Monday, November 25, 2024

ad

Homeനാടകംജീവേർ

ജീവേർ

കെ പി സന്തോഷ്

(വേദി: കാടിന്റെ പശ്ചാത്തലം, താടിയും മുടിയും നീട്ടി വളർത്തിയ രണ്ടു ചെറുപ്പക്കാർ രണ്ടുപേരും പാന്റസും ജുബ്ബയുമാണ് ധരിച്ചിരിക്കുന്നത്. രണ്ടുപേരുടെ കൈകളിലും തോക്കുണ്ട്.ഇരുവരും ഭയത്തോടുകൂടി വിപരീതദിശയിലേക്ക് പിറകിലേക്ക് അടിവെച്ച്, അടിവെച്ച് ചുറ്റുപാടുകളെ ഭയത്തോടെ വീക്ഷിച്ചുകൊണ്ട് നടക്കുന്നു. നേരം വെളുക്കുന്നതിന് മുമ്പുള്ള മങ്ങിയ വെളിച്ചം. ഈ അവസരത്തിൽ പെട്ടെന്ന് വേദിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് തുരുതുരാ വെടിയൊച്ച കേൾക്കുന്നു. ചെറുപ്പക്കാർ വേദിയിൽ നിന്നും ഓടി രക്ഷപ്പെടുന്നു. വേദി ശാന്തമാകുമ്പോൾ ഇതേ ചെറുപ്പക്കാർ കിതച്ചുകൊണ്ട് ഭയത്തോടെ വിറച്ച്കൊണ്ട് തോക്ക് എതിർദിശയിലേക്ക് ചൂണ്ടി കടന്നുവരുന്നു. രണ്ടുപേരും പിറകോട്ട് അടിവെച്ച് അടിവെച്ച് തന്നെയാണ് നടക്കുന്നത്. ഇവർ നടന്നു നടന്നു കൂട്ടിമുട്ടുന്നു. ആർപ്പുവിളികളോടെ കെട്ടിപ്പിടിച്ചുകൊണ്ട് നിലത്ത് വീഴുന്നു. ഈ അവസരത്തിൽ വേദിയിലേക്ക് ഓരാണിന്റെയും പെണ്ണിന്റെയും ഒരുമിച്ചുള്ള ശബ്ദത്തിൽ പുലി വരുന്നേ പുലി വരുന്നേ എന്നാർത്ത് വിളിച്ച് വേദിയിലേക്ക് ഓടിക്കയറി വരുന്ന രണ്ടുപേരും നേരത്തെ വന്ന ചെറുപ്പക്കാരെ തട്ടിത്തടഞ്ഞു വീഴുന്നു. നാലുപേരും പേടിച്ച് ഒരുമിച്ച് ആർത്ത് വിളിക്കുന്നു പിന്നീട് കെട്ടിപ്പിടിച്ചു നിൽക്കുന്നു. തുടർന്ന് നാലു പേരെയും വ്യക്തമാകുംവിധം പ്രകാശം പരക്കുന്നു. ചെറുപ്പക്കാരുടെ പേര് മനോഹരൻ, മനാഫ് പിന്നീട് കടന്ന് വന്നവർ ചിരുതയും കോരനുമാണ്. പരസ്പരം ഇളിഭ്യത മറക്കാൻ നാണം കുണുങ്ങി പുഞ്ചിരിക്കുന്നു. തുടർന്ന് പൊട്ടിച്ചിരിയിൽ അവസാനിക്കുന്നു. കോരന്റെ കയ്യിൽ തോക്കുണ്ട്. ഇരുവരും ഭാര്യയും ഭർത്താവുമാണ്).

കോരൻ: അല്ല ചിരുതേ . . . . ശരിക്കും നീയാ പൂലിയെ കണ്ടോ
ചിരുത: പുലിയെ കണ്ടോന്ന് ചോദിച്ചാൽ (നാണം മറച്ചുപിടിച്ച് ചിരിക്കുന്നു. പെട്ടെന്ന് വിഷയം മാറ്റുന്നു) എന്തു പുലി ഏതു പുലി നിങ്ങൾക്കെന്തുപറ്റിന്റെ മനുഷ്യാ.

മനോഹരൻ: ഇവിടെ . . . ഒരു വെടിവെപ്പുണ്ടായോ?

മനാഫ്: അതെയതെ ഇവിടെ ഒരു വെടിവെപ്പ് ഉണ്ടായോ ? (മൂന്നുപേരുടെയും മുഖത്തേക്ക് നോക്കുന്നു പിന്നീട് സംശയത്തോടെ) ഉണ്ടായീല്ല എന്നാൽ ഉണ്ടായിട്ടുണ്ട്. പുലിയെ വേട്ടയാടാൻ ഈ കാട്ടിലേക്ക് ആരോ ഇറങ്ങിയിട്ടുണ്ട്.

കോരൻ: കാടോ . . . അതിന് ഇതൊരു കാട് അല്ലല്ലോ കാടിനടുത്തുള്ള ഒരു പ്രദേശവും അല്ല നഗരത്തിനടുത്തുള്ള ഒരു ഗ്രാമമാണ്.

മനോഹരൻ: അതുകൊണ്ടെന്താ . . . പുലിക്ക് ഇങ്ങോട്ട് വന്നൂടെ.

മനാഫ്: അതെന്നെ . . . കാടില്ലാത്ത എത്ര സ്ഥലത്ത് പുലി ഇറങ്ങിയിട്ടുണ്ട്.
ചിരുത: അതും ഒരു ശരിയാണ്.

മനോഹരൻ: അതും ഒരു ശരിയാണ് എന്നല്ല, അതാണ് ശരി. അതിരിക്കട്ടെ ഈ കാട് ഏതാണ്.

കോരൻ: അതല്ലെടോ ഞാൻ നേരത്തെ പറഞ്ഞത് ഇത് കാടല്ലാന്ന്.

ചിരുത: (പൊട്ടിച്ചിരിച്ച് കൊണ്ട്). ഇത് പച്ചക്കറിത്തോട്ടാണ് മക്കളെ? കേരളത്തിലെ പിണറായി സർക്കാർ പച്ചക്കറി കൃഷിക്ക് വലിയ പിന്തുണയാണ് നൽകുന്നത് അതോണ്ട് ഈ നാട്ടാരൊക്കെ ജൈവ പച്ചക്കറി കൃഷിയാണ് ചെയ്തു കൊണ്ടിരിക്കുന്നത്.

കോരൻ: പച്ചക്കറി കൃഷി മാത്രമല്ല നെൽ കൃഷിക്കും സഹായം നൽകുന്നുണ്ട്. തരിശ്ശായി കിടക്കുന്ന ഭൂമിയിൽ കൃഷി ആരംഭിച്ചാൽ ഒരു ഏക്രയ്ക്ക് 25000 രൂപയണ് സർക്കാർ കൊടുക്കുന്നത്. അത് മാത്രമോ ഉത്പാദിപ്പിച്ച നെല്ല് 27 രൂപ എൺപത് പൈസ താങ്ങുവില നിശ്ചയിച്ച് മുഴുവൻ സർക്കാർഏറ്റെടുക്കും എന്നിട്ടത് നമ്മുടെ റേഷൻ ഷാപ്പിലൂടെ വിതരണം ചെയ്യും.

ചിരുത: ഇരുട്ടത്ത് വന്നതോണ്ടാണ് നിങ്ങൾക്കിത് കാടാന്ന് തോന്നിയത് മക്കളെ. ഇത് നല്ല കൃഷിയിടമാണ്.

മനാഫ് : അപ്പോൾ വെടിയൊച്ച കേട്ടതോ.

