Wednesday, October 9, 2024

ad

Homeരക്തനക്ഷത്രങ്ങള്‍ഫ്രാങ്കോയെ വിറപ്പിച്ച കമ്യൂണിസ്റ്റ് പോരാളി

ഫ്രാങ്കോയെ വിറപ്പിച്ച കമ്യൂണിസ്റ്റ് പോരാളി

പി എസ് പൂഴനാട്

1921ലാണ് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് സ്പെയിന്‍ രൂപീകരിക്കപ്പെടുന്നത്. സ്പെയിനിന്‍റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സ്പാനിഷ് സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ടിയുടെ സോഷ്യല്‍ ഡെമോക്രാറ്റിക് നിലപാടുകളെ ശക്തമായി എതിര്‍ത്തുകൊണ്ടായിരുന്നു അതില്‍ നിന്നും ഒരു വിഭാഗം വിപ്ലവകാരികള്‍ മാര്‍ക്സിസം-ലെനിസത്തെ മാറോട് ചേര്‍ത്തുപിടിച്ചുകൊണ്ട് സ്പെയിനിന്‍റെ മണ്ണില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് രൂപം നല്‍കിയത്. എന്നാല്‍ 1931 വരെയുള്ള പത്തുവര്‍ഷക്കാലം നിരോധനത്തിന്‍റെയും അടിച്ചമര്‍ത്തലുകളുടെയും കൊടുംകാഠിന്യത്തിലൂടെയായിരുന്നു പാര്‍ടി കടന്നുപോയത്. രാജവാഴ്ചയുടെയും യാഥാസ്ഥിതികത്വത്തിന്‍റെയും ശക്തികള്‍ സ്പെയിനിനെ  അടക്കിവാണുകൊണ്ടിരുന്ന ഘട്ടമായിരുന്നു അത്. എന്നാല്‍ പോരാട്ടങ്ങള്‍ കടുത്തുകൊണ്ടേയിരുന്നു. അങ്ങനെ 1931 ഏപ്രില്‍ മാസത്തില്‍ രണ്ടാമത് സ്പാനിഷ് റിപ്പബ്ലിക് നിലവില്‍ വന്നു. 1931 മുതല്‍ 1939 വരെ സ്പെയിനില്‍ അധികാരത്തില്‍ തുടര്‍ന്ന ജനാധിപത്യ ഗവണ്‍മെന്‍റിനെയാണ് രണ്ടാമത് സ്പാനിഷ് റിപ്പബ്ലിക് എന്നറിയപ്പെടുന്നത്. സ്പെയിനിന്‍റെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു ജനാധിപത്യസര്‍ക്കാര്‍ രൂപംകൊള്ളുന്നത്.  ഈ രണ്ടാം സ്പാനിഷ് റിപ്പബ്ലിക് നിലവില്‍ വന്നതിനുശേഷമാണ് കമ്യൂണിസ്റ്റ് പാര്‍ടി ആദ്യമായി നിയമവിധേയമാക്കപ്പെടുന്നത്. രണ്ടാമത് സ്പാനിഷ് റിപ്പബ്ലിക് നിലവില്‍ വരുന്നതില്‍ കമ്യൂണിസ്റ്റ് പാര്‍ടി നടത്തിയ പോരാട്ടങ്ങള്‍ക്ക് വലിയ പങ്കാണുണ്ടായിരുന്നത്. നിയമവിധേയമായതിനെതുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വികസിതമായിക്കൊണ്ടിരുന്നു.

