Saturday, July 27, 2024

ad

Homeകവര്‍സ്റ്റോറിതിരഞ്ഞെടുപ്പ് ഏകീകരണത്തിന്റെ സാമ്പത്തികമാനങ്ങൾ

തിരഞ്ഞെടുപ്പ് ഏകീകരണത്തിന്റെ സാമ്പത്തികമാനങ്ങൾ

ഡോ. ടി എം തോമസ് ഐസക്

രു രാജ്യം ഒരു തിരഞ്ഞെടുപ്പ്” എന്നതു നടപ്പാക്കുകയാണെങ്കിൽ സർക്കാർ ദുർവ്യയം ഒഴിവാക്കപ്പെടുന്നതാണു വലിയ നേട്ടമായി കേന്ദ്രമന്ത്രിമാർ തന്നെ വിശദീകരിക്കുന്നത്. പെട്ടെന്നു കാറ്റുപിടിക്കാവുന്ന ഒരു വിശദീകരണമാണിത്.

1951-–52-ലെ ആദ്യ ലോക്-സഭാ തിരഞ്ഞെടുപ്പിനു 10 കോടി രൂപയേ ചെലവ് വന്നുള്ളൂ. 1971-ലെ അഞ്ചാമത് ലോക്-സഭാ തിരഞ്ഞെടുപ്പുവരെ സർക്കാരിന്റെ തിരഞ്ഞെടുപ്പ് ചെലവ് ഏതാണ്ട് ഇതേ തോതിൽ തുടർന്നു. പിന്നെ അനുക്രമമായ വളർച്ചയാണ് കാണാൻ കഴിയുന്നത്. 1989-ലെ 9-–ാം ലോക്-സഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി 100 കോടി കടന്നത്. 2004-ലെ 14-–ാം ലോക്-സഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി 1000 കോടി കടന്നു. 2014-ലെ 16-–ാമത് ലോക്-സഭാ തിരഞ്ഞെടുപ്പിലാണ് ഈ തുകയിൽ റെക്കോർഡ് കുതിച്ചുചാട്ടമുണ്ടായത്. സർക്കാർ ചെലവ് 3870 കോടി രൂപയായി. 2019-ൽ 8,966 കോടി രൂപയാണ് കേന്ദ്ര സർക്കാരിനു ചെലവായത്. ഈ വസ്തുതകൾ ചിത്രം 1-ൽ നിന്നു വ്യക്തമാകും.

ചിത്രം 1
1952 മുതൽ 2014 വരെയുള്ള ലോക്-സഭാ തിരഞ്ഞെടുപ്പുകളിൽ 
കേന്ദ്ര സർക്കാരിന് ചെലവായ തുക

സ്രോതസ്: https://factly.in/understanding-election-expenditure/

തിരഞ്ഞെടുപ്പ് ചെലവിനങ്ങൾ
മേൽപ്പറഞ്ഞ കണക്കുകളെല്ലാം ലോക്-സഭാ തിരഞ്ഞെടുപ്പു നടത്തുന്നതിനു കേന്ദ്ര സർക്കാരിനു വന്ന ചെലവുകളാണ്. സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ചെലവ് സംസ്ഥാന സർക്കാരുകളാണു വഹിക്കുന്നത്. അത് എത്രയെന്നു കൃത്യമായ കണക്കുകൾ ഇല്ല. പാർലമെന്റിലേക്കും നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കിയാൽ ചെലവിൽ ഗണ്യമായ കുറവുണ്ടാക്കാൻ കഴിയുമെന്നാണു വാദം. ഇവരുടെ അടിസ്ഥാന അനുമാനം നിയമസഭാ തിരഞ്ഞെടുപ്പിന് ലോകസഭാ തിരഞ്ഞെടുപ്പിനു തുല്യമായ തുക സംസ്ഥാന സർക്കാരുകൾ ചെലവഴിക്കുന്നുണ്ട് എന്നതാണ്.

