Saturday, May 18, 2024

ad

Homeപുസ്തകംകമ്യൂണിസ്റ്റ്‌ വിപ്ലവകാരിയുടെ ജീവിതകഥ

കമ്യൂണിസ്റ്റ്‌ വിപ്ലവകാരിയുടെ ജീവിതകഥ

ജി വിജയകുമാർ

ദാദാ അമീർ ഹൈദർഖാൻ അണയാത്ത തീനാളം
വി കെ ഷറഫുദ്ദീൻ
സമത, തൃശൂർ
വില: 250/‐ രൂപ
ന്ത്യയിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ നിർണായകമായ പാർലമെന്ററി സ്വാധീനമൊന്നുമില്ല. എന്നിട്ടും ഈ രാജ്യത്ത്‌ എല്ലാ ഭാഗത്തുനിന്നും കടുത്ത കടന്നാക്രമണം നേരിടുന്ന രാഷ്‌ട്രീയപ്രസ്ഥാനമാണ്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം. ഇത്‌ എന്തുകൊണ്ടെന്ന ചോദ്യത്തിന്‌ ഒരൊറ്റ ഉത്തരമേയുള്ളൂ. ഭരണവർഗ രാഷ്‌ട്രീയത്തിന്‌, അതായത്‌ വലതുപക്ഷ രാഷ്‌ട്രീയത്തിന്‌ ബദൽ മുന്നോട്ടുവയ്‌ക്കുന്നത്‌ കമ്യൂണിസ്റ്റുകാർ മാത്രമാണ്‌ എന്നതാണ്‌. ഇന്ത്യൻ സ്വാതന്ത്ര്യസമരകാലം മുതൽ ഇതാണവസ്ഥ.

ബ്രിട്ടീഷ്‌ വാഴ്‌ചയിൽനിന്ന്‌ ഇന്ത്യക്ക്‌ പൂർണ സ്വാതന്ത്ര്യം എന്നതായിരിക്കണം സ്വാതന്ത്ര്യസമരത്തിന്റെ മുദ്രാവാക്യമെന്ന്‌ ആദ്യമായി അവതരിപ്പിച്ചത്‌ കമ്യൂണിസ്റ്റുകാരായിരുന്നു. 1921ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ കമ്യൂണിസ്റ്റുകാരനായ ഹസ്രത്‌ മൊഹാനിയാണ്‌ പൂർണ സ്വാതന്ത്ര്യപ്രമേയം ആദ്യമായി അവതരിപ്പിച്ചത്‌. കേവലമായ ഭരണമാറ്റം മാത്രമല്ല, കർഷകരും തൊഴിലാളികളും ഉൾപ്പെടെയുള്ള അധ്വാനിക്കുന്ന ജനസാമാന്യത്തിനാകെ മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുന്ന, ചൂഷണരഹിതമായ ഒരു സമൂഹമായിരിക്കണം സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ രൂപംകൊള്ളേണ്ടത്‌ എന്നും തുടക്കംമുതൽ കമ്യൂണിസ്റ്റുകാർ വാദിച്ചിരുന്നു. ഇതൊന്നും അംഗീകരിക്കാൻ കോൺഗ്രസ്‌ തയ്യാറായില്ല (ഒരുകാലത്തും തയ്യാറല്ല) എന്നു മാത്രമല്ല, പൂർണ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം കോൺഗ്രസ്‌ അംഗീകരിക്കുന്നതുതന്നെ 1928 ആയപ്പോൾ മാത്രമാണ്‌. 1921 മുതൽ എല്ലാ കോൺഗ്രസ്‌ സമ്മേളനങ്ങളിലും കമ്യൂണിസ്റ്റുകാർ ഈ ആവശ്യം മുന്നോട്ടുവച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിക്കുകയും ജനങ്ങൾക്കിടയിൽ അതിന്‌ വർധിച്ചതോതിലുള്ള സ്വീകാര്യത നേടിയെടുക്കുകയും ചെയ്‌തതോടെ കോൺഗ്രസ്‌ നേതൃത്വം ആ മുദ്രാവാക്യം ഏറ്റെടുക്കാൻ നിർബന്ധിതമാകുകയായിരുന്നു.

