‘സത്യമല്ല വിഷയം, വിജയമാണ്’ (It is not truth that matters, but victory) എന്ന വാചകം അഡോൾഫ് ഹിറ്റ്‌ലർ ആത്മകഥയുടെ‐ മെയ്‌ൻകാംഫ് ആമുഖത്തിൽ പറയുന്നതാണ്. ഹിറ്റ്‌ലർ ഇത് ആപ്‌തവാക്യംപോലെ ജീവിതത്തിലുടനീളം പിന്തുടരുകയും ചെയ്‌തിരുന്നു. 1933ൽ ജർമനിയിൽ അധികാരത്തിയതിനുശേഷം സ്വന്തം മന്ത്രിസഭയിൽ ജോസഫ് പോൾ ഗീബൽസ് എന്ന പ്രചാരണവിഭാഗം മന്ത്രിയെ നിയോഗിക്കുകയും ചെയ്‌തു. ഒരു കള്ളം ആവർത്തിച്ചുകൊണ്ടേയിരുന്നാൽ, അത് സത്യമായി മാറും എന്ന തത്വശാസ്‌ത്രം മുന്നോട്ടുവച്ചയാളായിരുന്നു ഗീബൽസ്. നുണകൾ ആവർത്തിച്ചു പറയുക മാത്രമല്ല, അതു കേൾവിക്കാരെ വൈകാരികമായി ഉണർത്തുന്നതായിരിക്കണം. ചില ഒരേതരം ശൈലികൾ ആവർത്തിച്ച് ഉപയോഗിക്കണം. ഏതു വിഷയത്തിന്റേയും ഒരു ഭാഗം മാത്രമേ പറയാവൂ. എതിരാളികളെ തുടർച്ചയായി വിമർശിച്ചുകൊണ്ടിരിക്കണം. ഗീബൽസിന്റെ ഈ സിദ്ധാന്തം ശിരസാ വഹിച്ചുകൊണ്ടാണ് ഹിറ്റ്‌ലർ തന്റെ പ്രസംഗങ്ങൾ ചിട്ടപ്പെടുത്തിയിരുന്നത്. സമാനമായ രൂപത്തിൽ കള്ളങ്ങൾ ആവർത്തിച്ചു പറഞ്ഞ് ജനങ്ങളെ കൈയിലെടുക്കുക എന്ന തന്ത്രമാണ് നരേന്ദ്രേമോദിയും പയറ്റിക്കൊണ്ടിരിക്കുന്നത്. ഹിറ്റ്‌ലറുടെ പ്രസംഗരീതി, ഉപയോഗിക്കുന്ന ഭാഷ, ഭാഷയിലെ കയറ്റിറക്കങ്ങൾ‐ എല്ലാം ഏതാണ്ട് അതേപടി മോദിയും പറയാറുണ്ട്.
ഹിറ്റ്‌ലർക്കും മോദിക്കും പഥ്യം പ്രസംഗം
എഴുത്തിലൂടെയല്ല, പ്രസംഗങ്ങളിലൂടെയാണ് ആളുകളെ കൂടുതൽ സ്വാധീനിക്കാൻ കഴിയുക എന്ന് ഹിറ്റ്‌ലർ വിശ്വസിച്ചിരുന്നു. ലോകത്തെ ഏതു മഹാപ്രസ്ഥാനവും എഴുത്തുകാരേക്കാൾ കൂടുതൽ കടപ്പെട്ടിരിക്കുന്നത് പ്രഭാഷകരോടാണെന്നതായിരുന്നു ഹിറ്റ്‌ലറുടെ പക്ഷം. അതുകൊണ്ട് റേഡിയോ പ്രഭാഷണങ്ങൾ നടത്തുന്നതിൽ ഹിറ്റ്‌ലർ സവിശേഷ ശ്രദ്ധ പുലർത്തിയിരുന്നു. നരേന്ദ്രമോദിയുടെ വാക്കുകളും പ്രസംഗങ്ങളും പ്രവൃത്തികളുമെല്ലാം സൂക്ഷ്‌മമായി പരിശോധിച്ചാൽ ഹിറ്റ്‌ലറുടെ ഒരു രണ്ടാം എഡിഷനാണ് മോദി എന്നു നമുക്ക് മനസ്സിലാകും. 