Sunday, May 5, 2024

ad

Homeജൻഡർപുത്തൻ കാവ്യവഴികൾ തേടി ഡോണ മയൂര

പുത്തൻ കാവ്യവഴികൾ തേടി ഡോണ മയൂര

ഡോണ മയൂര/ആർ പാർവതി ദേവി

ഡോണ മയൂരയെ പരീക്ഷണാത്മക ദൃശ്യകവിത/ചിത്രകവിത യുടെ കേരളത്തിലെ ആദ്യ പഥിക എന്ന് വിശേഷിപ്പിക്കാം. അനന്തമായ ഡിജിറ്റൽ സാദ്ധ്യതകൾ ഉപയോഗിച്ച് വേറിട്ട വഴിയിലൂടെ സർഗാവിഷ്കാരം നടത്തുന്ന ഈ മലയാളി കവി ഇന്ന് അന്താരാഷ്ട്ര തലത്തിൽ “അസീമിക്’ കലയുടെ മേഖലയിൽ പ്രമുഖയാണ്. ഡോണയുടെ കാലിഗ്രഫി കഥാപരമ്പരയാണ് ഏറെ ശ്രദ്ധേയം. മലയാളികൾക്ക് അത്രതന്നെ പരിചിതമല്ലാത്ത മാധ്യമമാണ് ഡോണ തെരഞ്ഞെടുത്തിരിക്കുന്നത്. “Vispo’ എന്നറിയപ്പെടുന്ന ദൃശ്യകവിതാമണ്ഡലത്തിൽ ടെറി വിറ്റിക്, ക്രിസ്റ്റിൻ സ്നോഡ് ഗ്രാസ്, ഗാരി ബാർവിൻ എന്നിവർക്കൊപ്പം തിരുവനന്തപുരം ജില്ലയിലെ കാരേറ്റ് എന്ന ചെറിയ ഗ്രാമത്തിൽ ജനിച്ചു വളർന്ന ഡോണ മയൂര എന്ന ഡോൺ മേയുടെ പേരും ചർച്ച ചെയ്യപ്പെടുന്നു.

കഴിഞ്ഞ 24 വർഷമായി അമേരിക്കയിൽ കുടുംബമായി ജീവിക്കുന്ന ഡോണ മയൂര രണ്ടു മലയാള കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ഐസ് ക്യൂബുകളും’ ‘നീല മൂങ്ങ’യും.

ഡോണ മയൂരയുമായി ആർ പാർവതി ദേവി നടത്തിയ അഭിമുഖം

? പരമ്പരാഗത കാവ്യവഴിയിൽനിന്നും മാറിനടക്കാനുള്ള പ്രചോദനം എന്തായിരുന്നു.