1936 ജനുവരി 15നായിരുന്നു ജനകീയ മുന്നണി (പോപ്പുലര്‍ ഫ്രണ്ട്) എന്ന ആശയം സ്പെയിനില്‍ പ്രാവര്‍ത്തികമായത്. ആ വര്‍ഷം ഫെബ്രുവരി മാസത്തില്‍ നടക്കേണ്ട സ്പെയിനിലെ പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്നതിനുവേണ്ടി രൂപീകരിക്കപ്പെട്ട ജനാധിപത്യവാദികളുടെയും ഇടതുകക്ഷികളുടെയും കമ്യൂണിസ്റ്റുകളുടെയും റിപ്പബ്ലിക്കന്‍ ധാരകളുടെയും ഒരു ഐക്യമുന്നണിയായിരുന്നു പോപ്പുലര്‍ ഫ്രണ്ട് എന്ന ജനകീയമുന്നണി. ഫ്രാന്‍സിസ്കോ ഫ്രാങ്കോ എന്ന ഫാസിസ്റ്റിന്‍റെ നേതൃത്വത്തിലുള്ള നാഷണല്‍ ഫ്രണ്ടിനെ പരാജയപ്പെടുത്തുകയായിരുന്നു പ്രഖ്യാപിത ലക്ഷ്യം. 1936 ഫെബ്രുവരി 16-ാം തീയതി സ്പെയിനിന്‍റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകവും സുപ്രധാനവുമായ ആ പൊതുതിരഞ്ഞെടുപ്പ് നടന്നു. ഇടതുപക്ഷ കക്ഷികളുടെ നേതൃത്വത്തിലുള്ള ജനകീയ മുന്നണിക്ക് 34.3 ശതമാനം വോട്ട് ലഭിച്ചു. നാഷണല്‍ ഫ്രണ്ടിന് 33.2 ശതമാനവും. അങ്ങനെ 473ല്‍ 263 സീറ്റുകളും നേടിയ ജനകീയ മുന്നണി സ്പെയിനില്‍ പുതിയ സര്‍ക്കാരിന് രൂപം നല്‍കി.

എന്നാല്‍ ആ വര്‍ഷം ജൂലൈ മാസത്തില്‍തന്നെ ആ റിപ്പബ്ലിക്കന്‍ ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഭീകരവും തീവ്രവുമായ നടപടികള്‍ ഫ്രാങ്കോയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റുകള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഫാസിസ്റ്റുകളുടെ അട്ടിമറിയില്‍നിന്നും റിപ്പബ്ലിക്കന്‍ സര്‍ക്കാരിനെ സംരക്ഷിക്കുന്ന പോരാട്ടങ്ങളിലേക്ക് സ്പെയിനിന്‍റെ ആഭ്യന്തരരംഗം മാറിത്തീര്‍ന്നു. അങ്ങനെ ജനാധിപത്യറിപ്പബ്ലിക്കന്‍ കമ്യൂണിസ്റ്റ് കക്ഷികള്‍ ഒരു ഭാഗത്തും ഫാസിസ്റ്റുകള്‍ മറുഭാഗത്തുമായി അണിനിരന്നുകൊണ്ടുള്ള ഒരു ആഭ്യന്തരയുദ്ധത്തിലേക്ക് സ്പെയിന്‍ വലിച്ചെറിയപ്പെട്ടു. റിപ്പബ്ലിക്കന്‍ ഗവണ്‍മെന്‍റിനെ ഫാസിസ്റ്റുകളുടെ അട്ടിമറികളില്‍നിന്നും സംരക്ഷിച്ചെടുക്കാനുള്ള തീപാറുന്ന പോരാട്ടങ്ങളില്‍ മുന്നണിപ്പടയായിനിന്നത് സ്പെയിനിലെ കമ്യൂണിസ്റ്റ് പാര്‍ടിയായിരുന്നു.

സ്പെയിനിന്‍റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഈ ഫാസിസ്റ്റ്- വിരുദ്ധസമരഘട്ടങ്ങളില്‍ സ്പെയിനിലെ കമ്യൂണിസ്റ്റ് പാര്‍ടിയെ നയിച്ച സമരോത്സുകനായ വിപ്ലവകാരിയും ഫാസിസ്റ്റ്-വിരുദ്ധപോരാളിയുമായിരുന്നു ഹോസെ ഡയസ് റമോസ്. സ്പെയിനിലെ ട്രേഡ് യൂണിയന്‍ നേതാവായും കമ്യൂണിസ്റ്റ് രാഷ്ട്രീയപ്രവര്‍ത്തകനായും കമ്യൂണിസ്റ്റ് പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയായും സ്പെയിനിന്‍റെ മണ്ണില്‍ പുതിയൊരു ലോകം സ്വപ്നം കണ്ടുകൊണ്ട് ആ പോരാളി പൊരുതി.

