Wednesday, October 9, 2024

ad

Homeരക്തനക്ഷത്രങ്ങള്‍ഹിറ്റ്ലറോട് നേരിട്ട് ഏറ്റുമുട്ടിയ കമ്യൂണിസ്റ്റ് പോരാളി

ഹിറ്റ്ലറോട് നേരിട്ട് ഏറ്റുമുട്ടിയ കമ്യൂണിസ്റ്റ് പോരാളി

പി എസ് പൂഴനാട്

ഒന്ന്
ണസ്റ്റ് ഥെയ്ല്‍മാന്‍ എന്ന കമ്യൂണിസ്റ്റ് പോരാളിയെ ഹിറ്റ്ലറുടെ ഗസ്റ്റപ്പോ വെടിവെച്ചുകൊന്നിട്ട് 78 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഹിറ്റ്ലറുടെ നേരിട്ടുള്ള ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഏണസ്റ്റ് ഥെയ്ല്‍മാന്‍ വധിക്കപ്പെടുന്നത്. 11 വര്‍ഷക്കാലമായിരുന്നു ആ മനുഷ്യന്‍ ഹിറ്റ്ലറുടെ ജയിലറകളിലും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലും കിടന്നു തീതിന്നത്. ഹിറ്റ്ലറുടെ എക്കാലത്തെയും ഏറ്റവും വലിയ നേരിട്ടുള്ള എതിരാളിയായിരുന്നു ഏണസ്റ്റ് ഥെയ്ല്‍മാന്‍.

ഈ ഏണസ്റ്റ് ഥെയ്ല്‍മാന്‍ ആയിരുന്നു 1925 മുതല്‍ ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചെയര്‍മാന്‍. ജര്‍മനിയിലും യൂറോപ്പിലും ഫാസിസത്തിന്‍റെയും നാസിസത്തിന്‍റെയും ഉദയഘട്ടങ്ങളില്‍ അതിനെ ചെറുക്കാന്‍ രൂപീകരിക്കപ്പെട്ട ആന്‍റിഫാ (Antifa) എന്ന കമ്യൂണിസ്റ്റ് സൈനിക ഗ്രൂപ്പിന്‍റെ നേതാവും ഥെയ്ല്‍മാനായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാനാര്‍ത്ഥിയായി അദ്ദേഹം രണ്ടുതവണ ജര്‍മന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചു. രണ്ടാമത്തെ തവണ മത്സരിച്ചത് ഹിറ്റ്ലര്‍ എന്ന ഫാസിസ്റ്റ് ഭീകരനെതിരെയായിരുന്നു. എന്നാല്‍ ഹിറ്റ്ലറെ തോല്‍പിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കായില്ല. ഹിറ്റ്ലര്‍ അധികാരത്തിന്‍റെ കേന്ദ്രത്തിലേക്ക് എത്തിച്ചേര്‍ന്നു. എന്നാല്‍ ഹിറ്റ്ലര്‍ എന്ന ഫാസിസ്റ്റിന്‍റെ  അധികാരത്തെ വകവെച്ചുകൊടുക്കാന്‍ ഏണസ്റ്റ് ഥെയ്മാന്‍ എന്ന കമ്യൂണിസ്റ്റ് ഒരുക്കമല്ലായിരുന്നു. ഹിറ്റ്ലറുടെ ഭരണകൂടത്തെ സായുധമായി അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ധീരമായി ഏര്‍പ്പെട്ടു. എന്നാല്‍ ഏറെ താമസിയാതെ ആ പോരാളിയെ ഹിറ്റ്ലറുടെ ഗസ്റ്റപ്പോ അറസ്റ്റു ചെയ്യുകയും ജയിലറകള്‍ക്കുള്ളിലേക്ക്, ഏകാന്ത തടവിലേയ്ക്ക് വലിച്ചെറിയുകയും ചെയ്തു. എന്നാല്‍ അതുകൊണ്ടും ഹിറ്റ്ലര്‍ അടങ്ങിയിരിക്കാന്‍ തയ്യാറല്ലായിരുന്നു. ആ കമ്യൂണിസ്റ്റ് പോരാളിയെ വെടിവെച്ചുകൊല്ലാന്‍ നേരിട്ടുതന്നെ ഉത്തരവ് കൊടുക്കുന്നതുവരെ ഹിറ്റ്ലറിന് സമാധാനത്തോടെ ഇരിക്കാന്‍ കഴിയുമായിരുന്നില്ല.

