Wednesday, October 4, 2023

ad

Homeമുഖപ്രസംഗംസത്യമെന്തെന്ന് ജനങ്ങൾ അറിയുന്നു

സത്യമെന്തെന്ന് ജനങ്ങൾ അറിയുന്നു

കേരള നിയമസഭയുടെ വർഷകാല സമ്മേളനം ആഗസ്ത് 7–24 തീയതികളിൽ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ഉമ്മൻചാണ്ടി അന്തരിച്ചതുമൂലം ഉണ്ടായ പുതുപ്പള്ളി മണ്ഡലത്തിലെ ഒഴിവു നികത്താൻ തിരഞ്ഞെടുപ്പു കമ്മിഷൻ സെപ്തംബർ 5നു വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചതോടെ സമ്മേളനം തുടർന്ന് സെപ്തംബറിൽ ചേരാനായി മാറ്റിവെച്ചു. പ്രധാനമായി നിയമനിർമാണങ്ങൾ നടത്താനാണ് ഈ സമ്മേളനംകൊണ്ട് ഉദ്ദേശിക്കപ്പെട്ടിരുന്നത്. അതനുസരിച്ചുള്ള സമ്മേളനമാണ് കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച് ഇതിനകം അവസാനിച്ചത്.

പാർലമെന്റ് സമ്മേളനം സെപ്തംബർ 18നു ചേരാൻ മോദി സർക്കാർ പെട്ടെന്നു പ്രഖ്യാപിച്ചു. എന്തെല്ലാമോ നിയമനിർമാണങ്ങൾക്കാണ് അത് വിളിച്ചുചേർക്കുന്നത് എന്ന് മോദിയുടെ വാക്കുകളിൽനിന്നും മാധ്യമ റിപ്പോർട്ടുകളിൽനിന്നും വ്യക്തമാണ്. അതോടെ സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷത്തിനും ചൂടുപിടിച്ചിട്ടുണ്ട്.

ഇതിന്റെയൊക്കെ പ്രേരണയാലാകണം കേരളത്തിലെ പ്രധാന മാധ്യമങ്ങൾ എൽഡിഎഫ് സർക്കാരിനും മുന്നണിക്കും എതിരായ ആക്രമണം കഴിഞ്ഞ ദിവസങ്ങളിൽ പതിവിലും രൂക്ഷമാക്കിയിട്ടുണ്ട്. ലാവ്ലിൻ മുതൽക്കുള്ള വിഷയങ്ങൾ ഉൾപ്പെടെ എൽഡിഎ–ഫിനും സിപിഐ എമ്മിനും എതിരായി ഉന്നയിക്കുന്നത് ഈ ദിവസങ്ങളിൽ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ലാവ്ലിൻ വിഷയത്തിൽ സിബിഐ കോടതിയും കേരള ഹെെക്കോടതിയും കേസുകൾ തളളിയതോടെ സിബിഐ സുപ്രീംകോടതിയിൽ ബാഹ്യപ്രേരണ അനുസരിച്ച് അപ്പീൽ നൽകിയിരുന്നു. ചൊവ്വാഴ്ച 35–ാം തവണയും സിബിഐയുടെ അഭിഭാഷകൻ അപേക്ഷിച്ചത് അനുസരിച്ച് കേസ് കേൾക്കുന്നത് നീട്ടിവെച്ചിരിക്കുകയാണ്. ഒരു പത്രത്തിലെ ഒന്നാം പേജിലെ തലക്കെട്ടു കണ്ടാൽ തോന്നുക അടുത്ത തവണ കേസ് വിചാരണയ്ക്ക് എടുക്കുമ്പോൾ എന്തോ സംഭവിക്കാൻ പോകുന്നു എന്നാണ്. ആ പ്രതീതിയാണ് ഒന്നാം പേജിലെ വെണ്ടയ്ക്കാ തലക്കെട്ടിലൂടെ പത്രം വായനക്കാരിൽ പരോക്ഷമായി സൃഷ്ടിക്കാൻ ശ്രമിച്ചത്. കേസ് വീണ്ടും പരിഗണിക്കാൻ സിബിഐ കോടതിയോട്, സുപ്രീംകോടതി ആവശ്യപ്പെട്ടാൽ അതായിരിക്കും സിബിഐക്ക് അനുകൂലമായി ഉണ്ടാകാവുന്ന വിധി. അത്ര ഉറപ്പുള്ള കേസാണെങ്കിൽ സിബിഐ അഭിഭാഷകൻ കേസ് കേൾക്കുന്നത് മാറ്റിവെക്കാൻ തുടരെത്തുടരെ ആവശ്യപ്പെടുന്നത് എന്തുകൊണ്ട് എന്നാണ് മാധ്യമ വാർത്ത വായിക്കുന്ന സാമാന്യബുദ്ധിയുള്ള ഏതൊരാളും ചിന്തിക്കുക.

