കേരളത്തില്‍ ജന്മിത്തം അവസാനിപ്പിക്കുന്നതിനുള്ള നിയമം പ്രാബല്യത്തിലായത് 1970ലാണെങ്കിലും അതിന് 20 വര്‍ഷത്തിലേറെ മുമ്പേതന്നെ ജന്മിത്തം അവസാനിപ്പിച്ച ഒരു പഞ്ചായത്ത് ഇവിടെ ഉത്തരകേരളത്തില്‍ ഉണ്ട്. കയ്യൂരിനോട് ചേര്‍ന്നുകിടക്കുന്ന മടിക്കൈ ഗ്രാമം. നിയമംകൊണ്ടല്ല, സംഘടിതശക്തികൊണ്ട് ജന്മിത്തചൂഷണത്തെ നാമവശേഷമാക്കുകയായിരുന്നു. കുടിയൊഴിപ്പിക്കല്‍ പൂര്‍ണമായി തടയുക മാത്രമല്ല, എല്ലാത്തരംജന്മിപ്പിരിവുകളും നിരാകരിക്കുകകൂടിയായിരുന്നു. ഭൂമിയുടെ കൈവശക്കാര്‍ ജന്മിക്ക് വാരമളക്കുന്നത് പൂര്‍ണമായും ഇല്ലാതായ ആദ്യകേന്ദ്രം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കര്‍ഷകപ്രസ്ഥാനത്തിന്റെ കരുത്തിന് മുന്നില്‍ ജന്മിമാര്‍ തോറ്റുപിന്‍വാങ്ങുകയായിരുന്നു. ഗ്രാമത്തിലെ മുഴുവന്‍ കൃഷിക്കാരും കര്‍ഷകസംഘത്തില്‍ അണിനിരക്കുകയും നിര്‍ഭയം സമരരംഗത്തിറങ്ങുകയും ചെയ്താണ് രാജ്യത്തിനാകെ മാതൃകയായ വിജയംനേടിയത്.
1936ലാണ് മടിക്കൈയില്‍ കര്‍ഷകസംഘം പ്രവര്‍ത്തനം തുടങ്ങിയത്. കനിക്കുണ്ടില്‍ അപ്പുകാരണവര്‍ പ്രസിഡന്റും ചാത്തങ്കാല്‍ രാമന്‍കാരണവര്‍ സെക്രട്ടറിയുമായി സംഘം. മടിക്കൈയിലെ കര്‍ഷകസംഘം പ്രവര്‍ത്തനം സമീപപ്രദേശങ്ങളിലും ചലനങ്ങള്‍ സൃഷ്ടിച്ചു. നീലേശ്വരത്ത് ആയിരത്തോളം വോളന്റിയര്‍മാരെ അണിനിരത്തി നടത്തിയ കര്‍ഷകമാര്‍ച്ച് അത്യുത്തരകേരളത്തില്‍ പുരോഗമനപ്രസ്ഥാനത്തിന്റെ ശക്തി വിളംബരംചെയ്തു. ചുകപ്പ് വസ്ത്രംധരിച്ച്, ചുകപ്പ് കൊടിയുമേന്തി നടത്തിയ ആ പ്രകടനം ജന്മിമാരെ കിടിലംകൊള്ളിച്ചു. റാലിയില്‍ പ്രസംഗിച്ച ഇ.എം.എസ്സും സര്‍ദാര്‍ ചന്ദ്രോത്ത് കുഞ്ഞിരാമന്‍നായരും ജന്മിത്തത്തിന്റെ കടപുഴകിയെന്നും അക്രമപ്പിരിവുകള്‍ ഒരുതരത്തിലും അംഗീകരിക്കരുതെന്നും വ്യക്തമാക്കുകയുണ്ടായി.
മടിക്കൈ മേഖലയില്‍മാത്രം കര്‍ഷകസംഘത്തിന് അന്ന് നൂറ് വോളന്റിയര്‍മാരുണ്ടായിരുന്നു. കുടിയൊഴിപ്പിക്കല്‍ തടയുന്നതിലും വിളകൊയ്ത്ത് സമരത്തിലും വോളന്റിയര്‍സംഘത്തിനാണ് നേതൃത്വം. കൃഷിഭൂമി ജന്മി ഒഴിപ്പിക്കുയും മറുപാട്ടംകൊടുക്കുകയും ചെയ്താല്‍ അത് അനുവദിച്ചുകൊടുക്കില്ല. 1942þല്‍ ഒരു സംഭവമുണ്ടായി. മടിക്കൈ ജന്മിയായ ഏച്ചിക്കാനം കേളു പട്ടേലര്‍ കുടിയാനായ വാഴക്കോടന്‍ കണ്ണനെ ഒഴിപ്പിച്ചു. ജന്മിയുടെ നിര്‍ദേശാനുസരണം വിത്തിടുകയുംചെയതു. കര്‍ഷകസംഘം ശക്തമായ സമരത്തിന് തീരുമാനിച്ചു. ജന്മിയുടെ ആള്‍ക്കാര്‍ കൃഷിപ്പമിയെല്ലാംചെയ്തു. എന്നാല്‍ നെല്ല് കൊയ്യാറായപ്പോള്‍ കര്‍ഷകസംഘം വോളന്റിയര്‍മാരും അവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ബീഡിത്തൊഴിലാളികളും പാടത്തെത്തി. കുടിയൊഴിപ്പിക്കപ്പെട്ട വാഴക്കോടന്‍ കണ്ണനോട് വിള കൊയ്തെടുക്കാന്‍ സംഘം നിര്‍ദേശിച്ചു. എന്നാല്‍ കണ്ണന്‍ അതിന് ഒരുക്കമല്ലായിരുന്നു. ജന്മിയല്ലേ വിത്തിട്ടത്, പിന്നെങ്ങനാ അടിയന്‍ മൂരുകയെന്നതായിരുന്നു ആ പാവപ്പെട്ട കൃഷിക്കാരന്റെ നിസ്സഹായ ചോദ്യം. കര്‍ഷകസംഘത്തിന്റെ താലൂക്ക് സെക്രട്ടറിയായ കെ.