Friday, November 22, 2024

ad

Homeലേഖനങ്ങൾനവലിബറൽ കാലത്തെ ‘‘ബ്രാഹ്മണിസം’’

നവലിബറൽ കാലത്തെ ‘‘ബ്രാഹ്മണിസം’’

കെ എ വേണുഗോപാൽ

മ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന്റെ പാർട്ടി പരിപാടിയിൽ ഇന്ത്യയിലെ ഭരണാധികാരി വർഗ്ഗത്തിനെ കൃത്യമായി വിലയിരുത്തിയിട്ടുണ്ട്. ഖണ്ഡിക 5 (1) ലാണ് അത് ചെയ്തിരിക്കുന്നത്. ‘മുതലാളിത്ത വികസന പാത നടപ്പിലാക്കുന്നതിനായി വിദേശ ഫിനാൻസ് മൂലധനവുമായി കൂടുതൽ കൂടുതൽ സഹകരിക്കുന്നതും വൻകിട ബൂർഷ്വാസിയാൽ നയിക്കപ്പെടുന്നതുമായ ബൂർഷ്വാ – ഭൂപ്രഭുവർഗത്തിന്റെ ഉപകരണമാണ് ഇന്ത്യൻ ഭരണകൂടം’ എന്നതാണ് ആ വിലയിരുത്തൽ. വൈരുധ്യാത്മക ഭൗതികവാദത്തിന്റെയും ചരിത്രപരമായ ഭൗതികവാദത്തിന്റെയും ഒക്കെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ മൂർത്തമായ സ്ഥിതിഗതികൾ മൂർത്തമായി വിലയിരുത്തിക്കൊണ്ട് എത്തിച്ചേർന്ന നിഗമനമാണത്. 1964 പാർട്ടി പരിപാടി തയാറാക്കിയപ്പോഴും തുടർന്ന് 2000 -ൽ കാലോചിതമാക്കിയപ്പോഴും ഈ വിലയിരുത്തലിന് ഒരു മാറ്റവും വന്നിട്ടില്ല. കാലാകാലങ്ങളിൽ ഇന്ത്യയിലെ ഭരണാധികാരി വർഗ്ഗം എടുക്കുന്ന നിലപാടുകളെ പാർട്ടി കോൺഗ്രസ്സുകൾ വിലയിരുത്തുകയും അതിനനുസരിച്ചുള്ള സമീപനങ്ങൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിന്റെ 2.23 ഖണ്ഡികയിൽ വർഗീയ കോർപ്പറേറ്റ് അവിശുദ്ധസഖ്യം രൂപപ്പെട്ടതായി വിലയിരുത്തിയിട്ടുണ്ട്. മോഡി വർഷങ്ങളുടെ സവിശേഷമായ ഒരു പ്രത്യേകത വൻകിട ബിസിനസുകാരിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു വിഭാഗവും ഭരണകൂടവും തമ്മിൽ ഉണ്ടായിട്ടുള്ള പ്രകടമായ സഹകരണമാണ് എന്ന് പ്രമേയം ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിൽ വർഗീയത എന്ന് പ്രയോഗിക്കുന്നത് ഏതെങ്കിലും ന്യൂനപക്ഷ വർഗീയ സംഘടനകളെ കുറിച്ചല്ല മറിച്ച് ഭൂരിപക്ഷ വർഗീയതയെക്കുറിച്ചുതന്നെയാണ്, ഹിന്ദുത്വയെ കുറിച്ച് തന്നെയാണ്. കമ്മ്യൂണിസ്റ്റുകാർക്ക് ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രകടമായിക്കൊണ്ടിരിക്കുന്ന എല്ലാ സവിശേഷതകളെയും ഈ ഹിന്ദുത്വ – കോർപ്പറേറ്റ് പ്രയോഗം കൊണ്ടുതന്നെ വിശദീകരിക്കാനാവും. അതാണ് ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ചുള്ള ശരിയായ വർഗ്ഗപരമായ വിശകലനം. എന്നാൽ ഈ വർഗപരമായ വിശകലനത്തെ മറികടക്കുന്നതിനായി ചില ഇടതുപക്ഷ ബുദ്ധിജീവികളും ദളിത് ബുദ്ധിജീവികളും ഇന്ത്യയിലെ ഇന്നത്തെ ഭരണാധികാരി വർഗ്ഗം ബ്രാഹ്മണിസ്റ്റുകൾ ആണ്; ബ്രാഹ്മണിക്കൽ ഹെജിമണിയാണ് ഇന്ത്യയിൽ നിലവിലുള്ളത് തുടങ്ങിയ സ്വത്വരാഷ്ട്രീയ കാഴ്ചപ്പാടുകൾ ഇന്ന് കേരള രാഷ്ട്രീയത്തിൽ പ്രചരിപ്പിക്കാൻ വേണ്ടി ശ്രമിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ ബ്രാഹ്മണിസം അല്ലെങ്കിൽ ബ്രാഹ്മണിക്കൽ ഹെജിമണി എന്ന പേരിൽ അവർ അവതരിപ്പിക്കുന്ന സിദ്ധാന്തത്തിന്റെ ദൗർബല്യം എന്ത് എന്ന് മനസ്സിലാക്കിയിരിക്കേണ്ടത് കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം ആവശ്യമാണ്. അതിന് നാം ആദ്യമായി മനസ്സിലാക്കേണ്ടത് ചരിത്രപരമായ ഭൗതികവാദത്തിന്റെ പ്രാഥമിക നിയമങ്ങൾ തന്നെയാണ്. പ്രകൃതിയുമായുള്ള മാനവരാശിയുടെ ബന്ധവും അതിന് അനുപൂരകമായി വരുന്ന മറ്റു ബന്ധങ്ങളുടെയും അടിസ്ഥാനത്തിലാണ് ചരിത്രപരമായ ഭൗതികവാദം സാമൂഹ്യവും ചരിത്രപരവുമായ വികാസങ്ങളെ വിലയിരുത്തുന്നത്. മനുഷ്യന്റെ മൗലികമായ പ്രവർത്തനത്തിന്റെ അടിസ്ഥാനപരമായ പരിസരം ഉൽപാദനം തന്നെയാണ്. മാർക്സിനെയും എംഗത്സിനെയും ഉദ്ധരിച്ചാൽ “മനുഷ്യൻ മറ്റു മൃഗങ്ങളിൽ നിന്ന് വ്യത്യസ്തനാവുന്നത് അവന്റെ നിലനിൽപ്പിന് ആവശ്യമായ ഉപാധികൾ ഉൽപാദിപ്പിക്കാൻ തുടങ്ങുന്നതോടെയാണ്’ മനുഷ്യ സമൂഹത്തിലെ വ്യക്തികൾ ഓരോരുത്തരും സ്വന്തം ജീവിതത്തെ പുനരുൽപാദിപ്പിക്കുന്നതിനായി ഭൗതികമായ ഉൽപ്പാദനപ്രക്രിയയിൽ ഏർപ്പെടുന്നു. ഈ ഉല്പാദന പ്രക്രിയയിൽ വെച്ച് നമ്മൾ പ്രകൃതിയെ ഉപയോഗപ്പെടുത്തുകയും അതിന് മാറ്റംവരുത്തുകയും ചെയ്യുന്നു. അതേപോലെതന്നെ പ്രാധാന്യമുള്ള കാര്യമാണ് ഭൗതികമായ ഉൽപാദനപ്രക്രിയയിൽ നാം നമ്മെത്തന്നെ മാറ്റിത്തീർക്കുന്നു എന്നതും. ഏറ്റവും നിർണായകമായ കാര്യം നാം പഠിക്കാൻ ആരംഭിക്കുന്നു എന്നതാണ്. ഉൽപാദനപ്രക്രിയയിലൂടെ നാം പരിതസ്ഥിതിക്കുമേൽ കുറെയൊക്കെ നിയന്ത്രണം നേടിയെടുക്കുന്നു. ഭൗതികമായി നടക്കുന്ന ഈ നിരന്തര പ്രക്രിയയിലൂടെയാണ് മനുഷ്യൻ അറിവ് ആർജ്ജിക്കുന്നത്.

