Monday, May 20, 2024

ad

HomeസിനിമLove at First Sight ഞൊടിയിട പ്രണയത്തിന്റെ സ്ഥിതിവിവര സാധ്യമകളെപ്പറ്റി ഒരു ചലച്ചിത്രകാവ്യം

Love at First Sight ഞൊടിയിട പ്രണയത്തിന്റെ സ്ഥിതിവിവര സാധ്യമകളെപ്പറ്റി ഒരു ചലച്ചിത്രകാവ്യം

രാധാകൃഷ്‌ണൻ ചെറുവല്ലി

2023ൽ റിലീസായ അമേരിക്കൻ ചിത്രമാണ്‌ ലൗ അറ്റ്‌ ഫസ്റ്റ്‌ സൈറ്റ്‌ (Love at First Sight). ഇപ്പോഴത്‌ നെറ്റ്‌ഫ്‌ളിക്‌സിലൂടെ സ്‌ട്രീം ചെയ്യുന്നുണ്ട്‌. ഇതൊരു പ്രണയചിത്രമാണെന്നു തോന്നുമെങ്കിലും കേവലമൊരു പ്രണയചിത്രമല്ല. നാടകത്തിൽ സൂത്രധാരകനെന്നപോലെ ഈ ചിത്രത്തിലും ഒരു ‘നരേറ്റർ’ അഥവാ ഒരു വ്യാഖ്യാതാവുമുണ്ട്‌. വ്യാഖ്യാതാവ്‌ പല കഥാപാത്രങ്ങളായി പല വേഷങ്ങളിൽ ചിത്രത്തിന്റെ നിർണായക ഘട്ടങ്ങളിൽ ഇടപെടുന്നുണ്ട്‌. അവർ ആമുഖമായി ഇങ്ങനെ പറഞ്ഞുവയ്‌ക്കുന്നു. ‘ഇത്‌ പ്രണയത്തെപ്പറ്റിയുള്ള ഒരു കഥയല്ല. വിധി അഥവാ സ്ഥിതിവിവര വിശകലനശാസ്‌ത്രത്തെപ്പറ്റിയുള്ളതാണ്‌. ആരോടാണ്‌ നിങ്ങൾ വ്യവഹരിക്കുന്നത്‌ എന്നതിനെ ആശ്രയിച്ചാണത്‌ നിലകൊള്ളുന്നത്‌. ഈ വ്യാഖ്യാതാവ്‌ തുടക്കത്തിൽ ഷേക്‌സ്‌പിയറിന്റെ A Midummer Nights dream വായിക്കുന്നതായി നാം കാണുന്നു. ഈ വ്യാഖ്യാതാവിന്റെ പേര്‌ ജമീല ജാമിൽ എന്നാണ്‌. ജാമിലിനെ നാം വിമാനത്തിലെ അറ്റന്റൻഡായും ബസ്‌ ഡ്രൈവറായും സഹയാത്രികയായും ബാർ അറ്റന്റൻഡായും കാണുന്നുണ്ട്‌. ഈ സിനിമയിലെ നായികാ നായകന്മാരെ ജാമിൽ പരിചയപ്പെടുത്തുന്നു. അവർ ആരാണെന്നും എന്താണെന്നും നമുക്ക്‌ നോക്കാം.

സ്വപിതാവിന്റെ രണ്ടാം വിവാഹത്തിൽ പങ്കെടുക്കാൻ അമേരിക്കൻ നഗരങ്ങളിലൊന്നിൽനിന്നും ലണ്ടനിലേക്ക്‌ പറക്കാൻ എത്തിയതാണ്‌ ഹാഡ്‌ലി സള്ളിവൻ (Haley Lu Richardson) എന്ന ഇരുപതുവയസ്സുകാരി. എന്നാൽ യാത്രയിൽ പലർക്കും സംഭവിക്കുന്നതുപോലെ ഹാഡ്‌ലിയും അൽപം വൈകിപ്പോയി. വലിയൊരു ക്ഷമാപണത്തോടെ അവൾ തടയപ്പെട്ടു. അവൾ തന്റെ പപ്പയോട്‌ കാര്യം പറയുന്നു. അദ്ദേഹം അവൾക്ക്‌ ഒന്നര മണിക്കൂർ ശേഷം പുറപ്പെടുന്ന ലണ്ടൻ വിമാനത്തിലെ ബിസിനസ്‌ ക്ലാസിൽ ഒരു ടിക്കറ്റ്‌ ശരിയാക്കി നൽകുന്നു.