മാധവനടക്കമുള്ളവരുടെ നിര്‍ബന്ധംകൂടിയായതോടെ കണ്ണന്‍ വഴങ്ങി. അറുപതോളം വോളന്റിയര്‍മാര്‍ കൊയ്ത് കറ്റകള്‍ മുഴുവന്‍ കണ്ണന്റെ കളപ്പുരയിലെത്തിച്ചു. ജ·ിയായ ഏച്ചിക്കാനം കേളുപട്ടേലരുടെ അമ്മാവന്റെ മകനാണ് മാധവന്‍ എന്നോര്‍ക്കണം. പട്ടേലരുടെ പരാതിപ്രകാരം മാധവനടക്കം 21 പേര്‍ക്കെതിരെ പൊലീസ് കേസ്. കാഞ്ഞങ്ങാട് പാലായി, പെരുമ്പള, പള്ളിക്കര തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇത്തരത്തില്‍ കുടിയൊഴിപ്പിക്കലിനെതിരെ സമരംനടന്നു. ഒഴിപ്പിച്ചശേഷം ജന്മി കൃഷിയിറക്കിയാല്‍ വിളയുംവരെ തടയാതിരിക്കുകയും വിളഞ്ഞുകഴിഞ്ഞാല്‍ വോളന്റിയര്‍മാര്‍ചെന്ന് സംഘടിതമായി വിള കൊയ്തെടുക്കുകയുമായിരുന്നു. തന്ത്രപരമായ ഈ സമരമാണ് മടിക്കൈയെ രാജ്യത്തെ ആദ്യത്തെ ജന്മിത്തരഹിത ഗ്രാമമാക്കിയത്. മടിക്കൈയിയിലെ കര്‍ഷകസമരത്തിന് നേതൃത്വം നല്‍കിയവരില്‍ കെ.മാധവനു പുറമെ മൂന്ന് കുഞ്ഞിക്കണ്ണന്മാരുണ്ട്. മടിക്കൈ കുഞ്ഞിക്കണ്ണന്‍, കെ.എം.കുഞ്ഞിക്കണ്ണന്‍, കെ.ആര്‍.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍. തൊള്ളായിരത്തിനാല്പതുകളില്‍ മടിക്കൈയിലെ കര്‍ഷകസംഘത്തിന്റെ മെമ്പര്‍ഷിപ്പ് മൂവായിരമായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അംഗത്വമുള്ള കര്‍ഷകസംഘം പ്രാദേശികകമ്മിറ്റിക്കുള്ള അഖിലേന്ത്യാകിസാന്‍സഭയുടെ പുരസ്കാരം 1945þല്‍ മടിക്കൈ കര്‍ഷകസംഘത്തിനാണ് ലഭിച്ചത്.
ജാതീയമായ ഉച്ചനീചത്വവും അയിത്തവും കൊടികുത്തിവാണ ഒരു നാട്ടില്‍ എങ്ങനെ ഇത്തരത്തില്‍ ഒരുവിപ്ലവം സംഭവിച്ചുവെന്നതിനുത്തരം തേടാന്‍ കുറേക്കൂടി പിന്നിലേക്ക് പോകണം. നീലേശ്വരംþമടിക്കൈ മേഖലയിലെ കര്‍ഷകസംഘത്തിന്റെ തോക്കളിലൊരാളും കര്‍ഷകസമരത്തിലെ പോരാളിയുമായിരുന്ന കല്ലളന്‍ വൈദ്യര്‍ക്കെതിരെ ഒരു കേസുപോലുമുണ്ടായിരുന്നില്ല. ഒരിക്കല്‍പോലും വൈദ്യരെ പോലീസ് അറസ്റ്റ് ചെയ്തില്ല. 1957þല്‍ നീലേശ്വരം ദ്വയാംഗമണ്ഡലത്തില്‍ ഇ.എം.എസ്സിനൊപ്പം മത്സരിച്ച് കമ്യൂണിസ്റ്റ് പാർട്ടിയുടെ എം.എല്‍.എയായ ആളാണ് കല്ലളന്‍ വൈദ്യര്‍. ഒരിക്കല്‍ ഒരു ചരിത്രാന്വേഷണത്തിന്റെ ഭാഗമായി വൈദ്യരുടെ മകനോട് ചരിത്രകാരനായ ഡോ.സി.ബാലന്‍ ചോദിച്ചു, എന്തുകൊണ്ടാണ് വൈദ്യരെ പൊലീസ് കേസില്‍പെടുത്താതെയും കസ്റ്റഡിയിലെടുക്കാതെയും വിട്ടത്? കാരണം അയിത്തമല്ലാതെ മറ്റെന്ത് എന്നായിരുന്നു മകന്റെ മറുപടി. ഗോത്രവിഭാഗത്തില്‍പ്പെട്ട മാവിലന്‍ സമുദായംഗമാണ് കല്ലളന്‍ വൈദ്യര്‍. സവര്‍ണരായ നായന്മാരും കോട്ടയോന്മാരുമെല്ലാമാണ് ഹോസ്ദുര്‍ഗ് മേഖലയിലെ പൊലീസുകാര്‍. വൈദ്യരെ പ്രതിയാക്കിയാല്‍ അറസ്റ്റ് ചെയ്യണം, അറസ്റ്റ് ചെയ്യുമ്പോള്‍ സ്പര്‍ശിക്കേണ്ടിവരും.