കേന്ദ്രമന്ത്രിമാർ വരെ ആവർത്തിക്കുന്ന ഒരു അബദ്ധധാരണയാണിത്. 2019-ലെ ലോക്-സഭാ തിരഞ്ഞെടുപ്പിനു ചെലവായ 8,966 കോടി രൂപ എന്തിനൊക്കെയായിരുന്നുവെന്ന് ചിത്രം 2-ൽ കാണാം.

ചിത്രം 2
2019 ലോക്-സഭാ തിരഞ്ഞെടുപ്പിലെ കേന്ദ്ര സർക്കാരിന്റെ ചെലവിലെ വിവിധ ഘടകങ്ങൾ

സ്രോതസ്: https://timesofindia.indiatimes.com/

5,430 കോടി രൂപ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്കാണു ചെലവായത്. വോട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കുക, അച്ചടിക്കുക, തിരഞ്ഞെടുപ്പിനുവേണ്ട സാമഗ്രികൾ തുടങ്ങിയ പ്രത്യക്ഷ ചെലവുകൾക്കു 2019 കോടി രൂപ വേണ്ടി വന്നു. പോളിംഗ് സ്റ്റേഷനുകൾ തയ്യാറാക്കുന്നതിനും ജീവനക്കാർക്കുള്ള ടിഎ, ഡിഎ, ട്രാൻസ്പോർട്ട് ചെലവുകൾ, താല്കാലിക ഇലക്ട്രോണിക് – ടെലിഫോൺ കണക്ഷനുകൾ തുടങ്ങിയവയ്ക്ക് 1317 കോടി രൂപ. വോട്ടേഴ്സ് ഐഡിക്ക് ചെലവ് 200 കോടി രൂപ. അങ്ങനെ മൊത്തം ചെലവ് 8,966 കോടി രൂപ.

വോട്ടിംഗ് മെഷീനുകളും 
തിരഞ്ഞെടുപ്പ് ഏകീകരണവും
എന്നുവച്ചാൽ തിരഞ്ഞെടുപ്പിന്റെ മൊത്തം ചെലവിന്റെ 60 ശതമാനം വോട്ടിംഗ് യന്ത്രങ്ങൾക്കു വേണ്ടിയാണ്. ഇതേ യന്ത്രങ്ങളാണ് നിയമസഭാ തിരഞ്ഞെടുപ്പിനും ഉപയോഗിക്കുന്നത്. വോട്ടിംഗ് യന്ത്രത്തിന്റെ ആയുസ് 15 വർഷമാണ്. 2019-ൽ വാങ്ങിയവ 2024-ലെ തിരഞ്ഞെടുപ്പിലും ഉപയോഗിക്കാം. എന്നാൽ ലോക്-സഭ – -നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുകയാണെങ്കിലോ? ഇത്രതന്നെ വോട്ടിംഗ് യന്ത്രങ്ങൾ പുതിയതായി വാങ്ങേണ്ടിവരും. കാരണം നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രത്യേക വോട്ടിംഗ് യന്ത്രങ്ങൾ വേണ്ടിവരും. 5000-–6000 കോടി രൂപയെങ്കിലും ഈ ഇനത്തിൽ അധികച്ചെലവ് ഉണ്ടാവും. ലോക്-സഭ-യിലേക്കും നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തിയാൽ വോട്ടിംഗ് യന്ത്രത്തിന്റെ കാര്യത്തിലെങ്കിലും ചെലവ് ഇരട്ടിയാക്കുകയാണ് ചെയ്യുക.

കൂടുതൽ പോളിംഗ് ബൂത്തുകൾ വേണ്ടിവരും. കാരണം രണ്ട് സഭകളിലേക്കും വോട്ടിംഗ് വേണ്ടിവരുമ്പോൾ പോളിംഗ് സ്വാഭാവികമായും പതുക്കെയാകും. അപ്പോൾ പകൽകൊണ്ട് വോട്ടിംഗ് പൂർത്തീകരിക്കണമെങ്കിൽ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടിയേ തീരൂ. ആനുപാതികമായി കൂടുതൽ ഉദ്യോഗസ്ഥരും വേണ്ടിവരും.