സ്വാതന്ത്ര്യസമരം എങ്ങനെയായിരിക്കണമെന്ന കാര്യത്തിലും കോൺഗ്രസിന്റെ വലതുപക്ഷ നേതൃത്വത്തിൽനിന്നും വേറിട്ട നിലപാടായിരുന്നു കമ്യൂണിസ്റ്റുകാരുടേത്‌. വ്യക്തിസത്യഗ്രഹങ്ങളിലും നിവേദനങ്ങളിലും ഒതുങ്ങിനിന്ന വലതുപക്ഷ നിലപാടുകളിൽനിന്നും ഒറ്റപ്പെട്ട വ്യക്തിഗത ഭീകരപ്രവർത്തനങ്ങളിൽനിന്നും വ്യത്യസ്‌തമായി തൊഴിലാളി‐കർഷക ബഹുജനങ്ങളെയാകെ അണിനിരത്തിക്കൊണ്ടുള്ള, അവരുടെ ജീവൽപ്രശ്‌നങ്ങൾ ഉയർത്തി അതിന്റെ അടിസ്ഥാനത്തിൽ അവരെ അണിനിരത്തിക്കൊണ്ടുള്ള ബഹുജന സമരമായിരിക്കണം കോളനിവാഴ്‌ചയ്‌ക്കെതിരായ പോരാട്ടം എന്ന നിലപാടായിരുന്നു കമ്യൂണിസ്റ്റുകാരുടേത്‌. ആ നിലപാട്‌ ഒരു പരിധിവരെ ദേശീയ സ്വാതന്ത്ര്യത്തിനായുള്ള പ്രസ്ഥാനം അംഗീകരിച്ചതിന്റെയും അതനുസരിച്ച്‌ വർഗ ബഹുജനസമരങ്ങൾ വളർത്തിക്കൊണ്ടുവന്നതിന്റെയും കൂടി ഫലമായാണ്‌ ഇന്ത്യ സ്വതന്ത്രമായത്‌. അതായത്‌ ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ അതുല്യമായ പങ്കാണ്‌ കമ്യൂണിസ്റ്റുകാർ വഹിച്ചതെന്നർഥം.

ദാദ എന്ന്‌ സുഹൃത്തുക്കളും സഖാക്കളും വിളിച്ചിരുന്ന അമീർ ഹൈദർഖാനെയും ഹസ്രത്‌ മൊഹാനിയെയും മുസഫർ അഹമ്മദിനെയും എം എൻ റോയിയെയും ഡാങ്കെയെയും പി സി ജോഷിയെയും അജയ്‌ ഘോഷിനെയും ബി ടി രണദിവെയെയും പി സുന്ദരയ്യയെയും മറ്റും പോലെയുള്ള കമ്യൂണിസ്റ്റുകാർ, പിൽക്കാലത്ത്‌ പി കൃഷ്‌ണപിള്ളയെയും ഇ എം എസിനെയും എ കെ ജിയെയും പോലെയുള്ള കമ്യൂണിസ്റ്റുകാർ‐ സ്വാതന്ത്ര്യസമരത്തിന്റെ ഈ ധാരയിലെ നേതൃനിര വഹിച്ച പങ്ക്‌ അടയാളപ്പെടുത്തപ്പെടാതിരിക്കാനാവില്ല. ഇത്തരം ആയിരക്കണക്കിന്‌ നേതാക്കളും പ്രവർത്തകരും നടത്തിയ പോരാട്ടങ്ങൾ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്ക്‌ അവിസ്‌മരണീയമായ പങ്കാണ്‌ വഹിച്ചിട്ടുള്ളത്‌. ഈ നേതൃനിരയിൽ ആദ്യം ഓർക്കപ്പെടേണ്ട ഒരാളാണ്‌ ദാദ അമീർ ഹൈദർഖാൻ.