രണ്ട്
1886 ഏപ്രില്‍ 16ന് ജര്‍മനിയിലെ ഹാംബര്‍ഗ് എന്ന പ്രദേശത്തായിരുന്നു ഏണസ്റ്റ് ഥെയ്ല്‍മാന്‍ ജനിച്ചത്. കാര്‍ഷികവൃത്തിയെ ആശ്രയിച്ചുകഴിഞ്ഞിരുന്ന ഒരു സാധാരണ കുടുംബമായിരുന്നു അത്. പിന്നീടാണ് ഹാംബെര്‍ഗിനടുത്തുള്ള ഒരു മദ്യശാല ഏറ്റെടുത്ത് നടത്താന്‍ ഥെയ്ല്‍മാന്‍റെ മാതാപിതാക്കള്‍ തീരുമാനിക്കുന്നത്. എന്നാല്‍ സാധനങ്ങള്‍ മോഷ്ടിച്ചെടുത്തെന്ന പേരില്‍ ആ മാതാപിതാക്കള്‍ക്ക് രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ലഭിച്ചത്. ജയില്‍മോചിതരായതിനുശേഷം പച്ചക്കറിക്കട നടത്തിയായിരുന്നു ആ കുടുംബം ജീവിതവരുമാനം കണ്ടെത്തിയിരുന്നത്. പഠനത്തില്‍ ഥെയ്ല്‍മാന്‍ മിടുക്കനായിരുന്നു. എന്നാല്‍ സാമ്പത്തികാവസ്ഥ അവനെ ഞെരുക്കിക്കൊണ്ടിരുന്നു. അതുകൊണ്ടുതന്നെ സ്കൂളില്‍നിന്നും വന്നതിനുശേഷം ആ കുട്ടിക്ക് ജോലിക്ക് പോകേണ്ടിവന്നു. വൈകുന്നേരങ്ങളില്‍ പഠിക്കാനാകാത്തതുകൊണ്ടുതന്നെ അതിരാവിലെ ഉറക്കമുണര്‍ന്നായിരുന്നു അവന്‍ പഠിച്ചിരുന്നത്. പഠിക്കാന്‍ അത്രത്തോളം താല്‍പര്യമായിരുന്നു അവന്. അതുകൊണ്ടുതന്നെ ജീവിതദുരിതങ്ങളൊന്നും അവനെ പഠനത്തില്‍നിന്നും പിറകോട്ടുവലിച്ചിരുന്നില്ല. ഒരു അധ്യാപകനായിത്തീരാനായിരുന്നു ആ കുട്ടി ആഗ്രഹിച്ചത്. എന്നാല്‍ മാതാപിതാക്കള്‍ക്ക് അതില്‍ താല്‍പര്യമുണ്ടായിരുന്നില്ല. ആവശ്യത്തിനുള്ള സാമ്പത്തിക സഹായവും അവര്‍ ഥെയ്ല്‍മന് നല്‍കിയില്ല. ഇത് മാതാപിതാക്കളുമായുള്ള സംഘര്‍ഷത്തിലേക്ക് വഴിതുറന്നിട്ടു. അതിനെത്തുടര്‍ന്ന് പുതിയൊരു ജോലി തേടി ഹാംബെര്‍ഗിലെ തുറമുഖ നഗരത്തിലേക്ക് ആ കുട്ടി യാത്രയായി. അന്നവന് പത്തു വയസ്സു മാത്രമായിരുന്നു പ്രായം.