അയിത്തമാവും… അതിനാല്‍ അവഗണിക്കുകയായിരുന്നു.
ജാതിക്കെതിരായപോരാട്ടം ജാതീയമായി സംഘടിച്ചുകൊണ്ടും സാധ്യമാകുമോയെന്നതിനും അക്കാലത്തെ മടിക്കൈ ഭാഗികമായി ഉത്തരംനല്‍കും. തൊള്ളായിരത്തിമുപ്പതുകളുടെ തുടക്കത്തില്‍ മടിക്കൈയിയില്‍ തീയ്യസമുദായസംഘടനയുടെ താലൂക്കുതല സമ്മേളനം മടിക്കൈയില്‍ നടന്നു. ഉദ്ഘാടനംചെയ്തത് ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളിലൊരാളും ടി.എസ്.തിരുമുമ്പിന്റെ ജ്യേഷ്ഠനുമായ ഉണ്ണികൃഷ്ണന്‍ തിരുമുമ്പ്. അധ്യക്ഷന്‍ മടിക്കൈയുടെ പ്രധാന ജന്മികുടുംബമായ ഏച്ചിക്കാനത്തെ എ.സി.കണ്ണന്‍നായര്‍. ആ സമ്മേളനത്തില്‍വെച്ച് കണ്ണന്‍നായര്‍ തീയ്യരുടെ ഭക്ഷണം പരസ്യമായി കഴിച്ചു. അത് നാട്ടില്‍ വലിയ കോളിളക്കംതന്നെയുണ്ടാക്കി. എല്ലാ ജാതിക്കാരും പ്രത്യേകംപ്രത്യേകം സംഘടനയുണ്ടാക്കുകയും എല്ലാ ജാതിസംഘടനയും ജന്മിത്തചൂഷണത്തിനെതിരെ നിലപാടെടുക്കുകയുംചെയ്തു. അതിന്റെ തുടര്‍ച്ചയായി കര്‍ഷകസംഘം രൂപവല്‍ക്കരിക്കുകയും ജന്മിത്തത്തിനെതിരെ സമരംചെയ്ത് വിജയംവരിക്കുയും ചെയ്തതോടെ ജാതിസംഘടനകള്‍ പൊതുവേ ഇല്ലാതാവുകയും വര്‍ഗസംഘടന ശക്തിയാര്‍ജിക്കുകയുംചെയ്തു. മടിക്കൈയിയിലെ ബഹുജനസംഘടനകളുടെ തുടക്കം സ്കൂള്‍ അധ്യാപകരക്ഷാകര്‍ത്തൃസമിതിയിലൂടെയായിരുന്നു. 1926ലും 27ലും സൗത്ത് കാനറ ജില്ലാ ബോഡ് മടിക്കൈയില്‍ രണ്ട് സ്കൂളുകള്‍ തുടങ്ങി. ഈ സ്കൂളുകളുമായി ബന്ധപ്പെട്ട് പി.ടി.എ. രൂപീകരിക്കുകയും അതിനെ പ്രദേശത്തിന്റെ പൊതുപ്രസ്ഥാനമാക്കിവളര്‍ത്തുകയുമായിരുന്നു. സ്കൂള്‍ നേടിയെടുത്തത് ജില്ലാ ബോർഡംഗം ജന്മികുടുംബാഗവുമായ എ.സി.കോമന്‍ നമ്പ്യാര്‍. അവിടെ പി.ടി.എ. സംഘടിപ്പിച്ചതും അതിനെ ബഹുജനപ്രസ്ഥാനമാക്കി പുതിയ വഴികള്‍വെട്ടിയതും എ.സി.കണ്ണന്‍നായര്‍.
എ.സി.കണ്ണന്‍നായര്‍ അജാനൂര്‍ ഗ്രാമകോടതിയുടെ അധിപനാണ്. ഏച്ചിക്കാനം ജന്മികുടുംബത്തിലെ അംഗം. അദ്ദേഹത്തിന്റെ അമ്മാവന്റെ മകനാണ് കെ.ടി.കുഞ്ഞിരാമന്‍ നമ്പ്യാര്‍. കണ്ണന്‍നായരുടെ മറ്റൊരമ്മാവന്റെ മകനാണ് കെ.മാധവന്‍. കൂടാളിത്താഴത്ത് വീട്ടുകാരനായ കുഞ്ഞിരാമന്‍ നമ്പ്യാര്‍ അധ്യാപജോലിയുമായി ബന്ധപ്പെട്ടാണ് പിതൃഗൃഹത്തില്‍ താമസമാക്കിയത്. വിദ്യാര്‍ഥിയായ മാധവനാകട്ടെ സ്കൂളില്‍പോകാനുള്ള സൗകര്യാര്‍ഥവും. വലിയ ജന്മികുടുംബത്തില്‍പ്പെട്ട, ബന്ധുക്കളായ മൂന്നുപേര്‍ ഒരേസമയത്ത് അത്യുത്തരകേരളത്തില്‍ ദേശീയപ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ രംഗത്തിറങ്ങുകയായിരുന്നു. 1924ലാണ് കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് ഇന്നത്തെ കാസര്‍ക്കോട് ജില്ലയില്‍ അതായത് പഴയ കാസര്‍ക്കോട് താലൂക്കില്‍ കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിക്കുന്നത്. എ.സി.കണ്ണന്‍നായര്‍ പ്രസിഡന്റും കെ.ടി.