കുശാലായി സമയമുണ്ടല്ലോ. ഉദാസീനമായി അവൾ എയർപോർട്ടിൽ സമയം ചെലവഴിക്കുന്നു. ഇതേ സമയത്താണ്‌ ഒരു ഫെയർവെൽ പാർട്ടിയിൽ പങ്കെടുക്കാനായി അമേരിക്കയിൽനിന്നും ലണ്ടനിലേക്കു പോകുന്ന ഇരുപത്തിരണ്ടു വയസ്സുകാരനായ ഒലിവർ ജോൺസ്‌ (Ben Hardy) എയർപോർട്ടിൽ എത്തുന്നത്‌. ചാർജ്‌ തീർന്നുപോകുന്ന ഹാഡ്‌ലിയുടെ ഫോണിന്‌ ഒലിവർ ചാർജർ നൽകുന്നു. അവരുടെ കണ്ണുകൾ ഒരു ഞൊടിയിടയിൽ സന്ധിക്കുന്നു.

വസ്‌ത്രങ്ങളടങ്ങിയ അവന്റെ ബാഗ്‌ കാണുമ്പോൾ അയാളും ഏതോ വിവാഹച്ചടങ്ങിലേക്കായിരിക്കും എന്നവൾ കരുതുന്നു. എയർപോർട്ടിൽ ഭക്ഷണം പങ്കുവയ്‌ക്കുന്ന അവർക്ക്‌ അതു പൂർത്തിയാക്കാനാവുന്നില്ല. അടുത്ത ഫ്‌ളൈറ്റിന്റെ അനൗൺസ്‌മെന്റ്‌ വന്നുകഴിഞ്ഞു.

ഇവർ ഇത്ര നിമിഷങ്ങൾക്കുള്ളിൽ പ്രണയത്തിലാകുമെന്നും ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ വച്ച്‌ പരസ്‌പരം നഷ്ടപ്പെടുമെന്നും സൂത്രധാരകയായ ജാമിൽ പ്രവചിക്കുന്നു. ഹാഡ്‌ലി ബിസിനസ്‌ ക്ലാസിലും ഒലിവർ പിറകിലായി ഓർഡിനറി ക്ലാസിലും താന്താങ്ങളുടെ സീറ്റിൽ ഇരിക്കുന്നു. സീറ്റ്‌ ബൽറ്റ്‌ പൊട്ടിപ്പോയതുകാരണം ‘സുരക്ഷിതത്വം’ നഷ്ടപ്പെട്ട ഒലിവർ ബിസിനസ്‌ ക്ലാസിലേക്ക്‌ മാറ്റപ്പെട്ടു. സാധാരണയായി അങ്ങനെ സംഭവിക്കാറില്ല. എന്നാൽ കഥയുടെ പുരോഗതിക്ക്‌ അത്‌ ആവശ്യമാണ്‌. ഹാഡ്‌ലി പ്രണയപാരവശ്യത്താൽ പുറകിലേയ്‌ക്കു നോക്കി ഞെരിപിരികൊള്ളുമ്പോഴേക്കും അവൻ അടുത്ത സീറ്റിൽ എത്തിക്കഴിഞ്ഞു. രണ്ടുപേർ പ്രണയിക്കാൻ തുടങ്ങിയാൽ ഇടയ്‌ക്കുള്ള തടസ്സങ്ങൾ അലിഞ്ഞില്ലാതാവുമെന്ന്‌ ആപ്‌തവാക്യം.

