Sunday, May 19, 2024

ad

Homeലേഖനങ്ങൾയുവജനങ്ങളെ വഞ്ചിച്ച പത്തു വർഷങ്ങൾ

യുവജനങ്ങളെ വഞ്ചിച്ച പത്തു വർഷങ്ങൾ

അഖിൽ എം എസ്‌

ന്ത്യയുടെ ചരിത്രത്തിൽ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ ഒരു കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. അക്ഷരാർത്ഥത്തിൽ മോദിയുടെ ബിജെപി സർക്കാർ കഴിഞ്ഞ പത്തു വർഷമായി ജനങ്ങളെ അതിദാരിദ്ര്യത്തിലേക്ക് ചവിട്ടി താഴ്ത്തുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മോദി പൊള്ളയായ വാഗ്ദാനങ്ങളിലൂടെ രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്.

2014 മുതൽ ഇങ്ങോട്ട് രാജ്യത്തെ തൊഴിൽലഭ്യതയിൽ വന്ന കുറവ് മുൻവർഷങ്ങളെ അപേക്ഷിച്ച് വളരെ വലുതാണ്. ഇന്ത്യ ലോക പട്ടിണി സൂചികയിൽ അടക്കം താഴേക്ക് പോവുകയും ദാരിദ്രരുടെ എണ്ണത്തിൽ അയൽ രാജ്യങ്ങളെക്കാൾ പിന്നിലാവുകയും ചെയ്തു. ആഭ്യസ്തവിദ്യരായ ഇന്ത്യയിലെ യുവജനങ്ങൾക്ക് തൊഴിൽ നൽകാനോ മെച്ചപ്പെട്ട ഭാവി വാഗ്ദാനം ചെയ്യാനോ ബിജെപി സർക്കാരിനായില്ല. കോൺഗ്രസ്സ് തുടർന്നുവന്ന ജനവിരുദ്ധ തൊഴിലാളി വിരുദ്ധനയങ്ങൾ കൂടുതൽ കോർപ്പറേറ്റ് പിന്തുണയോടെ നടപ്പിലാക്കാനാണ് മോദിയും ശ്രമിച്ചത്. ഭരണപരാജയത്തിന്റെ ഒരു ദശകം ഇന്ത്യയിലെ യുവജനങ്ങളുടെയും അടിസ്ഥാനവർഗ്ഗ ജനതയുടെയും പ്രതീക്ഷകളാണ് ഇല്ലാതാക്കിയത്.

നവലിബറൽ നയങ്ങൾ നടപ്പിലാക്കിയ കോൺഗ്രസ്സ് സർക്കാരുകളുടെ നയങ്ങൾ കൂടുതൽ ശക്തമായി നടപ്പിലാക്കി സാധാരണ ജനങ്ങളുടെ ജീവിതത്തെ ദുരിതത്തിലാക്കുകയാണ് ഇപ്പോൾ മോദിയുടെ ബിജെപി ചെയ്തുകൊണ്ടിരിക്കുന്നത്. കേന്ദ്രസർക്കാരിലെ മൊത്തം തസ്തികകളുടെ എണ്ണത്തിൽ 1994നുശേഷം വർദ്ധനവ് ഉണ്ടായിട്ടില്ല എന്നാണ് ഏഴാം ശമ്പള കമ്മീഷൻ റിപ്പോർട്ട് പറയുന്നത്. രണ്ടു കോടി തൊഴിൽ സൃഷ്ടിക്കുമെന്ന മോദിയുടെ അവകാശവാദം പൊള്ളയാണെന്ന് കഴിഞ്ഞ പത്തു വർഷമായി ഇന്ത്യയിലെ ജനങ്ങൾ കണ്ടു കൊണ്ടിരിക്കുകയാണ്.

മോദി സർക്കാർ അധികാരമേൽക്കുന്നതിന് തൊട്ടുമുൻപ് 2014ജനുവരി വരെ നികത്തപ്പെട്ട തസ്തികകളുടെ എണ്ണം 33.02ലക്ഷമായിരുന്നെങ്കിൽ 2021മാർച്ചിൽ അത് 30.56 ലക്ഷമായി കുറഞ്ഞു.

40.49 ലക്ഷം തസ്തികകൾ ഉണ്ടായിരുന്നത് 2021ൽ 40.35ആയി കുറഞ്ഞു.24.26%തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു.