ലോക്-സഭ-യിലേക്കും നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പിനോടൊപ്പം തദ്ദേശഭരണ തിരഞ്ഞെടുപ്പുകൂടി ഒരുമിച്ചു നടത്താൻ തീരുമാനിച്ചാൽ അത്രയും കൂടുതൽ വോട്ടിങ് യന്ത്രങ്ങളും ചെലവുകളും കൂടുതലായി വേണ്ടിവരും. ചുരുക്കത്തിൽ തിരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തുന്നതിന്റെ ഫലമായി തിരഞ്ഞെടുപ്പു ചെലവ് ചുരുക്കാമെന്ന വാദം ശുദ്ധ ഭോഷ്കാണ്.

സർക്കാർ തിരഞ്ഞെടുപ്പ് ചെലവ് 
ധൂർത്തോ?
നമ്മൾ ഓർക്കേണ്ടുന്ന മറ്റൊരു അടിസ്ഥാന കാര്യമുണ്ട്. തിരഞ്ഞെടുപ്പിനു വേണ്ടിവരുന്ന ചെലവ് ഒരു ധൂർത്താണോ? പാർലമെന്ററി ജനാധിപത്യത്തിന് അനിവാര്യമായ വിലയാണിത്. തിരഞ്ഞെടുപ്പു വേണ്ടെന്നുവച്ചാൽ മുഴുവൻ ചെലവും ലാഭിക്കാല്ലോ? ആരെങ്കിലും അത്തരമൊരു വാദം മുന്നോട്ടുവയ്ക്കുമോ?

തിരഞ്ഞെടുപ്പു ചെലവ് സർക്കാരിന്റെ മൊത്തം ചെലവിന്റെ അനുപാതമായി കണക്കാക്കിയാൽ ഭയപ്പെടുന്നപോലെ വർദ്ധന ഉണ്ടായിട്ടില്ലായെന്നു കാണാവുന്നതാണ്. 2019-ലെ ലോക്-സഭാ തിരഞ്ഞെടുപ്പിനുവേണ്ടിവന്ന 8,976 കോടി രൂപ സർക്കാരിന്റെ 2019-ലെ മൊത്തം ബജറ്റ് ചെലവിന്റെ 0.33 ശതമാനമേ വരികയുള്ളൂ. കേന്ദ്ര സർക്കാരിന്റെ മൊത്തം ചെലവിന്റെ നിസാരമൊരു ശതമാനമേ തിരഞ്ഞെടുപ്പു ചെലവു വരുന്നുള്ളൂ. ഇനി ദീർഘകാല പ്രവണത പരിശോധിച്ചാലോ?

2009-–10-ൽ തിരഞ്ഞെടുപ്പ് ചെലവ് 0.11 ശതമാനമേ ഉണ്ടായിരുന്നുള്ളൂ. 2014-–15-ൽ അത് 0.23 ശതമാനമായി ഉയർന്നു. 2019-–20-ൽ 0.33 ശതമാനമായും ഉയർന്നു. അങ്ങനെ ഉയർന്നുകൊണ്ടിരിക്കുന്ന ഈ ചെലവിനെ നിയന്ത്രിക്കേണ്ടതുണ്ടെന്നു വാദിക്കാം. പക്ഷേ, 1980-–81-ലും 1996–-97-ലും തിരഞ്ഞെടുപ്പ് ചെലവ് കേന്ദ്ര സർക്കാരിന്റെ ബജറ്റിന്റെ യഥാക്രമം 0.30-ഉം 0.36-ഉം ശതമാനം വന്നിരുന്നു. തിരഞ്ഞെടുപ്പ് ചെലവ് കുത്തനെ ഉയർന്നുകൊണ്ടിരിക്കുകയാണെന്നും മറ്റുമുള്ള പ്രചാരണത്തിന് ഒരു അടിസ്ഥാനവുമില്ല.