കുഞ്ഞിരാമന്‍ നമ്പ്യാര്‍ സെക്രട്ടറിയും. കമ്മിറ്റിയുടെ തീരുമാനപ്രകാരം വെള്ളിക്കോത്ത് വിജ്ഞാനദായിനി ദേശീയ വിദ്യാലയം സ്ഥാപിക്കുകയാണ്. പട്ടാമ്പി സംസ്കൃതവിദ്യാലയത്തില്‍ പഠിച്ച് വിദ്വാന്‍ പരീക്ഷപാസായ, കോട്ടക്കല്‍ ആര്യവൈദ്യസാലയില്‍നിന്ന് ആയുര്‍വേദം പഠിച്ച, കഥകളിസംഗീതത്തില്‍ പ്രത്യേക വ്യുല്‍പ്പത്തിനേടിയ, തുടര്‍ന്ന് ഉത്തരേന്ത്യയിലേക്ക് നാടുവിട്ട് ഒന്നരക്കൊല്ലത്തോളം പട്ടാളസേവനംചെയ്ത് തിരിച്ചുവന്ന വിദ്വാന്‍ പി.കേളുനായരാണ് കണ്ണന്‍നായരുടെയും കുഞ്ഞിരാമന്‍ നമ്പ്യാരുടെയും പ്രധാന കൂട്ടുകാരന്‍. കവിയും നാടകരചയിതാവും സംവിധായകനും നടനും സംസ്കൃതപണ്ഡിതനുമെല്ലാമായ കേളുനായരുടെ നേതൃത്വത്തില്‍ വിജ്ഞാനദായിനി ദേശീയവിദ്യാലയം. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യമായി തുടങ്ങിയ സ്കൂള്‍. സംസ്കൃതം മാത്രമല്ല എല്ലാ വിഷയങ്ങളും സ്വന്തം പാഠ്യപദ്ധതിക്കനുസൃതം പഠിപ്പിക്കുന്ന വിദ്യാലയം.കേളുനായര്‍ ഹെഡ്മാസ്റ്റരും മാനേജരും. ഫീസില്ല, ശമ്പളമില്ല, ഔപചാരിക സര്‍ട്ടിഫിക്കറ്റില്ല. എന്നിട്ടും ആദ്യ വര്‍ഷംതന്നെ 95 വിദ്യാര്‍ഥികള്‍. സമുദായവ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സമത്വേന പഠിക്കാവുന്ന വിദ്യാലയം. ഇംഗ്ലീഷ് വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ തളിപ്പറമ്പ് മൂത്തേടത്ത് സ്കൂളില്‍ ചേര്‍ന്നിരുന്ന കെ.മാധവന്‍ അവിടെനിന്ന് ഉഴപ്പിയതിനാല്‍ തിരിച്ചുവിളിക്കപ്പെട്ടിരുന്നു. വിജ്ഞാനദായിനി സ്കൂള്‍ തുടങ്ങിയതോടെ മാധവന്‍ അവിടെ ചേര്‍ന്നു. ഏതാനും മാസത്തിനു ശേഷം അവിടെ മറ്റൊരു വിദ്യാര്‍ഥി വരികയാണ്. പേര് കടയപ്രത്ത് കുഞ്ഞപ്പ നമ്പ്യാര്‍. (നാലുവര്‍ഷംകഴിയുമ്പോഴേക്കും കേരളീയനായിത്തീര്‍ന്നു!) തഞ്ചാവൂരില്‍ സംസ്കൃതം പഠിക്കാന്‍പോയി ഇടയ്‌ക്കുവെച്ച് നിര്‍ത്തിവന്നതാണ്. സംസ്കൃതത്തിനൊപ്പം ദേശാഭിമാനവും സ്വാതന്ത്ഽ്യേ ഛയുമാണ് കേളുനായര്‍ പഠിപ്പിക്കുന്നത്….ഗാന്ധിജിയുടെ യങ് ഇന്ത്യ സ്കൂളില്‍ വായിക്കുന്നത് നിര്‍ബന്ധം. ഹിരജനോദ്ധാരണ പ്രവര്‍ത്തനം പാഠ്യപദ്ധതിയുടെ ഭാഗം.
കടയപ്രത്ത് കുഞ്ഞപ്പയെ സൗകര്യാര്‍ഥം കേരളീയന്‍ എന്നുതന്നെ മുന്‍കൂറായി വിളിക്കാം. ദേശീയപാഠശാല പുരോഗമിച്ചുകൊണ്ടിരിക്കെയാണ് ഗാന്ധിജി മംഗലാപുരത്തേക്ക് ട്രെയിനില്‍ പോകുന്നുവെന്ന് വിവരം ലഭിച്ചത്. 1927 ഒക്ടോബര്‍ 26þനാണ് യാത്രക. നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ഗാന്ധിജിയെ സ്വീകരിക്കാന്‍ വലിയ ഏര്‍പ്പാടുകളുണ്ടായി. വിദ്വാന്‍ പി.കേളുനായര്‍ ആ സ്വീകരണത്തിന്റെ പ്രചരണാര്‍ഥം എഴുതിയ കവിതയാണ്, ‘നാളെയാണല്ലോ നമ്മള്‍ നാള്‍വരെയും കാത്ത നാനാഫലപുണ്യപൂര്‍ണദിനം, നാളെയാണീനാട്ടില്‍ ഗാന്ധിജിതന്‍ തൃക്കാല്‍ത്താരിണപ്പാടണിപ്പൊന്നുത്സവം’ എന്നു തുടങ്ങുന്നന്ന കവിത. പക്ഷേ ഗാന്ധിജിക്ക് നീലേശ്വരത്ത് ഇറങ്ങാനായില്ല. അതിനാല്‍ എ.സി.കണ്ണന്‍നായരും സംഘവും ചെറുവത്തൂരില്‍നിന്ന് വണ്ടിയില്‍ കയറി ഗന്ധിജിയെ മംഗലാപുരംവരെ അനുഗമിച്ചു.