• ചെറുപ്പത്തിൽ തന്നെ ചട്ടക്കൂട്ടിൽനിന്നും കുതറിമാറാനുള്ള ഒരു പ്രവണത എനിക്കുണ്ടായിരുന്നു. ആദ്യകാലങ്ങളിൽ കവിത എഴുതുമ്പോൾ വീട്ടിൽനിന്നും വലിയ എതിർപ്പായിരുന്നു. കവിയാവുക എന്നത് വഴിതെറ്റൽ ആണെന്നായിരുന്നു വീട്ടിൽ എല്ലാവരുടെയും ധാരണ. എങ്കിലും കുത്തിക്കുറിച്ചുകൊണ്ടിരുന്നു. മാത്രമല്ല, അന്നു തന്നെ ചെറിയതോതിൽ ചില ചിത്രങ്ങളും ഡയറികളിലും മറ്റും വരച്ചു. മഷിപ്പേനയിലെ നിബ്ബ്‌ ഉപയോഗിച്ച് കടലാസ്സിൽ ചില പരീക്ഷണങ്ങൾ. ഇതിനിടയിൽ എപ്പോഴോ അയ്യപ്പപണിക്കരുടെ “കം തകം പാതകം’ പോലെയുള്ള കവിതകൾ വായിക്കാൻ ഇടയായി. അതിന്റെ കാവ്യശില്പം എന്നെ വല്ലാതെ ആകർഷിച്ചു. പലരോടും അതേക്കുറിച്ച് അന്വേഷിച്ചെങ്കിലും തൃപ്തികരമായ ഉത്തരം ലഭിച്ചില്ല. വിവാഹശേഷം അമേരിക്കയിൽ പോയപ്പോൾ ഒരു ലൈബ്രറിയിൽനിന്നാണ് ‘ഷേപ്പ് പോയട്രി’ എന്ന പുസ്തകം കിട്ടിയത്. അങ്ങനെയാണ് പണിക്കർ സർ എഴുതിയത് ഷേപ്പ് പോയട്രിയുടെയും കോൺക്രീറ്റ് പോയട്രിയുടെയും ഒരു സമന്വയമാണെന്ന് ബോധ്യപ്പെട്ടത്. പണിക്കർ സാറിന്റെ കവിതക്ക് ഒരു ഡയമണ്ട് ആകൃതി ഉണ്ടല്ലോ. സർ അമേരിക്കയിൽ ബിരുദാനന്തര ബിരുദത്തിനു പഠിച്ചപ്പോൾ ഒരുപക്ഷേ ഇത്തരം പരീക്ഷണാത്മക കവിതകൾ പരിചയപ്പെട്ടിട്ടുണ്ടാകാം. എനിക്ക് അത് വളരെ ഇഷ്ടപ്പെട്ടു. ‘തം വിതം ജീവിതം’ എന്നൊക്കെ ഞാനും എഴുതി. ചില ആശയങ്ങൾ ചിത്രങ്ങളായും ആവിഷ്കരിച്ചു. കാൽഡ്രൺ എന്ന ദൃശ്യകവിതാ പ്രസിദ്ധീകരണവും ലൈബ്രറിയിൽ നിന്നും ലഭിച്ചു. അത് 1970ൽ ആരംഭിച്ചതാണ്. 1950 മുതൽ തന്നെ ‘കോൺക്രീറ്റ്’ കവിത എന്ന ശാഖ ശക്തമാണ്.

? ദൃശ്യ കവിതയിലേക്കുള്ള ആദ്യ ചുവടായി ഇതിനെ കാണാൻ കഴിയുമോ.

• അതെ. അങ്ങനെ പറയാം. 2001 ആയപ്പോൾ എനിക്ക് മകൻ ഉണ്ടായി. അപ്പോൾ ഐടി മേഖലയിലെ ജോലി ഞാൻ ഉപേക്ഷിച്ചു. പക്ഷേ കമ്പ്യൂട്ടർ ആപ്ളിക്കേഷനിലുള്ള എന്റെ അറിവുപയോഗപെടുത്തി “പെയിന്റ് ബ്രഷ്’ കൊണ്ട് ചില ഡിജിറ്റൽ ചിത്രങ്ങൾ ഒക്കെ വരയ്‌ക്കുമായിരുന്നു. ഫ്ലോ ചാർട് പോലും ഞാൻ കവിതാ രചനക്കായി ഉപയോഗിച്ചു. ഇത്തരം ദൃശ്യ കവിതകൾ പിൽക്കാലത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുവന്നു. ഇതിന് എന്തെങ്കിലും പ്രാധാന്യം ഉള്ളതായി ഞാൻ കരുതിയിട്ടില്ല. അന്ന് കെ സച്ചിദാനന്ദൻ മാഷ് മാത്രമാണ് പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ കമന്റ്‌ ചെയ്തത്. അദ്ദേഹം അന്താരാഷ്ട്രതലത്തിൽ സാഹിത്യമേഖലയിൽ നടക്കുന്ന ചലനങ്ങളെക്കുറിച്ച് അറിയാവുന്ന വ്യക്തിയാണല്ലോ.

? ഈ ഘട്ടത്തിൽ ആണോ ടെറി വിറ്റിക്കിന്റെ ശ്രദ്ധയിലേക്ക് ഡോണ വരുന്നത്.

