Saturday, November 23, 2024

ad

Homeനാടൻകലമാപ്പിളപ്പാട്ട്‌

മാപ്പിളപ്പാട്ട്‌

ഹൈദ്രോസ്‌ പുവ്വക്കുർശി

റബിമലയാള സാഹിത്യം, മാപ്പിളസാഹിത്യം എന്നീ പേരുകളിൽ അറിയപ്പെടുന്ന സാഹിത്യശാഖയുടെ കാവ്യവിഭാഗമാണ്‌ മാപ്പിളപ്പാട്ടുകൾ. അറബി‐കേരള ബന്ധത്തിന്റെ ഫലമായി രൂപപ്പെട്ട ഒരു ജനവിഭാഗമാണ്‌ മുസ്ലിങ്ങളിലെ മാപ്പിളമാർ. മലയാളഭാഷ അറബി ലിപിയിലെഴുതുന്ന സമ്പ്രദായത്തിനാണ്‌ ‘അറബിമലയാളം’ എന്നു പറയുന്നത്‌. മുസ്ലിം അറബികൾ മതപ്രചരണത്തിന്‌ എത്തുന്ന നാടുകളിലെല്ലാം പ്രാദേശികഭാഷ അറബി ലിപിയിലെഴുതുന്ന സമ്പ്രദായം നടപ്പിൽവരുത്തി. അങ്ങനെ അറബിമലയാളം, അറബിതമിഴ്‌, അറബിബംഗാളി, അറബിസിന്ധി, അറബികന്നഡ മുതലായ ലിപികൾ രൂപംകൊണ്ടു. മതാനുഷ്‌ഠാനകാര്യങ്ങളും ആശയങ്ങളും തദ്ദേശീയരെ എളുപ്പത്തിൽ പഠിപ്പിക്കാൻ ഈ ലിപികൾ സഹായകമായി. മലയാള അക്ഷരങ്ങൾക്ക്‌ സമാന അക്ഷരങ്ങളില്ലാത്ത അറബി അക്ഷരങ്ങളുടെ കുറവ്‌ പരിഹരിക്കുവാൻ അറബി അക്ഷരങ്ങളിൽ ചില ചിഹ്നങ്ങൾ ചേർത്ത്‌ പുതിയ അക്ഷരങ്ങളുണ്ടാക്കി. അങ്ങനെ അറബിയിലെയും മലയാളത്തിലെയും അക്ഷരങ്ങൾ എല്ലാം എഴുതുവാൻ സാധ്യമാകുന്ന വിധത്തിലാണ്‌ അറബിമലയാള ലിപി രൂപപ്പെടുത്തിയത്‌. അറബി അക്ഷരങ്ങൾ വായിക്കുവാൻ പഠിച്ചവർക്ക്‌ അറബിമലയാളം വഴി പ്രായസമില്ലാതെ ആശയഗ്രഹണം സാധ്യമായി. അറബിമലയാളം ലിപി നടപ്പിൽവരുന്ന കാലത്ത്‌ മലയാളത്തിന്‌ സ്വന്തം ലിപിയില്ലായിരുന്നു. വട്ടെഴുത്തും കോലെഴുത്തുമാണ്‌ അക്കാലത്ത്‌ ഉപയോഗിച്ചിരുന്നത്‌.

മുസ്ലിങ്ങൾ ആശയവിനിമയത്തിന്‌ അറബിമലയാളമാണ്‌ ഉപയോഗിച്ചിരുന്നത്‌. മാതൃഭാഷയിൽ എഴുത്തും വായനയും പഠിക്കുന്നതിൽ അവർ തൽപരരായിരുന്നില്ല. അറബിമലയാളത്തിൽ ക്രമേണ സാഹിത്യരചന ആരംഭിച്ചു. ഗദ്യവിഭാഗത്തിൽ പരിഭാഷഷളായിരുന്നു ആദ്യകൃതികൾ. പിന്നീട്‌ പല വൈജ്ഞാനിക ഗ്രന്ഥങ്ങളും രചിക്കപ്പെട്ടു. ക്രമേണ പാട്ടുകൾ രചിക്കുവാനും ആരംഭിച്ചു. അറബിവൃത്തങ്ങളിൽനിന്നും തമിഴ്‌ ഗാനങ്ങളിൽനിന്നും നാടൻപാട്ടുകളിൽനിന്നും മാതൃക സ്വീകരിച്ചുകൊണ്ട്‌ മാപ്പിളമാർ പാട്ടുകളെഴുതി. അങ്ങനെ ഗദ്യവും പദ്യവുമായി ആയിരക്കണക്കിൽ സർഗാത്മകസൃഷ്ടികൾ അറബിമലയാളത്തിൽ വിരചിതമായി.