ഇത്തരത്തില്‍ ആവേശം വിതയ്ക്കപ്പെട്ടതിന്റെ തുടര്‍ച്ചയായാണ് പയ്യന്നൂരില്‍ നാലാം കേരളരാഷ്ട്രീയസമ്മേളനം വരുന്നത്. 1928 മെയ് 25,26,27 തീയ്യതികളില്‍ നടക്കുന്ന സമ്മേളനത്തിന്റെ സ്വാഗതസംഘം പ്രസിഡന്റ് മഹാകവി കുട്ടമത്ത്, സെക്രട്ടറിയും വോളന്റിയര്‍ ക്യാപ്റ്റനും കേളുനായര്‍. എ.സി.കണ്ണന്‍നായരുടെ നേതൃത്വത്തില്‍ അജാനൂരില്‍ സംഘടിപ്പിച്ച യുവജനസംഘം പ്രവര്‍ത്തകര്‍ വോളന്റിയര്‍മാര്‍. സ്വാഗതസംഘത്തിന്റെ എല്ലാ കാര്യങ്ങളും നോക്കിനടത്താന്‍ കെ.ടി.കുഞ്ഞിരാമന്‍ നമ്പ്യാര്‍. 13 വയസ്സുമാത്രമുള്ള കെ.മാധവന്‍ ആ സമ്മേളനത്തില്‍ വോളന്റിയറായി എത്തി നിറഞ്ഞുനില്‍ക്കുകയും കേളപ്പനടക്കമുള്ളവരുടെ പ്രിയം പിടിച്ചുപറ്റുകയും ചെയ്തു. ജവാഹര്‍ലാല്‍ നെഹ്റു പങ്കെടുക്കുകയും എ.ഐ.സി.സി. സമ്മേളനത്തിന് മുമ്പുതന്നെ പൂര്‍ണസ്വരാജ് പ്രമേയം വോട്ടിനിട്ട് പാസാക്കുകയുംചെയ്ത പയ്യന്നൂര്‍ സമ്മളനത്തിന്റെ വിജയത്തില്‍ കാസര്‍കോട് താലൂക്കിന്, പ്രത്യേകിച്ച് എ.സി. കണ്ണന്‍നായരും കേളുനായരുമടങ്ങിയ അത്യുത്തരകേരളനേതൃത്വത്തിന് വലിയ പങ്കുണ്ട്. 1930ല്‍ ഉപ്പ് സത്യാഗ്രഹം നടക്കുമ്പോഴും വിജ്ഞാനദായിനി ദേശീയവിദ്യാലയത്തിന് മുഖ്യപങ്ക് ലഭിച്ചു. കേളുനായരുടെ നേതൃത്വത്തില്‍ ദേശീയപ്രസ്ഥാനം കാസര്‍കോട് മേഖലയില്‍ ശക്തിപ്രാപിച്ചുവരവേയാണ് ആ ദുരന്തമുണ്ടായത്. പ്രസ്ഥാനനായകന്റെ ആത്മഹത്യ. ദേശീയസമരനായകനും നാടകകാരനും കവിയും അഭിനേതാവുമെല്ലാമെല്ലാമായ കേളുനായര്‍ താന്‍ കെട്ടിപ്പടുത്ത് സ്കൂളിനകത്ത് ആത്മഹത്യ ചെയ്ത സംഭവം നാടിനെ നടുക്കി.. 28‐ാം വയസ്സിലായിരുന്നു അത്.
ഇനി കാസര്‍കോട് താലൂക്കിലെ ആദ്യത്തെ കമ്യൂണിസ്റ്റ് നായകനായ കെ.മാധവനിലേക്കുവരാം. കയ്യൂരടക്കം ഏഴുഗ്രാമങ്ങളുടെ പട്ടേലര്‍സ്ഥാനമുണ്ടായിരുന്ന പൊതാവൂര്‍ കൊഴുമ്മല്‍ തറവാട്ടിലെ അംഗമാണ് മാധവന്‍. അച്ഛന്‍ മടിക്കൈ നാടുവാഴിയോ ജന്മിയോ ആയ ഏച്ചിക്കാനത്തുതറവാട്ടിലെ രണ്ടാം കാരണവര്‍. എ.സി.കണ്ണന്‍നായരും കെ.ടി.കുഞ്ഞിരാമന്‍ നമ്പ്യാരും മച്ചുനിയന്മാര്‍. താമസം ഒരേ വീട്ടില്‍. കെ.പി.കേശവമേനോന്‍ എഴുതിയ ഗാന്ധിജിയുടെ ജീവചരിത്രം വായിച്ച് ഹരിജനോദ്ധാരണം ജീവിതവ്രതമാക്കിയ കണ്ണന്‍നായര്‍ വീട്ടില്‍ ഹരിജന്‍സമുദായത്തിലെ ഒരാളെ സ്ഥിരമായി പാര്‍പ്പിക്കുകയും ചെയ്തിരുന്നു. കുഞ്ഞിരാമന്‍ നമ്പ്യാര്‍ കൂടാളിയില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് മാറിയത് പിതൃഗൃഹത്തില്‍ താമസിച്ച് കാസര്‍കോട് മേഖലയില്‍ ദേശീയപ്രസ്ഥാനം കെട്ടിപ്പടുക്കുക, വിജ്ഞാനദായിനി വായനശാലയില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണെന്ന് സൂചിപ്പിച്ചുകഴിഞ്ഞതാണ്. 1929 ഒക്ടോബര്‍ രണ്ടിന് കാഞ്ഞങ്ങാട്ട് അഥവാ പുതിയകോട്ടയില്‍ ഗാന്ധിജയന്തി ആഘോഷം. ആനപ്പുറത്ത്് ഗാന്ധിജിയുടെ ചിത്രം ഉയര്‍ത്തിക്കാട്ടിയാണ് ഘോഷയാത്ര. അതിനായി ആനപ്പുറത്തുകയറി ഗാന്ധിചിത്രം ഉയര്‍ത്തിപ്പിടിക്കാന്‍ നിയുക്തനായത് മാധവന്‍.
