Thursday, November 21, 2024

ad

Homeകായികരംഗംകായിക മേഖലയിലെ അന്ധവിശ്വാസപ്രചരണത്തിന് പിന്നിലാര്?

കായിക മേഖലയിലെ അന്ധവിശ്വാസപ്രചരണത്തിന് പിന്നിലാര്?

ഡോ. അജീഷ് പി ടി

ജാതി, മത, വര്‍ഗ, വര്‍ണ വ്യത്യാസങ്ങള്‍ക്കതീതമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയാകുന്നതും കായിക പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് ഏറ്റവും മികച്ച രീതിയിലുള്ള അവസര സമത്വം ഒരുക്കുന്നതുമായ മേഖലയാണ് കായികവേദികള്‍. കായിക പരിശീലനം ആരംഭിക്കുമ്പോള്‍ത്തന്നെ ശാരീരിക ശേഷി മെച്ചപ്പെടുത്തുന്നതോടൊപ്പം ബുദ്ധിവികാസത്തിനും വ്യക്തിത്വ രൂപീകരണത്തിനും ഗുണപരമാകുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. സ്ഥിരോത്സാഹം, ഒത്തൊരുമ, നേതൃപാടവം, നിയമങ്ങള്‍ അനുസരിക്കല്‍, ജയപരാജയങ്ങളെ ഉള്‍ക്കൊള്ളല്‍, മാനസികമായ സന്തുലിതാവസ്ഥ നിലനിര്‍ത്തല്‍  എന്നിവ സ്ഥിരമായ കായിക പരിശീലനപരിപാടിയിലൂടെ കൈവരിക്കുവാന്‍ സാധിക്കുന്നു. ഇന്ത്യയില്‍ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ ഭാഗമായാണ് കായിക വിദ്യാഭ്യാസവും ആരംഭിച്ചത്. അക്കാലത്ത് സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പട്ടാളക്കാരുടെ കായികക്ഷമതയും കായികശേഷിയും വര്‍ദ്ധിപ്പിക്കുന്നതിനായിരുന്നു  പ്രധാന പരിഗണന. കാലക്രമേണ മത്സരാത്മക രീതിയിലേക്ക് മാറ്റം സംഭവിച്ച്  നിരവധി പുതിയ കായിക ഇനങ്ങള്‍ ആവിര്‍ഭവിച്ചു. ഇതിന്‍റെ  അടിസ്ഥാനത്തില്‍ ധാരാളം  കായിക അസോസിയേഷനുകളും കായിക സംഘടനകളും മത്സരങ്ങളും ടൂര്‍ണമെന്‍റുകളും രൂപപ്പെട്ടു.

കായിക മേഖലയിലേക്ക് കടന്നുവരുന്ന കുട്ടികളുടെ പ്രായം, ശാരീരികവും മാനസികവുമായ വളര്‍ച്ച, പൊതുവായ ആരോഗ്യനില എന്നിവ കണക്കിലെടുത്തുകൊണ്ടാണ് ഇവര്‍ക്കായി പ്രത്യേക പരിശീലന പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. പ്രീപ്രൈമറി തലത്തിലുള്ള കുട്ടികള്‍ക്ക് നല്‍കുന്ന കായിക പരിശീലനത്തിലൂടെ അവരുടെ പഞ്ചേന്ദ്രിയങ്ങളുടെ ശരിയായ വികസനത്തിനുതകുന്നതും  ശാരീരിക ചാലക വികാസത്തെ ഏകോപിപ്പിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.കുട്ടികളുടെ അടിസ്ഥാന കായിക ശേഷികളെ മനസ്സിലാക്കിക്കൊണ്ടാണ് പ്രത്യേക കായികയിനങ്ങളിലേക്ക് അവരെ പിന്നീട് തിരിച്ചു വിടുന്നത്. വ്യത്യസ്ത തരത്തിലുള്ള സൂചകങ്ങള്‍ക്ക് അനുസൃതമായ പരിശോധനകള്‍ക്കും നിരന്തരമായ വിലയിരുത്തലുകള്‍ക്കും ശേഷമാണ് സ്പെഷ്യലൈസ്ഡ് കായിക ഇനങ്ങളിലുള്ള പരിശീലനത്തിലേക്ക് ഈ കുട്ടികളെ എത്തിക്കുന്നത്.  കൃത്യവും ശാസ്ത്രീയവുമായ പരീക്ഷണ, നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ നടക്കുന്ന ടാലന്‍റ് ഐഡന്‍റിഫിക്കേഷന്‍റെ ഭാഗമായി  വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന കുട്ടികളുടെ ശാരീരികശേഷികള്‍ക്കനുസൃതമായ രീതിയില്‍  തെരഞ്ഞെടുക്കുന്ന രീതിശാസ്ത്രവും നടന്നുവരുന്നുണ്ട്.