ഹാംബര്‍ഗിലെ തുറമുഖനഗരത്തില്‍ ജോലിക്കെത്തിച്ചേര്‍ന്ന ഥെയ്ല്‍മാന്‍ തുറമുഖത്തൊഴിലാളികളുമായി അടുത്തബന്ധമാണ് കാത്തുസൂക്ഷിച്ചത്. ഈ ഘട്ടത്തിലായിരുന്നു തുറമുഖത്തൊഴിലാളികളുടെ തൊഴിലവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പണിമുടക്ക് സമരം ആ തുറമുഖത്തില്‍നിന്നും പൊട്ടിപ്പുറപ്പെട്ടത്. നാലുമാസത്തോളം പണിമുടക്ക് സമരം നീണ്ടുനിന്നു. പതിനാറാമത്തെ വയസ്സില്‍ തന്‍റെ വീട്ടില്‍നിന്നും പൂര്‍ണമായും ഥെയ്ല്‍മാന്‍ വിട്ടുപോകുന്നുണ്ട്. പിന്നീടുള്ള ജീവിതം മേല്‍ക്കൂരയില്ലാത്ത ഷെല്‍ട്ടറുകളിലും അപ്പാര്‍ട്ടുമെന്‍റുകളിലുമായിരുന്നു. തന്‍റെ ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ആ തുറമുഖ നഗരത്തില്‍ വിവിധ ജോലികളില്‍ മാറിമാറി പണിയെടുത്തു. കപ്പല്‍ ജോലിയുടെ ഭാഗമായി അമേരിക്കന്‍ ഐക്യനാടുകളിലും ഥെയ്ല്‍മാന്‍ എത്തിച്ചേരുന്നുണ്ട്. അമേരിക്കയിലെ ഒരു ഫാമിലും കുറച്ചുകാലം ജോലി ചെയ്തു.

ജീവിതത്തിലെ ഈ അനുഭവ പരിസരങ്ങളെല്ലാം ഥെയ്ല്‍മാനില്‍ തൊഴിലാളിവര്‍ഗ സമരോത്സുകതയെ നട്ടുമുളപ്പിക്കുകയായിരുന്നു. കൈസര്‍ രാജാവിന്‍റെ ഭരണാധിപത്യത്തിന്‍കീഴില്‍ ജര്‍മനിയില്‍ ജനാധിപത്യമോ സാമൂഹ്യനീതിയോ നടപ്പാക്കില്ലെന്ന ബോധ്യം ഥെയ്ല്‍മാനില്‍ നിറഞ്ഞുവന്ന ഘട്ടം കൂടിയായിരുന്നു ഇത്. അങ്ങനെയാണ് പതിനേഴാമത്തെ വയസ്സില്‍ മധ്യ – ഇടതുപക്ഷ പാര്‍ടിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി ഓഫ് ജര്‍മനിയില്‍ (SPD) ഥെയ്ല്‍മാന്‍ അംഗമായിത്തീരുന്നത്.

ക്രമേണ സമരോത്സുകനായ ഒരു യുദ്ധവിരുദ്ധ ആക്ടിവിസ്റ്റും സാമ്രാജ്യത്വവിരുദ്ധ പോരാളിയുമായി ഏണസ്റ്റ് ഥെയ്ല്‍മാന്‍ മാറിത്തീര്‍ന്നു. ഒന്നാം ലോകമഹായുദ്ധം ആരംഭിച്ച ഘട്ടമായിരുന്നു അത്. ജര്‍മന്‍ പാര്‍ലമെന്‍റില്‍ യുദ്ധത്തെയും യുദ്ധച്ചെലവുകളെയും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി പിന്തുണച്ചു. എന്നാല്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടിയുടെ ഈ നിലപാടിനെ അതിശക്തമായിട്ടായിരുന്നു ഏണസ്റ്റ് ഥെയ്ല്‍മാന്‍ എതിര്‍ത്തത്. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടിയുടെ യുദ്ധാനുകൂല നിലപാടുകളില്‍ പ്രതിഷേധിച്ചുകൊണ്ട് അദ്ദേഹം പാര്‍ടി വിടുകയാണുണ്ടായത്. ഇന്‍ഡിപെന്‍ഡന്‍റ് സോഷ്യല്‍ ഡെമോക്രാറ്റ്സ് (USPD) എന്ന പുതിയൊരു പാര്‍ടിക്ക് അദ്ദേഹം രൂപം നല്‍കുകയും ചെയ്തു.