ബജറ്റിന്റെ നിസ്സാരഭാഗം മാത്രം
മറ്റൊരു കാര്യവുംകൂടി എടുത്തു പറയേണ്ടതുണ്ട്. തിരഞ്ഞെടുപ്പിനുവേണ്ടി കേന്ദ്ര സർക്കാർ ചെലവാക്കിയ പണം മുഴുവൻ തിരഞ്ഞെടുപ്പു വർഷത്തെ സർക്കാർ ചെലവിന്റെ വിഹിതമായിട്ടാണു മുകളിൽ കണക്കുകൂട്ടിയത്. യഥാർത്ഥത്തിൽ ഇങ്ങനെയല്ല കാര്യങ്ങൾ. 2019-ൽ 8,966 കോടി രൂപ ചെലവു വന്നതിൽ 2682 കോടി രൂപ 2017-–18-ലും 4,820 കോടി രൂപ 2018-–19-ലുമാണ് ചെലവഴിച്ചത്. തിരഞ്ഞെടുപ്പ് നടന്ന 2019-–20-ൽ 1,464 കോടി രൂപയേ ചെലവായിട്ടുള്ളൂ. യഥാർത്ഥത്തിൽ അഞ്ച് വർഷത്തെ സർക്കാരിന്റെ ചെലവിൽ എത്ര ശതമാനം തിരഞ്ഞെടുപ്പു ചെലവ് വന്നൂവെന്നാണു കണക്കുകൂട്ടേണ്ടത്. അങ്ങനെ കൂട്ടുമ്പോൾ അത് കേവലം 0.07 ശതമാനം മാത്രമാണ്. തിരഞ്ഞെടുപ്പു ചെലവിന്റെ മൊത്തം തുക കാണിച്ച് മനുഷ്യരെ വിരട്ടാനാണ് ബിജെപി ശ്രമിക്കുന്നത്.

ഒരു വോട്ടർക്കു വരുന്ന ചെലവ്
ഇനി മറ്റൊരു രീതിയിലും ഇതേ കണക്കുകൾ താരതമ്യപ്പെടുത്താം. ഒരു വോട്ടർക്ക് എത്ര രൂപ ചെലവ് വരുന്നു? ഇതു സംബന്ധിച്ച വിവരം ചിത്രം 3-ൽ കാണാം. തിരഞ്ഞെടുപ്പ് ചെലവ് വർദ്ധിക്കുന്നുണ്ട്. പക്ഷേ, വോട്ടർമാരുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. ഒന്നാമത്തെ തിരഞ്ഞെടുപ്പിൽ 17.32 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നതെങ്കിൽ 16-–ാമതു തിരഞ്ഞെടുപ്പിൽ 83.41 കോടി വോട്ടർമാരുണ്ട്.

പ്രതിശീർഷ വോട്ടർ ചെലവു കണക്കാക്കിയാൽ ആദ്യ തിരഞ്ഞെടുപ്പിൽ 60 പൈസയാണ് ഒരു വോട്ടർക്കുവേണ്ടി ചെലവഴിക്കേണ്ടിവന്നത്. അത് അനുക്രമമായി ഉയർന്ന് 2009-ൽ 15.54 രൂപയായി തീർന്നു. വിലക്കയറ്റം പരിഗണിക്കുകയാണെങ്കിൽ യഥാർത്ഥ ചെലവിൽ വർദ്ധനയേ ഉണ്ടായിട്ടില്ല. എന്നാൽ പ്രതിശീർഷ ചെലവ് 2014-ൽ ഇത് 46.40 രൂപയായി. 2019-ൽ 98.4 രൂപയായി. ഇതിനു കാരണം വോട്ടിംഗ് മെഷീനിലേക്കുള്ള മാറ്റമാണ്. ഏകീകൃത തിരഞ്ഞെടുപ്പു വന്നുകഴിഞ്ഞാൽ ഈ ഇനത്തിലുള്ള ചെലവ് ഇനിയും കുത്തനെ ഉയരും.