ഒറ്റപ്പെട്ട വ്യക്തിയല്ല ഉൽപാദനം നടത്തുന്നത്. ഉൽപാദനം എന്നത് ഒരു സാമൂഹ്യപ്രക്രിയയാണ്. അതായത് സാമൂഹികമായാണ് ഉൽപാദനം നടക്കുന്നത്. സാമൂഹികവൽക്കരണത്തിലൂടെ ഒരുഭാഗത്ത് നാം പ്രകൃതിയുമായി ബന്ധപ്പെടുകയും മറുഭാഗത്ത് വ്യക്തികൾ തമ്മിൽ സാമൂഹികമായ ബന്ധങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. ഉൽപാദന പ്രക്രിയയിൽ വരുന്ന മാറ്റത്തിലൂടെയാണ് സാമൂഹിക രംഗത്ത് മാറ്റങ്ങൾ സംജാതമാകുന്നത്. ആദിമകാലത്തെ വർഗ്ഗ രഹിത സമൂഹത്തിൽ നിന്ന് വർഗ്ഗങ്ങൾ രൂപപ്പെട്ടത് ഉൽപാദനപ്രക്രിയ മെച്ചപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്. ഇതോടെയാണ് ഭരണകൂടം രൂപംപ്രാപിക്കാൻ ആരംഭിച്ചത്. ഭരണകൂടം എല്ലായ്പോഴും ചൂഷക വർഗത്തിന്റെ ഉപകരണമാണ്. അതൊരു മർദ്ദനോപകരണം കൂടിയാണ്. എന്നാൽ ഈ മർദ്ദനോപകരണത്തെ അതങ്ങനെയല്ലെന്ന് തോന്നിപ്പിക്കുന്ന വിധം ഉപയോഗപ്പെടുത്താൻ ഭരണവർഗം എല്ലായ്‌പോഴും ശ്രമിക്കും. അതിനായി പ്രത്യയശാസ്ത്രരംഗത്ത് ഭരണകൂടം ആധിപത്യം സ്ഥാപിക്കുകയും അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ചൂഷണ വ്യവസ്ഥയായ ചാതുർവർണ്യ വ്യവസ്ഥയെ ഭഗവാൻ കൃഷ്ണനെക്കൊണ്ട് ‘ചാതുർവർണ്യം മയാസൃഷ്ടം’ എന്ന് പറഞ്ഞു സാധൂകരിപ്പിച്ചത് അതിന് ഉദാഹരണമാണ്. അതോടെ ചൂഷണം ദൈവസൃഷ്ടിയായി മാറി.