അദ്ദേഹത്തിന്റെ പേര്‌ മറ്റു കമ്യൂണിസ്റ്റു നേതാക്കളുടെ ഓർമക്കുറിപ്പുകളിലും ജീവചരിത്രങ്ങളിലും പരാമർശിക്കപ്പെട്ടിട്ടുണ്ടെന്നതിനപ്പുറം ആ അനശ്വര വിപ്ലവകാരിയുടെ ജീവിതം ഏറെയൊന്നും എഴുതപ്പെടുകയുണ്ടായില്ല. തമിഴിൽ രചിക്കപ്പെട്ട അദ്ദേഹത്തിന്റെ ദ്യകാല ജീവിതം വിവരിക്കുന്ന ആത്മകഥയും ഡയറിക്കുറിപ്പുകളുടെ തമിഴ്‌, തെലുങ്ക്‌, കന്നഡ പരിഭാഷകളും പുറത്തുവന്നതിനപ്പുറം ഡോ. അയൂബ്‌ മിർസ ഉറുദുവിൽ രചിച്ച ‘അമീർ ഹൈദർഖാൻ’ എന്ന അദ്ദേഹത്തിന്റെ ജീവിതകഥയുമാണ്‌ ഇന്ന്‌ ലഭ്യമായിട്ടുള്ളത്‌. ഈ കൃതിയുടെ മലയാള പരിഭാഷ ഏതാനും വർഷംമുമ്പ്‌ ചിന്ത പബ്ലിഷേഴ്‌സ്‌ പ്രസിദ്ധീകരിച്ചതിനപ്പുറം മലയാളത്തിൽ അദ്ദേഹത്തെക്കുറിച്ച്‌ മറ്റു രചനകളൊന്നും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. ആ കുറവ്‌ നികത്തുന്നതാണ്‌ വി കെ ഷറഫുദ്ദീൻ രചിച്ച്‌ മലയാളത്തിലെ ഇടതുപക്ഷ പുസ്‌തകപ്രസാധനരംഗത്തെ പെൺകൂട്ടായ്‌മയായ സമത പുറത്തിറക്കിയ ‘‘ദാദാ അമീർ ഹൈദർഖാൻ: അണയാത്ത തീനാളം’’ എന്ന കൃതി.

ഝലം നദിയുടെ കരയിൽ ഇപ്പോൾ പാകിസ്ഥാനിൽ ഉൾപ്പെടുന്ന റാവൽപിണ്ടിക്കടുത്തുള്ള സിവിലിയൻ ഗ്രാമത്തിലെ ഒരു ദരിദ്രകുടുംബത്തിലാണ്‌ അമീർ ഹൈദർഖാൻ ജനിച്ചത്‌. ദാരിദ്ര്യവും ദുരിതങ്ങളും ഏറെ സഹിച്ച ബാല്യകാലത്തുതന്നെ അനീതിയോട്‌ പൊരുതാനുള്ള ഒരു മനസ്സ്‌ അദ്ദേഹത്തിൽ വളർന്നിരുന്നു; ഒപ്പം പഠിക്കാനും അറിവാർജിക്കാനുമുള്ള അദമ്യമായ ആഗ്രഹവും. ബാല്യത്തിൽതന്നെ തൊഴിൽതേടി നാടുവിട്ടിരുന്ന മൂത്ത സഹോദരൻ ബോംബെയിലെവിടെയോ ഉണ്ടെന്നറിഞ്ഞ ഹൈദർ കൗമാരപ്രായത്തിലെത്തും മുമ്പുതന്നെ അങ്ങോട്ടേയ്‌ക്ക്‌ വണ്ടികയറി. സഹോദരൻ ഷേർ അലി ഒരു മയക്കുമരുന്ന്‌ സംഘത്തിനൊപ്പമാണെന്നറിഞ്ഞ ഹൈദർ വല്ലാതെ വേദനിച്ചു. പൊലീസ്‌ പിടിയിൽപെട്ട്‌ തടവിലായ ഷേർ അലി ജയിൽമോചിതനായശേഷം ഇരുവരും നാട്ടിലേക്ക്‌ മടങ്ങി. വാത്സല്യനിധിയായ സഹോദരിക്കൊപ്പം കുറച്ചുനാൾ കഴിഞ്ഞ ഹൈദർ അവർ കൊടുത്ത രണ്ടുരൂപയുമായി വീണ്ടും ബോംബെയിലേക്ക്‌ തൊഴിൽതേടി യാത്രയായി. ഒരിക്കലും സത്യസന്ധത കൈവെടിയരുതെന്ന ഉപദേശം നൽകിയാണ്‌ സഹോദരി നൂർ, ഹൈദറിനെ യാത്രയാക്കിയത്‌.