തിരഞ്ഞെടുപ്പുകളുടെ ബാഹുല്യം 
വികസനത്തിനു തടസ്സമോ?
ഇതുവരെയും പരിശോധിച്ചത് സർക്കാരിന്റെ നേരിട്ടുള്ള തിരഞ്ഞെടുപ്പു ചെലവാണ്. ഇതു സർക്കാർ ചെലവിന്റെ നിസാര ഭാഗമേ വരുന്നുള്ളൂ. മാത്രമല്ല, ആനുപാതികമായി വർദ്ധനയുടെ പ്രവണതയും ഇല്ല. ഇതാണു നാം കണ്ടത്. എന്നാൽ ചിലർ മറ്റൊരു വാദവുമായി ഇറങ്ങിയിട്ടുണ്ട്. കേന്ദ്ര-–സംസ്ഥാന തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് അല്ലാത്തതുകൊണ്ട് ഇരട്ടി സമയം തിരഞ്ഞെടുപ്പുമൂലം വികസന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടിവരുന്നു. തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നാൽ പിന്നെ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമല്ലോ. തിരഞ്ഞെടുപ്പ് ഒരുമിച്ചാക്കിയാൽ ഈ സമയം പകുതിയായി കുറയ്ക്കാനാകുമെന്നാണ് ഇവർ പറയുന്നത്.

പുതിയ സ്കീമുകൾ പ്രഖ്യാപിക്കുന്നതിനു മാത്രമേ തടസ്സമുള്ളൂ. ബാക്കിയുള്ളവ നടപ്പാക്കുന്നതിനു തടസമില്ല. വികസനത്തിനു തടസം ഇതൊന്നുമല്ല. കണ്ണടച്ച് ഇരുട്ടാക്കലാണിത്. കേന്ദ്ര സർക്കാർ പിന്തുടരുന്ന നയങ്ങളാണ് വികസന മുരടിപ്പിനു കാരണം. അല്ലാതെ തിരഞ്ഞെടുപ്പു കാലത്തുള്ള നിയന്ത്രണങ്ങൾ അല്ല.

അടിക്കടിയുള്ള തിരഞ്ഞെടുപ്പുകൾ ധനപരമായ അരാജകത്വം സൃഷ്ടിക്കുന്നു എന്നാണു മറ്റു ചിലരുടെ വാദം. തിരഞ്ഞെടുപ്പു വർഷം ഭരിക്കുന്നവർ കൂടുതൽ ആനുകൂല്യങ്ങൾ ജനങ്ങൾക്കു നൽകുവാൻ നിർബന്ധിതരാകുന്നു. അതുമൂലം തിരഞ്ഞെടുപ്പു വർഷങ്ങളിൽ സബ്സിഡി ചെലവ് ഉയരുന്നു. തന്മൂലം കമ്മി ഉയരുന്നു. ഇതു നിരുത്സാഹപ്പെടുത്തേണ്ടതാണ്. ഇതിനുള്ള കുറുക്കുവഴിയായിട്ടാണ് തിരഞ്ഞെടുപ്പുകളുടെ എണ്ണം കുറയ്ക്കുന്നതിനെ കാണുന്നത്. യാഥാർത്ഥ്യം എന്താണ്? തിരഞ്ഞെടുപ്പുകൾ ഉള്ളതുകൊണ്ടാണ് ഇന്ന് പാവങ്ങൾക്കു ചില ആനുകൂല്യങ്ങൾ കിട്ടുന്നത്. ഇതു കുറയ്ക്കാനുള്ള മാർഗമാണ് ഇവർ തേടുന്നത്.

ചിത്രം 3
1952 മുതൽ 2014 വരെയുള്ള ലോക്-സഭാ തിരഞ്ഞെടുപ്പുകളിൽ 
കേന്ദ്ര സർക്കാരിന് ഒരു വോട്ടർക്കുവേണ്ടി ചെലവായ തുക

സ്രോതസ്: https://factly.in/understanding-election-expenditure/

ലോകത്തെ ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പ് ഇന്ത്യയിൽ
സർക്കാർ ചെലവ് അല്ല തിരഞ്ഞെടുപ്പിലെ യഥാർത്ഥ പ്രശ്നം. ഭരണവർഗ പാർട്ടികളുടെ അഴിമതിപ്പണത്തിന്റെ ധാരാളിത്തമാണ്. ലോകത്തെ ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പ് ഇന്ന് ഇന്ത്യയിലാണ്. 2019-ലെ തിരഞ്ഞെടുപ്പിന് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളുംകൂടി 55,000-–60,000 കോടി രൂപ ചെലവഴിച്ചുവെന്നാണ് കണക്ക്. അതേസമയം 2016-ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആകെ ചെലവ് 45,000 കോടി രൂപയാണ്. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ മീഡിയാ സ്റ്റഡീസിന്റെ പഠനത്തിലെ വെളിപ്പെടുത്തലാണിത്.