“ഓരോ കാലഘട്ടത്തിലും ഭരിക്കുന്ന വർഗ്ഗത്തിന്റെ ആശയങ്ങളാണ് സമൂഹത്തെയാകെ ഭരിക്കുന്ന ആശയങ്ങൾ. അതായത് സമൂഹത്തെ ഭരിക്കുന്ന ഭൗതികശക്തി അതേസമയം തന്നെ അതിനെ ഭരിക്കുന്ന മാനസിക ശക്തിയുമാണ്. ഭൗതിക ഉൽപാദന ശക്തികൾ കൈവശമുള്ളവർഗ്ഗം അതേസമയം തന്നെ ആത്മീയോത്പാദന ശക്തികളെയും നിയന്ത്രിക്കുന്നു. അതിനാൽ പൊതുവിൽ പറഞ്ഞാൽ ആത്മീയോപാദനോപാധികൾ കൈവശമില്ലാത്തവരുടെ ആശയങ്ങൾ അതിന് വിധേയമാകുന്നു.ഭരിക്കുന്ന ആശയങ്ങൾ ആധിപത്യം വഹിക്കുന്ന ഭൗതിക ബന്ധങ്ങളുടെ ആശയരൂപത്തിലുള്ള അഭിവ്യഞ്ജനമല്ലാതെ,ആധിപത്യം വഹിക്കുന്ന ഭൗതിക ബന്ധങ്ങൾ ആശയങ്ങളെന്ന നിലയ്ക്ക് ഗ്രഹിക്കപ്പെടലല്ലാതെ, മറ്റൊന്നുമല്ല. അതിനാൽ അവ ഒരു വർഗ്ഗത്തെ ഭരണവർഗ്ഗം ആക്കുന്ന ബന്ധങ്ങളുടെ പ്രകാശനവുമാണ്. അക്കാരണം കൊണ്ടുതന്നെ അവ അതിന്റെ ആധിപത്യത്തിന്റെ ആശയങ്ങളുമാണ്. ഭരണ വർഗ്ഗത്തിൽ അടങ്ങുന്ന വ്യക്തികൾ മറ്റുപലതിന്റെയും കൂട്ടത്തിൽ ബോധവുമുള്ളവരാണ്. അതുകൊണ്ട് അവർ ചിന്തിക്കുന്നവരാണ്. അതിനാൽ അവർ ഒരു വർഗ്ഗം എന്ന നിലയ്ക്ക് ഭരിക്കുകയും അതാത് യുഗത്തിന്റെ വ്യാപ്തി നിർണയിക്കുകയും ചെയ്യുന്നിടത്തോളം അവരങ്ങനെ ചെയ്യുന്നത് അതിന്റെ മണ്ഡലത്തിലൊട്ടാകെയാണെന്നത് സ്വയംവിദിതമാണ്. അതുകൊണ്ട് ചിന്തകരെന്ന, ആശയങ്ങളുടെ ഉൽപാദകരെന്ന, നിലയ്ക്കു കൂടിയാണ് അവർ ഭരിക്കുന്നത്. “(ജർമ്മൻ പ്രത്യയശാസ്ത്രം – മാർക്സ്, എംഗത്സ്) ആധിപത്യപ്രത്യയശാസ്ത്രത്തിന്റെ ഉല്പാദകർ ഭരണവർഗത്തിൽപ്പെട്ടവർ തന്നെയാണെന്ന് മേലുദ്ധരിച്ച വാചകങ്ങളിൽ നിന്ന് വ്യക്തമാണ്.