കണ്ടുകിട്ടിയതിൽവെച്ച്‌ ഏറ്റവും പഴയക്കമേറിയ മാപ്പിളപ്പാട്ട്‌ ‘മുഹ്‌യിദ്ദീൻ മാല’യാണ്‌. കോഴിക്കോട്‌ ഖാളിയായിരുന്ന മുഹമ്മദ്‌ബ്‌ദു അബ്‌ദിൽ അസീസ്‌ എന്ന പണ്ഡിതനാണ്‌ അതിന്റെ രചയിതാവ്‌. ശൈഖ്‌ മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി എന്ന പുണ്യപുരുഷന്റെ അപദാനങ്ങൾ വാഴ്‌ത്തിക്കൊണ്ടുള്ള രചനയാണത്‌. രചനാകാലവും കൃതിയുടെ ദൈർഘ്യവും ഭാഷാരീതിയുമൊക്കെ കവിതന്നെ പാട്ടിൽ വിവരിക്കുന്നുണ്ട്‌.

കൊല്ലം എഴുനൂറ്റി എന്പത്തിരണ്ടിൽ ഞാൻ
കോർത്തേൻ ഈ മാലനെ നൂറ്റന്പത്തഞ്ചുമ്മൽ
മുത്തും മാണിക്യവും ഒന്നായികോർത്തെപോൽ
മുഹ്‌യിദ്ദീൻ മാലനെ കോർത്തേൻ ഞാൻ ലോകരെ.

കൊല്ലവർഷം 782ൽ (എഡി. 1607) ആണ്‌ ഈ മാലപ്പാട്ട്‌ രചിച്ചത്‌. നൂറ്റിഅന്പത്തി അഞ്ച്‌ ശ്ലോകങ്ങളാണിതിൽ, മുത്തും മാണിക്യവും ഒന്നായി കോർത്തതുപോലെ ഭിന്ന ഭാഷാപദങ്ങൾ ചേർത്താണ്‌ രചന നടത്തിയത്‌. രചയിതാവിന്റെ പേരും സ്ഥാനവും വേറെ വരികളിലും കാണാം.

തുടക്കത്തിൽ മാപ്പിളപ്പാട്ടുകൾ ‘മാലപ്പാട്ടുകൾ’ എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. പാട്ട്‌ രചനയ്‌ക്ക്‌ മാല കോർക്കുക എന്നും പറഞ്ഞിരുന്നു. പിന്നീട്‌ പാട്ടിന്‌ കോർവ്വ എന്നും രചനയ്‌ക്ക്‌ കോർവ്വകോർക്കുക എന്നും പറയാറുണ്ടായിരുന്നു, പാട്ടിന്‌ ‘കവി’ എന്നും രചയിതാവിനെ ‘കവിതാളൻ’ എന്നും പറഞ്ഞിരുന്നതായും ആദ്യകാല രചനകളിൽ കാണുന്നുണ്ട്‌. ആദ്യകാലത്ത്‌ മാല എന്ന പേര്‌ മാപ്പിളപ്പാട്ടിന്‌ മൊത്തത്തിൽ പറഞ്ഞിരുന്നുവെങ്കിലും പിന്നീട്‌ മാലപ്പാട്ട്‌ എന്ന പേര് പുണ്യവാന്മാരെ പ്രകീർത്തിച്ചുകൊണ്ടുള്ള രചനകൾക്ക്‌ മാത്രമായി ഉപയോഗിച്ചുതുടങ്ങി. ഒട്ടേറെ മാലപ്പാട്ടുകൾ രചിക്കപ്പെട്ടിട്ടുണ്ട്‌. മാപ്പിള സാഹിത്യത്തിലെ ഒരു സുപ്രധാന ഇനംതന്നെയാണ്‌ മാലപ്പാട്ടുകൾ.

ഈ ഗാനശാഖയ്‌ക്ക്‌ മാപ്പിളപ്പാട്ട്‌ എന്ന പേരു വരുന്നത്‌ 1932 മുതലാണെന്ന്‌ ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. അൽ അമീൻ പത്രത്തിൽ വക്കം അബ്ദുൽ ഖാദർ ‘മാപ്പിളപ്പാട്ടുകൾ’ എന്ന പേരിൽ ഒരു ലേഖനമെഴുതി. അതിനുശേഷമാണത്രേ മാപ്പിളപ്പാട്ട്‌ എന്ന പേര്‌ പ്രചാരത്തിൽ വന്നത്‌.