2019-ൽ ഓരോ വോട്ടിനും 700 രൂപ വീതം ശരാശരി രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ചെലവാക്കി. ഒരു ലോക്-സഭാ സീറ്റിന്റെ ശരാശരി ചെലവ് 100 കോടി രൂപയാണ്. 2014-ലെ തിരഞ്ഞെടുപ്പിൽ സെന്റർ ഫോർ മീഡിയ സ്റ്റഡീസിന്റെ കണക്കു പ്രകാരം മൊത്തം പ്രചാരണ ചെലവ് 30,000 കോടി രൂപയായിരുന്നു. 2014-ൽ തിരഞ്ഞെടുപ്പു വിജയിക്കാൻ ചെലവഴിച്ചതിന്റെ ഇരട്ടി തുക 2019-ൽ മോദി തിരഞ്ഞെടുപ്പിനുവേണ്ടി ചെലവഴിച്ചു. 2024-ൽ ഇതിന്റെ പലമടങ്ങാണ് ചെലവഴിക്കാൻ പോകുന്നത്.

പെരുകുന്ന 
സ്വകാര്യ തിരഞ്ഞെടുപ്പ് ചെലവ്
സെന്റർ ഫോർ മീഡിയ സ്റ്റഡീസിന്റെ റിപ്പോർട്ടു പ്രകാരം കഴിഞ്ഞ 20 വർഷക്കാലത്തിനിടയിൽ 1998-നും 2019-നും ഇടയിൽ തിരഞ്ഞെടുപ്പ് ചെലവ് 9,000 കോടി രൂപയിൽ നിന്ന് 60,000 കോടി രൂപയായി, ആറ് മടങ്ങിലേറെ ഉയർന്നു.

സ്വകാര്യ തിരഞ്ഞെടുപ്പ് ചെലവിന്റെ ഈ അഭൂതപൂർവമായ വർദ്ധനയുടെ പിന്നിൽ പല ഘടകങ്ങളുണ്ട്. ഒന്നാമത്തേത്, ബിജെപി സർക്കാർ രൂപം നൽകിയ ഇലക്ടറൽ ബോണ്ടുകളാണ്. കുത്തക മുതലാളിമാർക്ക് ഇഷ്ടംപോലെ രാഷ്ട്രീയ പാർട്ടികൾക്കു രഹസ്യമായി പണം നൽകാനുള്ള റൂട്ടായി ഇതുമാറി. രഹസ്യമാണെങ്കിലും ഭരണക്കാർക്ക് ആര് ആർക്കു കൊടുത്തുവെന്നു കൃത്യമായി അറിയാം. അതുകൊണ്ട് ഇലക്ടറൽ ബോണ്ട് പ്രകാരം പിരിച്ച പണത്തിന്റെ സിംഹഭാഗവും ബിജെപിയുടെ പോക്കറ്റിലേക്കാണു പോയത്.

രണ്ടാമത്തേത്, കോടീശ്വരന്മാർ വലിയ തോതിൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായതാണ്. പണക്കാർക്കേ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവൂയെന്ന നിലയായിട്ടുണ്ട്.

മൂന്നാമത്തേത്, തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പരസ്യത്തിനു കൈവന്നിരിക്കുന്ന പ്രാധാന്യമാണ്. ഇപ്പോൾ ഡിജിറ്റൽ മീഡിയയിലും വലിയ തോതിലുള്ള പണം മുടക്കുന്നു.