കോരൻ: അതോ . . . അത് ഇവിടെ ഭയങ്കരായിട്ട് പന്നി ശല്യമുണ്ട്. കൃഷി നശിപ്പിക്കാൻ ഒരുപാട് വന്യമൃഗങ്ങൾ വന്ന് കൂടീട്ടുണ്ട്. അവറ്റകൾ വരാതിരിക്കാൻ കാവൽ നിൽക്കുന്നോര് ഒച്ച ഉണ്ടാക്കുന്നതാണ്.പിന്നെ . . . പന്നികളെ വെടിവെക്കുന്നതിന് സർക്കാർ ഉത്തരവുണ്ട്. ഇവിടെ എന്തൊക്കെ ശല്യം ണ്ട്ന്നാ കരുതിയത് മയിലുണ്ട്, കുരങ്ങുണ്ട് കാട്ടുപന്നിയുണ്ട്. കാട്ടുപന്നിയെ വെടിവെച്ചു കൊന്നാൽ അതിനുള്ള കൂലീം സർക്കാര് തരും.

മനോഹരൻ: സത്യത്തിൽ വെടിയൊച്ച കേട്ടപ്പോൾ ഞങ്ങൾ ജാർഖണ്ഡിലാണോ എന്ന് സംശയിച്ചു പോയി.

മനാഫ്: ഇതാണ് നടന്ന് ഉറങ്ങിയാൽ ഉള്ള കുഴപ്പം വെറുതെ നമ്മളെയും പേടിപ്പിച്ചു. എന്തായാലും ഇത് ജാർഖണ്ഡ് അല്ല. നമ്മുടെ നാടാണ് അതുമാത്രമല്ല കൃഷിസ്ഥലവുമാണ്.

ചിരുത: അല്ല മക്കളെ നിങ്ങൾ ആരാണ്.

മനോഹരൻ: ഞങ്ങൾ . . . ബിഹാറിനേയും ആന്ധ്രയേയും കിടുകിടാവിറപ്പിച്ച പുലികളാണ് (സ്വയം പൊക്കിപ്പറയുന്നു).

ചിരുത: മക്കളേ നിങ്ങൾ . . . (പൊട്ടിച്ചിരിക്കുന്നു) നിങ്ങളെ തന്നെ പുകഴ്ത്തി പറയല്ലേ.

മനാഫ്: അല്ല . . . അതല്ല പറഞ്ഞത് ഞങ്ങൾ ഈ സ്ഥലങ്ങളിലൊക്കെ പുലിയെ പിടിക്കാൻ പോയ വരാണെന്നാ പറഞ്ഞത് അല്ലാതെ ഞങ്ങൾ പുലികളാണെന്നല്ല . . . ല്ലെ മനോഹരാ.

കോരൻ: അതിന് ഇവിടെ പുലി ഇറങ്ങിയിയ്യില്ലല്ലോ. ഇല്ലാത്ത പുലിയെ പിടിക്കാൻ ചില ആളുകൾ ഇറങ്ങിയിട്ടുണ്ട്. അവരാണോ നിങ്ങൾ . . . സത്യം പറ നിങ്ങളാരാണ്….

മനോഹരൻ: ഞങ്ങളൊ . . . ഞങ്ങൾ . . . ഞങ്ങൾ മാവോയിസ്റ്റുകളാണ്.

മനാഫ്: ഞങ്ങൾ സി. പി. ഐ.(എം.എൽ.) മാവോയിസ്റ്റുകൾ.

ചിരുത: അതിന് മാവോയിസ്റ്റുകൾ പുലിയെ പിടിക്കുമോ?

കോരൻ: (പൊട്ടിച്ചിരിക്കുന്നു) മാവോയിസ്റ്റുകൾ പുലിയെ പിടിക്കെ . . . അതും ഈ കേരളത്തിൽ എന്നാൽ ഇയ്യിത് കേട്ടോ ഇവരെ പിടിക്കാൻ പോലീസ് ഇറങ്ങിയിട്ടുണ്ട്. അവരുടെ കയ്യിൽപ്പെടാതെ വേഗം പോയിക്കോളി മക്കളെ നിങ്ങൾ.

ചിരുത: എലിയ കെണിവെച്ചു പിടിക്കുന്ന ലാഘവത്തോടെ പുലിയെ പിടിക്കാൻ ഇറങ്ങിത്തിരിച്ച ഇവരുടെ ലക്ഷ്യം പുലിയെ പിടിക്കൽ മാത്രമല്ല പുലിക്ക് തീറ്റ കൊടുക്കുന്ന ഉത്തരവാദിത്വം കൂടി എറ്റെടുത്തിട്ടുണ്ടോ എന്ന് എനിക്ക് സംശയമുണ്ട് (യുവാക്കളെ ആകെ ഒന്ന് ഉഴിഞ്ഞു നോക്കിയാണ് പറയുന്നത്).

(മനോഹരനും മനാഫും പരസ്പരം നോക്കുന്നു. ഭയത്തോടെ ആംഗ്യഭാഷയിൽ സംസാരിച്ച്കൊണ്ട് വേദിയിൽ നിന്നും പുറത്തേക്ക് പോകുന്നു.)

കോരൻ: (മനോഹരനും മനാഫും പോകുന്നത് ശ്രദ്ധിച്ചുകൊണ്ട്)(നിന്റെ അർത്ഥം വെച്ചുള്ള സംസാരം അവർക്ക് മനസ്സിലായിട്ടുണ്ടെന്ന് തോന്നുന്നു. അതുകൊണ്ടാണ് അവർ പോയത്.

ചിരുത: അതു പറഞ്ഞപ്പോൾ അവർ ആരാണെന്ന് അവർക്ക് ബോധ്യപ്പെട്ടു. അതാണ് അവർ പോയത്.

കോരൻ: (പന്നിയുടെ മുരളലും കൃഷി നശിപ്പിക്കുന്നതിന്റെ ശബ്ദവും കേൾക്കുന്നു. കോരൻ ചെവിയോർക്കുന്നു). മിണ്ടല്ലേ . . . മിണ്ടല്ലേ പന്നി ഇറങ്ങിയിട്ടുണ്ട് (കോരൻ തോക്കു ചൂണ്ടി ഉന്നം പിടിക്കുന്നു ചിരുത കോരന്റെ പിന്നിൽ വന്നു നിൽക്കുന്നു. കോരൻ പെട്ടന്ന് വെടിവെക്കുന്നു. വെടിയുടെ ഉഗ്രശബ്ദത്തോടൊപ്പം തന്നെ മനുഷ്യന്റെ ആർപ്പുവിളിയും കേൾക്കുന്നു.)

ചിരുത: പറ്റിച്ചൊ ഭഗവാനെ (രണ്ടുകൂട്ടരും ആർപ്പുവിളിയോടെ വേദിയിൽ പരക്കം പായുന്നു. ഒടുവിൽ രണ്ടു ദിക്കിലേക്ക് രണ്ട് പേരും (ചിരുതയും കോരനും) ഓടുന്നു. തുടർന്ന് മനോഹരനും മനാഫും രണ്ടു ഭാഗത്തുനിന്നായ് തോക്ക് ഉന്നം പിടിച്ച് വേദിയെ വലംവെക്കുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന പശ്ചാത്തല സംഗീതം ഉയരുന്നു. പ്രത്യേക ഘട്ടത്തിൽ ഇരുവരും കൂട്ടിമുട്ടുന്നു. രണ്ടുപേരും ആർത്തു നിലവിളിച്ച് ബോധരഹിതരായി നിലത്തു വീഴുന്നു. നിമിഷങ്ങൾക്ക് ശേഷം കോരനു ചിരുതയും കടന്നു വരുന്നു).

കോരൻ: രണ്ടു വെടി ഒരുമിച്ച് വെച്ചിട്ടുണ്ട്. ഞാൻ വെച്ചവെടി ആർക്കെങ്കിലും കൊണ്ടോ?വെടികൊണ്ട ആളിന്റെ കരച്ചിലാണ് ആ കേട്ടത്.

