തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന പശ്ചിമബംഗാളിന്റെ തലസ്ഥാനമായ കൊൽക്കൊത്തയിൽ ശുചീകരണത്തൊഴിലാളികൾ ദുരിതപൂർണമായ ജീവിതവും തൊഴിൽ സാഹചര്യങ്ങളും നേരിടുകയാണ്. മാത്രവുമല്ല, പട്ടികവർഗവിഭാഗത്തിൽപ്പെട്ടവർ ഭൂരിഭാഗമുള്ള ഈ തൊഴിലിനോട് അങ്ങേയറ്റത്തെ അവഗണനയും തൊഴിലാളികളോട് മോശം പെരുമാറ്റവുമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. അവർ നേരിടുന്ന അവഗണനയുടെ നേർചിത്രം കഴിഞ്ഞ 30 വർഷമായി ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന ബജ് രംഗിയുടെ വാക്കുകളിൽ നിഴലിക്കുന്നു: “ഞങ്ങളുടെ താമസസ്ഥലമാകെ ശോച്യാവസ്ഥയിലാണ് ശുചീകരണത്തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സ് ഭരിക്കുന്ന പാർടിയായ തൃണമൂൽകോൺഗ്രസിന്റെ അധികാര കേന്ദ്രത്തിന്റെ മൂക്കിനുകീഴെയാണ്. കുടിവെള്ള സൗകര്യംപോലുമില്ലാത്ത പൊട്ടിപ്പൊളിഞ്ഞ ഒറ്റമുറിയിൽ രണ്ടും മൂന്നും ആളുകൾ താമസിക്കുന്നു. പരിമിതമായ ടോയ്ലറ്റ് സൗകര്യമാണുള്ളത് 3-‐ാം തരം പൗരരുടെ ജീവിതമാണ് നയിക്കുന്നത്.”
മാന്യമായ വേതനമോ ആനുകൂല്യങ്ങളോ ഇല്ലാതെ അവർ 365 ദിവസവും പണിയെടുക്കുന്നു. മുമ്പ് ആഴ്ച അവധി വേണം എന്ന നിലയിൽ തുച്ഛമായതെങ്കിലും അധികവേതനം ലഭിച്ചിരുന്നു. എന്നാൽ കോവിഡ് -19 മഹാമാരിയോടെ ഇതും ഇല്ലാതായി. ഇപ്പോൾ ഇവർ അവധിവേതനത്തിന് അർഹരല്ല. വർഷം മുഴുവനും എല്ലാ ദിവസവും ജോലി ചെയ്തെങ്കിൽ മാത്രമേ അരിഷ്ടിച്ചു ജീവിച്ചുപോകാനുള്ള വരുമാനം ലഭിക്കൂ.
മാലിന്യം നീക്കി നഗരം വെടിപ്പാക്കാൻ ഈ തൊഴിലാളികൾ നടുവൊടിഞ്ഞ് പണിയെടുക്കണം. മാലിന്യം കോരി കൈവണ്ടികളിൽ നിറച്ച് ഉന്തിക്കൊണ്ടുചെന്ന് അതാതു വേസ്റ്റ്ബിന്നുകളിൽ നിറയ്ക്കണം. ഏകദേശം മൂന്നു മുതൽ 6 കി.മി വരെ ദൂരത്തിൽ ഏഴു ക്വിന്റൽ വരെ മാലിന്യമുണ്ടാകും. ഇത് കോരി മാറ്റണമെങ്കിൽ ഇവർക്ക് നല്ല കായികശേഷി വേണം. ഇങ്ങനെ 8 മണിക്കൂർ വിശ്രമമില്ലാതെ പണിയെടുത്താൽ കിട്ടുന്നത് വെറും 202 രൂപ! ഈ അണാപൈസയ്ക്കു പുറമേയാണ് അധികൃതരുടെ കർശനമായ വ്യവസ്ഥകളും ഒരു റോഡു വൃത്തിയാക്കേണ്ടതിനു പകരം രണ്ടും മൂന്നും റോഡുകൾ വൃത്തിയാക്കിക്കും. ഈ പണിയെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയാൽ വൃത്തിയായി കുളിക്കാൻ കുളിമുറികളില്ല. ഒരിക്കലും ക്വാർട്ടേഴ്സുകൾ നന്നാക്കാറില്ല. കതകും ജനലുമൊക്കെ പൊളിഞ്ഞുവീഴാറായ അവസ്ഥയിലാണ്. ഇടതു മുന്നണി സർക്കാർ ഭരിച്ചിരുന്നപ്പോൾ മാത്രമാണ് അറ്റകുറ്റപണികൾ നടത്തിയിരുന്നത്. 2011 നു ശേഷം അതൊന്നുമുണ്ടായില്ല.
കോർപ്പറേഷന്റെ ശുചീകരണത്തൊഴിലാളികളിൽ ഭൂരിഭാഗവും ബീഹാർ, ഉത്തർപ്രദേശ്, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരാണ്. കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷനിൽ മാത്രം ശുചീകരണത്തൊഴിലാളികളുടെ 40000 സ്ഥിരം തസ്തികയുണ്ട്. ഇതിൽ 6000 മാത്രമേ ഇതുവരെ നികത്തിയിട്ടുള്ളൂ. ശേഷിക്കുന്ന തസ്തികകൾ 100 ദിവസത്തെ തൊഴിലുറപ്പു പദ്ധതി വഴി നിർവഹിക്കുകയാണ്. അവർക്കും ദിവസവേതനം 202 രൂപയാണ്. അതേസമയം ഇവർ സ്ഥിരജീവനക്കാരുടെ അതേ ജോലി നിർവഹിക്കുകയും ചെയ്യണം. വിരമിക്കുന്ന തൊഴിലാളിക്കു പകരം കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുന്ന രീതി അവസാനിച്ചിരിക്കുന്നു. പകരം 404 രൂപ പ്രതിദിനവേതനത്തിന് പുറത്തുനിന്നും ആളെ നിയമിക്കുന്നു. അതും ഇപ്പോൾ ഇല്ലാതാവുകയാണ്.
ഒരു ദിവസം പോലും അവധിയില്ലാതെ, അവധിയെടുത്താൽ ശമ്പളമില്ലാതെ, വിശ്രമമില്ലാതെ, വൃത്തികെട്ട സാഹചര്യത്തിൽ പണിയെടുക്കുന്ന കൊൽക്കത്തയിലെ ശുചീകരണത്തൊഴിലാളികൾ സംസ്ഥാനം ഭരിക്കുന്ന തൃണമൂൽകോൺഗ്രസിനെതിരെയും അതിനെ നയിക്കുന്ന മമതയ്ക്കെതിരെയും കടുത്ത രോഷത്തിലാണ്. സമരത്തിലേക്കു നയിക്കുന്ന സാഹചര്യമാണ് ഇന്നവിടെ നിലനിൽക്കുന്നത്. ഈ തൊഴിലാളികൾ ഒരു ദിനം പണിമുടക്കിയാൽ കൊൽക്കത്ത നഗരത്തിന്റെ അവസ്ഥയെന്തായിരിക്കുമെന്ന് അധികാരികളും ഭരണത്തിലുള്ളവരും ഓർക്കണം. മനുഷ്യരെന്ന നിലയിൽ മാന്യമായി ജീവിക്കാനുള്ള അവകാശം നേടിയെടുക്കാൻ ഇവർ തെരുവിലിറങ്ങുന്ന കാലം അനതി വിദൂരമല്ല. ♦