ബ്രിട്ടീഷുകാരനായ കണക്കു ഭ്രാന്തനാണ്‌ ഒലിവർ. അയാൾ പ്രോബബിലിറ്റി തിയറിയുടെ ഉസ്‌താദാണ്‌. എല്ലാം സ്ഥിതിവിവരക്കണക്കിന്റെയും എംപിരിക്കൽ ഡാറ്റയുടെയും സാധ്യതാശാസ്‌ത്രത്തിന്റെയും അതിരുകൾക്കുള്ളിൽ നിലനിർത്തി മാത്രമേ ഒലിവർക്ക്‌ കാര്യങ്ങൾ കാണാനാകുന്നുള്ളൂ. അയാൾ വൃത്തിഭ്രാന്തൻകൂടിയാണ്‌. സദാ സാനിറ്റൈസറും ടിഷ്യൂ പേപ്പറും കൊണ്ടുനടക്കുന്നവൻ. നാൽപത്‌ ശതമാനം വിമാനങ്ങളും അണുവിമുക്തമാക്കപ്പെട്ടവയല്ലെന്നും അതിനാൽത്തന്നെ രോഗം പരത്താൻ സാധ്യതയുള്ളവയുമാണെന്നയാൾ കരുതുന്നു.

അവൾ പുസ്‌തകങ്ങളെപ്പറ്റി പറയുമ്പോൾ അയാൾ സ്ഥിതിവിവരശാസ്‌ത്രത്തെപ്പറ്റി വാചാലനാകുന്നു. കവിത പഠിപ്പിക്കാനായി ലണ്ടനിലേക്കു പോയ പപ്പ മറ്റൊരുവളുമായി പ്രണയത്തിലാകുന്നതുവരെ അവളുമായി ഏറെ അടുപ്പത്തിലായിരുന്നുവെന്നും വേറെ വിവാഹം ചെയ്യാൻ പോകുമ്പോൾ ഇരുമനസ്സുമായാണ്‌ ആ ചടങ്ങിൽ പങ്കെടുക്കുന്നതെന്നും അവൾ ഒലിവറോടു പറയുമ്പോൾ വിട്ടുകൊടുക്കുന്നതിന്റെ ചാരുതയെപ്പറ്റിയാണവൻ പറയുന്നത്‌. ചെറിയ നോട്ടങ്ങൾ, പുഞ്ചിരി വിരിയുന്ന യുവവദനങ്ങൾ, ഒന്നും മിണ്ടാതെതന്നെ പറയുന്ന പ്രണയഭാവങ്ങൾ. അവർ നിമിഷങ്ങൾകൊണ്ട്‌ പ്രണയത്തിലാകുന്നു. ടോയ്‌ലറ്റിലേയ്‌ക്കു പോകുമ്പോൾ അൽപമാത്രം ഇടമുള്ള ഇടനാഴിയിൽവച്ച്‌ അവർ ആദ്യചുംബനത്തിനു തയ്യാറാകുന്നെങ്കിലും മറ്റുള്ളവരുടെ കടന്നുവരവിനാൽ അത്‌ മുടങ്ങിപ്പോകുന്നു. തിരികെ വന്നിരുന്ന്‌ അവൾ വായിക്കാൻ ശ്രമിക്കുന്നു. ഡിക്കൻസിന്റെ `Our mutual friend’ എന്ന പുസ്‌തകം. ക്രമേണ അവർ ഉറക്കത്തിലേക്ക്‌ ആണ്ടുപോവുകയും വിമാനം ലാന്റ്‌ ചെയ്യുകയാണെന്നറിഞ്ഞ്‌ അവരവരുടെ ഹാന്റ്‌ ബാഗുകളെടുത്ത്‌ ഇറങ്ങാൻ തയ്യാറെടുക്കുകയും ചെയ്യുന്നു.

