Monday, May 20, 2024

ad

Homeചിത്രകലചിത്ര, ശിൽപ നിർമിതിയിലെ നവമാതൃകകൾ

ചിത്ര, ശിൽപ നിർമിതിയിലെ നവമാതൃകകൾ

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

പ്രകൃതിയെയും സമൂഹത്തെയും ചേർത്തുപിടിച്ചുകൊണ്ടും പ്രകൃതിസംരക്ഷണ വഴികൾ നടപ്പാക്കിക്കൊണ്ടും പ്രകൃതിചൂഷണത്തിനെതിരെ പ്രതിരോധത്തിന്റെ കലാവഴികളായാണ്‌ രണ്ട്‌ ഏകദിന ക്യാമ്പുകൾ ചിത്രകാരനായ കാഞ്ഞിരംകുളം വിൻസന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്‌. കഴിഞ്ഞ 34 വർഷത്തിലേറെയായി കാഞ്ഞിരംകുളത്ത്‌ പ്രവർത്തിക്കുന്ന കലാസാംസ്‌കാരിക സ്ഥാപനത്തിലാണ്‌ ക്യാമ്പിന്‌ വേദിയൊരുങ്ങിയത്‌. കേരളത്തിലെ പ്രമുഖരായ നാൽപതോളം ചിത്ര‐ശിൽപകാരർ രണ്ടു ക്യാമ്പുകളിലുമായി പങ്കെടുക്കുകയുണ്ടായി. ചിത്രവട്ടം എന്നു പേരിട്ട ആദ്യത്തെ ഏകദിന ചിത്രകലാ ക്യാമ്പ്‌ ജൂലൈ മാസമാണ്‌ നടന്നത്‌. ഈ ലേഖകൻ ഉദ്‌ഘാടനം ചെയ്‌ത ക്യാമ്പിൽ നാരണായണ ഭട്ടതിരി, വിജയൻ നെയ്യാറ്റിൻകര, ഷിബുചന്ദ്‌, വിത്തീസ്‌, സബിത കടന്നപ്പള്ളി, ബി എസ്‌ ശ്രീഗോപൻ, സി പി അനിൽ, റീന സുനിൽ, ജോയി തുടങ്ങി പതിനഞ്ച്‌ ചിത്രകാരർ പങ്കെടുത്ത്‌ ചിത്രം വരച്ചു. കളിമണ്ണിൽ ചുട്ടെടുത്ത (ടെറോകോട്ട) ഒരടി വലിപ്പമുള്ള മണ്ണടപ്പുകളിലാണ്‌ അക്രലിക്‌ നിറങ്ങൾ ഉപയോഗിച്ച്‌ ചിത്രങ്ങൾ വരച്ചത്‌. കൗതുകകരമായ എന്നാൽ സവിശേഷവുമായ ക്യാമ്പായിരുന്നു ‘ചിത്രവട്ടം’ എന്ന്‌ ക്യാമ്പംഗങ്ങൾ പറയുകയുണ്ടായി. പ്രഭാതകിരണങ്ങളുടെ തിളക്കവും സൗന്ദര്യവും പോലെ കലകളും മനുഷ്യമനസ്സുകളെ ശുദ്ധീകരിക്കുന്നു‐ മനസ്സിനെ സംസ്‌കരിക്കുന്നു. ഈയൊരു ചിന്തയിൽനിന്നാവണം ചിത്രവട്ട ക്യാമ്പിന്‌ ഒരു വട്ടത്തിനകത്തു നിൽക്കുന്ന ചിത്രതലങ്ങൾ സംഘാടകർ നൽകിയതും.