സ്പെയിനിലെ സെവില്ല എന്ന സ്ഥലത്ത് അതിദരിദ്രമായ ഒരു കുടുംബത്തില്‍ 1885 മെയ് മൂന്നിനാണ് ഹോസെ ഡയസ് ജനിച്ചത്. സെവില്ല എന്ന ഈ സ്ഥലത്തുവച്ചാണ് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് സ്പെയിനിന്‍റെ ആദ്യത്തെ സമ്മേളനം 1921ല്‍ നടന്നതെന്ന കാര്യം പില്‍ക്കാല ചരിത്രമാണ്. സ്വന്തം ജീവിതവഴി കണ്ടെത്തുന്നതിനുവേണ്ടി പതിനൊന്നാമത്തെ വയസ്സുമുതല്‍ തന്നെ ഹോസെ ഡയസിന് റൊട്ടിക്കച്ചവടം നടത്തേണ്ടിവന്നു. പതിനെട്ടാമത്തെ വയസ്സില്‍തന്നെ റൊട്ടിക്കച്ചവടക്കാരുടെ ട്രേഡ് യൂണിയനില്‍ അംഗമായി. വിവിധ ട്രേഡ് യൂണിയനുകളുമായി ബന്ധം സ്ഥാപിക്കുകയും തൊഴിലാളി പ്രശ്നങ്ങളെ സൂക്ഷ്മമായി പിന്തുടരുകയും ചെയ്തു. 1917ലും 1920ലും സ്പെയിനില്‍ അരങ്ങറേിയ തൊഴിലാളി പണിമുടക്കുകളുടെ സംഘാടകനായും നേതാവായും ഹോസെ ഡയസ് പിന്നീട് മാറിത്തീരുകയായിരുന്നു.

1923 മുതല്‍ 1930 വരെയുള്ള സ്പെയിന്‍ കാലഘട്ടം പ്രൈമോ ഡി റിവേറ എന്ന ഏകാധിപതിയുടെ ഭരണകാലഘട്ടമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനവും ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടു. എന്നാല്‍ ഒളിത്താവളങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് ഹോസെ ഡയസ് തന്‍റെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തന തീവ്രമാക്കിക്കൊണ്ടിരുന്നു. നിരവധി തവണ ജയിലറകള്‍ക്കുള്ളിലേയ്ക്ക് അദ്ദേഹം വലിച്ചെറിയപ്പെട്ടു. ഇതിനിടയില്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ഹോസെ ഡയസ് അംഗമായിത്തീര്‍ന്നിരുന്നു. റാഡിക്കലായ നിരവധി തൊഴിലാളികളെയും തൊഴിലാളി സംഘടനകളെയും കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അദ്ദേഹം ചേര്‍ത്തുനിറുത്തി. 1932ല്‍ പാര്‍ടിയുടെ കേന്ദ്ര കമ്മിറ്റിയിലേക്കും പൊളിറ്റ് ബ്യൂറോയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. അതേവര്‍ഷംതന്നെ പാര്‍ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും ഹോസെ ഡയസ് തെരഞ്ഞെടുക്കപ്പെട്ടു.

1935ല്‍ നടന്ന ഏഴാമത് കൊമിന്‍റേണ്‍ കോണ്‍ഗ്രസിലേക്കുള്ള കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് സ്പെയിനിന്‍റെ പ്രതിനിധികളെ നയിച്ചത് ഹോസെ ഡയസും ഡോളറെസ് ഇബറൂറി എന്ന വനിതാ കമ്യൂണിസ്റ്റ് പോരാളിയും ഒരുമിച്ചായിരുന്നു. ഹോസെ ഡയസിനു ശേഷം 1942ല്‍ പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് ഡോളറെസ് ഇബറൂറിയായിരുന്നു. കൊമിന്‍റേണിന്‍റെ ഏഴാം കോണ്‍ഗ്രസില്‍വച്ചായിരുന്നു ജോര്‍ജി ദിമിത്രോവിന്‍റെ ലോകപ്രശസ്തമായ ഫാസിസത്തിനെതിരെയുള്ള ഐക്യമുന്നണി എന്ന പ്രമേയം അംഗീകരിക്കപ്പെടുന്നത്. ‘ഫാസിസത്തിനെതിരെയുള്ള ഐക്യമുന്നണി’ എന്ന പ്രമേയത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു സ്പെയിനില്‍ ഫാസിസ്റ്റുകള്‍ക്കെതിരെ ‘ജനകീയ മുന്നണി’ എന്ന സംവിധാനം രൂപംകൊണ്ടത്.