ബോംബെയിൽ പഴയ കപ്പലുകളുടെ പെയിന്റ്‌ ഉരച്ചുകളയുന്ന കുട്ടിത്തൊഴിലാളികൾക്കൊപ്പം കൂടിയ ഹൈദർ സ്വന്തം കാലിൽ നിൽക്കാനായതിൽ അഭിമാനം കൊണ്ടു. തുടർന്ന്‌ ഒരു ചരക്കുകപ്പലിൽ തൊഴിലാളിയായി. അറേബ്യയും തുർക്കിയും യൂറോപ്പുമെല്ലാം ചുറ്റി ഒടുവിൽ അമേരിക്കയിലുമെത്തി. മുതലാളിത്തത്തിന്റെ പറുദീസയെന്ന്‌ അക്കാലത്ത്‌ അറിയപ്പെട്ടിരുന്ന ന്യൂയോർക്കിലെ ബ്രൂക്‌ലിനിലാണ്‌ ആദ്യമെത്തിയത്‌. ഇതിനിടയിൽ കപ്പലിൽ പണികിട്ടാൻ ഏജന്റിന്‌ പണം കൊടുക്കേണ്ടതായി വരുന്നതിനെതിരെ കപ്പൽ തൊഴിലാളികൾ നടത്തിയ പണിമുടക്കിൽ പങ്കെടുക്കുക മാത്രമല്ല, അതിന്റെ നേതാവായി മാറുകയും ചെയ്‌തു ആ പതിനഞ്ചുകാരൻ.