• അതെ, അതാണ് ഏറ്റവും പ്രധാന വഴിത്തിരിവ്. ഞാൻ അന്നൊക്കെ വാട്ടർ കളറിനുള്ള 300 ജിഎസ്എം കടലാസ്സിൽ മഷിപ്പേന കൂടി ഉപയോഗിച്ചാണ് വരച്ചിരുന്നത്. ടെറി എന്റെ ഇത്തരം ദൃശ്യകവിത കാണുകയും എന്നെ ബന്ധപ്പെടുകയും ചെയ്തു. അത് എനിക്ക് വലിയ ആത്മവിശ്വാസം നൽകി. ഈ മേഖലയിലെ ഒരു ആധികാരിക വ്യക്തിത്വമാണ് ടെറി വിറ്റിക്ക്. ദേശീയ സ്വത്തായാണ് അവരെ അമേരിക്ക കണക്കാക്കുന്നത്. ടെറി വിറ്റികിനെ പോലെയുള്ളവരുടെ മുന്നിലേക്ക് ആയിരക്കണക്കിന് ദൃശ്യകവിതകൾ വരുന്നുണ്ടാകും. വെറുതെ ചില പരീക്ഷണങ്ങൾ നടത്തി കവിത എന്ന് പറഞ്ഞാൽ ഈ രംഗത്തെ പ്രഗത്ഭമതികൾ അംഗീകരിക്കില്ല.

? അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിലേക്ക് ഡോണയുടെ കവിത എത്തുവാൻ ടെറി വിറ്റിക് സഹായിച്ചോ.

• തീർച്ചയായും. അതിൽ എനിക്ക് അവരോട് വലിയ നന്ദിയുണ്ട്. ടെറി എന്നോട് രണ്ടു മാസികകൾക്ക് കവിത അയച്ചു നോക്കാൻ ആവശ്യപ്പെട്ട് ലിങ്ക് അയച്ചു തന്നു. ആ രണ്ടു പ്രസിദ്ധീകരണങ്ങളും അവ അംഗീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. അത് ആ മേഖലയിലുള്ളവരുടെ ശ്രദ്ധയിലേക്ക് ഞാൻ വരാൻ ഇടയായി.

? അന്ന് ഡോൺ മേ എന്ന പേരിൽ ആയിരുന്നില്ലേ എഴുതിയിരുന്നത്.

• ആയിരുന്നു. അതുകൊണ്ട് ഞാൻ പുരുഷൻ ആണെന്നാണ് പലരും കരുതിയിരുന്നത്. ടെറി പോലും ഞാൻ സ്ത്രീ ആണെന്ന് പിന്നീടാണ് മനസ്സിലാക്കിയത്. സ്ത്രീകളോടുള്ള ചില മുൻവിധികൾ ഉണ്ടല്ലോ. പിന്നെ ഓൺലൈനിൽ ആകുമ്പോൾ എന്നെ ആരും കണ്ടിട്ടില്ല. എനിക്കും അപരിചിതരുമായുള്ള ഇടപെടലുകൾ ആദ്യമൊക്കെ സങ്കോചം ഉണ്ടാക്കിയിരുന്നു. ഒരുതരം അന്തർമുഖത്വം എനിക്കുണ്ട്. അങ്ങോട്ടുപോയി എന്റെ കവിതകൾ പരിചയപ്പെടുത്തുക അസാധ്യമാണ്. പക്ഷേ തുറന്ന ഡിജിറ്റൽ ലോകത്ത് നമുക്ക് എന്തും ചെയ്യാം. ദൃശ്യ കവിതകളുടെ മാത്രമായ ചില നവ മാധ്യമ ഇടങ്ങളുണ്ട്. അവിടെ നമുക്ക് പോസ്റ്റ് ചെയ്യാം. പക്ഷേ നമുക്ക് നമ്മുടെ ആവിഷ്കാരത്തെക്കുറിച്ച് നല്ല ഉറപ്പു വേണം. കാരണം അവിടെ ഈ രംഗത്തെ പല പ്രധാനികളും ഉണ്ടാകും. യഥാർത്ഥത്തിൽ മികച്ചതാണെങ്കിൽ മാത്രമേ അംഗീകരിക്കപ്പെടൂ.

? ‘ലിസണിങ് ടു റെഡ്’ ആണല്ലോ ആദ്യത്തെ ദൃശ്യാ കവിത പുസ്തകം? അത് പ്രസിദ്ധീകരിച്ച ശേഷമുള്ള സർഗ്ഗ ജീവിതം എങ്ങനെയായിരുന്നു.

• അതെ. സ്വീഡനിൽ നിന്നുള്ള ടിം ഗ്ലാസെറ്റ് 2018 ൽ ലിസണിങ് ടു റെഡ് പ്രസിദ്ധീകരിച്ചു. 250 ജിഎസ്എം കടലാസ്സിൽ എ 4 സൈസിൽ ആണ് പുസ്തകം ചെയ്തിരിക്കുന്നത്. രണ്ടാം എഡിഷനും ഇപ്പോൾ ഇറങ്ങി.