മുഹ്‌യിദ്ദീൻ മാലയ്‌ക്കുശേഷം നൂറ്റിമുപ്പത്‌ വർഷങ്ങൾ കഴിഞ്ഞാണ്‌ പണ്ഡിതനും രസികശിരോമണിയുമായിരുന്ന കുഞ്ഞായിൻ മുസ്‌ലിയാർ ‘നൂൽമദ്‌ഹ്‌’ എന്ന പ്രവാചകസ്‌തോത്രകാവ്യം രചിക്കുന്നത്‌. ഇത്രയും നീണ്ട കാലത്തിനിടയിലും അതിനുമുന്പും രചനകൾ നടന്നിട്ടുണ്ടാവാം. ലഭ്യമായ കൃതികളില്ല. കുഞ്ഞായിൻ മുസ്‌ലിയാർ ‘കപ്പപ്പാട്ട്‌’ എന്ന പേരിൽ ഒരു പ്രതീകാത്മക കാവ്യവും രചിച്ചിട്ടുണ്ട്‌. വളരെ പ്രാധാന്യമർഹിക്കുന്ന ഒരു കൃതിയാണത്‌.

കുഞ്ഞായിൻ മുസ്‌ലിയാർക്കുശേഷം പല കാലങ്ങളിലായി ഒട്ടേറെ മാപ്പിളക്കവികളും വിലപ്പെട്ട രചനകളുമുണ്ടായി. മഹാകവി മോയിൻകുട്ടി വൈദ്യർ, ഉമർ ആലിംലബ്ബ, മാളിയക്കലകത്ത്‌ കുഞ്ഞി അഹമ്മദ്‌, മുണ്ടമ്പ്ര ഉണ്ണി മമ്മദ്‌, മച്ചിങ്ങലകത്ത്‌ മൊയ്‌തീൻ മൊല്ല, ചേറ്റുവായി പരീക്കുട്ടി, ശുജായി മൊയ്‌തു മുസ്‌ലിയാർ, കാഞ്ഞിരാല കുഞ്ഞിരായൻ, വടക്കിനിയേടത്ത്‌ അഹമ്മദ്‌കുട്ടി മൊല്ല, പുലിക്കോട്ടിൽ ഹൈദർ, കാടായിക്കൽ മൊയ്‌തീൻകുട്ടി ഹാജി എന്നിവർ പ്രഗത്ഭരായ മാപ്പിളക്കവികളാണ്‌. ഒട്ടേറെ കവിശ്രേഷ്‌ഠർ വേറെയുമുണ്ട്‌.

മേൽപറഞ്ഞ കവികളിൽ മികവുറ്റ രചനകളിലൂടെ മാപ്പിളപ്പാട്ട്‌ സാഹിത്യത്തിന്‌ പേരും പെരുമയും നേടിക്കൊടുത്ത പ്രഥമസ്ഥാനീയനായ കവിപുംഗവനാണ്‌ മഹാകവി മോയിൻകുട്ടി വൈദ്യർ (1852‐1892). കേവലം നാൽപതുവർഷക്കാലം മാത്രം ജീവിച്ച്‌ ഒരു പുരുഷായുസ്സുകൊണ്ട്‌ ചെയ്‌തുതീർക്കുവാൻ സാധ്യമാകുന്നതിനേക്കാൾ എത്രയോ അധികം വിലപ്പെട്ട കൃതികൾ അദ്ദേഹം മാപ്പിളസാഹിത്യത്തിന്‌ സംഭാവന ചെയ്‌തു. കുട്ടിക്കാലത്തുതന്നെ അദ്ദേഹം പാട്ടെഴുത്ത്‌ ആരംഭിച്ചു. ‘പൂവും വണ്ടും’ എന്ന ഗാനം പന്ത്രണ്ടാം വയസ്സിലാണത്രെ അദ്ദേഹം എഴുതിയത്‌. അറബിമലയാള കാവ്യവിഭാഗത്തിലെ പ്രഥമ പ്രണയഗാനകൃതിയായ ‘ബദ്‌റുൽ മുനീർ ഹുസ്‌നുൽജമാൽ’ രചിച്ചത്‌ ഇരുപതാം വയസ്സിലാണ്‌. വൈദ്യർ കൃതികളിൽ മികവുറ്റ രചനകൾ പടപ്പാട്ടുകളാണ്‌. ബദ്‌ർ പടപ്പാട്ട്‌, ഉഹ്‌ദ്‌ പടപ്പാട്ട്‌, മലപ്പുറം പടപ്പാട്ട്‌ എന്നിവ ചരിത്രസംഭവങ്ങളെ ആസ്‌പദമാക്കി രചിച്ചവയാണ്‌. പല വിഷയങ്ങളിലായി ഒട്ടേറെ രചനകൾ വേറെയുമുണ്ട്‌.