നിര്‍ബന്ധപൂര്‍വം സൈന്യത്തില്‍ പ്രവര്‍ത്തിക്കേണ്ടിവന്ന ഘട്ടത്തില്‍പ്പോലും തന്‍റെ യുദ്ധവിരുദ്ധ നിലപാടുകള്‍ അദ്ദേഹം വെട്ടിത്തുറന്നു പറഞ്ഞിരുന്നു. യുദ്ധമുഖത്തുവെച്ച് രണ്ടു തവണ അദ്ദേഹത്തിന് പരിക്കേല്‍ക്കുന്നുണ്ട്. എന്നാല്‍ ഇതിനെ അഭിമാനത്തിന്‍റെ വലിയൊരടയാളമാക്കിത്തീര്‍ക്കാനുള്ള മേലുദ്യോഗസ്ഥരുടെ നടപടികളെയും അദ്ദേഹം എതിര്‍ത്തു. യുദ്ധകാലത്ത് ഈ നിലപാടുകള്‍ ഥെയ്ല്‍മാനെ കോര്‍ട്ട് മാര്‍ഷലിലേയ്ക്കായിരുന്നു കൊണ്ടെത്തിച്ചത്. 1918 ല്‍ ലഭിച്ച അവധിക്കുശേഷം പിന്നീടദ്ദേഹം സൈന്യത്തിലേക്ക് മടങ്ങിപ്പോയതുമില്ല. അത്രയ്ക്ക് തീവ്രമായിരുന്നു ഥെയ്ല്‍മാന്‍റെ യുദ്ധവിരുദ്ധ നിലപാടുകള്‍.

മൂന്ന്
ഹാംബര്‍ഗിലെ തൊഴിലാളികള്‍ക്കിടയില്‍ ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു ഥെയ്ല്‍മാന്‍. ലാളിത്യത്തിന്‍റെയും തൊഴിലാളിവര്‍ഗ സാംസ്കാരികാവബോധത്തിന്‍റെയും പെരുമാറ്റരീതിയുടെയും സാക്ഷാത്കാരമായിരുന്നു അത്. തൊഴിലാളിവര്‍ഗ സംസ്കാരത്തിന്‍റെ ലാളിത്യത്തെയും പെരുമാറ്റത്തെയും ജീവിതത്തിലുടനീളം അദ്ദേഹം നിലനിര്‍ത്തുകയും ചെയ്തു. ഗതാഗതത്തൊഴിലാളികളുടെ യൂണിയനില്‍ 1904ല്‍ തന്നെ ഥെയ്ല്‍മാന്‍ അംഗമായി ചേര്‍ന്നു. താമസിയാതെ അതിന്‍റെ നേതൃസ്ഥാനത്തിലേക്കും ഉയര്‍ന്നു. 1918ല്‍ അരങ്ങേറിയ നവംബര്‍ വിപ്ലവത്തിലും അദ്ദേഹം പങ്കാളിയായി. ഇന്‍ഡിപെന്‍ഡന്‍റ് സോഷ്യല്‍ ഡെമോക്രാറ്റ്സിലെ ഇടതുവിഭാഗം വിട്ടുപോകുകയും ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ രൂപീകരണത്തില്‍ പങ്കാളിയാവുകയും ചെയ്തപ്പോള്‍ അതിനോടൊപ്പം ഏണസ്റ്റ് ഥെയ്ല്‍മാനും ഉണ്ടായിരുന്നു. ഹാംബര്‍ഗിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതാവും ഥെയ്ല്‍മാനായിരുന്നു.