അമേരിക്കയിൽനിന്ന്‌ മടങ്ങി റഷ്യയിലെ വ്ളഡിവോസ്റ്റോക്കിലും പിന്നീട്‌ ചൈനയിലെ ഷാങ്‌ഹായിയിലും അമേരിക്കയിലെ ഫിലാഡൽഫിയയിലും ലണ്ടനിലുമെല്ലാം എത്തി. അങ്ങനെ തൊഴിൽ ചെയ്യുന്നതിന്റെ ഭാഗമായി ഉലകം ചുറ്റിയ ആ കൗമാരക്കാരന്റെ പഠനം, മാക്‌സിം ഗോർക്കി തന്റെ ആത്മകഥാപരമായ രചനയ്‌ക്ക്‌ നൽകിയ പേരുപോലെ, ജീവിതമെന്ന ആ മഹാ സർവകലാശാലയിലായിരുന്നു. ഇതിനിടയിൽ തന്നെ അദ്ദേഹം ട്രേഡ്‌ യൂണിയൻ പ്രവർത്തകനും നേതാവുമായി. ഇംഗ്ലീഷ്‌ ഭാഷയും മറൈൻ എൻജിനീയറിങ്ങും പഠിച്ചു. വിദേശങ്ങളിൽ പ്രവാസികളായി കഴിഞ്ഞിരുന്ന ഇന്ത്യക്കാരെ പലരെയും പരിചയപ്പെട്ടു. അവരിൽ പലരും സ്വാതന്ത്ര്യസമരപോരാളികളുമായിരുന്നു. കൂട്ടത്തിൽ അസോസിയേഷൻ ഓഫ്‌ ഫ്രണ്ട്‌സ്‌ ഓഫ്‌ ഫ്രീഡം ഫോർ ഇന്ത്യ എന്ന സംഘടനയുടെ സ്ഥാപകയായ ആഗ്നസ്‌ സ്‌മെഡ്‌ലിയുമായി ബന്ധപ്പെടുകയും ഗദർ പാർട്ടിയിൽ അംഗമാവുകയും ചെയ്‌തു. ഇതിനിടയിൽ റഷ്യയിൽ ഒക്‌ടോബർ സോഷ്യലിസ്റ്റ്‌ വിപ്ലവം നടന്ന വാർത്തയും ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തിന്റെയുമെല്ലാം വാർത്തകളും അറിഞ്ഞുകൊണ്ടിരുന്നു.
അമേരിക്കയിൽ കഴിയവെ അമേരിക്കൻ പൗരത്വം നേടിയ ഹൈദർ അമേരിക്കൻ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗവുമായി. അമേരിക്കയിൽനിന്ന്‌ മാർക്‌സിസം‐ലെനിനിസം പഠിക്കാൻ നിയുക്തനായ ഏഴംഗ വിദ്യാർഥിസംഘത്തിൽ ഹൈദറും ഉൾപ്പെട്ടിരുന്നു. 1921ൽ മോസ്‌കോയിലായിരിക്കവെ ഹൈദർ സോവിയറ്റ്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായി. രണ്ടരവർഷത്തെ സോവിയറ്റ്‌ യൂണിയനിലെ താമസവും പഠനവും ഹൈദറെ തികച്ചും പുതിയൊരു മനുഷ്യനാക്കി മാറ്റിയിരുന്നു. കമ്യൂണിസ്റ്റ്‌ ഇന്റർനാഷണലിന്റെ നേതൃത്വം ഇന്ത്യയിൽ സംഘടിത കമ്യൂണിസ്റ്റ്‌ പാർട്ടി കെട്ടിപ്പടുക്കുകയെന്ന ചുമതല നൽകി ഹൈദറെ ഇന്ത്യയിലേക്കയച്ചു. അദ്ദേഹം ബോംബെയിലെത്തി അവിടെ പ്രവർത്തിച്ചിരുന്ന കമ്യൂണിസ്റ്റുകാരുമായി ബന്ധം സ്ഥാപിച്ചു. അവിടെ അദ്ദേഹം പരിചയപ്പെട്ട ഡാങ്കെ, പി സി ജോഷി, മിറാജ്‌കർ എന്നിവരെല്ലാം നിത്യചെലവുകൾ നിറവേറ്റാൻ പണമില്ലാതെ കടുത്ത ബുദ്ധിമുട്ട്‌ അനുഭവിക്കുകയായിരുന്നു. അതിന്‌ പരിഹാരമുണ്ടാക്കാതെ മുന്നോട്ടുപോകാനാകില്ലെന്നു കണ്ട ഹൈദർ ജോലിചെയ്‌ത്‌, കിട്ടുന്ന കൂലിയിൽ കഷ്ടിച്ച്‌ ജീവൻ നിലനിർത്താൻ വേണ്ടിവരുന്ന ഭക്ഷണം (പലപ്പോഴും ഒരു ചായയിലും എന്തെങ്കിലും ലഘുഭക്ഷണത്തിലും മാത്രമൊതുക്കി) കഴിക്കാനുള്ള തുകമാത്രം ചെലവാക്കി ബാക്കി പാർട്ടി പ്രവർത്തനത്തിനായി മാറ്റിവെച്ചു. ഇതാണ്‌ അമീർ ഹൈദർഖാൻ എന്ന കമ്യൂണിസ്റ്റുകാരന്റെ സവിശേഷത.

ബോംബെയിൽ പ്രവർത്തിച്ചിരുന്ന ഹൈദർ ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ്‌ നേതാക്കൾ കൂടിയാലോചിച്ച്‌ ഹൈദറെ തെക്കെ ഇന്ത്യയിൽ പാർട്ടി കെട്ടിപ്പടുക്കാനുള്ള ചുമതല നൽകി മദ്രാസിലേക്കയച്ചു. അവിടെയത്തിയ ഹൈദർ, ആ സ്ഥലവും അവിടത്തെ ഭാഷയും തികച്ചും അപരിചിതമായിട്ടും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ പോരാളികളായിരുന്നവരിൽ പുരോഗമന ചിന്താഗതിക്കാരുമായി ബന്ധം സ്ഥാപിക്കുക മാത്രമല്ല, തൊഴിലാളികളെ സംഘടിപ്പിക്കാൻ അവരിൽ പലർക്കും മാർഗനിർദേശം നൽകുകയും ചെയ്‌ത്‌ മദിരാശി പ്രസിഡൻസിയിൽ കമ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തനത്തിന്‌ അടിത്തറപാകി. പി സുന്ദരയ്യ ഉൾപ്പെടെയുള്ള നിരവധി വിദ്യാർഥികളെ കമ്യൂണിസ്റ്റ്‌ പാർട്ടിയിലേക്ക്‌ ആകർഷിച്ചതിൽ ഹൈദറിനുള്ള പങ്ക്‌ അനിഷേധ്യമാണ്‌.