എന്നാൽ ബ്രാഹ്മണിക്കൽ ഹെജിമണി, ബ്രാഹ്മണിസം എന്നീ പ്രയോഗങ്ങളിൽ ഭരണവർഗ്ഗമല്ല പകരം ബ്രാഹ്മണർ എന്ന വർണ്ണമാണ്, അല്ലെങ്കിൽ ജാതിയാണ് ആധിപത്യ പ്രത്യയശാസ്ത്രത്തിന്റെ ഉല്പാദകരായി രംഗത്ത് വരുന്നത്. ഇന്ത്യയിൽ ഉത്തർപ്രദേശിലെ ഒരു താലൂക്കിൽ ഒഴികെ ഇന്ത്യയിൽ ഒരിടത്തും ജനസംഖ്യാപരമായി ബ്രാഹ്മണർ ഭൂരിപക്ഷമല്ല എന്ന് വ്യക്തമാക്കിക്കൊണ്ടാണ് അവർ സ്വന്തം വാദഗതികൾ ഉന്നയിക്കുന്നത്. അതുകൊണ്ടുതന്നെ വർഗ്ഗമല്ല ജാതിയാണ് ഇവിടെ പ്രസക്തമാകുന്നത്. മഹാനായ ഡോക്ടർ ബി ആർ അംബേദ്കർ തന്നെ ബ്രാഹ്മണിസവും മുതലാളിത്തവുമാണ് തൊഴിലാളി വർഗ്ഗത്തിന്റെ രണ്ട് യഥാർത്ഥ ശത്രുക്കൾ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇ എം എസ് ഇന്ത്യയിലെ പ്രാങ് മുതലാളിത്ത വ്യവസ്ഥയെ ജാതി-ജന്മി-നാടുവാഴി മേധാവിത്വം എന്നാണ് വിളിച്ചത്. എന്നാൽ ആധുനിക ബ്രാഹ്മണിസ്റ്റ് വിരുദ്ധ പ്രത്യയശാസ്ത്രത്തിൽ മുതലാളിത്തവും അതിന്റെ ആധുനികരൂപമായ നവലിബറല്‍ കോർപ്പറേറ്റ് മുതലാളിത്തവുമൊക്കെ മറച്ചുവെക്കപ്പെടുകയോ ഒഴിവാക്കപ്പെടുകയോ ചെയ്യുന്നു. ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്ന വൻകിട മുതലാളിത്ത ശക്തികൾക്കും ഭൂപ്രഭുത്വത്തിനും എതിരായി വർഗസമരം നടത്തിക്കൊണ്ടല്ലാതെ ഇവർ പറയുന്ന ബ്രാഹ്മണിസ്റ്റ് ആധിപത്യ പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താനാവില്ല. അദാനിയും അമ്പാനിയുമൊന്നും ബ്രാഹ്മണരല്ലല്ലോ?

