട്ടാളികൾക്കും രംഗത്തിറങ്ങേണ്ടിവരുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen − 14 =

Most Popular