ചിരുത: ഹേ മനുഷ്യാ രണ്ടു വെടി ഒപ്പം വെച്ച ഒച്ചയാണ് കേട്ടത്. ആരായിരിക്കും ശരിക്കും വെടിവെച്ചിട്ടുണ്ടാവുക.നിങ്ങള് ശരിക്കും വെടിവെച്ചിട്ടുണ്ടോ?
കോരൻ: ഇയ്യ് മിണ്ടല്ലെ (കോരൻ തോക്ക് ഉന്നം പിടിക്കുന്നു. ചിരുത കോരന്റെ പിന്നിൽ നടക്കുന്നു.

ഇരുവരും ഭയത്തോടെ അടി വെച്ചടിവെച്ചാണ് നടക്കുന്നത് പെട്ടന്ന് നേരത്തെ വീണു കിടക്കുന്നവരെ തടഞ്ഞ് വീഴുന്നു. നാല് പേരും ആർത്ത് നിലവിളിക്കുന്നു. നാല് പേരും ഒരുമിച്ച് എഴുന്നേൽക്കുന്നു).

ചിരുത: ഹാവൂ . . . (ദീർഘനിശ്വാസത്തോടെ) ജീവൻ ഉണ്ടല്ലോ അത് മതി . . . ഞാൻ കരുതി ഇയ്യാള് വെച്ച (കോരനെ ചൂണ്ടി) വെടി കൊണ്ട ആളാണെന്ന് കരുതി . . . ഹൊ ആലോചിക്കാൻ വയ്യ.

കോരൻ: ഒന്നും പറയാതെ നിങ്ങളെങ്ങോട്ടെയ്ക്കാ പോയത്.

മനോഹരൻ: സത്യത്തിൽ . . . ശരിക്കും നിങ്ങൾ ആരാ.

ചിരുതയും കോരനും ഒരുമിച്ച്: ഞങ്ങൾ ഈ ഭൂമിയുടെ അവകാശികളാണ്.

ചിരുത: എ. കെ. ജിയും ഇം. എം. എസും നയിച്ച മിച്ചഭൂമി സമരത്തിൽ ഞങ്ങൾക്ക് വേണ്ടി പാർട്ടിക്കാർ വളച്ചു കെട്ടിത്തന്ന സ്ഥലമാണ് ഈ ഭൂമി ഇത് ഒരു ഏക്രയുണ്ട്.
കോരൻ: ഞങ്ങളിവിടെ കൃഷി ചേയ്ത് ജീവിക്കുന്നു. അല്ലാ, നിങ്ങൾ ആരാണ് പോലീസ്സോ, പട്ടാളമോ, സി. ബി. ഐ യോ ഇനി ഇതൊന്നുമല്ലെങ്കിൽ ഇ ഡി യോ മറ്റോ, ആരാണ് നിങ്ങൾ.

മനാഫ്: ഞങ്ങളെ കണ്ടാൽ അങ്ങനെയൊക്കെ തോന്നുമൊ?

ചിരുത: ഹേയ് . . . . അങ്ങനെയൊന്നും തോന്നുകയില്ല.

മനോഹരൻ : ഞങ്ങൾ ഈ രാജ്യത്തെ പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ്. മഹാനായ മാവോയുടെ പട്ടാളം.

കോരൻ: അയ്യേ . . . . മാവോയെ പറയിപ്പിക്കാൻ വേണ്ടി ഇറങ്ങിയവരാണല്ലേ കഷ്ടം.

ചിരുത: വെറുതെയല്ല നേരത്തെ ഒന്നും പറയാതെ പോയത് അല്ലെ. എന്തായാലും നിങ്ങൾക്ക് ഇവിടെ ഒന്നും ചെയ്യാനുണ്ടാവില്ല ട്ടൊ.ഇവിടെ എല്ലാം സർക്കാർ ചെയ്യുന്നുണ്ട്. നിങ്ങൾ തോക്ക് ചൂണ്ടി വാങ്ങിത്തരാമെന്ന് പറയുന്നതൊക്കെയും തോക്ക് ചൂണ്ടാതെ മുഖ്യമന്ത്രി പിണറായി ശരിയാക്കി തരുന്നുണ്ട്.ഇപ്പൊഴിതാ അറുപത്തി നാലായിരത്തി ആറ് അതിദാരിദ്ര്യരെയാണ് ഈ സർക്കാർ കണ്ടുപിടിച്ച് എല്ലാ സംരക്ഷണവും നൽകുന്നത് അത് ഒന്നുമാത്രം പോരെ ഈ രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക്.

മനാഫ്: നിങ്ങൾ ഞങ്ങൾ ചോദിച്ച ചോദ്യത്തിന് ഉത്തരം തരൂ ഈ രാത്രിയിൽ ഇവിടെ ഈ തോക്കുമായി എന്തിനാണ് നിങ്ങൾ റോന്ത് ചുറ്റുന്നത്.

കോരൻ: (ചിരിക്കുന്നു). തോക്കാണ് പ്രശ്നം അല്ലേ അതിന് ഞാൻ പോലീസൊ പട്ടാളക്കാരനൊ ഒന്നുമല്ലെടോ. കാട്ടുമൃഗങ്ങളെ വെടിവെക്കാൻ ലൈസൻസ് ഉണ്ട് അതുകൊണ്ടാണ് ഞങ്ങൾ ഈ രാത്രിയിൽ കറങ്ങുന്നത്.

ചിരുത: ഇക്കാണുന്ന കൃഷി സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഞങ്ങൾക്കല്ലേ രാത്രികാലത്ത് പന്നികൾ ഇറങ്ങി കൃഷി മുഴുവൻ നശിപ്പിക്കുകയാണ്. അതിനെ വെടിവെച്ച് വീഴ്ത്താനാണ് തോക്കുമായി ഞങ്ങൾ രാത്രിയിൽ ഇറങ്ങുന്നത്.

മനോഹരൻ: കൃഷി ഭൂമിയോ ?

കോരൻ: എന്തെയ് അണക്കൊരു പുച്ഛം.

ചിരുത: അതാ അങ്ങോട്ടു നോക്കൂ. അക്കാണുന്നത് ചീരയാണ്.ഇതാ അക്കാണുന്നത് വെണ്ടക്കയാണ്. അവിടെ വഴുതിനയുമാണ്, ഇതാ ഇവിടെയാണ് പടവലങ്ങ, കൈപ്പ, ചേനയും ചേമ്പും പിന്നെ ഉരുളൻ കിഴങ്ങും ഉള്ളിയുമല്ലാത്ത എല്ലാ പച്ചക്കറികളും ഇവിയെയുണ്ട്.

കോരൻ: അതാ ആ കാണുന്നത് വാഴത്തോട്ടവും അതിനപ്പുറത്ത് പൂള കൃഷിയുമാണ്.

മനാഫ്: ഞാൻ നേരത്തെ ചോദിക്കാൻ വിട്ടുപോയതാണ് നിങ്ങൾ നല്ലപോലെ മലയാളം പറയുന്നത്കൊണ്ട് ചോദിക്കുകയാണ് ഇത് കേരളമാണോ? അതോ തമിഴ്നാട് ബോർഡറാണോ?ഞങ്ങൾ തമിഴ്നാട് വനത്തിലായിരുന്നു. അവിടുത്തെ പോലീസിന്റെ വേട്ടയാടലിന്റെഭാഗമായി ഞങ്ങൾ അവിടെ നിന്നും രക്ഷപ്പെട്ടതാണ്.

ചിരുത: ഇത് കേരളമാണ് മക്കളെ തമിഴ്നാട്ടിന്നുള്ള പച്ചക്കറി ഇറക്കുമതിയൊക്കെ കുറഞ്ഞിട്ടുണ്ട്. മലയാളികൾക്കുള്ള പച്ചക്കറി മലയാളികൾ തന്നെ ഉൽപാദിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിന് പിണറായി സർക്കാറിന്റെ നല്ല സഹായമുണ്ട്.