ഈ മേഖലയിലെ പ്രശസ്തനായ കാൾ കെംപ്റ്റൻ ആമുഖം എഴുതി എന്നതാണ് ഏറ്റവും അഭിമാനകരം. ഇന്ത്യൻ കലയെയും സാഹിത്യത്തെയും കുറിച്ച് വലിയ മതിപ്പുള്ള വ്യക്തിയാണ് കാൾ കെംപ്റ്റൻ. അദ്ദേഹം ആമുഖം എഴുതി എന്നു മാത്രമല്ല അദ്ദേഹം അപ്പോൾ തയാറാക്കിക്കൊണ്ടിരുന്ന സമാഹാരത്തിൽ ‘എ ഹിസ്റ്ററി ഓഫ് വിഷ്വൽ ടെക്സ്റ്റ് ആർട്ടിൽ’ എന്റെ പത്ത് കവിതകൾ ഉൾപ്പെടുത്തി. അതാണ് എന്റെ ഇതുവരെയുള്ള കലാജീവിതത്തിലെ ഏറ്റവും സവിശേഷമായ ചുവടുവെയ്പ്. അതോടെ വിവിധ രാജ്യങ്ങളിൽ നടക്കുന്ന ദൃശ്യ കവിതാ പ്രദർശനങ്ങൾക്ക് എനിക്ക് കൂടുതലായി ക്ഷണം കിട്ടിത്തുടങ്ങി. 2016ൽ ഒരു തവണ ഇറ്റലിയിലെക്കും 2017ൽ സ്പെയിനിലേക്കും ക്ഷണം കിട്ടിയെങ്കിലും 2018നുശേഷമാണ് പ്രമുഖ വേദികളിൽ എന്റെ കവിത പ്രദർശിപ്പിക്കാൻ കഴിഞ്ഞത്. ഇറ്റലിയിലെ ഒരു വളരെ വലിയ പ്രദർശനം നടക്കുമ്പോൾ കവിയും ദൃശ്യ കവിയുമായ മാർകോ എന്നെ ബന്ധപ്പെടുകയും അതിൽ എന്റെ ദൃശ്യകവിതകൾ ഉൾപ്പെടുത്തുകയും ചെയ്തു. 1960 മുതൽ 2018 വരെയുള്ള പരീക്ഷണാത്മക കവിതകൾ ആണതിൽ പ്രദർശനത്തിനെത്തിയത്. അതിൽ പ്രദർശിപ്പിച്ച രണ്ടു കവിതകൾ തുടർന്ന് റോമിലെ ഹങ്കേറിയൻ അക്കാദമിയിൽ പ്രദർശിപ്പിച്ചു. അവിടെ ബ്രസീലിലെ ഡീ കൊമ്പോസ്‌ ബ്രതെർസ്, യോക്കോ ഓനോ, ജോൺ കേജ്‌ തുടങ്ങിയ ലോക പ്രശസ്തരുടെ ഒപ്പം ഈ നാട്ടിൻപുറത്തുകാരിയുടെ ദൃശ്യകവിതയും സ്ഥാനം നേടി. അത് വൻ വിജയമായി. അതോടെ ഇറ്റലിയിലെ മ്യൂസിയം ഓഫ് കൺടെംപററി ആർട്ട് അതേ കവിതകൾ ആവശ്യപ്പെട്ടു. അതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എന്റെ ദൃശ്യകവിതകൾക്ക് ആവശ്യക്കാരുണ്ടായി.

? ഈ മേഖലയിൽ അറിവ് നേടുക എന്നത് പ്രധാനമാണെന്ന് തോന്നുന്നു. അത് എങ്ങനെ സാധ്യമായി.