ഇന്ന്‌ ജീവിക്കുന്ന കാലഘട്ടത്തിന്റെ വെല്ലുവിളികൾക്കു മുന്നിലൂടെയുള്ള ഹൃദയസഞ്ചാരമായിരുന്നു ക്യാമ്പിൽ വരച്ച ചിത്രങ്ങൾ. മിക്കവരും പ്രകൃതിയെയും ചുറ്റുപാടുകളെയും തൊട്ടറിയുന്ന ചിത്രങ്ങളാണ്‌ വരച്ചത്‌. ക്യാൻവാസിനും കടലാസിനുമപ്പുറം പ്രകൃതിയെയും മണ്ണിനെയും തൊടുന്ന ‘മൺചട്ടിപ്പുറത്തുള്ള വര’യ്‌ക്കാണ്‌ കലാകേന്ദ്രം ഊന്നൽ നൽകിയത്‌. ലാവണ്യബോധത്തിന്റെ ഭാവാത്മകതയിലേക്ക്‌, പ്രകൃതിവസ്‌തുക്കളെ‐ പ്രകൃതിയെത്തന്നെ‐ ആവാഹിച്ചവതരിപ്പിക്കുന്ന രീതി ജൈവത്തനിമയോടെ അവിടെ ദർശിക്കാനായി.

‘സോയിൽ ടച്ച്‌’ എന്ന്‌ പേരിട്ടിരിക്കുന്ന മണ്ണിനെ തൊട്ടറിയുന്ന ഏകദിന ശിൽപകലാ ക്യാമ്പ്‌ ആഗസ്‌ത്‌ മാസത്തിലാണ്‌ സംഘടിപ്പിച്ചത്‌. പ്രമുഖരായ കലാകാരർ പങ്കെടുത്ത ക്യാമ്പ്‌ ശിൽപി എൻ എൻ റിംസൺ ഉദ്‌ഘാടനം ചെയ്‌തു. ബൈജു എസ്‌ ആർ, ധന്യ വി വി, ടി കെ ഹരീന്ദ്രൻ, വി സതീശൻ, പ്രൊഫ. വി ജയചന്ദ്രൻ, ആര്യനാട്‌ രാജേന്ദ്രൻ, ഇ എച്ച്‌ പുഷ്‌കിൻ, എസ്‌ പ്രസന്നകുമാർ, ശ്രീകുമാരൻനായർ, ശ്രീനന്ദൻ, സാന്ദ്ര തോമസ്‌ തുടങ്ങി പതിനഞ്ച്‌ കലാകാരർ ക്യാമ്പിൽ പങ്കെടുത്ത്‌ ശിൽപങ്ങൾ രചിച്ചു. കളിമണ്ണ്‌ മാധ്യമമായി ഉപയോഗിച്ചുകൊണ്ടാണ്‌ കാലത്തെയും സമൂഹത്തെയും അടയാളപ്പെടുത്തുന്ന ശിൽപരൂപങ്ങൾ തയ്യാറാക്കപ്പെട്ടത്‌. മനുഷ്യന്റെ തീവ്രഭാവങ്ങളെ മുഖരൂപങ്ങളിലൂടെ ഈ ക്യാമ്പിൽ ആവിഷ്‌കരിച്ചിട്ടുള്ളത്‌ ശ്രദ്ധേയമായി. മതവും രാഷ്‌ട്രീയവും വ്യക്തിചിഹ്നങ്ങളുമൊക്കെ സമൂഹത്തിനുനേരെ പിടിക്കുന്ന പ്രകൃതിയുടെ കണ്ണാടിയാവുകയും അതിലൂടെയുള്ള കാഴ്‌ചകളുമാണ്‌ ചില രചനകളിൽ പ്രകടമാവുന്നത്‌. ജൈവ സ്വാതന്ത്ര്യത്തിന്റെ ചെറുത്തുനിൽപ്പുകളാണ്‌ ശിൽപങ്ങളിലൂടെ ആശയരൂപമായി പെതുവെ കാണാനാവുക. ഈ ക്യാമ്പിൽ രചിക്കപ്പെട്ട ശിൽപങ്ങൾ ബേക്ക്‌ ചെയ്‌ത്‌ പ്രദർശനമൊരുക്കുന്നതിനുള്ള ശ്രമമാണ്‌ ആനന്ദ കലാകേന്ദ്രം നടത്തുന്നത്‌.