മനോഹരൻ: രാത്രിയിൽ ഓടിയും . . . . നടന്നുമാണ് ഇവിടെയെത്തിയത്. അതുകൊണ്ടാണ് സ്ഥലം വ്യക്തമാകാതിരുന്നത്. ഞങ്ങൾ കരുതി . . .

കോരൻ: എന്തെയ് നിർത്തിയത്.

മനോഹരൻ: ഒന്നുമില്ല ഒരു വെടിവെപ്പുള്ള സ്ഥലത്തുനിന്നാണ് ഞങ്ങൾ വരുന്നത് കറങ്ങി തിരിഞ്ഞ് ഒടുവിൽ വീണ്ടും അവിടെത്തന്നെ എത്തിയോ എന്ന് സംശയിച്ചു പോയി.

ചിരുത: (ചിരിച്ച് കൊണ്ട്) ഇപ്പോൾ മനസ്സിലായില്ലേ കേരളം പച്ചക്കറി വനമായെന്ന്.

കോരൻ: അല്ല മക്കളെ നിങ്ങൾ മാവോയിസ്റ്റോ നക്സലേറ്റോ എന്തെങ്കിലും ആയിക്കോളി. . . . ഇങ്ങള് എവിടെയുള്ളതാണ് എന്താ നിങ്ങടെ പണി (മനോഹരനും മനാഫും പരസ്പരും നോക്കുന്നു രണ്ടുപേരും ആംഗ്യഭാഷയിൽ ഒന്നും പറയേണ്ട എന്ന ഭാവത്തിൽ നിൽക്കുന്നു).

ചിരുത: (രണ്ടുപേരും ഒന്നും പറയാത്തത്കൊണ്ട് ആരോടെന്നില്ലാതെ പറയുന്നു). ആരാണെന്ന് പറയാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ പറയണ്ട. നിങ്ങളെ കണ്ടിട്ട് നല്ല ക്ഷീണം ഉള്ളതായി തോന്നുന്നു. നിങ്ങൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ വീട്ടിൽ വന്നാൽ നല്ല പൂളയും ചമ്മന്തിയും ചായയും കഴിക്കാം പോരുന്നുണ്ടെങ്കിൽ പോന്നോളിൻ.

കോരൻ: ഇവിടെ നട്ടതാണ് (മനോഹരനും നമാഫും പരസ്പരും നോക്കുന്നു “”പോവുകയല്ലെ എന്ന ഭാവത്തിൽ ആംഗ്യംകാണിക്കുന്നു. തുടർന്ന് ഇരുവരും തോക്ക് തോളിലിട്ട് പുറപ്പെടുവാൻ തയ്യാറായി നിൽക്കുന്നു. രണ്ടുപേരെയും മാറിമാറി നോക്കി കോരനും ചിരുതയും പരസ്പര#ം നോക്കി സ്തംഭിച്ചു നിൽക്കുന്നു).

മനോഹരൻ: എന്താ കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്നു.

കോരൻ: അല്ല ഇതെന്താ ഇങ്ങനെയാണോ വരുന്നത് ഈ തോക്കെല്ലാം തോളിലിട്ട് അതും പട്ടാളക്കാരുടെ കയ്യിലുള്ള തോക്ക്.

മനാഫ്: അല്ല കാരണോരെനിങ്ങളുടെ കയ്യിലും തോക്കുണ്ടല്ലോ.

ചിരുത: അതിന് നിങ്ങൾക്ക് വെടിവെക്കാൻ ലൈസൻസ് ഉണ്ടോ.

കോരൻ: (കയ്യിലെ തോക്ക് എടുത്തു ഉയർത്തി പിടിച്ചുകൊണ്ട്) ഇത് പന്നിയെ വെടിവെക്കാനുള്ള തോക്കാണ് വന്യമൃഗ ശല്യം തടയാൻ സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഞങ്ങൾ കാട്ടുപന്നിയെ വെടിവെക്കാൻ ഇറങ്ങിയതാണ്.

മനോഹരൻ: ഞങ്ങൾക്കും ലൈസൻസ് ഉണ്ട്.

ചിരുത: മനുഷ്യനെ വെടിവെക്കാനോ. നിങ്ങളെ കണ്ടിട്ട് ഒരു പന്തികേടുണ്ട്.

കോരൻ: സത്യത്തിൽ നിങ്ങൾ ആരാണ്.

ചിരുത: എന്നിട്ടു മതി ചായ കുടി.

മനോഹരൻ: ഞങ്ങൾ മാവോയിസ്റ്റുകൾ (രണ്ട് പേരും ഒരുമിച്ച് നിന്ന് മുദ്രാവാക്യം വിളിക്കുന്നു). ഇൻകുലാബ് സിന്ദാബാദ്,

മാവോയിസം വളരട്ടെ, മാവോ നമ്മുടെ നേതാവ്.

വർഗ്ഗസമരം വിജയിക്കട്ടെ.

വിപ്ലവം തേക്കിൻ കുഴലിലൂടെ (രണ്ട് പേരും ആകാശത്തേക്ക് വെടിവെക്കുന്നു).

കോരൻ: എന്നാലും എന്റെ മക്കളെ എനിക്ക് നിങ്ങളോട് ഒന്നേ പറയാനുള്ളൂ നിങ്ങൾ മാവോയിസ്റ്റാണെങ്കിൽ ഞങ്ങൾ മാർക്സിസ്റ്റാണ്.

മനാഫ്: അത് കൊണ്ടെന്ത് കാര്യം.

കോരൻ: കാര്യമുണ്ട് പറയാം മക്കളെ നിങ്ങൾ ഇന്ത്യൻ മുതലാളിത്വത്തെ എങ്ങനെയാണ് വിലയിരുത്തിയിട്ടുള്ളത്.

മനോഹരൻ: സാമ്രാജ്യത്വത്തിന്റെ ദല്ലാളുകളായ കോബ്രദേർബൂർഷ്വാസിയാണ് ഇന്ത്യയിലെ മുതലാളി വർഗ്ഗം.

കോരൻ: എന്നാൽ ഞങ്ങളുടെ വിലയിരുത്തൽ അങ്ങനെയല്ല. സാമ്രാജ്യത്വവുമായി വില പേശുകയും കൂട്ടുകൂടുകയും ചെയ്യുന്ന ദ്വിമുഖസ്വഭാവമുള്ള വളർച്ച പ്രാപിച്ച വർഗ്ഗമായിട്ടാണ് ഇന്ത്യൻ ബൂർഷ്വാസിയെ ഞങ്ങൾ കാണുന്നത്.

ചിരുത: അ …..അ….ആ അപ്പം ഇങ്ങൾ സത്യായിട്ടും മാവോയിസ്റ്റുകൾ ആണല്ലേ. അങ്ങനെയാണെങ്കിൽ ഇങ്ങക്ക് ചായ ഇല്ലട്ടോ. തോക്കിൻകുഴലിലൂടെ വിപ്ലവം ന്ന് പറഞ്ഞ് പറഞ്ഞ് കുറച്ചുകാലം മുമ്പ് കുറേ ആളുകൾ ഉണ്ടായിരുന്നു. അവരിപ്പണി നിർത്തി സന്യാസവും കപടമനുഷ്യാവകാശക്കാരുമായിട്ടുണ്ട്. ഇപ്പം ഇങ്ങളാണെറങ്ങിയിരിക്കുന്നതല്ലേ.

കോരൻ: അന്നത്തെ കുറേ പേർ പെണ്ണ്പിടി കേസിലും പിന്നെ കുറേപേർ സന്യാസിമാരായും ആക്ടിവിസ്റ്റുകളായും ചിലർ പാർട്ടി തന്നെ സ്വയം പിരിച്ചുവിട്ടുപോകുകയും ചെയ്തിട്ടുണ്ട്. 70 കാലഘട്ടത്തിൽ പൊട്ടിമുളച്ച വിപ്ലവകൂനുകളെല്ലാം വെയിലത്ത് വാടി പോവുകയാണ് ഉണ്ടായിട്ടുള്ളത്.

