Monday, May 20, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്മധ്യകാല യൂറോപ്യൻ കുടിയേറ്റങ്ങൾ

മധ്യകാല യൂറോപ്യൻ കുടിയേറ്റങ്ങൾ

കെ എസ്‌ രഞ്‌ജിത്ത്‌

ഇക്കണോമിക്‌ നോട്ടുബുക്ക്‌ ‐ 6

വിൻസെന്റ്‌ വാൻഗോഗിന്റെ പ്രശസ്‌ത ചിത്രം ഉരുളക്കിഴങ്ങ്‌ തിന്നുന്നവർ

മേരിക്കൻ ചരിത്രമെഴുതുന്നവർ ഒരു മിത്തോളജി കണക്കെ പറയുന്ന കഥയുണ്ട്. ട്രാൻസ് അറ്റ്ലാന്റിക്കിലെ കാറ്റും കോളും നിറഞ്ഞ കടലിലൂടെ മെയ്ഫ്ലവർ എന്ന കപ്പലിൽ അമേരിക്കയിൽ പുതിയ ജീവിതം തേടി 1620 ൽ ഒരുസംഘം ഇംഗ്ലീഷ് കുടുംബങ്ങൾ നടത്തിയ സാഹസിക യാത്രയുടെ കഥ.മതപരമായ ലക്ഷ്യങ്ങളോടെ നടത്തിയ തീർത്ഥാടക യാത്രയാണിത് എന്നാണ് പല ആഖ്യാനങ്ങളും. ഈ യാത്രാ സംഘത്തെ പിൽഗ്രിംസ് (pilgrims) എന്നാണ് ഇന്നും വിളിക്കപ്പെടുന്നത്. കടൽ കടന്നുള്ള കപ്പൽ യാത്ര അങ്ങേയെറ്റം സാഹസികമായിരുന്ന 17‐ാം നൂറ്റാണ്ടിന്റെ കടുത്ത സാഹചര്യങ്ങളിൽ കേവലം മതപരമായ ലക്ഷ്യങ്ങൾ മുൻനിർത്തി ഇത്തരമൊരു സാഹസിക വൃത്തിക്ക് മനുഷ്യർ തുനിയുമോ എന്നത് ന്യായമായും ഉയരുന്ന സംശയമാണ്. പള്ളിയും പട്ടക്കാരും യൂറോപ്യൻ സമൂഹത്തെയാകെ നിയന്ത്രിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. അതിനാൽ യാത്രയ്ക്ക് വേണ്ട ഒരുക്കങ്ങളുടെ നേതൃത്വമെടുത്തത് പള്ളി തന്നെ ആയിരുന്നു. 80 അടി നീളവും ൨൦ അടി വീതിയും മാത്രം വരുന്ന കപ്പലിൽ 102 യാത്രക്കാരെയും 30 ജോലിക്കാരെയും കുത്തിനിറച്ച് പുറപ്പെട്ട കപ്പൽ 1620 നവംബറിലാണ് അമേരിക്കൻ തീരമണയുന്നത്. എന്തിനായിരുന്നു ഇത്തരമൊരു സാഹസിക യാത്ര? ഇതിനാവശ്യമായ ധനസമാഹരണം എങ്ങിനെ സാധ്യമായി?

ഇത് സംബന്ധിച്ച കൂടുതൽ അന്വേഷണങ്ങൾ നമ്മെ കൊണ്ട് ചെന്നെത്തിക്കുന്നത് മധ്യകാല യൂറോപ്പിൽ അക്കാലത്ത് നടന്നിരുന്ന സമാനമായ നിരവധി കുടിയേറ്റ ശ്രമങ്ങളിലേക്കും ദുരിതക്കയത്തിൽ മുങ്ങിത്താണു കിടന്നിരുന്ന അന്നത്തെ യൂറോപ്യൻ ജീവിതത്തിലേക്കുമാണ്. ഇംഗ്ലണ്ടിലെ തൊഴിലാളിവർഗ്ഗത്തിന്റെ സ്ഥിതി എന്ന പുസ്തകത്തിൽ എംഗൽസ് ഇത് വിശദമായി പ്രതിപാദിക്കുന്നുണ്ട്. യൂറോപ്യൻ നഗരങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന വർത്തമാനകാല പ്രൗഢിയിലേക്ക് മിഴി നട്ടിരിക്കുന്ന നമുക്ക് പഴയ ഈ കഥകൾ വെറും കെട്ടുകഥകളായി ഒരു പക്ഷെ അനുഭവപ്പെട്ടേയ്ക്കാം.