മാപ്പിളകവികളിൽ ഭാഷാലാളിത്യം കൊണ്ടും രസികതയിലും പ്രസിദ്ധി നേടിയ കവിയാണ്‌ പുലിക്കോട്ടിൽ ഹൈദർ. അദ്ദേഹത്തിന്റെ രചനകളിൽ ഗഹനമായ വിഷയങ്ങൾ പ്രതിപാദിക്കപ്പെട്ടിട്ടില്ല. കാലിക വിഷയങ്ങൾ ഇതിവൃത്തമാക്കിയാണ്‌ അദ്ദേഹം പാട്ടെഴുതിയത്‌. കാളപൂട്ട്‌, നായാട്ട്‌, വെള്ളപ്പൊക്കം മുതലായ വിഷയങ്ങളെപ്പറ്റി അദ്ദേഹം സരസമായി പാടി. അദ്ദേഹം രചിച്ച കത്തുപാട്ടുകളും പ്രേമഗാനങ്ങളും സർക്കീട്ട്‌ പാട്ടുകളും ഏറെയുണ്ട്‌. കേരളചരിത്രം, പ്രേമകല, നരിനായാട്ട്‌, വെള്ളപ്പൊക്കമാല, കോലാർയാത്ര എന്നിവ അദ്ദേഹത്തിന്റെ പ്രധാന കതികളാണ്‌.

മുന്പുകാലത്ത്‌ കത്തുകൾ പാട്ടാക്കി അയയ്‌ക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു. കത്തുപാട്ടുകൾ എന്ന ഒരു വിഭാഗംതന്നെ മാപ്പിള സാഹിത്യത്തിലുണ്ട്‌. പുലിക്കോട്ടിൽ ഹൈദർ രചിച്ച ‘മറിയക്കുട്ടിയുടെ കത്ത്‌’ എന്ന പാട്ട്‌ മികവുറ്റ രചനയാണ്‌. ബല്ലാരി ജയിലിൽ ആയിരുന്ന ഹസൻകുട്ടി തന്റെ ഭാര്യയുടെ സ്വഭാവത്തിൽ സംശയം പ്രകടിപ്പിച്ചുകൊണ്ട്‌ സ്വന്തം മാതാവിന്‌ കത്തെഴുതിയ വിവരമറിഞ്ഞ്‌ തന്റെ നിരപരാധിത്വം വിവരിച്ചുകൊണ്ട്‌ മറിയക്കുട്ടി എഴുതിയ കത്താണിത്‌.

തേനാരേ, ഉമയ്‌കത്തിൽ പറഞ്ഞ ആവിധമുള്ള
തേടിച്ചിത്തരം കാട്ടി നടന്നോളല്ലാ‐ എനൈ ഒരു
തെമ്മാടിത്തറവാട്ടിൽ ജനിച്ചോളല്ലാ.
അല്ലാ എന്റവസ്ഥകൾ അറിയുന്നൊരുമൈ അല്ലൊ
അതുകൊണ്ട്‌ എനി ഏറ്റം പറയണ്ടല്ലൊ‐ ഇവിടെ
ഉമതൊയ്യെ എനിക്കാരും തുണയില്ലല്ലൊ

എസ്‌ എ ജമീർ രചിച്ച ദുബായ്‌ കത്തുപാട്ടും ഏറെ വികാരം സൃഷ്ടിച്ച രചനയാണ്‌.

മാപ്പിളപ്പാട്ട്‌ സാഹിത്യരചനകളിൽ ആസ്വാദകർക്ക്‌ ഏറെ സന്തോഷം പകർന്ന ഒട്ടേറെ രചനകളുണ്ട്‌. 1954ൽ ഇറങ്ങിയ നീലക്കുയിൽ എന്ന സിനിമയ്‌ക്കുവേണ്ടി പി ഭാസ്‌കരൻ എഴുതിയ ‘കായലരികത്ത്‌’ എന്നു തുടങ്ങുന്ന ഗാനം ഏറെ പ്രശസ്‌തമാണ്‌. പതിറ്റാണ്ടുകളായി സംഗീതപ്രേമികളുടെയും സാധാരണക്കാരുടെയും ചുണ്ടുകളിൽ തത്തിക്കളിച്ചുകൊണ്ടിരിക്കുന്ന ഒരു പാട്ടാണത്‌.