മദ്രാസിലും ബോംബേയിലും ബ്രിട്ടീഷ്‌ രഹസ്യ പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ പ്രവർത്തനം നടത്തുന്നതിനിടയിൽ ഹൈദർ മോസ്‌കോയിലെ കോമിന്റേൺ ആസ്ഥാനവുമായി ബന്ധപ്പെടുകയും അതീവ രഹസ്യമായി മോസ്‌കോയിലേക്ക്‌ പോവുകയും ചെയ്‌തിരുന്നു. മാത്രമല്ല, നാട്ടിലെത്തി സഹേദരിയെയും കുടുംബത്തെയും കാണാനും തിരക്കിനിടയിൽതന്നെ സമയം കണ്ടെത്തുകയും ചെയ്‌തിരുന്നു. പലവട്ടം പൊലീസിന്റെ പിടിയിൽപെട്ട്‌ ജയിൽവാസം അനുഭവിക്കേണ്ടതായും വന്നു. സ്വാതന്ത്ര്യാനന്തരം പാകിസ്താനിലായ ഹൈദർ പാകിസ്താനിൽ നിന്നുള്ള ഹിന്ദുക്കളുടെ കൂട്ടപ്പലായനം തടയാൻ വിഫലമായെങ്കിലും തന്നാലാവുംവിധം പരിശ്രമിച്ചു. പാകിസ്താനെ മതനിരപേക്ഷ രാഷ്‌ട്രമായി നിലനിർത്തുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിലാഷം. പക്ഷേ, പട്ടാളമേധാവികളുടെയും മുരത്ത വർഗീയവാദികളുടെയും ക്രൂരരായ ഭൂപ്രഭുക്കളുടെയും സ്വാർഥ താൽപര്യക്കാരായ പെറ്റീബൂർഷ്വാ രാഷ്‌ട്രീയക്കാരുടെയും പിടിയിൽപെട്ട്‌ പാക്‌ ജനത അനുഭവിക്കുന്ന ദുരിതങ്ങളെ ചെറുക്കാനും കമ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തനം സജീവമാക്കാനും അദ്ദേഹം നിരന്തരം ശ്രമിച്ചെങ്കിലും പാകിസ്താൻ ഭരണാധികാരികൾ അദ്ദേഹത്തെയും ഒപ്പമുള്ള സഖാക്കളെയും തുറുങ്കിലടച്ച്‌ അത്തരം നീക്കങ്ങൾ നടത്താൻ പറ്റാത്ത അവസ്ഥ സൃഷ്ടിക്കുകയായിരുന്നു. എന്നിട്ടും ജയിൽമോചിതനാകുമ്പോഴെല്ലാം തന്റെ ശ്രമം അദ്ദേഹം തുടർന്നുകൊണ്ടിരുന്നു. ജീവിതാന്ത്യത്തിനടുത്ത്‌ അദ്ദേഹം ഇന്ത്യയിലെത്തി പഴയ സമരസഖാക്കളെ കാണുകയും ചെയ്‌തു.