റെയിൽവേയിൽ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്നത് 3.14 ലക്ഷം തസ്തികകളാണ്. മൊത്തം അംഗീകരിച്ച 14.95ലക്ഷം തസ്തികകളുടെ 21% വരും ഇത്. ഒഡിഷ ട്രെയിൻ അപകടം നടന്ന ഒഡീസ്സ ഉൾപ്പെടുന്ന കിഴക്കൻ സോണിൽ 30,141 തസ്തിക ഒഴിഞ്ഞുകിടക്കുന്നു. ലോക്കോ പൈലറ്റുമാർ അടക്കമുള്ള തൊഴിലാളികൾ തുടർച്ചയായി 12 മണിക്കൂറിൽ അധികമാണ് ജോലി ചെയ്യേണ്ടിവരുന്നത്. കേന്ദ്രസർക്കാറിന്റെ നിയമനനിരോധനങ്ങളുടെ ഇരയാണ് അവർ. 2023 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം ഉത്തര റയിൽവേയിലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ 38,754, മധ്യ റെയിൽവെയിൽ സുരക്ഷവിഭാഗത്തിൽ തന്നെ ഏകദേശം 28,650 ഒഴിവുകൾ ഒഴിച്ചിട്ടിരിക്കുന്നു. ദക്ഷിണ റയിൽവേയിൽ 392 ലോക്കോ പൈലറ്റ് തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇത്തരത്തിൽ രാജ്യത്തെ ജനങ്ങളുടെ തൊഴിലവസരങ്ങൾ നിഷേധിക്കുകയാണ് യഥാർത്ഥത്തിൽ മോദി സർക്കാർ ചെയ്യുന്നത്

കേന്ദ്ര സർവീസുകളിൽ നാലിൽ ഒരു ഭാഗം ഒഴിവുകൾ ഉണ്ടെന്നാണ് ധനമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നത്. കേന്ദ്ര സർക്കാരിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 9,83028 ഒഴിവുകളാണ് നികത്തപ്പെടാതെ കിടക്കുന്നത്. 40,46,921 അംഗീകൃത തസ്തികകളിൽ നികത്തിയത് 30,63,893 മാത്രം. അതായത് 24.29 ശതമാനം ഒഴിഞ്ഞു കിടക്കുന്നു. ഇതിന്റെ കണക്കുകൾ ഇനിയും ഉയർന്നിട്ടുണ്ട് എന്നുവേണം കരുതാൻ.

കേന്ദ്രത്തിലെ സിവിലിയൻ സ്ഥിര ജീവനക്കാരുടെ തസ്തികയിൽ 9.64 ലക്ഷമാണ് ഒഴിച്ചിട്ടിരിക്കുന്നത്. അതിൽ ഒരു വർഷത്തിനിടയിൽ 58000 തസ്തിക കുറഞ്ഞു.

കേന്ദ്ര സർവീസിന്റെ 92%വും റയിൽവേ, പ്രതിരോധം, ആഭ്യന്തരം, തുറമുഖം, റവന്യു വകുപ്പുകളിലാണ്. പ്രതിരോധമേഖലയിൽ 5.77 ലക്ഷം തസ്തികളിൽ നികത്തിയിട്ടുള്ളത് 3.45ലക്ഷം മാത്രമാണ്, ആഭ്യന്തരമന്ത്രാലയത്തിൽ 1.20ലക്ഷം ഒഴിവുകൾ നിലനിൽക്കുന്നു. തപാൽവകുപ്പിൽ 1 ലക്ഷം ഒഴിവുകളാണ് ഉള്ളത്. 2.64 ലക്ഷം ആളുകൾ വേണം എന്നിരിക്കെ നിലവിമുള്ളത് 1.64 ലക്ഷം മാത്രമാണ്. റവന്യു വിഭാഗത്തിൽ 70000 ഒഴിവും പോലീസ് സേനയിൽ 5264ൽ അധികം ഒഴിവും നിലനിൽക്കുന്നു.

ഇതാണ് മോദിയുടെ ഭരണകാലത്തെ ഇന്ത്യയിലെ തൊഴിൽ സംവിധാനങ്ങളുടെ അവസ്ഥ.

25 വയസ്സിന് മുകളിലുള്ള ബിരുദധാരികൾക്കിടയിലുള്ള തൊഴിലില്ലായ്മ 42%മാണ് എന്ന് സ്റ്റേറ്റ് ഓഫ് വർക്കിംഗ്‌ ഇന്ത്യ 2023 റിപ്പോർട്ട് പറയുന്നു. ജിഡിപി വളർച്ച ഇരട്ടിയായി എന്ന് മോദി സർക്കാർ അവകാശപ്പെടുമ്പോൾ തൊഴിലുകളുടെ വർദ്ധനവ് പകുതിയിൽ ഏറെ കുറഞ്ഞു എന്നതാണ് യഥാർത്ഥ വസ്തുത.

സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (CMIE) റിപ്പോർട്ട് പ്രകാരം 2023 മാർച്ചിൽ തൊഴിലില്ലായ്മ നിരക്ക് 7.8%മാണ്. നഗരമേഖലയിൽ 8.4%വും ഗ്രാമമേഖലകളിൽ 7.5%വുമാണ് യഥാക്രമം തൊഴിലില്ലായ്മ നിരക്ക്. 2023 ഏപ്രിൽ മാസത്തിൽ CMIE റിപ്പോർട്ട് പ്രകാരം തൊഴിലില്ലായ്മ നിരക്ക് 8.4% എന്ന നിലയിലായി. ഇത് രാജ്യത്തെ തൊഴിലില്ലായ്മയുടെ ഭീതിപ്പെടുത്തുന്ന ചിത്രം വരച്ചു കാട്ടുന്നുണ്ട്. തൊഴിലില്ലായ്മ യുടെ കാര്യത്തിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് മുന്നിൽ. ഹരിയാനയിൽ 26.8%മാണ് നിരക്ക്. ഉത്തർപ്രദേശ്, ബീഹാർ, മധ്യ പ്രദേശ് എന്നിങ്ങനെ ബിജെപി മാതൃകാ സംസ്ഥാനങ്ങളായി ഉയർത്തിക്കാട്ടുന്ന സംസ്ഥാനങ്ങളിൽ തൊഴിലില്ലായ്‌മ അതിരൂക്ഷമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

രാജ്യത്തെ 83% യുവതീയുവാക്കൾ തൊഴിൽരഹിതരാണ് എന്ന് അന്താരാഷ്ട്ര തൊഴിൽസംഘടന നടത്തിയ പഠനങ്ങൾ പറയുന്നു. മാത്രമല്ല കൂലിയുടെ കാര്യത്തിലും കാര്യമായ വർദ്ധനവ് കഴിഞ്ഞ പത്തുവർഷങ്ങളിൽ ഉണ്ടായിട്ടില്ല. അസംഘടിതമേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ആകട്ടെ മിനിമം കൂലിയേക്കാൾ കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്. ഇത്തരത്തിൽ ഇന്ത്യയിലെ തൊഴിൽ അന്വേഷകരെയും തൊഴിലാളികളെയും ദ്രോഹിക്കുകയും ചൂഷണം ചെയ്യുകയുമാണ് മോദി സർക്കാർ ചെയ്യുന്നത്.

മോദിയുടെ ഗ്യാരന്റി വെറുമൊരു നുണ മാത്രമാണ് എന്ന് ഇതിനകം തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. 2014 മുതൽ നടത്തിയ വാഗ്ദാനങ്ങൾ എല്ലാം തന്നെ പൊള്ളയാണ് എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു . നവ ഉദാര വൽക്കരണ നയങ്ങളിലൂടെ തൊഴിൽമേഖലയെ കോർപ്പറേറ്റ് അനുകൂലമായി മാറ്റുകയാണ് ബിജെപി സർക്കാർ ചെയ്യുന്നത്. പൊതുമേഖലയെ വിറ്റുതുലക്കുകയും സ്ഥിരംതൊഴിൽ, തൊഴിൽസുരക്ഷ മാനദണ്ഡങ്ങൾ ആട്ടിമറിക്കുകയുമാണ് നാളിതുവരെയായി മോദി സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നതും ഇനി ചെയ്യാൻ ശ്രമിക്കുന്നതും.കോൺഗ്രസ്സിനോ ബിജെപിക്കോ കോർപ്പറേറ്റ് അനുകൂലമല്ലാത്ത നയങ്ങൾ അവരുടെ ഭരണകാലങ്ങളിൽ ഒരിക്കലും ഉണ്ടായിട്ടില്ല. നവലിബറൽ ആശയങ്ങൾ ശക്തമായി നടപ്പിലാക്കുക എന്ന ഒറ്റ ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന അവർക്ക് ഇന്ത്യയിലെ തൊഴിലാളികളുടെയും തൊഴിൽ അന്വേഷകരുടെയും ജീവിതം ദുരിതത്തിലാക്കുക അവരെ അസംഘടിതരാക്കുക എന്ന ലക്ഷ്യം മാത്രമേയുള്ളൂ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty − 1 =

Most Popular