1933ൽ ജർമനിയുടെ അധികാരസ്ഥാനത്തേക്കു വന്ന ആദ്യമേതന്നെ ഹിറ്റ്‌ലർ ചെയ്‌തത് നാസി പാർട്ടിയെ സ്വന്തം വരുതിക്കു നിർത്താനുള്ള നടപടികളായിരുന്നു. ഹിറ്റ്‌ലറില്ലാത്ത നാസി പാർട്ടി വട്ടപ്പൂജ്യമാണെന്നായിരുന്നു ഹിറ്റ്‌ലർ പറഞ്ഞുകൊണ്ടിരുന്നതും. 2014ൽ അധികാരത്തിലെത്തിയതു മുതൽ നരേന്ദ്രമോദിയും പറഞ്ഞുകൊണ്ടിരിക്കുന്നതും ആളുകളെ വിശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതും ഇതുതന്നെയാണ്. മോദിയില്ലാത്ത ബിജെപി ഒന്നുമല്ല എന്നതാണ് മോദിയുടെ ആപ്തവാക്യവും പ്രചാരണരീതിയും. അധികാരമേറ്റ് ഏറെ കഴിയുന്നതിനു മുമ്പുതന്നെ ബിജെപി എന്നാൽ മോദി എന്ന സമവാക്യം അദ്ദേഹം രൂപപ്പെടുത്തിയെടുത്തു. അത് ബിജെപിയുടെ മറ്റു നേതാക്കളെക്കൊണ്ടും പ്രവർത്തകരെക്കൊണ്ടും ഏറ്റുപറയിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. അതുകൊണ്ടാണ് ഈ പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്തും മോദിയിലേക്ക് പ്രചാരണം ഏകോപിപ്പിക്കുന്നത്. പ്രചാരണവാക്യം തന്നെ ‘മോദി കി ഗ്യാരന്റി’ എന്നാക്കി മാറ്റി. ബിജെപിയെ വീണ്ടും ജയിപ്പിക്കണം എന്നല്ല അവർ പറയുന്നത് മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം എന്നാണ്.
ആളുകളെ അത്ഭുതപരതന്ത്രരാക്കുന്ന വാഗ്‌ദാനങ്ങളിലും പ്രഖ്യാപനങ്ങളിലും വരെ ഒരു ‘ഹിറ്റ്‌ലർ ടച്ച്’ മോദിയിൽ കാണാൻ കഴിയും. ജൂതന്മാരെ വംശീയമായിത്തന്നെ ഇല്ലാതാക്കിയാലേ ജർമനിയിൽ വംശശുദ്ധി യാഥാർഥ്യമാകൂ എന്നാണ് ഹിറ്റ്‌ലർ പറഞ്ഞുകൊണ്ടിരുന്നത്. അതുകൊണ്ട് 60 ലക്ഷം ജൂതന്മാരെ കൊന്നൊടുക്കുന്നതിനുള്ള ഗ്യാസ് ചേംബറുകൾ ഒരുക്കുകയാണ് ഹിറ്റ്‌ലർ ചെയ്‌തത്. ജൂതന്മാർ ഇങ്ങനെ കൊന്നൊടുക്കപ്പെടേണ്ടവരാണെന്ന ധാരണ ജർമൻകാരിലാകെ പടർത്തിവിടുന്നതിനു വേണ്ടിയായിരുന്നു ഹിറ്റ്‌ലർ തന്റെ പ്രചാരണവിഭാഗം മന്ത്രിയായിരുന്ന ജോസഫ് പോൾ ഗീബൽസിനെക്കൊണ്ട് ജൂതവിദ്വേഷം പ്രചരിപ്പിക്കുന്ന ചലച്ചിത്രമെടുക്കാൻ തീരുമാനിച്ചത്. ഹിറ്റ്‌ലറുടെ ആജ്ഞയനുസരിച്ച് പ്രചാരണമന്ത്രാലയത്തിന്റെ കീഴിൽ ഫ്രിറ്റ്‌സ് ഹിപ്‌ലർ (Fritz Hippler) എന്നയാൾ ‘ദി ഇറ്റേണൽ ജ്യൂ’ (The Eternal Jew) എന്ന ചിത്രം നിർമിച്ചു പ്രദർശിപ്പിക്കുകയും ചെയ്‌തു. ജർമനിയിലെ 