ചിരുത: എന്നാലും എന്റെ മക്കളെ അതേ കാലത്ത് സഖാക്കൾ ഇ.എം.എസും, എ.കെ.ജിയും നേതൃത്വം കൊടുത്ത ഒരു മഹാസമരം ഉണ്ടായിരുന്നു. മിച്ചഭൂമി സമരം ആ സമരത്തിലൂടെയാണ് ഈ കാണുന്ന ഒരേക്കർ ഭൂമി ഞങ്ങൾക്ക് കിട്ടിയത്.

കോരൻ: അന്ന് 10 സെന്റ് മുതൽ 5 ഏക്കർ വരെ ഭൂമി കിട്ടിയവരുണ്ട്. 1957‐ൽ മുഴുവൻ പാട്ട കുടിയാ•ാർക്കും ഭൂമിയിൽനിന്ന് ഒഴിഞ്ഞുപോകേണ്ടതില്ല എന്ന നിയമം പാസാക്കിയത് തോക്കിൻ കുഴലിലൂടെ അല്ല ജനങ്ങളെയാകെ സംഘടിപ്പിച്ച സമരം ചെയ്തുകൊണ്ടാണ് നേടിയത്.

മനാഫ്: ആ പഴയ നക്സൽ ബാരികൾ അല്ല ഞങ്ങൾ മാവോയിസ്റ്റുകളാണ്.

മനോഹരൻ : അവർ പാതിവഴിയിൽ ഉപേക്ഷിച്ചുപോയവരാണ്. സംഘടനാപരമായ ആർജ്ജവത്വം ഇല്ലാത്തവരായിരുന്നു അവർ. അവർ ശരിയല്ലായിരുന്നു.

മനാഫ്: പണ്ട് നടന്ന മിച്ചഭൂമി സമരത്തിന്റെ ഭാഗമായി ഭൂമി കിട്ടിയവർക്ക് മക്കളായി, മക്കളുടെ മക്കളായി കിട്ടിയ ഭൂമിയിൽപുതിയ തലമുറകൾക്ക് വീട്വെക്കാൻ സ്ഥലവും ഇല്ല. ഇങ്ങനെ ഒരുപാട് ആളുകളുണ്ട് ഈ കേരളത്തിൽ. അവർക്ക് വീട് വേണം.വീട് വെക്കാൻ ഭൂമി വേണം. കൃഷിചെയ്യാൻ ഭൂമി വേണം.

മനാഫ്: അതൊക്കെ നേടിയെടുക്കാനാണ് ഞങ്ങൾ മാവോയിസ്റ്റുകൾ പോരാട്ടത്തിനിറങ്ങിയത്.

മനോഹരൻ: ഞങ്ങളെ സഹായിക്കണം. ഈ ഗവണ്മെന്റുകളെയെല്ലാം നയിക്കുന്നത് സാമ്രാജ്യത്വത്തിന്റെ ദല്ലാൾ പണിയെടുക്കുന്നവരാണ്. അവരിൽനിന്നും ഒരു നീതിയും പ്രതീക്ഷിക്കേണ്ടതില്ല.

ചിരുത: മക്കളേ എന്താ പറഞ്ഞത്. നിങ്ങളുടെ കൂടെ കൂടണംന്നല്ലേ. എന്നാൽ കേട്ടോ. ഇവിടെ ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുന്ന പിണറായി സർക്കാർ അധികാരത്തിൽ വന്നിട്ട് ഏഴ് വർഷം കഴിഞ്ഞു. ഈ ഏഴു വർഷത്തിനുള്ളിൽ ലക്ഷക്കണക്കിന് വീടില്ലാത്തവർക്ക് വീടുവെച്ച് നൽകി. ഭൂമിയില്ലാത്തവർക്ക് ഭൂമിയും വീടും വെച്ചു. ഇതൊക്കെ ഈ പാവപ്പെട്ടവർക്ക് നേടിയെടുക്കാൻ ഒരു മനുഷ്യനും തോക്കെടുക്കേണ്ടിവന്നില്ല. കമ്മ്യൂണിസ്റ്റുകാർ ഭരിക്കുമ്പോൾ അവർക്കറിയാം മനുഷ്യന്റെ ഈ പ്രാഥമിക ആവശ്യങ്ങൾ അംഗീകരിക്കാനും അത് നേടിയെടുക്കാനും നമ്മൾ ചിന്തിക്കുന്നതിനുമുമ്പേ അവരത് നടപ്പിലാക്കിയിരിക്കും. മനസ്സിലായോ.

കോരൻ: 1957‐ൽ ഇ.എം.എസ് സർക്കാരിനെ പിരിച്ചുവിട്ടില്ലായിരുന്നെങ്കിൽ പാട്ട കുടിയാന്മാരല്ലാത്ത മുഴുവൻ ഭൂരഹിതർക്കും ചുരുങ്ങിയത് അഞ്ച് ഏക്കർ ഭൂമി ലഭിക്കുമായിരുന്നു. അത് അറിഞ്ഞവരാണ് ആ സർക്കാരിനെ അട്ടിമറിക്കാൻ മുന്നോട്ട് വന്നത്.

ചിരുത: 1967‐ൽ വീണ്ടും ഇ.എം.എസ് സർക്കാർ വന്നപ്പോൾ മിച്ചഭൂമി അളന്നു തിട്ടപ്പെടുത്തി ഭൂമി വിതരണം നടത്തും എന്ന ഘട്ടം എത്തിയപ്പോൾ അതിനെ അട്ടിമറിക്കാൻ 1957‐ൽ രൂപംകൊണ്ട ജാതിമത വർഗീയ കൂട്ടുകെട്ട് കൂടുതൽ ശക്തിയോടെ ആക്രമിച്ച് ഗവണ്മെന്റിനെ താഴെയിട്ടു. അവരാണ് ഇഷ്ടദാന ബില്ല് കൊണ്ടുവന്നതും അവരുടെ കാവൽക്കാരാണ് ശരിക്കും നിങ്ങൾ. നിങ്ങളാണ് യഥാർഥ ഏജന്റുമാർ. നിങ്ങൾ പാവപ്പെട്ടവന്റെ കൂടെയല്ല. മുതലാളിത്വത്തെ നിലനിർത്തുന്നതിനുവേണ്ടി അവരുടെ ചട്ടുകമായ് പ്രവർത്തിക്കുന്ന നിങ്ങളാണ് യഥാർഥ ഏജന്റുമാർ.

മനോഹരൻ: ഞങ്ങൾ നിങ്ങൾക്കെതിരല്ല. നിങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി ചാവേറുകളായി പ്രവർത്തിക്കുന്നവരാണ്.

മനാഫ്: അതെ. സ്വന്തവും ബന്ധവും എല്ലാം ഉപേക്ഷിച്ച് ജനങ്ങൾക്ക് വേണ്ടി പോരാടുന്നവരാണ് ഞങ്ങൾ.

കോരൻ: ചാവേറുകളാകാൻ അരാജകവാദികൾക്കേ കഴിയൂ. ജീവിതം ചെറുനിമിഷത്തിലേക്ക് ചുരൂക്കി അതിനിടയിലെല്ലാ സുഖങ്ങളും അനുഭവിച്ച് കുറേ ജീവിതങ്ങളെ അനാഥമാക്കുന്ന നയം ഒരിക്കലും അത് ഒരു ഇടതുപക്ഷ നയമേ അല്ല.

ചിരുത: മക്കളെ ഞങ്ങൾ കുറേയേറെ സമരത്തിൽ പങ്കെടുത്തവരാണ്. ഓരോ സമരവും അധികമൊന്നും വിദ്യാഭ്യാസമില്ലാത്ത എന്നെ സംബന്ധിച്ചിടത്തോളം അല്ലെങ്കിൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഓരോ പാഠപുസ്തകമായിരുന്നു മാർക്സിസത്തെക്കുറിച്ച്, ലെനിനെക്കുറിച്ച്, മാവോയെക്കുറിച്ചെല്ലാം കിട്ടിയ അറിവ്. നിങ്ങൾ പറഞ്ഞതുപോലെ ചാവേറുകളാകാനല്ല പഠിപ്പിക്കുന്നത്.

കോരൻ: (ദൃഢസ്വരത്തിൽ) ജീവേറാകുവാനാണ് അവർ പഠിപ്പിച്ചത്. ദുരിതമനുഭവിക്കുന്ന മനുഷ്യരോടൊപ്പം നിന്ന് അവർക്ക് നല്ല ജീവിതം നേടിയെടുക്കാൻ ത്യാഗപൂർണ്ണമായ ജീവിതം നയിച്ച് പോരാട്ടത്തിന്റെ സമരപാതയാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. അത് ഒരിക്കലും തീവ്രവാദികളുടെ ചാവേറല്ലായിരുന്നു.

ചിരുത: പോലീസിന്റെ ഇടിയും വെടിയും ജന്മിമാരുടെയും കമ്പനി മുതലാളിമാരുടെയും ഗുണ്ടകളുടെ ആക്രമണവും അവരുടെ കഠാരയ്ക്കും ഇരയായും പൊരുതിയാണ് മക്കളെ ഈ നാടു മുന്നേറിയത്. ഇതാ നോക്ക് (ദൂരേയ്ക്ക് കൈ ചൂണ്ടുന്നു) എന്റെ മോന്റെ മകൾ പഠിക്കുന്ന സ്കൂളാണത്. നിങ്ങളത് കണ്ടിട്ടുണ്ടോ. ഇല്ലെങ്കിൽ ഒന്ന് പോയി കാണണം നിങ്ങൾ. ആ മക്കൾ സ്കൂളിൽ പോകുന്നത് ഒന്ന് കാണണം. അവിടെ പണമുള്ളവർ, ഇല്ലാത്തവർ ആരെന്ന് തിരിച്ചറിയാൻ കഴിയാത്തവിധം കുട്ടികൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനസൗകര്യങ്ങളാണ് ഇവിടെ ഈ കൊച്ചു കേരളത്തിന്റെ ഈ ഗ്രാമത്തിൽ പോലും നടക്കുന്നത് എന്ന് മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിഞ്ഞെങ്കിൽ എന്ന് ഞാൻ ചിന്തിച്ചുപോവുകയാണ്.

മനോഹരൻ: പട്ടികജാതിക്കാരനെന്നും കുമ്പിളിൽ കഞ്ഞി അല്ലേ….

മനാഫ്: അവന്റെ മക്കൾ പഠിച്ചിട്ടെന്ത് കാര്യം. അവന് കൂലിപ്പണി തന്നെ കേമം.

കോരൻ: അതെ…അതെ. കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസനയം അതാണ് അവർക്ക് സംവരണമില്ല. വൻകിട കോർപ്പറേറ്റ് കമ്പനികളിലെ അടിമപ്പണിക്കായ് വാർത്തെടുത്ത വിദ്യാഭ്യാസ നയമാണ് കേന്ദ്രസർക്കാരിന്റേത്.

ചിരുത: എന്നാൽ കേരളത്തിൽ പിണറായി സർക്കാർ അവർക്കാണ് എല്ലാത്തിനും മുൻഗണന കൊടുക്കുന്നത്.

കോരൻ: കേന്ദ്രസർക്കാർ വിദ്യാഭ്യാസമേഖല മാത്രമല്ല സ്വകാര്യവൽക്കരിക്കുന്നത്. എല്ലാ പൊതുമേഖല വ്യവസായങ്ങളും സ്വകാര്യവൽക്കരിക്കുകയാണ് അതുകൊണ്ട് സംഭവിക്കുന്നത് പട്ടികജാതിക്കാരായിട്ടുള്ളവർക്ക് സംവരണം വഴി ലഭിക്കുമായിരുന്ന തൊഴിൽ ഇല്ലാതാക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ ഈ നയം തിരുത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്രസർക്കാർ വിൽക്കാൻവെച്ചിട്ടുള്ള പൊതുമേഖലാസ്ഥാപനങ്ങൾ കേരളസർക്കാർ പൊതുമേഖലയിൽ തന്നെ സംരക്ഷിക്കാൻവേണ്ടി തീരുമാനിക്കുന്നത്. അതുവഴി ഇവിടെ പട്ടികജാതി അടക്കമുള്ള ജനവിഭാഗങ്ങൾക്ക് അർഹമായ തൊഴിൽ ലഭിക്കുമെന്നുള്ള ഉറപ്പാണ് നൽകുന്നത് ഈ രാഷ്ട്രീയം രാജ്യത്തെ പാവപ്പെട്ടവർക്ക് മനസ്സിലാവുന്നുണ്ട്.

മനോഹരൻ: ഞങ്ങളും ഈ നാട്ടുകാർ തന്നെയാണ്. ഞങ്ങൾ പഠിച്ചതും വളർന്നതും ഈ നാട്ടിൽ തന്നെയാണ്.

മനാഫ്: ഇതാ…. (മനോഹരനെ ചൂണ്ടി) ഇവനൊരു പട്ടികജാതിക്കാരനായതുകൊണ്ടുമാത്രം മാനേജ്മെന്റ് സ്കൂൾ അധികൃതർ കൈക്കൂലിയായി ചോദിച്ച ലക്ഷങ്ങൾ കൊടുക്കാനില്ലാത്തതിന്റെ ഭാഗമായി ജോലി നിഷേധിച്ചതിൽ പ്രതിഷേധിച്ചുകൊണ്ടാണ് പ്രസ്ഥാനത്തിലേക്ക് കടന്നുവന്നിട്ടുള്ളത്. ഇതുപോലെ ആയിരങ്ങൾ ഉണ്ട്. പട്ടികജാതി പട്ടികവർഗ്ഗക്കാരുടെയും ന്യൂനപക്ഷത്തിന്റെയും പിന്നോക്കക്കാരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ ഞങ്ങൾക്കൊപ്പം ചേർന്നത്.

കോരൻ: വിദ്യാഭ്യാസരംഗത്ത് ചരിത്രപരമായ കാരണങ്ങളാൽ മതന്യൂനപക്ഷങ്ങൾക്ക് വലിയ പ്രാധാന്യം ഉള്ള നാടാണ് നമ്മുടെ നാട്. പ്രത്യേകിച്ച് ക്രിസ്ത്യൻ സമുദായത്തിന് വിദ്യാഭ്യാസ പുരോഗതിയിൽ നിർണായകമായ ഇടപെടലുകൾ സംഘടിപ്പിക്കുവാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. അതെല്ലാം തന്നെ നവോത്ഥാനത്തിന്റെ ഭാഗമായി മനുഷ്യപുരോഗതിക്കുവേണ്ടി അക്കാലത്തെ ഉല്പത്തിഷ്ണുക്കളായിട്ടുള്ള മഹാരഥന്മാർ സംഘടിപ്പിച്ചിട്ടുള്ള പള്ളിക്കൂടങ്ങളായിരുന്നു. എന്നാൽ ഇന്ന് അതെല്ലാം ജാതിമത സംഘടനകളും അവരുടെ അംഗബലം ഉയർത്തിക്കാണിച്ചു കാലാകാലങ്ങളിലായി ഈ കേരളത്തിൽ അധികാരത്തിൽ വന്ന വലതുപക്ഷ ഗവണ്മെന്റുകളെ വിരട്ടി അവരുടെ വോട്ടിൽ മാത്രം കണ്ണുംനട്ട് അവർക്ക് കീഴടങ്ങി വിദ്യാഭ്യാസസ്ഥാപനങ്ങൾ വാരിക്കോരി കൊടുത്തിട്ടുണ്ട്. അതൊരു സത്യമാണ്. കേരളത്തിന്റെ ഇന്നത്തെ രാഷ്ട്രീയമണ്ഡലത്തിൽ വലതുപക്ഷത്തെ ശക്തിദുർഗ്ഗങ്ങളാക്കി നിർത്തുന്നതിൽ ഇവർക്ക് വലിയ പങ്കുണ്ട് എന്ന് നിങ്ങൾ മനസ്സിലാക്കണം.