• അതിനും ടെറി ആണ് സഹായിച്ചത്. ക്രിയേറ്റീവ് റൈറ്റിംഗിൽ എംഎഫ്എ പോലെയുള്ള ചില കോഴ്‌സുകൾ ഉണ്ടെന്ന് അറിയാമായിരുന്നെങ്കിലും ടെറി വിറ്റികിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് ‘പോയട്രി ഇൻ ദി എക്സ്പാൻഡഡ്‌ ഫീൽഡ്’ എന്ന വിഷയത്തിന്റെ സ്ഥാപക പ്രൊഫസർ ആണവർ എന്ന് മനസ്സിലാക്കിയത്. അവിടെ കലയും സാഹിത്യവും കൂടിച്ചേരുന്നതായി ഞാൻ തിരിച്ചറിഞ്ഞു. ഈ കോഴ്‌സിന് ചേരുന്നോ എന്നവർ ചോദിച്ചു. അത് 2017ൽ ആണ്. എന്നാൽ അമേരിക്കയിലെ വിദ്യാഭ്യാസ ചെലവ് നമുക്കു താങ്ങാനാവില്ല. ജോലിയും കളഞ്ഞ് കവിതയെന്നും പറഞ്ഞിരിക്കുമ്പോൾ സാമ്പത്തിക ബാധ്യത ഉണ്ടാക്കാൻ പാടില്ലല്ലോ. പക്ഷേ പിന്നീട് കോവിഡ് കാലത്ത് കോഴ്സ് ഓൺലൈൻ ആയപ്പോൾ ഫീസ് കുറഞ്ഞു. ടെറിയുടെ ഉപദേശപ്രകാരം സള്ളിവൻ സ്‌കോളർഷിപ്പിന് അപേക്ഷിച്ചപ്പോൾ അതും കിട്ടി. അങ്ങനെയാണ് എംഎഫ്എ സാധ്യമായത്.

? അക്കാദമികമായ പഠനം ഗുണം ചെയ്തോ.

• വളരെയധികം ഗുണം ചെയ്തു. ഞാൻ അതിനു ശേഷമാണ് പെർഫോമൻസിലേക്ക് മാറിയത്. അവിടെനിന്നുമാണ് അത്തരം അറിവുകൾ കിട്ടിയത്. കാരണം ദൃശ്യകവിതകൾ സംബന്ധിച്ച പുസ്തകങ്ങൾ നമുക്ക് സർവകലാശാല ലൈബ്രറിയിൽ നിന്നും സ്വാതന്ത്ര്യത്തോടെ എടുക്കാൻ കഴിയുമല്ലോ. ആ മേഖലയിലെ അറിവ് വളരെ പ്രധാനമാണ്. കാരണം എന്ത് ചെയ്യണം എന്നതിനേക്കാൾ എന്ത് ചെയ്യരുത് എന്നതാണ് നമ്മൾ അറിഞ്ഞിരിക്കേണ്ടത്. വളരെ നവീനമാകണം നമ്മുടെ സർഗ്ഗ രചനകൾ. മറ്റൊരാൾ ചെയ്തത് ആയിരിക്കരുത് നമ്മൾ ചെയ്യുന്നത്. സ്വന്തമായ ഒരു ശൈലി ആവിഷ്കരിക്കണം. ഇത് വളരെ വിശാലമായ ഒരു കലാലോകമാണ്.

വീഡിയോ പോയട്രി, പെർഫോമൻസ് പോയട്രി, സൗണ്ട് പോയട്രി തുടങ്ങി വ്യത്യസ്തതരം കവിതകൾ ഉണ്ട്. മാധ്യമം അനുസരിച്ചും പല വിഭാഗങ്ങൾ ഉണ്ട്. ഉദാഹരണത്തിന്, കാലിഗ്രാം, പെയിന്റിംഗ്, ടൈപ്പിംഗ്, ഫോട്ടോഗ്രാഫി, എന്നിങ്ങനെ പലതുമുണ്ട്. ശരീരത്തിന്റെ ചെറിയ ആംഗ്യങ്ങളും ചലനങ്ങളും ഉപയോഗിക്കുമ്പോൾ അതിന്റെ കൂടെ മെറ്റഫറുകളും സൗണ്ടും ചേരുമ്പോൾ അത് പെർഫോമൻസ് പോയട്രി ആയി മാറുന്നു . ടൈപ്പ്റൈറ്ററിൽ ദൃശ്യ കവിത ചെയ്യുന്ന അനേകം കവികളുണ്ട്. 1950, 60കളിലെ കോൺക്രീറ്റ് കവിതയുടെ പുതിയ ഭാഷ്യങ്ങൾ. പണ്ട് ടൈപ്പ്‌റൈറ്ററിൽ നീലയോ കറുപ്പോ നിറങ്ങൾ മാത്രമാണ് ലഭിച്ചിരുന്നത്. ഇന്ന് മറ്റു നിറങ്ങൾ കിട്ടുന്നുണ്ട്. കാനഡയിലെ പ്രമുഖ ദൃശ്യ കവിയായ ഗാരി ബാർവിൻ അടുത്തയിടെ ടൈപ്പ്‌റൈറ്റർ റിബ്ബണിൽ തന്റെ കൈവിരൽ മുറിച്ച രക്തം തേയ്ച്ചു പിടിപ്പിച്ചു കൊണ്ടെഴുതി. സ്വന്തം ഡിഎൻഎ അങ്ങനെ കവിതയിൽ ചേർത്തു വച്ചു . ഇത്തരത്തിൽ വളരെ സമർത്ഥമായി കവിത എഴുതുന്നവരുണ്ട്. അദ്ദേഹവുമായി ചേർന്നുകൊണ്ട് ഞാനൊരു ദൃശ്യ കവിത ചെയ്തിട്ടുണ്ട്. അതിന്റെ പേര് ഫിസോഗ് എന്നാണ്. ‘മോന്ത’ എന്ന് വേണമെങ്കിൽ മലയാളത്തിൽ പറയാം.