60 ലക്ഷം ജൂതന്മാർ കൊല്ലപ്പെടേണ്ടവരാണെന്ന ബോധം ജർമൻ ജനതയിൽ സൃഷ്ടിക്കാൻ വലിയതോതിൽ ഈ ചിത്രത്തിനു കഴിഞ്ഞു എന്നാണ് ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ നിരീക്ഷിച്ചിട്ടുള്ളത്. ഇതിന്റെ മോദിപതിപ്പാണ് ഇന്ത്യയിൽ കഴിഞ്ഞയാഴ്‌ച ദൂരദർശനിൽ വരെ പ്രദർശിപ്പിക്കപ്പെട്ട ‘ദ കേരളാ സ്‌റ്റോറി’ (The Kerala Story) എന്ന ചിത്രം. ‘ലൗ ജിഹാദി’ന്റെ പേരിൽ ഹിന്ദു‐ക്രിസ്‌ത്യൻ യുവതികളെ പ്രണയം നടിച്ച് മതംമാറ്റി ഇസ്ലാമിക് സ്‌റ്റേറ്റ് (IS) പോലുള്ള ഭീകരസംഘടനയിൽ എത്തിക്കുന്നുവെന്ന വ്യാജപ്രചാരണമാണ് ഈ ചിത്രംവഴി നടത്തിയത്. രാജ്യത്തിന്റെ ഐക്യവും ഭദ്രതയും, മതമൈത്രിയും, പുരോഗതിയും ലക്ഷ്യമാക്കി പ്രവർത്തിക്കുമെന്ന് നിയമപരമായി പ്രതിജ്ഞയെടുത്തിട്ടുള്ള കേന്ദ്രസർക്കാർ സ്ഥാപനമായ ദൂരദർശൻ വഴി മതസ്‌പർധയുണ്ടാക്കുന്ന ഈ ചിത്രം പ്രദർശിപ്പിക്കാൻ മോദി തയ്യാറായി എന്നതാണ് ഏറെ ഗൗരവമായ കാര്യം.
യാഥാർഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങൾ
ഹിറ്റ്‌ലർ അധികാരം കൈയടക്കിയതിനുശേഷം ആദ്യം നടത്തിയ പ്രസ്‌താവനകളിൽ ഒന്നായിരുന്നു ‘ഇനി ആയിരം കൊല്ലം ജർമനി ഭരിക്കുന്നത് നാസി പാർട്ടി ആയിരിക്കും’ എന്നത്. എന്നാൽ കേവലം 12 കൊല്ലം മാത്രമേ ഹിറ്റ്‌ലർക്കും നാസി പാർട്ടിക്കും അധികാരത്തിൽ തുടരാൻ കഴിഞ്ഞുള്ളൂ എന്നതാണ് ചരിത്രം. രണ്ടാംലോക യുദ്ധത്തിന്റെ അവസാനം 1945 ഏപ്രിൽ 30ന് സോവിയറ്റ് ചെമ്പട പിടികൂടും എന്നുറപ്പായപ്പോൾ ഹിറ്റ്‌ലർ സ്വയം വെടിവച്ചു മരിക്കുകയായിരുന്നു. ഇതിനു തൊട്ടു തലേദിവസം മാത്രം തന്റെ ഭാര്യയായി അംഗീകരിച്ച ഈവ ബ്രൗൺ (അതുവരെ ഈവ ബ്രൗണിന് കാമുകി എന്ന പദവിയേ ഹിറ്റ്‌ലർ നൽകിയിരുന്നുള്ളൂ) സയനൈഡ് ഗുളിക കഴിച്ചാണ് ആത്മഹത്യ ചെയ്‌തത്. ഹിറ്റ്‌ലറുടെ നാസി പാർട്ടിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന പ്രസ്സുകളെല്ലാം സഖ്യശക്തികൾ പൂട്ടിക്കെട്ടി. ജർമനിയിലെ ഫ്‌ളെൻസ്‌ബർഗി (Flensburg)ലുണ്ടായിരുന്ന ഹിറ്റ്‌ലറുടെ റേഡിയോ സ്‌റ്റേഷനും പിടിച്ചെടുത്തു. ഹിറ്റ്‌ലറുടെ നിരുപാധിക കീഴടങ്ങലിന്റെ വാർത്തയായിരുന്നു ഈ റേഡിയോ സ്‌റ്റേഷനിലൂടെ 1945 മെയ് 9ന് പ്രക്ഷേപണം ചെയ്‌ത അവസാന വാർത്ത. ഇതിനുശേഷം റേഡിയോ സ്‌റ്റേഷൻ നിശബ്ദമാവുകയായിരുന്നു. മോദിയാകട്ടെ 2014 മെയ് 26ന് പ്രധാനമന്ത്രിയായതിനുശേഷം 2024 ഫെബ്രുവരി വരെ 2300ലേറെ പ്രസംഗങ്ങൾ നടത്തി. ഇതിനു പുറമേ ‘മൻ കി ബാത്ത്’ എന്ന പേരിൽ 110 പ്രഭാഷണങ്ങൾ റേഡിയോയിലൂടെയും നടത്തുകയുണ്ടായി. റേഡിയോ പ്രഭാഷണങ്ങളിൽ ഏറെ അഭിരമിച്ചിരുന്നയാളായിരുന്നു ഹിറ്റ്‌ലർ. ‘ജർമനി കോളിങ്ങ്’ (Germany calling) എന്ന പേരിലായിരുന്നു ഹിറ്റ്‌ലർ റേഡിയോ പ്രഭാഷണം നടത്തിയിരുന്നത്. മൻ കി ബാത്ത് പ്രഭാഷണങ്ങളിൽ മോദി പലപ്പോഴും തീരെ പ്രാദേശികമായ ചില സംഭവങ്ങളെപ്പറ്റിയും വ്യക്തികളെപ്പറ്റിയുമൊക്കെ പരാമർശിക്കുന്നതു കാണാം. ഈ പാഠങ്ങൾ മോദി പഠിച്ചതും ഹിറ്റ്‌ലറിൽനിന്നായിരുന്നു.
പ്രതിച്ഛായനിർമാണം പ്രസംഗത്തിൽ
പൊതുവേദികളിലെ പ്രസംഗങ്ങളെയാണ് വളരെ കൃത്യമായി, സ്വന്തം പ്രതിച്ഛായയും ആശയങ്ങളും പ്രചരിപ്പിക്കാൻ മോദി ഉപയോഗിക്കുന്നത്. ഹിറ്റ്‌ലർ പ്രയോഗിച്ച രീതിതന്നെയാണിത്. പൊതു ഇടങ്ങളിൽ തന്റെ രൂപഭാവങ്ങൾക്ക് സവിശേഷത ഉണ്ടാകണമെന്നും പെട്ടെന്നുതന്നെ തന്റെ സാന്നിധ്യം ശ്രദ്ധിക്കപ്പെടണമെന്നും ഹിറ്റ്‌ലർക്കും നിർബന്ധമുണ്ടായിരുന്നു. ‘ടൂത്ത് ബ്രഷ് മീശ’യെന്നു വിളിക്കപ്പെട്ട സവിശേഷരീതിയിലുള്ള മീശ ഹിറ്റ്‌ലർ വച്ചത് പൊതുയിടങ്ങളിലെ തന്റെ സാന്നിധ്യം പ്രത്യേകമായി ശ്രദ്ധിക്കപ്പെടുന്നതിനുവേണ്ടിയായിരുന്നു എന്ന നിരീക്ഷണങ്ങളുണ്ട്. ജർമൻകാർ അത്തരം മീശയോടും വലിയ പ്രതിപത്തി കാട്ടാതിരുന്ന സന്ദർഭത്തിലാണ് ഹിറ്റ്‌ലർ ഇങ്ങനെയൊരു മീശകൊണ്ട് സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കാൻ ശ്രമിച്ചത്. മോദിയാകട്ടെ പറ്റെ വെട്ടിയൊതുക്കിയ താടിയും മീശയും തന്റെ വ്യക്തിത്വത്തിന്റെ ഭാഗം തന്നെയാണ് എന്ന ധാരണ പരത്താൻ ശ്രമിക്കുന്നു. എന്നും കുറ്റിത്താടിയും മീശയുമായി പ്രത്യക്ഷപ്പെടുന്നതിന് മോദി പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നുണ്ട്.