ചിരുത: അത്തരം സംഘടനകളിൽ അണിനിരന്നിട്ടുള്ള മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ട ജനങ്ങളെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി അവരുടെ കൂടി അംഗീകാരത്തോടുകൂടി അത്തരം സംഘടനകളുടെ മാനേജ്മെന്റ് അടക്കം സംവരണത്തിന്റെ ആനുകൂല്യം മുഴുവൻ ബഹുജനങ്ങളിലേക്ക് എത്തിക്കാൻ മുന്നോട്ടു വരേണ്ടതായിട്ടുണ്ട്.

കോരൻ: ശരിയാണ് എസ്.എൻ.ഡി.പിയും എം.ഇ.എസ്സും അടക്കമുള്ള സംഘടനകൾ അതിന് തയ്യാറായിട്ടുണ്ട്. അതിവിദൂരമല്ലാത്ത നാളിൽ മറ്റ് ഇതര ജാതി‐മത സംഘടനകളും അനുകൂലമായ നിലപാടുകൾ എടുക്കും എന്നുള്ളതിൽ തർക്കമില്ല. അല്ലാത്തപക്ഷം അതിൽ അണിനിരന്ന ജനങ്ങൾ അവർക്ക് എതിരായി തിരിയും എന്നുള്ളത് ഒരു വസ്തുതയും നിലനിൽക്കുന്നുണ്ട് എന്ന് മനസ്സിലാക്കേണ്ടതായിട്ടുണ്ട്. ആ തലത്തിലുള്ള രാഷ്ട്രീയമായ ഇടപെടലുകൾ സംഘടിപ്പിക്കുന്നതാണ് വിപ്ലവകരമായ പ്രവർത്തനം.

മനോഹരൻ: എത്രകാലം ഇങ്ങനെ ജനങ്ങളെ പറ്റിക്കാൻ കഴിയും നിങ്ങൾക്ക്.

മനാഫ്: അതുപോലെത്തന്നെ എന്തുപറഞ്ഞാലും 1957 ലെ ഭൂപരിഷ്കരണവും വിദ്യാഭ്യാസബില്ലും പറയാതെ നിങ്ങൾക്ക് ഒരു ഇഞ്ച് ഇപ്പോഴും മുന്നോട്ടുപോകാൻ കഴിയുന്നില്ലല്ലോ.

കോരൻ: ഇന്ത്യാരാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഭൂപരിഷ്കരണനിയമം നടപ്പാക്കുന്നതുവരെ ഞങ്ങളതു പറഞ്ഞുകൊണ്ടിരിക്കും. അത് ജനങ്ങളെ പറ്റിക്കുന്നതായിട്ട് നിങ്ങൾക്ക് തോന്നുന്നത് ചരിത്രബോധം ഇല്ലാത്തതുകൊണ്ടാണ്.

ചിരുത: കേരളത്തെപ്പോലെ മുഴുവൻ കുട്ടികൾക്കും പൊതുവിദ്യാലയങ്ങളിൽ പോയി പഠിക്കാൻ കഴിയുന്ന കാലംവരെ ഞങ്ങൾ വിദ്യാഭ്യാസബില്ലിനെ സംബന്ധിച്ച് പറഞ്ഞുകൊണ്ടേയിരിക്കും.

കോരൻ: നിങ്ങൾ കേരളത്തിലെ സർക്കാർ ആശുപത്രികൾ കണ്ടിട്ടുണ്ടോ. കണ്ടിട്ടില്ലെങ്കിൽ ഒന്നുപോയി നോക്കണം. അപ്പോളറിയാം കേരളം ആരോഗ്യപരമായി എത്രമാത്രം സമ്പന്നമാണെന്ന്.

ചിരുത: നമ്മുടെ ഉൾനാടൻ ഗ്രാമങ്ങളിലെ റോഡുകളിലൂടെ സഞ്ചരിച്ചിട്ടുണ്ടോ? കുണ്ടും കുഴിയും ഇല്ലാത്ത റോഡുകൾ. ഇതാ അങ്ങോട്ടു നോക്കൂ… ദേശീയപാത അതിലേയാണ് പോകുന്നത്. ഈ ഭാഗത്തുള്ള പണി പൂർത്തിയാവാനായി അങ്ങനെ എല്ലാം പൂർത്തിയായി കഴിഞ്ഞാൽ ഒരു പുതുകേരളമാണ് രൂപപ്പെടാൻ പോകുന്നത്.

കോരൻ: ഇതെല്ലാം ചെയ്യാൻ പണം എവിടെ എന്ന് ചോദിക്കും. അതിനാണ് കിഫ്ബി. അസൂയപൂണ്ട കേന്ദ്രസർക്കാർ അത് തടയാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനെതിരായുള്ള സമരം സംഘടിപ്പിക്കുമ്പോൾ തന്നെയാണ് പിണറായി സർക്കാർ 64 ലക്ഷത്തോളം വരുന്ന പാവപ്പെട്ട ജനങ്ങൾക്ക് 1600 രൂപ പെൻഷൻ കൊടുക്കുന്നത്.

ചിരുത: പിന്നോ നിങ്ങൾപറഞ്ഞല്ലോ …. പറ്റിക്കുകയാണെന്ന്. ഒരുകാര്യം നിങ്ങൾ മനസ്സിലാക്കണം. കേരളത്തിലെ ജനങ്ങൾ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളെപ്പോലെ നിരക്ഷരരല്ല. അവർ യുക്തിബോധവും ശാസ്ത്രബോധവുമുള്ളവരാണ്.

കോരൻ: മക്കളെ ഇതാ അങ്ങോട്ടു നോക്കിയാട്ടെ. അവിടെ ഒരു കമ്പനി ഉയർന്നുവരുന്നത് കണ്ടോ.അത് സർക്കാരിന്റെ ഒരു ലക്ഷം സംരംഭകരിൽ ഒരാളുടേതാണ്. സർക്കാർ കൊടുത്തതെത്രയായണെന്ന് അറിയോ? ഒരു കോടി രൂപയുടെ ലോണാണ് കൊടുത്തത്. അതും 5% പലിശക്ക്. സബ്സിഡി വേറെയും. ഇത് മാത്രമല്ല.. ഇതുപോലെ പലർക്കും പല ആനുകൂല്യങ്ങളും ഈ സർക്കാർ നൽകിയിട്ടുണ്ട്. ഇതൊന്നും ജനങ്ങളെ പറ്റിക്കുവാനല്ല നൽകുന്നത്. രക്ഷിക്കുവാനാണ്. ഒപ്പം അവകാശബോധമുള്ളവരാക്കുവാനുമാണ്.

മനോഹരൻ: (പുച്ഛത്തോടെ) ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കാട്ടിക്കൂട്ടുന്ന ഓരോ കോപ്രായങ്ങൾ. അതിൽ മതിമറന്നാഹ്ലാദിക്കുന്ന നിങ്ങളെപ്പോലെയുള്ള ജനങ്ങൾ. അവർ വഞ്ചിക്കപ്പെടുകയാണെന്ന് തിരിച്ചറിയുകതന്നെ ചെയ്യും.