കായലരികത്ത്‌ വലയെറിഞ്ഞപ്പൊ
വളകിലുക്കിയ സുന്ദരീ,
പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോ‐
ളൊരു നറുക്കിനു ചേർക്കണേ
കണ്ണിനാലെന്റെ കരളിനുരുളിയി‐
ലെണ്ണ കാച്ചിയ നൊന്പരം
ഖൽബിലറിഞ്ഞപ്പോളിന്ന്‌ നമ്മള്‌
കയറുപൊട്ടിയ പന്പരം

1944ൽ വള്ളുവമ്പ്രത്തെ ഹിച്ച്‌കോക്കിന്റെ സ്‌മാരകം തകർക്കുവാൻ ആഹ്വാനം ചെയ്‌തുകൊണ്ട്‌ കന്പളത്ത്‌ ഗോവിന്ദൻനായർ എഴുതിയ മാപ്പിളപ്പാട്ട്‌ ഏറെ സമരാവേശം പകർന്ന ഒരു രചനയാണ്‌.

അന്നിരുപത്തൊന്നിൽ നമ്മ‐
ളിമ്മലയാളത്തില്‌
ഒന്നുചേർന്നു വെള്ളയോടെ‐
തിർത്തുനല്ല മട്ടില്‌
ഏറനാട്ടിൻ ധീരമക്കൾ
ചോരചിന്തിയ നാട്ടില്‌
ചീറിയ പീരങ്കികൾക്ക്‌
മാറ്‌കാട്ടിയ നാട്ടില്‌

വിദേശാധിപത്യത്തിനെതിരെ സമരത്തിന്‌ പ്രേരിപ്പിക്കുന്ന ഒട്ടേറെ മാപ്പിളപ്പാട്ടുകളുണ്ട്‌. പല പാട്ടുകൃതികളും ബ്രിട്ടീഷുകാർ കണ്ടുകെട്ടുകയും കവികളെ പിടികൂടി ശിക്ഷിക്കുകയും ചെയ്‌തു.

മാപ്പിളസാഹിത്യം അറബിമലയാള ലിപിയിലായിരുന്നതിനാൽ ഭൂരിഭാഗം മലയാളികൾക്കും അത്‌ വായിക്കുവാനും ആസ്വദിക്കുവാനും സാധിച്ചിരുന്നില്ല. മലയാളത്തിലും എഴുതുവാൻ ആരംഭിച്ചതുമുതലാണ്‌ ഈ സാഹിത്യശാഖ കൂടുതൽ പരിചിതമായത്‌. മാപ്പിളപ്പാട്ടുകളെ സാഹിത്യരംഗത്ത്‌ പരിചയപ്പെടുത്തുന്നതിൽ മഹത്തായ സേവനങ്ങളർപ്പിച്ച കവിശ്രേഷ്‌ഠനായിരുന്നു ടി ഉബൈദ്‌ (1908‐1972). 1947ൽ നടന്ന സമസ്‌തകേരള സാഹിത്യപരിഷത്തിന്റെ പതിനെട്ടാം സമ്മേളനത്തിൽ ഉബൈദ്‌ അവതരിപ്പിച്ച മാപ്പിള സാഹിത്യത്തെ സംബന്ധിച്ച പ്രബന്ധവും ആലപിച്ച ഇശലുകളും മലയാളസാഹിത്യമേഖലയിലെ മഹാരഥന്മാരെ ആശ്ചര്യഭരിതരാക്കി. മാപ്പിളപ്പാട്ടുകളുടെ സൗന്ദര്യവും സംഗീതാത്മകതയും സദസ്സിനു മുന്പിൽ അദ്ദേഹം വിവരിച്ചു. ആ വിദ്വൽസദസ്സിൽ വെച്ച്‌ ‘മാപ്പിളപ്പാട്ടുകൾ കൂടാതെയുള്ള ഭാഷാസാഹിത്യചരിത്രം അപൂർണമായിരിക്കും’ എന്ന്‌ മഹാകവി ജി ശങ്കരക്കുറുപ്പ്‌ അഭിപ്രായപ്പെടുകയുണ്ടായി. ഉബൈദിന്റെ കണ്‌ഠത്തിലൂടെ ഒഴുകിവന്ന ഇശലുകൾ അത്രയും ശ്രവണമധുരവും ആകർഷകവുമായിരുന്നു.