കസ്റ്റംസ്‌ പരിശോധന നടക്കുമ്പോൾ അവർ രണ്ടു ലൈനുകളിലായി മാറ്റിനിർത്തപ്പെട്ടു. ഒലിവർ അവളുടെ ഫോൺ വാങ്ങി അവന്റെ ഫോൺ നന്പർ ടൈപ്പ്‌ ചെയ്‌തെങ്കിലും ഫോൺ താഴെ വീഴുകയും സ്വിച്ച്‌ ഓഫ്‌ ആവുകയും ചെയ്‌തതിനാൽ നന്പർ സേവ്‌ ചെയ്യാനായില്ല. അവൾ കസ്റ്റംസ്‌ പരിശോധന കഴിഞ്ഞിറങ്ങുമ്പോഴേക്കും അവൻ അപ്രത്യക്ഷനായിക്കഴിഞ്ഞു. വിഷാദഭരിതയായ ഹാഡ്‌ലി അവനെ എയർപോർട്ടിൽ അന്വേഷിച്ചു; പക്ഷേ കണ്ടെത്തിയില്ല. ഹീത്രൂ വിമാനത്താവളത്തിൽ കാണാതാകുന്നവരിൽ എത്രപേർ പിന്നീട്‌ കണ്ടുമുട്ടുമെന്ന സാധ്യതാശാസ്‌ത്രം നാമപ്പോൾ ഓർത്തുപോകും.

ഹാഡ്‌ലി പപ്പയുടെ വിവാഹത്തിൽ പങ്കെടുത്തശേഷം ഒലിവറുടെ അമ്മയുടെ ‘മെമ്മോറിയൽ’ ചടങ്ങ്‌ നടക്കുന്ന പെക്‌ഹാം ഹൗസിൽ ചെന്നു. അവിടെവച്ചവൾ ഒലിവറിന്റെ അനുജൻ ലൂതർ, മാതാപിതാക്കൾ എന്നിവരെ പരിചയപ്പെട്ടു. ജീവിച്ചിരിക്കുന്ന അമ്മയുടെ ‘ഓർമപ്പെരുന്നാൾ’ ആയിരുന്നു അത്‌. അവന്റെ മാതാപിതാക്കൾ ഷേക്‌സ്‌പിയർ നാടകങ്ങളിൽ സജീവമായിരുന്നവരാണ്‌. മരണാനന്തരം നടക്കുന്ന അനുസ്‌മരണങ്ങൾ ജീവിച്ചിരിക്കുമ്പോൾതന്നെ അനുഭവിക്കാനായിരുന്നു അവർക്കിഷ്‌ടം. ഷേക്‌സ്‌പീരിയൻ കഥാപാത്രങ്ങളുടെ വേഷഭൂഷാദികൾ അണിഞ്ഞാണ്‌ ചങ്ങാതിമാർ അവർക്ക്‌ ‘യാത്രയയപ്പ്‌’ നൽകുന്നത്‌. ക്യാൻസർ ബാധിതയായ അവർക്ക്‌ ഇനി അധികനാളുകളില്ല.

മറ്റെന്തോ കാര്യത്തിന്‌ പുറത്തേക്കു പോയതുകാരണം അവൾക്ക്‌ ഒലിവറിനെ കാണാനാവുന്നില്ല. എന്നാൽ പുത്തേക്കു പോകുന്ന പടിയിൽവച്ച്‌ അവനെ കാണുകയും സംസാരിച്ചു നിൽക്കുകയും ചെയ്യുന്നു. അവൻ തന്റെ വികാരങ്ങൾകൊണ്ടല്ല സ്ഥിതിവിവരക്കണക്കുകൾകൊണ്ടാണവന്റെ അമ്മയുടെ രോഗത്തെയും മരണസാധ്യതയെയും കാണുന്നത്‌. അവന്റെ സത്യസന്ധമല്ലാത്ത പ്രതികരണം അവളെ ചൊടിപ്പിച്ചു. അവൻ അവന്റെ ഭാഗം വിശദീകരിച്ചെങ്കിലും അവൾ കോപത്തോടെ അവിടം വിട്ടുപോകുന്നു. എന്നാൽ ഹാഡ്‌ലി അവളുടെ ഹാന്റ്‌ബാഗ്‌ അവിടെവച്ച്‌ മറക്കുന്നു. ഒലിവറാകട്ടെ അമ്മയുടെ യാത്രയയപ്പ്‌ യോഗത്തിൽ മനസ്സുതുറക്കുന്നു. തന്റെ പ്രോബബിലിറ്റി തിയറി പ്രയോഗവും ജീവിതവും തമ്മിലുള്ള പൊരുത്തക്കേട്‌ തുറന്നുപറഞ്ഞ്‌ അവൻ മനസ്സിന്റെ ഭാരം ഇറക്കിവയ്‌ക്കുന്നു.

