രൂപസങ്കൽപങ്ങളെ മാറ്റിമറിക്കുന്ന ചിത്രരൂപങ്ങളുമായി നമ്മുടെ ചിത്രകലാരംഗം സജീവമാണിന്ന്. അതിന് വർഷങ്ങളുടെ പിൻബലമുണ്ട്. ചിന്തയും കാഴ്‌ചയുമൊക്കെ പുതുക്കിപ്പണിയുന്ന ആവിഷ്‌കാരങ്ങളായി പുതിയ സാംസ്‌കാരിക സങ്കൽപമായി അടയാളപ്പെടുത്തുകയാണിന്ന്. കാലത്തെ, ദേശത്തെ, സമൂഹത്തെ, സംസ്‌കാരത്തെ, പാരന്പര്യത്തെയൊക്കെ രൂപവൈവിധ്യങ്ങളുമായി ഇഴചേർത്തു വായിക്കുവാൻ ആസ്വാദകരും താൽപര്യം കാണിക്കുന്നു എന്നതും ആഹ്ലാദകരമാണ്. കലാകാരർ സൃഷ്ടിക്കുന്ന ചിത്രതലത്തിന്റെ ഉള്ളടക്കത്തിലൂടെ രൂപപ്പെടുന്ന ഭാവനയിലാണ് രൂപസങ്കൽപവും രൂപപരിണാമവുമൊക്കെ സംഭവിക്കുന്നത്. ജീവിതത്തിന്റെയും പ്രകൃതിയുടെയും സൗന്ദര്യശാസ്‌ത്ര നിർമിതികളിൽ രൂപങ്ങൾ നിശബ്ദമായി ഭാവനയുടെ ചിത്രസങ്കൽപങ്ങളായി ആസ്വാദകർക്കൊപ്പം സഞ്ചരിക്കുന്നു. അത്തരം നൂറിലധികം ചിത്രമാതൃകകളാണ് പ്രമുഖ ചിത്രകാരനായ ബി ഡി ദത്തന്റെ ഏകാംഗപ്രദർശനത്തിൽ കാണാനായത്. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ ലളിതകലാ അക്കാദമി ഗ്യാലറിയിൽ സംഘടിപ്പിച്ച പ്രദർശനം ചീഫ് സെക്രട്ടറി ഡോ. വി വേണു ഉദ്‌ഘാടനം ചെയ്‌തു.
പ്രകൃതിയും സമൂഹവും ശാസ്‌ത്രവും ഇഴചേരുന്ന കലാപ്രസ്ഥാനങ്ങളിലൂടെയാണ് അന്പതുവർഷത്തിലധികമായുള്ള ബി ഡി ദത്തന്റെ കല വികാസം പ്രാപിക്കുന്നത്. ശൈലിയിൽ, മാധ്യമസ്വീകരണത്തിൽ, നിലപാടുകളിലുമൊക്കെ ആത്മനിഷ്‌ഠമായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. ഉറങ്ങുന്ന സമയമൊഴിച്ചുള്ള പകലുകൾ മുഴുവൻ ചിത്രരചനയ്‌ക്ക് മാറ്റിവയ്‌ക്കുന്ന ചുരുക്കം ചിത്രകാരിലൊരാളാണ് ബി ഡി ദത്തൻ. തെളിവായി അദ്ദേഹത്തിന്റെ ആയിരത്തിലധികം വരുന്ന (പരന്പരകൾ) ചിത്രങ്ങൾ തന്നെയുണ്ട്. മൈൻഡ് കൊളാഷ്, നൂഡ് സ്റ്റഡി, ഫെയ്‌സ്, പരിണാമം, ബൊട്ടാണിക്കൽ സ്റ്റഡി തുടങ്ങിയ പരന്പരകളിൽനിന്നാണ് കലാകരൻ സൃഷ്ടിക്കുന്ന ഇപ്പോഴത്തെ ചിത്രപരന്പരയിലേക്ക് അദ്ദേഹം എത്തിനിക്കുന്നത്. ഒരു പ്രത്യേക ശൈലീസങ്കേതത്തിൽ തളച്ചിടാത്ത രചനാരീതിയാണ് മേൽപറഞ്ഞ ചിത്രങ്ങളിലൊക്കെ അദ്ദേഹം സ്വീകരിച്ചിട്ടുള്ളതെങ്കിലും ചിത്രകലയുടെ അടിസ്ഥാന ഘടകമായ രേഖ‐രൂപം‐വർണം എന്നീ സംജ്ഞകളുടെ രൂപനിർമിതികളിൽ ഏകീകൃതമായ സ്വഭാവം തെളിഞ്ഞുകാണാവുന്നതാണ്. മനുഷ്യരൂപം, മൃഗരൂപം, പക്ഷികൾ, മനുഷ്യമുഖം പ്രത്യേകിച്ച് കണ്ണുകൾ, പ്രകൃതിവസ്‌തുക്കൾ തുടങ്ങി ഒബ്‌ജക്ടുകൾ (വസ്‌തുക്കൾ) തന്റെ ചിത്രതലത്തിൽ മറ്റൊരു രൂപമായിട്ടാണ് അദ്ദേഹം ആവിഷ്‌കരിച്ചിട്ടുള്ളത്. വിഷയക്രമീകരണമോ, വരയ്‌ക്കേണ്ടുന്നതിനെക്കുറിച്ചുള്ള മുൻവിധിയോ കൂടാതെയാണ് ഈ ഡ്രോയിംഗുകൾ തയ്യാറാക്കിയതെന്ന് ചിത്രകാരൻ പറയുന്നു. സ്വതന്ത്രമായി ഒഴുകിയെത്തുന്ന രേഖകൾ ചിത്രതലത്തിൽ സർഗാത്മക പ്രപഞ്ചം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യൻ കലാചിന്തയിലും നാടോടി കലാശൈലിയിലും പ്രകടമാകുന്ന യാഥാർഥ്യത്തെയും ജീവിതത്തേയും നേർരേഖയിലൂടെ തുടങ്ങി വക്രരേഖകളിലൂടെയാണ് ബി ഡി ദത്തൻ പൂർണതയിലെത്തിക്കുന്നത്. തീവ്രവർണങ്ങളിൽ തെളിയുന്ന വെളുത്ത രേഖകൾ ഇരുണ്ട കാഴ്‌ചയുടെ കാലത്തെ അടയാളപ്പെടുത്തുന്നത് സൂക്ഷ്‌മഭാവ പ്രകടനങ്ങളിലൂടെയാണ്. ഒപ്പം കലയിൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന ബി ഡി ദത്തൻ സ്‌നേഹത്തിന്റെയും കൂട്ടായ്‌മയുടെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകങ്ങളായിട്ടാണ് അവ കാട്ടിത്തരുന്നത്.