1930 ഏപ്രില്‍ 13ന് കോഴിക്കോട്ടുനിന്ന് തുടങ്ങിയ ഉപ്പുസത്യാഗ്രഹജാഥയില്‍ വിജ്ഞാനദായിനി ദേശീയവിദ്യാലയത്തില്‍നിന്ന് മാത്രം പങ്കെടുത്തവര്‍ ആറുപേരാണ്. ജാഥയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗം മാധവന്‍. കേരളീയനും കെ.ടി.കുഞ്ഞിരാമന്‍ നമ്പ്യാരും പിസി.കുഞ്ഞിരാമന്‍ അടിയോടിയുൺ വി.അമ്പുവും പി.എം.കൃഷ്ണന്‍നായരും മാധവനുമടക്കം ആറംഗങ്ങള്‍. ഇവര്‍ക്കുപുറമെ ടി.എസ്.തിരുമുമ്പും. കേവലം 15 വയസ്സുമാത്രമുള്ള മാധവനെ ജാഥാംഗമാക്കാന്‍ കേളപ്പനും മറ്റ് നേതാക്കളും വിസമ്മതിച്ചു. എന്നാല്‍ മാധവന്റെ ശാഠ്യത്തിന് മുന്നില്‍ കേളപ്പന്റെ മനസ്സലിഞ്ഞു. മാധവനാകട്ടെ വിരലിലണിഞ്ഞ ഒരുപവന്റെ മോതിരം സത്യാഗ്രഹഫണ്ടിലേക്ക് നല്‍കുകയുംചെയ്തു. മാതാപിതാക്കളറിയാതെ പതിനഞ്ചാം വയസ്സില്‍ ഉപ്പുസത്യാഗ്രഹ വോളന്റിയരായ മാധവന്‍ അതേവര്‍ഷം ആഗസ്റ്റില്‍ കോഴിക്കോട്ടുനടന്ന നിയമലംഘനസമരത്തിലും വിദേശവസ്ത്രബഹിഷ്കരണത്തിലും പങ്കെടുത്ത് ക്രൂരമായ ലാത്തിച്ചാര്‍ജിനും ലോക്കപ്പ് മര്‍ദനത്തിനുമിരയായി.പൊലീസ് അറസ്റ്റ് ചെയ്ത് കണ്ണൂര്‍ ജയിലിലടച്ചു. 15 വയസ്സേയുള്ളുവെന്നു പറഞ്ഞാല്‍ ദുര്‍ഗുണപരിഹാരപാഠശാലയിലേക്കാണയക്കുയെന്നതിനാല്‍ 19 വയസ്സായെന്ന പറയാന്‍ നേതാക്കള്‍ നിര്‍ദേശിച്ചതനുസരിച്ച് പൊലീസിനോട് പറഞ്ഞതിനാല്‍ നേരെ സെന്‍ട്രല്‍ ജയിലേക്കുതന്നെ അയച്ചു. കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, എ.കെ.ജി., കേരളീയന്‍ എന്നിവരെല്ലാം ഒപ്പം. കോഴിക്കോട്ടെ നിയമലംഘനസമരം പൊലീസ് തല്ലിപ്പിരിച്ചും നേതാക്കളെ അറസ്ററ് ചെയ്തും പരാജയപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സമരം നാടാകെ പരക്കുകയായിരുന്നു. കാഞ്ഞങ്ങാട്ട് സമരം ശക്തിപ്രാപിച്ചപ്പോള്‍ എ.സി.കണ്ണന്‍നായരെയും കെ.ടി.കുഞ്ഞിരാമന്‍ നമ്പ്യാരെയും ഏച്ചിക്കാനം തറവാട്ടില്‍ കയറിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതേവരെ സമരത്തോടു മുഖംതിരിച്ചവരും സമരത്തിനനുകൂലമാകുന്നതാണ് പിന്നീട് കണ്ടത്.
1931 ജനുവരി 31ന് മാധവന്‍ ജയില്‍മോചിതനായി. ഏതാനും മാസത്തിനകം ഗുരുവായൂര്‍ സത്യാഗ്രഹജാഥ. എ.കെ.ജി.യും ടി.എസ്.തിരുമുമ്പും നയിച്ച ജാഥയില്‍ മാധവനും സ്ഥിരാംഗം. 1931 നവംബര്‍ ഒന്നിന് തുടങ്ങിയ ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ ഉടനീളം പങ്കെടുത്ത മാധവന് ശുചീകരണത്തിന്റെയും സത്യാഗ്രഹനഗറിലെ ലൈബ്രറിയുടെയും പ്രത്യേക ചുമതലയുമുണ്ടായിരുന്നു.