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം രൂപപെടുന്നതിന് മുൻപ് ആരംഭിച്ച ഈ കുടിയേറ്റങ്ങൾ രണ്ടു നൂറ്റാണ്ടു കാലമെങ്കിലും തുടർന്നു. ഏഷ്യൻ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും ആഫ്രിക്കയിലേക്കും വരെ ഈ പലായന ശ്രമങ്ങൾ തുടർന്നു. വ്യവസായിക വിപ്ലവാനന്തരം ബ്രിട്ടീഷ് നഗരങ്ങളിലേക്ക് ഗ്രാമീണ ജനത നടത്തിയ ആഭ്യന്തര കുടിയേറ്റങ്ങൾ ഇതിനു സമാന്തരമായി സംഭവിച്ചു. ലോകത്തെ ആദ്യത്തെ നഗരങ്ങൾ ബ്രിട്ടനിൽ രൂപപ്പെടുന്ന 1850 കളിൽ മറ്റു യൂറോപ്യൻ നഗരങ്ങളും അമേരിക്കയുമൊക്കെ മുഖ്യമായും ഗ്രാമീണ സാഹചര്യങ്ങളിൽ തന്നെയായിരുന്നു. 1920കൾവരെയും ഇതായിരുന്നു സ്ഥിതി. തൊഴിലാളികളുടെ ചരിത്രം നിലയ്ക്കാത്ത കുടിയേറ്റങ്ങളുടെ ചിത്രമാണെന്ന് ഹോബ്സ്ബാം നിരീക്ഷിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. മൈനിംഗിന്റെയും ഉരുക്കുവ്യവസായങ്ങളുടെയും കേന്ദ്രമായിരുന്ന സൗത്ത് വെയ്ൽസിലേക്ക് മാത്രം 1850നും 1914നുമിടയിൽ കുടിയേറിയത് 4 ദശ ലക്ഷം ആൾക്കാരാണ്.

1840നും 1940നുമിടയിൽ 50 ദശലക്ഷം യൂറോപ്യൻമാർ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട് എന്നാണ് കണക്ക്. ഇക്കാലയളവിൽ 22.6 ലക്ഷം പേർ ഇംഗ്ലണ്ടിൽ നിന്നു മാത്രം കുടിയേറ്റം നടത്തി. അയർലണ്ടിലെ ജനസംഖ്യ 1845നും 1911നുമിടയിൽ 8.5 ലക്ഷത്തിൽ നിന്നും 4.5 ലക്ഷമായി കുറഞ്ഞു. ഇക്കാലത്ത് അയർലണ്ടിലുണ്ടായ ഭക്ഷ്യക്ഷാമത്തിൽ ഒരു ദശലക്ഷം ജനങ്ങൾ കൊല്ലപ്പെട്ടിരുന്നു. ഭക്ഷണത്തിനായി മുഖ്യമായും ഉരുളക്കിഴങ്ങിനെ ആശ്രയിക്കുന്ന്നവരായിരുന്നു അന്നത്തെ യൂറോപ്യൻ ജനത. (വാന്ഗോഗിന്റെ പ്രസിദ്ധമായ പൊട്ടറ്റോ ഈറ്റെഴ്‌സ് എന്ന പെയിന്റിംഗ് ഓർക്കുക). ഉരുളക്കിഴങ്ങു ചെടികളിലുണ്ടായ സാംക്രമിക രോഗം വ്യാപകമായ കൃഷി നാശത്തിനിടയായി. ഇത് ഗുരുതരമായ ഭക്ഷ്യക്ഷാമത്തിനു വഴിവെച്ചു. ക്ഷാമത്തിന്റെ കെടുതിയിൽ നിന്നും രക്ഷനേടാൻ വൻ തോതിലുള്ള പലായനങ്ങൾ ആരംഭിച്ചു. അയർലൻഡ് ദ്വീപിലെ പല പ്രദേശവും ജനവാസമില്ലാത്തവയായി മാറി.

ക്ഷാമത്തെ മാറ്റിനിർത്തിയാൽ ഏതാണ്ട് സമാനമായ ജീവിതാവസ്ഥകളായിരുന്നു യൂറോപ്പിൽ എവിടെയും കടുത്ത ദാരിദ്ര്യവും തൊഴിലില്ലായ്മയും ജന ജീവിതം അസാധ്യമാക്കി. മറ്റു പ്രദേശങ്ങളിലേക്ക് എങ്ങനെയും കുടിയേറുക എന്നതായിരുന്നു ഏറ്റവും എളുപ്പമുള്ള പോംവഴി. ഇത് പലപ്പോഴും സ്വമേധയാ മാത്രം നടന്നതല്ലായിരുന്നു. ബലംപ്രയോഗിച്ചുള്ള നാടുകടത്തൽ പോലും നടന്നു. സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന 162000 പേരെ ഓസ്ട്രേലിയയിലേക്ക് നാടുകടത്തി. കുറ്റവാളികളെയും രാഷ്ട്രീയ എതിരാളികളെയും ഇങ്ങനെ നാടുകടത്തുന്ന രീതി യൂറോപ്പിലെമ്പാടും നിലവിലുണ്ടായിരുന്നു.