ഹിറ്റ്‌ലറുടെ അടുത്ത സുഹൃത്തായിരുന്ന ആഗസ്‌ത് കുബിസെക് (Eugust Kubizek) ഹിറ്റ്‌ലറുടെ പ്രഭാഷണരീതികളെപ്പറ്റി എഴുതിയിട്ടുണ്ട്. കുബിസെക് പറയുന്നത് ഹിറ്റ്‌ലർ പ്രസംഗവേദിയിലെത്തിയാൽ ചുരുങ്ങിയത് 20 സെക്കൻഡെങ്കിലും നിശബ്ദനായിരിക്കും. ഈ സമയംകൊണ്ട് പ്രേക്ഷകരെ ഉഴിയുന്ന കർമമായിരിക്കും ചെയ്യുക. പിന്നീട് മടിച്ചുമടിച്ചെന്ന വണ്ണമാണ് പ്രസംഗത്തിലേക്ക് കടക്കുന്നത്. പ്രസംഗം മൂന്ന് മിനിട്ട് കഴിയുന്നതോടെ ഒച്ചകൂട്ടും. പ്രസംഗം പതിനഞ്ചു മിനിട്ടെങ്കിലും ആകുന്നതോടെ ശരീരഭാഷ മാറും. ശരിക്കും കൈകളും തലയും കണ്ണുകളും അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിക്കും. മുഖഭാവങ്ങൾ പറയുന്ന കാര്യത്തിന്റെ സ്വഭാവത്തിനനുസരിച്ച് മാറ്റും. ചിലപ്പോൾ അത്ഭുതം, മറ്റു ചിലപ്പോൾ ഗൗരവം, പിന്നെയും ചില സന്ദർഭങ്ങളിൽ മ്ലാനത. ഇങ്ങനെ വിവിധ ഭാവങ്ങളിലൂടെ പ്രേക്ഷകരെ തന്നിലേക്ക് അടുപ്പിക്കാൻ ശ്രമിക്കും. ചിലപ്പോൾ കൈകൾ അന്തരീക്ഷത്തിലേക്കുയർത്തി പ്രേക്ഷകരോട് ചോദ്യങ്ങൾ ചോദിക്കും. അവരെക്കൊണ്ട് ഉത്തരങ്ങൾ പറയിപ്പിക്കാൻ ശ്രമിക്കും. ഹിറ്റ്‌ലറെ ആശയപരമായി എതിർക്കുന്നവർപോലും അദ്ദേഹം സൃഷ്ടിക്കുന്ന വൈകാരിക ഉത്മത്തതയുടെ ആവേശ കുത്തൊഴുക്കിൽപെട്ടുപോകുമായിരുന്നു.