? ഡിജിറ്റൽ അവതരണത്തിന് സാങ്കേതികവിദ്യ ആവശ്യമാണല്ലോ? അതെങ്ങനെ ആണ് ലഭ്യമാക്കുന്നത്.

• എനിക്ക് ആരും സഹായികൾ ഇല്ല. കംപ്യുട്ടർ സയൻസ് പഠിച്ചതുകൊണ്ട് സാങ്കേതികവിദ്യ അറിയാം. എന്റെ ഐ പാഡും ഫോണും ഞാൻ ഉപയോഗിക്കും. എന്റെ വീടിന്റെ തട്ടുമ്പുറം പോലെയുള്ള ഒരു ഭാഗം ആണ് എന്റെ സ്വന്തം ഇടം. അവിടിരുന്ന് റെക്കോഡ് ചെയ്യും. ആദ്യം കവിത എഴുതും. പിന്നെ സ്ക്രിപ്റ്റ് ആക്കും. ഗ്രാഫിക് ഡിസൈനും മറ്റും ഞാൻ പഠിച്ചെടുത്തതാണ്. പലതരം ആപ്പുകൾ ഉപയോഗിക്കും. ഹൈക്കു ദൃശ്യകവിതകളും ചെയ്തിട്ടുണ്ട്. ‘ഋ’ എന്ന അക്ഷരം ഉപയോഗിച്ച് ‘സോളോ ട്യൂഡ്’ എന്ന ഒരു പരമ്പരയാണ് ഏറ്റവും പുതിയതായി ചെയ്യുന്നത്. ഏകദേശം 80 ചിത്രകവിതകൾ ഇപ്പോൾ ആയി കഴിഞ്ഞു. ഇത് പ്രധാനമായും സ്ത്രീ ശരീരത്തിന്റെ രാഷ്ട്രീയമാണ് പറയുന്നത്.

? ഒരു സ്ത്രീ കവി എന്ന തരത്തിൽ സ്വയം തിരിച്ചറിയുന്നുണ്ടോ.

• ഉറപ്പായും ഉണ്ട്. ഒരു സ്ത്രീ ആയതു കൊണ്ടാണ് ഇത്തരത്തിൽ ഉള്ള ആവിഷ്കാരങ്ങൾ എനിക്ക് സാധ്യമായത് എന്ന് ഞാൻ കരുതുന്നു. സ്ത്രീ എന്ന തരത്തിൽ നമ്മുടെ അനുഭവം വേറെ തന്നെ ആണല്ലോ. പിന്നെ ഏത് രാജ്യമായാലും ഏത് ഭൂഖണ്ഡമായലും സ്ത്രീകളെ കുറിച്ച് മുൻവിധികൾ ഉണ്ട്. അത് മറികടക്കുക എന്നതും പ്രധാനമാണ്.

? കേരളത്തിന്റെ ഭാഷയും സംസ്കാരവും എങ്ങനെയാണ് സർഗ്ഗ പ്രവർത്തനത്തെ സഹായിക്കുന്നത്.