ഹാഡ്‌ലിക്ക്‌ നഗരത്തിൽ വഴിതെറ്റി. എന്നാൽ അവളുടെ പപ്പയെത്തി അവളെ വിവാഹ ഹാളിൽ എത്തിച്ചു. അമ്മയെ ഉപേക്ഷിക്കാനുള്ള കാരണം അവൾ അന്വേഷിക്കുകയും അവൾ അവളുടെ സങ്കടം വെളിപ്പെടുത്തുകയും ചെയ്‌തു. ഒലിവറിന്റെ കുടുംബം അവളുടെ ബാഗിൽനിന്നും കണ്ടെത്തിയ വിവാഹക്കുറിയുടെ ബലത്തിൽ വിവാഹ ഹാളിലെത്തി ഹാഡ്‌ലിയെും കുടുംബത്തെയും സന്ധിക്കുന്നു. അവർ പ്രണയത്തിലാണെന്നും നഷ്ടപ്പെടലിൽനിന്നും വീണ്ടെടുക്കപ്പെട്ടിരിക്കുന്നുവെന്നും അവർ അരനൂറ്റാണ്ടിലേറെ ഒരുമിച്ചുണ്ടാകുമെന്നും അയ്യായിരത്തിലേറെത്തവണ ഇണചേരുമെന്നും കുട്ടിളെ ജനിപ്പിക്കുമെന്നും സൂത്രധാരക നമ്മോട്‌ പറയുന്നു. ഒലിവറിന്റെ അമ്മ മരണമടയുമ്പോൾ ഹാഡ്‌ലി അവനൊപ്പം ഉണ്ടായിരിക്കുമെന്ന സാന്ത്വനവാക്കിൽ പറയാത്ത ബാക്കി കാര്യങ്ങളും അടങ്ങിയിട്ടുണ്ട്‌.

പ്രത്യക്ഷത്തിൽ രണ്ടുപേരുടെ പ്രണയത്തെക്കുറിച്ചാണ്‌ പറയുന്നതെങ്കിലും ഈ സിനിമ ഒരു കൃത്യതയിലും ഒതുങ്ങാതെപോകുന്ന ജീവിതത്തെപ്പറ്റിയുള്ള ആഖ്യാനമാണ്‌. എന്തുകൊണ്ടാണ്‌ മനുഷ്യർ പ്രണയിക്കുന്നത്‌? ജീവശാസ്‌ത്രപരവും നരവംശശാസ്‌ത്രപരവും മനഃശാസ്‌ത്രപരവുമായ കാരണങ്ങൾ അതിനുണ്ടാവാം. എന്നാൽ കേവലമായ ഓക്‌സിടോസിൻ (Oxytocin) പ്രവർത്തനത്തിനപ്പുറമുള്ളൊരു രസതന്ത്രം പ്രണയത്തിൽ അടങ്ങിയിട്ടുണ്ട്‌. അത്‌ ജീവിതത്തിന്റെ ജൈവസ്വഭാവത്തെ അടിവരയിടുന്നു. മനുഷ്യവർഗത്തിന്റെ പരിണാമകാലത്തോളം അത്‌ നീണ്ടുചെല്ലുന്നുണ്ട്‌. പല ശാസ്‌ത്രശാഖകളുടെയും അന്വേഷണങ്ങളെ സമന്വയിപ്പിച്ചാൽ ഭാവിതലമുറയെ സൃഷ്ടിക്കാൻ തങ്ങൾക്ക്‌ പറ്റിയ ഇണയെ കണ്ടെത്താനുള്ള ചോദനകളാവും പ്രണയഭാവം സൃഷ്ടിക്കുന്നതെന്ന പഴയ നിരീക്ഷണം ഇപ്പോൾ നിലനിൽക്കുമോ എന്നു സംശയമാണ്‌. ശരീരമെന്ന ഭാരത്തെ മറികടന്ന്‌ പ്രണയം കൂടുതൽ ജനാധിപത്യപരമായി ഇക്കാലത്ത്‌ വികസിച്ചിട്ടുണ്ട്‌.