പ്രേക്ഷകരെയും കേൾവിക്കാരെയും തന്നിലേക്ക് അടുപ്പിക്കുന്നതിനുവേണ്ടി ഹിറ്റ്‌ലർ കൂടെക്കൂടെ ആവേശംകൊള്ളിക്കുന്ന വാക്കുകൾ ഉപയോഗിക്കുമായിരുന്നു. കേൾവിക്കാരിൽ വ്യാജമായ ഒരാശയക്കുഴപ്പം സൃഷ്ടിക്കുന്നതിലും ഹിറ്റ്‌ലർ ഏറെ ശ്രദ്ധിച്ചിരുന്നു. അതുവഴി, അധാർമികമായ കാര്യമാണു ചെയ്യുന്നതെങ്കിലും, മറ്റൊരു പോംവഴിയും ഇല്ലായിരുന്നു എന്ന ബോധം സൃഷ്ടിക്കാൻ ഹിറ്റ്‌ലർക്ക് കഴിഞ്ഞിരുന്നു.
ഭാഷാപ്രയോഗത്തിൽ നാടകീയത
ഭാഷാപ്രയോഗത്തിൽ അത്യന്തം നാടകീയത സൃഷ്ടിക്കുന്നതിലും ഹിറ്റ്‌ലർ സവിശേഷ ശ്രദ്ധപുലർത്തിയിരുന്നു. സംഭാഷണങ്ങളിൽ ഭാഷയുടെ ഉയർച്ച‐താഴ്‌ചകൾ കൊണ്ടുവരുന്നത് ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. നാടകീയമായ ശബ്ദപ്രസരണം, ഇടയ്‌ക്ക് നിർത്തൽ, ശബ്ദത്തിന്റെ സ്വരഭേദം എന്നിവയെല്ലാം ആലോചിച്ചുറപ്പിച്ച മട്ടിൽ പ്രസംഗത്തിൽ ഉൾപ്പെടുത്തുമായിരുന്നു. ആകാശത്തിലേക്കുള്ള മുഷ്ടിചുരുട്ടൽ, പ്രസംഗപീഠത്തിൽ കൈകൾകൊണ്ടു നടത്തുന്ന അടി എന്നിവയിലും ഹിറ്റ്‌ലർ ശ്രദ്ധിച്ചിരുന്നു. ഹിറ്റ്‌ലർ പ്രസംഗങ്ങളെല്ലാം മുൻകൂട്ടിത്തന്നെ തയ്യാറാക്കുകയും റിഹേഴ്‌സൽ നടത്തുകയും ചെയ്‌തിരുന്നു. ഇത്തരത്തിൽ പ്രസംഗങ്ങളിൽ മോദി റിഹേഴ്‌സൽ നടത്തുന്നതായി റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. എന്നാൽ പ്രസംഗകലയിൽ ആദ്യന്തം ഹിറ്റ്‌ലറെ അനുകരിക്കുന്ന രീതിയാണ് മോദി പിന്തുടരുന്നത്.
ബിജെപി എന്ന പാർട്ടിയെ മോദി എന്ന നേതാവിലേക്ക് ചുരുക്കിയെടുക്കാൻ, ഹിറ്റ്‌ലറെപ്പോലെ, മോദിക്കും കഴിഞ്ഞിട്ടുണ്ട്. നാസി പാർട്ടി മൈനസ് ഹിറ്റ്‌ലർ വട്ടപ്പൂജ്യമാണെന്നാണു പറഞ്ഞിരുന്നതെങ്കിൽ, ഇവിടെ ബിജെപി മൈനസ് മോദി ഒന്നുമല്ല എന്ന നിലയിലെത്തിച്ചിട്ടുണ്ട്. ആയിരം വർഷം നാസി പാർട്ടിയായിരുന്നും ജർമനി ഭരിക്കുകയെന്ന ഹിറ്റ്‌ലറുടെ വീന്പുപറച്ചിൽ ഓർമിപ്പിക്കുന്ന മട്ടിലാണ് മോദി ഇപ്പോൾ 2047ൽ ഇന്ത്യയെ ലോകത്തെ നന്പർ വൺ ആക്കുമെന്നു പറഞ്ഞുകൊണ്ടിരിക്കുന്നത്. ആ വർഷംവരെ മോദിയുടെയോ ബിജെപിയുടെയോ അവസ്ഥ എന്തായിരിക്കുമെന്ന് ആർക്കും ഉറപ്പുള്ള കാര്യമല്ലല്ലോ.
