നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഗവൺമെന്റിന്റെ കർഷകവിരുദ്ധ നയങ്ങളും കോർപ്പറേറ്റുകളോടുള്ള വിധേയത്വവും രാജ്യത്തെ കാർഷികരംഗത്തെയാകെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. ബിജെപിയുടെ കർഷകവിരുദ്ധ നയത്തിന്റെ ഭാഗമായി അവർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ കർഷകർ രാജ്യതലസ്ഥാനത്തു നടത്തിയ നീണ്ടപോരാട്ടത്തിനുമുമ്പിൽ മോദിസർക്കാർ മുട്ടുമടക്കി. ഐതിഹാസികമായ ഈ പോരാട്ട വിജയം എല്ലാസംസ്ഥാനങ്ങളിലെയും കർഷകർക്കും കർഷകത്തൊഴിലാളികൾക്കും തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി ശബ്ദമുയർത്തുന്നതിന് പ്രചോദനമായി. ഈയടുത്തയിടെ ആസാ മിൽ സംയുക്ത കിസാൻ മുക്തിമോർച്ചയുടെ നേതൃത്വത്തിൽ നടന്ന കർഷകരുടെ സമ്മേളനം വമ്പിച്ച വിജയമായി. കേന്ദ്രത്തിലെയും ആസാം ഗവൺമെന്റിന്റെയും കർഷകവിരുദ്ധ നയങ്ങളുടെ ഭാഗമായി കർഷകർ ദീർഘകാലമായി നേരിട്ടുകൊണ്ടിരിക്കുന്ന ദുരിതങ്ങളും അവയ്ക്കുള്ള പരിഹാരവും ഭാവിമുന്നേറ്റത്തിനായുള്ള സാധ്യമായ ചട്ടക്കൂടിനു രൂപം നൽകാനും സമ്മേളനം തീരുമാനിച്ചു. ആയിരക്കണക്കിന് കർഷകരും ആക്ടിവിസ്റ്റുകളും വിവിധ സംഘടനകളുടെ നേതാക്കളും പങ്കെടുത്ത പ്രാഗ്ജ്യോതി കൾച്ചർ കോംപ്ലക്സിൽ വെച്ചുനടന്ന സമ്മേളനം വച്ച്ഖോവയിലെ പ്രമുഖ ബുദ്ധിജീവിയും സാഹിത്യകാരനുമായ ഹിരെൻ ഗൊഹെയ്ൻ ഉദ്ഘാടനം ചെയ്തു. കാർഷികമേഖലയിൽ കുത്തക മൂലധനത്തിനു വഴിയൊരുക്കാനുള്ള കേന്ദ്രത്തിന്റെ ഉദ്ദേശ്യം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കും; അതുകൊണ്ട് കേന്ദ്രത്തിന്റെയും ആസാം ഗവൺമെന്റിന്റെയും കർഷകവിരുദ്ധ നടപടികളെ ചെറുക്കാൻ ഒറ്റക്കെട്ടായി മുന്നോട്ടുനീങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അഖിലേന്ത്യ കിസാൻ സഭ ദേശീയ വൈസ് പ്രസിഡന്റ് ഹനൻമൊള്ള, എഐകെഎസ് ജനറൽ സെക്രട്ടറി അതുൽകുമാർ രഞ്ജൻ എന്നിവർ സമീപഭാവിയിൽതന്നെ മറ്റൊരു ദേശീയ പ്രക്ഷോഭത്തിനായി തയാറാകേണ്ടതിന്റെ അനിവാര്യത ഓർമ്മിപ്പിച്ചു.