ഇശലുകൾ
ഭാഷാകവിതകളെപ്പോലെ മാപ്പിളപ്പാട്ടുകൾക്കും വൃത്തങ്ങളുണ്ട്‌. അവ ‘ഇശലുകൾ’ എന്ന പേരിൽ അറിയപ്പെടുന്നു. തമിഴിലെ ‘ഇയൽ’ എന്ന പദത്തിൽനിന്നാണ്‌ ‘ഇശൽ’ എന്ന വാക്ക്‌ ഉണ്ടായതെന്ന്‌ വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. അടിസ്ഥാന ഇശലുകളും ജന്യഇശലുകളുമായി അഞ്ഞൂറിലികം ഇശലുകളുണ്ടെന്ന്‌ ചരിത്രകാരർ അവകാശപ്പെടുന്നു. തുടക്കം മുതൽക്കുതന്നെ പ്രത്യേക പേരുകളിൽ അറിയപ്പെടുന്ന ഇശലുകളുണ്ട്‌. ആദ്യകാല രചനകളുടെ ആദ്യ വരികളിലെ ആദ്യപദങ്ങൾ നാമങ്ങളായി അറിയപ്പെടുന്ന ഇശലുകളുമുണ്ട്‌. അറബിവൃത്ത മാതൃകയിലുള്ള ഇശലുകളുണ്ട്‌. തമിഴ്‌ രചനകളുടെയും നാടൻപാട്ടുകളുടെയും മാതൃകയിൽ കാണുന്ന ഇശലുകളുമുണ്ട്‌. കൊന്പ്‌, യമൻകെട്ട്‌, തൊങ്കൽ, മുനാജാത്ത്‌, ഓശാകൾ, പുകൈനാർ, ഒപ്പന, ഒണ്ടൻ, ചെന്പക, ബന്പ്‌, കപ്പപ്പാട്ട്‌, മുഹിബ്ബുന്നൂർ എന്നിവ പ്രധാനപ്പെട്ട ചില ഇശലുകളാണ്‌. ഏതെങ്കിലും ഒരു ഇശൽഘടന അനുസരിച്ച്‌ പ്രാസങ്ങൾ പാലിച്ചെഴുതിയാൽ മാത്രമേ യഥാർഥ മാപ്പിളപ്പാട്ടായി അംഗീകരിക്കുകയുള്ളൂ.

പ്രാസങ്ങൾ
മാപ്പിളപ്പാട്ടുകൾക്ക്‌ കൃത്യമായ പ്രാസനിയമങ്ങളുണ്ട്‌. ഭാഷാ കവിതകളുടെ പ്രാസങ്ങളേക്കാൾ കൂടുതലാണവ. കന്പി, കഴുത്ത്‌, വാൽകന്പി, വാലുമ്മൽകന്പി എന്നിവയാണ്‌ പ്രധാന പ്രാസങ്ങൾ. ചിറ്റെഴുത്ത്‌ എന്ന പേരിൽ ഇടക്കന്പിയുമുണ്ട്‌. രചനയ്‌ക്ക്‌ അത്‌ നിർബന്ധമില്ലെങ്കിലും പാലിക്കുകയാണെങ്കിൽ ആദ്യാവസാനം ഉണ്ടാകുന്നതാണ്‌ ഭംഗി.

രണ്ടോ അതിലധികമോ ശീലുകളുടെ ഒരു സങ്കലനത്തെ ഒരു മൊഴിയായി കണക്കാക്കി ഓരോ ശീലിന്റെയും ആദ്യാക്ഷരം ഒരേ വർണമാകുന്നതാണ്‌ കന്പി. ആദ്യാക്ഷരപ്രാസമാണിത്‌. നാല്‌ മൊഴിക്ക്‌ ഒരു ചതുഷ്‌ക്കം എന്നു പറയുന്നു. നാലു മൊഴികളിൽ ആദ്യശീലിന്റെ ദ്വതീയാക്ഷരം ഒരേ വർണമാകുന്നതാണ്‌ ‘കഴുത്ത്‌’. രണ്ടോ അതിലധികമോ ശീലുകളുടെ അന്ത്യാക്ഷരം ഒന്നാകുന്നതാണ്‌ വാൽകന്പി അഥവാ അന്ത്യാക്ഷരപ്രാസം. ഒരു ചതുഷ്‌ക്കത്തിലെ അവസാന ശീലിന്റെ അന്ത്യപദംകൊണ്ട്‌ അടുത്ത ചതുഷ്‌ക്കത്തിലെ ആദ്യവരി തുടങ്ങുന്നതിന്‌ വാലുമ്മൽകന്പി എന്നു പറയുന്നു. ഒരു ഗ്രന്ഥത്തിലെ ഓരോ പാട്ടിന്റെയും അവസാനത്തെ വരിയിലെ അന്ത്യപദംകൊണ്ട്‌ അടുത്ത ഇശലിന്റെ ആദ്യവരി തുടങ്ങുന്ന സമ്പ്രദായം മാപ്പിളക്കവികൾ സ്വീകരിച്ചിട്ടുണ്ട്‌. ഇതിനും വാലുമ്മൽകന്പി എന്നുതന്നെ പറയുന്നു.