ഹിറ്റ്‌ലറെപ്പോലെ തന്നെ മോദിയും പ്രസംഗവേദിയിലെത്തിയാൽ സെക്കൻഡുകൾ മൗനം ദീക്ഷിച്ചതിനുശേഷമായിരി്ക്കും പ്രസംഗത്തിലേക്കു കടക്കുക. പ്രേക്ഷകരെല്ലാവരും തന്റെ ഹൃദയത്തോടു ചേർന്നിരിക്കുന്നവരാരെണന്ന വ്യാജബോധം സൃഷ്ടിക്കുന്നതിനുവേണ്ടി പ്രസംഗം ആരംഭിക്കുന്നതുതന്നെ ‘മേരേ പ്യാരേ ദേശ്‌വാസിയോം’ എന്നു സംബോധന ചെയ്‌തുകൊണ്ടാണ്. പ്രസംഗത്തിനിടയ്‌ക്ക് പുട്ടിനു പീര ഇടുന്നതുപോലെ ‘മേരേ സാത്ഥിയോം’ എന്നും ‘ഭായിയോം ബഹനോം’ എന്നുമൊക്കെ ആവർത്തിച്ചു പറയാറുണ്ട്. തന്റെ കൂടെയുള്ളവർ, അല്ലെങ്കിൽ കുടുംബത്തിലുള്ളവർ തന്നെയാണ് പ്രേക്ഷകരും ശ്രോതാക്കളും എന്ന വ്യാജ ബോധനിർമിതിയാണ് ഇതിലൂടെ ചെയ്യുന്നത്. ‘കത്വ’യിലും ‘ഉന്നാവി’ലും ഹത്രാസിലും മണിപ്പൂരിലുമൊക്കെ പീഡിപ്പിക്കപ്പെട്ട കൊച്ചുപെൺകുട്ടികളുടെ കാര്യത്തിൽ ഒരിറ്റു കണ്ണീരുപോകട്ടെ, ഒരു വാക്കു പറഞ്ഞെങ്കിലും വേദനിക്കാൻ തയ്യാറാകാത്ത മോദി ‘ബഹനോം’ എന്ന് സംബോധനചെയ്യുന്നത് ആരെയാണ്? 2002 ഗുജറാത്ത് കലാപത്തിൽ കൂട്ടബലാത്സംഗത്തിനിരയായ ബിൽക്കീസ് ബാനോ കേസിൽ ശിക്ഷിക്കപ്പെട്ട ആർഎസ്‌എസ് സാമൂഹ്യവിരുദ്ധരെ ജയിലിൽനിന്ന് മോചിപ്പിക്കാൻ ഒത്താശ ചെയ്‌ത മോദി ‘ബഹനോം’ എന്നു വിളിക്കുന്നത് ആരെയാണ്? ബീഫിന്റെ പേരിൽ കൊലചെയ്യപ്പെട്ട നസീം ഖുറേഷിയുടെയും മുഹമ്മദ് അഖ്‌ലാക്കിന്റെയുമൊക്കെ പ്രേതങ്ങളുടെ നടുവിൽനിന്ന് മോദിക്ക് എങ്ങനെയാണ് ‘ഭായിയോം’ എന്നു സംബോധന ചെയ്യാൻ കഴിയുക? ഇസ്മാം മതവിദ്വേഷം പ്രകടിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമം (CAA) തിടുക്കപ്പെട്ടു നടപ്പാക്കുന്ന മോദിക്ക് എങ്ങനെ ‘ഭായിയോം’ എന്നു വിളിക്കാൻ കഴിയും? അതിനർഥം മോദി പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ഒരു ബന്ധവുമില്ലെന്നാണ്.