ബ്രാഹ്മണിസം എന്നും ബ്രാഹ്മണിക്കൽ ഹെജിമണി എന്നും വിളിക്കുന്നത് മനുസ്മൃതി കാലഘട്ടത്തിലെ ചാതുർവർണ്യ വ്യവസ്ഥയുടെ മൂല്യങ്ങളെയല്ല. കാലോചിതമായി അതിനെ പുതുക്കാനും വികസിപ്പിക്കാനും കൂട്ടിച്ചേർക്കാനുമൊക്കെ ഭരണവർഗത്തിന് കഴിഞ്ഞിട്ടുണ്ട്. അടിമയുടമ കാലഘട്ടത്തിൽ ഇന്ത്യയിൽ രൂപംകൊണ്ട ചാതുർവർണ്യ വ്യവസ്ഥയും തുടർന്നുവന്ന ജാതി വ്യവസ്ഥയും ഒരു മാറ്റവും ഇല്ലാതെ തുടരുകയാണ് എന്ന് കരുതുന്നത് ശരിയല്ല. മുതലാളിത്തം വളർത്തിയെടുത്ത സാമൂഹിക സാമ്പത്തിക പദവികളും മേൽജാതി- കീഴ്ജാതി ശ്രേണീബന്ധങ്ങളും തമ്മിൽ ശക്തമായ പരസ്പര ബന്ധമുണ്ട് എന്നുമാത്രമല്ല കീഴ്ജാതികളിൽ നിന്ന് സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയർന്നുവരാൻ കഴിഞ്ഞവരെ ഒരു ഭാഗത്ത് തമ്മിലടിപ്പിക്കാനും മറുഭാഗത്ത് കൂടെനിർത്താനും കഴിയാവുന്ന വിധത്തിൽ ഈ ബ്രാഹ്മണിക് പ്രത്യയശാസ്ത്രം നവീകരിക്കപ്പെട്ടിട്ടുണ്ട്. പരമോന്നത രാഷ്ട്രീയ പദവിയായ രാഷ്ട്രപതി സ്ഥാനത്തേക്ക് ആദിവാസി വനിതയെയും ദളിതനെയുമൊക്കെ പരിഗണിക്കുന്നത് ഈ നവീകരണത്തിന്റെ ഭാഗമായിട്ടാണ്. മുതലാളിത്ത വളർച്ചയുടെ ഭാഗമായി മിക്കവാറും എല്ലാ ജാതികളിലുമുള്ള ഒരു ചെറിയ ശതമാനത്തിനെങ്കിലും സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നേറാൻ കഴിഞ്ഞിട്ടുണ്ട്. നവലിബറൽനയങ്ങൾ നടപ്പിലാക്കിയതിന്റെ ഭാഗമായി ഇന്ത്യയിലാകെ ഈ നയങ്ങളെ പിന്തുണയ്ക്കുന്ന ഒരു പുത്തൻ മധ്യവർഗ്ഗം വളർന്നുവന്നിട്ടുമുണ്ട്. ഇവരെയൊക്കെ ഉൾക്കൊള്ളാവുന്ന വിധം ബ്രാഹ്മണിക് പ്രത്യയശാസ്ത്രം മാറിയിട്ടുമുണ്ട്. ഈ മാറ്റങ്ങൾക്ക് ബ്രാഹ്മണിക് പ്രത്യയശാസ്ത്രത്തെ നിർബന്ധിതമാക്കിയത് മുതലാളിത്ത വ്യവസ്ഥയുടെ വളർച്ചയാണ്. സാമ്പത്തിക അടിത്തറ പരിഗണനാ വിഷയം പോലുമാക്കാതെ, വർഗ സമരത്തെ ഒഴിവാക്കി അതിന് മുകളിൽ സ്വത്വ രാഷ്ട്രീയത്തെ പ്രതിഷ്ഠിക്കാനും അതു വഴി മുതലാളിത്ത വ്യവസ്ഥയെ കേടുപാടില്ലാതെ സംരക്ഷിക്കാനുമുള്ള ശ്രമമാണ് ഇന്ന് നടക്കുന്നത്. വർഗസമരം ആശയരംഗത്തും രാഷ്ട്രീയ രംഗത്തും സർവ്വോപരി സാമ്പത്തിക രംഗത്തും നിരന്തരമായി നടത്തേണ്ട ഒന്നാണ്. അതിൽ ഏതെങ്കിലും ഒന്നിനെ ഒഴിവാക്കുന്നത് ഫലത്തിൽ ഭരണവർഗത്തെയാണ് സഹായിക്കുക.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × three =

Most Popular