സെന്റർ ഫോർ മീഡിയ സ്റ്റഡീസിന്റെ റിപ്പോർട്ടു പ്രകാരം പബ്ലിസിറ്റിക്കുവേണ്ടി 20,000- മുതൽ 25,000 കോടി വരെ രൂപയാണ് ചെലവഴിക്കപ്പെട്ടത്. വോട്ടർമാർക്ക് പണവും ആനൂകൂല്യങ്ങളും കൈമാറിയത് 12000–-15000 കോടി രൂപ വരും. ലോജിസ്റ്റിക്കിനു 3000–-6000 കോടി രൂപ. ഇലക്ഷൻ കമ്മീഷൻ അംഗീകൃത ചെലവുകൾ 10,000–-12,000 കോടി രൂപ. അനാമത്തു ചെലവുകൾ 5000-–6000 കോടി രൂപ.

ബിജെപിയും 
തിരഞ്ഞെടുപ്പ് അഴിമതിയും
2019-ലെ തിരഞ്ഞെടുപ്പ് ചെലവിൽ പകുതിയോളം ബിജെപിയുടേതായിരുന്നു. 1998-ൽ ബിജെപിയുടെ ആകെ ചെലവ് 1800 കോടി രൂപയായിരുന്നു. ഇതു മൊത്തം തിരഞ്ഞെടുപ്പു ചെലവിന്റെ 20 ശതമാനം വരും. 2019-ൽ ഏതാണ്ട് 25,000 കോടി രൂപയാണ് ബിജെപി ചെലവഴിച്ചത്. ഇതു മൊത്തം ചെലവിന്റെ 40-–45 ശതമാനം വരും. 2009-ൽ കോൺഗ്രസിന്റേതായിരുന്നു മൊത്തം തിരഞ്ഞെടുപ്പു ചെലവിന്റെ 40 ശതമാനം (8000 കോടി രൂപ). 2019-ൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു ചെലവ് ഏതാണ്ട് 8,250 കോടി രൂപയേ വരൂ. 2009-ൽ ചെലവാക്കിയ അത്രയും തന്നെ പണം. ഇത് മൊത്തം തിരഞ്ഞെടുപ്പു പ്രചാരണത്തിനു വേണ്ടിവരുന്ന തുകയുടെ 15–-20 ശതമാനംവരേയേ വരൂ. 2024-ൽ പണംകൊണ്ടുള്ള ആറാട്ടിൽ ബിജെപി ഒരു സർവ്വകാല റെക്കോർഡ് സ്ഥാപിക്കാൻ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.

മേൽപ്പറഞ്ഞ റിപ്പോർട്ട് 2019-നെ ഒരു നിർണായക വഴിത്തിരിവായിട്ടാണു വിലയിരുത്തപ്പെടുന്നത്. ജനങ്ങളിൽനിന്ന് പണം പിരിച്ചു തിരഞ്ഞെടുപ്പിനെ നേരിടുന്നതിനുപകരം കോർപ്പറേറ്റ് ഫണ്ടിങ്ങിന്റെ അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പിലേക്ക് ഇന്ത്യൻ ജനാധിപത്യം മാറി.

തിരഞ്ഞെടുപ്പിൽ കള്ളപ്പണത്തിന്റെ പ്രാമുഖ്യം സ്ഥാനാർത്ഥികളുടെ പണച്ചെലവു നിയന്ത്രണം സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമങ്ങളെയെല്ലാം പ്രഹസനമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതാണ് അടിയന്തരമായി തിരുത്തേണ്ട കാര്യം. ഇന്നത്തെ അഴിമതി സമ്പ്രദായത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ബിജെപിയാണ്. അതുകൊണ്ട് യഥാർത്ഥ തിരഞ്ഞെടുപ്പ് പരിഷ്കാരത്തെക്കുറിച്ചൊന്നും ചിന്തിക്കാൻ അവർ തയ്യാറല്ല. അതിനു പകരം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തുന്നതിന്റെ ഉന്നം ഫെഡറൽ സംവിധാനത്തെ തകർത്ത് കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കു മേൽക്കെെ ഉറപ്പുവരുത്തുകയാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 + ten =

Most Popular