കല അടിസ്ഥാനപരമായി യാഥാർഥ്യത്തെക്കുറിച്ചുള്ള സ്വപ്‌നദർശനമാണെന്ന ബോധമാണ് സമൂഹത്തിലെ ഓരോ കാഴ്‌ചയെയും വ്യത്യസ്‌തമായ ദൃശ്യാനുഭവങ്ങളായി അദ്ദേഹം വരച്ചുകാട്ടുന്നത്. പുതുരൂപങ്ങൾ സൃഷ്ടിക്കുന്ന ഒഴുകുന്ന രേഖകൾ രൂപങ്ങളിൽനിന്ന് രൂപങ്ങളിലേക്ക് താളാത്മകമായി സഞ്ചരിക്കുന്നതിന്റെ സൗന്ദര്യവും നമുക്കനുഭവിച്ചറിയാനാകുന്നു.
സ്വന്തം മണ്ണിൽനിന്ന് സംസ്‌കാരവും പാരന്പര്യവുമെല്ലാം സ്വാംശീകരിച്ചുകൊണ്ട് ആനുകാലിക വിഷയങ്ങളുടെ സന്ദിഗ്‌ധതകളെ തന്റെ രേഖാചിത്രങ്ങളിൽ അഭിസംബോധന ചെയ്യുന്നതായും മറ്റൊരു കാഴ്‌ചയായി ആസ്വാദകർ വിലയിരുത്തുന്നു. വ്യക്തിസത്തയുടെ സൗന്ദര്യം വർത്തമാനകാലവുമായി ഇഴചേർക്കുന്ന രേഖകൾക്ക് നിശബ്ദതയുടെ താളവും മനുഷ്യരുടെയും പ്രകൃതിയുടെയും അർഥം തേടുന്ന ദർശനങ്ങളുടെ കരുത്തുമുണ്ട്. നമ്മുടെ കാഴ്‌ചയും ചിന്തയും സർഗാത്മകമായി ആവിഷ്‌കരിക്കപ്പെടുകയും മൂർത്തവും അമൂർത്തവുമായ രൂപങ്ങളായി അവ മാറുകയും ബൗദ്ധികമായ വികാസത്തിന്റെ ഒരു കാലഘട്ടം രൂപപ്പെടുകയും ചെയ്യുന്നതിന്റെ തുടർച്ചയാവുന്നു ബി ഡി ദത്തന്റെ രേഖകളുടെ ഉത്സവമാകുന്ന ഈ പ്രദർശനം. കേവലമായ അർഥങ്ങൾക്കപ്പുറമുള്ള സമകാലികതയിലേക്കാണ് രേഖകൾ സമഗ്രമാകുന്നത്. സാമ്പ്രദായിക കലാസൗന്ദര്യ കാഴ്‌ചപ്പാടുകൾക്കൊപ്പം പുതിയ കാലത്തിലേക്ക് നടന്നുകയറുന്ന ബി ഡി ദത്തൻ പുതിയൊരു ചിത്രഭാഷ കൂടിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. രൂപങ്ങളുടെ പശ്ചാത്തലത്തിൽ ഭൂഭാഗചിത്രങ്ങളുടെ സാധ്യതകളും സൂചനകളും ആവാഹിച്ച് അവതരിപ്പിച്ചിട്ടുള്ളതും സവിശേഷമാകുന്നു.
കലയുടെ ആധുനികാനന്തര കാലഘട്ടത്തിൽ മനുഷ്യരൂപമെന്ന യാഥാർഥ്യത്തെ ഒരനുഭവമാക്കി ആസ്വാദകരിലേക്കെത്തിക്കുക എന്ന ശ്രമകരമായ ദൗത്യം ലാളിത്യത്തോടെ ബി ഡി ദത്തൻ ആവിഷ്‌കരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ കല എക്കാലവും ജനപക്ഷത്തുതന്നെയുണ്ട്‐ കലയും ജീവിതവും ഇഴചേർത്തുകൊണ്ട്. ♦