• ഞാൻ കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി അമേരിക്കയിൽ ആണെങ്കിലും എന്റെ മനസ് ഇവിടെയാണ്. നമ്മുടെ ഭാഷയും സംസ്കാരവും തന്നെയാണ് നമ്മെ രൂപപ്പെടുത്തുന്നത്. എന്റെ പ്രതീകങ്ങളും പ്രയോഗങ്ങളുമെല്ലാം നമ്മുടെ സ്വന്തം തന്നെയാണ്. ഇറ്റലിക്കാരും മറ്റും അവരുടെ സംസ്കാരത്തിന് കൊടുക്കുന്ന പ്രാധാന്യം കാണേണ്ടതാണ്.

? ഏതൊരു സർഗാത്മക ആവിഷ്കാരത്തിനും പ്രചോദനം അനുഭവം ആണല്ലോ ? ഡോണക്കും അങ്ങനെ അല്ലെ.

• തീർച്ചയായും ആണ്. പക്ഷെ അത് സ്വന്തം അനുഭവം മാത്രമല്ല. സ്വന്തം കൈ മുറിയുമ്പോൾ മാത്രമല്ല മറ്റുള്ളവർക്ക് മുറിവേൽക്കുന്നതും നമുക്ക് വേദനിക്കും.അതാണ് കവികൾക്ക് ആയുസ്സ് കുറയുന്നതെന്ന് ആരോ പറഞ്ഞിട്ടുണ്ട്. ഒരുപക്ഷേ അതു ശരിയായിരിക്കാം. യഥാർത്ഥത്തിൽ അനുഭവം പ്രചോദനം മാത്രമല്ല, പ്രകോപനം കൂടിയാണ്. അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപ് ഏഷ്യക്കാർക്കെതിരെ പരാമർശം നടത്തിയത് അവർക്കെതിരെയുള്ള ആക്രമണങ്ങൾക്ക് ഇടയാക്കിയിരുന്നു. അതാണ് ചെറിമരങ്ങളുടെ ദൃശ്യകവിതകൾക്ക് ഇടയാക്കിയത്.

ചുവപ്പു നിറം ഒരുപാട് വ്യാഖ്യാനങ്ങൾക്ക് ഇടംതരുന്നു. ചുവപ്പ് നിറം വിപ്ലവവും പ്രണയവും അമർഷവും എന്തും ആകാം. അത്തരത്തിൽ ഒരുപാട് തുറസ്സുകൾ ആണ് അസീമിക് കവിതയുടെ പ്രസക്തി. ഒന്നിനും പരിധികൾ വെക്കുന്നില്ല.

? ഏറ്റവും സംതൃപ്തി തരുന്നത് പരമ്പരാഗത രീതിയാണോ ഡിജിറ്റൽ ആണോ.

• അത് തീർച്ചയായും കടലാസ്സും മഷിയും ഉപയോഗിച്ച് ചെയ്യുന്നതാണ്. എന്റെ കാലിഗ്രാഫ് കഥകളുടെ സീരീസ് കാലിഗ്രാഫ് പേന ഉപയോഗിച്ച് വരച്ചതാണ്. ഇപ്പോൾ അങ്ങനെ ചെയ്യുന്നത് കുറച്ചു കുറവാണ്. സമയമാണ് പ്രശ്നം. ഡിജിറ്റലിൽ ചെയ്യാൻ കുറച്ചു സമയം മതി. കൂടാതെ ഐ പാഡുമായി സഞ്ചരിക്കുന്നത് കൊണ്ട് എവിടെവച്ചും ആലോചനകളെ വിവേകത്തോടെ ആവിഷ്‌ക്കരിക്കാനും കഴിയുന്നു.

കാലിഗ്രാഫി കഥകളെല്ലാം ചേർത്താൽ ഒരു നോവൽ ആയി മാറും. കാരണം രണ്ടു കുരുത്തംകെട്ട പെൺകുട്ടികളും ഒരു പട്ടിക്കുട്ടിയും ഒക്കെയാണല്ലോ അതിലെ കഥാപാത്രങ്ങൾ.

? ഡോണക്ക് കവിത ഒരു രാഷ്ട്രീയപ്രസ്താവന കൂടി ആണോ.