പൊതു വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈവന്നിട്ടുള്ള മഹത്തരമായ നേട്ടങ്ങള്‍ നിലനില്‍ക്കെത്തന്നെ നമ്മുടെ രാജ്യത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വളരെയധികം വര്‍ധിച്ചു വരുന്നു എന്നുള്ളത് ഏറെ ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ശാസ്ത്രീയ അവബോധം വളര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന ഭരണഘടന രാജ്യത്ത് നിലവിലുള്ളപ്പോഴാണ് ഇത്തരത്തിലുള്ള ബോധപൂര്‍വമായ രീതികള്‍ കൂടുതലായി ജനങ്ങള്‍ക്കിടയില്‍ വ്യാപിക്കുന്നത് എന്നത് നാം ഗൗരവപൂര്‍വം ആലോചിക്കേണ്ട വിഷയമാണ്.രാജ്യത്ത് പലപ്പോഴും നടത്തിവരാറുള്ള നിയമനിര്‍മ്മാണ സംവിധാനങ്ങളൊക്കെ കേവലം പൊതുജനശ്രദ്ധ ആകര്‍ഷിക്കുവാന്‍ വേണ്ടി മാത്രമായി ചുരുങ്ങുന്ന നിലയിലേക്ക് അധപതിച്ചിരിക്കുന്നു എന്നത്  വാസ്തവമാണ്. ജനങ്ങള്‍ ഇത്തരം നിയമ സംവിധാനങ്ങളെ  പലപ്പോഴും ലാഘവത്തോടെയാണ് കാണുന്നത്  എന്നുള്ളതാണ് പൊതുനിരീക്ഷണം. ആധുനികശാസ്ത്രത്തിന്‍റെ ഗതിവിഗതികളില്‍ നിന്നു തികച്ചും വ്യത്യസ്തമായ യുക്തിസഹമല്ലാത്ത വിശ്വാസങ്ങളും ആചാരങ്ങളും ആണ് പലപ്പോഴും അന്ധവിശ്വാസമെന്ന പേരില്‍ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നമ്മുടെ നാട്ടിലെ ഏറ്റവും പ്രശസ്തരായ ബഹിരാകാശ ശാസ്ത്രജ്ഞര്‍പോലും  ഉപഗ്രഹം വിക്ഷേപിക്കുന്നത്തിനുമുമ്പായി വിവിധതരത്തിലുള്ള പൂജാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നത് ആശ്ചര്യപൂര്‍വം വീക്ഷിച്ചവരാണ് നാം.

ജനാധിപത്യത്തിന്‍റെയും മതനിരപേക്ഷതയുടെയും സമത്വത്തിന്‍റെയും  സഹിഷ്ണുതയുടെയും വിളനിലമായ  മൈതാനങ്ങള്‍ പോലും ഇപ്പോള്‍ അന്ധവിശ്വാസങ്ങളുടെ കരവലയത്തിലാണെന്ന് പറയേണ്ടി വരുന്നു.ഇന്ത്യയുടെ ദേശീയ ഫുട്ബോള്‍ ടീമിന്‍റെ ഭാഗമായി ഒരു ജോത്സ്യനെ നിയമിച്ചു എന്ന വാര്‍ത്ത രാജ്യത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വളരെയധികം വ്യാപിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. സുപ്രീം കോടതി നിയമിച്ച മൂന്നംഗ ഭരണസമിതിയുടെ അന്വേഷണത്തിലാണ് ഇത്തരമൊരു ഒരു പുതിയ തസ്തിക നിയമനത്തിന്‍റെ ഇടപെടലുകള്‍ പുറത്തു വരുവാന്‍ കാരണമായത്. ആസ്ട്രോളജി എന്ന ആധുനിക കമ്പോള ചരക്കിനെ  വ്യവസായ, വാണിജ്യ സ്വഭാവത്തോടുകൂടി കണ്ടുവരുന്ന ഒരു ജോതിഷ ഏജന്‍സിയുമായി 16 ലക്ഷത്തിലധികം രൂപയുടെ കരാറില്‍ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ കരാര്‍ ഒപ്പുവച്ചതായാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടിലുള്ളത്.തുടക്കത്തില്‍ ഒരു ട്രയല്‍ എന്ന രീതിയില്‍  മൂന്നു മാസത്തേക്കാണ് ഈ തുക പ്രകാരം ആദ്യഘട്ട കരാര്‍ നല്‍കിയിട്ടുള്ളത്. ടീമിന്‍റെ പ്രകടനം മെച്ചപ്പെടുകയാണെങ്കില്‍ തുടര്‍ന്ന് രണ്ടു വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത് . ഇന്ത്യന്‍ ഫുട്ബോള്‍ ടീം അംഗങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ വേണ്ടിയാണ് ഇവരെ നിയമിച്ചതെന്നാണ് ടീം അധികൃതരുടെ പൊതുവായ വിശദീകരണം. ടീമിന്‍റെ പരിശീലനത്തിനും മത്സരങ്ങള്‍ക്കും ഇടയില്‍ പലതവണ ജ്യോതിഷ വിദ്വാന്മാര്‍ ടീം അംഗങ്ങളോടൊപ്പം കൂടിക്കാഴ്ചയും നടത്തിയിട്ടുണ്ട്.