ചിരുത: ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ടാണല്ലോ കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ഇടതുപക്ഷ ഗവണ്മെന്റ് വീണ്ടും അധികാരത്തിൽ വന്നത്.

കോരൻ: ഇവന്മാര് മാവോയിസ്റ്റുകൾ ആയതിനുശേഷം നാട്ടിലിറങ്ങി. നടക്കാത്തതുകൊണ്ട് ഈ നാട് മാറിയതൊന്നും കാണാൻ ഇവർക്ക് കഴിഞ്ഞിട്ടില്ലെന്നാ തോന്നുന്നത്.

ചിരുത: മുടങ്ങിക്കിടന്ന ഗയിൽ പദ്ധതിയും ഇടമൺ‐കൊച്ചി പവർ ഹൈവേയും ദേശീയപാത വികസനവും ഇനി ആ;കെ റയിൽ കൂടി വന്നാൽ ഈ നാട് വികസിച്ചു വികസിച്ചു സ്വർഗ്ഗത്തിലെ ആ നാല് പുഴയും ഈ കേരളത്തിലൊഴുകും.

മനാഫ്: എന്ത്…. കെ റെയിലോ..അത് ഞമ്മള് സമ്മതിക്കൂല… ബോലോ തക്ബീർ അല്ലാഹു അക്ബർ.

കോരൻ: അല്ല …അല്ല… (മനാഫ് ചുറ്റും നടന്ന്കൊണ്ട്) നീയല്ലേ ഇപ്പോൾ പറഞ്ഞത്. ഞമ്മള് മാവോയിസ്റ്റുകളാണെന്ന്. എന്നിട്ടെന്തേ ഇപ്പോൾ ജമായത്ത ഇസ്ലാമി ആയോ.

ചിരുത: ഓൻതന്നെയാണ് ജമാഅത്തെ ഇസ്ലാമി. ഓൻ തന്നെയാണ് എസ്.ഡി.പി.ഐയും. ഓൻ തന്നെയാണ് പോപ്പുലർ ഫ്രണ്ടും, മാവോയിസ്റ്റും…. ഒക്കെ ഓൻതന്നെ.

മനാഫ്: അതെ. ഞാൻ തന്നെയാണ് ജമാഅത്തെ ഇസ്ലാമി. ഞാൻ തന്നെയാണ് എസ്.ഡി.പി.ഐ.യും ഞാൻ തന്നെയാണ്. പോപ്പുലർ ഫ്രണ്ടും, മാവോയിസ്റ്റും. ഈ കേരളത്തെ രണ്ടാക്കി മുറിക്കുന്ന കെ റെയിൽ കൊണ്ടുവരാൻ ഞങ്ങൾ അനുവദിക്കുകയില്ല.

മനോഹരൻ: അതുതന്നെ. കേന്ദ്രം ഞങ്ങളാണ് ഭരിക്കുന്നത്. ഞങ്ങൾ ഭരിക്കുന്നിടത്തോളം കാലം പിണറായി കെ റെയിൽ സ്വപ്നം കണ്ടാൽ മാത്രം മതി.

ചിരുത: അല്ല ചങ്ങായിമാരം. നിങ്ങൾ ഇതുവരെ മാവോയിസ്റ്റ് ആണെന്നല്ലേ പറഞ്ഞത്. ഇപ്പോൾ എന്തേ മനസ്സിൽ ഇത്ര പെട്ടെന്ന് താമര വിരിഞ്ഞത്.

കോരൻ: താമര വിരിയുക ചെളിയിലാണല്ലോ? കോൺഗ്രസ് എന്ന ചളിയിൽനിന്ന് വിരിഞ്ഞ താമര തന്നെയാണ് നിങ്ങൾ. ഇവർ കോൺഗ്രസും ആർ.എസ്.എസ്സും ജമാഅത്തെ ഇസ്ലാമിയും ജാതിമതസംഘടനകളും എല്ലാം ഇവൻ തന്നെ. (കോരൻ മനാഫിനെയും മനോഹരനെയും ആഞ്ഞു മാറിൽ കുത്തിപ്പിടിച്ച് തള്ളുന്നു. ഇരുവരും വീഴുന്നു. തുടർന്ന് ഒരു മൽപ്പിടുത്തം നടക്കുന്നു. എൽഡിഎഫ്‌ ഗവണ്മെന്റ് വരാതിരിക്കാൻ സ്വപ്നയെ കൊണ്ടുനടന്നിട്ടും നടക്കാത്തത് ഇപ്പോൾ കെ റെയിലും മറ്റ് വികസന പ്രവർത്തനങ്ങൾ വരുന്നത് തടയാൻ വേണ്ടി കളിക്കുന്ന കളി നിർത്തിക്കോ. അതാണ് നിങ്ങൾക്ക് നല്ലത്. ഒന്നോർത്തോ ബ്രിട്ടീഷുകാരന്റെ പാളത്തിലൂടെ അല്ല ഞങ്ങളുടെ പിണറായി നിർമ്മിക്കുന്ന പാളത്തിലൂടെ തന്നെ കെ.റെയിൽ മുന്നോട്ടു വരികതന്നെ ചെയ്യും. ബ്രിട്ടീഷുകാരന്റെ റെയിലും, ഷൂസും നക്കി നക്കി നാവു തേഞ്ഞ വർഗ്ഗത്തെ കേരളം അവജ്ഞയോടെ തള്ളിക്കളയും തീർച്ച്.

മനോഹരനും മനാഫും ഒരുമിച്ച് മുദ്രാവാക്യം വിളിക്കുന്നു. ജയ് ശ്രീറാം ജയ് ജയ് ശ്രീറാം.

കെ റെയിൽ ഞങ്ങൾക്കു വേണ്ടേ വേണ്ട
ബോലോ തക്ബീർ അള്ളാഹു അക്ബർ
ഭാരത് മാതാ കീ ജയ്
ജയ് ജയ് യു.ഡി.എഫ്
വിപ്ലവം ജയിക്കട്ടെ. മാവോ ഞങ്ങളുടെ നേതാവ്. സോവിയറ്റ് സാമ്രാജ്യത്വം തകർക്കപ്പെട്ടതുപോലെ പിണറായി സർക്കാർ തകരട്ടെ.

ചിരുത: ഈ ഗവണ്മെന്റിനെ തകർക്കാൻ ഞങ്ങൾ അനുവദിക്കില്ല. കേരളത്തിലെ പാവപ്പെട്ട ജനങ്ങൾക്ക് നല്ല ആരോഗ്യം തരുന്ന, നല്ല വിദ്യാഭ്യാസം തരുന്ന നല്ല വീട് ഒരുക്കിത്തരുന്ന, അതും ഒരു തുണ്ട് ഭൂമിയില്ലാത്ത മനുഷ്യർക്കുപോലും അന്തിയുറങ്ങാൻ വീടുവെച്ചുനൽകുന്ന, പാവപ്പെട്ട എല്ലാ കുടുംബങ്ങളിലേക്കും എല്ലാ മാസവും പെൻഷൻ എത്തിക്കുന്ന ഈ ഗവണ്മെന്റിനെയും എൽ.ഡി.എഫിനേയും ഞങ്ങൾ ഞങ്ങളുടെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കും.

കോരൻ: പ്രിയമുള്ളവരെ ഇവരെല്ലാം ലോകത്തെ നിയന്ത്രിക്കുന്ന സാമ്രാജ്യത്വ ശക്തികളുടെ പാവകളായി പ്രവർത്തിക്കുന്നവരാണ്. ഇവരെയും ഒറ്റപ്പെടുത്തിയാൽ മാത്രമേ നമ്മുടെ ഇന്ത്യാ രാജ്യം നന്നാവുകയുള്ളൂ. ലോകം നന്നാവുകയുള്ളൂ.

അവസാനിച്ചു

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × 4 =

Most Popular