മഹാകവി മോയിൻകുട്ടി വൈദ്യരുടെ ബദ്‌റുൽ മുനീർ ഹുസ്‌നുൽ ജമാൽ എന്ന കൃതിയിലെ തൊങ്കൽ ഇശലിലുള്ള ഈ വരികളിൽ മേൽവിവരിച്ച പ്രാസങ്ങൾ കാണാം.

ആമേദനപ്പൂകരിതേനാളേ,
അടങ്കൽ വഴിപ്പെട്ടാർ എനൈ
ഇന്നാളെ ബാനപുരി ഹുസ്‌നുൽ ജമാലോടിപ്പോൽ
ബദ്‌റുൽ മുനീറുറ്റെ പയക്കം എപ്പോൽ
തേനാർ ചിറക്കുന്നെ പയക്കം കേട്ട്‌
ദേഹം തളർച്ചകൊണ്ടുരയുന്നൊട്ട്‌
കാനം മലാബന്ദർ അടങ്കൽ ദേശാ
കടുപ്പം കടന്നോടുന്നൊരു ഫറ്‌സാ
ഫറസും ഒരുക്കാനാചമയം ഒക്കാ
പാതിലയിലിൽ ഞാൻ ഒരുക്കിനിക്കാം.

ഈ വരികളിൽ ആദ്യാക്ഷരപ്രാസവും അന്ത്യാക്ഷരവും അഥവാ കന്പിയും വാൽക്കന്പിയും ഓരോ മൊഴിയിലും കാണാം. ‘ന’ എന്ന അക്ഷരമാണ്‌ കഴുത്തായി നാല്‌ വരിയിലും വന്നിരിക്കുന്നത്‌. ചതുഷ്‌ക്കം അവസാനിക്കുന്നത്‌ ‘ഫർസാ’ എന്ന പദംകൊണ്ടാണ്‌. അടുത്ത വരി ആരംഭിക്കുന്നതും ‘ഫർസും’ എന്ന വാക്കുകൊണ്ടാണ്‌. അതാണ്‌ വാലുമ്മൽ കന്പി.

ചിറ്റെഴുത്ത്‌ എന്ന ഇടക്കന്പി താഴെ കൊടുക്കുന്ന വരികരിൽ കാണാം.

ഹഖാന കോനമറാൽക്കാവ്‌ വിട്ട്‌ നബി
പക്കാ മദീനത്തണവായ്‌
ഹാറേതും എത്തിടുകഈരാറും ഒത്തശഹ്‌ർ
ബാറാൽ പൊറുത്ത പിറകെ

ആദ്യമൊഴിയിൽ ‘ക്ക’ എന്ന അക്ഷരവും രണ്ടാമത്തെ മൊഴിയിൽ ‘റ’ എന്ന അക്ഷരവും ഒരേ താളക്രമത്തിൽ ആവർത്തിച്ചുവന്നിരിക്കുന്നു. ഈ പാട്ടിൽ അവസാന വരിവരെ ഇപ്രകാരം ഇടക്കന്പി കാണാം.

ഭാഷ
മാപ്പിളകാവ്യങ്ങളിലെ ഭാഷ മാപ്പിളമലയാളമാണെന്ന്‌ പറയാം. അറബിമലയാളത്തിൽനിന്ന്‌ അറബിവാക്കുകൾ ഒഴിവാക്കിയാൽ ബാക്കിവരുന്ന പദങ്ങൾ മലയാളപദങ്ങൾ മാത്രമല്ല. തമിഴ്‌, ഉർദു, ഹിന്ദി, പേർഷ്യൻ, കന്നഡ മുതലായ ഭാഷകളിലെ വാക്കുകൾ മാപ്പിളകാവ്യങ്ങളിൽ ധാരാളമായി കാണാം. കാലഘട്ടത്തിനനുസരിച്ചും രചയിതാക്കളുടെ അഭിരുചിമൂലവും ചില രചനകളിൽ ചില ഭാഷകളുടെ അമിതസ്വാധീനം കാണാം. ശുദ്ധമലയാളത്തിൽ രചിച്ച മാപ്പിളഗാന സാഹിത്യകൃതികൾ മുൻകാല രചനകളിൽ വളരെ അപൂർവമാണ്‌.