മനുഷ്യർ പ്രണയഭാവത്തെ എക്കാലത്തും മഹത്വവൽക്കരിച്ചിട്ടുണ്ട്‌. ‘ലൗ അറ്റ്‌ ഫസ്റ്റ്‌ സൈറ്റ്‌’ എന്ന സിനിമ അത്ഭുതങ്ങളൊന്നും കാട്ടുന്നില്ല. പ്രണയത്തിന്‌ പുതിയ വ്യാഖ്യാനവും നൽകുന്നുമില്ല. എന്നാൽ സംഗീതത്തിലെ സിംഫണിപോലെ അത്‌ മനോഹരമായി ‘ബ്ലന്റ്‌’ ചെയ്‌തിരിക്കുന്നു. എയർപോർട്ടിൽ മനുഷ്യർക്കുണ്ടാകുന്ന അന്പരപ്പ്‌ യന്ത്രവൽകൃത ലോകത്തിൽ അന്യവൽക്കരണത്തിന്‌ വിധേയരായിപ്പോകുന്ന മനുഷ്യാവസ്ഥയാണ്‌. അവിടെ മനുഷ്യർ ആൾക്കൂട്ടത്തിനിടയിലും ഒറ്റപ്പെട്ടവരാണ്‌. അവിടെ നിൽക്കുന്ന ഉദ്യോഗസ്ഥർപോലും മനുഷ്യവികാരങ്ങൾ ഊറ്റിയെടുത്ത്‌ ചണ്ടിയാക്കപ്പെട്ട മനുഷ്യരൂപങ്ങളാണ്‌. അത്തമൊരു സാഹചര്യത്തിൽ വീണുകിട്ടുന്ന കേവലമൊരു പുഞ്ചിരിപോലും വലിയ ആശ്വാസമായിട്ടായിരിക്കും അനുഭവപ്പെടുക.

യാദൃച്ഛികമായി കണ്ടുമുട്ടുന്ന ഹാഡ്‌ലിയും ഒലിവറും രണ്ടുതരത്തിൽ ദുഃഖം പേറുന്നവരാണ്‌. ശിഥിലമായ കുടുംബപശ്ചാത്തലമാണ്‌ ഹാഡ്‌ലിക്കുള്ളത്‌. സാഹിത്യാധ്യാപകനായ അവളുടെ പപ്പ വേറൊരാളെ പ്രണയിച്ച്‌ വിവാഹത്തിലേക്ക്‌ കടക്കുമ്പോൾ അത്‌ ഉള്ളരുക്കുന്ന കാര്യമാണ്‌. എന്നാൽ വ്യക്തിബന്ധങ്ങൾക്കിടയിൽ വളർന്നുവന്നിട്ടുള്ള ജനാധിപത്യബോധം വികസിതസമൂഹങ്ങളിൽ പ്രബലമാണ്‌. വിവാഹബന്ധങ്ങൾ തകർന്നതിനുശേഷവും മനുഷ്യബന്ധങ്ങൾക്ക്‌ അവിടെ തുടരാനാകുന്നു. ഒലിവറിന്റെ അമ്മ നാടകപ്രവർത്തകയും ഒരു പതിറ്റാണ്ടിലേറെ നീണ്ട ക്യാൻസർ രോഗവുമായി മല്ലിടുന്നവളുമാണ്‌. ജീവിച്ചിരിക്കെത്തന്നെ അനുസ്‌മരിക്കപ്പെടുന്ന ജീവിതം. മരണാനന്തരം ഒരു വ്യക്തിക്ക്‌ ലഭ്യമാകുന്ന ആദരവ്‌ ജീവിച്ചിരിക്കെത്തന്നെ ലഭ്യമായാൽ എപ്രകാരമായിരിക്കും !