1924 ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പോളിറ്റ് ബ്യൂറോയിലേക്കും ഥെയ്മാന്‍ തിരഞ്ഞെടുക്കപ്പെട്ടു.  പാര്‍ടിയുടെ നേതൃനിരയിലുണ്ടായിരുന്ന ഭൂരിപക്ഷം പേരും ബുദ്ധിജീവികളായിരുന്നു. പാര്‍ടിയുടെ ഈയൊരു ബുദ്ധിജീവി പരിവേഷത്തെ മറികടക്കുന്നതിനുവേണ്ടി തൊഴിലാളിവര്‍ഗത്തിന്‍റെ അസ്സല്‍ പ്രതിനിധിയായിരുന്ന ഥെയ്ല്‍മാനെയായിരുന്നു കേന്ദ്രകമ്മിറ്റി ബഹുജനങ്ങള്‍ക്കുമുന്നില്‍ ഉയര്‍ത്തിക്കാട്ടിയത്. ജര്‍മന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയായി 1925ല്‍ പാര്‍ടി മത്സരിപ്പിച്ചതും ഥെയ്ല്‍മാനെയായിരുന്നു. പാര്‍ടിയുടെ സൈനിക സംഘടനയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതും ഥെയ്ല്‍മാനായിരുന്നു. 1925 ആഗസ്ത് മാസത്തില്‍ ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചെയര്‍മാനായും ഥെയ്ല്‍മാന്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഥെയ്ല്‍മാന്‍റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി ജര്‍മനിയിലെ മൂന്നാമത്തെ പ്രധാന രാഷ്ട്രീയ പാര്‍ടിയായി വളര്‍ന്നു. 1926 ല്‍ ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ ഒരു ഹിതപരിശോധന സംഘടിപ്പിക്കപ്പെട്ടു. ജര്‍മന്‍ സമ്പന്നരില്‍നിന്നും പൊതു ആവശ്യങ്ങള്‍ക്കായി ഭൂമി പിടിച്ചെടുക്കുന്നതിനുവേണ്ടിയുള്ള ഹിതപരിശോധനയായിരുന്നു അത്. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടിയും ട്രേഡ് യൂണിയനുകളും ഈ ഹിതപരിശോധനയില്‍ കമ്യൂണിസ്റ്റ് പാര്‍ടിയോടൊപ്പം അണിചേര്‍ന്നു. എന്തായാലും ഹിതപരിശോധന പരാജയപ്പെടുകയാണുണ്ടായത്. എന്നാല്‍ തൊഴിലാളിവര്‍ഗത്തെ ഒരു പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി അണിചേര്‍ക്കുന്നതില്‍ ഈ ഹിതപരിശോധന വലിയ പങ്കായിരുന്നു നിര്‍വഹിച്ചത്.

1929 – 30 കളിലെ ലോക സാമ്പത്തിക പ്രതിസന്ധി ജര്‍മനിയെയും വരിഞ്ഞുമുറുക്കി. തീവ്ര ദേശീയവാദത്തിലൂന്നിയ നാസി പ്രസ്ഥാനം തീവ്രതയാര്‍ജിക്കുന്ന കാഴ്ചകള്‍ക്കായിരുന്നു ജര്‍മനി പിന്നീട് സാക്ഷ്യം വഹിച്ചത്. 1932 മാര്‍ച്ച് മാസത്തില്‍ നടന്ന ജര്‍മന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പാര്‍ടി നിശ്ചയിച്ചത് ഏണസ്റ്റ് ഥെയ്ല്‍മാനെ തന്നെയായിരുന്നു. എതിര്‍ സ്ഥാനാര്‍ഥി അഡോള്‍ഫ് ഹിറ്റ്ലറായിരുന്നു. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടിക്കും പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഉണ്ടായിരുന്നു. ഹിറ്റ്ലറുടെ എതിരാളിയായി ഏണസ്റ്റ് ഥെയ്ല്‍മാന്‍ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമായി നിലകൊണ്ടു. എന്നാല്‍ ആ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടി പരാജയപ്പെടുകയും അഡോള്‍ഫ് ഹിറ്റ്ലറെന്ന നാസി നേതാവ് ജര്‍മനിയുടെ അധികാര കേന്ദ്രത്തിലേക്ക് എത്തപ്പെടുകയും ചെയ്തു. അധികാരത്തിലേറിയതിനെത്തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ടി നിരോധിക്കപ്പെട്ടു.