• വിശാലമായ അർത്ഥത്തിൽ ആണ്. എനിക്ക് വ്യക്തമായും ഇടതുപക്ഷ പ്രത്യയശാസ്ത്രത്തോട് ആഭിമുഖ്യമുണ്ട്. ഇന്ത്യയിൽ നടക്കുന്ന വർഗീയ പ്രശ്നങ്ങളിൽ കടുത്ത പ്രതിഷേധമുണ്ട്. ചുറ്റിനും നടക്കുന്ന കാര്യങ്ങളോടുള്ള പ്രതികരണം കൂടിയാണ് എനിക്ക് കവിത. ഈ നിമിഷം വരെ ഞാൻ മനസ്സിലാക്കുന്നത് മനുഷ്യപക്ഷം ഇടതുപക്ഷമാണ് എന്ന് തന്നെയാണ്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ, മണിപ്പൂരിൽ ഉൾപ്പടെ മനുഷ്യരെ തമ്മിലടിപ്പിക്കുകയാണ്. അമേരിക്കയിലും അത് തന്നെയാണ് നടക്കുന്നത്. എന്റെ രാഷ്ട്രീയമാണ് കവിതയിലൂടെ കാണുന്നത്. ‘എനിക്ക് ശ്വാസം മുട്ടുന്നു I can’t breathe’ എന്ന കവിത അതിന്റെ ഭാഗമാണ്.

? 2010 മുതൽ മലയാളം പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നുണ്ടല്ലോ . ദൃശ്യ കവിതകൾ എത്രമാത്രം സ്വീകരിക്കപ്പെടുന്നു.

• മലയാളത്തിൽ ദൃശ്യകവിതകൾ അടുത്തകാലത്ത് ശ്രദ്ധിക്കപ്പെടുന്നുണ്ട്. അപൂർവം ചിലർ പരീക്ഷണാത്മക രചനകൾ നടത്തുന്നുണ്ട്. പല സർവകലാശാലകളും പ്രഭാഷണങ്ങൾക്കും മറ്റും എന്നെ വിളിച്ചു. ചെറുപ്പക്കാർക്ക് നവീനമായ രചനാ രീതികൾ ഇഷ്ടമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഓരോരുത്തരും സ്വന്തമായ വഴികൾ കണ്ടെത്തണം. ഒരാൾ ചെയ്തത് മറ്റൊരാൾ ചെയ്യേണ്ട ആവശ്യമില്ല.
എഴുതിത്തുടങ്ങിയപ്പോൾ മനസ്സിൽ വരുന്നത് ആവിഷ്കരിക്കണം എന്നേ ചിന്തിച്ചിട്ടുള്ളൂ. പക്ഷേ ഇപ്പോൾ ഇതുവരെ ആരും നടക്കാത്ത വഴിയിൽ നടക്കണം എന്ന് കരുതുന്നു.

? സ. കോടിയേരി ബാലകൃഷ്‌ണന്റെ ജീവചരിത്രത്തിൽ കവിതയുണ്ട് അല്ലേ.

• ഉണ്ട്. ഒരുപാട് സന്തോഷം ഉണ്ടാക്കിയ ഒരു സംഗതിയാണത്. വിജയലക്ഷ്മിയുടെ കവിത കൊണ്ട് തുടങ്ങുകയും എന്റെ കവിത കൊണ്ട് അവസാനിക്കുകയും ചെയ്യുന്നതാണ് ആ പുസ്തകം. വ്യക്തിപരമായി പരിചയപ്പെട്ടിട്ടില്ലെങ്കിലും മനസ്സിൽ വളരെയേറെ ആദരവുണ്ടായിരുന്ന ഒരു നേതാവായിരുന്നു സ. കോടിയേരി.

സഹാനുഭാവ സഹ്യൻ
—————————-

ഇരുൾ വാഴും ദുർഘട
വഴികളിൽ ചെങ്കൊടികൾ
തെളിക്കും പുതുവഴികളിൽ
തെളിസൂര്യനായ്

ഇടറാ ചുവടുകളാൽ നിത്യം
സഹജീവികൾതൻ
തുടിപ്പറിഞ്ഞ സഹാനുഭാവ
സഹ്യനായ്

നിറപുഞ്ചിരി ചെങ്കതിർ
ഉതിർക്കും ദൃഢ വാക്കുകൾ
ഇടനെഞ്ചിലായ്
എന്നും മുഴങ്ങും മിടിപ്പുകൾ

ഇന്നീ നിമിഷത്തിലും
കൊടിയേറും ഓർമ്മകളിൽ
സഹ്യനായ സഖാവിന്
നിറകൺ മനസുകളിൽ
നിന്നുതിരും ഓർമ്മാഞ്ജലി…

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × three =

Most Popular