പീന്നിടുള്ള സമയം മുഴുവന്‍ സ്പെയിനിലെ ജനകീയ മുന്നണി സര്‍ക്കാരിനെ ഫ്രാങ്കോയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റുകളില്‍നിന്നും വിമോചിപ്പിക്കാനുള്ള കടുത്ത പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായിട്ടായിരുന്നു ഹോസെ ഡയസ് നിലകൊണ്ടത്. ഫ്രാങ്കോയുടെ സൈനികാക്രമണങ്ങളെ ചെറുക്കുന്നതിനുവേണ്ടിയുള്ള കമ്യൂണിസ്റ്റ് ചെറുത്തുനില്‍പ്പു സംഘങ്ങള്‍ സ്പെയിനിലാകമാനം രൂപംകൊണ്ടു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും ഫാസിസ്റ്റുകള്‍ക്കെതിരെ പോരാടാന്‍ സന്നദ്ധരായി  കമ്യൂണിസ്റ്റുകാര്‍ സ്പെയിനില്‍ എത്തിച്ചേര്‍ന്നുകൊണ്ടിരുന്നു. പതിനായിരക്കണക്കിന് സ്ത്രീകള്‍ ആയുധമെടുത്ത് ഫാസിസത്തിനെതിരെ പൊരുതിനിന്നു. എന്നാല്‍ എല്ലാ പോരാട്ടങ്ങളെയും ചെറുത്തുനില്‍പ്പുകളെയും രക്തപങ്കിലമാക്കിക്കൊണ്ട് ഫ്രാങ്കോയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് സൈന്യം 1939 ജൂലൈ മാസത്തില്‍ സ്പെയിനിലെ റിപ്പബ്ലിക്കന്‍ ഗവണ്‍മെന്‍റിനെ അട്ടിമറിച്ചു. അങ്ങനെ സ്പെയിന്‍  ഫ്രാങ്കോയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് പട്ടാള സ്വേച്ഛാധിപത്യത്തിന്‍റെ അന്ധകാരത്തിലേക്കാണ്ടു.

കമ്യൂണിസ്റ്റുകാരും ജനാധിപത്യവാദികളും ക്രൂരമായി വേട്ടയാടപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ടി നിരോധിക്കപ്പെട്ടു. ജയിലറകള്‍ നിറഞ്ഞുകവിഞ്ഞു. നിരവധി കമ്യൂണിസ്റ്റുകാര്‍ക്ക് രാജ്യം വിട്ടുപോകേണ്ടിവന്നു. ഹോസെ ഡയസാകട്ടെ കാന്‍സര്‍ എന്ന രോഗത്തിന്‍റെ പിടിയില്‍ അമര്‍ന്നിരുന്നു. വയറിനെ ബാധിച്ച കാന്‍സര്‍ അദ്ദേഹത്തിന്‍റെ ശരീരത്തെയാകമാനം വേദനയില്‍ മുക്കിക്കളഞ്ഞു. അസുഖം ഭീകരമായി കടുത്തതിനെ തുടര്‍ന്ന് ചികിത്സക്കായി അദ്ദേഹത്തിന് സോവിയറ്റ് യൂണിയനിലേക്ക് യാത്രയാകേണ്ടി വന്നു. എന്നാല്‍ വൈദ്യശാസ്ത്രത്തിന് ആ ജീവന്‍ രക്ഷിക്കാനായില്ല. 1942 മാര്‍ച്ച് 19ന് നാല്‍പ്പത്തിയാറാമത്തെ വയസ്സില്‍ ആ പോരാളി മരണത്തിന് കീഴടങ്ങി.

ഫ്രാങ്കോ എന്ന ഫാസിസ്റ്റിനെതിരെ സ്പെയിനിലെ ജനത നടത്തിയ ഐതിഹാസികമായ ഫാസിസ്റ്റ് -വിരുദ്ധപോരാട്ടത്തിന്‍റെ ഓരോ അടരിലും ഹോസെ ഡയസ് എന്ന കമ്യൂണിസ്റ്റ് പോരാളിയുടെ ഓര്‍മകള്‍ തങ്ങിനില്‍ക്കുന്നുണ്ട്. പുതിയ കാലഘട്ടത്തിലെ പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ കരുത്തും ഊര്‍ജവും പകര്‍ന്നുകൊണ്ടും പുതിയ പാഠങ്ങള്‍ സമ്മാനിച്ചുകൊണ്ടും ആ ഓര്‍മകള്‍ ചരിത്രത്തിലൂടെ ഇപ്പോഴും ജീവിക്കുകയാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seven + 6 =

Most Popular