പ്രതിപാദ്യ വിഷയങ്ങളെ ആധാരമാക്കി മാപ്പിളപ്പാട്ട്‌ സാഹിത്യം പല പേരുകളിൽ അറിയപ്പെടുന്നു. ഖിസ്സപ്പാട്ട്‌, പടപ്പാട്ട്‌, സീറപ്പാട്ട്‌, മാലപ്പാട്ട്‌, മദ്‌ഹ്‌പാട്ട്‌, സർക്കീട്ട്‌ പാട്ട്‌, കല്യാണപ്പാട്ട്‌, ഉർദിപ്പാട്ട്‌ എന്നിവ പലതരത്തിലുള്ള രചനകളാണ്‌. വീരാരാധന, പ്രണയം, ദർശനം മുതലായ ആശയങ്ങളിലും രചനകളുണ്ട്‌. കൂടാതെ കാലികവിഷയങ്ങളിലൊക്കെ എല്ലാകാലത്തെ മാപ്പിളക്കവികളും പാട്ടുകൾ രചിച്ചതായി കാണാം. കെസ്സുപാട്ടുകൾ എന്ന പേരിലുള്ള പാട്ടുകളധികവും കാലികവിഷയങ്ങൾ പ്രതിപാദിക്കുന്ന രചനകളാണ്‌. ഒരു വിഷയം പൂർണമായും ഒരു പാട്ടിൽ ഉൾപ്പെടുത്തുന്ന രീതിയാണ്‌ കെസു. പാട്ടുകൾക്കുള്ളത്‌. ചുരുക്കത്തിൽ മാപ്പിളപ്പാട്ടുകൾക്ക്‌ വിഷയമാകാത്ത ഒരു കാര്യവുമില്ല എന്നതാണ്‌ പരമാർഥം.

കേരളത്തിലെ മുസ്ലിങ്ങൾക്കിടയിൽ അവരുടെ സാംസ്‌കാരിക പൈതൃകമായ മാപ്പിളപ്പാട്ടിന്റെ സ്വാധീനം ചെറുതല്ല. വിവാഹം, കാതുകുത്ത്‌, ചേലാകർമം മുതലായ ഗാർഹികാഘോഷ വേളകളിൽ സംഘമായി പാട്ടുകൾ ആലപിക്കപ്പെട്ടിരുന്നു. ഒപ്പന, വട്ടപ്പാട്ട്‌, കോൽക്കളി, ദഫ്‌മുട്ട്‌, അറബനമുട്ട്‌ മുതലായ കലകൾ അവതരിപ്പിക്കുമ്പോൾ മാപ്പിള ഇശലുകളുടെ ആലാപനം നിർബന്ധിതമാണല്ലോ. ബീഡിതെറുപ്പുകാരും കാളവണ്ടിക്കാരും ജോലിസമയത്ത്‌ മാപ്പിളപ്പാട്ടുകൾ പാടി വിരസര ഒഴിവാക്കി ആനന്ദം കണ്ടെത്തിയിരുന്നു. ഈ കാലത്തെ അക്ഷരശ്ലോകം പോലെ ‘കന്പിപാടുക’ എന്ന പേരിൽ ഒരു മത്സരം മാപ്പിളപ്പാട്ട്‌ ഗായകർക്കിടയിൽ നടക്കാറുണ്ടായിരുന്നു. ഒരാൾ പാടി അവസാനിപ്പിച്ച അക്ഷരംകൊണ്ട്‌ തുടങ്ങുന്ന വരി അപരൻ പാടുക എന്ന രീതിയാണത്‌.

സ്‌കൂൾ, കോളേജ്‌ കലോത്സവങ്ങളിൽ ആസ്വാദകരെ ആനന്ദിപ്പിക്കുന്ന ഒരു മത്സരയിനമാണ്‌ മാപ്പിളപ്പാട്ട്‌. പ്രാസനിയമങ്ങൾ പാലിച്ചുകൊണ്ട്‌ ഇശലൊപ്പിച്ചെഴുതിയ തനിമയാർന്ന രചനകൾ മാത്രമേ മത്സരവേദികളിൽ പരിഗണിക്കപ്പെടുകയുള്ളൂ. ആലാപനനിയമങ്ങൾ പാലിച്ചുകൊണ്ട്‌ ശ്രുതിമധുരമായി ആലപിച്ചാൽ മാത്രം മത്സരത്തിൽ മികവ്‌ പുലർത്തുവാൻ കഴിയും. മാപ്പിളപ്പാട്ടിന്റെ പാടിപ്പതിഞ്ഞ ഈണങ്ങൾക്കിടയിൽ ശാസ്‌ത്രീയസംഗീതത്തിന്റെ സ്വാധീനം കടന്നുവരുന്നത്‌ നിരുത്സാഹപ്പെടുത്തേണ്ടതാണ്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eleven + four =

Most Popular