ഒരു ദേശീയ ടീമിനൊപ്പം സാധാരണയായി പ്രധാന പരിശീലകന്‍, സഹ പരിശീലകന്‍, ട്രെയിനര്‍,മെഡിക്കല്‍ ഡോക്ടര്‍,ന്യൂട്രീഷ്യനിസ്റ്റ് ,കായിക മനഃശാസ്ത്രജ്ഞന്‍,ഫിസിയോ തെറാപ്പിസ്റ്റ് തുടങ്ങിയവരാണ് പൊതുവില്‍ ഉണ്ടാകാറുള്ളത്.പല രാജ്യങ്ങളും അവരുടെ ടീമിന്‍റെ ശക്തി ദൗര്‍ബല്യങ്ങള്‍ക്ക് അനുസൃതമായി ടീം ഒഫീഷ്യല്‍സിന്‍റെ എണ്ണത്തിലും ഘടനയിലും  മാറ്റങ്ങള്‍ വരുത്താറുണ്ട്. പ്രതിഭാ പരിപോഷണ പരിപാടിയുടെ അടിസ്ഥാനത്തില്‍ കണ്ടെത്തുന്ന കുട്ടികള്‍ക്ക്  ശാസ്ത്രീയമായ രീതിയില്‍ തന്നെ പരിശീലന പരിപാടികള്‍ നല്‍കുകയും ചിട്ടയായ പരിശീലനത്തിലൂടെ അടിസ്ഥാന കായിക ശേഷികള്‍ ആര്‍ജ്ജിക്കുകയും തുടര്‍ന്ന് വിവിധ കായിക ഇനങ്ങളിലുള്ള പ്രത്യേക പരിശീലന പരിപാടിയും നല്‍കിവരുന്ന പൊതു സ്ഥിതിയാണ് ലോകവ്യാപകമായി പിന്തുടരുന്നത്. ഒരു താരത്തിന്‍റെ  കായിക മികവിന്‍റെ  അടിസ്ഥാനത്തില്‍ മാത്രമാണ്  മുന്നോട്ടു പോകാന്‍ വേണ്ടിയുള്ള അവസരം ലഭിക്കുന്നത്.അതില്‍ യാതൊരുവിധ  ഇടപെടലുകളോ താത്പര്യങ്ങളോ  ഉണ്ടായിരിക്കില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.ഒളിമ്പിക്സ് ഉള്‍പ്പെടെയുള്ള ഉള്ള നിരവധി രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ ദീര്‍ഘനാളത്തെ ശാസ്ത്രീയ കായിക പരിശീലനത്തിന്‍റേയും പ്രയത്നത്തിന്‍റെയും അടിസ്ഥാനത്തിലാണ് ഉയര്‍ന്നു വരുന്നത്.

ടീമംഗങ്ങളുടെ ആത്മവിശ്വാസവും ധൈര്യവും മത്സര സമയത്തെ  ഭയാശങ്കകളും മാറ്റുന്നതിനുവേണ്ടി കായിക മനഃശാസ്ത്രജ്ഞനെയാണ് സാധാരണയായി  നിയമിക്കാറുള്ളത്.കായിക മനഃശാസ്ത്ര മേഖലയില്‍  അനുഭവസമ്പത്തും  വിദ്യാഭ്യാസ യോഗ്യതകളും പ്രായോഗിക പരിജ്ഞാനവും ഉള്ള വ്യക്തിയെയായിരിക്കും പരിഗണിക്കുന്നത് .ഓരോ താരത്തിനും മാനസിക പിന്തുണ ഉറപ്പാക്കുവാനും വ്യക്തിഗതമായ പ്രശ്നപരിഹാരത്തിനും  കായിക മനഃശാസ്ത്രജ്ഞന് കഴിയാറുണ്ട് .കായിക മത്സത്തില്‍ ശാരീരികവും മാനസികവും സാമൂഹികവും വൈകാരികവുമായ  പരിപൂര്‍ണതയില്‍ നില്‍ക്കുന്ന വ്യക്തിക്കു മാത്രമേ ഏറ്റവും നല്ല രീതിയില്‍ പ്രകടനം കാഴ്ചവയ്ക്കാന്‍  സാധിക്കൂ.അതിനാല്‍ത്തന്നെ മാനസിക പിന്തുണ ഒരുക്കുന്നതിന് കായിക മനഃശാസ്ത്രജ്ഞന്‍റെ  സേവനം അനിവാര്യവുമാണ്. ലോകവ്യാപകമായി  ഈ സ്ഥിതി നിലവിലിരിക്കെ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്‍റെ ഭാഗമായി ടീമംഗങ്ങളെ പ്രചോദിപ്പിക്കാന്‍ ജോത്സ്യനെ നിയമിച്ചത് എന്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് പറയുവാന്‍ ആരും ഇതുവരെയും തയ്യാറായിട്ടില്ല. ലോക ഫുട്ബോള്‍ റാങ്കിങ്ങില്‍ നൂറ്റിനാലാം സ്ഥാനത്താണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്‍റെ നിലവിലുള്ള സ്ഥാനം. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് എ.എഫ്.സി ഏഷ്യ കപ്പ് യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ജേതാക്കളായ ഇന്ത്യ  2023-ല്‍ നടക്കുന്ന എ.എഫ് സി കപ്പിന് യോഗ്യത നേടി എന്നുള്ളത് ഫുട്ബോള്‍ ആരാധകരെ സംബന്ധിച്ചിടത്തോളം സന്തോഷം പകരുന്ന കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന അശാസ്ത്രീയമായ സമീപനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് ഇന്ത്യന്‍ ഫുട്ബോളിന്‍റെ ചരിത്രത്തിനും പാരമ്പര്യത്തിനും കളങ്കം വരുത്തുവാന്‍ ഇടയാക്കും.