ഗുരുവായൂര്‍ സത്യാഗ്രഹംകൂടി കഴിയുമ്പോഴേക്കും പി.കൃഷ്ണപിള്ളയുടെ ഏറ്റവും പ്രിയശിഷ്യനായിമാറിക്കഴിഞ്ഞിരുന്നു മാധവന്‍. 1932 മുതല്‍ സ്വാതന്ത്ര്യസമരം അല്പം നിര്‍ജീവമായ ഘട്ടത്തല്‍ മാധവന്‍ എറണാകുളത്ത് ഹിന്ദികോളേജില്‍ പഠനത്തിന് ചേര്‍ന്നു. അവിടെയും കൃഷ്ണപിള്ള രക്ഷാകര്‍ത്താവിനെപ്പോലെ പിന്തുടര്‍ന്നു. ഇടക്കിടെയെത്തി രാഷ്ട്രീയവിദ്യാഭ്യാസംനല്‍കി. കാസര്‍കോട്ട് തിരിച്ചെത്തി താലൂക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായി (പ്രസിഡന്റ് എ.സി. കണ്ണന്‍നായര്‍) പ്രവര്‍ത്തിച്ചുവരവെയാണ് കൃഷണപിള്ളയുടെ ഒരു കത്ത് കിട്ടുന്നത്. സേലം ജയിലില്‍നിന്നാണ്. ‘അനിയാ നീ ജയില്‍മുക്തനായെന്ന് പത്രത്തില്‍ വായിച്ചു. കോണ്‍ഗ്രസ്സില്‍ രണ്ട് വിഭാഗമുണ്ട്.ഒന്ന് പണക്കാരുടേത്. മറ്റൊന്ന് പാവപ്പെട്ടവരുടേത്. നീ പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനിഷ്ടപ്പെടുന്നുവെങ്കില്‍ കൃഷിക്കാരുടെ സംഘമുണ്ടാക്കി പ്രവര്‍ത്തിക്കണം’ ഇതാണ് കത്തിന്റെ ചുരുക്കം.
ആദ്യമെല്ലാം കത്തിന്റെ പൊരുള്‍ മനസ്സിലായില്ലെങ്കിലും ക്രമേണ കാര്യങ്ങള്‍ തിരിച്ചറിഞ്ഞു. ടി.എസ്.തിരുമുമ്പിന്റെയും മൊയാരത്ത് ശങ്കരന്റെയും ഇടക്കിടെയുള്ള സന്ദര്‍ശനം അതിന് പ്രചോദനമായി. കാസര്‍കോട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകപ്രസ്ഥാനം കെ.മാധവനടക്കമുള്ളവരുടെ നേതൃത്വത്തില്‍ വളര്‍ന്നുപന്തലിക്കാന്‍ തുടങ്ങി. തിരുമുമ്പ് പ്രസിഡന്റും മാധവന്‍ സെക്രട്ടരിയുമായി കര്‍ഷകസംഘം താലൂക്ക് കമ്മിറ്റി നിലവില്‍വന്നു. 1935ല്‍ കണ്ണൂരില്‍ നടന്ന കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സമ്മേളനത്തില്‍ കാസര്‍കോട് താലൂക്കിലെ പ്രതിനിധികളായി മാധവനും പി.കെ.നാരായണന്‍ നമ്പ്യാരും പങ്കെടുത്തു.
കേരളാപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ഭൂരിപക്ഷത്തിലെത്തുകയും നേതൃത്വം ലഭിക്കുകയും ചെയ്യുന്നത്് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കുള്ള പരിവര്‍ത്തനത്തെ വ്യാപകവും ശക്തവുമാക്കുമെന്ന് കണ്ട കൃഷ്ണപിള്ളയും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് വിഭാഗം നേതൃത്വവും അതിനായി കരുക്കള്‍ നീക്കുകയായിരുന്നു. കമ്യൂണിസ്റ്റാശയക്കാരല്ലാത്ത എ.സി.കണ്ണന്‍നായരുടെയും കെ.ടി.കുഞ്ഞിരാമന്‍ നമ്പ്യാരുടെയും പിന്തുണ അതിനനുവാര്യമാണ്.കെ.ടി. കര്‍ഷകസംഘം നേതാവായതിനാല്‍ സ്വാഭാവികമായ ഇടതുപക്ഷാഭിമുഖ്യമുണ്ട്. എന്നാല്‍ കണ്ണന്‍നായര്‍ പൂര്‍ണമായും ഗാന്ധിയന്‍മാത്രമാണ്. കെ.പി.സി.സി. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ (1938) മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥി. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സെക്രട്ടറിയായി ഇ.എം.എസ്സിനെയും നിശ്ചയിച്ചു. എ.സി.കണ്ണന്‍നായരുടെ വോട്ട് നിര്‍ണായകമാണ്. കൃഷ്ണപിള്ള അന്നത്തെ കോണ്‍ഗ്രസ് സേവാദള്‍ ക്യാപ്റ്റനായ ഇ.സി.കുഞ്ഞിക്കണ്ണന്‍ നമ്പ്യാരെ എ.സി.യെ കണ്ട് കാര്യം പറയാന്‍ അയച്ചു. എന്നാല്‍ കാര്യം ചര്‍ച്ചചെയ്യാന്‍പോലും സന്നദ്ധനാകാതെ നമ്പ്യാരെ തിരിച്ചയക്കുകയായിരുന്നു.