മാധ്യമങ്ങൾ ഉന്നയിക്കുന്നതും യുഡിഎഫ് പ്രതിപക്ഷം കേരള നിയമസഭയിൽ അടിയന്തര പ്രമേയം വഴി ഉന്നയിച്ചതുമായ വിഷയമാണ് സോളാർ കേസ്. എൽഡിഎഫിനും സിപിഐ എമ്മിനും എതിരായ ആരോപണമായി ഉന്നയിക്കാൻ യുഡിഎഫ് ശ്രമിക്കുന്ന ഈ വിഷയം സംബന്ധിച്ച് കോൺഗ്രസിനുള്ളിലെ തന്നെ ചേരിതിരിഞ്ഞ ആരോപണ പ്രത്യാരോപണങ്ങളും ഏറ്റുമുട്ടലുമാണ്. ആ പ്രശ്നം സംബന്ധിച്ച സിബിഐ റിപ്പോർട്ട് കഴിഞ്ഞ ഡിസംബറിൽ ലഭിച്ചിട്ടും ഉമ്മൻ ചാണ്ടി അതിന്റെ അടിസ്ഥാനത്തിൽ പരസ്യമായ ഒരു പ്രതികരണവും നടത്തിയിരുന്നില്ല. ആദ്യം കെപിസിസി യോഗം ചേർന്നപ്പോൾ സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അനേ-്വഷിപ്പിക്കണം എന്ന ആവശ്യമാണ് ഉന്നയിക്കപ്പെട്ടത്. എന്നാൽ, യുഡിഎഫ് യോഗം ചേർന്നപ്പോൾ അനേ-്വഷണമല്ല, നടപടിയാണ് വേണ്ടത് എന്നായി തീരുമാനം. സിബിഐ ഈ കേസ് സംബന്ധിച്ച് സമർപ്പിച്ച റിപ്പോർട്ടിനെ ആധാരമാക്കി ഒരു നിയമനടപടിയും ആവശ്യമില്ല എന്നായിരുന്നു നിയമവിദഗ്ധർ സർക്കാരിനു നൽകിയ അഭിപ്രായം. അതിനാൽ ‘എഴുതിത്തന്നാൽ അനേ-്വഷിക്കാം’ എന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടി. സിബിഐയുടെ സോളാർ സംബന്ധിച്ച റിപ്പോർട്ടിനെച്ചൊല്ലി യുഡിഎഫിനകത്ത് പരസ്പര ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കെ അതിനെ വഴിതിരിച്ചുവിടാൻ കെപിസിസി നേതൃത്വം നടത്തിയ ശ്രമം പാളിപ്പോയി. ചക്കിനു വച്ചത് കൊക്കിനു കൊണ്ടു എന്ന സ്ഥിതിയിലാണ് ആ പ്രശ്നം കോൺഗ്രസിനെ സംബന്ധിച്ച് ഇപ്പോൾ.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരിച്ചുവിട്ട് സോളാർ പ്രശ്നത്തിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച വിവിധ കോൺഗ്രസ് നേതാക്കൾ പരസ്പരം ആക്രമിക്കുന്നതാണ് ജനങ്ങൾ ഇപ്പോൾ കാണുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സ്റ്റാ-ഫിൽ ഉണ്ടായിരുന്ന ജോപ്പന്റെ മേൽ കേസെടുത്തത് ഉമ്മൻചാണ്ടി അറിയാതെയായിരുന്നു എന്ന കെ സി ജോസഫിന്റെ വെളിപ്പെടുത്തൽ കോൺഗ്രസ്സിനകത്ത് വലിയ പ്രശ്നമുണ്ടാക്കി. അക്കാലത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു ആഭ്യന്തരമന്ത്രി. തിരുവഞ്ചൂർ ആദ്യം ഉമ്മൻചാണ്ടിയുടെ വലംകെെയോ ഇടംകെെയോ ആയിരുന്നു. ആഭ്യന്തരമന്ത്രി ആയപ്പോൾ ഉമ്മൻചാണ്ടിയെ പുറംതള്ളി മുഖ്യമന്ത്രി സ്ഥാനത്തെത്താൻ രമേശ് ചെന്നിത്തലയെപ്പോലെ തന്നെ ശ്രമിച്ച ആഭ്യന്തരമന്ത്രിയായിരുന്നു തിരുവഞ്ചൂർ. രമേശ് ചെന്നിത്തല ഉമ്മൻചാണ്ടിയുടെ എതിർഗ്രൂപ്പുകാരനായിരുന്നെങ്കിൽ, തിരുവഞ്ചൂർ സ്വന്തം ഗ്രൂപ്പുകാരൻ. ഗ്രൂപ്പ് ഏതായാലും അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടിയുള്ള മത്സരം ഗ്രൂപ്പിനും അതീതമാണ് എന്നത്രെ ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു പുറംതള്ളാൻ കരുക്കൾ നീക്കിയതിലൂടെ രമേശ് ചെന്നിത്തലയും തിരുവഞ്ചൂരും തെളിയിച്ചത്. സ്ഥാനമാനങ്ങൾക്കും അധികാരത്തിനും വേണ്ടിയുള്ള വടംവലിയുടെ ചരിത്രമാണ് കോൺഗ്രസിന്റെ ചരിത്രം എന്ന് ഒന്നുകൂടി വെളിപ്പെട്ടു, ഈ നിയമസഭാ സമ്മേളന കാലയളവിൽ ഈ പഴയകഥകൾ മാധ്യമങ്ങളിൽ അലക്കിയപ്പോൾ. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്. താനെ ഉണ്ടായതല്ല. കേന്ദ്ര ബിജെപി സർക്കാരിന്റെ നയങ്ങളും നടപടികളുമാണ് അതിനു പ്രധാന കാരണം. കോവിഡ് കാലത്തെ പ്രശ്നങ്ങളും മറ്റും അത് രൂക്ഷമാക്കിയിട്ടുണ്ട്. ഒരു പ്രധാന കാരണം മൂന്നുനാലു പതിറ്റാണ്ടുമുമ്പ് ലോകത്താകെ അരങ്ങേറിയ നവഉദാരവൽക്കരണനയമാണ്. ഇത് സാരാംശത്തിൽ ഒരുപിടി കുത്തകകളുടെ കയ്യിലേക്ക് ഓരോ രാജ്യത്തെയും ലോകത്താകെയും ജനങ്ങൾ അധ്വാനിച്ചുണ്ടാക്കുന്ന സമ്പത്ത് കേന്ദ്രീകരിക്കാൻ സഹായിക്കുന്ന ഒന്നാണ്. തൽഫലമായി അമേരിക്ക ഉൾപ്പെടെയുള്ള സാമ്രാജ്യത്വരാജ്യങ്ങളിലെ സർക്കാരുകൾപോലും കടക്കെണിയിലാണ്. സമ്പത്താകെ ഒരുപിടി ആഗോള കുത്തകകൾ കയ്യടക്കിയിരിക്കുന്നു. ആ നയമാണ് നരേന്ദ്രമോദി നയിക്കുന്ന ബിജെപി സർക്കാർ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതിന്റെ ചട്ടക്കൂട്ടിനുള്ളിൽ മാത്രമേ ഓരോ സംസ്ഥാന സർക്കാരിനും പ്രവർത്തിക്കാൻ കഴിയു. കേരളത്തിലെ എൽഡിഎഫ് സർക്കാർ ഈ പ്രതികൂല സാഹചര്യത്തിലും ജനക്ഷേമകരമായ പല നയങ്ങളും പരിപാടികളും നടപ്പാക്കുന്നത് മോദിക്കും മറ്റു നവഉദാരവൽക്കരണ ശക്തികൾക്കും സഹിക്കുന്നില്ല.