‘ലൗ അറ്റ്‌ ഫസ്റ്റ്‌ സൈറ്റ്‌’ എന്ന സിനിമയെ അതിന്റെ സാധാരണത്വത്തിൽനിന്നും ഉയർത്തിനിർത്തുന്നത്‌ പ്രമേയാഖ്യാനത്തിൽ കാണിച്ചിട്ടുള്ള കൈത്തഴക്കമാണ്‌. ദൃശ്യവിന്യാസവും മിതമായ കളർടോണിങ്ങും ഒഴുക്കേറിയ എഡിറ്റിങ്ങും രേഖീയാഖ്യാനത്തിന്റെ അതിലംഘനവുമാണ്‌. സാഹിത്യത്തെ, പ്രത്യേകിച്ചും ക്ലാസിക്‌ സാഹിത്യത്തെപ്പറ്റിയുള്ള പരാമർശങ്ങൾ സവിശേഷ നിരീക്ഷണമർഹിക്കുന്നു. സമൂഹജീവിതത്തിന്റെ ചാക്രികമായ ചില പ്രവണതകൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്‌. ഭൂതകാലം വളരെയേറെ വർത്തമാനമാണ്‌. സാഹിത്യത്തിൽ ക്ലാസിക്കുകളിലേക്കു തിരിഞ്ഞുനോക്കപ്പെടുന്ന പ്രവണത മറ്റേതു മണ്ഡലങ്ങളിലുള്ളതിനേക്കാൾ കൂടുതലുമാണ്‌.

കാലദേശങ്ങൾക്കതീതമായി മനുഷ്യൻ എന്ന മഹാഖ്യാനത്തിന്റെ അനുഭവമണ്ഡലങ്ങൾ സ്വന്തം അനുഭവമായി സ്വാംശീകരിക്കാൻ ഒരാളെ പ്രേരിപ്പിക്കുകയെന്ന മഹത്തായ കലാധർമം ഈ ചിത്രം മുന്നോട്ടുവയ്‌ക്കുന്നുണ്ട്‌. അമേരിക്കക്കാരൻ ബ്രിട്ടീഷുകാരി എന്ന സങ്കുചിത സ്വത്വബോധങ്ങളെ മറികടക്കാൻ വിശ്വമാനവികൻ എന്ന സങ്കൽപത്തിനാണ്‌ കഴിയുക. ആ അവസ്ഥയുടെ ആഖ്യാനമെന്ന നിലയിലും ഈ സിനിമയെ കാണാവുന്നതാണ്‌. `Th statistical probability of love at First Sign’ എന്ന ജെന്നിഫർ ഇ സ്‌മിത്തിന്റെ നോവലിനെ അധികരിച്ച്‌ എടുത്തിട്ടുള്ള ഈ സിനിമയുടെ സംവിധായിക വനേസ്സ കാസ്‌വിൽ (Vaness Caswill) ആണ്‌.

മനുഷ്യജീവിതത്തിന്റെ സങ്കീർണ താളത്തിലേക്കും ചലനാന്തമകതയിലേക്കും വെളിച്ചംവീശുന്ന ‘ലൗ അറ്റ്‌ ഫസ്റ്റ്‌ സൈറ്റ്‌’ നാം വല്ലാതെ ഇഷ്ടപ്പെട്ടുപോകുന്ന ചലച്ചിത്രമാണ്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × one =

Most Popular