1989 ഡിസംബർ 27ന്‌ എരിഞ്ഞടങ്ങിയ ആ രക്തനക്ഷത്രത്തിന്റെ വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടവീറിന്റെ ജ്വലിക്കുന്ന ഒരു ഉദാഹരണം കൂടി നോക്കാം. അദ്ദേഹം ജയിലിലായിരിക്കെ ബ്രിട്ടീഷുകാരനായ ജയിൽ സൂപ്രണ്ട്‌ ഹച്ചിൻസൺ, രാഷ്‌ട്രീയപ്രവർത്തനം അവസാനിപ്പിക്കാനും മദിരാശി പ്രസിഡൻസി വിട്ടുപോകാനും തയ്യാറായാൽ ജയിൽമോചനം പരിഗണിക്കാമെന്ന്‌ പറഞ്ഞതിന്‌ ഹൈദർ എഴുതി നൽകിയ മറുപടി ഇതായിരുന്നു‐ ‘‘കടലേഴും കടന്ന്‌ തോക്കിൻമുനയാൽ തങ്ങളുടെ രാജ്യം കീഴടക്കാൻ നിങ്ങൾക്കവകാശമുണ്ടെങ്കിൽ, ഈ രാജ്യത്ത്‌ ജനിച്ച എന്നെപ്പോലൊരാൾക്ക്‌ ഇവിടെ ജീവിക്കാൻ അവകാശമില്ലേ? ഇന്ത്യ മുഴുവൻ എന്റേതാണ്‌. മദിരാശി ഉൾപ്പെടെ എവിടെ ജീവിക്കുവാനും എനിക്കവകാശമുണ്ട്‌. ഞാൻ ഒരു ബോൾഷെവിക്കാണ്‌. എന്റെ പ്രധാന കടമ സാമ്രാജ്യത്വത്തെ ചെറുക്കുകയാണ്‌. ജീവിച്ചിരിക്കുന്ന കാലത്തോളം ഞാനത്‌ ചെയ്യും. മോചനത്തിനായി ഒരുപാധിയും വിട്ടുവീഴ്‌ചയും സ്വീകരിക്കാൻ ഞാൻ തയ്യാറല്ല’’. (പേജ്‌ 143)

ഇവിടെ ആർഎസ്‌എസ്സിന്റെ സൈദ്ധാന്തികനായ, ഹിന്ദുത്വ പ്രത്യയശാസ്‌ത്രം മുന്നോട്ടുവച്ച വി സി സവർക്കറെയും കമ്യൂണിസ്റ്റുകാരനായ അമീർ ഹൈദർഖാനെയും തമ്മിൽ വേർതിരിച്ചു കാണാനാവുന്നത്‌. സവർക്കർ ജയിൽമോചിതനാകാൻ ബ്രിട്ടീഷുകാർക്ക്‌ മാപ്പെഴുതിക്കൊടുക്കുകയും പാദസേവ ചെയ്യുകയു ചെയ്‌തപ്പോൾ മറുവശത്ത്‌ ഹൈദർഖാനെപ്പോലെയുള്ള കമ്യൂണിസ്റ്റുകാർ ജയിൽമോചനം വാഗ്‌ദാനം ചെയ്യപ്പെട്ടിട്ടും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കുകയായിരുന്നു.

സിപിഐ എമ്മിന്റെ കണ്ണൂരിൽ ചേർന്ന 23‐ാം പാർട്ടി കോൺഗ്രസ്‌ വേദിയിൽ വെച്ച്‌ പാർട്ടി കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമിയാണ്‌ ഈ പുസ്‌തകം പ്രകാശനം ചെയ്‌തത്‌. പുതുതലമുറയിലെ കമ്യൂണിസ്റ്റുകാർ മാത്രമല്ല, സ്വാതന്ത്ര്യബോധമുള്ള പുരോഗമനവാദികളായ മുഴുവനാളുകളും അവശ്യം വായിച്ചിരിക്കേണ്ടതാണ്‌ ഈ കൃതി. ‘‘ദാദാ അമീർ ഹൈദർഖാൻ: അണയാത്ത തീനാളം’’ എന്ന ഈ പുസ്‌തകം രചിച്ച വി കെ ഷറഫുദ്ദീനും ഇത്‌ പ്രസിദ്ധീകരിച്ച സമതയും അഭിനന്ദനം അർഹിക്കുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 − nine =

Most Popular