അവ കേരള സർക്കാരിനുമുന്നിൽ പല വിലങ്ങുതടികളും സൃഷ്ടിക്കുന്നു. അത് കേരളത്തിലെ പാവപ്പെട്ടവരെയും സാധാരണക്കാരെയുമാണ് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്. അവരുടെ രക്ഷയ്ക്കായി എൽഡിഎഫ് സർക്കാരിനൊപ്പം നിന്നുകൊണ്ട് കേന്ദ്ര സർക്കാരിന്റെ കേരള വിരുദ്ധ നയങ്ങളെയും നടപടികളെയും എതിർക്കാനല്ല യുഡിഎഫ് നേതൃത്വം മുതിരുന്നത്. പിന്നെയോ, കേന്ദ്ര സർക്കാരിനൊപ്പം ചേർന്ന് എൽഡിഎഫ് സർക്കാരിനെ കുരിശ്ശിലേറ്റാനാണ്. യഥാർഥത്തിൽ കേരളത്തിലെ ജനങ്ങളാണ് അതുമൂലം കഷ്ടപ്പെടുന്നത്. ഈ വസ്തുത തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ പ്രതിപക്ഷ നേതാവോ മറ്റു യുഡിഎഫ് നേതാക്കളോ ശ്രമിക്കുന്നില്ല. അവർക്ക് അത് മനസ്സിലാകാഞ്ഞിട്ടല്ല, എൽഡിഎഫ് സർക്കാരിനോടുള്ള അന്ധമായ എതിർപ്പുമൂലമാണ്. ഈ എതിർപ്പിനെ കള്ള വാർത്തകളിലൂടെയും വികല വീക്ഷണത്തിലൂടെയും രൂക്ഷമാക്കാനാണ് കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങൾ–കുത്തക മാധ്യമങ്ങൾ–ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കള്ളപ്രചരണം നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ജനങ്ങൾ സത്യം തിരിച്ചറിയുന്നുണ്ട്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 3 =

Most Popular