1933 ഫെബ്രുവരി 27ന് ജര്‍മന്‍ പാര്‍ലമെന്‍റ് മന്ദിരമായ റീഷ്താഗിന് ഹിറ്റ്ലറുടെ രഹസ്യപ്പോലീസായ ഗസ്റ്റപ്പോ തീയിട്ടു. എന്നാല്‍ കമ്യൂണിസ്റ്റുകാരാണ് പാര്‍ലമെന്‍റ് മന്ദിരത്തിന് തീയിട്ടതെന്നായിരുന്നു ഹിറ്റ്ലര്‍ പ്രചരിപ്പിച്ചത്. യഥാര്‍ഥത്തില്‍ ജര്‍മനിയിലെ കമ്യൂണിസ്റ്റുകളെ ഉന്മൂലനം ചെയ്യുന്നതിനുള്ള ഒരു ഗൂഢപദ്ധതിയുടെ ഭാഗമായിരുന്നു റീഷ്താഗിന് തീയിടല്‍. പിന്നീടങ്ങോട്ട് കമ്യൂണിസ്റ്റ് വേട്ടയുടെ നാളുകളായിരുന്നു. 1933 മാര്‍ച്ച് 3ന് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചെയര്‍മാനും ഹിറ്റ്ലറുടെ ഏറ്റവും വലിയ എതിരാളിയുമായിരുന്ന ഏണസ്റ്റ് ഥെയ്ല്‍മാനെ ഹിറ്റ്ലറുടെ പൊലീസ് അറസ്റ്റുചെയ്തു.

1933 അവസാനത്തോടെ ഒരു ലക്ഷത്തോളം കമ്യൂണിസ്റ്റുകാരെ നാസികള്‍ തടങ്കലിലാക്കി. 1945 വരെ ലക്ഷക്കണക്കിന് കമ്യൂണിസ്റ്റുകാരാണ് ജയിലറകള്‍ക്കുള്ളിലും കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലുമായി നരകയാതന അനുഭവിച്ചുകൊണ്ടിരുന്നത്. പതിനായിരക്കണക്കിന് കമ്യൂണിസ്റ്റുകാര്‍ വധിക്കപ്പെട്ടു. 1933 ല്‍ അറസ്റ്റു ചെയ്യപ്പെട്ടതിനുശേഷം ഏണസ്റ്റ് ഥെയ്ല്‍മാനും പിന്നീട് പുറംലോകം കണ്ടിട്ടില്ല. ഏകാന്തതടവായിരുന്നു അദ്ദേഹത്തിന് വിധിച്ചത്. രണ്ടാം ലോകയുദ്ധകാലത്ത് ജയിലില്‍നിന്നും ഥെയ്ല്‍മാനെ ബുച്ചന്‍വാള്‍ഡ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി. ആ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ വെച്ച്, 1944 ആഗസ്ത് 18-ാം തീയതി ഹിറ്റ്ലറുടെ നേരിട്ടുള്ള ഉത്തരവിന്‍പ്രകാരം ഏണസ്റ്റ് ഥെയ്ല്‍മാന്‍ എന്ന കമ്യൂണിസ്റ്റ് പോരാളിയെ 11 വര്‍ഷത്തെ കൊടുംക്രൂരമായ ഏകാന്തതടവിനുശേഷം വെടിവെച്ച് കൊല്ലുകയായിരുന്നു.

നാസിസത്തിന്‍റെ കാലത്ത് അതിനെതിരെ പൊരുതിനിന്ന പതിനായിരക്കണക്കിന് കമ്യൂണിസ്റ്റ് രക്തസാക്ഷികളുടെ ചോര മണക്കുന്ന ഓര്‍മകള്‍ പുതിയ കാലഘട്ടത്തിലെ പോരാട്ടങ്ങള്‍ക്ക് പുതിയ ഊര്‍ജവും പാഠങ്ങളും സമ്മാനിച്ചുകൊണ്ട് ചരിത്രത്തിലൂടെ ഇപ്പോഴും ജീവിക്കുകയാണ്. ആ ചരിത്ര ജീവിതത്തില്‍ ഏണസ്റ്റ് ഥെയ്ല്‍മാന്‍റെ വാക്കും പ്രവൃത്തിയും ഫാസിസത്തിനും നാസിസത്തിനും എതിരായ തീക്കനലായി വീണ്ടും വീണ്ടും ജ്വലിച്ചുകൊണ്ടിരിക്കും. ആ തീജ്വാലയുടെ പേര് വിപ്ലവമെന്നാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

13 − one =

Most Popular