സമരം ചെയ്ത കർഷകർക്കെതിരെയുള്ള എഫ് ഐ ആറുകൾ പിൻവലിക്കുമെന്നും പ്രക്ഷോഭത്തിനിടെ മരണപ്പെട്ട കർഷകരുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകുമെന്നും കേന്ദ്രം നൽകിയ വാഗ്ദാനം പാലിച്ചിട്ടില്ല. അസമിലെ കർഷകരെ സംബന്ധിച്ച് ഭൂമി ഒരു നിർണായക പ്രശ്നമാണ്. 12 ലക്ഷം കുടുംബങ്ങൾക്കു മാത്രമാണ് ഭൂമിയുള്ളത്. ഭൂരിഭാഗം ദുർബല വിഭാഗങ്ങൾക്കും സ്വന്തമായി ഭൂമിയില്ല. വർഷം തോറുമുള്ള വെള്ളപ്പൊക്കം വലിയ തോതിലുള്ള മണ്ണൊലിപ്പിനു കാരണമാകുന്നു. വെള്ളപ്പൊക്കത്തിൽ ആളുകളുടെ മണ്ണും സ്വത്തുക്കളും ഒലിച്ചുപോകുന്നു. അതുമൂലം അവർ താമസസ്ഥലം അടിക്കടി മാറ്റാൻ നിർബന്ധിതരാകുന്നു. അതുകൊണ്ട് അസമിന്റെ ഭൂനയത്തിൽത്തന്നെ മാറ്റം വരുത്തണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. അസമിലെയും മറ്റ് നാല് സംസ്ഥാനങ്ങളിലെയും വെള്ളപ്പൊക്കം ദേശീയ പ്രശ്നമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സെപ്തംബർ 22 ന് രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. അന്നേദിവസം ആസാമിലെ എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കാൻ സമ്മേളനം എല്ലാ കർഷകസംഘടനകളോടും ആഹ്വാനം ചെയ്തു.
കൃഷിഭൂമി കാർഷികേതര ഭൂമിയാക്കി മാറ്റുന്നതും വലിയൊരു പ്രശ്നമാണ്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഏകദേശം 19,000 ഏക്കർ വനഭൂമിയാണ് വെട്ടിത്തെളിച്ചത്. അതിനാൽത്തന്നെ കാർഷിക, വനഭൂമി സംരക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെ അടിയന്തര ആവശ്യമാണ്. മാത്രവുമല്ല വ്യാപകമായ കുടിയൊഴിപ്പിക്കലും നടക്കുന്നു. പ്രത്യേകിച്ച് ബിജെപിയുടെ ഹിമന്ത ബിശ്വ ശർമ മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് പകരം ഭൂമിയും നഷ്ടപരിഹാരവും നൽകുമെന്ന വാഗ്ദാനവും ജലരേഖയായി. ഭൂമിനഷ്ടപ്പെട്ടവർ പലരും ഇപ്പോൾ ദിവസക്കൂലിക്ക് പണിയെടുത്ത് ഉപജീവനം കഴിക്കുന്നു. ഈ പ്രശ്നവും സമ്മേളനത്തിൽ എടുത്തു കാട്ടപ്പെട്ടു.
മറ്റൊരു പ്രശ്നം വ്യാപകമായിക്കൊണ്ടിരിക്കുന്ന എണ്ണപ്പന കൃഷിയാണ്. എണ്ണപ്പന കൃഷി പാരിസ്ഥിതിക ദുരന്തത്തിനു വഴിവെക്കും. ഈന്തപ്പന കൃഷി തൊട്ടടുത്ത പ്രദേശമാകെ വരണ്ടതാക്കും. അത് മറ്റു കൃഷികളെ ദോഷകരമായി ബാധിക്കും. പാഠ ഓയിലിനുവേണ്ടി എണ്ണപ്പന കൃഷി ചെയ്യുന്നത് ഭൂമിയെ ഊഷരമാക്കി മാറ്റും. ഈ കൃഷിതന്നെ മണ്ണിൽ പണിയെടുക്കുന്ന യഥാർഥ കർഷകന് നൽകാതെ ബാബരാം ദേവിനെപ്പോലുള്ള മോഡിയുടെ വലംകൈയായ, കുത്തക വ്യാജന്മാർക്കാണ് നൽകുന്നതെന്നതും ഇതിനു പിന്നിലെ കച്ചവട രാഷ്ട്രീയത്തെ പുറത്തുകൊണ്ടുവരുന്നു.
ഇത്തരം വിഷയങ്ങളെല്ലാം സമ്മേളനം ചർച്ച ചെയ്തു. ഇതിനെല്ലാം എതിരായ ശക്തമായ പ്രക്ഷോഭങ്ങൾക്കാണ് വരും നാളുകളിൽ ആസാം സാക്ഷ്യം വഹിക്കാൻ പോകുന്നത്. അതിനായുള്ള മുന്നൊരുക്കത്തിനാണ്, വരാൻപോകുന്ന സമരകാലത്തിന്റെ വേലിയേറ്റത്തിനാണ് ആസാമിൽ ചേർന്ന വൻ വിജയമായിത്തീർന്ന സംയുക്ത കിസാൻ മോർച്ചയുടെ സമ്മേളനത്തിൽ നാന്ദികുറിക്കപ്പെട്ടത്. ♦