തിരുവനന്തപുരം കോളേജ്‌ ഓഫ്‌ ഫൈൻ ആർട്‌സിൽനിന്ന്‌ ചിത്രകലയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ കാഞ്ഞിരംകുളം വിൻസന്റിന്റെ ശ്രമമാണ്‌ ആനന്ദ കലാകേന്ദ്രം. ഒരുതരത്തിൽ അതിനെ കലാവിഷ്‌കാരമെന്ന്‌ തന്നെ പറയാം. സർക്കാർ മേഖലയിൽ തൊഴിലന്വേഷിച്ച്‌ നടക്കാതെ ചിത്രകലയെ ഉപാസിച്ചുകൊണ്ട്‌ സ്വന്തം സ്റ്റുഡിയോയിൽ, പ്രിയപ്പെട്ട സഹധർമിണി വിമലയുടെ പിൻബലത്തിലാണ്‌ തന്റെ കലാപ്രവർത്തനങ്ങൾക്ക്‌ കരുത്തുപകരുന്നതെന്ന്‌ വിൻസന്റ്‌ പറയുന്നു. വിവിധതരം പക്ഷികളും പൂക്കളും ചെടികളും നിറഞ്ഞ പച്ചപ്പിന്റെ അന്തരീക്ഷത്തിലാണ്‌ ചിത്രശിൽപകലയിൽ താൽപര്യമുള്ള കുട്ടികൾക്ക്‌ അവിടെ കലാപഠനം നടത്തുന്നത്‌. സാഹിത്യത്തിലും നാടകത്തിലും സംഗീതത്തിലുമുള്ള കലാവിരുന്നുകളും ഈ മുറ്റത്ത്‌ അരങ്ങേറുന്നു. അങ്ങനെ സമ്പൂർണമായ ആനന്ദകലാകേന്ദ്രത്തിലാണ്‌ കലയിൽ താൽപര്യമുള്ളവർക്കായി ഇടയ്‌ക്കിടെ ചിത്ര ശിൽപകലാക്യാമ്പുകൾ സംഘടിപ്പിക്കപ്പെട്ടത്‌; കലാകാരരും ആസ്വാദകരും സജീവമായി ഇടപെടുന്നത്‌.

ചിത്ര‐ശിൽപകല ഗ്രാമങ്ങളിലേക്ക്‌, സാമാന്യജനങ്ങളിലേക്ക്‌ എത്തിക്കുകയും പരിചയപ്പെടുത്തുകയും പുതിയ തലമുറയിലേക്ക്‌ പകർന്നുനൽകുകയുമാണ്‌ ആനന്ദകലാകേന്ദ്രം ലക്ഷമിടുന്നതെന്നും വിൻസന്റ്‌ കൂട്ടിച്ചേർക്കുന്നു. സംസ്ഥാന‐ദേശീയതലത്തിൽ ചിത്രകലാ ക്യാമ്പുകളിലും പ്രദർശനങ്ങളിലും പങ്കെടുത്തിട്ടുള്ള വിൻസന്റിന്‌ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്‌.

വിഭജനങ്ങളില്ലാത്ത വിഭിന്നതയുടെ ലാവണ്യബോധവും അതിരുകളില്ലാത്ത സമന്വയ സൗഹൃദവും വേഷംകെട്ടുകളില്ലാത്ത പ്രകൃതിസ്‌നേഹവും മാനവികതാബോധവുമൊക്കെ സ്വരൂപിക്കുകയും അവ സമൂഹത്തിലേക്ക്‌ പ്രത്യേകിച്ച്‌ കുട്ടികളിലേക്ക്‌ പകർത്തിക്കൊണ്ട്‌ ആനന്ദകലാകേന്ദ്രം സജീവമാക്കാനുള്ള ശ്രമത്തിലാണ്‌ ഈ അറുപതുകാരൻ. ഒപ്പം വിമലയുമുണ്ട്‌ താങ്ങായി.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three + 10 =

Most Popular