തെറ്റുകൾ വരുത്തുന്നതിലും ഹിറ്റ്‌ലർ മാതൃക
ഹിറ്റ്‌ലർ പ്രസംഗത്തിൽ ഭാഷാപരമായ നിരവധി തെറ്റുകൾ വരുത്തുമായിരുന്നു. മോദിയും ഹിറ്റ്‌ലറുടെ ഈ പാത തുടരുന്നുണ്ടെന്നു വേണം കരുതാൻ. ഒരിക്കൽ മോദി പ്രസംഗിച്ചത്, 1947ൽ ഒരു രൂപ ഒരു ഡോളറിനു തുല്യമായിരുന്നു എന്നാണ്. എന്നാൽ അന്ന് രൂപയുടെ വിനിമയനിരക്ക് ബ്രിട്ടീഷ് നാണയമായ ‘പൗണ്ടു’മായിട്ടായിരുന്നു ബന്ധിപ്പിച്ചിരുന്നത്. ഒരു രൂപ ‘30 സെന്റ്’ ആയിരുന്നു അന്ന്. ഒരിക്കൽ ബിഹാറിലെ റാലിയിൽ പ്രസംഗിക്കുമ്പോൾ മോദി പറഞ്ഞത് അലക്‌സാണ്ടർ ചക്രവർത്തി ലോകം മുഴുവൻ കീഴടക്കിയെങ്കിലും ബീഹാറിൽ അലക്‌സാണ്ടറെ തോൽപിച്ചു എന്നാണ്. ബീഹാറികൾ അത്ര കരുത്തന്മാരാണെന്നു പറഞ്ഞ് അവരെ കൈയിലെടുക്കാനുള്ള ശ്രമമായിരുന്നു മോദിയുടേത്. എന്നാൽ നിതീഷ്‌കുമാർ തന്നെ ഇതു തിരുത്തി. അലക്‌സാണ്ടർ ഒരിക്കലും ഗംഗാനദി കടന്നുവന്നിട്ടില്ലെന്നും ബിഹാറികൾ അലക്‌സാണ്ടറെ തോൽപ്പിച്ചു എന്നത് പൂർണമായും തെറ്റാണെന്നും അദ്ദേഹം തിരുത്തി. 2013 നവംബറിൽ രാജസ്ഥാനിലെ ദുദുവിൽ നടത്തിയ റാലിയിലെ പ്രസംഗത്തിൽ മോദി, ഗാന്ധിജിയെ മോഹൻലാൽ കരംചന്ദ് ഗാന്ധിയാക്കി, 2022ൽ ദാവോസിൽ നടന്ന ലോക സാന്പത്തിക ഫോറത്തിൽ ടെലിപ്രോംപ്‌റ്റർ പണിമുടക്കിയതിനെത്തുടർന്ന് മോദി പ്രസംഗമധ്യേ തപ്പിത്തടഞ്ഞു. ഇതേത്തുടർന്ന് മോദിക്കെതിരെ ‘ടെലിപ്രോംപ്‌റ്റർ മോദി’ എന്നു പറഞ്ഞ് സമൂഹമാധ്യമങ്ങൾ പരിഹാസം ചൊരിഞ്ഞു.
ജർമനിയെ പുരോഗതിയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് പ്രസംഗങ്ങളിൽ ഹിറ്റ്‌ലർ പറഞ്ഞപ്പോൾ, ഇന്ത്യയെ ഒന്നാം നന്പർ ലോകരാഷ്‌ട്രമാക്കി 2047ൽ മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് മോദി പറയുന്നു. ആൾക്കുട്ട മനഃശാസ്‌ത്രം കൃത്യമായി പഠിച്ചാണ് ഹിറ്റ്‌ലർ പ്രസംഗങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന്, ഹിറ്റ്‌ലറുടെ പ്രസംഗങ്ങളെപ്പറ്റി ഗവേഷണം നടത്തിയിട്ടുള്ള അമേരിക്കൻ രാഷ്‌ട്രചിന്തകനും മാധ്യമ ഗവേഷകനുമായ ഹാരോൾഡ് ഡി ലാസ്‌വെൽ (Harold D Laswell) എഴുതിയിട്ടുണ്ട്. സമാനമാണ് മോദിയുടെ സ്ഥിതിയും.
ഇത്തരത്തിലെല്ലാം ഹിറ്റ്‌ലറുടെ രണ്ടാംപതിപ്പാണ് താൻ എന്ന് മോദി ലോകത്തെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ♦