സ്വതന്ത്രമായ രാജ്യാന്തര യാത്രകൾക്ക് നിരോധനങ്ങൾ കൊണ്ടുവരുന്നത് ഇക്കാലത്താണ്. 1824 വരെ വിദഗ്ധ തൊഴിലാളികൾക്ക് രാജ്യം വിടുന്നതിന് നിരോധനം ഉണ്ടായിരുന്നു. എന്നാൽ 18 ആം നൂറ്റാണ്ടിന്റെ മധ്യദശകത്തോടെ കാര്യങ്ങൾ മാറി. ജനസംഖ്യയിലെ വർദ്ധന ഒരു പ്രശ്നമായി ഉയർന്നു. സാമ്പത്തിക ശാസ്ത്രത്തെ ജനസംഖ്യയുമായി ബന്ധപ്പെടുത്തുന്ന മാൽത്തൂസ് പാതിരിയുടെ സാമ്പത്തിക സിദ്ധാന്തം രൂപംകൊള്ളുന്നത് ഈ പശ്ചാത്തലത്തിലാണ്. കഴിയുന്നത്ര ജനങ്ങളെ നാടുകടത്തുകയാണ് ഉയർന്നു വരുന്ന സാമൂഹിക സംഘർഷങ്ങൾ ഒഴിവാക്കാനുള്ള എളുപ്പവഴിയായി കണ്ടത്. ബ്രിട്ടന്റെ കോളനി രാജ്യങ്ങളിലേക്ക് കുടിയേറാൻ പ്രാദേശിക ഭരണകൂടങ്ങൾ തന്നെ സഹായങ്ങൾ നൽകി. 1834നും 1860നുമിടയിൽ 27000 പേർക്കാണ് ഇത്തരത്തിൽ കുടിയേറാനാവശ്യമായ സഹായം നൽകിയത്.

കോളനി രാജ്യങ്ങളിലെ തങ്ങളുടെ സ്ഥിതിഗതികൾ മെച്ചപ്പെട്ടതോടെ താരതമ്യേന ഉയർന്ന ജീവിതനിലവാരത്തിലുള്ള യൂറോപ്യന്മാരും കോളനി രാജ്യങ്ങളിലേക്ക് കുടിയേറാൻ ആരംഭിച്ചു. 1870കളിൽ സാമ്പത്തിക പ്രതിസന്ധി മൂർച്ഛിച്ചതും അമിതമായ ജനസംഖ്യ വർധനവും വിസ്തൃതമായ കോളനികളിൽ ആവശ്യത്തിന് വിദ്യാഭ്യാസമുള്ള ജോലിക്കാർ കുറവായതും കുടിയേറ്റത്തിന്റെ തീവ്രത വീണ്ടും വർധിപ്പിച്ചു.

1900 വരെ അമേരിക്കയിലേക്കുള്ള കുടിയേറ്റക്കാരിൽ മൂന്നിൽ രണ്ടും ഇംഗ്ലണ്ടിൽ നിന്നുമുള്ളവരായിരുന്നു . 1901‐-1910 കാലയളവിൽ 2.25 ദശലക്ഷം ബ്രിട്ടീഷുകാർ അമേരിക്കയിലെത്തി.

1860കൾ വരെയും തിങ്ങിനിറഞ്ഞ ബോട്ടുകളിലായിരുന്നു ദരിദ്രരായ യൂറോപ്യന്മാരുടെ പലായന ശ്രമങ്ങൾ. യാത്ര പുറപ്പെടുന്നവരിൽ പാതിയും ലക്ഷ്യമെത്തുമ്പോഴേക്കും മരണതീരം പുൽകിയിരിക്കും. ഐറിഷ് ക്ഷാമത്തിന്റെ കാലത്ത് ഇത്തരം കപ്പലുകൾ അറിയപ്പെട്ടിരുന്നത് ശവമഞ്ച കപ്പലുകൾ എന്നായിരുന്നു. യാതൊരു സുരക്ഷാ സംവിധാങ്ങളുമില്ലാതിരുന്ന ഈ കപ്പലുകളിൽ കയറി കുടിയേറാൻ തിക്കിത്തിരക്കിയിരുന്നവരായിരുന്നു ഒന്നര നൂറ്റാണ്ടിനപ്പുറമുള്ള യൂറോപ്യൻമാർ എന്നത് ഇന്ന് നമുക്ക് വിശ്വസനീയമായി തോന്നുന്നുണ്ടാവില്ല. പുതിയ കമ്പോളങ്ങൾ തേടിയുള്ള വാസ്കോഡിഗാമയുടെ കഥകൾ മാത്രമാണ് ഇന്നും യൂറോപ്യന്മാരുടെ സാഹസിക കപ്പൽ യാത്രകളിൽ നിറഞ്ഞു നിൽക്കുന്നത്.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × 2 =

Most Popular