കഴിഞ്ഞ കുറേ നാളുകളായി ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നത് 1998 ഫിഫ ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടിയ ക്രൊയേഷ്യന്‍ ടീമിലെ അംഗമായ ഇഗോര്‍ സ്റ്റിമാച്ചാണ്. ഏഷ്യയിലെ പ്രധാനപ്പെട്ട ഫുട്ബോള്‍ ടീമുകളായ ഇറാന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍  ഇന്ത്യ 10 വര്‍ഷത്തിലധികം പിന്നിലാണെന്നാണ് പരിശീലകന്‍റെ വാദം. മത്സര പരിചയത്തിന്‍റെയും  കായിക ശേഷിയുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് പ്രധാനപ്പെട്ട മത്സരങ്ങളെല്ലാം  ജയിക്കുന്നത്. കായിക പരിശീലന രംഗത്ത് ലോക വ്യാപകമായി മാറിക്കൊണ്ടിരിക്കുന്ന ഏറ്റവും നൂതനമായ പരിശീലന രീതികള്‍  ആവിഷ്കരിക്കുകയും  വിദേശപരിശീലനം ഉള്‍പ്പെടെയുള്ളവ നടപ്പാക്കിയാല്‍ മാത്രമേ ഇന്ത്യന്‍ ഫുട്ബോള്‍ ലോക നിലവാരത്തിലേക്ക് ഉയരുകയുള്ളു. ഇതിനിടയിലാണ് രാജ്യത്തിന്‍റെ കായിക പുരോഗതിക്ക് തുരങ്കം വയ്ക്കുവാന്‍ ലക്ഷ്യമിട്ടുകൊണ്ട് ഇത്തരം കപടരീതികളുമായി മുന്നോട്ടുപോകുന്നത്. കളിക്കാരുടെ കഴിവിലും പരിശീലകരുടെ അനുഭവസമ്പത്തിലും വിശ്വസിക്കാതെ ഇത്തരത്തിലുള്ള ജ്യോതിഷിമാരുടെ നിര്‍ദേശം  കേട്ടുകൊണ്ട് ടീമിനെ മുന്നോട്ടു നയിക്കുവാന്‍ നിലവിലുള്ള സപ്പോര്‍ട്ടിങ് സ്റ്റാഫിന് എത്രത്തോളം സാധിക്കുമെന്ന് കാത്തിരുന്നു കാണേണ്ടി വരും. ഇങ്ങനെ ഏകാധിപത്യരീതി സ്വീകരിച്ചതിലൂടെ ദേശീയ ഫുട്ബോള്‍ ടീമിന് ഉണ്ടായ ഈ ദൗര്‍ഭാഗ്യം രാജ്യത്തെ മറ്റു ദേശീയ ടീമുകളിലേക്ക് വ്യാപിക്കാതിരിക്കുവാന്‍ ജനാധിപത്യ കായിക സ്നേഹികള്‍ പ്രയത്നിക്കേണ്ടിവരും. കായിക മേഖലയിലെ, ശക്തരായ രാജ്യങ്ങളില്‍പോലും ആരും കാണാത്ത ഇത്തരം പുതിയ സംഗതികള്‍ നമ്മുടെ രാജ്യത്തെ കായിക വികസന മുരടിപ്പിന് വഴിവയ്ക്കുവാനും കാരണമാകും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eight + one =

Most Popular