ഏതാനും മാസംമുമ്പ് കാഞ്ഞങ്ങാട്ട് കര്‍ഷകസംഘം സമ്മേളനം നടക്കുമ്പോള്‍ ത്രിവര്‍ണപതാകയും ചെങ്കൊടിയും ഒന്നിച്ചുകെട്ടുന്നതിനെ കണ്ണന്‍നായര്‍ എതിര്‍ക്കുകയും അത് വലിയ വിയോജിപ്പായി വളരുകയും ചെയ്തിരുന്നു. കാസര്‍കോട് താലൂക്കില്‍ കോണ്‍ഗ്രസ്സില്‍ ഇടത് വലത് വിഭാഗീയതയായി മെല്ലെമെല്ലെ അത് വളരുകയായിരുന്നു. അതിനിടയിലാണ് കെ.പി.സി.സി. തിരഞ്ഞെടുപ്പ്. അപ്പോഴാണ് കെ.മാധവന് ഒരുപായം തോന്നിയത്. കണ്ണന്‍നായര്‍ കോഴിക്കോട് റെയില്‍വേസ്റ്റേഷനിലെത്തുമ്പോഴേക്കും അവിടെ കൃഷ്‌ണപിള്ള കാത്തുനില്‍ക്കുക. കൃഷ്ണപിള്ളയെ വ്യക്തിപരമായി അത്രയ്ക്കിഷ്ടവും വിശ്വാസവുമാണ് കണ്ണന്‍നായര്‍ക്ക്. മാധവന്‍ നല്‍കിയ വിവരമനുസരിച്ച് കാര്യങ്ങള്‍ നടന്നു. കണ്ണന്‍നായര്‍ സോഷ്യലിസ്റ്റ് വിഭാഗത്തിനനുകൂലമായി വോട്ടുചെയ്തു. അദ്ദേഹത്തിന്റെ മച്ചുനനായ കെ.ടി.കുഞ്ഞിരാമന്‍ നമ്പ്യാരുടെ വോട്ട് ആദ്യമേ ഉറച്ചതാണ്. തിരഞ്ഞെടുപ്പില്‍ രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ജയിച്ചു. ഇ.എം.എസിനെ സെക്രട്ടറിയായി നിയോഗിച്ചു. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് അറസ്റ്റിലായപ്പോള്‍ പകരം പ്രസിഡന്റായി കെ.ടി.കുഞ്ഞിരാമന്‍ നമ്പ്യാരെ തിരഞ്ഞെടുത്തു. ഇ.എം.എസ്. ഒളിവില്‍ പോയതിനാല്‍ കെ.പി.സി.സി. സെക്രട്ടരിയായി കെ.ദാമോദരനെ തിരഞ്ഞെടുത്തു. ഇടതുപക്ഷ കെ.പി.സി.സി.യുടെ പിണറായി പാറപ്രം സമ്മേളനം, അതായത് കമ്യൂണിസ്റ്റ് പാര്‍ട്ടിയായി പരിവർത്തിക്കുന്ന സമ്മേളനം, 1940 സെപ്ററംബര്‍ 15þ സംഭവം ഇതെല്ലാം പുറമേക്ക്്്് ഈ കെ.പി.സി.സിക്കാലത്താണ് നടക്കുന്നത്്. ആ കെ.പി.സി.സി. തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായത്് എ.സി.കണ്ണന്‍നായരുടെ വോട്ടുകൂടിയാണ്, കെ.ടി.കുഞ്ഞിരാമന്‍ നമ്പ്യാരുടെ വോട്ടും സഹകരണവുമാണ്. അവര്‍ ഇരുവരും കമ്യൂണിസ്റ്റായില്ല. എന്നാല്‍ പില്‍ക്കാലത്ത് വലതുപക്ഷ കോണ്‍ഗ്രസ്സിന്റെ കണ്ണിലെ കരടാവുകയുംചെയ്തു.
പിണറായി പാറപ്രം സമ്മേളനത്തിന് മുമ്പുതന്നെ കാസർകോട് താലൂക്കില്‍ കമ്യൂണിസ്റ്റ് പാര്‍ടി ചുവടുറപ്പിക്കാന്‍ തുടങ്ങിയിരുന്നു. സംഘാടനച്ചുമതല കെ.മാധവനായിരുന്നു. ചിറക്കല്‍, കാസര്‍കോട് താലൂക്കുകളിലെ സംഘടനാ മേല്‍നോട്ടച്ചുമതല സംഘടനാരംഗത്തെ ഉജ്ജ്വലപ്രതിഭയായ കേരളീയനായിരുന്നു. കൃഷ്ണപിള്ളയുടെ നിര്‍ദേശമനുസരിച്ച് കെ.മാധവന്‍ നീലേശ്വരത്ത് ഹിന്ദി ക്ലാസ് തുടങ്ങി. രഹസ്യപ്രവര്‍ത്തനത്തിനുള്ള സംവിധാനമായിരുന്നു അത്. എന്‍.ഗണപതി കമ്മത്ത്്, എന്‍.കെ.കുട്ടന്‍, ചന്തൂട്ടി എന്നിവരെ അംഗങ്ങളാക്കി നീലേശ്വരത്ത് പാര്‍ട്ടി സെല്‍ രൂപീകരിച്ചു. ഹിന്ദി ക്ലാസിലെ ഒരു പഠിതാവായ കുളുകുന്ത ശിവറാവു (നിരഞ്ജന) യെയും പാര്‍ട്ടിക്കാരനാക്കി. പിണറായി സമ്മേളത്തിന് മുമ്പേതന്നെ കെ.മാധവന്‍ സെക്രട്ടറിയും ടി.എസ്.തിരുമുമ്പ്, മടിക്കൈ കുഞ്ഞിക്കണ്ണന്‍, പി.അമ്പുനായര്‍, എന്‍.നാരായണവാരിയര്‍, കെ.വി.കമ്മാരന്‍ എന്നിവര്‍ അംഗങ്ങളുമായി പാര്‍ട്ടിയുടെ താലൂക്കുതല രഹസ്യസംഘന രൂപീകൃതമായി.
മടിക്കൈ രാജ്യത്തെ ആദ്യത്ത് ജന്മിത്തരഹിത പഞ്ചായത്തായതിന്റെയും കയ്യൂര്‍ ചെറുത്തുനില്‍പ്പിന്റെയുമെല്ലാം പശ്ചാത്തലം ഇതത്രെ. ♦